TopTop
Begin typing your search above and press return to search.

"ഒരു കാര്യം ഉറപ്പാണ്, ഞാന്‍ പഴയ ഞാനേ അല്ല": എണസ്റ്റോയെ 'ചെ' ആക്കിയ യാത്ര; വാള്‍ട്ടര്‍ സാലസിന്റെ സിനിമയും

ഒരു കാര്യം ഉറപ്പാണ്, ഞാന്‍ പഴയ ഞാനേ അല്ല: എണസ്റ്റോയെ ചെ ആക്കിയ യാത്ര; വാള്‍ട്ടര്‍ സാലസിന്റെ സിനിമയും

"ഇതൊരു ധീരസാഹസിക യാത്രയുടെ കഥയല്ല

ഇത് സമാനമായ ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമായി

രണ്ട് ജീവിതങ്ങള്‍ കുറച്ചു സമയത്തേക്ക് ഒരുമിച്ച് നീങ്ങിയ അനുഭവമാണ്

ഞങ്ങളുടെ കാഴ്ച്ചപ്പാടുകള്‍ സങ്കുചിതവും ഏകപക്ഷീയവും എടുത്തുചാട്ടത്തോടെ ഉള്ളതും ആയിരുന്നോ?

ഞങ്ങളുടെ നിഗമനങ്ങള്‍ വല്ലാതെ കടുത്തുപോയോ?

ഒരു പക്ഷേ ശരിയായിരിക്കാം,

എന്നാല്‍ ഞങ്ങളുടെ അമേരിക്കയിലൂടെ നടത്തിയ സഞ്ചാരം എന്നെ ഞാന്‍ വിചാരിച്ചതിലധികം മാറ്റി.

ഒരു കാര്യം ഉറപ്പാണ്, ഞാന്‍ പഴയ ഞാനേ അല്ല"

(മോട്ടോര്‍ സൈക്കിള്‍ ഡയറീസ് - ഏണസ്റ്റോ ഗുവേര ഡി ലാ സര്‍ന)

1951 ഒക്ടോബര്‍. അര്‍ജന്റീനയിലെ കൊര്‍ദോബയില്‍ നിന്ന് ബയോകെമിസ്റ്റായ ആല്‍ബര്‍ട്ടോ ഗ്രനേഡോ തലസ്ഥാനമായ ബ്യൂണസ് ഐറിസിലെത്തുന്നു. സുഹൃത്ത് ഏണസ്‌റ്റോ ഗുവേരയോടൊപ്പം ഒരു യാത്ര തിരിക്കുകയാണ് ലക്ഷ്യം. ബ്യൂണസ് ഐറിസ് സര്‍വകലാശാലയിലെ അവസാനവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് ഏണസ്റ്റോ. ആല്‍ബര്‍ട്ടോയ്ക്ക് 29ഉം ഏണസ്റ്റോയ്ക്ക് 23മാണ് പ്രായം. യാത്രയുടെ ലക്ഷ്യങ്ങള്‍ പലതാണ്. യാത്ര ചെയ്യാനുള്ള, പുതിയ ഇടങ്ങള്‍ കണ്ടെത്താനുള്ള യുവത്വത്തിന്റെ ആവേശം തന്നെയാണ് പ്രധാന പ്രേരണ. പിന്നെ തങ്ങളുടെ മെഡിക്കല്‍ പ്രൊഫഷനുമായി ബന്ധപ്പെട്ട ചില പഠന, ഗവേഷണ ലക്ഷ്യങ്ങളും. ഇരുവരുടേയും തീര്‍ത്തും വ്യത്യസ്തമായ അഭിരുചികളും സ്വഭാവ സവിശേഷതകളും തുടക്കം മുതല്‍ രസകരമായി അവതരിപ്പിക്കുന്നു വാള്‍ട്ടര്‍ സാലസ് സംവിധാനം ചെയ്ത മോട്ടോര്‍സൈക്കിള്‍ ഡയറീസ് (ഡയറിയോസ് ഡി മോട്ടോര്‍സൈക്ലെറ്റ).

ഒരു റസ്റ്ററന്റിലിരുന്നാണ് യാത്രാപദ്ധതി തയ്യാറാക്കുന്നത്. പ്രധാന ആസൂത്രകനായ ആല്‍ബര്‍ട്ടോ, മാപ്പ് വെച്ച് പോകാനുദ്ദേശിക്കുന്ന വഴിയടക്കമുള്ള കാര്യങ്ങള്‍ വിശദീകരിക്കുന്നു. തൊട്ടപ്പുറത്തെ മേശയ്ക്കടുത്ത് ഉറക്കം തൂങ്ങുന്ന, കുടവയറുള്ള മധ്യവയസ്‌കന്‍ ഇരിക്കുന്നുണ്ട്.

