TopTop
Begin typing your search above and press return to search.

ഈ ചിത്രം ചില കാര്യങ്ങള്‍ നമ്മോട് പറയുന്നുണ്ട്

ഈ ചിത്രം ചില കാര്യങ്ങള്‍ നമ്മോട് പറയുന്നുണ്ട്

സദാചാരക്കാർക്ക് കിട്ടിയ അതേ ട്രെയിനിങ്ങ് തന്നെയാണ് പോലീസുകാർക്കും കിട്ടിയിട്ടുളളത്. അതുകൊണ്ടാണ് മറൈൻ ഡ്രൈവിൽ അവര്‍ ചൂരലടിക്കാർക്കൊപ്പം ചേർന്നത്. അതു കൊണ്ടു തന്നെയാണ്, പ്രണയദിനത്തിൽ റോഡിലിറങ്ങിയവരെ ഉപദേശിച്ചു നന്നാക്കാൻ പിങ്ക് പോലീസ് വന്നത്. ഇതേ കാരണം കൊണ്ട് തന്നെയാണ്, കുറച്ചു ദിവസങ്ങൾക്കു മുൻപ് തൃശൂർ മ്യൂസിയം പാർക്കിലിരുന്ന കമിതാക്കളെ അവർ അനാശാസ്യക്കാരാക്കിയത്. ഇതേ പോലീസു തന്നെയാണ് കുറച്ചു വർഷങ്ങൾക്കു മുൻപ് രാത്രി ആൺസുഹൃത്തിനൊപ്പം സഞ്ചരിച്ച ഒരു പെൺകുട്ടിയെ അനാശാസ്യക്കാരിയായി ചിത്രീകരിച്ച് പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയത്.

എവിടെയെങ്കിലും ഒരു ആണിനെയും പെണ്ണിനെയും ഒന്നിച്ചു കണ്ടാൽ അവിടെ അനാശാസ്യം മണക്കാനാണ് കേരളത്തിലെ പോലീസിനെ ശീലിപ്പിച്ചിട്ടുളളത്. അതിലപ്പുറമുളള ഒരു ബന്ധവും അവരുടെ കണ്ണിലില്ല. അതുകൊണ്ട് അവരിതേ ചെയ്യൂ.

കേരള പോലീസിന്റെ കാര്യശേഷി അറിയണമെങ്കിൽ കണക്കുകളിലേക്ക് വരണം. 2007 ൽ കേവലം 500 ബലാത്സംഗക്കേസുകളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടതെങ്കിൽ 2017 ൽ അത് 1644 എണ്ണമാണെന്ന് പോലീസിന്റെ തന്നെ കണക്കുകൾ കാണിക്കുന്നു. പീഡനശ്രമങ്ങളുടെ എണ്ണം 2604 ൽ നിന്നും 4086 ആയി ഉയർന്നു. വിവിധ തരം കുറ്റകൃത്യങ്ങളുടെ കണക്കാകട്ടെ, 1851 ൽ നിന്നും 4415 ആയി. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 16960 കേസുകളാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തതെന്ന് പിടിഐയെ ഉദ്ധരിച്ചു കൊണ്ടുളള ഇന്ത്യൻ എക്സ്പ്രസിന്റെ ഒരു റിപ്പോർട്ടിൽ പറയുന്നു. ഇതിൽ തന്നെ, 924 കേസുകൾ കുട്ടികൾക്കു നേരെയൂളള ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ടാണ്.

സംസ്ഥാനത്തെ സ്ത്രീ സുരക്ഷ വർധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ നവംബറിൽ തുടക്കമിട്ട പിങ്ക് പോലിസ് പട്രോളിങ്ങ് മറ്റൊരു സദാചാരപ്പോലീസ് ആകുന്ന കാഴ്ചയാണ് നമ്മൾ പിന്നീട് കണ്ടത്. ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് കേവലം 75 ശതമാനം കേസുകളേ റിപ്പോർട്ട് ചെയ്യപ്പെടുന്നുളളൂ എന്ന് അന്ന് മുഖ്യമന്ത്രി തന്നെ സമ്മതിക്കുകയുണ്ടായി. സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകൾ ജനസൗഹൃദപരമാക്കുമെന്നും നിർഭയത്തോടെ ഏതൊരാൾക്കും പോലീസ് സ്റ്റേഷനെ സമീപിക്കാവുന്ന സ്വാതന്ത്ര്യമുണ്ടാകുമെന്നും ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുളള മുഖ്യമന്ത്രി അന്ന് പറഞ്ഞിരുന്നു.

ഏതോ സിനിമയിലെ ശ്രീനിവാസൻ കഥാപാത്രത്തെ അനുസ്മരിപ്പിക്കും വിധം, ബസ് സ്റ്റാന്റിലും കവലകളിലും ചെന്നു നിന്ന് ഒന്നിച്ചു നടക്കുന്ന സ്ത്രീ പുരുഷൻമാരെ പറ്റി മേലുദ്യോഗസ്ഥന് ഫോണിൽ തത്സമയ വിവരണം നടത്തുന്ന പിങ്ക് പോലീസുകാരിയാണ് കേരളത്തിലെ ഇന്നത്തെ ഏറ്റവും വലിയ തമാശ. പ്രണയദിനത്തിൽ കമിതാക്കളെ ഉപദേശിച്ചു നേരെയാക്കുന്ന ഒരു പോലീസുകാരിയുടെ ചിത്രം ഓൺലൈൻ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഒരു ഭാഗത്ത് ലൈംഗികാതിക്രമങ്ങളും ബലാത്സംഗങ്ങളും പെരുകുമ്പോൾ , മറുഭാഗത്ത് മൊറാലിറ്റിയെ പറ്റി എത്ര വികലമായ കാഴ്ചപ്പാടാണ് നമ്മുടെ ഭരണകൂടവും പോലീസും പുലർത്തുന്നതെന്നതിന് തെളിവാണ് ഈ സംഭവങ്ങൾ.

വിവാദമായപ്പോൾ, പിന്നീട് പിൻവലിച്ചെങ്കിലും, പ്രണയത്തിലെ ചതിക്കുഴികളെ പറ്റി വിദ്യാർത്ഥിനികളെ സിനിമ കാണിച്ച് ബോധവത്കരിക്കണമെന്നും കാണിച്ച് വിദ്യാഭ്യാസ വകുപ്പ് തന്നെ ഇറക്കിയ സർക്കുലറും നമ്മുടെ ഭരണകൂട നിലപാടുകൾ എന്തെന്ന് കാണിച്ചു തരുന്നുണ്ട്. ആരോഗ്യകരമായ സ്ത്രീ‐പുരുഷ ബന്ധങ്ങളെ സംശയത്തോടെ കാണുകയും അതേസമയം യഥാർത്ഥ ക്രിമിനലുകൾക്ക് യഥേഷ്ടം അഴിഞ്ഞാടാനുളള സാഹചര്യം ഉണ്ടാക്കിക്കൊടുക്കുകയുമാണ് പോലീസ് ചെയ്യൂന്നത്.

സംസ്ഥാനത്തുടനീളം ക്രിമിനലുകൾ അഴിഞ്ഞാടുമ്പോഴാണ് പോലീസ് സ്വന്തം തൊപ്പി സദാചാരഗുണ്ടകളുടെ തലയിൽ വെച്ചു കൊടുത്ത് അവർക്കൊപ്പം ചേരുന്നത്. സ്വന്തം വീട്ടുകാരോട് സമ്മതം ചോദിച്ച് സമരത്തിനു വരുന്ന പാർട്ടി സെക്രട്ടറിയും ബെഡ് റൂമിൽ ചെയ്യേണ്ട കാര്യങ്ങളെ പറ്റി പാഠപുസ്തകമിറക്കുന്ന മുഖ്യമന്ത്രിയും ഭരിക്കുന്ന ഒരു സംസ്ഥാനത്ത് പോലീസ്, സദാചാരപ്പോലീസ് ആയില്ലെങ്കിലേ അത്ഭുതമുളളൂ.

കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിൽ അലംഭാവം കാണിക്കുന്ന ഇതേ പോലീസ് തന്നെയാണ് സംസ്ഥാനവ്യാപകമായി മനുഷ്യാവകാശ പ്രവർത്തകരെ പീഡിപ്പിക്കാനും മർദ്ദിക്കാനും കൂട്ടു നിൽക്കുന്നത്. രൂജ്യാന്തര ചലച്ചിത്ര മേളക്കിടെ സദസ്സിലിരുന്ന ഏതാനും പേരെ ജീപ്പിൽ കയറ്റിക്കൊണ്ടു പോകാൻ പോലീസ് കാണിച്ച ശുഷ്കാന്തിയുടെ നാലിലൊന്നു മതി, ഇപ്പോൾ കടലാസിൽ കിടക്കുന്ന പല കേസുകളും തെളിയാൻ.

മുടി വളർത്തിയെന്നും പറഞ്ഞ് കുറച്ചു കാലം മുൻപ് ഗായകൻ മാർട്ടിൻ ഊരാളിയെ പിടിച്ചു കൊണ്ടുപോയതും ഇതേ കേരളപ്പോലീസാണ്. മറൈൻ ഡ്രൈവിൽ ചൂരലുമായി കയറിയ ശിവസേനക്കാരിൽ ഒരാൾ സ്ത്രീപീഡനക്കേസിലെ മുൻപ്രതിയാണെന്നാണ് പിന്നീട് പുറത്തു വന്ന വാർത്ത. സംസാരിക്കാൻ കഴിയാത്തവളും ബധിരയുമായ ഒരു സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ 2014 ൽ രജിസ്റ്റർ ചെയ്ത കേസ് പോലീസിന്റെ ക്രൈം റെക്കൊർഡുകളിൽ ഉറങ്ങിക്കിടക്കുന്നുണ്ട്. സദാചാര ഗുണ്ടായിസത്തിനിറങ്ങുന്നവരുടെ മനോവൈകല്യം തുറന്നു കാണിക്കുന്നു, ഈ സംഭവം.

നടിയെ ആക്രമിച്ച കേസിലെ പൾസർ സുനിയും മുൻപ് കേസുകളിൽ ഉൾപ്പെട്ട ആളായിരുന്നു എന്നോർക്കുക. വാളയാറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടികളിൽ, ആദ്യത്തെയാൾ മരിച്ച് 52 ദിവസത്തിനുളളിലാണ് രണ്ടാമത്തെ കൂട്ടിയും സമാനമായ രീതിയിൽ കൊല്ലപ്പെടുന്നത്.

കുറ്റകൃത്യങ്ങളിൽ സ്ഥിരമായി ഏർപ്പെടാവുന്ന സ്വാതന്ത്ര്യം കുറ്റവാളികൾക്ക് സംസ്ഥാനത്തുണ്ട് എന്നതിന്റെ തെളിവുകളാണ് ഈ സംഭവങ്ങൾ.

ഈ ചിത്രം നമ്മളോട് ഒരു പാട് കാര്യങ്ങൾ പറയുന്നുണ്ട്. പോലീസ് ആർക്കൊപ്പമാണെന്നും, മാധ്യമങ്ങളുടെ കണ്ണ് എവിടെയാണെന്നും മനസിലാക്കാൻ ഇതിലേക്ക് അല്പനേരം സൂക്ഷിച്ചു നോക്കിയാൽ മതി.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories