TopTop

ചാനല്‍ അവതാരകരുടെ ശ്രദ്ധയ്ക്ക്; ഈ സദാചാര ഗുണ്ടകളെ ചര്‍ച്ച ചെയ്ത് രക്ഷപ്പെടാന്‍ അനുവദിക്കരുത്

ചാനല്‍ അവതാരകരുടെ ശ്രദ്ധയ്ക്ക്; ഈ സദാചാര ഗുണ്ടകളെ ചര്‍ച്ച ചെയ്ത് രക്ഷപ്പെടാന്‍ അനുവദിക്കരുത്
കഴിഞ്ഞ കുറേ ദിവസങ്ങളായി സദാചാര ഗുണ്ടകള്‍ നമ്മുടെ കണ്ണിലും വായനയിലും എന്തിനേറെ ചിന്തയില്‍ പോലും നിറഞ്ഞാടിക്കൊണ്ടിരിക്കുകയാണ്. പത്രം നിവര്‍ത്തിയാല്‍ അവറ്റകള്‍ അതാ അവിടെ, ടിവി ഓണ്‍ചെയ്താല്‍ അവിടെയും അവറ്റകള്‍ തന്നെ. ചിത്രങ്ങളിലും ദൃശ്യങ്ങളിലും അവറ്റകളുടെ വെറിപിടിച്ച നോട്ടങ്ങള്‍ അശ്ലീല ഭാഷണങ്ങള്‍, അതിനൊത്ത ചേഷ്ഠകളും. സത്യത്തില്‍ നാം എവിടേക്ക് എന്ന ചോദ്യം മുന്നില്‍ ഒരു ചിഹ്നമായി അവശേഷിക്കുന്നു.

ഇക്കഴിഞ്ഞ ദിവസവും അവറ്റകള്‍ വന്നു. ആദ്യം ചാനല്‍ ദൃശ്യങ്ങളിലൂടെ പിന്നീട് പത്രവാര്‍ത്തകളിലും ചിത്രങ്ങളിലും നിറഞ്ഞാടി തിമിര്‍ത്തു. അവറ്റകളുടെ കയ്യില്‍ ചൂരല്‍ വടികളുണ്ടായിരുന്നു. കൊച്ചി മറൈന്‍ ഡ്രൈവില്‍ പരസ്പരം സംസാരിച്ച് നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യുന്ന സ്ത്രീ പുരുഷന്മാരെ ചന്തിക്ക് രണ്ട് കൊടുത്ത് മര്യാദ പഠിപ്പിക്കുന്ന മര്യാദരാമന്മാരായായിരുന്നു അവറ്റകളുടെ പുതിയ വരവ്. ഇക്കാര്യം ഒരു പത്രം നേരത്തെ തന്നെ പുറത്തുവിട്ടിരുന്നുവെങ്കിലും ദിശാബോധം നഷ്ടപ്പെട്ട പോലീസ് കാഴ്ചക്കാരായെന്നാണ് മുഖ്യമന്ത്രിയും ഡിജിപിയുമൊക്കെ ഇപ്പോള്‍ സമ്മതിക്കുന്നത്.

