TopTop
Begin typing your search above and press return to search.

കൊച്ചിയിലെ സദാചാര പോലീസ്; പ്രതിഷേധം ശക്തം

കൊച്ചിയിലെ സദാചാര പോലീസ്; പ്രതിഷേധം ശക്തം

അഴിമുഖം പ്രതിനിധി

പുതുവത്സരാഘോഷത്തിനിടെ കൊച്ചിയില്‍ സദാചാരപോലീസ് ചമഞ്ഞ പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും ക്രൂരമായ മര്‍ദ്ദനമേറ്റ കലാകക്ഷിയുടെ പ്രവര്‍ത്തകരായ മൂന്ന് കലാകാരന്മാര്‍ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയ്ക്ക് പരാതി നല്‍കി. ഫോര്‍ട്ട് കൊച്ചി കുന്നുപുറം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവരിപ്പോള്‍. ഇക്കാര്യം ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിച്ചെങ്കിലും ഇവരുടെ മൊഴിഎടുക്കാനോ കേസ് രജിസ്റ്റര്‍ ചെയ്യാനോ പോലീസ് തയ്യാറായിട്ടിരുന്നില്ല. പ്രതിക്കൂട്ടില്‍ നിയമപാലകര്‍ ആയതുകൊണ്ടു തന്നെ 48 മണിക്കൂറോളം പോലീസ് ഈ വിഷയത്തില്‍ ഒരു അന്വേഷണവും നടത്തിയിട്ടുമുണ്ടായിരുന്നില്ല.


പരാതി നല്‍കാനായി എറണാകുളം സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിനെ സമീപിച്ച ഇവര്‍ക്ക് ലഭിച്ച മറുപടി അദ്ദേഹം സ്ഥലത്തില്ലാത്തതിനാല്‍ പരാതി സ്വീകരിക്കാന്‍ സാധ്യമല്ല എന്നാണ്. ഓഫീസിന്‍റെ താല്‍ക്കാലിക ചുമതല വഹിക്കുന്നവര്‍ പരാതി സ്വീകരിച്ചാല്‍ മതി എന്ന ആവശ്യം വച്ചപ്പോള്‍ അങ്ങനെയൊരു കീഴ് വഴക്കം നിലവിലില്ല എന്നാണ് മറുപടി ലഭിച്ചത്. ഇതേത്തുടര്‍ന്ന് ആഭ്യന്തര മന്ത്രിയ്ക്ക് പരാതി നല്‍കാന്‍ മര്‍ദ്ദനമേറ്റ കലാകാരന്മാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഒടുവില്‍ ഇന്നലെ വൈകുന്നേരത്തോടെ കമ്മീഷണറുമായി ഫോണില്‍ ബന്ധപ്പെടുകയും പരാതി സ്വീകരിക്കുകയും ചെയ്യുകയായിരുന്നു. ഇവരില്‍ ഒരാളുടെ മൊഴി മാത്രം ഇന്നലെ രേഖപ്പെടുത്തുകയും ചെയ്തു. തികച്ചും നിരുത്തരവാദപരമായ നിലപാടാണ് പോലീസിന്‍റെ ഭാഗത്തു നിന്നുണ്ടായത്ത് എന്ന് കലാകക്ഷിയുടെ പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ ഇതൊരു സങ്കല്‍പ്പിക കഥമാത്രമാണ് എന്നാണ് പോലീസ് വാദം.

