TopTop
Begin typing your search above and press return to search.

സിനിമയിലേക്കെത്തിയ ആദിവാസി ഭാഷയെ വരവേറ്റ് കൊൽക്കത്ത ഫിലിം ഫെസ്റ്റിവൽ: ഷരീഫ് ഈസയുടെ 'കാന്തൻ' കൈയടി നേടുന്നു

സിനിമയിലേക്കെത്തിയ ആദിവാസി ഭാഷയെ വരവേറ്റ് കൊൽക്കത്ത ഫിലിം ഫെസ്റ്റിവൽ: ഷരീഫ് ഈസയുടെ കാന്തൻ കൈയടി നേടുന്നു

അതിജീവനത്തിനായി പൊരുതുന്ന ഒരു ജനതയെ അവരുടെ ഭാഷയോടൊപ്പം വെള്ളിത്തിരയിലെത്തിച്ച ചിത്രം 'കാന്തൻ' കൊൽക്കത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഏറെ ശ്രദ്ധ നേടി. വ്യാഴാഴ്ചയാണ് ഇന്ത്യൻ ഭാഷാ മത്സരവിഭാഗത്തിൽ കാന്തൻ പ്രദർശിപ്പിക്കപ്പെട്ടത്. ഫെസ്റ്റിവലിൽ സിനിമയുടെ ആദ്യ പ്രദർശനത്തെ ഏറെ ആവേശത്തോടെയാണ് കൊൽക്കത്തയിലെ സിനിമാപ്രേമികൾ സ്വീകരിക്കപ്പെട്ടത്. നിറഞ്ഞ സദസ്സിലായിരുന്നു പ്രദർശനം.

ഷരീഫ് ഈസയുടെ സംവിധാനത്തിലൊരുങ്ങിയ ഈ ചിത്രം ഒരു പുതിയ ഭാഷയെ സിനിമയിൽ അവതരിപ്പിക്കുന്നു എന്ന പ്രത്യേകത കൊണ്ടാണ് തുടക്കത്തിൽ ശ്രദ്ധ നേടിയത്. വയനാട് തിരുനെല്ലി ഭാഗങ്ങളിൽ ജീവിക്കുന്ന അടിയ ഗോത്രവർഗക്കാരുടെ കഥയാണ് കാന്തൻ പറയുന്നത്. കൊടും ദാരിദ്ര്യത്തിനും ആത്മഹത്യകൾക്കുമിടയിൽ, പുറംലോകത്തു നിന്നുള്ളവരുടെ ചൂഷണങ്ങളെയും മറ്റും അതിജീവിച്ച് ഒരു ജനത ജീവിക്കാനായി നടത്തുന്ന ദയനീയമായ പോരാട്ടമാണ് ഈ ചിത്രത്തിന്റെ പ്രമേയം.

ഇടനാടുകളുമായി സഹവസിച്ചു തുടങ്ങുന്ന ആദിവാസി ഊരുകളുടെ നിരവധി പ്രതിസന്ധികളും ഈ ചിത്രം ചർച്ചയിലെത്തിക്കുന്നുണ്ട്. ഇടനാടുകളിൽ നിന്നെത്തുന്ന കപട പരിസ്ഥിതിവാദവും മറ്റുതരം ചൂഷണങ്ങളുമെല്ലാം ആദിവാസിയുടെ ജീവിതം ദുരിതപൂർണമാക്കുന്നതിന്റെ നേർച്ചിത്രം ഇതിൽ‍ കാണാം.

കര്‍ഷക ആത്മഹത്യ നടന്ന ഒരു കുടുംബത്തിലെ ഒരു പത്തുവയസ്സുകാരനെ ഇത്താര്യാമ്മ എന്ന കഥാപാത്രം വളർത്തിയെടുക്കുന്നതാണ് ഇതിവൃത്തം. തന്റെ തൊലിക്കറുപ്പിനെക്കുറിച്ചുള്ള ഈ പത്തുവയസ്സുകാരന്റെ ആശങ്കകളിലൂടെ ആദിവാസിയുടെ ആത്മബോധത്തിൽ അന്നുവരെയില്ലാത്ത അപകർഷ ചിന്തകൾ കടന്നുവരുന്നതിനെ ചിത്രീകരിച്ചിരിക്കുന്നു. അതിനെ ഇത്താര്യാമ്മയുടെ സഹായത്തോടെ മറികടക്കുന്നതുമെല്ലാം മനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട് ചിത്രത്തിൽ.

നങ്ങറ കോളനിയിലെ അടിയ വിഭാഗത്തിൽ പെട്ടവരാണ് അഭിനേതാക്കളെല്ലാം എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.

ഒരു സമൂഹത്തിന്റെ അതിജീവനം സാധ്യമാക്കേണ്ടത് അവരുടെ ഭാഷയുടെ കൂടി അതിജീവനത്തിലൂടെയാണെന്ന് ഷരീഫ് ഈസ പറയുന്നു. അടിയ വിഭാഗത്തിന്റെ അതിജീവനത്തിനു കൂടി സംഭാവന നൽകാനുള്ള തന്റെ ശ്രമം ആത്മാർത്ഥമാകണമെങ്കിൽ സിനിമ റാവുള ഭാഷയിൽ തന്നെയാകണമെന്ന ചിന്തയാണ് ഇത്തരമൊരു സാഹസത്തിന് ഷരീഫ് ഈസയെ പ്രേരിപ്പിച്ചത്. സ്വന്തമായി ഭാഷയുള്ള അടിയരുടെ കഥ മലയാളഭാഷയിൽ പറയുന്നത് ഭാഷാപരമായ വരേണ്യതയെ സ്ഥാപിക്കുന്നതിനേ സഹായിക്കൂ എന്ന് സംവിധായകന് തോന്നി. അടിയരുടെ തന്നെ സംഗീതോപകരണങ്ങളും സിനിമയുടെ സംഗീതത്തിനായി ഉപയോഗിച്ചു.

ഏറെ പ്രയാസപ്പെട്ടാണ് ചിത്രം പുറത്തിറക്കാനായതെന്ന് ഷെരീഫ് പറയുന്നു. ആദിവാസികൾ തന്നെയായിരുന്നു സിനിമയുടെ ക്ര്യൂ. തങ്ങളുടെ കഥ പറയുന്ന ചിത്രത്തെ പുറത്തെത്തിക്കാൻ അടിയ വിഭാഗക്കാർ കൈമെയ് മറന്ന് കൂടെ നിന്നെന്നും സംവിധായകൻ.

പ്രമാദ് കൂവേരിയാണ് ചിത്രത്തിന്റെ രചന. കാന്തനായി അഭിനയിച്ചത് മാസ്റ്റര്‍ പ്രജിത്ത് ആണ്. ഛായാഗ്രഹണം പ്രിയന്‍. ക്യാമറ: പ്രിയന്‍, എഡിറ്റിങ്: പ്രശോഭ്, ആര്‍ട്ട്: ഷബി ഫിലിപ്പ്, സ്റ്റില്‍സ്: ടോണി മണ്ണിപ്ലാക്കല്‍, പശ്ചാത്തല സംഗീതം: സച്ചിന്‍ ബാലു, സൗണ്ട് റെക്കോ ഡിസറ്റ്: ഷിജു ബാലഗോപാലന്‍, സൗണ്ട് ഡിസൈനര്‍: എം. ഷജു, ഹല്യാം: പ്രതീഷ് മയ്യില്‍

റാവുള ഭാഷ

ആദിവാസി വിഭാഗമായ അടിയർ സംസാരിക്കുന്ന ഭാഷയാണ് റാവുള. റാവുള ഭാഷ സംസാരിക്കുന്നവർ എന്ന അർത്ഥത്തിൽ ഇവരെ റാവുളർ എന്നും വിളിക്കാറുണ്ട്. കേരളത്തില്‍ മലയാളഭാഷയുടെ അധിനിവേശത്താൻ നിരവധി ആദിവാസി ഭാഷകൾ വംശനാശത്തോടടുത്തിട്ടുണ്ട്. അവയിലൊന്ന് എന്ന പരിഗണനയിൽ ചില സന്നദ്ധ സംഘടനകൾ ഈ ഭാഷയിൽ പുസ്തകങ്ങൾ ഇറക്കിയിട്ടുണ്ട്. ലിപിയില്ലാത്ത ഈ ഭാഷയിൽ ഇറക്കിയ പുസ്തകങ്ങളുടെ ലിപി മലയാളമാണ്. ഇതാദ്യമാണ് മലയാളത്തിലെ ആദിവാസി വിഭാഗങ്ങളുടെ ഭാഷയിൽ ഒരു സിനിമ പൂർത്തിയാകുന്നത്.

Next Story

Related Stories