അതൊക്കെ എന്തുമാകട്ടെ, ഇന്നത്തെ വാര്‍ത്തയില്‍ നിന്ന് ഒരുകാര്യം വ്യക്തമാണ്. ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു ശിവസൈനികന്‍ സ്ത്രീപീഡനക്കേസില്‍ പ്രതിയായ മാന്യദേഹമാണത്രേ. കണ്ട് കൊതിച്ച് കൊതി തീരാതെ ആര്‍ത്തി പൂണ്ട് നടക്കുന്ന ഒരു പുരുഷ ജന്മത്തിന്റെ ഗതികിട്ടാ പ്രേതമായി വേണമെങ്കില്‍ ഇയാളെയും നമുക്ക് കാണാം. സത്യത്തില്‍ ആരാണ് ഈ സദാചാര പോലീസ്? അല്ലെങ്കില്‍ സദാചാര ഗുണ്ട? രണ്ടും ഒന്നുതന്നെയാണ്. ദുരാചാര പോലീസുകാരനെന്നോ ദുരാചാര ഗുണ്ടയെന്ന് വിളിക്കാമെന്ന് പ്രിയ സുഹൃത്ത് സിആര്‍ നീലകണ്ഠന്‍ പറഞ്ഞുകേട്ടു. നീലകണ്ഠന്‍ പറഞ്ഞത് തന്നെയാണ് ശരി. സദാചാരത്തിന്റെ തൊപ്പി തലയില്‍ അണിയുമ്പോഴും ദുരാചാരത്തിന്റെ പ്രവാചകരായി മാറുന്ന ഇവര്‍ തക്കും ലാക്കും നോക്കി എന്തിനാണ് കോണകമഴിക്കുന്നതെന്ന് അവര്‍ക്കും അറിയായ്കയല്ല. ആര്‍ത്തി പൂണ്ട മനസാണ് അവരുടേത്. സത്യത്തില്‍ ചൂരല്‍ പ്രയോഗം ഇത്തരക്കാരുടെ ചന്തിയ്ക്ക് മാത്രമല്ല ലിംഗത്തിന് കൂടി വേണ്ടിവരും എന്ന രീതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. മറഞ്ഞു നിന്ന് പെണ്ണിന്റെ സൗന്ദര്യം ആസ്വദിക്കുകയും അവരോട് ആരെങ്കിലും സംസാരിക്കുന്നത് കണ്ടാല്‍ അത് അശ്ലീലമാണെന്ന് ചിന്തിക്കുകയും ചെയ്യുന്ന വൃത്തികെട്ട മനസുകളില്‍ നിന്ന് ഇതില്‍പരം എന്ത് ചിന്തയാണ് ഉല്‍പ്പാദിപ്പിക്കപ്പെടേണ്ടത്.

സ്വന്തം കാര്യം നടക്കാത്തവന്‍ അയല്‍വീട്ടിലെ പെണ്ണിനോട് സംസാരിക്കുന്നവനൊക്കെ ജാരനാണെന്ന് സങ്കല്‍പ്പിക്കുന്ന മനോരോഗം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഈ രോഗം മൂര്‍ച്ഛിച്ച് മൂര്‍ച്ഛിച്ച് വല്ലാതങ്ങോട്ട് എത്തിനില്‍ക്കുന്ന എന്ന അവസ്ഥയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. തനിക്ക് കിട്ടാത്ത ഒരുത്തിയെ മറ്റൊരാള്‍ പ്രണയിക്കുന്നത് മാത്രമല്ല മാനസിക വശങ്ങളെ മൊത്തത്തില്‍ തൂത്തെറിഞ്ഞ് എല്ലാത്തിനെയും ഒരു ഞെരമ്പ് രോഗത്തിന്റെ രീതിയില്‍ നോക്കിക്കാണുന്ന മനുജര്‍ക്ക് സിനിമയില്‍ മാത്രമല്ല, മാധ്യമങ്ങളിലും നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. മാധ്യമങ്ങളും പോലീസും പറയുമ്പോള്‍ അവര്‍ മാന്യത ചമയുന്ന സാദാചാര സംരക്ഷകരായി മാറുന്നു എന്ന് മാത്രമേ ഉള്ളൂ വ്യത്യാസം. മനസിലിരുപ്പ് വളരെ വ്യക്തമാണ് എന്നകാര്യം എന്തുകൊണ്ടോ നമ്മുടെ മാധ്യമങ്ങള്‍ വിട്ടുകളയുന്നു.ചില ചാനല്‍ ചര്‍ച്ചകളും ചില പത്രവാര്‍ത്തകളും അവറ്റകള്‍ക്ക് ഒരു ആന്റി ഹീറോ പരിവേഷം നല്‍കുന്നില്ലേയെന്ന സംശയം ബലപ്പെടുന്നു. പ്രിയ മാധ്യമസുഹൃത്തുക്കള്‍ പിണങ്ങാന്‍ വേണ്ടി പറഞ്ഞതല്ല; മറിച്ച് നിങ്ങളും അവറ്റകള്‍ക്ക് നല്‍കുന്ന അനാവശ്യ പബ്ലിസിറ്റി തുടര്‍ന്നങ്ങോട്ട് എത്രമാത്രം വിനാശകരമായിരിക്കും എന്ന ഭയാശങ്കയില്‍ നിന്നും പറഞ്ഞുപോയതാണ്. ഇങ്ങനെ പറയാന്‍ ഒരു കാര്യം കൂടിയുണ്ട്. ചര്‍ച്ച സംഘടിപ്പിക്കുന്ന ചിലര്‍ കാണിക്കുന്ന അത്യുല്‍സാഹവും കേമത്തം ചമയാന്‍ ഉന്നയിക്കുന്ന ചില അപക്വമായ ചോദ്യങ്ങളും, അത്യന്തം ഗൗരവകരമായ വിഷയങ്ങളില്‍ നിന്ന് ചര്‍ച്ച വഴിതിരിച്ച് വിട്ട്, ചെയ്തത് അത്രയും നന്ന് ചെയ്യാനിരിക്കുന്നതും നന്ന് എന്ന് കൃതാര്‍ത്ഥത ചമഞ്ഞ് സ്വന്തം മാളത്തിലേക്ക് പിന്‍വാങ്ങുമ്പോള്‍, പല ചര്‍ച്ചക്കാരും അറിയുന്നില്ല അവര്‍ കാട്ടുന്ന നീതി ബോധം ഗുണകരമാകുന്നത് ഇരകള്‍ക്കല്ല മറിച്ച് ക്രിമിനലുകള്‍ക്കാണെന്ന്.

