TopTop
Begin typing your search above and press return to search.

നമ്മള്‍ മാതൃദിനം ആചരിച്ചത് ആര്‍ക്കുവേണ്ടി?

നമ്മള്‍ മാതൃദിനം ആചരിച്ചത് ആര്‍ക്കുവേണ്ടി?

ലക്ഷ്മി നായര്‍

ലോകം മുഴുവന്‍ മദേഴ്‌സ് ഡേ (അമ്മമാരുടെ ദിനം) ആചരിക്കുന്ന മെയ് 10നു തന്നെ ഈ ലേഖനം എഴുതാന്‍ തുടങ്ങിയത് വെറും യാദൃശ്ചികം മാത്രമാണ്. അമ്മ എന്നും ആചരിക്കപ്പെടേണ്ടവളാണ്. വാസ്തവം പറഞ്ഞാല്‍ മാതൃബന്ധം മാത്രമല്ല എല്ലാ ബന്ധങ്ങളും ആചരിക്കപ്പെടേണ്ടവയാണ്. എന്നാല്‍ 'അമ്മ' എന്നുള്ളത് എന്തുകൊണ്ടാണ് മറ്റു ബന്ധങ്ങളെക്കാള്‍ പവിത്രം? എന്റെ അനുഭവത്തില്‍ അത് അച്ഛനും സഹോദരങ്ങള്‍ക്കും ജീവിതപങ്കാളിക്കും പകരമാവുന്ന ഒരു ബന്ധമാണ്. നാല് വയസ്സ് പ്രായമുള്ളപ്പോള്‍ അമ്മയെ നഷ്ടപ്പെട്ട ഞാന്‍ മാതൃസ്‌നേഹം അനുഭവിച്ചത് അച്ഛനില്‍ നിന്നാണ്. പിന്നെ വല്ല്യമ്മയും, സഹോദരങ്ങളില്‍ നിന്നും. എന്നാലും ഒന്ന് തീര്‍ത്ത് പറയാം. അമ്മയ്ക്ക് പകരം അമ്മയേയുള്ളു.

രണ്ടു മൂന്നു ദിവസമായി കിടപ്പുമുറിയിലെ ജനാലയുടെ ചില്ലിനപ്പുറത്ത് ഒരു വെള്ളരിപ്രാവ് വട്ടം കറങ്ങുന്നുണ്ടായിരുന്നു. ''അവിടുത്തെ ചട്ടിയില്‍ മുട്ടയിടാനാണ്.'' ഞാന്‍ മിര്‍സയോട് പറഞ്ഞു. പതിവുപോലെ ''ഹും'' എന്ന് മൂളിയതല്ലാതെ ഒന്നും മറുപടി പറഞ്ഞില്ല. ''അതില്‍ മുട്ടയിട്ടാല്‍ ബാല്‍ക്കണിയിലെ പോലെ ആ ചട്ടിയിലെ ചെടി പട്ടുപോകും.'' ഞാന്‍ തുടര്‍ന്നു.

''ഹും...'' പത്രത്തില്‍ നിന്നും ശ്രദ്ധമാറാതെ വീണ്ടും.

''ഓര്‍മ്മയില്ലേ അവിടുത്തെ മുല്ല?'' എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, നിവൃത്തികേടു കൊണ്ട് മിര്‍സ എന്നെ നോക്കി പറഞ്ഞു. ''സാരമില്ല.'' വീണ്ടും പത്രം.

ഏതായാലും ഇന്നലെ നോക്കിയപ്പോള്‍ അവള്‍ പ്രതീക്ഷിച്ചത് പോലെ ഒരു മുട്ടയിട്ടു. ചെടി പട്ടുപോകാതിരിക്കാന്‍ ജനാല തുറന്ന് കുറച്ച് വെള്ളം ചട്ടിയുടെ അരികില്‍ ഞാന്‍ ഒഴിക്കുമ്പോള്‍ അവന്‍ പറന്ന് കുറച്ചപ്പുറത്തേക്ക് മാറി. ജനാല അടച്ചയുടന്‍ അവള്‍ തിരികെ സ്ഥാനത്തേക്ക് വന്നു.

സത്യത്തില്‍ സന്തോഷമായിരുന്നു. ''ഞാന്‍ ഇവരെ ഒന്നും ചെയ്യില്ല എന്നുള്ള ധൈര്യം കൊണ്ടല്ലേ ഇവര്‍ എന്റെ വീട്ടില്‍ തന്നെ വരുന്നത്?'' ഞാന്‍ മിര്‍സയോട് സന്തോഷത്തോടെ പറഞ്ഞു.

''നീയൊരു മണ്ടിയാണെന്ന് ഇപ്പൊ പക്ഷികള്‍ക്കും മനസ്സിലായി...'' മിര്‍സ ചിരിച്ചുകൊണ്ട് പറഞ്ഞു.

ഇന്നലെ നടക്കാന്‍ പോയി തിരികെ വരുമ്പോള്‍ വഴിയില്‍ മരത്തിന് ചുവട്ടില്‍ ഒരു പ്രാവിന്‍ കുഞ്ഞ് വീണ് കിടക്കുന്നു. പൂച്ചയോ പട്ടിയോ കണ്ടാല്‍ ആ പാവത്തിനെ തിന്നുമല്ലോ എന്ന് വിചാരിച്ച് ഞാനതിനെ വീട്ടിലേക്ക് കൊണ്ടുവന്നു. ബാല്‍ക്കണിയിലെ ചട്ടിയില്‍ സ്ഥാനവും കൊടുത്തു. ഓഫീസില്‍ പോകുന്നതിന് മുമ്പ് കുറച്ച് വെള്ളവും കുറച്ച് ധാന്യവും അടുത്തു വച്ചുകൊടുത്തു. സ്വന്തം അമ്മയില്ലാതെ ജീവിക്കേണ്ടി വന്നതിനാലാകാം മാതൃവാത്സല്യമാണ് എന്റെ ഉള്ളില്‍ മുന്നില്‍ നില്‍ക്കുന്ന വികാരം. വിരോധാഭാസമെന്ന് പറയട്ടെ, ഞാനും മിര്‍സയും തമ്മിലുണ്ടാകുന്ന പൊരുത്തക്കേടുകള്‍ പലപ്പോഴും മിര്‍സയോട് ഞാന്‍ കാണിക്കുന്ന വാത്സല്യത്തിന്റെ പേരിലാണ്. ആ കഥ പിന്നീടൊരിക്കല്‍ പറയാം.

ഓഫീസില്‍ നിന്ന് മടങ്ങി എത്തിയയുടന്‍ ആ കുഞ്ഞിനെ നോക്കി. ചട്ടിയില്‍ നിന്നും താഴെ ഇറങ്ങിയിരിക്കുന്നു. കോണിയില്‍ വച്ചിരുന്ന തടി കഷണങ്ങളുടെ ഇടയില്‍ പാത്തിരിപ്പുണ്ടായിരുന്നു. വെള്ളം മുഴുവനും കുടിച്ചിരിക്കുന്നു. ധാന്യം കഴിച്ചിട്ടില്ല. ''പിഞ്ച് കുഞ്ഞായിരിക്കും.'' ഞാന്‍ ഓര്‍ത്തു.

മിര്‍സ എത്തിയയുടന്‍ ഞാന്‍ പറഞ്ഞു: ''അത് സുഖമായിട്ടുറങ്ങുകയാ.'' പൊതുവേ വികാരങ്ങള്‍ മണിച്ചിത്രത്താഴിട്ട് സൂക്ഷിക്കുന്ന മിര്‍സ വീണ്ടും ''ഹും'' എന്ന് പറഞ്ഞ് വിശ്രമിക്കാന്‍ പോയി. ''ഇതെന്ത് മനുഷ്യനാ'' എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടാകും. മിര്‍സ നിര്‍വികാരനല്ല. വികാരജീവിയായ എന്നോടൊപ്പം വികാരം ക്രമീകരിക്കുന്നതാണ് നല്ലതെന്ന് മിര്‍സ തീരുമാനിച്ചിട്ടുണ്ടാകും. അങ്ങനെ പറയാന്‍ കാരണമുണ്ട്.ഏപ്രില്‍ ആറ് എന്ന തീയതി എനിക്ക് വളരെ പ്രിയപ്പെട്ട തീയതിയാണ്. എന്റെ മമ്മി മരിച്ച ദിവസം. എല്ലാ കൊല്ലവും ഈ തീയതി അടുക്കം തോറും ഞാന്‍ പൊതുവെ അസ്വസ്ഥയാകും. പതിവ് പോലെ ഇക്കൊല്ലവും ആകെ ഒരു വിഷമമായിരുന്നു. മനസ്സ് വിഷമിക്കുമ്പോള്‍ സ്‌നേഹിക്കുന്നവരെയാണല്ലോ നമ്മള്‍ ആദ്യം ഉപദ്രവിക്കുന്നത്. കുട്ടികളോടും ചെറിയ കാര്യങ്ങള്‍ക്ക് ഞാന്‍ ദേഷ്യപ്പെട്ടു. അന്ന് രാവിലെ പതിവ് പോലെ മിര്‍സ ഓഫീസിലേക്ക് പോയി. ദിവസം മുഴുവന്‍ ഞാന്‍ അസ്വസ്ഥയായിരുന്നു. എനിക്ക് ജീവിതത്തില്‍ പ്രധാനമായ ഒരു ദിവസം പോലും മിര്‍സയ്ക്ക് ഓര്‍മ്മയില്ല എന്നുള്ളത് എന്റെ പതിവ് പരാതിയായിരുന്നു. അന്ന് പ്രത്യേകിച്ച്... ഞാന്‍ ഏതായാലും ഓര്‍മ്മിപ്പിക്കാനും പോയില്ല. ഇടക്ക് ഫോണ്‍ വിളിച്ചപ്പോള്‍ മിര്‍സ ചോദിച്ചു. ''എന്താ വല്ലാതെ?''

''ഏയ് ഒന്നുമില്ല.'' എന്ന് ഞാനും പറഞ്ഞു.

വൈകുന്നേരമായപ്പോഴേക്കും ഓരോ വര്‍ഷവും തോന്നാറുള്ള നഷ്ടബോധം വര്‍ദ്ധിച്ചുവന്നു. നമ്മുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാനും, ഓര്‍മ്മിക്കാനും, അമ്മയെ കൊണ്ട് മാത്രമേ സാധിക്കൂ. അമ്മയുടെ സ്ഥാനത്ത് പലരും ഉണ്ടാകും. പക്ഷെ അവരാരും അമ്മ ആകില്ല. എന്റെ കുട്ടികളെ ഞാന്‍ സ്‌നേഹിക്കുന്നതുപോലെ മറ്റാര്‍ക്കെങ്കിലും സ്‌നേഹിക്കാന്‍ സാധിക്കുമോ?

ഒന്ന് വൈകിയാലോ സമയത്തിന് ഭക്ഷണം കഴിക്കാതിരുന്നാലോ ഒരു പരീക്ഷയ്ക്ക് തോറ്റാലോ ഞാന്‍ വേവലാതിപ്പെടുന്നത് പോലെ മറ്റാരെങ്കിലും വിഷമിക്കുമോ? അമ്മ ഇല്ലാത്ത നഷ്ടബോധം ചെറുപ്പത്തിലല്ല, പ്രായമാകുമ്പോഴാണ് കൂടുന്നത്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകഓഫീസില്‍ നിന്ന് മടങ്ങിയപ്പോഴും ഞാന്‍ മിര്‍സയോട് പരിഭവമൊന്നും പറയാന്‍ പോയില്ല. ഭക്ഷണം കഴിച്ച് നേരത്തെ കിടന്നു. ചുവരിലേക്ക് തിരിഞ്ഞ്, ഓര്‍മ്മപോലുമില്ലാത്ത എന്റെ അമ്മയെ ഓര്‍ത്തു കിടന്നു. അറിയാതെ തലയിണ നനയുന്നുണ്ടായിരുന്നു.

മിര്‍സ അടുത്ത് വന്നിരുന്നത് ശ്രദ്ധിച്ചില്ല. എന്റെ പുറത്ത് കയ്യ് വച്ച് പറഞ്ഞു. ''എവരിത്തിംഗ് വില്‍ ബി ഫൈന്‍. ഞാനില്ലേ?''

ഉള്‍ക്കടലില്‍ ശ്വാസം കിട്ടാതെ മല്ലിടുമ്പോള്‍ പെട്ടെന്നൊരു കൈവന്ന് വെള്ളത്തീന്ന് പുറത്തേക്കെടുത്ത ആശ്വാസമായിരുന്നു. അമ്മ എന്നാല്‍ വാത്സല്യമാണ്. അതിന് പ്രായമില്ല. വാത്സല്യത്തിന് കരകയറ്റാന്‍ പറ്റാത്ത വിഷമങ്ങളുമില്ല.

''ഞാനിങ്ങനെയാണ്'' എന്ന് പറഞ്ഞ് നിര്‍വികാരതയില്‍ അഭിമാനിക്കുന്ന വായനക്കാര്‍ക്ക് വേണ്ടിതാണ് ഞാനിതെഴുതിയത്. സ്‌നേഹമുള്ള ഒരു വാക്കിന് സ്പര്‍ശത്തിന് മാറ്റാന്‍ പറ്റാത്ത വേദനയും പിണക്കവും ഇല്ല.

അമ്മയ്ക്ക് പകരം അമ്മ മാത്രമേയുള്ളു. പക്ഷെ, അമ്മയ്‌ക്കൊരു പടി താഴെ സ്‌നേഹം പ്രകടിപ്പിക്കാനറിയാവുന്ന മനസ്സുണ്ട്. അതുള്ളവര്‍ നമുക്ക് ചുറ്റുമുണ്ടെങ്കില്‍ അമ്മയെന്ന നഷ്ടം കുറേയൊക്കെ നികത്താം.അടുക്കളയിലെ പണിയൊക്കെ കഴിഞ്ഞ് വന്നപ്പോഴേക്കും മിര്‍സ ഉറങ്ങിയിരുന്നു. വീണ്ടും ബാല്‍ക്കണിയിലേക്ക് പോയി. വാതില്‍ തുറന്നപ്പോള്‍ കണ്ടത് നിശ്ചലമായി കിടക്കുന്ന ആ പ്രാവിന്‍ കുഞ്ഞിനെയാണ്. ഒരു തേങ്ങലായിരുന്നു. ഓടിപ്പോയി. മിര്‍സയെ വിളിച്ചു നല്ല ഉറക്കം.

കാലത്തെണീറ്റയുടന്‍ ഞാന്‍ പറഞ്ഞു.

''ആ കുഞ്ഞ് ചത്തുപോയി.''

നേരത്തെ അറിയാവുന്നത് പോലെ ''ഹും.'' എന്ന് മിര്‍സ പറഞ്ഞു.

''അതൊരു കുഞ്ഞായിരുന്നില്ല. സുഖമില്ലാത്തതായിരുന്നു. അങ്ങനെ സുഖമില്ലാതാകുമ്പോള്‍ കൂട്ടില്‍ നിന്നും അതിനെ മാറ്റും അത് പ്രകൃതി നിയമമാണ്. അല്ലെങ്കില്‍ ബാക്കി കുഞ്ഞുങ്ങളും ചാകില്ലേ?''

''ഹും'' എന്ന് മറുപടി പറഞ്ഞത് ഞാനാണ്.

''പ്രകൃതിക്ക് നമ്മളെക്കാളറിയാം. ഞാനെപ്പോഴും പറയാറില്ല.''


വീണ്ടും ''ഹും'' എന്ന് ഞാന്‍ പറഞ്ഞു.

''ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്ത് ചെയ്യാത്തതോര്‍ത്ത് മാത്രമേ വിഷമിക്കാവുള്ളു. യൂ പ്ലേയ്ഡ് മോര്‍ ദാന്‍ യുവര്‍ പാര്‍ട്ട്. പിന്നെന്താ?'' മിര്‍സ തുടര്‍ന്നു.

''ഞാന്‍ അതിന്റെ അമ്മയ്ക്ക് പകരം ആവില്ല.''എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞത് മനസ്സിലാക്കിയാകാം, മിര്‍സ പറഞ്ഞു.

''നീ ഇവിടെ കൊണ്ടുവന്നത് കൊണ്ട് ഒരു ദിവസം കൂടി ജീവിച്ചു... ഇല്ലെങ്കില്‍ നേരത്തെ ചത്തേനെ...''

ശരിയാണെന്നെനിക്കും തോന്നി.

ജനാലയുടെ ചില്ലിന്‍ പുറത്ത് ഇന്ന് രണ്ട് മുട്ടയുണ്ട്. അമ്മ പ്രാവ് ചട്ടിയില്‍ ഇരിപ്പുണ്ട്.

ഇന്ന് വെള്ളമൊഴിച്ചില്ല.

നഷ്ടങ്ങള്‍ നഷ്ടമാകുന്നത് അത് നികത്താനാകാതാകുമ്പോഴാണ്. ഓഫീസിലേക്ക് വരുമ്പോള്‍ ഇന്ന് 'മദേഴ്‌സ് ഡേ' ആണെന്നറിയാതെ ഭിക്ഷയാചിക്കുന്ന അമ്മമാരെ ഞാന്‍ കണ്ടു. കാറിനടുത്ത് വന്നവര്‍ക്ക് പൈസ കൊടുക്കുമ്പോള്‍ എന്റെ നഷ്ടം എത്ര ചെറുതാണെന്ന് ഞാനോര്‍ത്തു. എന്റെ അമ്മ ഒരിക്കലും തിരികെ വരില്ലെങ്കിലും വാത്സല്യനിധിയായ എന്റെ അച്ഛനുണ്ട്. മാതൃദിനമായ ഇന്ന് പൊള്ളുന്ന വെയിലത്ത് ഒരു തരി അനുകമ്പയ്ക്ക് വേണ്ടി യാചിക്കുന്ന ഈ അമ്മമാര്‍ക്ക് ആരുണ്ട്?

ഇതില്‍ ഏതമ്മയെയാണ് ഇന്നത്തെ ദിവസം ആചരിക്കുന്നത്? കുരുന്നു കുഞ്ഞുങ്ങളോട് അകാലത്ത് വിടപറഞ്ഞ എന്റെ അമ്മയോ, അമ്മയ്ക്ക് പകരം അമ്മയായ എന്റെ അച്ഛനോ, പുതിയ ജീവിതം നല്‍കുന്ന ജനാലയിലെ അമ്മ പ്രാവോ, മറ്റു കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ഒന്നിനെ ബലികൊടുത്ത മറ്റൊരു പ്രാവോ, അരനൂറ്റാണ്ടോളം പ്രായമായ എന്നെ ആശ്വസിപ്പിച്ച മിര്‍സയോ, ഒരു നേരത്തെ ഭക്ഷണത്തിനായി യാചിക്കുന്ന ആ അമ്മമാരോ? ഇവരില്‍ ആരാണ് അമ്മ അല്ലാത്തത്? ഇവരില്‍ ആര്‍ക്ക് വേണ്ടിയാണ് ഈ ദിനം?


(27 വര്‍ഷമായി അധ്യാപന രംഗത്ത് പ്രവര്‍ത്തിക്കുന്ന ലക്ഷ്മി നായര്‍ ഇപ്പോള്‍ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ T.I.M.Eലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായി ജോലി ചെയ്യുന്നു. സോഫ്ട് സ്‌കില്‍സ്, ഭാഷ, സാഹിത്യം, വയോജന വിദ്യാഭ്യാസം, സാങ്കേതിക വൈദഗ്ദ്ധ്യം തുടങ്ങി നിരവധി മേഖലകളില്‍ പ്രവര്‍ത്തന പരിചയം ഉണ്ട്.)


(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
Next Story

Related Stories