TopTop

ഏലത്തോട്ടങ്ങളിലെ തൊഴിലാളി പോരാട്ടങ്ങളുടെ കഥയുമായി മേർക്ക് തൊടർച്ചി മലൈ റിലീസ് ഇന്ന്

ഏലത്തോട്ടങ്ങളിലെ തൊഴിലാളി പോരാട്ടങ്ങളുടെ കഥയുമായി മേർക്ക് തൊടർച്ചി മലൈ റിലീസ് ഇന്ന്
മേർക്ക് തൊടർച്ചി മലൈ അഥവാ പടിഞ്ഞാറൻ തുടർ മലകൾ. നമുക്ക് പശ്ചിമഘട്ടം. ഈ മലമ്പ്രദേശങ്ങളിലേക്ക് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയുടെ അവസാനത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള കുടിയേറ്റങ്ങൾ ധാരാളമായി നടന്നു. നാലും അഞ്ചും അണ കൂലിക്ക് കങ്കാണിയുടെ തല്ല് കൊണ്ട് പണിയെടുക്കാൻ തെൻമാവട്ടങ്ങളിൽ നിന്ന് പണിക്കാരെത്തി. തൊഴിലാളികളെന്ന നിലയിൽ ഇവർ നടത്തിയ അതിജീവനപ്പോരാട്ടത്തിന്റെ സുദീർഘമായ ഒരു കഥയുണ്ട്. രാഷ്ട്രീയം ആ കഥയിൽ പിരിച്ചെടുക്കാനാകാത്ത ചേരുവയാണ്. ഇടുക്കിയിലെ ഏലത്തൊഴിലാളികളുടെ രാഷ്ട്രീയപ്പോരാട്ടങ്ങളുടെ കഥയാണ് ലെനിൻ ഭാരതി മേർക്ക് തൊടർച്ചി മലൈ എന്ന സിനിമയാക്കിയിരിക്കുന്നത്. ഈ സിനിമ ഇന്ന റിലീസാവുകയാണ്. കേരളത്തിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇവിടുത്തെ റിലീസ് മറ്റൊരു സമയത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. തമിഴകത്തെ തിയറ്ററുകളിൽ മേർക്ക് തൊടർച്ചി മലൈ ഇന്നുമുതൽ ഓടിത്തുടങ്ങും.

കിസ്മത്തിലൂടെയും ഉടലാഴത്തിലൂടെയുമെല്ലാം മലയാളിക്ക് പരിചിതനായ നാടകക്കാരൻ അബു വളയംകുളം ഈ സിനിമയിൽ പ്രധാനപ്പെട്ട ഒരു റോളിലെത്തുന്നുണ്ട്. തൊഴിലാളികൾക്കു വേണ്ടി കങ്കാണിമാരെ തല്ലാനും തല്ല് കൊള്ളാനും തയ്യാറായെത്തുന്ന കമ്യൂണിസ്റ്റുകാരന്റെ വേഷം അബു ചിത്രത്തിൽ ചെയ്തിരിക്കുന്നു. ചാക്കോ എന്ന ഈ കഥാപാത്രത്തെ ഇന്നും ഇടുക്കിയിലെ പ്രായം ചെന്ന നേതാക്കളിൽ നമുക്ക് കാണാനാകും.


ലെനിൻ ഭാരതി തന്നെ 'സ്കെച്ചിട്ട് പിടിച്ച'താണെന്ന് അബു വളയംകുളം പറയുന്നു. ചാക്കോ എന്ന കഥാപാത്രത്തിന്റെ സ്കെച്ച് തയ്യാറാക്കിയ ശേഷം കേരളത്തിലെ നാടകനടന്മാരുടെ പ്രൊഫൈലുകൾ തപ്പുകയായിരുന്ന ലെനിൻ ഭാരതിക്കു മുമ്പിൽ അബു അഭിനയിച്ച ദായോം പന്ത്രണ്ടും എന്ന സിനിമയുടെ പോസ്റ്ററുകൾ എത്തുകയായിരുന്നു.

സ്വന്തമായി ഒരൽപം ഭൂമി വേണമെന്ന ഏലപ്പണിക്കെത്തിയ തൊഴിലാളികളിലൊരാളുടെ മോഹവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങളുമാണ് മേർക്ക് തൊടർച്ചി മലൈയുടെ ഇതിവൃത്തം. വിമോചന സമരാനന്തരം വന്ന സർക്കാരുകൾ തൊഴിലാളികളോട് കാണിച്ചുകൂട്ടിയ ക്രൂരതകൾ ഏറെക്കാലം തുടർന്നു. പട്ടയം കൊടുക്കുന്നതും മറ്റും തടഞ്ഞു. കുടിയേറ്റം നിരോധിച്ചു. അശാന്തമായ ഒരു കാലം തമിഴ് തൊഴിലാളികൾ മറികടന്നത് യഥാതഥമായി വരച്ചെടുത്തിരിക്കുകയാണ് ലെനിൻ ഭാരതി. അബു വളയംകുളവും മറ്റ് രണ്ട് നടന്മാരുമൊഴിച്ചാൽ ഈ പടത്തിൽ നടിച്ചിരിക്കുന്നവരെല്ലാം ഏലത്തോട്ടങ്ങളിലെ തൊഴിലാളികളാണ്. അവർ സ്വന്തം ജീവിതം സിനിമയിൽ ജീവിച്ചു തിർക്കുക തന്നെയാണ്.

എടുത്തു പറയേണ്ട കാര്യങ്ങളിലൊന്ന് തെന്മാവട്ടത്തിന്റെ ആത്മാവ് തൊട്ടുള്ള സംഗീതമാണ്. തേനിക്കാരനായ ഇസൈഞാനി ഇളയരാജയാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.


നല്ല സിനിമ ചെയ്യണമെന്ന ആഗ്രഹം കൊണ്ടുനടക്കുന്ന വിജയ് സേതുപതിക്ക് മുന്നിൽ വന്നുകിട്ടിയ അവസരമായിരുന്നു ലെനിൻ ഭാരതി. ചിത്രത്തിന്റെ നിർമാണം വിജയ് സേതുപതിയാണ് നിർവ്വഹിച്ചിരിക്കുന്നത്.

നിരവധി ദേശീയ, അന്തർദ്ദേശീയ മേളകളിൽ ഇതിനകം ചിത്രം പ്രദർശിപ്പിച്ചു കഴിഞ്ഞു. മു കാശിവിശ്വനാഥന്റെ എഡിറ്റിങ്ങും തേനി ഈശ്വറിന്റെ ഛായാഗ്രാഹണവും ഏറെ പ്രകീർത്തിക്കപ്പെടുന്നുണ്ട്. ഗായത്രി കൃഷ്ണ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Next Story

Related Stories