TopTop
Begin typing your search above and press return to search.

ഒരമ്മയും കുഞ്ഞും; അവരെന്തിനാണ് എന്‍റെ വാതില്‍ക്കല്‍ പതുങ്ങി നിന്നത്?

ഒരമ്മയും കുഞ്ഞും; അവരെന്തിനാണ് എന്‍റെ വാതില്‍ക്കല്‍ പതുങ്ങി നിന്നത്?

വാതിൽ തുറന്ന ഉടൻ ഞാൻ മൂന്ന് സ്വിച്ചുകൾ ഇട്ടു. ലൈറ്റും ഫാനും ടിവിയും ഒരേ സമയം ഓൺ ആകാൻ. പിന്നെ വീട്ടിൽ ആകെയുള്ള രണ്ട് ജനലുകൾ തുറന്നു. പഴകിയ ഭക്ഷണത്തിന്റെയും നനഞ്ഞ തുണിയുടെയും അവിഞ്ഞ മണം വീട്ടിൽനിന്ന് പുറത്തേക്ക് ഓടട്ടെ. വേസ്റ്റ് കളഞ്ഞിട്ടില്ല. മിനിഞ്ഞാന്ന് രാത്രി നനച്ചിട്ട തുണി ഇന്നലെ വൈകുന്നേരത്തെ മഴയും കൊണ്ട് ഇന്ന് രാവിലെയും ഉണങ്ങാതെ കിടന്നപ്പോൾ ഇന്ന് വൈകിട്ടത്തെ മഴയിൽനിന്ന് എങ്കിലും രക്ഷപ്പെടട്ടെയെന്ന് കരുതി മനപ്പൂർവം അകത്തെടുത്തിട്ടതാണ്. ഇന്ന് മഴ പെയ്തില്ല. പുറത്തുകിടന്നെങ്കിൽ അത് ഉണങ്ങിയേനെ. ആരെ ശപിക്കണമെന്ന് അറിയാതെ ഞാൻ കട്ടിലിലേക്ക് ചാഞ്ഞിരുന്നു. ആകെയുള്ള കസേര നിറയെ തുണിയാണ്.

മേല് കഴുകി വന്ന് രാത്രി ഭക്ഷണത്തിന് വേണ്ടി എന്തുണ്ടാക്കുമെന്ന് ആലോചിച്ച് കുറച്ചു നേരം നിന്നു. തുണി പുറത്തിട്ടേക്കാമെന്ന് തോന്നിയതും വാതിൽതുറന്നതും പെട്ടെന്നായിരുന്നു. തൊട്ടുമുന്നിലെ വീട്ടിലുള്ള സ്ത്രീ എന്റെ വാതിലിന്റെ അരികിൽ നിൽക്കുന്നു. ഒക്കത്ത് അവരുടെ കൊച്ചുമകളും ഒരു കയ്യിൽ ഭക്ഷണ പാത്രവും.

അവരും മകളും എന്നെ കണ്ട് ഒന്നു നടുങ്ങി. ഞാൻ സംശയത്തോടെ നോക്കിക്കൊണ്ടു ഒന്നു ചിരിച്ചു. അവരും ചിരിച്ചു. പെട്ടെന്ന് തന്നെ അവർ മുന്നോട്ട് നടന്നു. അവരുടെ വീടിന്റെ വാതിലിലേക്ക്.