ആല്‍ബര്‍ട്ടോ ബിയര്‍ നുണഞ്ഞുകൊണ്ട് ചോദിക്കുന്നു: "ഫ്യൂസര്‍, (ആല്‍ബര്‍ട്ടോ ഏണസ്‌റ്റോയെ അങ്ങനെയാണ് വിളിക്കുന്നത്) നിനക്ക് അയാളെപ്പോലെ ജീവിതം ജീവിച്ചു തീര്‍ക്കുകയാണോ വേണ്ടത്?"

"നിനക്കെന്താണ് വേണ്ടതെ'ന്നായി ഏണസ്റ്റോ. 'എല്ലാ ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്തും പോയി ആരെയെങ്കിലും ഭോഗിക്കണോ?"

"പറ്റുമെങ്കില്‍ ഓരോ നഗരത്തിലും" എന്ന് രസികനായ ആല്‍ബര്‍ട്ടോ.

എന്തായാലും ഏണസ്‌റ്റോയുടെ വീട്ടില്‍ നിന്ന് ഇരുവരും യാത്ര തുടങ്ങുന്നു. 'ലാ പൊദെറോസ' (ശക്തിമാന്‍) എന്ന് അവര്‍ വിളിക്കുന്ന നോര്‍ട്ടണ്‍ 500 എന്ന ഘടാഘടിയന്‍ ബൈക്കിലാണ് യാത്ര. യാത്രയ്ക്കുള്ള സഞ്ചികളും സാമാനങ്ങളുമെല്ലാം ബൈക്കിനെ മൂടിയിരിക്കുന്നു. തുടക്കം തന്നെ ഒരു ബസുമായുള്ള കൂട്ടിയിടി തലനാരിഴയ്ക്ക് ഒഴിവാക്കിയാണ്. പിന്നീട് പലപ്പോഴും ഈ വീഴ്ചയും അന്തമില്ലാത്ത പോക്കും തുടരുന്നു.

അമ്മ സീലിയയ്ക്കുള്ള കത്തുകളുടെ രൂപത്തിലാണ് യാത്രയെക്കുറിച്ച് ഏണസ്റ്റോയുടെ നരേഷനുകള്‍ വരുന്നത്. മിരാമര്‍ എന്ന പ്രദേശത്ത് ഒരു റിസോര്‍ട്ട് ബംഗ്ലാവില്‍ ഏണസ്‌റ്റോയുടെ കാമുകി ചിചീനയും കുടുംബവുമുണ്ട്. ചിചീനയെ കാണണം. ആദ്യ ലക്ഷ്യം അതാണ്. ചിചീനയുമായുള്ള ഏറെ വൈകാരികമായ വേര്‍പിരിയലിന് ശേഷം യാത്ര തുടരുന്നു. ഏണസ്‌റ്റോയുടെ മനസ് പ്രണയാതുരമാണ്:

I used to listen the bare feet splashing on a ship

And had a feeling of faces darkened by hunger

my heart was a pendulam between her and the street

I dont know with what strength I freed myself from her eyes,

broke away from her arms

she was left clouding with tears her anguish,

behind the rain and the glass.

"നെരൂദ?" ആല്‍ബര്‍ട്ടോ ചോദിക്കുന്നു.

"അല്ല" - ഏണസ്‌റ്റോയുടെ മറുപടി.

"ലോര്‍ക്ക?" പിന്നെയും ചോദ്യം.

"അല്ല"

"പിന്നെ ആര്?"

"ഓര്‍മ്മയില്ല".

യാത്ര തുടരുകയാണ്. ആല്‍ബര്‍ട്ടോ അത്യാവശ്യം തരികിടയൊക്കെ കയ്യിലുള്ള, സ്വയം മാര്‍ക്കറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. അല്‍പ്പം സുഖിപ്പിക്കലും നുണയുമൊന്നുമില്ലെങ്കില്‍ ജീവിക്കാന്‍ കഴിയില്ലെന്നാണ് ആല്‍ബര്‍ട്ടോയുടെ നിലപാട്. അപ്രിയസത്യങ്ങള്‍ പറയില്ല. ഏണസ്റ്റോ അങ്ങനെയല്ല. dangerously honest എന്നൊക്കെ പറയാവുന്ന ഇനമാണ്. അപ്രിയസത്യങ്ങള്‍ മുഖത്ത് നോക്കി പറയും.

പോകുന്ന വഴിയിലെല്ലാം തങ്ങളുടെ യാത്രയെക്കുറിച്ച് ആളുകളോട് പറഞ്ഞും സ്വയം വാര്‍ത്താ താരങ്ങളായി മാറ്റിയുമാണ് ഇരുവരുടേയും യാത്ര. ഭക്ഷണവും താമസവുമെല്ലാം ആ വഴിക്ക് ഒപ്പിക്കാന്‍ കഴിയുന്നുണ്ട്. രാത്രി കിടക്കാന്‍ കെട്ടിയ ടെന്റിനെ കാറ്റ് കൊണ്ടുപോകുന്നു. അടുത്തുള്ള ഒരു വൃദ്ധനെ കണ്ട് കിടക്കാന്‍ ഒരു ഇടം ചോദിക്കുന്ന രംഗം ഏറെ രസകരമാണ്. ലക്ഷ്യം താമസിക്കാന്‍ ഒരു മുറി മാത്രമാണെങ്കിലും ആല്‍ബര്‍ട്ടോ ഏറെ വിശദീകരണങ്ങള്‍ തങ്ങളുടെ യാത്രയെപ്പറ്റി നല്‍കുന്നു. തങ്ങള്‍ ലാറ്റിനമേരിക്കയെ ബാധിച്ചിട്ടുള്ള ഗുരുതരമായ രോഗങ്ങളെക്കുറിച്ചും പകര്‍ച്ച വ്യാധികളെക്കുറിച്ചും ഗവേഷണം നടത്തി അതിന് പരിഹാരം തേടാന്‍ ഉദ്ദേശിക്കുന്ന രണ്ട് യുവ ആരോഗ്യപ്രവര്‍ത്തകരാണ് എന്നെല്ലാം തട്ടിവിടുന്നു. ക്ഷമ കെട്ട വൃദ്ധന്‍ ചോദിക്കുന്നു: "എന്ത് കോപ്പാണ് നിങ്ങള്‍ക്ക് വേണ്ടത്?". ഏണസ്റ്റോ ഉള്ള കാര്യം പറയുന്നു. വൃദ്ധന്‍ ഒരു തൊഴുത്താണ് അവര്‍ക്ക് ചൂണ്ടിക്കാട്ടുന്നത്. അവിടെ കുടിയേറ്റ തൊഴിലാളികളോടൊപ്പം കിടക്കാം. "പക്ഷേ, ഞങ്ങള്‍ ഡോക്ടര്‍മാരാണ്" എന്ന് ആല്‍ബര്‍ട്ടോ. അതുകേട്ട് വൃദ്ധന്‍ ഒരു പരിഹാസച്ചിരി ചിരിക്കുന്നു.

വൃദ്ധന്‍ ഏണസ്‌റ്റോയോട്: "നിന്റെ മുഖം എനിക്ക് ഇഷ്ടപ്പെട്ടു".

എന്നിട്ട് ആല്‍ബര്‍ട്ടോയോട്: "തടിയാ, നിന്നെ എനിക്ക് തീരെ പിടിച്ചില്ല".

യാത്രയുടെ ഓരോ ഘട്ടവും അമ്മയെ കത്തുകളിലൂടെ അറിയിക്കുന്നുണ്ട് എണസ്റ്റോ. ലക്കും ലഗാനുമില്ലാത്ത യാത്രകള്‍ ലാ പൊദെറോസയെ ക്ഷീണിതനും ദുര്‍ബലനുമാക്കിയിരിക്കുന്നു. പുതിയ രാജ്യത്തേക്ക് കടക്കുകയാണ്. ചിലി. ചെമ്പ് ഖനികളുടെ നാട്. വഴിയിലുടനീളം ജനങ്ങളുടെ ജീവിത ദുരിതങ്ങളാണ്. അതിജീവന സമരങ്ങളാണ്. വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെടുകയും കമ്മ്യൂണിസ്റ്റുകളായതിന്റെ പേരില്‍ പൊലീസ് വേട്ടയാടുകയും ചെയ്യുന്ന ദമ്പതികളാണ് യാത്രയിലെ ഏണസ്റ്റോയുടെ ആദ്യത്തെ തീവ്രമായ രാഷ്ട്രീയാനുഭവം. അവരും യാത്ര ചെയ്യുകയാണ്. തൊഴില്‍ തേടിയുള്ള യാത്ര. ജീവിക്കാന്‍ വേണ്ടിയുള്ള നിരന്തര പലായനം.

"നിങ്ങളും തൊഴില്‍ തേടിയാണോ യാത്ര ചെയ്യുന്നത്?" എന്ന് യുവതി. അല്ലെന്ന് ഏണസ്‌റ്റോ.

"പിന്നെ എന്തിനാണ് യാത്ര ചെയ്യുന്നത്?" "വെറുതെ, യാത്ര ചെയ്യാന്‍ വേണ്ടി മാത്രം" എന്ന് മറുപടി.

യുവതിയുടെ ചോദ്യം ഏണസ്‌റ്റോയേയും ആല്‍ബര്‍ട്ടോയേയും അസ്വസ്ഥരാക്കുന്നുണ്ട്. ഈ രണ്ട് കരിപുരണ്ട മുഖങ്ങള്‍ ഏണസ്‌റ്റോയുടെ മനസില്‍ എന്നെന്നേക്കുമായി പതിഞ്ഞുകഴിഞ്ഞു.

വഴി നീളെ തൊഴില്‍ തേടി അലയുന്ന തൊഴിലാളികളേയും കര്‍ഷകരേയുമാണ് ഏണസ്റ്റോ കാണുന്നത്. ഖനിത്തൊഴിലാളികളെ പൊരിവെയിലത്ത് മണിക്കൂറുകളോളം നിര്‍ത്തി വെള്ളം പോലും കൊടുക്കാതെ ലോറിയില്‍ കൂട്ടമായി കയറ്റി കൊണ്ടുപോകുന്ന അനാക്കോണ്ട മൈനിംഗ് കമ്പനിയുടെ വാഹനത്തിന് നേരെ കല്ലെറിഞ്ഞും ഉദ്യോഗസ്ഥനെ ശകാരിച്ചും ഏണസ്റ്റോ ധാര്‍മ്മികരോഷം പ്രകടിപ്പിക്കുന്നു. ലാ പൊദെറോസയ്ക്ക് ഇനി യാത്ര തുടരാന്‍ കഴിയില്ല. ഇനിയങ്ങോട്ട് മോട്ടോര്‍ സൈക്കിള്‍ ഇല്ലാത്ത ഡയറിയാണ്. ഇതിനിടയില്‍ ഇരുവരുടേയും ചില കുസൃതികളും നര്‍മ സന്ദര്‍ഭങ്ങളും.

മഹത്തായ തദ്ദേശീയ ഇങ്കാ സംസ്കാരത്തിന്റെ കേന്ദ്രമായ പെറുവാണ് അടുത്ത രാജ്യം. ചരിത്ര പൈതൃകത്തിന്റെ ശേഷിപ്പായ മാച്ചു പിച്ചുവിലും അവര്‍ എത്തുന്നു.

"ഫ്യൂസര്‍, എനിക്കൊരു ഐഡിയ തോന്നുന്നു. ഞാന്‍ ഒരു ഇങ്ക വംശജയെ വിവാഹം കഴിക്കും. എന്നിട്ട് നമുക്ക് തദ്ദേശീയരുടെ ഒരു പാര്‍ട്ടി ഉണ്ടാക്കാം. എന്നിട്ട് തിരഞ്ഞെടുപ്പില്‍ മത്സരിക്കും. നമ്മള്‍ തുപാക് അമാറുവിന്റെ വിപ്ലവം പുതിയ രൂപത്തില്‍ നടപ്പാക്കും. അത് എങ്ങനെയുണ്ട്?"

"തോക്കില്ലാതെ വിപ്ലവമോ? അത് നടക്കില്ല ചങ്ങാതീ" എന്ന് ഏണസ്‌റ്റോ.

തലസ്ഥാനമായ ലിമയില്‍ ആല്‍ബര്‍ട്ടോയുടെ പരിചയക്കാരനായ ഹ്യൂഗോ പെഷെ എന്ന ഡോക്ടറാണ് ഇരുവര്‍ക്കും താമസമൊരുക്കുന്നത്. ആല്‍ബര്‍ട്ടോയുടെ കുഷ്ഠരോഗ ചികിത്സാ പരിപാടിയുടെ ഡയറക്ടറാണ്. സുഭിക്ഷ ഭക്ഷണവും എല്ലാ സൗകര്യങ്ങളോടെയും താമസവും. ഡോക്ടര്‍ നല്ല വായനക്കാരനാണ്. ഇരുവര്‍ക്കും കുറെ പുസ്തകങ്ങള്‍ വായിക്കാന്‍ നല്‍കുന്നു. ഭക്ഷണത്തിനും വസ്ത്രത്തിനും കിടക്കാനുള്ള ഇടത്തിനും പുറമെ നിറയെ ആശയങ്ങളും. ഏണസ്റ്റോയുടെ മനസ്സില്‍ ലാറ്റിന്‍ അമേരിക്കയാണ്. കര്‍ഷകത്തൊഴിലാളികളും ഖനിത്തൊഴിലാളികളും ലാറ്റിന്‍ അമേരിക്കയിലെ ഭൂബന്ധങ്ങളുമാണ്. ലാറ്റിന്‍ അമേരിക്കന്‍ വിപ്ലവമെന്ന സ്വപ്നം മുള പൊട്ടിക്കഴിഞ്ഞു.

അടുത്ത ലക്ഷ്യം ആമസോണ്‍ തീരത്ത് കുഷ്ഠ രോഗികള്‍ക്കായുള്ള സാനിറ്റോറിയം. പോകാന്‍ നേരത്ത് താന്‍ എഴുതിയ നോവല്‍ വായിച്ചോ എന്ന് ഡോക്ടര്‍ ചോദിച്ചു. എങ്ങനെയുണ്ട്? ആല്‍ബര്‍ട്ടോ ഒട്ടും കുറച്ചില്ല. പൊക്കിയടിച്ചു:

"ഗംഭീരമായിരിക്കുന്നു. ഇതുപോലൊന്ന് എഴുതാന്‍ താങ്കള്‍ക്ക് മാത്രമേ കഴിയൂ". ഏണസ്റ്റോയോടും ഡോക്ടര്‍ അഭിപ്രായം ചോദിച്ചു.

"അവനും ഇഷ്ടമായി" എന്ന് ആല്‍ബര്‍ട്ടോ.

"അത് അവനല്ലേ പറയേണ്ടത്" എന്ന് ഡോക്ടര്‍.

"ഒരു പരിശ്രമമാണ് താങ്കളുടേത്. എന്നാല്‍ തുറന്ന് പറയാമല്ലോ ഭാഷ വളരെ മോശമാണ്. വളരെ മോശമായി എഴുതപ്പെട്ട ഒന്നാണെന്നാണ് തോന്നിയത്. ഒന്നും തോന്നരുത്". "താങ്കള്‍ എന്നോട് അഭിപ്രായം ചോദിച്ചു, ഞാന്‍ പറഞ്ഞു" എന്ന് ഏണസ്‌റ്റോ.

"എന്നോട് ജീവിതത്തില്‍ ആരും ഇത്രയ്ക്ക് സത്യസന്ധമായി പെരുമാറിയിട്ടില്ല" എന്ന് ഡോക്ടര്‍.

ബോട്ടിലാണ് യാത്ര, ആമസോണിലൂടെ. പശ്ചാത്തല സംഗീതമായി ലാറ്റിനമേരിക്കന്‍ വാദ്യങ്ങള്‍ വിമത താളം മുഴക്കുന്നു. ആല്‍ബര്‍ട്ടോ ചോരാത്ത നര്‍മബോധവും രതികേളികളുമായി യാത്ര ആസ്വദിക്കുകയാണ്. ബോട്ടിലും ഏണസ്റ്റോ കാണുന്നത് ദുരിതപൂര്‍ണമായ ജീവിതം തന്നെ. കുട്ടിക്കാലം തൊട്ട് കൂടെയുള്ള കടുത്ത ആസ്ത്മ ഏണസ്‌റ്റോയെ വിടാതെ പിന്തുടരുന്നുണ്ട്.

ആമസോണിന്റെ രണ്ട് കരകളിലുമായാണ് കുഷ്ഠരോഗികള്‍ക്കായുള്ള സാനിറ്റോറിയം. പള്ളിയാണ് സാനിറ്റോറിയത്തിന്റെ നടത്തിപ്പുകാര്‍. ഒരു കരയില്‍ രോഗികളെ പാര്‍പ്പിച്ചിരിക്കുന്നു. മറുകരയില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരും കന്യാസ്ത്രീകളും. കൃത്യമായ വിഭജനം. ഇത് ഏണസ്‌റ്റോയെ അസ്വസ്ഥനാക്കുന്നുണ്ട്. നീയാ പുഴ കണ്ടോ എന്ന് ആല്‍ബര്‍ട്ടോയോട് ഏണസ്റ്റോ. 'ഉവ്വ്. എന്തേ?' 'അത് രോഗമില്ലാത്തവരില്‍ നിന്ന് രോഗികളെ അകറ്റിനിര്‍ത്തുന്നു.' രോഗികളുമായുള്ള സമ്പര്‍ക്കം ഏണസ്‌റ്റോയിലെ മനുഷ്യസ്നേഹിക്ക് പുതിയ രാഷ്ട്രീയ പാഠങ്ങളാകുന്നു. ശാരീരിക രോഗങ്ങള്‍ക്ക് പരിഹാരം കാണാന്‍ വൈദ്യവൃത്തി തിരഞ്ഞെടുത്ത ഏണസ്റ്റോ ഗുവേര സാമൂഹ്യരോഗങ്ങള്‍ക്കുള്ള ചികിത്സ തേടുന്ന ഡോക്ടറായി വളരുന്നത് ഇവിടെ നിന്നാണ്. ഏണസ്റ്റോ സാനിറ്റോറിയത്തില്‍ എല്ലാവര്‍ക്കും പ്രിയങ്കരനായി മാറുകയാണ്. പ്രാര്‍ഥിക്കുന്നവര്‍ക്ക് മാത്രം ഭക്ഷണം എന്ന പൗരോഹിത്യ ന്യായത്തെ ചോദ്യം ചെയ്യുന്നുണ്ട് എണസ്റ്റോ. അവസാനം വിശപ്പിന്‍റെ രാഷ്ട്രീയം തന്നെ ഇവിടെ ജയിക്കുന്നു. എണസ്റ്റോയുമായി ഭക്ഷണവും സ്നേഹവും പങ്ക് വക്കാന്‍ അവിടുത്തെ അന്തേവാസികളായ മനുഷ്യര്‍ തയ്യാറാകുന്നു. എണസ്റ്റോ എന്ന, ഡോക്ടറാകാന്‍ തയ്യാറാകുന്ന മെഡിക്കല്‍ വിദ്യാര്‍ഥിയും രോഗിയും തമ്മിലുള്ള സംഭാഷണ രംഗം ശ്രദ്ധേയമാണ്.

"നിങ്ങള്‍ നിങ്ങളുടെ സമയം നഷ്ടപ്പെടുത്തുകയാണ്".

"എന്താ അങ്ങനെ പറഞ്ഞത്?"

"ഈ ജിവിതം നരകമാണ്".

"ശരിയാണ്, വലിയ ദുരിതങ്ങളുണ്ട്. എന്നാല്‍ നമ്മള്‍ അതിനെ പോരാടി തോല്‍പ്പിക്കണം. മരണത്തെ ആട്ടിപ്പായിക്കണം" - ശാരീരിക രോഗനിര്‍ണയങ്ങള്‍ക്കും പരിഹാരങ്ങള്‍ക്കും ചികിത്സയ്ക്കുമപ്പുറം പോകുന്ന, അതിന്റെ സാമൂഹ്യ - രാഷ്ട്രീയ കാരണങ്ങള്‍ക്ക് കൂടി ചികിത്സ അന്വേഷിക്കുന്ന വിദ്യാര്‍ത്ഥിയെ ആണ് ഇവിടെ കാണുന്നത്. അയാളിലെ വിപ്ലവകാരിയുടെ അനുരണനങ്ങളും.

വിടവാങ്ങാനുള്ള സമയമായിക്കുന്നു. ഏറെ വൈകാരികമായ, ഉജ്ജ്വല പ്രസംഗമാണ് പിറന്നാള്‍ കൂടിയായ അന്ന് ഏണസ്റ്റോ നടത്തുന്നത്. ലാറ്റിനമേരിക്കൻ രാജ്യങ്ങള്‍ക്കിടയിലെ അതിര്‍ത്തി എന്ത് മാത്രം അര്‍ത്ഥശൂന്യമായ ഒന്നാണ് എന്നാണ് ഏണസ്‌റ്റോ പറയുന്നത്. കൂട്ടുകാരനെ ഓര്‍ത്തുള്ള അഭിമാനം ആല്‍ബര്‍ട്ടോയുടെ കണ്ണുകളിലും ശരീരഭാഷയിലും വ്യക്തമാണ്. ഭാവിയിലെ അനശ്വര വിപ്ലവകാരിയായ ചെ ഗുവേരയെ ആല്‍ബര്‍ട്ടോ കണ്ടെത്തി കഴിഞ്ഞ പോലെ തോന്നും. ഏണസ്റ്റോ ഗുവേരയായി അഭിനയിച്ച ഗേയ്ല്‍ ഗാര്‍സിയ ബെര്‍ണലിന്റേത് മികച്ച പ്രകടനം തന്നെയാണ്. എന്നാല്‍ അതിനെ കവച്ചു വക്കുകയാണോ ആല്‍ബര്‍ട്ടോയ്ക്ക് ജീവന്‍ നല്‍കിയ റോഡ്രിഗോ ഡി ലാ സര്‍നയെന്ന് പലപ്പോഴും തോന്നി.

പിറന്നാള്‍ ദിനത്തില്‍ ഏണസ്റ്റോ ആമസോണ്‍ നദിയോ മനുഷ്യനോ തീര്‍ത്ത വേര്‍തിരിവ് മുറിച്ചുകടക്കാന്‍ തന്നെ തീരുമാനിക്കുന്നു. ചില്ലറ സാഹസമൊന്നും അല്ല. നിറഞ്ഞൊഴുകുന്ന ആമസോണിന്റെ ഒരു കരയില്‍ നിന്ന് അപ്പുറത്തേക്ക്. അതും രാത്രി. ഏണസ്റ്റോയെ പിന്തിരിപ്പിക്കാനുള്ള ആല്‍ബര്‍ട്ടോയുടെ ശ്രമം വിജയിക്കുന്നില്ല. കടുത്ത ആസ്ത്മ രോഗിയായ ഏണസ്‌റ്റോ അദ്ഭുകരമായി നീന്തി മറുകരയെത്തുകയും ചെയ്യുന്നു.

അടുത്ത ദിവസം രാവിലെ സാനിറ്റോറിയത്തിലെ അന്തേവാസികള്‍ നിര്‍മ്മിച്ചു നല്‍കിയ മാംബോ ടാങ്കോ എന്ന മുളകൊണ്ടുള്ള ചങ്ങാടത്തിലാണ് ഇരുവരും പോകുന്നത്. വെനിസ്വേലയാണ് ലക്ഷ്യം. തലസ്ഥാനമായ കാരക്കാസില്‍ ഒരു ആശുപത്രിയില്‍ ആല്‍ബര്‍ട്ടോയ്ക്ക് ജോലി ശരിയായിട്ടുണ്ട്. ഏണസ്‌റ്റോ അമേരിക്കയിലെ മിയാമിയിലേയ്ക്ക് പോകുന്നു. വൈകാരികമായ മറ്റൊരു വേര്‍പിരിയല്‍. ആല്‍ബര്‍ട്ടോയുടെ കാഴ്ചയിലാണ് വിടവാങ്ങല്‍ ചിത്രീകരിക്കുന്നത്. എണസ്റ്റോയുടെ മോട്ടോര്‍സൈക്കിള്‍ ഡയറി എന്ന ഓര്‍മ്മക്കുറിപ്പുകള്‍ക്കൊപ്പം ആല്‍ബെര്‍ട്ടോയുടെ തെളിഞ്ഞ ഓര്‍മ്മയും പതിറ്റാണ്ടുകള്‍ക്ക് മങ്ങലേല്‍പ്പിക്കാന്‍ കഴിയാത്ത മനസിലെ ഫ്രെയ്മുകളും വാള്‍ട്ടര്‍ സാലസിനെ സഹായിക്കുന്നുണ്ട്. നരേഷന്‍ ഏണസ്‌റ്റോയുടെ മോട്ടോര്‍ സൈക്കിള്‍ ഡയറിയില്‍ നിന്നും. കുട്ടുകാരന്‍ വിമാനത്തില്‍ യാത്ര തിരിക്കുന്നത് നോക്കി നില്‍ക്കുകയാണ് ആല്‍ബര്‍ട്ടോ. വിമാനം പറന്നുയര്‍ന്ന് അപ്രത്യക്ഷമാവും വരെ ആല്‍ബര്‍ട്ടോ അത് നോക്കി നില്‍ക്കുന്നു.

പിന്നീട് കാണുന്നത് ഏണസ്റ്റോ മനസില്‍ പകര്‍ത്തിയ ഓര്‍മച്ചിത്രങ്ങളാണ്. കര്‍ഷകത്തൊഴിലാളികള്‍, ഖനിത്തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍, രോഗികള്‍, ഭൂമി അപഹരിക്കപ്പെട്ടവര്‍, കുടിയിറക്കപ്പെട്ടവര്‍, അടിച്ചമര്‍ത്തപ്പെടുന്നവര്‍ എല്ലാ ചിത്രങ്ങളും അവരുടെ ജീവിതം പോലെ നിറങ്ങളില്ലാതെ കറുപ്പിലും വെള്ളയിലും മാത്രം കാണാം. താന്‍ ഇനി മുതല്‍ പഴയ താനല്ലെന്ന ഉറച്ച ബോദ്ധ്യം ഏണസ്റ്റോക്കുണ്ട്. ലാറ്റിനമേരിക്കന്‍ യാത്ര തന്നെ അത്തരത്തില്‍ മാറ്റിയിരിക്കുന്നു. പുതിയ ഭൂപ്രദേശങ്ങള്‍ക്കും മനുഷ്യര്‍ക്കുമൊപ്പം തന്റെ തന്നെ സ്വത്വം ഏണസ്റ്റോ കണ്ടെത്തുന്നു. പിന്നീട് കാണുന്നത് വൃദ്ധനായ ആല്‍ബര്‍ട്ടോയുടെ ക്ലോസ് അപ്പ് ദൃശ്യമാണ്. 82 കാരനായ അയാള്‍ പതിറ്റാണ്ടുകള്‍ക്കിപ്പുറവും കാരക്കാസില്‍ നിന്ന് പറന്നുയര്‍ന്ന ആ വിമാനം തന്നെ നോക്കി നില്‍ക്കുകയാണ്. മുഖത്ത് വാര്‍ദ്ധക്യത്തിന്റെ ചുളിവുകളും അവശതയും വ്യക്തമാണ്. എന്നാല്‍ പ്രതീക്ഷ മങ്ങിയിട്ടില്ല. ഓര്‍മ്മകളുടെ വേലിയേറ്റത്തില്‍ പഴയ യാത്രയുടെ ആവേശവും വൈകാരികതയും ഉണ്ടാവാതിരിക്കാനിടയില്ല. അത് ശരിക്കുള്ള ആല്‍ബര്‍ട്ടോയാണ്. പിന്നീട് ചെ ഗുവേരയായി മാറിയ ഏണസ്റ്റോയുടെ സുഹൃത്ത് ആല്‍ബര്‍ട്ടോ ഗ്രനേഡോ.

അവനവനെ തന്നെ കണ്ടെത്തുന്ന യാത്രകളുടെ ഏറ്റവും മനോഹരമായ ദൃശ്യാവിഷ്‌കാരങ്ങളില്‍ ഒന്നാണ് വാള്‍ട്ടര്‍ സാലസിന്‍റെ മോട്ടോര്‍സൈക്കിള്‍ ഡയറീസ്. 2004ലാണ് ചിത്രം പുറത്തിറങ്ങിയത്. ലീനിയര്‍ ശൈലിയില്‍ തന്നെയാണ് കഥാഗതി. ഏണസ്‌റ്റോ ഗുവേരയുടെ മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്ന പുസ്തകത്തിന്റെ ദൃശ്യാവിഷ്കാരമായ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹോസെ റിവേറയാണ്. ഏറിക് ഗോഷ്യര്‍ ക്യാമറയും ഗുസ്താവോ സാന്റാലാല പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നു. സിനിമാട്ടോഗ്രഫിയുടെയും പശ്ചാത്തല സംഗീതത്തിന്റെയും ശബ്ദ മിശ്രണത്തിന്റേയും മികവ് എടുത്തുപറയേണ്ടതാണ്. നിശ്ശബ്ദതയും ബഹളവും ഗതിവേഗവും മന്ദതയും എല്ലാം ഒട്ടും വിരസതയില്ലാതെ അനുഭവവേദ്യമാക്കാന്‍ വാള്‍ട്ടര്‍ സാലസിനും സംഘത്തിനും കഴിഞ്ഞിട്ടുണ്ട്. ലാറ്റിനമേരിക്കയുടെ ചൂടും തണുപ്പും വെയിലും മഞ്ഞും ഗന്ധങ്ങളും ഋതുഭേദങ്ങളുമെല്ലാം ഹൃദയത്തില്‍ തൊടുംവിധം അനുഭവവേദ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ട് വാള്‍ട്ടര്‍ സാലസിനും സംഘത്തിനും. കലാസംവിധാനം നിര്‍വഹിച്ച ഗ്രേസില ഒഡെറിഗോ, ലോറന്റ് ഓറ്റ്, മരിയ യൂജിനിയ, സൂറിയോ എന്നിവരും സെറ്റ് തയ്യാറാക്കിയ കാര്‍ലോസ് കോണ്ടിയും 1950കളിലെ ലാറ്റിനമേരിക്കന്‍ ജനജീവിതത്തെ മനോഹരമായി പുനസൃഷ്ടിച്ചിരിക്കുന്നു.

ഇത് തങ്ങളുടെ ജീവിതാനുഭവം അതുപോലെ പകര്‍ത്തിയതാണെന്ന് ആല്‍ബര്‍ട്ടോ ഗ്രനേഡോ, ചിത്രം കണ്ട ശേഷം സാക്ഷ്യപ്പെടുത്തുകയും ചെയ്തു. ഏണസ്റ്റോയേയും ആല്‍ബര്‍ട്ടോയേയും സംബന്ധിച്ച് പൊരിവെയിലത്തെ നടത്തം അവരുടെ സ്വത്വാന്വേഷണത്തിന്റെ ഭാഗമാണ്. ഈ നടത്തം അവരെ സംബന്ധിച്ച് വേണമെങ്കില്‍ ഒഴിവാക്കാമായിരുന്നൊരു തിരഞ്ഞെടുപ്പാണ്. എന്നാല്‍ അവര്‍ വഴിയില്‍ നിരന്തരം കാണുന്ന കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ച് ഇത് ജീവിക്കാനുള്ള അനിവാര്യതയാണ്.

ആല്‍ബെര്‍ട്ടോ ഗ്രനേഡോ, ഗെയില്‍ ഗാര്‍സിയ ബെര്‍ണലിനും റോഡ്രിഗ ഡി ല സെര്‍നയ്ക്കും ഒപ്പം 'ലാ പൊദെറോസ'യില്‍ - മോട്ടോര്‍സൈക്കിള്‍ ഡയറീസിന്‍റെ ചിത്രീകരണത്തിനിടെ എടുത്ത ഫോട്ടോ.

ചെ ഗുവേരയും ഗ്രനേഡോയും നടത്തിയ യാത്രയുടെ യഥാര്‍ത്ഥ ഫോട്ടോകളും അവസാനം കാണാം. ലോകത്ത് ഏത് ഭാഷകളില്‍ പുറത്തിറങ്ങിയ മികച്ച റോഡ് മൂവികള്‍ എടുത്താലും ജീവിതാനുഭവം ചിത്രീകരിച്ച ബയോപ്പിക് സിനിമകളെടുത്താലും അതില്‍ മോട്ടോര്‍ സൈക്കിള്‍ ഡയറീസ് ആദ്യം വരുന്ന പേരുകളിലൊന്നായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ലാറ്റിനമേരിക്കയുടെ ഭൂപ്രകൃതിയെ, അതില്‍ ഋതുഭേദങ്ങള്‍ തീര്‍ക്കുന്ന വിസ്മയങ്ങളെ, അതിന്റെ കേവല ദൃശ്യ സൗന്ദര്യത്തിനപ്പുറത്ത് അന്യവൽക്കരിക്കപ്പെടുന്ന മനുഷ്യരുടെ അതിജീവന സമരവുമായി, അവരുടെ പ്രതീക്ഷകളുമായി ചേര്‍ത്തുവെയ്ക്കുകയാണ് വാള്‍ട്ടര്‍ സാലസ്. യാത്ര മനുഷ്യനിലുണ്ടാക്കുന്ന പരിവര്‍ത്തനം, യാത്രയിലൂടെ പുതിയ ജീവിതം രൂപപ്പെടുന്നത് - ഇതെല്ലാം ഇത്ര മികവുറ്റ രീതിയില്‍ സാക്ഷാത്കരിച്ച മറ്റൊരു സിനിമയുണ്ടോ എന്ന് സംശയം.

മോട്ടോര്‍സൈക്കിള്‍ ഡയറീസ് - സിനിമ കാണാം:

Next Story

Related Stories