TopTop
Begin typing your search above and press return to search.

സദാചാര പോലീസുകാർ, നിങ്ങളുടെ സ്വന്തം അഭ്യുദയകാംഷികൾ

സദാചാര പോലീസുകാർ, നിങ്ങളുടെ സ്വന്തം അഭ്യുദയകാംഷികൾ

കഴിഞ്ഞ ഒന്നുരണ്ട് ദിവസങ്ങളായി സദാചാര പൊലീസിനെതിരെ മുറവിളി കൂട്ടുന്ന ഒരുപാട് പേരെ കണ്ടു. എന്നാൽ സങ്കടം തോന്നിയത് ക്രൂരമായ ഈ ആക്രമവാസന നമ്മളിൽ പലരും പലരുടെ കാര്യത്തിലും പുറത്തെടുക്കാറുണ്ട് എന്നതാണ്. അതിനു നമ്മൾ പലപ്പോഴും കണ്ടെത്താറുള്ളതോ പറയാറുള്ളതോ ആയ ന്യായീകരണം ഞാൻ അവരുടെ ഒരു അഭ്യുദയകാംഷിയാണ്, അവരുടെ നന്മയെ ഓർത്തു പറയുന്നതാണ് എന്നതാണ്.

ഒരു ആൺകുട്ടിയും പെൺകുട്ടിയും ഒന്നിച്ചു നിന്നു സംസാരിക്കുന്നത് കണ്ടാൽ, ഫോൺ വിളിച്ചോ, ടെക്സ്റ്റ് ചെയ്തോ, ഇനി അവരുടെ വീട്ടിൽ പോയോ 'അതെ, അമ്മിണിയെ.. മോളെ ആ ചെക്കന്റെ കൂടെ ബസ് സ്റ്റാൻഡിൽ കണ്ടൂട്ടോ'. 'ജോർജ് ചേട്ടാ... മോനെ ഇന്നലെ ഒരു പെങ്കൊച്ചിന്റെ കൂടെ റോഡിൽ കണ്ടല്ലോ.. ആരാ അത്? നിങ്ങളുടെ ബന്ധുവാ?' എന്ന് ചോദിച്ച് പ്രസ്തുത ആൺകുട്ടിയും പെൺകുട്ടിയും 'വഴി തെറ്റുന്നില്ല' എന്ന് ഉറപ്പു വരുത്തുന്നവർ.

ഓഫീസിൽ, കോളേജിൽ, അയൽപ്പക്കങ്ങളിൽ ഒരു സ്ത്രീ, പുരുഷനായ സുഹൃത്തിനോട് ഒരൽപം കൂടുതൽ സംസാരിച്ചാൽ 'അറിഞ്ഞോ അവര് തമ്മിൽ എന്തോ ഉണ്ട്' എന്ന് പറയുന്നവർ, അടക്കി ചിരിക്കുന്നവർ.

എന്റെ അമ്മ അടക്കമുള്ള തല മുതിർന്ന സ്ത്രീകൾ സ്വതന്ത്ര ചിന്തയുള്ള, അവരുടെ രീതികളിൽ നിന്ന് മാറി നടക്കുന്ന പെൺകുട്ടികളെയും ആൺകുട്ടികളെയും കൂട്ടമായി ഇരുന്നു കുറ്റം പറയുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഈ സോഷ്യൽ മീഡിയയിൽ ഉള്ള, പ്രായവും അതിനു അനുസരിച്ചുള്ള പക്വതയും ഉണ്ടാകുമെന്നു നാം ധരിച്ചു പോകുന്ന പലരും ഇതേ വിധിവാചകങ്ങളുമായി ഇത്തരക്കാർക്കു നേരെ പലപ്പോഴും പാഞ്ഞടുക്കാറുണ്ട്.

സോഷ്യൽ മീഡിയയിൽ സ്വന്തം ടൈംലൈനിൽ ചിലവഴിക്കുന്നതിലും കൂടുതൽ സമയം മറ്റുള്ളവരുടെ ടൈം ലൈനിൽ പോയി അവരുടെ ഓരോ വാക്കും സൈബർ ആക്ടിവിറ്റിയും സദാചാരവിചാരണയ്ക്ക് വിധേയമാക്കുന്നവരാണ് ഇവരെല്ലാം.

'നമ്മുടെ ശരികളിൽ നിന്ന് മാറി നടക്കുന്നവർ എല്ലാം നമുക്കു തെറ്റുകൾ ആണ്.' കേവലം സോഷ്യൽ മീഡിയയിയിലെ സ്റ്റാറ്റസ് മെസ്സേജുകൾ മാത്രം വായിച്ചു 'ഹോ എനിക്ക് അവരെ ഇഷ്ടമില്ല' എന്ന് പറയുന്നവരെ ഞാൻ കണ്ടിട്ടുണ്ട്. അത്ര പെട്ടന്നാണ് ഞാൻ അടക്കമുള്ളവർ ജഡ്ജ്മെന്റൽ ആകുന്നത്. അറിയാത്ത ഒരു വ്യക്തിയെ വിധിക്കുന്നത്.

പ്രായപൂർത്തിയായ രണ്ടു വ്യക്തികൾക്ക് അവരുടെ നന്മ സ്വയം കണ്ടത്താനുള്ള അവസരം കൊടുക്കൂ. നമ്മൾ അവിടെ അഭ്യുദയകാംക്ഷികളാകേണ്ട.

ഇത് ക്രൂരവും നിന്ദ്യവുമായ ഒരു വിനോദം തന്നെയാണ്. പലപ്പോഴും നമ്മൾ അറിഞ്ഞോ അറിയാതെയോ അതിന്റെ ഭാഗമാകുന്നു. അബ്രഹാം ലിങ്കണ്‍ പറഞ്ഞതുപോലെ

“I would rather be a little nobody, then to be a evil somebody” എന്ന് നമ്മൾ ഒന്ന് ചിന്തിച്ചാൽ തന്നെ ഈ നിന്ദ്യമായ അവസ്ഥയ്ക്കു കുറേ മാറ്റം വരും. തിരുത്ത് തുടങ്ങേണ്ടത് നമ്മളില്‍ നിന്നാണ് എന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. പ്രബുദ്ധരാകേണ്ടത് അങ്ങനെയാണ്.

(നിയമത്തിലും (എം ജി യൂണിവേഴ്‌സിറ്റി) ക്രിമിനോളജിയിലും (സ്വാന്‍സി യൂണിവേഴ്‌സിറ്റി, യു കെ) ബിരുദാനന്തര ബിരുദം. ഇപ്പോള്‍ വെയില്‍സില്‍ താമസിക്കുന്നു. സ്വാന്‍സി യൂണിവേഴ്‌സിറ്റിയില്‍ റിസര്‍ച്ച് അസോസിയേറ്റായും ഗാര്‍ഹിക പീഡന ഇരകള്‍ക്ക് വേണ്ടിയും സ്ത്രീകള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന Llanelli Womens Aid ട്രസ്റ്റിയായും ഡയറക്ടര്‍ ബോര്‍ഡ് മെമ്പറായും പ്രവര്‍ത്തിച്ചിട്ടുണ്ട്).

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories