TopTop
Begin typing your search above and press return to search.

പോലീസുകാരന്‍റെ കണ്ണിലെ ‘ഫിഗറ്’ പെണ്‍കുട്ടിയും കുരുത്തം കെട്ട ചെക്കനും

പോലീസുകാരന്‍റെ കണ്ണിലെ ‘ഫിഗറ്’ പെണ്‍കുട്ടിയും കുരുത്തം കെട്ട ചെക്കനും

ജൂലൈ 23-ആം തീയതി രാത്രി കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാ മധ്യേ പോലീസിന്‍റെ ‘സദാചാര നടപടിക്രമ’ത്തിന്റെ ഭാഗമായി തന്‍റെ കൂട്ടുകാരിയായ ഹിമ ശങ്കറിനൊപ്പം സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ടു പോകപ്പെട്ട ശ്രീരാം രമേഷ് അഴിമുഖം പ്രതിനിധി രാകേഷ് നായരോട് സംസാരിക്കുന്നു.

ജനാധിപത്യ സ്വാതന്ത്ര്യത്തെ കൈനീട്ടി തടഞ്ഞു നിര്‍ത്തുന്ന സദാചാര തടവറയായി കേരളം മാറുകയാണ്. ഒരു കോളം വാര്‍ത്തയില്‍, ഒരു സ്‌ക്രോള്‍ ന്യൂസില്‍ ഈ 'അപകട'ത്തെ പരാമര്‍ശിച്ച് സമൂഹം മുന്നോട്ടു പോകുമ്പോള്‍ ഇരകള്‍ വീണ്ടും വീണ്ടും സൃഷ്ടിക്കപ്പെടുകയാണ്. നമ്മുടെ പോലീസിന്റെ 'മോറല്‍ ഡ്യൂട്ടി' ഇന്നലെ രണ്ട് ഇരകളെ കൂടി ആക്കുട്ടത്തിലേക്ക് സൃഷ്ടിച്ചു. നാടകപ്രവര്‍ത്തകരായ ഹിമാ ശങ്കറും സുഹൃത്ത് ശ്രീരാം രമേഷും.

എന്താണ് അവര്‍ ചെയ്ത കുറ്റങ്ങള്‍(?) - അര്‍ദ്ധരാത്രിയില്‍ ബൈക്കില്‍ സഞ്ചരിച്ചതോ?ഇരുവരും ഭാര്യാ ഭര്‍ത്താക്കന്മരല്ലായിരുന്നു എന്നതോ? രണ്ട് സ്വതന്ത്ര്യ വ്യക്തികള്‍ക്ക്; അത് ആണും പെണ്ണുമായാല്‍, അവര്‍ക്കിടയില്‍ ഏതെങ്കിലും തരത്തിലുള്ള ബന്ധത്തിന്റെ വിളക്കിച്ചേര്‍ക്കല്‍ ഇല്ലെങ്കില്‍- നിയമത്തിന് മുന്നില്‍ കുറ്റവാളികളാകുമോ? എങ്കില്‍ ഈ നാട്ടിലെ മൗലികാവകാശം എന്നോ മരിച്ചിരിക്കുന്നു! നിയന്ത്രണങ്ങളുടെ കാക്കിച്ചരടുകള്‍ പൗരന്മാരെ വരിഞ്ഞു കെട്ടിയിരിക്കുന്നു. ഞങ്ങള്‍ തടയും, എതിര്‍ക്കരുത്- ഇതാണ് പോലീസിന്റെ നീതി. എതിര്‍ത്താലോ? കഴിഞ്ഞ ദിവസം ശ്രീരാമിനും ഹിമയ്ക്കും അനുഭവിക്കേണ്ടി വന്ന മാനസിക പീഢനത്തിന്റെ വിവരണത്തില്‍ ആ ചോദ്യത്തിനുള്ള ഉത്തരമുണ്ട്.

കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയില്‍ നടന്ന കാര്യങ്ങള്‍ ശ്രീരാം പറയുന്നു- ഗാസ പ്രമേയമാക്കി അവതരിപ്പിക്കുന്ന നാടകത്തിന്റെ പ്രവര്‍ത്തനങ്ങളിലായിരുന്നു ഞാനും ഹിമയുമൊക്കെ. അതിനിടയിലാണ് കൊല്ലത്തുള്ള എന്റെ വീട്ടിലേക്ക് ബൈക്കില്‍ ഞങ്ങള്‍ വരുന്നത്. തീര്‍ക്കാന്‍ ഒരുപാട് ജോലികള്‍ ബാക്കിയുള്ളത് കൊണ്ട് മടക്കം അര്‍ദ്ധരാത്രിയില്‍ തന്നെയാക്കി. വീട്ടില്‍ നിന്നു തന്നുവിട്ട ചില സാധനങ്ങളുമായാണ് ആ രാത്രിയില്‍ ഞങ്ങളുടെ മടക്കയാത്ര. രാമന്‍ കുളങ്ങരയിലെത്തിയപ്പോള്‍ ഒരു ഫോണ്‍കോള്‍. സംസാരിക്കാനായി ബൈക്ക് റോഡരികില്‍ നിര്‍ത്തി. ഈ സമയത്താണ് ഒരു പോലീസുകാരന്‍- കാക്കി ഷര്‍ട്ടും പാന്റും, കാലില്‍ ഒരു സ്ലിപ്പര്‍, തലയില്‍ ഒരു തോര്‍ത്ത് കെട്ടിയിരിക്കുന്നു. പോലീസ് ആണെന്ന് ഊഹിച്ചെടുക്കണം- വന്നതും ഒന്നും പറയാതെ ബൈക്കിന്റെ കീ ഊരിയെടുക്കാന്‍ ശ്രമിച്ചു. ഞാന്‍ തടഞ്ഞു. കാര്യം തിരക്കി. കമ്മിഷണറുടെ ഓഡര്‍ ആണ്(ബൈക്കിന്റെ കീ ഊരിയെടുക്കാനോ?), ചെക്ക് ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതിന് ബൈക്കിന്റെ കീ ഊരിയെടുക്കണോ? ചോദിക്കുന്ന ഡോക്യുമെന്റ്‌സ് കാണിച്ചാല്‍പ്പോരെ എന്ന ചോദ്യത്തോടെ ഞാന്‍ വണ്ടിയുടെ എല്ലാ പേപ്പറും കാണിച്ചു കൊടുത്തു. ഇതിനിടയില്‍ ഏതു കമ്മിഷണറാണ് ഇവിടെ എന്ന് ചോദിച്ചപ്പോള്‍ അതൊന്നും നിന്നോട് പറയേണ്ട കാര്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ധിക്കാരം. ഹിമയോട്, ഒരു സ്ത്രീയാണെന്ന പരിഗണനപോലുമില്ലാതെ, മോശമായ ഭാഷയില്‍ അദ്ദഹം പലതും ചോദിച്ചു (ഇതെല്ലാം ഞാന്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്). എതിര്‍ത്തപ്പോള്‍ പോലീസുകാരന്റെ ദേഷ്യം എന്നോടായി. ഇതിനിടയില്‍ ഞാന്‍ അദ്ദേഹത്തോട് സാറിന് തൊപ്പിയില്ലാത്തതെന്താണെന്നു ചോദിച്ചു. കൂടുതലായാല്‍ രണ്ടിനേയും പൊക്കിയെടുത്ത് കൊണ്ടുപോയി ചെയ്യേണ്ടതെന്താണെന്ന് എനിക്കറിയാം, അതിന്റെ പേരില്‍ ഈ ഉടുപ്പ് പോയാലും കുഴപ്പമില്ലെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. കുറച്ച് നേരം തുടര്‍ന്ന തര്‍ക്കത്തിനു ശേഷമാണ് ഞങ്ങളെ പോകാന്‍ അനുവദിച്ചത്. പോകുന്നേരം ആ പോലീസുകാരന്, ഗുഡ്‌നൈറ്റ് പറഞ്ഞാണ് ഞങ്ങള്‍ പിരിഞ്ഞത്.

എന്നാല്‍ ചിന്നക്കടയില്‍ എത്തിയപ്പോള്‍ വീണ്ടും തടയപ്പെട്ടു. നാലഞ്ച് പോലീസുകാരുണ്ടായിരുന്നു. രാമന്‍കുളങ്ങരയില്‍ വച്ച് ചെക്ക് ചെയ്തതാണെന്നും തിരുവനന്തപുരം വരെ പോകാനുണ്ടെന്നും പറഞ്ഞപ്പോള്‍, എത്രവട്ടം ചെക്ക് ചെയ്യണമെന്ന് ഞങ്ങള്‍ തീരുമാനിച്ചോളാമെന്നായിരുന്നു മറുപടി. എന്നാല്‍ അവര്‍ ഒരു പേപ്പര്‍ പോലും എന്നോട് ആവശ്യപ്പെട്ടില്ല. ഹിമയുടെ ഫോണ്‍ നമ്പര്‍ കൊടുക്കാന്‍ പറഞ്ഞു, വീട്ടിലേക്ക് വിളിച്ചു പറയാനാണ്. എന്നാല്‍ താനൊരു ഇന്‍ഡിപെന്‍ഡന്റ് ഗേളാണെന്നും വീട്ടിലേക്ക് വിളിച്ചു ചോദിക്കേണ്ട ആവശ്യമില്ലെന്നും അവള്‍ പറഞ്ഞു. ആ പെണ്‍കുട്ടിയോട് സഭ്യതവിട്ട ഭാഷയാണ് പോലീസുകാര്‍ ഉപയോഗിച്ചത്. അതിനുശേഷമാണ് എന്റെ വീട്ടിലെ നമ്പര്‍ കൊടുത്തത്. അവര്‍ അച്ഛനെ വിളിച്ചു. വളരെ മോശമായ ഭാഷയില്‍ ഞങ്ങളെ പിടികൂടിയതിനെപ്പറ്റി ഫോണിലൂടെ സംസാരിച്ചു. ഞങ്ങള്‍ വീട്ടില്‍ വന്നു പോയതിനെപ്പറ്റി അച്ഛന്‍ പറഞ്ഞെങ്കിലും അവര്‍ക്കതിനെക്കുറിച്ചൊന്നും കേള്‍ക്കണ്ടായിരുന്നു. ഞങ്ങള്‍ പോലീസ് സ്‌റ്റേഷനിലാണെന്നാണ് അപ്പോള്‍ അവര്‍ അച്ഛനോട് പറഞ്ഞത്. കുറച്ച് സമയത്തിനകം അച്ഛന്‍ എന്നെ തിരിച്ചു വിളിച്ചു. കാര്യങ്ങള്‍ ഞാന്‍ ഹാന്‍ഡില്‍ ചെയ്‌തോളാം, അച്ഛന്‍ ഇങ്ങോട്ട് വരണ്ടായെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. ഇത്രയും സമയത്തിനുള്ളില്‍ ഒരിക്കല്‍പ്പോലും വണ്ടിയുടെ ഏതെങ്കിലും ഒരു പേപ്പര്‍ പരിശോധിക്കുകയോ, അതുപോലുള്ള ഒരു നടപടിയും പോലീസിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നില്ല. മാത്രവുമല്ല, എതാണ്ട് ഇരുപത് മിനിട്ടോളം ഞങ്ങളെ അവിടെ നിര്‍ത്തിയിരുന്നു. ഈ സമയത്ത് പല വണ്ടികളും അതുവഴി കടന്നുപോയി. ഒന്നുപോലും ചെക്ക് ചെയ്യാന്‍ അവര്‍ തയ്യാറായതില്ല. ഇതിനെല്ലാം സാക്ഷിയായി ജംഗ്ഷനിലെ സിസിടിവി ക്യാമറകളുണ്ട്. ഞങ്ങളോട് പകപോക്കുന്നതു പോലെയായിരുന്നു പോലീസുകാര്‍ പെരുമാറിയത്. വളരെ മോശമായ ഭാഷയില്‍ ആ പെണ്‍കുട്ടിയെയും എന്നെയും അപമാനിച്ചു കൊണ്ടിരുന്നു.


അവരെ എതിര്‍ത്തതായിരിക്കും ഞങ്ങള്‍ ചെയ്ത കുറ്റം. എഴുതപ്പെടാത്തൊരു നിയമം പോലീസിന് സ്വന്തമായുണ്ടോ? മോറല്‍ പോലീസിംഗ് അവരുടെ അവകാശമാണോ? എല്ലാ മോഡ് ഓഫ് കണ്ടക്ടും അവര്‍ മറക്കുകയല്ലേ? ഒരുപക്ഷേ അവരെ എതിര്‍ക്കാതെ നിന്നിരുന്നെങ്കില്‍ ആ രാത്രി തന്നെ ഞങ്ങളെ പോകാന്‍ അനുവദിക്കുമായിരുന്നു. അങ്ങിനെ ചെയ്യേണ്ടെന്നു തോന്നി. ഭരണഘടന അനുശാസിക്കുന്ന എല്ലാ നിയമങ്ങളും പാലിച്ചു ജീവിക്കുന്നരൊളാണ് ഞാന്‍. നിയമത്തെ ബഹുമാനിക്കുമ്പോള്‍ തന്നെ അനീതിയെ എതിര്‍ക്കേണ്ടതും എന്റെ കടമയാണ്. ആ നീതികേട് നിയമപാലകരുടെ ഭാഗത്തുനിന്നാണെങ്കിലും, ഭയപ്പെടേണ്ട ആവശ്യമില്ലെന്നു തോന്നി. ഇതിനുശേഷമാണ് ഞങ്ങളെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ വനിതാ പോലിസിന്റെ സാന്നിധ്യമുണ്ടെങ്കില്‍ മാത്രമെ ഹിമയെ സ്‌റ്റേഷനില്‍ കൊണ്ടുപോകാന്‍ പറ്റൂ എന്ന് ഞങ്ങള്‍ ശഠിച്ചു. അതിന്‍പ്രകാരം സ്റ്റേഷനില്‍ വിളിച്ചറിയിച്ച് ഒരു ജീപ്പ് എത്തി; വനിതാ പോലീസടക്കം. കൊല്ലം ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച ഞങ്ങളില്‍ ഹിമയെ വനിതാ പോലീസുകാര്‍ വേറൊരു റൂമിലേക്ക് കൊണ്ടുപോയി. അവിടെ ഹിമയ്ക്ക് നല്ല ട്രീറ്റ്‌മെന്റാണ് കിട്ടിയത്. ആ വനിതാ പോലീസുകാര്‍ക്ക് ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കാന്‍ കഴിഞ്ഞു. എന്നാല്‍ എനിക്ക് അതേ പോലൊരു പരിഗണന കിട്ടിയില്ല. മറ്റു കേസുകളിലായി പിടിച്ചു കൊണ്ടുവന്നവരെയൊക്കെ ഒരു ബഞ്ചിലാണ് ഇരുത്തിയിരുന്നത്. എന്നെയും അതുപോലൊരു ബഞ്ചില്‍ ഇരുത്തി. സ്‌റ്റേഷനകത്ത് ചെരിപ്പിടാന്‍ അവരെന്നെ അനുവദിച്ചില്ല. ഒരു പോലീസുകാരന്‍ പുറകില്‍ നിന്ന് തള്ളിതള്ളിയാണ് എന്നെ അകത്തേക്ക് കൊണ്ടുവന്നത്. സ്റ്റെപ്പുകള്‍ക്ക് സമീപമെത്തിയപ്പോള്‍ തള്ളരുതെന്ന് ഞാന്‍ ആവശ്യപ്പെട്ടു. അകത്തേക്ക് കേറാന്‍ ഒരുങ്ങിയപ്പോഴാണ് ചെരിപ്പ് ഊരിയിട്ടിട്ട് കേറടാ എന്നാക്രോശിച്ചത്. ബാക്കിയെല്ലാവരും ചെരുപ്പ് ധരിച്ചിട്ടുണ്ട്. രാത്രി വൈകി, എനിക്ക് മൂത്രമൊഴിക്കാന്‍ ടോയ്‌ലെറ്റില്‍ പോകാന്‍ ചെരിപ്പ് ഇട്ടോട്ടെയെന്ന് ചോദിച്ചിട്ടും അനുവദിച്ചില്ല. സ്‌റ്റേഷനില്‍ എത്തിച്ചശേഷം ഞാന്‍ അച്ഛനെ വിളിച്ച് വിവരം പറഞ്ഞിരുന്നു. വീട് അവിടെ നിന്ന് ആറേഴുകിലോമിറ്റര്‍ മാത്രം അകലെയാണ്. അദ്ദേഹം ഏറെ വൈകാതെ തന്നെ സ്‌റ്റേഷനില്‍ എത്തി. പ്രായത്തിന്റെ ബഹുമാനം പോലും എന്റെ അച്ഛന് കൊടുക്കാന്‍ പോലീസുകാര്‍ കൂട്ടാക്കിയില്ല. നല്ലൊരു വാക്കുപോലും അവരുടെ വായില്‍ നിന്ന് വീണില്ല. ഒന്നിരിക്കാന്‍ പറയാനുള്ള മര്യാദപോലും അവര്‍ക്ക് തോന്നിയില്ല. ഇതിനിടയില്‍ വരുന്ന പോലീസുകാരെല്ലാം എന്നെ ഓരോന്നും പറഞ്ഞ് ചീത്തവിളിച്ചു. തെറിയാണ് പലരും പറഞ്ഞത്. ഇതിനിടയില്‍ ഒരാള്‍ പറയുന്നു- ഞാന്‍ രാമന്‍കുളങ്ങരയില്‍വച്ച് തടഞ്ഞ പോലീസുകാരനോട് തന്റെ തൊപ്പി തെറിപ്പിക്കുമെന്ന ഭീഷണി മുഴക്കിയെന്ന് (രാമന്‍കുളങ്ങരയിലെ കാര്യം ഇവര്‍ അറിയണമെങ്കില്‍, ആദ്യം ഞങ്ങളെ തടഞ്ഞ പോലീസുകാരന്‍ വിവരം കൈമാറിയതിന്‍ പ്രകാരമായിരുന്നോ ചിന്നക്കടയില്‍ പോലീസുകാര്‍ കാത്തുനിന്നതെന്ന് തോന്നുന്നു. ഇത് എന്റെ വെറും സംശയം മത്രമാണ് തെളിവൊന്നും ഇല്ല).

പിറ്റേന്ന് രാവിലെ എസ് ഐ എത്തി. ഒരുകാര്യവും ഞങ്ങളോട് ചോദിക്കാന്‍ നില്‍ക്കാതെ പൊക്കോളാനാണ് അദ്ദഹം പറഞ്ഞത്. ഒരു പരാതിപോലും ഞങ്ങള്‍ക്കെതിരെ രേഖപ്പെടുത്തിയില്ല. പിന്നെ എന്തിനായിരുന്നു ഈ തടഞ്ഞുവയ്ക്കല്‍? സദാചാര നടപടിക്രമമായിരുന്നോ ഞങ്ങള്‍ ഏറ്റുവാങ്ങിയത്?ഒരു പക്ഷേ, ആരെയെങ്കിലുമൊക്കെ വിളിച്ച് പറഞ്ഞ് ആ രാത്രി തന്നെ ഞങ്ങള്‍ക്ക് അവിടെ നിന്നും ഇറങ്ങാമായിരുന്നു. അതിനുള്ള ചെറിയ ബന്ധങ്ങളൊക്കെ ഉള്ളവരായിരുന്നു ഞാനും ഹിമയും. പക്ഷേ, ഈ സംഭവം ആരും അറിയാതെ പോകരുതെന്ന് ഉണ്ടായിരുന്നു. എങ്കില്‍ നാളെ മറ്റൊരു ശ്രീരാമും ഹിമയും ഇതേപോലെ 'ശിക്ഷിക്കപ്പെടാം'. ഞങ്ങളായിരുന്നില്ല പോലീസിന്റെ 'മോറല്‍ ലോ'യുടെ ആദ്യത്തെ ഇരകള്‍. എന്നാല്‍ അവസാനത്തെ ഇരകള്‍ ഞങ്ങള്‍ ആകണമെന്ന ആഗ്രഹമുണ്ട്. ഏതെങ്കിലും പോലീസുകാരനെ ശിക്ഷിക്കണമെന്നോ സ്ഥലം മാറ്റണമെന്നോ ആഗ്രഹമില്ല. പോലീസ് കംപ്ലയന്റ് അഥോറിറ്റി സ്വമേധയാ അന്വേഷണം നടത്തിയാണ് ചില പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്. നടപടി വേണ്ടത് ഏതെങ്കിലും വ്യക്തികള്‍ക്കെതിരെയല്ല, അവര്‍ കൊണ്ടുനടക്കുന്ന ആ 'അലിഖിത നിയമ'ത്തിനെതിരെയാണ്. നിമയപാലകരുടെ മര്യാദകള്‍ അവര്‍ പാലിക്കേണ്ടതാണ്.

ഈ കേസുമായി ബന്ധപ്പെട്ട് എന്റെയൊരു മാധ്യമ സുഹൃത്ത് സ്റ്റേഷനില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ അവളൊരു 'ഫിഗര്‍' ആയിരുന്നുവെന്നാണ് അവര്‍ പറഞ്ഞത്. ഒരു സ്ത്രീ രാത്രിയില്‍ സഞ്ചരിച്ചാല്‍, ഒരു പുരുഷനൊപ്പം യാത്ര ചെയ്താല്‍ അവള്‍ വെറുമൊരു 'ഫിഗര്‍' ആകുന്ന ഈ മൊറാലിറ്റി ഇവിടെ ഇല്ലാതാക്കിയേപറ്റൂ...


Next Story

Related Stories