TopTop

മത യാഥാസ്ഥിതികരുടെ കണ്ണു തുറക്കട്ടെ; നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ പള്ളി തുറന്നു നല്‍കി

മത യാഥാസ്ഥിതികരുടെ കണ്ണു തുറക്കട്ടെ; നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ പള്ളി തുറന്നു നല്‍കി
നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിശ്രമിക്കാന്‍ പള്ളിയും അനുബന്ധ സ്ഥാപനങ്ങളും തുറന്നു നല്‍കി മാതൃകയായിരിക്കുകയാണ് എറണാകുളം ആലുവയ്ക്കു സമീപം കീഴ്മാട് പഞ്ചായത്തിലെ മലയന്‍കാട് വാദിഹിറ ഇസ്ലാമിക് സെന്റര്‍. മതയാഥാസ്ഥിതിക വിഭാഗങ്ങളുടെ കണ്ണ് തുറക്കേണ്ട നിലപാടാണ് ഈ പള്ളിക്കമ്മിറ്റി സ്വീകരിച്ചത്.

പള്ളിയിലെ ശൗചാലയങ്ങള്‍, പൊതുഹാളുകള്‍. ലൈബ്രറികള്‍ എന്നിവ സ്ഥിരമായി പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തുകൊണ്ട് കേരളത്തിലെ മറ്റുപള്ളികള്‍ കൂടി ഈ മാറ്റത്തിന് തയ്യാറാകണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും മസ്ജിദുകളുണ്ട്. സ്ഥല-കാല ഭേദമന്യേ മസ്ജിദുകള്‍ അനുപമമായ ശില്പചാരുതയും പവിത്രതയും പ്രസരിപ്പിക്കുന്നു. മുസ്ലിംകളുടെ ആരാധനാ കേന്ദ്രം എന്ന നിലയിലാണ് പൊതുവെ മസ്ജിദുകള്‍ വ്യവഹരിക്കപ്പെടുന്നത്. ആരംഭകാലംതൊട്ടുതന്നെ മസ്ജിദുകള്‍ സാമൂഹ്യകേന്ദ്രങ്ങളായിരുന്നു.

622-ല്‍ മക്കയില്‍ നിന്നും മദീനയിലേക്ക് ഹിജ്റ പോയതിന്റെ തൊട്ടുടനെ മുസ്ലിംകള്‍ മസ്ജിദുന്നബവി പണിതു. പ്രവാചകന്‍ തന്നെയും അതിന്റെ നിര്‍മാണത്തില്‍ ഭാഗഭാക്കാവുകയുണ്ടായി. അതു മുതല്‍ ഏതൊരു ഇസ്ലാമിക നഗരത്തിന്റെയും കേന്ദ്രമായി മസ്ജിദ് മാറി. ഒരു ആരാധനാകേന്ദ്രവും സംഗമസ്ഥലവും വിദ്യാഭ്യാസകേന്ദ്രവും സാമൂഹ്യപ്രവര്‍ത്തനങ്ങളുടെ കേന്ദ്രവും വിശ്രമകേന്ദ്രവുമായി അത് മാറി. മസ്ജിദുന്നബവി ആരാധനയുടെയും സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക ജീവിതത്തിന്റെയും കേന്ദ്രമായിത്തീരുകയുണ്ടായി. എന്നാല്‍ വ്യാപാര ഇടപാടുകള്‍ പള്ളിക്കകത്ത് വിലക്കപ്പെട്ടിരുന്നു.

കച്ചവടം പള്ളിക്കകത്ത് വിലക്കപ്പെട്ടിരുന്നുവെങ്കിലും പള്ളിക്കു ചുറ്റുമാണ് പലപ്പോഴും ബസാറുകളും വ്യാപാരകേന്ദ്രങ്ങളഉം പണികഴിപ്പിക്കപ്പെട്ടത്. ദൈനംദിന ജീവിതത്തിന്റെ കേന്ദ്രം പള്ളിയായിരുന്നു എന്നതിനാലാണിത്. ദിവസവും അഞ്ചുനേരത്തെ നമസ്‌കാരം മാത്രമല്ല, പ്രഭാഷണങ്ങളിലൂടെയും പള്ളിക്കുള്ളിലും പുറത്തും ഒരുമിച്ചുകൂടലിലൂടെയും പ്രധാന വിവരങ്ങളറിയാനും കൈമാറാനും ജനങ്ങള്‍ക്ക് കഴിഞ്ഞു.
ഇസ്ലാം ചുവടുറപ്പിച്ച സ്ഥലങ്ങളിലെല്ലാം പള്ളികള്‍ നിര്‍മിക്കപ്പെടുകയും അവിടെവെച്ച് ആളുകള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കപ്പെടുകയും ചെയ്തു. പ്രവാചകകാലം തൊട്ടുതന്നെ പള്ളികള്‍ പഠനകേന്ദ്രമായിരുന്നു. പാവപ്പെട്ടവര്‍ക്കും യാത്രക്കാര്‍ക്കുമുള്ള അഭയവും താമസ സ്ഥലവുമായിരുന്നു പ്രവാചകന്റെ പള്ളി. പ്രാര്‍ഥിക്കുന്നതിനും സുരക്ഷിതമായി വിശ്രമിക്കുന്നതിനും അവര്‍ പള്ളികളിലെത്തി. അനാഥകളുടെയും അഗതികളുടെയും ആശാ കേന്ദ്രങ്ങളായിരുന്നു പള്ളികള്‍. പള്ളികള്‍ പരമ്പരാഗതമായി പാവങ്ങള്‍ക്ക് ഭക്ഷണവും വസ്ത്രവും വിതരണം ചെയ്തു. സംഘര്‍ഷത്തിന്റെ നാളുകളില്‍ സംഗമിക്കുന്ന സ്ഥലവും വാര്‍ത്തകളുടെ ഉറവിടവും പള്ളിയായിരുന്നു.

