TopTop

IFFK: ഇത്തവണത്തേത് നവാഗതരുടെ മേള; സയൻസ് ഫിക്ഷന്‍ സിനിമകളും മേളയിലേക്ക്

IFFK: ഇത്തവണത്തേത് നവാഗതരുടെ മേള; സയൻസ് ഫിക്ഷന്‍ സിനിമകളും മേളയിലേക്ക്
രാജ്യാന്തര ചലച്ചിത്രമേളയില്‍ 30 ലധികം നവാഗത പ്രതിഭകളുടെ സംവിധാനത്തിളക്കം. കാന്‍, വെനീസ്, ബെര്‍ലിന്‍, ലൊക്കാര്‍ണോ തുടങ്ങിയ മേളകളില്‍ പ്രേക്ഷക പ്രീതി നേടിയ ചലച്ചിത്രങ്ങളാണ് നവാഗതരുടേതായി ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതില്‍ പകുതിയോളം ചിത്രങ്ങളും ഇന്ത്യയില്‍ ആദ്യമായാണ് പ്രദര്‍ശിപ്പിക്കുന്നത്. ലൊക്കാര്‍ണോ മേളയില്‍ പ്രത്യേക പരാമര്‍ശം നേടിയ റേ ആന്റ് ലിസ്, വെനീസ് മേളയില്‍ മികച്ച നടനുള്ള പുരസ്‌കാരത്തിന് ഖൈസ് നാഷിഫിനെ അര്‍ഹനാക്കിയ ടെല്‍ അവീവ് ഓണ്‍ ഫയര്‍, സാന്‍ സെബാസ്റ്റ്യനില്‍ മൂന്നു പുരസ്‌കാരങ്ങള്‍ നേടിയ റോജോ എന്നിവയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ബോര്‍ഡര്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ അലി അബ്ബാസി, കെനിയന്‍ സംവിധായിക വനൗരി കഹ്യു, അമേരിക്കന്‍ സംവിധായനായ കെന്റ് ജോണ്‍സ്, വിയറ്റ്‌നാം സംവിധായികയായ ആഷ് മേഫെയര്‍, റുമേനിയന്‍ സംവിധായകന്‍ ഡാനിയേല്‍ സാന്റു എന്നിവരുടേതടക്കമുള്ള നവാഗത ചിത്രങ്ങളും മേളയുടെ ഭാഗമായി പ്രദര്‍ശനത്തിനെത്തും.

തുര്‍ക്കിയിലെ പരാജയപ്പെട്ട സൈനിക അട്ടിമറിയുടെ 'അനൗണ്‍സ്‌മെന്റ്'

തുര്‍ക്കിയിലെ പരാജയപ്പെട്ട ഒരു സൈനിക അട്ടിമറിയുടെ കഥ പറയുന്ന അനൗണ്‍സ്‌മെന്റ് രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിന്. ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണിത്. മഹ്മുത് ഫസില്‍ ചോഷ്‌കുന്‍ സംവിധാനം ചെയ്ത ചിത്രം ലോകസിനിമാ വിഭാഗത്തില്‍ ഡിസംബര്‍ ഏഴിന് ടാഗോര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും. തുര്‍ക്കിയിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അതൃപ്തരായ ഒരു വിഭാഗം സൈനിക ഉദ്യോഗസ്ഥര്‍ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ പദ്ധതിയിടുന്നതും പരാജയപ്പെടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ് ഗൗരവമുള്ള തുര്‍ക്കിയിലെ രാഷ്ട്രീയത്തെ സംവിധായകന്‍ ചിത്രീകരിച്ചിരിക്കുന്നത്.

ഈ ചിത്രം വെനീസ് ചലച്ചിത്രോത്സവത്തില്‍ പ്രത്യേക ജൂറി പുരസ്‌കാരം നേടിയിരുന്നു.

ശാസ്ത്രത്തിന്റെ വിസ്മയക്കാഴ്ചയൊരുക്കി മൂന്ന് ചിത്രങ്ങള്‍

രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇക്കുറി മൂന്ന് സയന്‍സ് ഫിക്ഷന്‍ ചിത്രങ്ങള്‍ പ്രത്യേക ആകര്‍ഷണാകും. ഫ്രഞ്ച് സംവിധായിക ക്ലെയര്‍ ഡെനിസിന്റെ ഹൊറര്‍ സയന്‍സ് ഫിക്ഷന്‍ ഹൈ ലൈഫ്, അലി അബ്ബാസിയുടെ സ്വീഡിഷ് ചിത്രം ബോര്‍ഡര്‍, ഫ്രഞ്ച് സംവിധായന്‍ ക്വാര്‍ക്‌സിന്റെ ആള്‍ ദ ഗോഡ്സ് ഇന്‍ ദ സ്‌കൈ എന്നീ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനൊരുങ്ങുന്നത്. ലൊക്കാര്‍ണോ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഗോള്‍ഡന്‍ ലേപാര്‍ഡ് പുരസ്‌കാരം നേടിയ ക്ലെയര്‍ ഡെനിസിന്റെ ഹൈ ലൈഫ് ബഹിരാകാശ ദൗത്യത്തിലേര്‍പ്പെടുന്ന ഒരു സംഘം കുറ്റവാളികളുടെ സങ്കീര്‍ണ്ണമായ ജീവിത സാഹചര്യങ്ങള്‍ ചിത്രീകരിക്കുന്നു.

കാന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ നിരൂപക പ്രശംസ നേടിയ ബോര്‍ഡര്‍ അയ്വിദേ ലിന്‍ഡ്ക്വീസ്റ്റിന്റെ ചെറുകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രമാണ്. ഗന്ധം കൊണ്ട് കുറ്റവാളികളെ തിരിച്ചറിയുന്ന പ്രത്യേക സിദ്ധിയുള്ള അതിര്‍ത്തി കാവല്‍ക്കാരിയുടെ കഥ പറയുന്ന ചിത്രം അക്കാദമി പുരസ്‌കാരത്തിലെ മികച്ച വിദേശഭാഷാ ചിത്രത്തിനായുള്ള സ്വീഡന്റെ ഔദ്യോഗിക നാമനിര്‍ദ്ദേശം കൂടിയാണ്. ഭിന്ന ശേഷിക്കാരിയായ സഹോദരിയും അവളെ സംരക്ഷിക്കുന്ന സഹോദരനുമാണ് ആള്‍ ദ ഗോഡ്സ് ഇന്‍ ദ സ്‌കൈയിലെ പ്രധാന കഥാപാത്രങ്ങള്‍. സഹോദര സ്‌നേഹവും പ്രാരാബ്ധങ്ങളും വിഷയമാകുന്ന ചിത്രം കഥാപാത്രങ്ങളുടെ വിഭ്രമാത്മകമായ മാനസിക മുഹൂര്‍ത്തങ്ങളിലൂടെയും കടന്നുപോകുന്നു.

ഹൈ ലൈഫ് ഡിസംബര്‍ ഏഴിന് ധന്യയില്‍ മൂന്ന് മണിക്കും ബോര്‍ഡര്‍ ടാഗോറില്‍ 2.15 നും ആള്‍ ദ ഗോഡ്‌സ് ഇന്‍ ദ സ്‌കൈ ഡിസംബര്‍ എട്ടിന് ന്യൂ സ്‌ക്രീന്‍ മൂന്നില്‍ 12.15 നും ആദ്യ പ്രദര്‍ശനം നടത്തും.

Next Story

Related Stories