UPDATES

അലൻസിയറിനെതിരെ വെളിപ്പെടുത്തൽ നടത്തിയ ദിവ്യ ഗോപിനാഥ് സംസാരിക്കുന്നു

“ഇത് പറഞ്ഞത് കൊണ്ട് മാത്രം എന്നെ ഒഴിവാക്കുമോ എന്ന് എനിക്കറിയില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടവരെയല്ലേ ഒഴിവാക്കേണ്ടത്. അവരെയല്ലല്ലോ പ്രമോട്ട് ചെയ്യേണ്ടത്. എന്റെ കൂടെയണല്ലോ നില്‍ക്കേണ്ടത്?”

പൊതുവിടത്തില്‍ എടുത്ത സ്ത്രീപക്ഷ നിലപാടുകളിലൂടെ മലയാളികള്‍ കൂടുതലറിഞ്ഞ അലന്‍സിയര്‍ക്കെതിരെ ലൈംഗികാതിക്രമം സംബന്ധിച്ച വെളിപ്പെടുത്തലുമായി നടി രംഗത്തെത്തിയത് അല്‍പ്പം ഞെട്ടലോടെയാണ് പലരും സ്വീകരിച്ചത്. എന്നാല്‍ അത്തരത്തിലൊരാളുടെ നിലപാടിന് വിരുദ്ധമായ ചെയ്തികളെ പുറംലോകത്തിന് മുന്നില്‍ തുറന്നുകാണിക്കുവാനാണ് തന്റെ വെളിപ്പെടുത്തല്‍ എന്ന് അതിക്രമത്തിനിരയായ ദിവ്യ ഗോപിനാഥ് തുറന്നു പറയുന്നു. ദിവ്യ ഗോപിനാഥ് എന്ന താനാണ് അലന്‍സിയര്‍ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിതെന്ന് നടി തന്നെ ഫേസ്ബുക്ക് ലൈവില്‍ അറിയിക്കുകയായിരുന്നു. ‘അനോണിമസ്’ ആയി വെളിപ്പെടുത്തല്‍ നടത്തിയതിനെതിരെ പലരും വിമര്‍ശിക്കുകയും, അനുഭവങ്ങളെ വ്യാജമെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്ത സന്ദര്‍ഭത്തിലാണ് നേരിട്ട് ഫേസ്ബുക്ക് ലൈവിലെത്തി തന്റെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ തീരുമാനിച്ചതെന്നും ദിവ്യ പറഞ്ഞിരുന്നു. നടി കൂടാതെ മറ്റ് പലരും അലന്‍സിയര്‍ക്കെതിരെ പരാതി പറഞ്ഞിട്ടുണ്ടെന്ന് ഡബ്ല്യുസിസി അംഗം ദീദി ദാമോദരന്‍ അഴിമുഖത്തോട് പറഞ്ഞിരുന്നു. ദീദിയുടെ വാക്കുകള്‍ ശരിവക്കുന്നതാണ് ദിവ്യ വെളിപ്പെടുത്തിയ കാര്യങ്ങളും. തന്നെപ്പോലെ മറ്റൊരു പെണ്‍കുട്ടിക്കും ഈ അനുഭവം വരരുതെന്ന ഉദ്ദേശത്തോടെയാണ് താന്‍ തുറന്നുപറച്ചില്‍ നടത്തുന്നതെന്ന് പറഞ്ഞ ദിവ്യ തനിക്ക് നേരിട്ട അനുഭവങ്ങളും തന്റെ നിലപാടും വിശദീകരിക്കുന്നു.

‘അന്നുണ്ടായ മെന്റല്‍ ട്രോമ, അത് ഇപ്പോഴും ഞാന്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഞാന്‍ ഇന്‍സള്‍ട്ടഡ് ആവുകയായിരുന്നു. ആ ഇന്‍സള്‍ട്ട് ഇന്നും മനസ്സില്‍ കിടക്കുന്നു. പലപ്പോഴും അയാളുടെ മുഖം എനിക്ക് ഓര്‍മ്മവരും. ആ സെറ്റില്‍ വച്ച് അയാള്‍ മുഖം കൊണ്ട് കാണിച്ച വൃത്തികേടുകള്‍ ഓര്‍മ്മവരും. അയാള്‍ എന്നെ റേപ്പ് ചെയ്തിട്ടില്ല. രണ്ട് മൂന്ന് തവണ അതിന് ശ്രമിക്കുകയായിരുന്നു. ഞാന്‍ രൂക്ഷമായി പ്രതികരിച്ചതോടെ അയാള്‍ ആ ശ്രമം ഉപേക്ഷിച്ച് മടങ്ങേണ്ടി വന്നു. എന്നിട്ടും ഞാനയളോട് ക്ഷമിച്ചതാണ്. പക്ഷെ പലരോടും ഇത് ആവര്‍ത്തിക്കുകയും എന്നെയുള്‍പ്പെടെ അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്തപ്പോഴാണ് പ്രതികരിക്കാന്‍ തീരുമാനിച്ചത്.

