TopTop
Begin typing your search above and press return to search.

മൂന്നാര്‍ വിധി: അസംബന്ധമോ? സ്വാഭാവിക നീതിയോ?

മൂന്നാര്‍ വിധി: അസംബന്ധമോ? സ്വാഭാവിക നീതിയോ?

രാകേഷ് നായര്‍

അല്പം ചരിത്രം
2007 മെയ് 13. മൂന്നാറില്‍ ജെസിബി ഉരുണ്ടു തുടങ്ങിയത് അന്നാണ്. ജൂണ്‍ ഏഴ് വരെ ആ ഇരുമ്പാനയുടെ തുമ്പിക്കൈ തച്ചുടച്ചത് 90 കെട്ടിടങ്ങള്‍. മൂന്നാറിന്റെ മണ്ണ് കൈപ്പിടിയിലൊതുക്കി കെട്ടിപ്പൊക്കിയ അനധികൃത റിസോര്‍ട്ടുകളെ ഇടിച്ചു നിരത്തി വി എസ് അച്യുതാനന്ദന്‍ എന്ന കമ്യൂണിസ്റ്റ് മുഖ്യമന്ത്രി കൈയേറ്റമൊഴിപ്പിക്കലിന്റെ പുതിയൊരു പാത വെട്ടിയൊരുക്കുകയായിരുന്നു. പൊളിച്ചുമാറ്റലിന്റെ തല്‍സമയ കാഴ്ചകള്‍ ചാനലുകള്‍ ജനങ്ങള്‍ക്ക് നല്‍കി. കേരളം ആവേശത്തോടെ ധീരമായ ആ തീരുമാനത്തെ പിന്താങ്ങി. വി.എസ്സിന്റെ ജനപ്രിയതാ ഗ്രാഫ് കുത്തനെ ഉയര്‍ന്നു. അനധികൃത കെട്ടിട്ടങ്ങള്‍ പിടിച്ചെടുക്കുക മാത്രമല്ല, 17,500 ഏക്കര്‍ ഭൂമി കൈയേറ്റക്കാരില്‍ നിന്ന് തിരിച്ചു പിടിക്കുകയും ചെയ്തു വി എസ് നിയോഗിച്ച മൂന്നാര്‍ ദൗത്യസേന.

ആ ദൗത്യസേനയ്ക്കും ചില പ്രത്യേകതകള്‍ ഉണ്ടായിരുന്നു. വി എസ് അയച്ച പ്രത്യേക 'പൂച്ചകള്‍' ആയിരുന്നു ദൗത്യസംഘത്തിന്റെ മേല്‍നോട്ടക്കാര്‍. സ്‌പെഷ്യല്‍ ഓഫിസര്‍ കെ. സുരേഷ് കുമാര്‍, അന്ന് ഐജിയായിരുന്ന ഋഷിരാജ് സിംഗ്, അന്നത്തെ ഇടുക്കി ജില്ലാ കളക്ടര്‍ രാജുനാരായണ സ്വാമി. അവര്‍ കളമറിഞ്ഞു കളിച്ചു. പല വമ്പന്‍മാര്‍ക്കും കെണികളൊരുക്കി. മൂന്നാര്‍ മേഖലയിലെ തന്നെ പത്തോളം റിസോര്‍ട്ടുകള്‍, പെരിയകനാലിലെ ക്ലൗഡ് നയന്‍, ലക്ഷ്മിയിലെ അബാദ്, രണ്ടാം മൈലിലെ മൂന്നാര്‍ വുഡ്‌സ് എന്നിവ പൊളിഞ്ഞു വീണു. ഈ ഘട്ടത്തിലൊക്കെ പാര്‍ട്ടിയും വിഎസ്സിനെ പിന്തുണച്ചു. എതിരാളികള്‍ക്കുപോലും വി എസ്സിനു കൈകൊടുക്കാതിരിക്കാന്‍ ആവുമായിരുന്നില്ല. എന്നാല്‍ അന്തരീക്ഷം മാറിയത് പെട്ടെന്നായിരുന്നു. മൂന്നാറിലെ സിപിഐയുടെ പാര്‍ട്ടി ഓഫിസിനെ തൊട്ടപ്പോള്‍ മുതല്‍. അതുവരെ കൂടെയുണ്ടായിരുന്ന റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍ അടക്കം കലാപമുയര്‍ത്തി. അതു പിന്നെ പലരും ഏറ്റെടുത്തു. സ്വന്തം പാര്‍ട്ടിയും വി എസ്സിനു വിലങ്ങുമായി നിന്നു. കൂടെയുണ്ടായിരുന്ന പലരും കൂറുമാറി. ഒടുവില്‍ തന്റെ സ്വാഭാവിക അടവുനയത്തിലേക്ക് ചുവടുമാറ്റേണ്ടി വന്നു അദ്ദേഹത്തിന്. വി എസ് ദൗത്യസംഘത്തെ പിന്‍വലിച്ചു.

പുതിയ കോടതി വിധി
ഈ ചരിത്രം ഇപ്പോള്‍ പ്രസക്തമാകുന്നത് കഴിഞ്ഞ ദിവസം വന്ന ഹൈക്കോടതി വിധിയോടെയാണ്. 2007 ജൂണ്‍ 2ന് ദൗത്യസംഘം പൊളിച്ച പെരിയകനാലിലെ ക്ലൗഡ് നയന്‍, അബാദ്, മൂന്നാര്‍ വുഡ്‌സ് എന്നീ റിസോര്‍ട്ടുകള്‍ തങ്ങളുടെ ഭൂമിയേറ്റെടുത്ത ദൗത്യസംഘത്തിന്റെ നപടികള്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂര്‍ അടങ്ങിയ ഡിവിഷന്‍ ബഞ്ച് വിധി പറഞ്ഞിരിക്കുന്നത് റിസോര്‍ട്ട് ഉടമകള്‍ക്ക് അനുകൂലമായി. ദൗത്യസംഘം ഏറ്റെടുത്ത ഭൂമി തിരിച്ചു നല്‍കാനാണ് കോടതി ഉത്തരവ്. കൂടാതെ ക്ലൗഡ് നയന്‍ റിസോര്‍ട്ട് പൊളിച്ചതിന് താല്‍ക്കാലിക നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നല്‍കുകയും വേണം. സിംഗിള്‍ ബഞ്ച് ഉത്തരവ് ശരിവച്ചുകൊണ്ട് ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാണിച്ചത് മൂന്നാറില്‍ സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടെന്നാണ്. എന്നാല്‍ ആ കണ്ടെത്തലിലൂടെ കോടതിക്കുമേല്‍ ഉയരുന്ന ചില ചോദ്യങ്ങള്‍ കൂടി ബാക്കിയാവുന്നുണ്ട്.


ലാന്‍ഡ് അസൈന്‍മെന്റ് റൂള്‍ നിലവില്‍ വന്നതിനുശേഷം മൂന്നാറിലെ തിരുവിതാംകൂര്‍ ഏലപ്പാട്ട കരാറിന് നിയമസാധുത ഇല്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ഈ നിരീക്ഷണം തന്നെയാണ് നേരത്തെ സിംഗിള്‍ ബഞ്ച് നടത്തിയതും. അതിനെ ശരിവയ്ക്കുകയായിരുന്നു ഇന്നലെ ഡിവിഷന്‍ ബെഞ്ച്. മറ്റൊരു കാര്യം കോടതി പറഞ്ഞത് പട്ടയം റദ്ദാക്കാന്‍ കളക്ടര്‍ക്ക് അധികാരമില്ലെന്നാണ്. ഈ കാര്യങ്ങളൊക്കെ ശരിയായിരിക്കാം. അതെല്ലാം തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. കോടതി പറഞ്ഞ മറ്റൊന്ന് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടെന്നാണ്. എന്നാല്‍ അത്തരമൊരു നിരീക്ഷണം നടത്തുന്നതിനു മുമ്പ് ഒരു വസ്തുത കോടതി- മറന്നു പോയതോ, ഗൗനിക്കാഞ്ഞതോ എന്നറിയില്ല- പരിശോധിക്കണമായിരുന്നു. തങ്ങളുടെ റിസോര്‍ട്ടുകള്‍ പൊളിക്കുന്ന സമയത്ത് ക്ലൗഡ് നയനും ധന്യശ്രീയുമൊക്കെ കോടതിയെ സമീപിച്ചിരുന്നു. അന്ന് അവരുടെ വാദങ്ങള്‍ നിരാകരിച്ചുകൊണ്ട് സര്‍ക്കാരിനോട് മുന്നോട്ടു പോകാനായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കിയത്. റിസോര്‍ട്ടുകള്‍ക്ക് നോട്ടീസ് നല്‍കിയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും കോടതി നിരീക്ഷിച്ചു. അതായത് അന്ന് ഗവണ്‍മെന്റ് തങ്ങളുടെ നടപടികളുമായി മുന്നോട്ടു പോയത് ഹൈക്കോടതിയുടെ അംഗീകാരത്തോടെ തന്നെയാണ്. വസ്തുത ഇതെന്നിരിക്കില്‍ ഇപ്പോള്‍ കോടതി സ്വാഭാവിക നീതി നിഷേധിച്ചു എന്ന് കണ്ടെത്തുന്നതിലെ ഔചിത്യം മനസ്സിലാകുന്നില്ല.


പ്രോമിസറി എസ്‌റ്റോപെല്‍ കോടതികള്‍ക്കും ബാധകമല്ലേ?
ഒരിക്കല്‍ പറഞ്ഞ വാക്കില്‍ നിന്ന് സര്‍ക്കാരുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പിന്നീട് വ്യതിചലിക്കാന്‍ പാടില്ലെന്ന് വ്യക്തമാക്കുന്ന പ്രോമിസറി എസ്‌റ്റോപെല്‍ എന്തുകൊണ്ട് കോടതികള്‍ക്ക് ബാധകമാകുന്നില്ലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകനായ ഹരീഷ് വാസുദേവന്‍ സംശയിക്കുന്നത്. "ഒരിക്കല്‍ ഒരു അഫിഡവിറ്റ് ഫയല്‍ ചെയ്ത് ഞങ്ങള്‍ ഇന്നതുപോലെ ചെയ്‌തോളാം എന്ന് പറഞ്ഞാല്‍ പിന്നെ അതില്‍ മാറ്റം വരുത്താന്‍ ഏതെങ്കിലും സര്‍ക്കാരിനെയോ ഉദ്യോഗസ്ഥരെയോ കോടതി അനുവദിക്കുമോ? ഇവിടെ എന്താണ് സംഭവിച്ചത്- ഒരിക്കല്‍ ഒരു ജഡ്ജി പറഞ്ഞത് പിന്നെ മറ്റൊരു ജഡ്ജി വന്ന് അത് മാറ്റി പറയുന്നതെങ്ങനെ? ആദ്യം വന്ന ജഡ്ജ്‌മെന്റിനെ വിശ്വസിച്ച് ചെയ്യുന്ന നടപടികള്‍ പിന്നീട് കോടതി തന്നെ അസാധുവാണ് എന്നു പറയുന്നത് കോടതിക്കുമേലുള്ള വിശ്വാസം ഇല്ലാതാക്കലാണ്", ഹരീഷ് പറയുന്നു.

"വര്‍ഷങ്ങള്‍ക്ക് മുമ്പ് കോടതി തള്ളിക്കളഞ്ഞ വാദങ്ങള്‍ ഇപ്പോള്‍ അംഗീകരിച്ച് പരാതിക്കാര്‍ക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു എന്ന് പറയുന്നത് ശുദ്ധ അസംബന്ധം ആണ്. ആര്‍ട്ടിക്കിള്‍ 226 ല്‍ ഒരു റിട്ട് നിലനില്‍ക്കണമെങ്കില്‍ അത് ആ വ്യക്തിയെ കേള്‍ക്കാതെ ചെയ്തതാകണം. ഇവിടെ പരാതിക്കാര്‍ക്ക് ആദ്യം തന്നെ നോട്ടീസ് നല്‍കിയതാണ്. അവര്‍ അന്ന് കോടതിയില്‍ പോയതുമാണ്. മൂന്നാര്‍ ദൗത്യസംഘത്തിന്റെ നടപടികള്‍ ഒന്നാകെ നിയമവിരുദ്ധമാണെന്നുള്ള പരമാര്‍ശത്തോടും യോജിക്കാനാകുന്നില്ല", ഹരീഷ് കൂട്ടിച്ചേര്‍ത്തു.

വിധി പ്രസ്താവത്തില്‍ ദുരൂഹതയോ?
കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന മഞ്ജുള ചെല്ലൂരിനെ കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആയി നിയമിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ ട്രാന്‍സ്ഫര്‍ ഉത്തരവ് രാഷ്ട്രപതിയുടെ ആംഗീകാരം നേടി കഴിഞ്ഞ ചൊവ്വാഴ്ച്ച തന്നെ മഞ്ജുള ചെല്ലൂര്‍ കൈപ്പറ്റിയിരുന്നു. ഈ മാസം 30 ന് ചീഫ് ജസ്റ്റീസിന് ഫുള്‍കോര്‍ട്ട് റഫറന്‍സ് നല്‍കാനും തീരുമാനിച്ചിരിക്കുകയാണ്. ഇതുപോലെ ട്രാന്‍സ്ഫര്‍ കിട്ടിയ ജസ്റ്റീസ് കെ. എം ജോസഫ് ഉത്തരവ് കിട്ടിയ പിറ്റേദിവസം തന്നെ സിറ്റിംഗ് അവസാനിപ്പിച്ചിരുന്നു. ആ നീതിബോധം എന്തുകൊണ്ട് മൂന്നാര്‍ കേസ് വിധി പറയുന്നവരില്‍ ഉണ്ടായില്ല എന്നതാണ് നിമയവിദഗ്ധര്‍ ഉന്നയിക്കുന്നത്.

"കോടതി വിധിയെ ദുരൂഹം എന്നേ വിശേഷിപ്പിക്കാനേ പറ്റൂ, സര്‍ക്കാര്‍ ഇതിനെക്കുറിച്ച് അന്വേഷിക്കണം" എന്നാണ് ചിഫ് വിപ്പ് പി സി ജോര്‍ജ് എം എല്‍ എ പറയുന്നത്. "കേസ് കേട്ട് എട്ടു മാസം കഴിഞ്ഞിരിക്കുന്നു. എന്നിട്ട് സ്ഥലം മാറിപ്പോകുന്നതിന്റെ തലേദിവസം ഇങ്ങനെയൊരു വിധി പറയുന്നത് സ്വാഭാവികമായും ജനങ്ങള്‍ക്കിടയില്‍ സംശയം ജനിപ്പിക്കും. ഒരു ഡിവിഷന്‍ ബെഞ്ച് കൈയേറ്റമൊഴിപ്പിക്കലിനെ സാധൂകരിച്ച് വിധി പറയുമ്പോള്‍ മറ്റൊരു ഡിവിഷന്‍ ബെഞ്ച് അതിനെ എതിര്‍ത്തുകൊണ്ട് വിധി പറയുന്നു. കോടതി നടപടികളോടും കോടതിയുടെ തീരുമാനങ്ങളോടും ജനങ്ങള്‍ക്ക് വിശ്വാസ്യത കുറയാനേ ഇത് ഇടയാക്കൂ. നഷ്ടപരിഹാരം കൊടുക്കണം എന്നാണ് പറയുന്നത്, സര്‍ക്കാര്‍ കൊടുക്കണോ? ഇവര്‍ പറയുന്നതനുസരിച്ചാണെങ്കില്‍ മുന്‍ ഡിവിഷന്‍ ബെഞ്ചല്ലേ കാശ് കൊടുക്കേണ്ടത്. കാരണം ആ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തവാണല്ലോ മൂന്നാറില്‍ നടപ്പാക്കിയത്", പി സി ജോര്‍ജ്ജ് ചോദിക്കുന്നു.

"ജഡ്ജിമാരാണെന്നു കരുതി എന്തും പറയാം എന്തും ചെയ്യാം ആരെയും അപമാനിക്കാം എന്ന ചിന്ത കോടതിയോട് വിരുദ്ധമായ അഭിപ്രായങ്ങളെ ജനങ്ങളുടെ മനസ്സില്‍ ഉണ്ടാക്കുകയുള്ളൂ. ബഹുമാനപ്പെട്ട കോടതികളോടുള്ള അഭിപ്രായങ്ങള്‍ മാറാന്‍ മാത്രമേ ഇത്തരം ചിന്തകള്‍ ഉപകരിക്കൂ. ജഡ്ജിമാരുടെ മനസ്സിലുള്ളത് വിളിച്ചു പറയാനുള്ള വേദിയാക്കി കോടതികളെ മാറ്റുന്നതിലേക്ക് കര്യങ്ങള്‍ അധഃപതിച്ചാല്‍ ഇന്ത്യന്‍ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും അപചയത്തിന് ഇടയാകും",ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു.

ഈ വിധിയില്‍ ദുരൂഹതയുണ്ടെങ്കില്‍ അത് നീക്കേണ്ടത് ആവശ്യമാണ്. സര്‍ക്കാരിനാണ് ആ ഉത്തരവാദിത്തം. എന്നാല്‍ ഇവിടെ സര്‍ക്കാരിനു നേരെയും സംശയം ഉയരുന്ന സാഹചര്യമാണുള്ളത്. കോടതിയില്‍ സര്‍ക്കാര്‍ തോറ്റുകൊടുക്കുകയായിരുന്നോ? ഹര്‍ജിക്കാരില്‍ ക്ലൗഡ് നയന്‍ മന്ത്രി കെ.എം മാണിയുടെ മരുമകന്റെയാണ്. നിയമ മന്ത്രിയുടെ മരുമകനെതിരെ ഗവണ്‍മെന്റ് പ്ലീഡര്‍ നന്നായി വാദിക്കും എന്ന് വിശ്വസിക്കുക പ്രയാസമാണെന്നും ഹരീഷ് വാസുദേവന്‍ പറയുന്നു. ഇത്തരമൊരു വിധി പറയാന്‍ കോടതിക്ക് പ്രത്യേക താല്‍പര്യമെന്തോ ഉണ്ടെന്ന് തോന്നിപ്പിക്കുന്നതാണ് നിലവിലെ സാഹചര്യങ്ങളെന്നും ഹരീഷ് വാദിക്കുന്നു. "ജില്ലാ കലക്ടര്‍ അല്ല പട്ടയം റദ്ദാക്കാനുള്ള അഥോറിറ്റി എന്നാണ് കോടതി ഇന്നലെ കണ്ടെത്തിയത്. എന്നാല്‍ ഇതിനര്‍ത്ഥം പട്ടയം റഗുലറൈസ്സ് ചെയ്യാമെന്നല്ല. പട്ടയം റദ്ദ് ചെയ്ത നടപടി ശരിയല്ലായിരുന്നുവെന്നെയുള്ളൂ. ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്കാണ് പട്ടയം റദ്ദ് ചെയ്യാനുള്ള അധികാരം എന്നാണ് കോടതി പറയുന്നത്. എങ്കില്‍ ഇതേ ലാന്‍ഡ് റവന്യൂ കമ്മിഷണറെകൊണ്ട് നടപടിക്രമങ്ങള്‍ പാലിച്ച് കൈയ്യേറ്റക്കാരുടെ പട്ടയം റദ്ദ് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ?" ഹരീഷ് ചോദിക്കുന്നു.


നടപടിക്രമങ്ങളില്‍ വീഴ്ച്ച വന്നാല്‍ അവ തിരുത്തി മുന്നോട്ടു പോവുകയാണ് വേണ്ടത്. സര്‍ക്കാര്‍ കേസിനു പോയില്ലെങ്കില്‍ വി എസ് അച്യുതാനന്ദന് അദ്ദേഹത്തിന്റെ വഴിയില്‍ സുപ്രിം കോടതിയില്‍ കേസ് നടത്താം. അന്ന് വിധി പ്രസ്താവിച്ച ജസ്റ്റീസ് ചെലമേശ്വര്‍ ഇന്ന് സുപ്രീം കോടതിയിലെ ജസ്റ്റീസ് ആണ്. കാര്യങ്ങള്‍ സുഗമമാക്കുകയേയുള്ളൂ. വേണ്ടത് ഈ സര്‍ക്കാര്‍ തന്നെ അപ്പീലിന് പോവുകയും കക്ഷി ചേരാന്‍ വി എസ്സിനെയും കോടതി വിധിയില്‍ പരമാര്‍ശമുള്ള ഉദ്യോഗസ്ഥരെയും അനുവദിക്കുക എന്നതുമാണ്. അതോ, റിസോര്‍ട്ട്കാരുടെ ഭൂമി വി എസ് സര്‍ക്കാര്‍ ഏറ്റെടുത്തു, കോടതി അത് തെറ്റാണെന്നു വിധിച്ചു. ഞങ്ങള്‍ കോടതി വിധിയെ മാനിക്കുന്നു. ഭൂമി അവകാശപ്പെട്ടവര്‍ക്ക് തന്നെ തിരിച്ചു കൊടുക്കുന്നു- എന്നതായിരിക്കുമോ ഉമ്മന്‍ ചാണ്ടിയുടെ ലൈന്‍!