സംഭവം നടക്കുന്നത് ഡിസംബര്‍ 31ന് രാത്രിയിലാണ്. കൊച്ചിയില്‍ പുതുവര്‍ഷ ദിനത്തില്‍ നടക്കാറുള്ള കാര്‍ണിവലില്‍ പപ്പാഞ്ഞിയെ കത്തിക്കുക എന്ന ചടങ്ങ് നടക്കാറുണ്ട്. ഇതിനായി സാന്താക്ളോസിന്‍റെ കൂറ്റന്‍ രൂപം നിര്‍മ്മിക്കുന്നതിനായി എത്തിയതായിരുന്നു കലാപ്രവര്‍ത്തകരായ ലിസ ഹേഴ്‌സലിന്‍ റാഫേല്‍, അനില്‍ സേവ്യര്‍, അരുണ്‍ പൗലോസ്, മനു സി.എ, ജാസ്സിന്തര്‍ റോക്ക് ഫെല്ലര്‍ എന്നിവര്‍. മൂന്നു വര്‍ഷമായി തുടര്‍ച്ചയായി പപ്പാഞ്ഞിയെ നിര്‍മ്മിക്കുന്ന കലാകക്ഷി എന്ന കലാ സംഘടനയിലെ അംഗങ്ങളായ ഇവര്‍ കഴിഞ്ഞ പത്തു ദിവസങ്ങളായി പാപ്പാഞ്ഞിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു.

പുതുവത്സരാഘോഷത്തിനു ശേഷം കാണികള്‍ പിരിഞ്ഞുപോയ സമയത്ത് അനുബന്ധ ഉപകരണങ്ങളുമായി തിരികെ വരുന്ന വഴിയാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്. മഹാത്മാഗാന്ധി ബീച്ചിനു സമീപമുള്ള ബിഗ്‌ മൌത്ത് എന്ന റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ ഇവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന മനു സിഎ, ലിസ ഹെഴ്സലിന്‍ എന്നിവരെ മട്ടാഞ്ചേരി എ.സി.പി ജി വേണുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടയുകയായിരുന്നു. സഭ്യതയ്ക്കു നിരക്കാത്ത രീതിയിലുള്ള സംഭാഷണമാണ് എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥനില്‍ നിന്നും കേള്‍ക്കേണ്ടി വന്നതെന്ന് അവര്‍ വ്യക്തമാക്കുന്നു.തുടര്‍ന്ന് പോലീസ് സംഘം സംഘം മനുവിനെ മര്‍ദ്ദിക്കുകയായിരുന്നു. തങ്ങള്‍ പപ്പാഞ്ഞിയുടെ നിര്‍മ്മാണപ്രവര്‍ത്തനത്തിനായി എത്തിയതാണെന്നും സുഹൃത്തുക്കള്‍ ഭക്ഷണവുമായി കാത്തിരിക്കുന്ന വിവരവും വ്യക്തമാക്കിയിട്ടും എസിപി സ്ത്രീകളെ അപമാനിക്കുന്ന രീതിയിലുള്ള സംഭാഷണം തുടരുകയായിരുന്നു എന്നും കലാകാരന്‍മാര്‍ കൂട്ടിച്ചേര്‍ത്തു. ബഹളത്തെത്തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ അരുണ്‍ പൌലോസ് എന്ന കലാകക്ഷി പ്രവര്‍ത്തകനെ എസിപി നെഞ്ചില്‍ കൈ ചുരുട്ടി ഇടിക്കുകയായിരുന്നു. സ്ഥലത്തെത്തിയ അനില്‍ സേവ്യര്‍ എന്ന കലാകാരന്‍ സംഭവത്തെക്കുറിച്ച് ജി വേണുവിനോട് വിശദീകരിക്കാനാരംഭിച്ചപ്പോള്‍ അയാള്‍ക്കും മര്‍ദ്ദനമേറ്റു. തന്‍റെ നെഞ്ചിനു മധ്യത്തായി എസിപി ലാത്തി കൊണ്ടു നിരവധി തവണ കുത്തുകയും മറ്റു പോലീസുകാര്‍ മുടി പിടിച്ചു പറിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു എന്ന് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അനില്‍ പറയുന്നു.