ഈ പ്രവര്‍ത്തനങ്ങള്‍ പള്ളികള്‍ ഇപ്പോഴും നടത്തുന്നുണ്ടോ? ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ പള്ളിയുടെ ചുമതലയെന്ത്? മുഹമ്മദ് നബിയുടെ സമൂഹത്തിന് അല്ലാഹു നല്കിയ അനുപമമായ സമ്മാനമാണ് പള്ളി. ഈ ഭൂലോകത്ത് അപൂര്‍വം ചിലയിടങ്ങളിലൊഴികെ എവിടെയും പ്രാര്‍ഥിക്കാം. ഈ ആവശ്യം നിറവേറ്റാന്‍ കെട്ടിടങ്ങളോ പള്ളികളോ അത്യാവശ്യമില്ല. നബി പറഞ്ഞു: 'ഈ ഭൂമി മുഴുവനും എനിക്ക് പള്ളിയും ശുദ്ധിവരുത്താനുള്ള ഇടവുമാക്കിയിരിക്കുന്നു. അതിനാല്‍ പ്രാര്‍ഥനാസമയമായാല്‍ എന്റെ ഉമ്മത്തിലെ ഏതൊരാളും പ്രാര്‍ഥിച്ചുകൊള്ളട്ടെ.'' (ബുഖാരി)

ഇതില്‍നിന്നുതന്നെ പള്ളി പ്രാര്‍ഥനയ്ക്കുള്ള ഇടം മാത്രമല്ലെന്ന് ആര്‍ക്കും മനസ്സിലാക്കാം. തീര്‍ച്ചയായും പ്രാര്‍ഥനയ്ക്കായി വര്‍ഗ, വംശ ഭേദമന്യെ മുസ്ലിംകള്‍ ദിവസവും അഞ്ചുനേരവും ഒരുമിച്ചുകൂടുന്ന സ്ഥലമാണ് പള്ളികളെന്ന കാര്യം കാണാതിരിക്കുന്നില്ല. മുസ്ലിം രാജ്യങ്ങളിലെ വലിയ പള്ളികള്‍ വിവിധ സേവനങ്ങള്‍ ചെയ്യുന്നത് തുടരുന്നുണ്ട്. ഏതാണ്ട് 1500 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച പള്ളികളുടെ അതേ ലക്ഷ്യങ്ങള്‍ അവ നിറവേറ്റിവരുന്നു. പരമ്പരാഗതമായി മുസ്ലിം വ്യക്തിത്വം നിലനിര്‍ത്താന്‍ സഹായിക്കുന്നത് ആ പ്രദേശത്തെ പള്ളികളാണ്.

പള്ളികളില്‍ ആളുകളെ സ്വാഗതം ചെയ്യുന്ന അന്തരീക്ഷമുണ്ടാവുക എന്നതാണ് അതിപ്രധാനവും പ്രാഥമികവുമായ വെല്ലുവിളി. മുസ്ലിം സമൂഹത്തില്‍ പ്രയോജനപ്രദമായ കാര്യങ്ങള്‍ നിര്‍വഹിക്കണമെങ്കില്‍ ലോകത്തിലെ ഏറ്റവും ആദ്യത്തെ പള്ളി ചെയ്തപോലെ, 21-ാം നൂറ്റാണ്ടിലെ പള്ളികളുടെ മുന്‍വാതില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കുമായി തുറന്നിടണം. സ്ത്രീകളും കൊച്ചുകുട്ടികളും അമ്മമാരും വൃദ്ധരും യുവാക്കളും പാവപ്പെട്ടവരും ദുര്‍ബലരും പള്ളികളെ സ്വാഗതം ചെയ്യപ്പെടുന്ന ഒരു ഇടങ്ങളായി കാണണം.

പള്ളിയോടനുബന്ധിച്ചുള്ള ഭക്ഷണസ്റ്റാളുകളും യുവാക്കള്‍ക്കുള്ള സ്പോര്‍ട്സ് സൗകര്യങ്ങളും ഇന്റര്‍നെറ്റ് സൗകര്യമുള്ള ലൈബ്രറികളും ക്ലാസ്റൂമുകളും ശിശു സംരക്ഷണ കേന്ദ്രങ്ങളും ഉണ്ടായിരിക്കണം. പ്രവാചകന്റെ കാലത്ത് വീടില്ലാത്തവര്‍ പള്ളിയിലുറങ്ങിയിരുന്നു. രാഷ്ട്രകാര്യങ്ങള്‍ പളളിയോടനുബന്ധിച്ചുള്ള ഭാഗത്ത് ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ഇന്ന് മിക്ക പള്ളികളും പ്രാര്‍ഥനാസമയമല്ലാത്തപ്പോള്‍ പൂട്ടിയിടുന്നു.

ഇസ്ലാം സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും ആദരവിന്റെയും മതമാണെന്ന വിളംബരമാണ് മിനാരങ്ങളില്‍ നിന്ന് പരിലസിക്കേണ്ടത്. എല്ലാവര്‍ക്കുമായി തുറന്നിട്ട മാനവിക കേന്ദ്രങ്ങളായിരിക്കണം മസ്ജിദുകള്‍.

Next Story

Related Stories