നീതിബോധം സാമൂഹിക പ്രതിബദ്ധത എന്നതൊക്കെ യഥാര്‍ത്ഥ മാധ്യമ ചിന്താധാരയില്‍ ജ്വലിച്ച് നില്‍ക്കേണ്ട കാര്യങ്ങളാണ്. എന്നുകരുതി സ്വയം പോലീസും ന്യായാധിപനും ചമയുമ്പോള്‍ ചില മാധ്യമസുഹൃത്തുക്കള്‍ ഒരര്‍ത്ഥത്തില്‍ ചെയ്യുന്നത് വിടുപണിയാണ്. ഞാന്‍ കേമന്‍ എന്ന ആര്‍ത്തി പൂണ്ട ആക്രോശത്തിനൊടുവില്‍ അവര്‍ ഒറ്റുകൊടുക്കുന്നതും അട്ടിമറിക്കുന്നതും പോലീസ് അന്വേഷണത്തെ തന്നെയാണ്. അതുവഴി ഒട്ടേറെ ആളൂരാന്മാര്‍ക്ക് ചെകുത്താന്റെ വക്കീലന്മാരാകാനും കേസില്‍ നിര്‍ണായക മേല്‍ക്കൈ നേടാനും സഹായിക്കുന്ന ഒരു രീതിശാസ്ത്രം ഈ ചര്‍ച്ചാ സായാഹ്നങ്ങളിലില്ലേ എന്ന സംശയം ബലപ്പെട്ടുകൊണ്ടിരിക്കുന്നു. കേസ് കോടതിയിലേക്ക് എത്തും മുമ്പ് തന്നെ ഇത്തരം ചര്‍ച്ചക്കാര്‍ മുന്നോട്ട് വയ്ക്കുന്ന പോലീസ് അന്വേഷണത്തിലെ ലൂപ്പ്‌ഹോള്‍സ് തന്നെയാണ് വിടന്മാരുടെയും സദാചാര പോലീസെന്നും സദാചാര ഗുണ്ടയെന്നും ഇവരൊക്കെ മാറ്റമാറ്റി പറയുന്ന ആ വൃത്തികെട്ട ജന്മങ്ങള്‍ക്കും അവരെ രക്ഷിക്കാനെത്തുന്ന ചെകുത്താന്‍ വക്കീലന്മാര്‍ക്കും തുണയാകുന്നത് എന്ന കാര്യം കൂടി ഇത്തരക്കാര്‍ ശ്രദ്ധയില്‍ വയ്ക്കുന്നത് നന്ന്. താന്‍ പോരിമ പ്രഖ്യാപിക്കാനുള്ള ഓരോ ചര്‍ച്ചകളും സഹായകരമാകുന്നത് ആളൂരിനെ പോലുള്ള വക്കീലന്മാര്‍ക്കും അവരുടെ കക്ഷികള്‍ക്കുമാണ്. ഇത് എന്തു നീതി, എന്തു ന്യായം എന്ന ചോദ്യത്തിന് അപ്പുറം ഓരോ കേസിനെയും അട്ടിമറിക്കാന്‍ നടത്തുന്ന ഒരുതരം കൂട്ടുനില്‍പ്പായി ആരെങ്കിലും കണ്ടാല്‍ എങ്ങനെ കുറ്റം വിധിക്കാനാകും.

ശിവസേനക്കാര്‍ മാത്രമല്ല ഒട്ടേറെ ഗതികെട്ട ലൈംഗിക പരിമിതിയുള്ളവരും കോഴിക്കോടും കൊച്ചിയിലുമൊക്കെ ഒരുവര്‍ഷം മുമ്പ് അഴിഞ്ഞാടിയിരുന്നു. കിസ് ഓഫ് ലവ് എന്ന ക്യാമ്പെയ്‌ന് എതിരെയായിരുന്നു ഇത്തരക്കാരുടെ അഴിഞ്ഞാട്ടം. അത് വീണ്ടും കൊച്ചിയില്‍ ആവര്‍ത്തിച്ചു എന്നതാണ് ഇക്കഴിഞ്ഞ ദിവസവും കണ്ടത്. കൊട്ടിയൂരിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭത്തിന്റെ ഉത്തരവാദിത്വം കുട്ടിയുടെ പിതാവിന്റെ തലയില്‍ തന്നെ വച്ചുകൊടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച് അറസ്റ്റിലായി എന്ന വാര്‍ത്തകള്‍ക്കിടയില്‍ തന്നെയാണ് വേദനിപ്പിക്കുന്നതും നടുക്കുന്നതുമായ മറ്റ് ചില വാര്‍ത്തകള്‍ കൂടി പുറത്തുവന്നത്. മാനന്തവാടി രൂപതയുടെ തന്നെ മറ്റൊരു വിനീത കുഞ്ഞാടും കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ നേതാവുമായ മറ്റൊരാളും ചെയ്ത കടുംകൈ തൊട്ടുപിന്നാലെയാണ് പുറത്തുവന്നത്. പെണ്‍കുട്ടിയുടെ പ്രായം തെറ്റിദ്ധരിപ്പിച്ച് കുട്ടിയെ കൈമാറിയ ഈ മാന്യദേഹത്തിനും സഭയ്ക്കും എന്താണ് പരിഗണന എന്ന കാര്യത്തില്‍ എന്തുകൊണ്ടാണ് എന്റെ ചാനല്‍ സുഹൃത്തുക്കള്‍ ചര്‍ച്ചാ വേളകളില്‍ അത്ര പരിഗണന കാട്ടാത്തത്. പള്ളിയോടും പട്ടക്കാരനോടും ഏറ്റ് വീണതുപോലെ പോലീസിന് നേരെ മെക്കിട്ട് കയറുന്ന ഈ തന്ത്രം ആരെ സുഖിപ്പിക്കാനാണ്? ഇതിലേറെ നന്ന് ഒരു മഞ്ഞ ജേണലിസമാണ് തങ്ങളുടേതെന്ന് സ്വയം പ്രഖ്യാപിക്കുന്നതാണ്. ഇരകള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ അവരെ സംരക്ഷിക്കുന്നതിനോടൊപ്പം കോടതിയ്ക്ക് വെളിയില്‍ അത്തരം കേസുകള്‍ ചര്‍ച്ച ചെയ്ത് വഷളാക്കി കോടതിയില്‍ പോലും നീതികെട്ടാത്ത ഗതി വരുത്തിക്കൊടുക്കല്ലേ പൊന്നുമക്കളേ...

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories