TopTop
Begin typing your search above and press return to search.

സഖാക്കളേ, ഇനി നമുക്ക് ആഗോള താപനത്തെ കുറിച്ച് സംസാരിക്കാം...

സഖാക്കളേ, ഇനി നമുക്ക് ആഗോള താപനത്തെ കുറിച്ച് സംസാരിക്കാം...

സാജു കൊമ്പന്‍

മാധ്യമ പ്രവര്‍ത്തകയേയും ഭര്‍ത്താവിനെയും സദാചാര പോലീസിംഗിന് വിധേയരാക്കിയ തിരുവനന്തപുരത്തെ സി പി എം പ്രാദേശിക നേതാക്കളെ പാര്‍ട്ടി ചെവിക്ക് പിടിച്ചാണ് പുറത്താക്കിയത്. സംസ്ഥാന സെക്രട്ടറി കോടിയേരിയും ജില്ലാ സെക്രട്ടറി കടകംപള്ളിയും ഉടനടി മാപ്പപേക്ഷയുമായി രംഗത്തെത്തി. സഖാക്കളുടെ മുന്‍പില്ലാത്ത വിനയഭാവം ജനങ്ങളെ അമ്പരപ്പിച്ചെങ്കിലും തത്ക്കാലം ആ നല്ല മാറ്റത്തെ എല്ലാവരും ഹാര്‍ദ്ദമായി സ്വാഗതം ചെയ്തു.

അന്നത്തെ മാപ്പ് പറച്ചിലിന് പ്രത്യേക പശ്ചാത്തലവും ഉണ്ടായിരുന്നു. സരിത, സലീം രാജ്, ബാര്‍ തുടങ്ങി നിരവധി അഴിമതി കേസുകളില്‍ പെട്ട് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വെള്ളം കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പ് വന്നത്. സ്വാഭാവികമായും ഇടതുപക്ഷത്തിന് നല്ല മുന്‍തൂക്കം കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും പാര്‍ട്ടിയുടെ സമാരാധ്യനായ മുതിര്‍ന്ന നേതാവിന് ഒരു കൊച്ചു പയ്യനോട് തോല്‍ക്കാനായിരുന്നു വിധി. മാധ്യമങ്ങളുടെയൊക്കെ അകമഴിഞ്ഞ പിന്തുണയുണ്ടായിട്ടുകൂടി. പക്ഷേ അതിനെക്കാള്‍ വലിയ അപകടം സി പി എം കണ്ടത് ബി ജെ പിക്കുണ്ടായ വോട്ട് വളര്‍ച്ചയാണ്.

സംഘ പരിവാറിന്റെ സദാചാര ഫാസിസത്തിനെതിരെ സി പി എമ്മും അതിന്റെ യുവജന-വിദ്യാര്‍ത്ഥി സംഘടനകളുമൊക്കെ ശക്തമായ പ്രചാരണ പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന കാലത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ സദാചാര പോലീസുകാരായി വന്നത് നേതാക്കളെ ഞെട്ടിക്കുക തന്നെ ചെയ്തു. അതും ഇരയായത് ഒരു മാധ്യമ പ്രവര്‍ത്തക. അപകടം മണത്ത സി പി എം നേതാക്കള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. സംഭവം ക്ലീനായി സെറ്റില്‍ ചെയ്തു.

ഇന്നിപ്പോള്‍ വടകരയില്‍ നിന്നാണ് വാര്‍ത്ത. അനാശാസ്യം നടത്തി എന്നാരോപിച്ച് കോണ്‍ഗ്രസ്സ് നേതാക്കളെയാണ് ആള്‍ക്കൂട്ടം തടഞ്ഞു വെച്ചത്. കോണ്‍ഗ്രസ് നേതാവും തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ തിരുവള്ളൂര്‍ മുരളിയേയും പയ്യോളിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകയായ യുവതിയേയും വടകരയിലെ ലേബര്‍ സൊസൈറ്റി ഓഫീസില്‍ പൂട്ടിയിട്ട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മുരളിയാണ് ലേബര്‍ സൊസേറ്റിയുടെ പ്രസിഡന്‍റ്. സംഭവത്തിന് പിന്നില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണ് എന്നു കോണ്‍ഗ്രസ്സ് ആരോപിച്ചു. പോലീസ് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ട് പോയതിന് ശേഷം വാട്ട്സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും കോണ്‍ഗ്രസ്സ് നേതാവിന്റെ അനാശാസ്യം പിടികൂടി എന്ന തരത്തില്‍ വന്‍തോതില്‍ പ്രചരണവും നടന്നു. തിരുവള്ളൂര്‍ മുരളിയുടെയും യുവതിയുടെയും ആവശ്യ പ്രകാരം വൈദ്യ പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും ഡി വൈ എഫ് ഐ പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളിയും നടന്നു.

വ്യക്തിഹത്യ നടത്തുകയും സമൂഹമാധ്യമങ്ങളിലൂടെ അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തവര്‍ക്കെതിരെ നിയമനടപടികളെടുക്കുമെന്ന് യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കി. യുവതി വനിതാകമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.വടകര സംഭവത്തില്‍ സി പി എം മാപ്പ് പറയുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. എന്തായാലും മുന്‍പ് കോണ്‍ഗ്രസ് നേതാവ് രാജ് മോഹന്‍ ഉണ്ണിത്താനെ സമാനമായ രീതിയില്‍ പോലീസിംഗ് നടത്തിയ അനുഭവം നമ്മുടെ മുന്‍പിലുണ്ട്. അന്നൊന്നും ആരും മാപ്പ് പറഞ്ഞതായി അറിവില്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മികച്ച വിജയവും നിയമ സഭ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് വിജയം നേടാന് സാധ്യതയുണ്ട് എന്ന സര്‍വേകളും ഒക്കെ ചേര്‍ന്ന് സൃഷ്ടിക്കുന്ന അമിത ആത്മവിശ്വാസത്തിന്റെ ബലത്തില്‍ മാപ്പിന്‍റെ സാധ്യത ഉദിക്കുന്നില്ല. മറിച്ച് ഒരു തെരഞ്ഞെടുപ്പ് സ്റ്റാണ്ടുകളില്‍ ഒന്നായി ഈ വാര്‍ത്തയെ തള്ളിക്കളയാനാണ് സാധ്യത കൂടുതല്‍.

കഴിഞ്ഞ മാസമാണ് ഇടുക്കിയിലെ മണിയാശാന്‍ ഒരു ഐ ടി ഐ വനിതാ പ്രിന്‍സിപ്പാളിനെതിരെ അത്ര സഭ്യമല്ലാത്ത ചില വാഗ്പ്രയോഗങ്ങള്‍ നടത്തിയത്. അതിനെ കുറിച്ച് പ്രത്യേകിച്ച് ആരെങ്കിലും മാപ്പ് പറയുകയോ തെറ്റായിപ്പോയി എന്നു വിശദീകരിക്കുകയോ ചെയ്തിട്ടില്ല.

ചുംബന സമര കാലത്ത് കേരളത്തിലെ സദാചാര ഫാസിസത്തിന് എതിരെ ആഞ്ഞടിച്ച യുവ നേതാക്കള്‍ എം ബി രാജേഷ്, ചിന്താ ജെറോം തുടങ്ങിയവരെങ്കിലും പ്രതികരിക്കുമോ എന്നു നോക്കാം. ഫാസിസത്തിന്റെ ചുവരെഴുത്തുകള്‍ അവര്‍ ഉറക്കെ വായിക്കുന്നത് ആത്മാര്‍ത്ഥമാണെങ്കില്‍ അവര്‍ക്ക് പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല. രാജ്യമാകെ നടമാടുന്ന അസഹിഷ്ണുതയ്ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഇത്തരം തെറ്റ് തിരുത്തല്‍ പ്രതികരണങ്ങള്‍ എന്തുകൊണ്ടും ആവശ്യമാണ്.

അല്ലെങ്കില്‍ പിണറായി വിജയന്‍ ഫേസ്ബുക്കില്‍ പോസ്റ്റിയത് പോലെ നമുക്ക് ആഗോള താപനത്തെ കുറിച്ച് സംസാരിക്കാം. മുണ്ടൂരില്‍ ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് കടന്നിരിക്കുന്നു..

ലാല്‍ സലാം..!

ഒടുവില്‍ കിട്ടിയത്: വടകരയില്‍ നിന്നു കുറച്ചു കിലോ മീറ്ററുകള്‍ക്കപ്പുറം പാറക്കടവ് എന്ന സ്ഥലത്ത് ഡി വൈ എഫ് ഐ ഇന്ന് സദാചാര പോലീസിംഗിനെതിരെ പ്രതിഷേധ പൊതുയോഗം നടത്തി. ഒരു പെണ്‍കുട്ടിയെ ബൈക്കിന്‍റെ പിന്നില്‍ കയറ്റിക്കൊണ്ടുപോയി എന്നാരോപിച്ച് എന്‍ ഡി എഫ് പ്രവര്‍ത്തകര്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഈ പൊതുയോഗം.


Next Story

Related Stories