TopTop
Begin typing your search above and press return to search.

അഭിമാനത്തോടെ ഒരു ഫെമിനിസ്റ്റായി വളരൂ; ഒരമ്മ മകനെഴുതിയ തുറന്ന കത്ത്

അഭിമാനത്തോടെ ഒരു ഫെമിനിസ്റ്റായി വളരൂ; ഒരമ്മ മകനെഴുതിയ തുറന്ന കത്ത്
സ്വതന്ത്ര കലാകാരിയും എഴുത്തുകാരിയും നാടക ചലച്ചിത്ര പ്രവര്‍ത്തകയും കുട്ടികള്‍ക്കുള്ള എന്‍‌ജി‌ഒ ആയ കര്‍മ്മ മാര്‍ഗിന്‍റെ പ്രവര്‍ത്തകയുമായ പ്രീതി അഗര്‍വാള്‍ മേത്ത  15 വയസുകാരന്‍ മകന്‍ സൂര്യാംശ് മേത്തയ്ക്ക് എഴുതിയ കത്ത്. തന്‍റെ മകനോടുള്ള സ്നേഹമാണ് ഈ എഴുത്തെന്നാണ്  അവര്‍ കരുതുന്നത്. 

പ്രിയപ്പെട്ട മകനേ,

ഞാനിന്ന് നിനക്കിതെഴുതുന്നത് നിന്റെ അമ്മയെന്ന നിലയ്ക്ക് മാത്രമല്ല, ഒരു സ്ത്രീ എന്ന നിലയില്‍ കൂടിയാണ്.

ഞാനിത് നിനക്കെഴുതാന്‍ കാരണം, വിടാതെ പിന്തുടര്‍ന്ന് ശല്യം ചെയ്യല്‍, പൂവാലശല്യം, അതിക്രമം, ലൈംഗിക പീഡനം, ബലാത്സംഗം എന്നിവയൊക്കെ നീ വാര്‍ത്തകളില്‍ കേള്‍ക്കുകയോ സ്കൂളില്‍ ചര്‍ച്ച ചെയ്യുകയോ ചെയ്യുന്ന വാക്കുകള്‍ മാത്രമല്ല എന്നതിനാലാണ്. പ്രായ, സാമ്പത്തിക, വൈവാഹിക സ്ഥിതികള്‍ക്കപ്പുറത്ത് മിക്ക സ്ത്രീകളും നേരിടുന്ന യാഥാര്‍ത്ഥ്യങ്ങളാണ് ഇവ എന്നതിനാലാണ്.

പലപ്പോഴും നിന്റെ അമ്മ ഇത്തരം പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് എന്നത് നിന്നെ അസ്വസ്ഥനാക്കുന്നുണ്ടാകും എന്നെനിക്കുറപ്പാണ്. ഇതൊക്കെയാണ് നിന്റെ പെങ്ങന്‍മാര്‍ക്കും അമ്മായിമാര്‍ക്കും സുഹൃത്തുക്കള്‍ക്കും നേരിടേണ്ടിവന്നതും. നിന്റെ അമ്മൂമ്മമാര്‍ പോലും ഒഴിവാക്കപ്പെട്ടിട്ടില്ല.

നീ ചെറുപ്പമായിരിക്കുമ്പോള്‍, ടി വിയില്‍ ബലാത്സംഗത്തിന്റെയും ലൈംഗിക പീഡനങ്ങളുടെയും വാര്‍ത്തകള്‍ വരുമ്പോള്‍ ചാനലുകള്‍ മാറ്റാറുള്ളത്  ഞാന്‍ ഓര്‍ക്കുന്നു. ഞാന്‍ നിന്റെ നിഷ്ക്കളങ്കത സംരക്ഷിക്കാന്‍ ആഗ്രഹിച്ചു. നീ സ്കൂളില്‍ കേട്ട 2012 ഡിസംബര്‍ 16-ലെ കൂട്ടബലാത്സംഗത്തെക്കുറിച്ച് നിന്നോടു കുറച്ചു സംസാരിച്ചിരുന്നതും ഞാന്‍ ഓര്‍ക്കുന്നു. ‘ബഹുമാനം’, ‘വ്യക്തിപരമായ ഇടം’ എന്നിവയെക്കുറിച്ച്, പ്രത്യേകിച്ചും പെണ്‍കുട്ടികളുമായി ഇടപഴകുമ്പോള്‍, നല്‍കേണ്ടതിനെക്കുറിച്ചും നമ്മള്‍ സംസാരിച്ചു.

