UPDATES

കേരളം

അധ്യാപിക എന്ന ലേബല്‍ ഞങ്ങളെ തളച്ചിടാനുള്ള ചങ്ങലയായി ഉപയോഗിക്കരുത്-ഷീജ ടീച്ചര്‍

Avatar

Ashok K N

രാകേഷ് നായര്‍
തൃശ്ശൂരിലെ പാഞ്ഞാള്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മലയാളം അധ്യാപിക ഷീജയ്ക്ക് ചൂരിദാര്‍ ധരിച്ചതിന്റെയും ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന്റെയും പേരില്‍ നേരിട്ട സദാചാര പൊലീസിംഗിനെക്കുറിച്ചുള്ള  റിപ്പോര്‍ട്ട്  തുടരുന്നു. ആദ്യഭാഗം ഇവിടെ വായിക്കാം- (ചുരിദാര്‍ ധരിക്കുന്നതും ഫേസ്ബുക്കില്‍ ഫോട്ടോ ഇടുന്നതും അഴിഞ്ഞാട്ടമോ? ചോദിക്കുന്നത് ഒരു അധ്യാപികയാണ്)

ഭാഗം 2
സ്‌കൂള്‍ ഭരിക്കുന്ന അധ്യാപകന്‍
ഒരാളെയും വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ആഗ്രഹിക്കാത്തൊരാളാണ് ഞാന്‍. എന്നാലും ചിലത് പറയേണ്ടി വരികയാണ്. ഞങ്ങളുടെ സ്‌കൂളിലെ യൂസഫ് മാഷിനെ പരാമര്‍ശിക്കേണ്ടി വരുന്നത് ഈ സാഹചര്യത്തില്‍ ആവിശ്യമായി വന്നിരിക്കുന്നു. കെ എസ് ടി എ യിലെ അംഗങ്ങളാണ് പഞ്ഞാള്‍ സ്‌കൂളിലെ അധ്യാപകരെല്ലാം. യൂസഫ് സാര്‍ സംഘടനയുടെ നേതാവാണ്. അധ്യാപക സമരം നടന്ന കാലം. സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ യൂസഫ് മാഷിന് സസ്‌പെന്‍ഷനും അതേ തുടര്‍ന്ന് സ്ഥലം മാറ്റവും വന്നു. യൂസഫ് മാഷ് പ്രദേശവാസിയായ അധ്യാപകന്‍ കൂടിയായിരുന്നു. തന്നെ രക്ഷിക്കാന്‍ സംഘടന കൂടെ നിന്നില്ല എന്നായിരുന്നു ആസമയത്ത് അദ്ദേഹത്തിനുണ്ടായിരുന്ന അമര്‍ഷം. അക്കാരണം കൊണ്ട് ഈ സ്‌കൂളിലെ എല്ലാ അധ്യാപകരേയും കെ എസ് ടി എ യില്‍ നിന്ന് രാജിവയ്പിക്കാന്‍ അദ്ദേഹം നീക്കം നടത്തി. വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ്, സമയമില്ലാത്തതുകൊണ്ട് വിഷയം എഴുതാന്‍ കഴിഞ്ഞില്ല, എന്ന ന്യായവുമായി ഞങ്ങളുടെയെല്ലാം ഒപ്പ് ഇദ്ദേഹം വെള്ളപ്പേപ്പറില്‍ വാങ്ങിച്ചു. അതിനുശേഷം അദ്ദേഹം ഈ പേപ്പറില്‍ എല്ലാ അധ്യാപകരും സംഘടനയില്‍ നിന്ന് രാജിവയ്ക്കുന്നതായി എഴുതി ചേര്‍ത്തു- എന്തൊരു തന്ത്രമല്ലേ! പിന്നീട് ഇതു ഞങ്ങളെല്ലാവരും അറിഞ്ഞു.

കുറച്ച് കാലത്തിനുശേഷം യൂസഫ് മാഷ് തിരികെ പാഞ്ഞാള്‍ സ്‌കൂളില്‍ തന്നെയെത്തി. സ്‌കൂളിലെ സര്‍വ്വാധികാരിയാണ് അദ്ദേഹം. സംഘടനയില്‍ വീണ്ടും പ്രബലനായതോടെ ആ സ്‌കൂളിനെ സംബന്ധിച്ച് പലതും അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായി. അധ്യാപകരെ സംബന്ധിച്ച ഫയലുകളെല്ലാം വച്ചിരിക്കുന്ന അലമാരയുടെ താക്കോല്‍ പോലും അദ്ദേഹത്തിന്റെ കസ്റ്റഡിയിലാണ്. ആ സ്‌കൂളിലേക്ക് വരുന്ന പ്രിന്‍സിപ്പാള്‍ ആരായിരിക്കണമെന്ന് അദ്ദേഹം തീരുമാനിക്കും. വനിതാ പ്രിന്‍സിപ്പാള്‍മാരെ മാത്രമെ അദ്ദേഹം ശിപാര്‍ശ ചെയ്യുകയുള്ളൂ. കാരണം അവരെ അടക്കി ഭരിക്കാം എന്നുള്ളളതു തന്നെ. പിന്നെ എന്തുകാര്യവും ഇദ്ദേഹം നോക്കിക്കൊള്ളും എന്നുള്ളതുകൊണ്ട് വരുന്ന പ്രിന്‍സിപ്പാള്‍മാര്‍ക്കും സുഖം. സംഘടനയുടെ യൂണിറ്റ് യോഗത്തില്‍ യൂസഫ് മാഷിനെതിരെ എനിക്കുള്ള പരാതികള്‍ ഞാന്‍ പറഞ്ഞു. അദ്ദേഹത്തിനെതിരെ ചെറുവിരലനക്കം പോലും ഉണ്ടായില്ല. ഫലം ഒന്നുമുണ്ടായില്ലെന്ന് പറയാന്‍ പറ്റില്ല, അദ്ദേഹത്തിന്റെ മനസ്സില്‍ എന്റെ പേരിനുനേരെ ചുവന്ന മഷി പടര്‍ന്നു. ഞാനുള്‍പ്പെടെ ചില അധ്യാപകര്‍ക്കെതിരെ പലനീക്കങ്ങളും അദ്ദേഹം നടത്തി. ഇതിന്റെ ഭാഗമായിരുന്നു രക്ഷകര്‍ത്താക്കളില്‍ ചിലരെ അദ്ദേഹം വശത്താക്കിയത്. പ്രദീപ് എന്ന വ്യക്തി ഞങ്ങള്‍ക്കെതിരെ അപമാനകരമായ പ്രസ്താവന നടത്തുന്നതില്‍വരെ ആ നീക്കങ്ങള്‍ ചെന്നെത്തിയിട്ടുണ്ട്.

എന്‍ എം ഉമ
ഹെഡ്മിസ്ട്രസ്, പാഞ്ഞാള്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
നിസ്സാരമായൊരു കാര്യം ഇങ്ങിനെ ഊതി വഷളാക്കേണ്ടിയിരുന്നില്ല എന്നു തന്നെയാണ് എന്‍റെ അഭിപ്രായം. ഇവിടെ അധ്യാപികമാര്‍ പറയുന്ന തരത്തിലുള്ള അപമാനകരമായ സംസാരമൊന്നും ആ പിടിഎ അംഗത്തില്‍ നിന്നുണ്ടായിട്ടില്ല. അദ്ദേഹം സംസാരിക്കുമ്പോള്‍ പ്രസ്തുത സ്ഥലത്ത് ഞാനും ഉണ്ടായിരുന്നതാണ്. ടീച്ചര്‍മാരുടെ പരാതി വേണ്ട രീതിയില്‍ പരിഗണിച്ചില്ല എന്നു പറയുന്നതില്‍ വാസ്തവമില്ല. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. രണ്ടു ദിവസത്തെ അവധി കഴിഞ്ഞ് ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞതാണ്. പിടിഎ അംഗത്തിനെതിരെ നടപടിയെടുക്കാന്‍ അധികാരമൊന്നുമില്ല. അവര്‍ വനിതാ കമ്മീഷനു പരാതി അയക്കണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ നിരുത്സാഹപ്പെടുത്തി എന്നതു ശരിയണ്. ചെറിയൊരു വിഷയം വലുതാക്കി പ്രശ്‌നമാക്കേണ്ടെന്ന് കരുതിയായിരുന്നു അത്. മാത്രവുമല്ല, ഏതാനും അധ്യാപകര്‍ക്ക് മാത്രമാണ് ഇത്തരമൊരു പരാതി ഉണ്ടായിട്ടുമുള്ളൂ. ഭൂരിപക്ഷവും ഒരാക്ഷേപവും ആ പ്രസംഗത്തിനെതിരെ ഉയര്‍ത്തിയിട്ടില്ല. സ്‌കൂളിനുള്ളില്‍ പറഞ്ഞുതീര്‍ക്കാമായിരുന്ന ഒന്നാണ് ഇപ്പോള്‍ നാടു മുഴുവന്‍ അറിഞ്ഞത്.

യൂസഫ്, അധ്യാപകന്‍
എനിക്കെതിരെ ഷീജ ടീച്ചര്‍ പറഞ്ഞിരിക്കുന്ന ആരോപണങ്ങളെല്ലാം തന്നെ തെറ്റാണ്. ഞാനും ആ ടീച്ചറും ഉള്‍പ്പെടെ എല്ലാ അധ്യാപകരും ശരിക്കും കഷ്ടപ്പെട്ടാണ് ഇന്നത്തെ നിലവാരത്തിലേക്ക് സ്‌കൂളിനെ ഉയര്‍ത്തിക്കൊണ്ടു വന്നത്. അങ്ങിനെയുള്ളപ്പോള്‍ സ്വന്തം സ്‌കൂളിനെ തകര്‍ക്കാനുള്ള പരിപാടികള്‍ ഞാന്‍ ആസൂത്രണം ചെയ്യുമെന്ന് പറയുന്നത് വേദനാജനകമാണ്. ടീച്ചര്‍ പറയുന്നതുപോലെ സംഘടനയില്‍ നിന്ന് മറ്റുള്ളവരെ രാജിവയ്പിക്കാന്‍ ശ്രമം നടത്തിയെന്നതിലൊന്നും ഒട്ടും വാസ്തവമില്ല. ചില അധ്യാപകര്‍ക്കെതിരെ ഇതിനു മുമ്പും പിടിഎയുടെ ഭാഗത്ത് നിന്ന്  പരാതി ഉണ്ടായിട്ടുണ്ടെന്നത് സത്യമാണ്. അല്ലാതെ വ്യക്തിവൈരാഗ്യം വച്ച് ഞാന്‍ ആരെയെങ്കിലും കൊണ്ട് ടീച്ചറെ അപമാനിച്ചു എന്നു പറയുന്നത് വെറും ആരോപണം മാത്രമാണ്.

പ്രദീപ്, പിടിഎ എക്‌സിക്യൂട്ടീവ് മെംബര്‍
ടീച്ചര്‍മാരെ അപമാനിച്ചു എന്ന തരത്തിലുള്ള വ്യാഖ്യാനം ഏത് അര്‍ത്ഥത്തിലാണ് ഉണ്ടായിരിക്കുന്നതെന്ന് അന്വേഷിക്കണം. അവിടെ വേറെയും ആളുകളുണ്ടായിരുന്നല്ലോ, അവരോട് തിരക്കാം. പതിനെട്ട് പേരാണ് എനിക്കെതിരെയുള്ള പരാതിയില്‍ ഒപ്പിട്ടിരിക്കുന്നത്. എന്നാല്‍ വെറും നാല് അധ്യാപകര്‍ മാത്രമാണ് ഞാന്‍ സംസാരിക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നത്. ഷീജ ടീച്ചര്‍ ഉള്‍പ്പെടെ സ്‌കൂളില്‍ നിന്നും പോയിരുന്നു. ചില കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു എന്നത് ശരിയാണ്. ഈ സ്‌കൂളിലെ 98 ശതമാനം അധ്യാപകരും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരാണ്, രണ്ട് ശതമാനം പേര്‍ പക്ഷേ, സ്‌കൂളിന്റെ പേര് കളയാന്‍ വേണ്ടി വരുന്നവരാണ് എന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ആ അധ്യാപകര്‍ ആരാണെന്നോ, അവര്‍ യുപിയിലോ ഹൈസ്‌കൂളിലോ അതോ ഹയര്‍ സെക്കന്‍ഡറിയിലാണോ പഠിപ്പിക്കുന്നതെന്നൊന്നും വ്യക്തമാക്കിയതേയില്ല. വസ്ത്രധാരണത്തെ കുറിച്ച് പറഞ്ഞിരുന്നു. സമൂഹത്തില്‍ മാതൃകയാകേണ്ടവരാണ് അധ്യാപകര്‍. ഒരു തലമുറ വളരുന്നത് അധ്യാപകരുടെ ശിക്ഷണത്തിലൂടെയാണ്. അങ്ങിനെയുള്ളപ്പോള്‍ ജീവിതത്തിലെ ചില മര്യാദകള്‍ പാലിക്കേണ്ടത് അവരുടെ കടമയാണ്. അത് ലംഘിച്ചു നടക്കുന്നവര്‍ പാപമാണ് ചെയ്യുന്നത്. ഫെയ്‌സുബുക്കില്‍ അത്രകണ്ട് നല്ലതല്ലാത്ത ഫോട്ടോകള്‍ ഇടുന്നതും, അമ്പലപ്പറമ്പിലും പുഴയോരങ്ങളിലും ആണുങ്ങളോടൊത്ത് കറങ്ങി നടക്കുന്നതും തെറ്റായ സന്ദേശമാണ് നല്‍കുന്നത്- ഇതെല്ലാം ഞാന്‍ ചൂണ്ടിക്കാണിച്ചു എന്നത് ശരിയാണ്. എന്നാല്‍ ഒരാളേപ്പോലും പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചില്ല. ഒരു രക്ഷകര്‍ത്താവ് എന്ന നിലയില്‍ എന്റെ ഉത്കണ്ഠകള്‍  പങ്കുവച്ചന്നെയുള്ളൂ. അതും പിടിഎ ജനറല്‍ബോഡി നടക്കുന്ന സമയത്ത്.

മികച്ച അധ്യാപകനുള്ള പിടിഎ അവാര്‍ഡ് നേടിയ ആളാണ് യൂസഫ് മാഷ്. ഒരു യുപി അധ്യാപകന് ഇങ്ങിനെയൊരു അവാര്‍ഡ് കിട്ടിയതില്‍ മേല്‍ ക്ലാസുകളില്‍ പഠിപ്പിക്കുന്ന പലര്‍ക്കും അസൂയുണ്ട്. ഇതെല്ലാമായിരിക്കും യൂസഫ് മാഷിനെതിരെ ആരോപണം ഉന്നയിക്കാന്‍ കാരണം. യൂസഫ് മാഷ് പറഞ്ഞിട്ടാണ് ഞാന്‍ ഇത്തരത്തില്‍ പ്രസംഗിച്ചതെന്ന് പറയുന്നതില്‍ ഒരു സത്യവുമില്ല. ഇതിനു മുമ്പും പിടിഎയുടെ ഭാഗത്ത് നിന്ന് ഈ ടീച്ചര്‍ക്കെതിരെ പരാതി ഉണ്ടായിട്ടുണ്ട്. സ്‌കൂളില്‍ കുട്ടികള്‍ സിനിമാറ്റിക് ഡാന്‍സ് കളിച്ചതിനെ കളിയാക്കികൊണ്ട് ഈ ടീച്ചര്‍ ഫേസ്ബുക്കില്‍ എഴുതിയിരുന്നു. ഇന്ന് ലുങ്കി ഡാന്‍സ് കളിച്ചു, നാളെ പാന്റീസ് ഡാന്‍സും ബ്രാ ഡാന്‍സുമൊക്കെയായിരിക്കും കാണേണ്ടി വരികയെന്നും എന്റെ പെന്‍ഷന്‍ പ്രായം കുറച്ചുതരണമെന്നുമൊക്കെയാണ് ടീച്ചര്‍ എഴുതിയിരുന്നത്. ഇതൊക്കെ സ്‌കൂളിനെ മൊത്തത്തില്‍ അപമാനിക്കുന്നതല്ലേ?

പോലീസ് സ്‌റ്റേഷനില്‍ ഉണ്ടായി എന്നു പറയുന്നതില്‍ പലതും അവാസ്തവികങ്ങളാണ്. വളരെ മാന്യമായിട്ട് തന്നെയാണ് പോലീസ് അവരോട് പെരുമാറിയത്. എന്നെ കാത്തു നിന്നു മടുത്തു എന്നു പറയുന്നതില്‍ സത്യമില്ല. എ എസ് ഐ പറഞ്ഞതായിട്ടുള്ള കാര്യങ്ങള്‍ വളച്ചൊടിച്ചിരിക്കുകയാണ്. അദ്ദേഹം ടീച്ചര്‍മാരുടെ എത്തിക്‌സ് എന്താണെന്ന് ചോദിച്ചു എന്നുള്ളത് വാസ്തവമാണ്. ഈ അധ്യാപകരില്‍ ആര്‍ക്കും തന്നെ ആ ചോദ്യത്തിന് കൃത്യമായ ഉത്തരം പോലുമുണ്ടായിരുന്നില്ല. പോലീസിന്റെ കടമ എന്താണെന്ന് എ എസ് ഐ വീണ്ടും ചോദിച്ചപ്പോള്‍, നീതി നടപ്പാക്കലാണെന്ന് എല്ലാവരും കൂടി പറഞ്ഞു. അപ്പോല്‍ അദ്ദേഹം പറഞ്ഞത്, പോലീസിന്റെ കടമ എന്താണെന്ന് നിങ്ങള്‍ക്ക് അറിയാം, അധ്യാപകരുടെ കടമ എന്താണെന്ന് അറിയില്ല എന്നായിരുന്നു. ബാംഗ്ലൂര്‍ ഡെയ്‌സിലെ കാര്യം പറഞ്ഞത് എന്നോടാണ്. അത്തരമൊരു സീനില്‍ അശ്ലീലം കാണുന്നത് ഓരോരുത്തരുടെയും കാഴ്ചപ്പാടിനനുസരിച്ചാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതല്ലാതെ മോശമായോ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലോ അദ്ദേഹം യാതൊന്നും പറഞ്ഞിട്ടില്ല. ഇതിനിടയിലാണ് ഷീജ ടീച്ചര്‍ തളര്‍ന്നിരുന്നത്. കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ പറഞ്ഞത് രാവിലെ ഭക്ഷണം കഴിക്കാഞ്ഞിട്ടാണന്നാണ്, മറ്റൊരാള്‍ പറഞ്ഞു മരുന്ന് കഴിക്കാഞ്ഞിട്ടാണെന്ന്, ടീച്ചറിന് ശാരീരികമായ ചില ബുദ്ധിമുട്ടുണ്ടെന്നും പറഞ്ഞു. ചായയോ കാപ്പിയോ ഭക്ഷണമോ എന്തുവേണമെങ്കിലും വാങ്ങിപ്പിക്കാമെന്ന് എ എസ് ഐ പറഞ്ഞു. മരുന്നെന്താണ് വേണ്ടതെന്ന് പറഞ്ഞാല്‍ വാങ്ങിക്കൊണ്ടു വരാമെന്ന് ഞാനും പറഞ്ഞു. അതൊന്നും വേണ്ടെന്ന് പറഞ്ഞാണ് പിന്നീട് ആശുപത്രിയിലേക്ക് പോയത്. ഇതല്ലാതെ ടീച്ചര്‍ ആരോപിക്കപ്പെടുന്ന തരത്തിലുള്ള ഒന്നും അവിടെ സംഭവിച്ചിട്ടില്ല. അധ്യാപകര്‍ എന്തിനാണ് ഇങ്ങനെ കള്ളം പറയുന്നതെന്നാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്.

ഷീജ ടീച്ചര്‍ തുടരുന്നു
കേവലം വ്യക്തി വൈരാഗ്യത്തിന്റെ, അല്ലെങ്കില്‍ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ കാണിച്ച ഈ നീതികേട് കേരള സമൂഹം ചര്‍ച്ച ചെയ്യണമെന്നും സ്ത്രീകളെ കെട്ടിയിടുന്ന സദാചാര കയറുകള്‍ പൊട്ടിച്ചെറിയാന്‍ നടപടികളുണ്ടാകണമെന്നും ഞാനും എന്‍റെ സഹപ്രവര്‍ത്തകരും ആഗ്രഹിക്കുന്നു. എല്ലാവരും മോശക്കാരാണെന്ന് ഒരിക്കലും പറയില്ല. എന്നാല്‍ പുഴുക്കുത്തുകളുണ്ട്, അവയെ നുള്ളിക്കളയേണ്ടത് അത്യാവശ്യമായി തീര്‍ന്നിരിക്കുന്നു. അതുപോലെ നമ്മുടെ നീതിന്യായവ്യവസ്ഥയിലെ പക്ഷപാതികളായ ഉദ്യോഗസ്ഥരെ തിരുത്തി നേരെയാക്കാനും ശ്രമങ്ങള്‍ ഉണ്ടാകണം. അധ്യാപിക, എന്ന ലേബല്‍ എനിക്ക് നല്‍കുന്നത് അഭിമാനമാണ്. എന്നാല്‍ അതേ ലേബല്‍ എന്നെ നിയന്ത്രണങ്ങള്‍ക്കുള്ളില്‍ തളച്ചിടാനുള്ള ചങ്ങലായായും ഉപയോഗിക്കുന്നുവെന്നത് സങ്കടകരമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യവും പൗരാവാകശവും മാത്രമെ ഞാന്‍ വിനിയോഗിച്ചുള്ളൂ, അതിലൊന്നിലും കുറ്റകരമായ രീതിയിലുള്ള ഇടപെടലുകളും നടത്തിയിട്ടില്ല. എന്നിട്ടും ആണ്‍സൗഹൃദവും വസ്ത്രധാരണവും മുന്‍നിര്‍ത്തി എന്നെ, എന്നെപ്പോലെ മറ്റു സ്ത്രീകളെ കല്ലെറിയാന്‍ നില്‍ക്കുന്നവരോട് നിങ്ങള്‍ക്ക് മുന്നില്‍ തോല്‍ക്കാന്‍ മനസ്സില്ലായെന്നേ എനിക്ക് പറയാനുള്ളൂ…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