കന്യാസ്ത്രീകളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് അച്ചന്റെ ഫോട്ടോ ഇട്ടുകൊണ്ട് ‘ ഐ ആം കമിങ്’ എന്ന് പറഞ്ഞ് പോസ്റ്റിട്ടയാളാണ്. ആ പോസ്റ്റ് കണ്ടപ്പോള്‍ എനിക്ക് തോന്നി പുറത്ത് ഇങ്ങനെ പറയുന്ന ഒരാളെ പൊളിച്ചുകാണിക്കേണ്ടത് അത്യാവശ്യമാണെന്ന്. വേറെ ആരെക്കുറിച്ച് പറയുന്നതിനും മുമ്പ് അലന്‍സിയറെ പുറത്തുകൊണ്ടുവരണമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. കാരണം അയാളുടെ പോലെ ലിബറല്‍ ബോധം വച്ചു പുലര്‍ത്തുന്നു എന്ന് പറയുന്നയാളെ എളുപ്പത്തില്‍ ആളുകള്‍ വിശ്വസിക്കും. പെണ്‍കുട്ടികളടക്കം അയാളെ വിശ്വസിച്ച് പെരുമാറാന്‍ സാധ്യതയുള്ളയാളുമാണ്. അതിനാല്‍ അയാളൊക്കെയാണ് ആദ്യം വെളിപ്പെടേണ്ടതും. കാരണം ഇനി ആര്‍ക്കും എന്റേത് പോലൊരു അനുഭവം ഉണ്ടാവരുത്. എനിക്ക് അത്തരത്തില്‍ അനുഭവമുണ്ടായത് അലന്‍സിയറുടെ ഭാഗത്തുനിന്നാണ്. അതുകൊണ്ട് ഞാനത് പറയുന്നു. ഇതില്‍ ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. എന്നുമാത്രമല്ല ഇഷ്ടമില്ലാത്ത പെരുമാറ്റമുണ്ടായപ്പോഴൊക്കെ അതിനെ എതിര്‍ക്കുകയും പ്രതിരോധിക്കുകയുമാണ് ഞാന്‍ ചെയ്തത്.

കഴിഞ്ഞ ഓഗസ്ത് മാസത്തിലാണ് അയാളോടൊപ്പം വര്‍ക്ക് ചെയ്ത സിനിമയുടെ ഷൂട്ടിങ് അവസാനിക്കുന്നത്. എന്റേതായ രീതിയില്‍ ഞാനയാളെ എതിരിട്ടതോടെ എന്നോട് മിണ്ടാതാവുകയും, സെറ്റില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. പക്ഷെ പിന്നീട് പല സെറ്റുകളിലും ചെന്ന് ആഭാസം സിനിമയുടെ സെറ്റിലെ പെണ്‍കുട്ടികളെല്ലാം തന്റെ കൂടെയായിരുന്നു എന്നും, പുള്ളിയെ യങ് ആക്കാന്‍ ആ പെണ്‍കുട്ടികള്‍ സഹായിച്ചു എന്നും, എല്ലാം സെറ്റ് ആയിരുന്നു എന്നുമൊക്കെ പറയാന്‍ തുടങ്ങി. ഇത് അറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ അയാളെ നേരിട്ട് വിളിക്കുകയും ചീത്ത വിളിക്കുകയും ചെയ്തു. ചീത്ത വിളിച്ചപ്പോള്‍ അയാള്‍ തന്നെ ഫോണ്‍ കട്ട് ചെയ്തുപോയി. പിന്നീട് എന്റെ ഒരു സുഹൃത്തിന് വോയിസ് മെസേജ് അയച്ചിട്ട് ഞാന്‍ പുള്ളിയെ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും, ആ മെസ്സേജ് എന്നെ അറിയിക്കണമെന്നും പറഞ്ഞു. ഇനി മേലില്‍ അത്തരമൊരു പെരുമാറ്റമുണ്ടാവില്ലെന്ന് പറഞ്ഞുകൊണ്ടുള്ള ക്ഷമാപണമായിരുന്നു ആ മെസ്സേജ്. ന്യായീകരിക്കുകയോ ഇനി പെണ്‍കുട്ടികളോട് അത്തരത്തില്‍ പെരുമാറിയെന്ന് അറിയുകയോ, ഞാനുള്‍പ്പെടെയുള്ള പെണ്‍കുട്ടികളെക്കുറിച്ച് മോശം പറയുകയോ ചെയ്താല്‍ ഞാന്‍ വേണ്ട നടപടികളെടുക്കുമെന്ന് പറഞ്ഞുകൊണ്ട് ആ ക്ഷമാപണം ഞാന്‍ സ്വീകരിച്ചു.

