Top

ടിനു പാപ്പച്ചന്‍/ അഭിമുഖം: എനിക്ക് ഇനിയും ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകനില്‍ നിന്നും പഠിക്കാനുണ്ട്

ടിനു പാപ്പച്ചന്‍/ അഭിമുഖം: എനിക്ക് ഇനിയും ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകനില്‍ നിന്നും പഠിക്കാനുണ്ട്
അങ്കമാലി ഡയറീസിലൂടെ മലയാള സിനിമയില്‍ തുടക്കം കുറിച്ച ആന്റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ ടിനു പാപ്പച്ചന്‍ ഒരുക്കിയ ചിത്രമാണ് സ്വാതന്ത്യം അര്‍ധരാത്രിയില്‍. വിചാരണ തടവുകാരനായ ജേക്കബും മറ്റു തടവുകാരും ജയില്‍ ചാടാന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഈസ്റ്റര്‍ റിലീസായി തീയേറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം തന്നെ പ്രേക്ഷക സ്വീകാര്യത നേടി കഴിഞ്ഞു. ചിത്രത്തിന്റെ വിജയത്തെ കുറിച്ചും ആദ്യ സംവിധാന സംരഭത്തിന്റെ അനുഭവങ്ങളും
ടിനു പാപ്പച്ചന്‍
പങ്കുവെക്കുന്നു.


ആദ്യ ചിത്രത്തിന്റെ വിജയം എല്ലാവര്‍ക്കും സന്തോഷം തരുന്നതാണ് എങ്കിലും നേട്ടത്തെ കുറിച്ച്?
തീര്‍ച്ചയായും ഒരുപാട് സന്തോഷമുണ്ട്. എല്ലാവരും സിനിമയെടുക്കുന്നത് വിജയിക്കാനാണ്, എങ്കിലും തീയേറ്ററില്‍ സിനിമ കഴിഞ്ഞ് പ്രേക്ഷകര്‍ കൈയടിക്കുമ്പോള്‍, നമ്മുക്ക് അറിയാത്തവര്‍ പോലും ചിത്രം കണ്ടിട്ട് വിളിച്ച് അഭിനന്ദിക്കുമ്പോള്‍ തീര്‍ച്ചയായും വളരെ സന്തോഷത്തിലാണ്. പക്ഷെ ഈ വിജയത്തിന് ഞാന്‍ ഒരുപാട് പേരോട് കടപ്പെട്ടിരിക്കുന്നു. ലിജോ ജോസ് പെല്ലിശേരി, ഗിരീഷ് ഗംഗാധരന്‍..ചിത്രത്തിന്റെ മുഴുവന്‍ ക്രൂ, അങ്ങനെ എല്ലാവരോടും. അവരെയെല്ലാം നന്ദിയോടെ ഓര്‍ക്കുന്നു.

ചിത്രത്തിന്റെ വിജയത്തില്‍ വലിയൊരു പങ്കുവഹിക്കുന്നത് അഭിനേതാക്കളുടെ മികച്ച പ്രകടനം തന്നെയാണ്...ആദ്യ ചിത്രത്തിലെ കൃത്യതയുള്ള കാസ്റ്റിംഗ് സാധ്യമായത് എങ്ങനെയാണ്?
ഈ കഥ കിട്ടിയപ്പോള്‍ തന്നെ ആദ്യം മനസില്‍ വന്നത് ആന്റണിയാണ്. ആന്റണിയെ വിളിച്ചു കഥ പറഞ്ഞു. ആന്റണിക്ക് ഇഷ്ടമായി... സൈമണ്‍ എന്ന കഥാപാത്രം വിനായകനെ കൊണ്ട് ചെയ്യിപ്പിക്കണം എന്നൊരു ആഗ്രഹമുണ്ടായിരുന്നു. ആദ്യം വിനായകനോട് സംസാരിക്കുന്നത് ചെമ്പന്‍ വിനോദാണ്. പിന്നെ ഈ മ യൗ വിന്റെ സെറ്റില്‍ വെച്ച് ഞാനും സംസാരിച്ചു. രണ്ട് മൂന്ന് വരി കേട്ടപ്പോള്‍ തന്നെ ഞാന്‍ ലൊക്കേഷനില്‍ ഉണ്ടാകും നമ്മുക്ക് ചെയ്യാമെന്ന് പറഞ്ഞു. ചെമ്പന്‍ വിനോദിന്റെ കഥാപാത്രം അദ്ദേഹം ഇങ്ങോട്ട് പറഞ്ഞതാണ് ഞാന്‍ ചെയ്യതോളാം എന്ന്. നായികയായ അശ്വതി ഉള്‍പ്പെടെയുള്ള കുറച്ച് പേരെ ഓഡിഷനീലൂടെ കണ്ടെത്തി.

മലയാളത്തില്‍ ഏറെ കാലത്തിന് ശേഷം വരുന്ന ജയില്‍ ബ്രേക്കിംഗ് ഡ്രാമയാണിത്?അതെ. അത് പക്ഷെ സംഭവിച്ച് പോയതാണ്. ഞാന്‍ ആദ്യം ചെയ്യാനിരുന്ന ചിത്രം ഇതല്ല. ഒരു സൂപ്പര്‍ താരത്തെ വെച്ചുള്ള ചിത്രമായിരുന്നു മനസില്‍. പക്ഷെ പല കാരണങ്ങള്‍ കൊണ്ടും അത് നടന്നില്ല . ആ സമയത്താണ് ദിലീപ് (തിരക്കഥാകൃത്ത് ) ഈ കഥ പറയുന്നത്. ഇത് നല്ല ത്രില്ലിംഗ് ആയിട്ട് തോന്നി, അങ്ങനെയാണ് ഈ ചിത്രം ചെയ്യുന്നത്.

ആദ്യം ചിത്രം തന്നെ ഡാര്‍ക്ക് ത്രില്ലറാക്കിയത് എന്തുകൊണ്ടാണ്?
മനപൂര്‍വ്വമായിരുന്നില്ല. ഓരോ കഥയും ആവശ്യപ്പെടുന്ന ഒരു മേക്കിംഗ് രീതിയുണ്ടല്ലോ? ആ രീതിയില്‍ മാത്രമേ നമ്മുക്ക് ആ ചിത്രം ചെയ്യാനാകൂ. ഈ ചിത്രം ഒരു ജയില്‍ പശ്ചാത്തലമാക്കിയുള്ളതാണ്. അപ്പോള്‍ നമ്മള്‍ എത്ര പ്ലസന്റാക്കാന്‍ ശ്രമിച്ചാലും നടക്കില്ല. പക്ഷെ ഞാന്‍ ഇത് വളരെ എക്‌സൈറ്റഡ് ആയിട്ടും ആസ്വദിച്ചും ചെയ്ത സിനിമയാണ്. അതുകൊണ്ട് തന്നെ ഒരു ഡാര്‍ക്ക് ത്രില്ലര്‍ എന്ന രീതിയില്‍ കാണുന്നില്ല.ആദ്യ ചിത്രത്തില്‍ തന്നെ ഗുരുവിനെ അഭിനയിപ്പിക്കാനുള്ള തീരുമാനം ?
ആദ്യം സ്‌ക്രിപ്റ്റ് ചെയ്യുമ്പോള്‍ സത്യത്തില്‍ ലിജോ (ലിജോ ജോസ് പെല്ലിശ്ശേരി)ചേട്ടന് വേഷമൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് കഥ വായിച്ചു നോക്കുമ്പോഴാണ് വക്കീലിന്റെ വേഷം ആശാനെ കൊണ്ട് ചെയ്യിപ്പിക്കാം എന്ന് തീരുമാനിച്ചത്. ഞങ്ങള്‍ പറഞ്ഞപ്പോള്‍ അദ്ദേഹം ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു. പക്ഷെ ലിജോ ചേട്ടന് അഭിനയിക്കാന്‍ ഒട്ടും താല്‍പര്യമില്ലാത്ത ആളാണ്. വക്കീല്‍ ഡ്രസൊക്കെ ഇട്ട് വന്നിട്ട് പറഞ്ഞത്, പഠിക്കുന്ന കാലത്ത് പോലും ഞാന്‍ ഇതൊന്നും ഇട്ടിട്ടില്ലാ എന്നായിരുന്നു. പക്ഷെ വളരെ രസമായിരുന്നു അദ്ദേഹം അത് നന്നായി ചെയ്യുകയും ചെയ്തു.

വളരെ വ്യത്യസ്തമായ ഫിലിം മേക്കിംഗ് രീതി പിന്തുടരുന്ന ആളാണ് ലിജോ ജോസ് പെല്ലിശ്ശേരി, ആ ശിക്ഷണം ടിനു പാപ്പച്ചന്‍ എന്ന സംവിധായകനെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട് ?
ഒരുപാട് സിനിമകള്‍ കാണുകയും കേള്‍ക്കുകയും ഒക്കെ ചെയ്തിട്ടുണ്ടെങ്കിലും സിനിമയെ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ മനസിലാക്കി തന്നത് ലിജോ ചേട്ടനാണ്. അദ്ദേഹത്തിന്റെ സിനിമകളുടെ aesthetic sense , totality, ലിജോ ചേട്ടന്റെ ആത്മാര്‍ത്ഥത ഇതൊക്കെ ശരിക്കും എന്നെ സ്വാധീനിച്ചിട്ടുണ്ട്. പിന്നെ ഒരു സിനിമ പൂര്‍ത്തികരിക്കുന്നത് വരെ ഒരേ മൂഡില്‍ പോകുന്ന ആളാണ്. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ കണ്ട പലരും 'ലിജോയ്്ക്കും അഭിമാനിക്കാം, ഈ ശിഷ്യന്റെ പേരില്‍' എന്ന് വിളിച്ച് പറയുമ്പോള്‍, അത് ശരിക്കും ഒരു അംഗീകാരമാണ്. ചേട്ടനും സന്തോഷിക്കുന്നുണ്ടാവാം.

ഛായഗ്രാഹകന്‍ ഉള്‍പ്പെടെ അങ്കമാലി ഡയറീസിലെ മിക്കവരും ചിത്രത്തിലുണ്ട്.
അങ്കമാലി ഡയറീസിന്റെ കാസ്റ്റിംഗ് മുതല്‍ നമ്മള്‍ അറിയുന്നവരാണ് ഇവരില്‍ പലരും. ഈ കഥ മനസിലേക്ക് വന്നപ്പോള്‍ ഇവരില്‍ പലരുമാണ് കഥാപാത്രങ്ങളായി തെളിഞ്ഞു വന്നതും അവര്‍ അതിന് യോജിക്കുമെന്ന് തോന്നുകയും ചെയ്തത് കൊണ്ടാണ് അങ്ങനെ ഒരു തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

അങ്കമാലി ഡയറീസിന് ശേഷം ആന്റണി 200 ഓളം തിരക്കഥ കേള്‍ക്കുകയും നിരസിക്കുകയും ചെയ്തു എന്നൊരു വാര്‍ത്തയുണ്ടായിരുന്നു?
അത് തെറ്റായ വാര്‍ത്തയാണ്. ആന്റണി നാല് അഞ്ച് കഥകള്‍ കേട്ടിരുന്നു എന്നത് ശരിയാണ്. പലതും അവന് ചെയ്യാന്‍ പറ്റാത്തത് കൊണ്ട് ഉപേക്ഷിക്കുകയും ചെയ്തു. പക്ഷെ അപ്പോഴൊന്നും ഞാന്‍ ഈ ചിത്രത്തെപ്പറ്റി ചിന്തിച്ച് തുടങ്ങിയിരുന്നില്ല. പിന്നീട് ഈ ചിത്രത്തിലേക്ക് വന്നു. ആന്റണിയോട് കഥ പറയുന്നത് അതിന് ശേഷമാണ്.

ചിത്രത്തില്‍ ഒരു പാട്ട് മാത്രമേയുള്ളു...പക്ഷെ പശ്ചാത്തല സംഗീതത്തിന് വളരെ പ്രാധാന്യമുണ്ട്.
ചിത്രം ഒരു ത്രില്ലര്‍ സ്വഭാവത്തിലുള്ളതായത് കൊണ്ടാണ് ആ രീതി സ്വീകരിച്ചത്. മാത്രമല്ല പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് പുതിയ ആളാണ്. ദീപക് , മലയാളിയല്ല ബാംഗ്ലൂരുകാരനാണ്. അത് ലിജോ ചേട്ടന്റെ ഗിഫ്റ്റാണ്. അദ്ദേഹമാണ് ദീപകിനെ നിര്‍ദ്ദേശിക്കുന്നത്. മഴയത്തുള്ള ഫൈറ്റ് സീനിനുള്ള പശ്ചാത്തല സംഗീതമാണ് ദീപക് ആദ്യം ചെയ്യുന്നത്. അത് കേട്ടപ്പോള്‍ തന്നെ ആത്മവിശ്വാസമായി. ഇത് മാത്രമല്ലാട്ടോ ചിത്രം മൊത്തം ലിജോ ചേട്ടന്റെ മേല്‍നോട്ടത്തില്‍ കൂടിയാണ് പൂര്‍ത്തികരിച്ചത്. അത് കൊണ്ടാണ് കോ പ്രൊഡക്ഷന്‍ ലിജോ ജോസ് പെല്ലിശ്ശേരി എന്ന് വെച്ചിരിക്കുന്നത്. അല്ലാതെ വെറുതെ കാശ് കിട്ടാനൊന്നുമല്ല.

ഈ മ യൗ പുറത്തിറങ്ങാനിരിക്കുന്നു, ടിനു സംവിധാനം ചെയ്ത ചിത്രം വിജയമായതിന് ശേഷമാണ് അസോസിയേറ്റായി പ്രവര്‍ത്തിച്ച ചിത്രം പുറത്തിറങ്ങുന്നത് ?
ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്‌തെന്ന് കരുതി ലിജോ ചേട്ടന്റെ സ്‌കൂളില്‍ നിന്ന് പോകുന്നില്ല. അവിടുന്ന് ഇനിയും ഒരുപാട് പഠിക്കാനുണ്ട്. അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിനും ഞാന്‍ അസോസിയേറ്റ് ചെയ്യും. ഒരു സിനിമ എങ്ങനെ ചെയ്യണമെന്ന് പഠിക്കുന്നത് അദ്ദേഹത്തില്‍ നിന്നാണ്. ഓരോ സീനും അദ്ദേഹം അഭിനയിച്ച് കണിച്ചാണ് പലപ്പോഴും സിനിമ എടുക്കാറുള്ളത്. സത്യത്തില്‍ അദ്ദേഹമൊരു മികച്ച അഭിനേതാവും കൂടിയാണ്.

'തന്റെ ചിത്രം വിജയമായതിനും അപ്പുറം ലിജോ ജോസ് പെല്ലിശ്ശേരിക്ക് മികച്ച സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചതാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ സന്തോഷംമെന്നും കൂടി പറഞ്ഞുവെയ്ക്കുന്നു ടിനു. ലിജോ ചേട്ടന് കിട്ടിയത് അര്‍ഹിച്ച അംഗീകാരമാണ്. ഈ മ യൗ ഒരു മികച്ച സിനിമയായിരിക്കും, ഇതുവരെ ചെയ്തതില്‍ അത്ഭുതപ്പെടുത്തിയ സിനിമ എന്ന വിശേഷണമാണ് ടിനു ചിത്രത്തിന് നല്‍കുന്നത് '


Next Story

Related Stories