എന്റെ വീടിന് മുന്നിലുള്ള വഴി, പൊതുഴിയല്ല, കഷ്ടിച്ച് രണ്ട് പേർക്ക് ഒരേ സമയം മാത്രമ നടക്കാവുന്ന, എന്റെ വീടുള്ള കെട്ടിടത്തേയും മുന്നിലുള്ള കെട്ടിടത്തേയും വേർതിരിക്കുന്ന ഒരു ഇടനാഴി എന്ന് വേണമെങ്കിൽ പറയാം. ഈ സ്ത്രീയുടെ വീടിന്റെ വാതിൽ മറ്റൊരു വശത്താണ്. അവരുടെ വീടിന്റെ ഭിത്തിയിലാണ് അയയുള്ളത്. മണ്ണ് കുഴച്ച് ഉണ്ടാക്കിയത് പോലെ ഒരു വീടാണ് അത്. ചുറ്റുമുള്ള വീടുകളിൽ അതിലൊഴിച്ച് എല്ലാത്തിലും മഞ്ഞ പെയിന്റുണ്ട്. ആരോ ആണിയടിച്ച് കെട്ടിയ ആ അയ, എന്റെ വീടിന് നേരെ മുന്നിലുള്ളതായതിനാൽ അത് എന്റെ സ്വന്തമായാണ് ഞാൻ കരുതാറ്. എന്ന് കരുതി മറ്റാരെങ്കിലും തുണി വിരിച്ചാൽ ഞാൽ അത് വിലക്കാറൊന്നുമില്ല.

ആ ഭിത്തിയിൽ ചാരിയാണ് അവർ നിന്നിരുന്നത്. ഉറപ്പായും എന്റെ വാതിൽ തുറക്കുമ്പോൾ ഞാൻ വീട് എങ്ങനെയാണ് ഇട്ടിരിക്കുന്നതെന്ന് അറിയാനാകണം അവ‍ർ നിന്നിരുന്നത്. അവരുടെ നോട്ടം അകത്തേക്കാണ്. ഞാൻ ഇത് മുമ്പും ശ്രദ്ധിച്ചിട്ടുണ്ട്. തുറന്ന് കിടന്ന കതകിലൂടെ ഞാൻ അകത്തേക്ക് നോക്കി. നിലത്ത് എന്റെ സോക്സ് കിടപ്പുണ്ട്, പിന്നെ എന്തോ പാത്രങ്ങൾ, തുണി കുമിഞ്ഞു കൂടിയ കസേരയും വ്യക്തമായി കാണാം. അതൊന്നുമല്ല പ്രശ്നം. പ്രശ്നം പൂജാ മുറിയാണ്.ഞാൻ താമസിക്കുന്ന രാജാജി നഗർ പഴയ ബംഗളൂ‍ർ ആണ്. മിക്കവാറും ബ്രാഹ്മണ കുടുംബങ്ങൾ, ചുറ്റും അമ്പലങ്ങൾ, കോഴിയോ മീനോ വാങ്ങാൻ പറ്റുന്ന സ്ഥലം പരിസരത്തൊന്നുമില്ല. ഇങ്ങനെ പരിതാപകരമാണ് അവസ്ഥയെങ്കിലും ഗതാഗത കുരുക്കിനെ ഭയന്ന് ഓഫീസിനോട് ഏറ്റവും അടുത്ത സ്ഥലമെന്ന നിലക്ക് കണ്ടു പിടിച്ചതാണ് ഈ ഇടം. ഒരു മുറി, അടുക്കള, കുളിമുറി, അര അടി നീളവും മൂന്ന് അടി വീതിയുമുള്ള ഒരു കുടുസുമുറിയും. നിറയെ മണികളുള്ള വാതിലുള്ള ഈ മുറിയാണ് പൂജാമുറി. ഈ മുറിയുള്ളത് കാരണം ഞാൻ കട്ടിലിടാൻ ഉദ്ദേശിച്ച സ്ഥലത്ത് ഇടാൻ പോലും പറ്റിയില്ല. വാതിൽ അടഞ്ഞുപോകുന്നതുകൊണ്ടല്ല, അത് അടഞ്ഞോട്ടെ. നീളം തികഞ്ഞില്ല. ആ മുറി ഞാൻ എന്റെ ബുക് ഷേൽഫ് കം ഡമ്പ് യാർഡ് ആക്കി മാറ്റിയിരിക്കുകയാണ്. ഒരു വശത്ത് പുസ്തകങ്ങളും മറു വശത്ത് ഫയലുകളും പേപ്പറുകളും അങ്ങനെ ചില അല്ലറ ചില്ലറകളും ഒരുമയോടെ കഴിഞ്ഞുപോകുന്ന ഇടം. സരസ്വതീ ദേവിയെ തന്നെയല്ലേ ഞാൻ കുടിയിരുത്തിയത്, എനിക്ക് ഒരു കുറ്റബോധവും തോന്നിയില്ല. എന്നാൽ ഇവ‍ർ അങ്ങനെയല്ല, ചുറ്റുമുള്ള എല്ലാ വീട്ടിലും പ്രാർത്ഥനയും കോലം വരക്കലും എല്ലാം നിർബന്ധമാണ്.