പക്ഷെ വീണ്ടും അയാള്‍ പല പെണ്‍കുട്ടികളോടും ഇത്തരത്തില്‍ പെരുമാറിയതായി അറിഞ്ഞു. എന്ന് മാത്രമല്ല നമ്മളെ അറിയാത്തവര്‍ പോലും അലന്‍സിയര്‍ ആഭാസം സെറ്റിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ പറയാനും ചോദിക്കാനും തുടങ്ങി. ഇതോടെ ജസ്റ്റിസ് ഹേമയ്ക്ക് മുന്നില്‍ ഇക്കാര്യങ്ങള്‍ പറയാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു. ഡബ്ല്യു സി സിയുമായുള്ള യോഗത്തിനിടയിലാണ് ജസ്റ്റിസ് ഹേമയോട് ഇക്കാര്യം അറിയിച്ചത്. കുറച്ച് ദിവസം കഴിഞ്ഞ് ഒറ്റക്ക് സംസാരിക്കാനുള്ള സാഹചര്യം ഉണ്ടാക്കാമെന്ന് ജസ്റ്റിസ് ഹേമ മറുപടി നല്‍കി. പിന്നീട് കമ്മീഷനുമായി സംസാരിച്ചപ്പോഴാണ് മറ്റ് പല സ്ത്രീകളും അയാളുടെ പെരുമാറ്റത്തെക്കുറിച്ച് പരാതി പറഞ്ഞിട്ടുള്ളതായി അറിഞ്ഞു. പലരും ഒരു രക്ഷയില്ല എന്ന അവസ്ഥയിലായിരുന്നു. അപ്പോഴാണ് ഇത് പുറത്തുപറയാന്‍ ഞാന്‍ തീരുമാനിച്ചത്. മീടൂ തുടങ്ങിയ സമയം കൂടിയായിരുന്നു അത്.

ഇനി തുടര്‍ന്ന് വര്‍ക്ക് ചെയ്യാനുള്ള അവസരത്തെക്കുറിച്ച് എനിക്ക് അറിയില്ല. ഞാനിപ്പോള്‍ അത് ആലോചിച്ചിട്ടില്ല. ആ സിനിമക്ക് ശേഷം ഒരു സിനിമയില്‍ വര്‍ക്ക് ചെയ്തു. അതിപ്പോള്‍ റിലീസിന് ഒരുങ്ങുകയാണ്. പിന്നീട് നാടകവുമായി ബന്ധപ്പെട്ട ജോലികളില്‍ വ്യാപൃതയായിരുന്നു. ഒരു നാടകത്തിന്റെ പ്രൊഡക്ഷന്‍ സ്വന്തമായി ചെയ്യുന്നുണ്ട്, മറ്റൊരു നാടകത്തില്‍ മുഖ്യകഥാപാത്രമാണ്. അതിന്റെയെല്ലാം തിരക്കിലായിരുന്നു. എന്തായാലും വര്‍ക്ക് ചെയ്യുക എന്നത് തന്നെയാണ് പ്രധാനം. സിനിമയിലെ സുഹൃത്തുക്കള്‍ എനിക്കൊപ്പം നില്‍ക്കും, അവര്‍ അവസരങ്ങള്‍ നല്‍കും എന്നെനിക്ക് ഉറപ്പുണ്ട്. പക്ഷെ അതിനേക്കാളുമെല്ലാം നല്ല കഥാപാത്രങ്ങള്‍ ചെയ്യുക തന്നെയാണ് ആവശ്യം. ഇത് പറഞ്ഞത് കൊണ്ട് മാത്രം എന്നെ ഒഴിവാക്കുമോ എന്ന് എനിക്കറിയില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടവരെയല്ലേ ഒഴിവാക്കേണ്ടത്. അവരെയല്ലല്ലോ പ്രമോട്ട് ചെയ്യേണ്ടത്. എന്റെ കൂടെയണല്ലോ നില്‍ക്കേണ്ടത്?

നിയമപരമായി മുന്നോട്ട് പോവുന്നത് അലന്‍സിയറുടെ പ്രതികരണവും നിലപാടും അറിഞ്ഞതിന് ശേഷം തീരുമാനിക്കും. അവര്‍ തെറ്റു ചെയ്തത് കൊണ്ടാണ് മൗനമായിരിക്കുന്നത്.’

മുറിയിൽ കയറിയിട്ടുണ്ട്; മദ്യലഹരിയിൽ ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയിട്ടുണ്ട്; മാപ്പ് പറഞ്ഞിട്ടുണ്ട്: ദിവ്യ പറയുന്നത് അർധസത്യമെന്ന് അലൻസിയർ

അലന്‍സിയര്‍ ലൈംഗികാതിക്രമം നടത്തിയത് ദിവ്യ ഗോപിനാഥിനെതിരെ; നിരവധി സ്ത്രീകളോട് അതിക്രമം കാട്ടിയെന്നും വെളിപ്പെടുത്തല്‍

#Metoo: മുറിയിലേക്ക് ബലമായി കടന്നുവന്ന് കീഴ്പ്പെടുത്താൻ ശ്രമിച്ചു; അലൻസിയർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