എത്ര വ്യാപകമാണ് ഈ പ്രശ്നങ്ങള്‍ എന്ന്‍ നിനക്കൊരു പക്ഷേ അറിയുന്നുണ്ടായിരിക്കില്ല. ഭക്ഷണത്തില്‍ ഉപ്പ് കൂടിപ്പോയതിന് രാഹുല്‍ അമ്മാവന്‍ അമ്മായിയെ ഏതാണ്ട് തല്ലുക തന്നെ ചെയ്തത് ഓര്‍ക്കുന്നോ? നമ്മുടെ വീട്ടുവേലക്കാരിയുടെ ദേഹത്ത് ഏതാണ്ടെല്ലാ ദിവസവും മുറിഞ്ഞിരിക്കുന്നത് കോണിപ്പടികളില്‍ വീണതുകൊണ്ടാണെന്ന് നീ കരുതുന്നുണ്ടോ? ബസ് സ്റ്റോപ്പില്‍ അനു ഭ്രാന്ത് പിടിച്ചതുപോലെ കരഞ്ഞത് നിനക്കു മറക്കാന്‍ കഴിയുമോ? അവരെല്ലാം വ്യത്യസ്ത രൂപത്തിലുള്ള അതിക്രമവും മോശം പെരുമാറ്റവും നേരിട്ടവരാണ്.

ഇതിനൊക്കെ നീയുമായെന്താണ് ബന്ധം? ഞാന്‍ സുരക്ഷിതരായിരിക്കാനുള്ള വഴികളെക്കുറിച്ച് പെണ്‍കുട്ടികളോടല്ലേ സംസാരിക്കേണ്ടത്? ഇതെല്ലാം സ്ത്രീകളുടെ വിഷയങ്ങളാണ്. നീയൊരു ആണ്‍കുട്ടിയാണ്, ഒരു നല്ല കുട്ടി, ശരിയല്ലേ?

എല്ലാ ആണ്‍കുട്ടികളെയും സ്ത്രീകളെ ബഹുമാനിക്കാന്‍ ശീലിപ്പിച്ചു വളര്‍ത്തിയാല്‍, നമുക്കിടയില്‍ ഈ പ്രശ്നങ്ങള്‍ ഉണ്ടാകില്ല.

“ആണ്‍കുട്ടികള്‍ എപ്പോഴും ആണ്‍കുട്ടികള്‍ തന്നെ,” ഇത് നീ ഒരു ലക്ഷം തവണയെങ്കിലും കേട്ടുകാണും. അത് വിശ്വസിക്കരുത്. നിന്റെ സുഹൃത്ത് പൂന്തോട്ടത്തില്‍ ഒരു പെണ്‍കുട്ടിയെ തമാശയ്ക്ക് കളിയാക്കുകയും പേടിപ്പിക്കുകയും ചെയ്യുന്നു. അയാളെ തടയുന്നതിന് പകരം നീ ഒപ്പം ചിരിക്കുന്നു- നീയും പീഡനത്തിന് കുറ്റക്കാരനാണ്. ആ പെണ്‍കുട്ടി കരഞ്ഞുകൊണ്ട് വീട്ടില്‍പ്പോകുന്നതിന് പകരം, തെറ്റുതിരുത്തും വരെ ആണ്‍കുട്ടിയെ നിങ്ങളെല്ലാവരും ബഹിഷ്ക്കരിക്കുകയാണ് വേണ്ടത്.

സുഹൃത്തുക്കളില്‍ നിന്നും പിന്തുണയും സമൂഹത്തോട് ബാധ്യതയില്ലായ്മയും വരുമ്പോഴാണ് അക്രമവും അടിച്ചമര്‍ത്തലും ഉണ്ടാകുന്നത്. സാമൂഹ്യമായ ഒറ്റപ്പെടുത്തല്‍ പീഡകനേക്കാളേറെ ഇരയുടെ മേലാണ് വീഴുന്നത്. ഇരയുടെ വസ്ത്രധാരണം, ജോലി, സ്വഭാവം, വ്യക്തിത്വം, ജീവിതശൈലി എന്നിവയെല്ലാം കേന്ദ്രപ്രശ്നങ്ങളാവുകയും യഥാര്‍ത്ഥ പ്രശ്നം വിസ്മരിക്കപ്പെടുകയും ചെയ്യുന്നു. പലപ്പോഴും വിചിത്രമായ സംഗതി അക്രമിയുടെ അമ്മ; അയാളെ വളര്‍ത്തിയ രീതിക്ക് പഴി കേള്‍ക്കേണ്ടിവരുന്നു എന്നതാണ്.

എന്തുകൊണ്ടാണ് ലൈംഗിക അതിക്രമങ്ങളെ സ്ത്രീകളുമായും അവരുടെ ശരീരഘടനയുമായും ബന്ധപ്പെട്ട പരാമര്‍ശങ്ങളില്‍ തളച്ചിടുന്നത്. നിന്നെ ഈ ലോകത്തേക്ക്  കൊണ്ടുവന്നത് ഒരു സ്ത്രീയാണ്. ലോകജനസംഖ്യയില്‍ പകുതിയും സ്ത്രീകളാണ്. എന്തുകൊണ്ടാണ് സ്ത്രീകളെ കളിയാക്കുന്നത്? നിരാശ മാറ്റാനും തമാശ പൊട്ടിക്കാനുമുള്ള സാമൂഹ്യമായ സ്വീകാര്യതയുള്ള ഒരു വഴിയാകുന്നത്? ഏതെങ്കിലും സിനിമയില്‍ ‘ബലാത്സംഗം’ എന്ന വാക്ക് കേള്‍ക്കുമ്പോഴേ ആളുകള്‍ തലയറഞ്ഞു ചിരിക്കാന്‍ തുടങ്ങും. എന്തുകൊണ്ട്? പുറകില്‍ നടന്നു ശല്യം ചെയ്യുന്നതിനെയാണ് സിനിമകള്‍ ‘പ്രേമം’ എന്നു വിളിക്കുന്നത്. പെണ്‍കുട്ടി ‘ഇല്ല’ എന്നു പറഞ്ഞാല്‍ ‘ശരി’ എന്നാണതിനര്‍ത്ഥം എന്ന രീതിയിലാണ് അവതരണം.

എന്റെയോ മാറ്റാരുടെയെങ്കിലുമോ വാക്കുകള്‍ നീ കേള്‍ക്കണമെന്ന് ഞാന്‍ പറയില്ല. നീ സ്വയം ചിന്തിക്കണം. ഇത് സ്വീകാര്യമാണോ? ഈ പിന്തിരിപ്പന്‍ ചിന്താഗതിയെക്കുറിച്ച് നീ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങുന്ന സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്യണം.

‘ഞാനൊറ്റയ്ക്ക് എന്തു ചെയ്യാന്‍ എന്നായിരിക്കും’ നിനക്കിപ്പോള്‍ പറയാന്‍ തോന്നുക. നീ ഒറ്റയ്ക്കല്ല. ആളുകള്‍ ഒരു മാറ്റമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നു, പക്ഷേ ആരെങ്കിലും ഒരു തുടക്കം കുറിക്കാന്‍ കാത്തിരിക്കും. അത് തുടങ്ങിവെക്കുന്ന ഒരാളാകാന്‍ നിനക്കു കഴിയും.

നിനക്കു ഈ ലോകത്തില്‍ എല്ലാ വിജയവും ഉണ്ടാകട്ടെ എന്നു ഞാന്‍ ആശംസിക്കുന്നു. പക്ഷേ നീയൊരു യഥാര്‍ത്ഥ സ്ത്രീവാദി (ഫെമിനിസ്റ്റ്) യാണ് എന്നതിനേക്കാള്‍ മറ്റൊന്നും എന്നെ അഭിമാനം കൊള്ളിക്കില്ല. ഏറെ അധിക്ഷേപിക്കപ്പെട്ട ‘സ്ത്രീവാദം’ എന്ന വാക്ക് ബ്രാ കത്തിക്കുന്ന, പുരുഷന്മാരെ അധിക്ഷേപിക്കുന്ന സ്ത്രീകളെ കുറിക്കാനാണ് ഇപ്പോള്‍ മിക്കപ്പോഴും ഉപയോഗിക്കുന്നത്. വാസ്തവത്തില്‍ നിന്നും ഇത്രമാത്രം അകലെയുള്ള മറ്റൊന്നും ഉണ്ടാകില്ല എന്നാണ് ഇതിനെക്കുറിച്ച് നിന്നോടു പറയാനുള്ളത്. സ്ത്രീവാദത്തെ നിഘണ്ടു നിര്‍വ്വചിക്കുന്നത്, ഭിന്നലിംഗങ്ങളുടെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യ തുല്യതയുടെ സിദ്ധാന്തമായിട്ടാണ്.

അഭിമാനത്തോടെ ഒരു സ്ത്രീവാദിയാകൂ. മറ്റുള്ളവരോട് സംവേദനാത്മകമായാണ് പെരുമാറുന്നത് എന്നുള്ളതില്‍ നിന്നാകട്ടെ ഈ അഭിമാനം വരുന്നത്. ആളുകള്‍ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുമ്പോലെ ധിക്കാരത്തില്‍ നിന്നും ശരീരബലത്തില്‍ നിന്നുമല്ല മാന്യമായ പെരുമാറ്റത്തില്‍ നിന്നുമാണ് നിന്റെ ശക്തി വരേണ്ടത്. ഇതിലെല്ലാമുപരി, സ്ത്രീകളെയും അവരുടെ അവകാശങ്ങളെയും ബഹുമാനിക്കുന്നതില്‍ നിന്നുമാണ് നിന്റെ പൌരുഷം ഉണ്ടാകേണ്ടത്.

എല്ലായ്പ്പോഴും ഓര്‍ക്കുക, നിങ്ങള്‍ പരിഹാരത്തിന്റെ ഭാഗമല്ലെങ്കില്‍, നിങ്ങള്‍ പ്രശ്നത്തിന്റെ ഭാഗമാണ്.

പ്രതീക്ഷയോടെയും സ്നേഹത്തോടെയും,

അമ്മ

* ഹിന്ദുസ്ഥാന്‍ ടൈംസാണ് ഈ കത്ത് ആദ്യം പ്രസിദ്ധീകരിച്ചത്


Next Story

Related Stories