'തികച്ചും മനുഷ്യത്വരഹിതമായ രീതിയിലാണ് പോലീസ് ഞങ്ങളോട് പെരുമാറിയത്. കഴിഞ്ഞ 10 ദിവസമായി ആഹോരാത്രം പണിയെടുത്താണ് പപ്പാഞ്ഞിയുടെ രൂപം ഞങ്ങള്‍ പൂര്‍ത്തിയാക്കിയത്. അതിനുപയോഗിച്ച ഉപകരണങ്ങള്‍ ജനക്കൂട്ടത്തിന്‍റെ ഇടയിലൂടെ കൊണ്ടുപോകുക എന്നത് സാധ്യമല്ലാത്തതിനാലാണ് കാണികള്‍ ഒഴിഞ്ഞ സമയത്തേക്ക് മാറ്റിയത്. അതിന്‍പ്രകാരം ഉപകരണങ്ങളുമായി തിരികെ വരുന്നതിനിടെയാണ് സംഭവമുണ്ടാകുന്നത്. കലാകാരന്മാരാണെന്ന് തിരിച്ചറിയാവുന്ന വിധം വര്‍ക്കിങ് ഡ്രസ് ധരിച്ച ഞങ്ങളെ ഒരു പ്രകോപനവുമില്ലാതെയാണ് പോലീസ് ആക്രമിക്കുന്നത്. ഒടുക്കം സംഭവസ്ഥലത്തുണ്ടായിരുന്ന ആള്‍ക്കാര്‍ ഇടപെട്ടതോടെയാണ്‌ ഞങ്ങള്‍ രക്ഷപ്പെട്ടത്. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ലിസയെ തരം താഴ്ന്ന രീതിയില്‍ അവര്‍ അധിക്ഷേപിച്ചു. തങ്ങള്‍ ആരാണെന്നു തിരിച്ചറിയാനുള്ള വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും പോലീസ് നിയമപാലകന്റെ കുപ്പായം അഴിച്ച് സദാചാരപോലീസിന്റെ കുപ്പായം അണിയുകയായിരുന്നു എന്ന് അനില്‍ ആരോപിക്കുന്നു. ഇത്തരം ഉദ്യോഗസ്ഥര്‍ കാരണം പോലീസ് സേനയ്ക്ക് മുഴുവനാണ്‌ മോശം പ്രതിച്ഛായ ഉണ്ടാകുന്നത്. സേനയിലുള്ള വിശ്വാസം ഇവര്‍ മൂലം ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. ഔദ്യോഗിക നിര്‍വ്വഹണത്തിന്‍റെ ഭാഗമല്ലാത്ത ഇത്തരം അധികാര ദുര്‍വിനിയോഗത്തിനും ദുഷ്പ്രവൃത്തികള്‍ക്കുമെതിരെ ശക്തമായ അന്വേഷണം നടത്തണം എന്നുള്ളതാണ് ഞങ്ങള്‍ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്’- അനില്‍ അഴിമുഖത്തോട് പറഞ്ഞു.

തങ്ങള്‍ക്കുണ്ടായ ദുരനുഭവം ഇനിയാര്‍ക്കും ഉണ്ടാവരുത് എന്നുള്ളതിനാലാണ് ഇതിനെതിരെ നിയമത്തിന്‍റെ പാതയില്‍ മുന്നോട്ടു പോകുന്നത് എന്നും കലാകക്ഷിയുടെ കലാകാരന്മാര്‍ പറയുന്നു. ഒരു വിട്ടു വീഴ്ചയ്ക്കും തങ്ങള്‍ തയ്യാറല്ല എന്നുള്ള കാര്യവും ഇവര്‍ വ്യക്തമാക്കുന്നു. മാതൃകാപരമായ ശിക്ഷ എസിപിയ്ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ലഭിക്കണം എന്ന് ഇവര്‍ ആവശ്യപ്പെടുന്നു. ലഭിക്കാത്ത പക്ഷം പ്രതിഷേധ നടപടികളുമായി മുന്നോട്ടു പോകാനുള്ള തയ്യാറെടുപ്പും ഇവര്‍ നടത്തുന്നുണ്ട്.

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുകNext Story

Related Stories