സര്‍ക്കാര്‍ ഈ കാര്യത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ പി ടി തോമസിന്റെയും അഭിപ്രായം. "എല്ലാ നടപടികളും പൂര്‍ത്തിയാക്കിയായിരുന്നോ സ്ഥലം ഏറ്റെടുക്കല്‍ നടന്നതെന്ന് പരിശോധിക്കണം. വിധിക്കെതിരെ അപ്പീല്‍ പോകണം. അന്ന് കോടതി ഈ ഒഴിപ്പിക്കലിന് അംഗീകാരം നല്‍കിയതാണ്. ഇപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ആ കാര്യം ഗൗരവതരമായി അന്വേഷിക്കേണ്ടതുണ്ട്", പി ടി തോമസ് പറഞ്ഞു. "ഇതേ റിസോര്‍ട്ടുകളുടെ വാദം ഒരിക്കല്‍ തള്ളിക്കളഞ്ഞതാണ്. വീണ്ടും അവരുടെ തന്നെ ഹര്‍ജി പരിശോധിക്കുമ്പോള്‍ കോടതിക്ക് ബോധ്യമായ എന്ത് ചട്ടലംഘനമാണ് നടന്നിട്ടുള്ളതെന്ന് കണ്ടെത്തി തിരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണം. എന്നാല്‍ ഈ കേസില്‍ കോടതിയെ ആരെങ്കിലും സ്വാധിനിച്ചിട്ടുണ്ടോ എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഗവണ്‍മെന്റ് കൈയ്യേറ്റ മാഫിയകള്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോവുകയാണ് വേണ്ടത്", പി ടി തോമസ് വ്യക്തമാക്കുന്നു.


മൂന്നാര്‍ ഒഴിപ്പിക്കല്‍; വാദങ്ങളും എതിര്‍വാദങ്ങളും
അമ്പതിനായിരം ഏക്കര്‍ ഭൂമി മൂന്നാറില്‍ ടാറ്റ കൈയ്യേറി എന്ന പരാതിയിലാണ് മൂന്നാര്‍ ഓപ്പറേഷന്‍ ആരംഭിക്കുന്നത്. എന്നാല്‍ ആദ്യ ദിനം ഡോക്യുമെന്റുകള്‍ പരിശോധിച്ചതില്‍ നിന്ന് ദൗത്യസംഘം മനസില്ലാക്കിയിരുന്നു ഇത്രവലിയൊരു കൈയേറ്റം ടാറ്റ നടത്തിയിട്ടില്ലെന്ന്. ആകെയുള്ള 1,23,000 ഏക്കര്‍ ഭൂമിയില്‍ 75,000 ഏക്കര്‍ ഭൂമി സര്‍ക്കാരിന്റെ കൈവശമാണ്. രണ്ട് നാഷണല്‍ പാര്‍ക്കുകള്‍ പ്രഖ്യാപിക്കുകയും ബാക്കി ഭൂമി സര്‍ക്കാര്‍ തന്നെ കസ്റ്റഡിയില്‍ വച്ചിരിക്കുകയുമാണ്. 53,000 ഏക്കര്‍ ടാറ്റ കൃഷിക്ക് ഉപയോഗിക്കുകയാണ്. പിന്നെയും ടാറ്റ 50,000 ഏക്കര്‍ കൈയ്യേറിയെന്ന് പറയുമ്പോള്‍ അത് അരിത്തമാറ്റിക്കല്‍ ബ്ലണ്ടര്‍ ആണ്. എന്നാല്‍ മൂന്നാറില്‍ വ്യാപകമായ കൈയ്യേറ്റം നടക്കുന്നുണ്ടെന്നത് ദൗത്യസംഘത്തിന് സ്പഷ്ടമായിരുന്നു. അനധികൃതമായി നിരവധി നിര്‍മ്മാണ പ്രവര്‍ത്തികള്‍ കൃഷിഭൂമിയുടെ മറവില്‍ നടക്കുന്നുവെന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് മൂന്നാര്‍ ഓപ്പറേഷന്‍ ആരംഭിക്കുന്നത്. കൃഷി ആവശ്യത്തിന് എന്ന പേരില്‍ നേടിയെടുക്കുന്ന ഭൂമിയിലായിരുന്നു പൊളിച്ചു നീക്കപ്പെട്ട കെട്ടിടങ്ങളെല്ലാം തന്നെ. ഗവണ്‍മെന്റ് കൊടുത്ത പട്ടയങ്ങള്‍ മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ ഗവണ്‍മെന്റിന് തന്നെ റദ്ദാക്കാവുന്നതുമാണ്. കൃഷിഭൂമിയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ അത് പട്ടയകരാര്‍ വ്യവസ്ഥയുടെ ലംഘനം തന്നെയാണ്. ഈ നടപടിയാണ് മൂന്നാര്‍ ദൗത്യസംഘം നടപ്പാക്കിയതും.എന്നാല്‍ അന്ന് പിടിച്ചെടുക്കുന്ന ഭൂമി ഭൂരഹിതര്‍ക്ക് നല്‍കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞതെന്നും അത് നടപ്പിലാക്കാന്‍ ആയില്ലെന്നും ആരോപണമുണ്ട്. "മൂന്നാറില്‍ പതിനാറായിരത്തോളം ഏക്കര്‍ പിടിച്ചെടുത്തെന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടത്, എന്നാല്‍ ഇതില്‍ നിന്ന് ഭൂരഹിതര്‍ക്ക് ഒരു തുണ്ടു ഭൂമിയും കിട്ടിയില്ല. മൂന്നാറില്‍ നടന്നത് അച്യുതാനന്ദന്റെ പബ്ലിസിറ്റി സ്റ്റണ്ടായിരുന്നു. അന്ന് വി. എസ് തിടുക്കം കാണിക്കുകയായിരുന്നു. ജനശ്രദ്ധ നേടുകയായിരുന്നു ലക്ഷ്യം. സര്‍ക്കാരിന്റെ തന്നെ ഭൂമി പിടിച്ചെടുത്ത് ബോര്‍ഡ് വയ്ക്കുകയാണ് അച്യുതാനന്ദന്‍ ചെയ്തത്. അന്നു തന്നെ ഞാന്‍ ഈ കാര്യം വാര്‍ത്താ സമ്മേളനം വിളിച്ച് പറഞ്ഞതാണ്. അത് സത്യമാണെന്ന് പിന്നീട് തെളിയുകയും ചെയ്തു. ഈ കാര്യത്തില്‍ ഉദ്യോഗസ്ഥരെ ആക്ഷേപിക്കാനില്ല. അന്നത്തെ മുഖ്യമന്ത്രിയുടെ എടുത്തുചാട്ടത്തിന് അവര്‍ കൂട്ടുനിന്നെന്നുമാത്രം. തിരുവനന്തപുരത്തു നിന്ന് വി എസ് ഒരു ബോര്‍ഡ് കൊണ്ടുവന്നു മൂന്നാറില്‍ നാട്ടി. എന്നാല്‍ ബോര്‍ഡ് നാട്ടിയതാകട്ടെ സര്‍ക്കാര്‍ ഭൂമിയിലും. ഇന്നേവരെ അത് പ്രൈവറ്റ് പ്രോപ്പര്‍ട്ടി ആണെന്ന് തെളിയിക്കാന്‍ പറ്റിയിട്ടില്ല", പി ടി തോമസ് വിമര്‍ശിക്കുന്നു.

എന്നാല്‍ ഭൂരഹിതര്‍ക്ക് പിടിച്ചെടുക്കുന്ന ഭൂമി നല്‍കുമെന്ന് പറയുന്നത് തെറ്റാണെന്നാണ് ഹരീഷ് പറയുന്നത്. കാരണം മൂന്നാറിലേത് വനഭൂമിയാണ്. "17,500 ഏക്കര്‍ ഭൂമി അവിടെ ഏറ്റെടുത്തത് മുഴുവന്‍ വനഭൂമിയാണ്. ഇത് ഒരിക്കലും ഭൂരഹിതര്‍ക്ക് നല്‍കാനാവില്ല. ഈ വനഭൂമി കാണിച്ച് മറ്റിടങ്ങളില്‍ ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി കൊടുക്കുന്നതാണ് സര്‍ക്കാര്‍ രീതി. പലക്കാട് കഞ്ചിക്കോട് റയില്‍വേ ഫാക്ടറിക്കായി കൊടുത്തിരിക്കുന്നത് വനഭൂമിയാണ്. ഇതിന്റെ കോംപന്‍സേറ്ററി ഓതറൈസേഷന്‍ ആയി കാണിച്ചിരിക്കുന്നത് മൂന്നാറിലെ വനഭൂമിയാണ്. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ വി എസ്സിന്റെ അമിതാവേശമായിരുന്നുവെന്ന ആരോപണം ശരിയല്ല. അന്ന് പൊളിച്ച 90 കെട്ടിടങ്ങള്‍ക്ക് പുറമെ അനധികൃതമായി നിലനില്‍ക്കുന്ന ഒരു കെട്ടിടം പോലും പൊളിക്കാന്‍ പിന്നീടു വന്ന സര്‍ക്കാരിനായിട്ടില്ല", ഹരീഷ് വ്യക്തമാക്കുന്നു.

മൂന്നാറില്‍ ഇപ്പോഴും കയ്യേറ്റങ്ങള്‍ വ്യാപകം
പ്രത്യേക ദൗത്യസംഘം മലയിറങ്ങിയതിനുശേഷം പതിയെ റിസോര്‍ട്ട് മാഫിയ വീണ്ടും മൂന്നാറിനെ വിഴുങ്ങാന്‍ ആരംഭിച്ചിരുന്നു. പച്ചയായ നിയമ ലംഘനം നടക്കുകയാണ് ഇപ്പോഴും. ഉന്നതരായ പലര്‍ക്കും നേരിട്ടും അല്ലാതെയും റിസോര്‍ട്ടുകളുണ്ട് മൂന്നാറില്‍. ഗവണ്‍മെന്റ് ഈ മാഫിയ പ്രവര്‍ത്തനങ്ങളോട് മൗനം പാലിക്കുന്നു. "കൈയ്യേറ്റങ്ങള്‍ ഇപ്പോഴും മൂന്നാറില്‍ നടക്കുന്നുണ്ട്. അതിന്റെ ഏറ്റവും പുതിയ തെളിവാണ് കൊട്ടക്കൊമ്പ് ഭൂമി ഇടപാട്. നിവേദിത പി ഹരന്റെ നേതൃത്വത്തില്‍ ഇതില്‍ അന്വേഷണം നടത്താന്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍ ആ സമിതി എന്ത് അന്വേഷണമാണ് നടത്തിയത്? റവന്യൂ സെക്രട്ടറി, വനം സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ പോലും നടത്തുന്ന അന്വേഷണങ്ങള്‍ വഴി മുട്ടുന്ന കാഴ്ച്ചയാണ് മൂന്നാറില്‍ ഉള്ളത്", പി.ടി തോമസ് കുറ്റപ്പെടുത്തുന്നു.

വി എസ് അച്യുതാനന്ദന്‍ എന്ന രാഷ്ട്രീയക്കാരന്റെ അമിതാവേശമാണോ, ഒരു ജനകീയ സര്‍ക്കാരിന്റെ കടമയാണോ മൂന്നാറില്‍ കണ്ടതെന്നതിനെക്കുറിച്ചല്ല, നീതിന്യായ സംവിധാനങ്ങളുടെ നിഷ്പക്ഷതയെക്കുറിച്ചാണ് ഇപ്പോള്‍ ചോദ്യം ഉയര്‍ന്നിരിക്കുന്നത്. സംശയങ്ങള്‍ ബാക്കി നിര്‍ത്തുന്ന വിധിപ്രസ്താവനകള്‍ ജനായത്ത പ്രക്രിയയില്‍ നിരാശ സമ്മാനിക്കുകയേയുള്ളൂ. ബാധ്യതപ്പെട്ടവരെല്ലാവരും തന്നെ ചേര്‍ന്ന് ഒരു പരിഹാരമുണ്ടാക്കട്ടെ.


Next Story

Related Stories