ഞാൻ പൂജാമുറി ഇപ്പരുവമാക്കിയതാണോ ഇവർ വീട്ടുടമയോട് പറഞ്ഞുകൊടുക്കാൻ പോകുന്നത്? സംശയങ്ങൾ ബലപ്പെട്ടു.

അകത്തിരുന്ന് സംശയിച്ച ഞാൻ വീണ്ടും കയ്യിൽ കൊള്ളുന്ന അത്ര തുണിയെടുത്ത്, അയ ലക്ഷ്യമാക്കി, വാതിൽ തുറന്ന് പുറത്തേക്കിറങ്ങി. എന്റെ കാൽ പുറത്തേക്ക് നീങ്ങിയെങ്കിലും നിലത്ത് അമ‍ർന്നില്ല. വീണ്ടും സ്ത്രീ, ഒക്കത്ത് കുട്ടി, ഒരു കയ്യിൽ പാത്രം.

ഞാൻ ചിരിച്ചില്ല. അവർ ചിരിച്ചു. മുന്നോട്ട് നടന്നു പോകുകയും ചെയ്തു. തുണി വിരിച്ച് അകത്തുകയറി ഞാൻ പമ്മി ഇരുന്നു. ജനാലയുടെ ഇരിപ്പും ശരിയല്ല. അവർ അറിയാതെ അതിലൂടെ അവരെ വാച്ച് ചെയ്യാനേ പറ്റില്ല. എന്റെ തല ആ പരിസരത്ത് എത്തിയാൽ ആദ്യം കാണുക അവരാകും.

അവർ‍ നിൽക്കുന്ന പൊസിഷനിൽ ജനലിലൂടെ വീടിന്റെ അകം കാണാം. അവർക്ക് എന്താണ് പ്രശ്നം. ഞാൻ എങ്ങനെ വീടിട്ടാൽ അവർക്കെന്താണ്. ഞാൻ എനിക്കിഷ്ടമുള്ളതുപോലെ ജീവിക്കും, നിലത്തുകിടന്ന സോക്സ് പെറുക്കിയെടുത്ത് ബക്കറ്റിലിട്ടുകൊണ്ട് ഞാൻ ആലോചിച്ചു. വേഗം ഒരു ചൂലെടുത്ത് മുറി തൂത്തു. പൂജാ മുറിയുടെ വാതിൽ അടച്ചു. അകത്തെന്താണെന്ന് അറിയേണ്ട. ആര് എന്ത് കരുതിയാലും ഞാൻ എനിക്ക് തോന്നുമ്പോഴേ തുണി മടക്കൂ, കസേരയിൽ ഉള്ളതിൽ ഉണങ്ങിയവ വേഗം മടക്കി മാറ്റിക്കൊണ്ട് ഞാൻ ഉറപ്പിച്ചു.

ചുറ്റും ഒന്നും നോക്കി. തരക്കേടില്ല. പൂജാ മുറി അടച്ചതുകൊണ്ട്, അകത്തെ ബഹളം പുറത്ത് അറിയില്ല.

ഞാൻ പമ്മി പമ്മി ചെന്ന് വാതിലിന്റെ കുറ്റി ശബ്ദമില്ലാതെ നീക്കി. ഒറ്റത്തുറപ്പ്...

ഇടനാഴി വിജനം. സ്ത്രീയുമില്ല, ഒക്കത്തെ കുട്ടിയുമില്ല, പാത്രവുമില്ല.

ഇനി അവർക്ക് ഒന്നും കാണാനില്ലായിരിക്കും. ഇത്രനേരം ഇവിടെ തന്നെ ഉണ്ടായിരുന്നല്ലോ. അവർക്കെന്താ മതിയായോ. ഞാൻ വാതിലിലൂടെ അകത്തേക്ക് നോക്കി. വീടൊന്ന് വൃത്തിയായതായിരുന്നു. അവര് അവിടെതന്നെ ഉണ്ടാകുമെന്നാണ് കരുതിയത്.

രണ്ട് ദിവസം കഴിഞ്ഞു. തുണി വിരിക്കാൻ പുറത്തിറങ്ങിയിരിക്കുകയാണ്. അപ്പോഴാണ് ഒരു കുട്ടിയുടെ ബഹളം കേട്ടത്. എന്തൊക്കെയോ പറഞ്ഞു ചിണുങ്ങുന്നു. സ്ത്രീയും ഒക്കത്തെ കുട്ടിയും പാത്രവും. വീടിന്റെ മറ്റൊരു വശത്തുള്ള വഴിയിലാണ് നിൽക്കുന്നത്. അവിടെയാണ് അവരുടെ വീട്ടിലേക്കുള്ള വാതിൽ. അവർ പതിയെ ഇടനാഴിയിലൂടെ നടന്നുവന്നു, എന്നെ നോക്കി ഒന്ന് ചിരിച്ചു.

എന്റെ നെഞ്ച് കാളി. വാതിൽ തുറന്നു കിടക്കുകയാണ്. ഇപ്പോൾ പെട്ടെന്ന് പോയി അടച്ചാൽ അവർ എന്ത് കരുതും. രണ്ട് ദിവസം കൊണ്ട് വീട് പഴയ പടിയായിരുന്നു. അന്ന് വിരിച്ച തുണി ഉണങ്ങിയത് പകുതി കട്ടിലിലും കസേരയിലും കുറച്ച് നിലത്തുമുണ്ട്.

ഞാൻ അവരെ തന്നെ നോക്കി നിൽക്കുകയാണ്. അവർ വാതിൽക്കൽ എത്തിയപ്പോൾ തിരിഞ്ഞുനിന്നു. എന്നാൽ മാത്രമേ അകം കാണൂ. ഞാൻ അന്തം വിട്ടുപോയി. ഞാൻ ഇവിടെ നിൽക്കുമ്പോ പോലും ഇൻസ്പെക്ഷൻ നടത്താൻ അവർക്ക് ധൈര്യമോ! തുണി അയയിലേക്കിട്ട് ഞാൻ അവരുടെ അകത്തേക്ക് ചെന്നു, അവർ എന്തെങ്കിലും പറയുമോ എന്ന് നോക്കാം.

“നോഡീ, അല്ലി നോഡീ” അവർ കുട്ടിയോട് പറയുകയാണ്.

അന്ന് ആദ്യമായി ഞാൻ ആ കുട്ടിയുടെ മുഖം ശ്രദ്ധിച്ചു.

അവൾ വായും പൊളിച്ച് അകത്തേക്ക് നോക്കി. അവളുടെ കണ്ണുകളിൽ എന്റെ ടിവിയുടെ പ്രതിബിംബം.

തുറന്ന വായിൽ ഒരു ഉരുള ചോറ് അവ‍ർ വച്ചു കൊടുത്തു. വിടർന്ന കണ്ണിലെ കൗതുകം ഒട്ടും ചോരാതെ ടിവിയിൽനിന്ന് കണ്ണെടുക്കാതെ അവൾ ആ ഉരുള ചവച്ചു.

തല കുനിച്ചാണ് ഞാൻ അന്ന് അകത്തേക്ക് കയറിയത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories