Top

1929 ജനുവരി 6: അഗതികളുടെ അമ്മ മദര്‍ തെരേസ ഇന്ത്യയിലെത്തി

1929 ജനുവരി 6: അഗതികളുടെ അമ്മ മദര്‍ തെരേസ ഇന്ത്യയിലെത്തി
1929 ജനുവരി 6

1929 ജനുവരി ആറിന്, ഇന്ത്യയിലെ ദരിദ്രര്‍ക്കും രോഗികള്‍ക്കും ഇടയില്‍ പ്രവര്‍ത്തിക്കുന്നതിനായി മദര്‍ തെരേസ ഇന്ത്യയിലെ കൊല്‍ക്കത്തയില്‍ എത്തി. ആഗ്നസ് ഗോണ്‍ക്‌സ ബോജാക്‌സിയു എന്ന മദര്‍ തെരേസ മാസിഡോണിയ സ്വദേശിയായിരുന്നു. അന്ന് ഒട്ടോമാന്‍ സാമ്രാജ്യത്തിലെ കൊസാവോ വിലായത്തിന്റെ ഭാഗമായിരുന്ന സ്‌കോപ്‌ജെ (ഇപ്പോള്‍ റിപബ്ലിക് ഓഫ് മാസിഡോണിയയുടെ തലസ്ഥാനം) യിലാണ് അവര്‍ ജനിച്ചത്. മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കായി ഇംഗ്ലീഷ് പഠിക്കുക എന്ന ലക്ഷ്യത്തോടെ അയര്‍ലന്റിലെ റാത്ത്ഫാണ്‍ഹാമിലുള്ള ലോറേത്തോ ആശ്രമത്തിലെ ലോറേത്തോ സിസ്‌റ്റേഴ്‌സ് സംഘത്തില്‍ ചേരുന്നതിനായി 1928-ല്‍, തന്റെ പതിനെട്ടാമത്തെ വയസില്‍ മദര്‍ വീട് വിട്ടു.

1929-ല്‍ ഇന്ത്യയിലെത്തിയ അവര്‍ ഹിമാലയന്‍ പര്‍വതനിരകളില്‍ പെട്ട ഡാര്‍ജിലിംഗില്‍ തന്റെ സന്യാസിനി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. അവിടെ വച്ച് അവര്‍ ബംഗാളി ഭാഷ പഠിക്കുകയും തന്റെ മഠത്തിന് സമീപമുള്ള സെന്റ് തെരേസാസ് സ്‌കൂളില്‍ പഠിപ്പിക്കുകയും ചെയ്തു. 1931 മേയ് 24-ന്, അവര്‍ സന്യാസിനി എന്ന നിലയിലുള്ള ആദ്യത്തെ മതപരമായ കര്‍മ്മങ്ങള്‍ നിറവേറ്റി. ആ സമയത്ത് മിഷണറി പ്രവര്‍ത്തനങ്ങളുടെ പൂര്‍വസൂരി എന്ന് വിശേഷിപ്പിക്കാവുന്ന സെന്റ് തെരേസ ഡി ലിസിയെക്‌സിന്റെ പേര് സ്വീകരിക്കാനാണ് അവര്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ മഠത്തില്‍ അതേ പേരില്‍ മറ്റൊരു സന്യാസിനി ഉണ്ടായിരുന്നതിനാല്‍ അവര്‍ തെരേസ എന്ന നാമത്തിന്റെ സ്പാനിഷ് അക്ഷരങ്ങള്‍ സ്വീകരിച്ചു. 1937 മേയ് 14-ന്, കിഴക്കന്‍ കൊല്‍ക്കത്തയിലെ എന്റാലിയിലുള്ള ലൊറേത്ത കോണ്‍വെന്റ് സ്‌കൂളില്‍ പഠിപ്പിക്കുന്നതിനിടെ അവര്‍ അനുഷ്ഠാനപരമായ പ്രതിജ്ഞകള്‍ നിര്‍വഹിച്ചു. ഇരുപത് വര്‍ഷത്തോളം അതേ സ്‌കൂളില്‍ അദ്ധ്യാപികയായി തുടര്‍ന്ന തെരേസയെ 1944-ല്‍ പ്രധാന അദ്ധ്യാപികയായി നിയമിച്ചു. അദ്ധ്യാപക ജോലി ഇഷ്ടപ്പെട്ടിരുന്നെങ്കിലും കൊല്‍ക്കത്തയില്‍ തനിക്ക് ചുറ്റും പടരുന്ന ദാരിദ്ര്യം അവരെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. 1943ലെ ബംഗാള്‍ ക്ഷാമം നഗരത്തില്‍ പട്ടിണിയും മരണവും വിതച്ചിരുന്നു. കൂടാതെ 1946-ല്‍ പൊട്ടിപ്പുറപ്പെട്ട ഹിന്ദു-മുസ്ലീം കലാപം നഗരത്തെ നിരാശിയിലും ഭീതിയിലുമാഴ്ത്തി. 1948-ല്‍, കൊല്‍ക്കത്തയിലെ ദരിദ്രര്‍ക്കൊപ്പം മുഴവന്‍ സമയവും ചിലവഴിക്കുന്നതിനായി അവര്‍ കോണ്‍വെന്റ് വിട്ടു. പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങളോടുള്ള ബഹുമാനം നിമിത്തം നീലക്കരയുള്ള വെള്ള സാരിയാണ് അവര്‍ തന്റെ വസ്ത്രമായി തിരഞ്ഞെടുത്തത്. നിസാരമായ വരുമാനവും ഭക്ഷണവും കൊണ്ടാണ് വളരെക്കാലം മദര്‍ തെരേസയും സഹസന്യാസിനിമാരും ജീവിച്ചത്. പലപ്പോഴും പണത്തിന് വേണ്ടി ഇരക്കേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്. ഒരു സഭാരൂപത ആരംഭിക്കുന്നതിനുള്ള വത്തിക്കാന്റെ അനുവാദം 1950 ഒക്ടോബര്‍ ഏഴിന് മദറിന് ലഭിച്ചു. ഇത് പിന്നീട് മിഷണറീസ് ഓഫ് ചാരിറ്റി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ശിശ്രൂഷ നല്‍കുക എന്നതായിരുന്നു അതിന്റെ ദൗത്യം. മദറിന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍,' സമൂഹത്തിന് ആവശ്യമില്ലാത്തവരും സ്‌നേഹിക്കപ്പെടാത്തവരും ശിശ്രൂഷിക്കപ്പെടാത്തവരുമായ വിശക്കുന്നവര്‍, നഗ്നര്‍, വീടില്ലാത്തവര്‍. മുടന്തുള്ളവര്‍, അന്ധര്‍, കുഷ്ടരോഗികള്‍ തുടങ്ങിയവര്‍ക്ക്, സമൂഹത്തിന് തന്നെ ബാധ്യതയായവരും എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവരുമായ എല്ലാവര്‍ക്കും,' ശിശ്രൂഷ നല്‍കുകയായിരുന്നു സംഘടനയുടെ ലക്ഷ്യം.

1952-ല്‍, മരണം കാത്തിരിക്കുന്നവര്‍ക്ക് മാന്യമായ മരണം ഉറപ്പുവരുത്തുന്നതിനായി അവര്‍ ആദ്യത്തെ ഭവനം ആരംഭിച്ചു. മരണം കാത്തിരിക്കുന്നവരുടെ കൂടെ അവര്‍ ധാരാളം സമയം ചിലവഴിച്ചു. ഒരാള്‍ ശിശ്രൂഷിക്കാനുണ്ട് എന്ന ആത്മവിശ്വാസത്തോടെ മരിക്കാന്‍ ധാരാളം നിരാലംബര്‍ക്ക് ആ ഭവനം അവസരമൊരുക്കി. അന്തേവാസികളുടെ വിശ്വാസത്തിന് അനുസരിച്ചുള്ള മരണാന്തര കര്‍മ്മങ്ങളാണ് ആ ഭവനത്തില്‍ ഒരുക്കിയിരുന്നത്. 1950-കള്‍ക്കും 1960-കള്‍ക്കും ഇടയില്‍ അവര്‍ ഒരു കുഷ്ടരോഗ കോളനിയും ഒരു അനാഥാലയവും ഒരു നേഴ്‌സിംഗ് ഹോമും നിരവധി സഞ്ചരിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളും തുടങ്ങി. ഇപ്പോള്‍ ലോകത്തിലെ എല്ലാ ഭാഗത്തും മിഷണറീസ് ഓഫ് ചാരിറ്റിക്ക് ശാഖകളുണ്ട്. വികസിത രാജ്യങ്ങളില്‍ പാര്‍പ്പിടമില്ലാത്തവരുടെ എയ്ഡ്‌സ് രോഗികളുടെയും ശിശ്രൂഷയ്ക്ക് അവര്‍ മുന്‍ഗണന നല്‍കുന്നു. 'സമാധാനത്തിന് കൂടി ഭീഷണിയായ ദാരിദ്ര്യത്തിനും അനാഥത്തിനുമെതിരായ പോരാട്ടത്തിന് വേണ്ടി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തതിന്,' 1979-ല്‍ മദര്‍ തെരേസയ്ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. മരണത്തെ തുടര്‍ന്ന് 2003-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ അവരെ ഔദ്ധ്യോഗികമായി പുണ്യവതിയായി പ്രഖ്യാപിക്കുകയും 2016 സെപ്തംബര്‍ നാലിന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ അവരെ വിശുദ്ധയായി അവരോധിക്കുകയും ചെയ്തു.

Next Story

Related Stories