Top

യുദ്ധാക്രോശങ്ങള്‍ക്കിടയില്‍ ഇരു രാജ്യങ്ങള്‍ക്കുമായി ഒരു പെണ്‍കുട്ടിയുടെ സ്നേഹസന്ദേശം

യുദ്ധാക്രോശങ്ങള്‍ക്കിടയില്‍ ഇരു രാജ്യങ്ങള്‍ക്കുമായി ഒരു പെണ്‍കുട്ടിയുടെ സ്നേഹസന്ദേശം

ഉറിയില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തോടെ തകര്‍ന്ന ഇന്ത്യ -പാക് ബന്ധം അതിന്റെ പൂര്‍ണ്ണമായ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. യു എന്‍ അസംബ്ലിയില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഹിസ്ബുള്‍ തീവ്രവാദി നേതാവ് ബുര്‍ഹാന്‍ വാനിയെ 'യുവ നേതാവ്' എന്ന് അഭിസംബോധന ചെയ്തതും ഉറിയില്‍ ആക്രമണം നടത്തിയവര്‍ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടില്ല എന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയും ഒരു തിരിച്ചടി ഉടന്‍ പ്രതീക്ഷിക്കാം എന്ന തോന്നല്‍ എങ്ങും ഉണ്ടായി. അധികം താമസിയാതെ, കഴിഞ്ഞ വ്യാഴാഴ്ച ഇന്ത്യന്‍ സൈന്യം പാക് അധീന കാശ്മീരിലെ ഭീകര താവളങ്ങള്‍ക്ക് നേരെ സര്‍ജിക്കല്‍ ആക്രമണം നടത്തി. തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ രൂക്ഷമായ വാക്പോരാട്ടമാണ് നടക്കുന്നത്.

ഈ യുദ്ധാക്രോശങ്ങള്‍ക്കിടയിലും സ്നേഹത്തിനും സമാധാനത്തിനും വേണ്ടി ചിലര്‍ ശബ്ദമുയര്‍ത്തുന്നുണ്ട്. ഇന്ത്യാ -പാക് ബന്ധത്തെ കുറിച്ച് അലിസെയ് ജാഫര്‍ എന്ന പാക് പെണ്‍കുട്ടി ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് അത്തരത്തില്‍ ഉള്ള ഒന്നായിരുന്നു. വിദ്വേഷത്തിന്റെ അന്തരീക്ഷത്തിലും ഈ പെണ്‍കുട്ടിയുടെ വാക്കുകളെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

അലീസെയ് ജാഫറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.

അസാധാരണമാണ്, ഇന്ത്യയുമായുള്ള ഈ അടുപ്പം. ഒരതിര്‍ത്തിയില്‍ നിന്നും മറ്റൊന്നിലേക്ക് തട്ടിക്കളിക്കുന്ന ഈ അധിക്ഷേപവും വെറുപ്പും എന്നെ വീണ്ടും വീണ്ടും അസ്വസ്ഥയാക്കുന്നു. നമ്മുടെ ചുമലുകളില്‍ ചടഞ്ഞിരിക്കുന്ന 69 കൊല്ലക്കാലത്തെ കല്‍ക്കഷണങ്ങളല്ലാതെ ഇതിനൊരു യുക്തിയുമില്ല. ഇവയാകട്ടെ കാലംകൊണ്ട് പാറക്കല്ലുകളായി മാറിയിരിക്കുന്നു. ആരാണ് അതിന്റെ ഭാരത്തില്‍ പൊടിഞ്ഞുപോകാത്തത്?

ഇന്ത്യയുമായുള്ള ഈ പൊരുത്തം അസാധാരണമാണ്. അമിതാഭ് ബച്ചന്‍ ആശുപത്രിയിലാകുമ്പോള്‍ നമ്മള്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നു. രണ്‍ബീര്‍ കപൂറിന്റെ ഒരു സിനിമ വിജയിക്കുമ്പോള്‍ നാം നീതുവിനേക്കാളും ഋഷിയെക്കാളും സന്തോഷിക്കുന്നു. കിഷോറിന്റെയും റാഫിയുടെയും ശബ്ദങ്ങള്‍ ജീവിതങ്ങളിലേക്ക് പ്രണയം കൊണ്ടുവന്നപോലെ മറ്റാരും കൊണ്ടുവന്നില്ല എന്നത് നാം നിഷേധിക്കുന്നുമില്ല. അവരുടെ പ്രാദേശിക സംഗീതം നമ്മുടേതില്‍ നിന്നും കേമമല്ല എന്നവരും സമ്മതിക്കും. വിദേശത്തുപോയാല്‍ നാം ദേശക്കാരായി കണക്കാക്കുന്ന ഏക പരദേശികള്‍ അവരാണ്. അവരുടെ സ്മാരകങ്ങള്‍ നമ്മുടെ ചരിത്രം കൂടിയാണ്. നമ്മുടെ ഭാഷകള്‍ക്ക് അവരുടെ വേരുകളുണ്ട്.

ഈ ബന്ധം അസാധാരണമാണ്. സഹോദരങ്ങളെപ്പോലെ, പരസ്പര പ്രകോപനങ്ങള്‍ക്ക് നാം തിരിച്ചടിക്കുന്നു. ഒടുവില്‍, പ്രതികരണങ്ങളില്‍ എടുത്തുചാട്ടക്കാരും വികാരജീവികളും എന്ന പേര് കേള്‍പ്പിക്കുന്നു - 'കാശ്മീരില്‍ നിങ്ങള്‍ ചെയ്യുന്നതെന്താണ്?', 'ആഹാ, ബലൂചിസ്ഥാനില്‍ നിങ്ങള്‍ ചെയ്യുന്നതോ?, 'ഉറിയില്‍ നിങ്ങളല്ലേ ആദ്യം ആക്രമിച്ചത്?, 'കാര്‍ഗില്‍ മറന്നുപോയോ?', 'നിങ്ങളാണത് തുടങ്ങിയത്?', 'അല്ല! നിങ്ങളാണ് തുടങ്ങിയത്!'.

അനാഥരായ കുഞ്ഞുങ്ങളെപ്പോലെ എങ്ങനെ പൊരുത്തപ്പെടണമെന്ന് നമുക്കൊരു ധാരണയുമില്ല. ഗുജറാത്തില്‍ പശുവിറച്ചി തിന്നതിന് മുസ്ലീങ്ങളെ കൊന്നത് അവര്‍ സമ്മതിക്കില്ല. നമ്മളോ? റംസാനില്‍ ഇഫ്താറിന് മുമ്പ് ഭക്ഷണം കഴിച്ചതിന് ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും കയ്യേറ്റം ചെയ്തതിനെ നമ്മള്‍ കണ്ടില്ലെന്നു നടിക്കും. അവര്‍ കാശ്മീര്‍ നശിപ്പിക്കുകയാണെന്ന് നമ്മള്‍ പറയുന്നു; കാശ്മീരികള്‍ക്ക് സ്വാതന്ത്ര്യത്തിന് അവകാശമുണ്ടെന്നും (അല്ലെങ്കില്‍ നമ്മളെ തെരഞ്ഞെടുക്കാന്‍). പക്ഷേ എങ്ങനെയാണ് ബംഗ്ലാദേശിനെ അടിച്ചമര്‍ത്തിയതെന്ന് നാം മറക്കുന്നു. എന്തുകൊണ്ട് ബംഗാളി സംസാരിക്കുന്ന ഭൂരിപക്ഷം, ഉറുദു ദേശീയ ഭാഷയായി അംഗീകരിക്കണം? നമ്മളതിനെക്കുറിച്ച് ഒരിക്കലും സംസാരിക്കില്ല, ഉവ്വോ?

ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഇന്ത്യയുമായുള്ള ഈ അടുപ്പം അസാധാരണം തന്നെയല്ലേ? നമ്മുടെ ആ പ്രഭുവും യജമാനനും, നമ്മെ ഭരിക്കുന്ന ആ ഭീമാകാരാനായ ശക്തി,‘പടിഞ്ഞാറ്' അകലെയുള്ള രക്ഷിതാവാണ്. നമ്മളെല്ലായ്പ്പോഴും തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്ന, എന്നാല്‍ നമ്മെ ഒരിയ്ക്കലും സ്നേഹിക്കാത്ത ഒന്ന്. നമുക്കാരെങ്കിലുമുണ്ടെങ്കില്‍ അത് നമ്മള്‍ ഇരുകൂട്ടരുമാണ്. അത് അംഗീകരിക്കാനുള്ള നമ്മുടെ മടിയാണ് അമ്പരപ്പിക്കുന്നത്.

ഒരു പൊതു അധിനിവേശക്കാരന്‍ നമ്മെ ഇരുകൂട്ടരെയും ശത്രുക്കളായി നിലനിര്‍ത്തണമെന്നാഗ്രഹിച്ച തീര്‍ത്തും വ്യത്യസ്തമായ ഒരു സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലത്തിനെ അടിസ്ഥാനമാക്കിയ ഭൂതകാലതീരുമാനങ്ങളുടെ ഭാരം നാമിപ്പോഴും ചുമക്കുന്നു എന്നതാണത്ഭുതം. ഒരു ഐക്യസംഘം എന്ന നിലയില്‍ നമുക്ക് മുന്നിലുള്ള വിശാലമായ സാധ്യതകള്‍ക്ക് നേരെയും ശത്രുക്കളെന്ന നിലയിലുള്ള വിനാശത്തിന്റെ നേരെയും നാം കാലങ്ങളായി കണ്ണടക്കുന്നു എന്നും.

വേഷങ്ങള്‍ മാറാനുള്ള നമ്മുടെ കഴിവാണ് നമ്മുടെ ബന്ധത്തിലെ ഏറ്റവും അസാധാരണമായ ഒരു കാര്യം. ലോകത്തിന്, മിക്ക സമയത്തും നമ്മള്‍ സഹോദരങ്ങളാണ്; അച്ഛന്റെ നല്ല പുസ്തകത്തില്‍ കയറിപ്പറ്റാനും അങ്ങനെ പറ്റുമെങ്കില്‍ ഒരു കളിപ്പാട്ടമോ ഒരു പുറത്തുപോക്കോ അല്പം ചില്ലറയോ തരമാക്കാനും വേണ്ടി എപ്പോഴും തല്ലുകൂടുന്ന രണ്ടുപേര്‍. മറ്റ് സമയങ്ങളില്‍ നമ്മള്‍ വിവാഹമോചിതരായ ദമ്പതികളെ പോലെയാണ്. സ്ഥലം പങ്കിടുന്നു, ഒത്തുതീര്‍പ്പില്‍ ആര്‍ക്കാണ് കൂടുതല്‍ നഷ്ടം പറ്റിയതെന്ന് തര്‍ക്കിക്കുന്നു, നമ്മള്‍ ഇപ്പോള്‍ ഒരുമിച്ചില്ല എന്ന യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാനാവാതെ നില്ക്കുന്നു. നമ്മുടെ വിഭജനത്തിന്റെ വടുക്കള്‍ ഇപ്പോഴും ഉണങ്ങാതെ കിടക്കുകയാണ്. നമ്മള്‍ വേര്‍പിരിഞ്ഞെന്ന് അവ അംഗീകരിക്കാന്‍ കൂട്ടാക്കുന്നില്ല. നമ്മള്‍ അവയേയും അവ നമ്മളെയും വിട്ടുപോകുന്നില്ല. ഈ അവസരത്തില്‍ മറ്റേയാളും നമ്മളെപ്പോലെ മുറിവേറ്റു എന്നു ഉറപ്പാക്കുന്നതിലാണ് നമ്മുടെ ആശ്വാസം. അതുകൊണ്ട് അത് ചെയ്യുന്നതിനായി നാം നമ്മുടെ എല്ലാ വിഭവങ്ങളും ശ്രമങ്ങളും ഉപയോഗിക്കുന്നു.

ഒരു മിന്നലാക്രമണം നടത്തി ഇന്ത്യ എന്ന്‍ അവര്‍ അവകാശപ്പെട്ടത് ഞാന്‍ വായിച്ചു. അസംബന്ധം. ഉടനെതന്നെ അതേപോലെ അസംബന്ധം നിറഞ്ഞ പാകിസ്ഥാനി പ്രതികരണങ്ങളും ഞാന്‍ വായിച്ചു. ചിലതെല്ലാം തീരെ തരം താഴ്ന്നതായിരുന്നു. മറ്റു ചിലതില്‍ അതിര്‍ത്തിക്കപ്പുറമുള്ളതുപോലെ, കൂട്ടക്കൊലകള്‍ നടത്തിയ രാഷ്ട്രീയക്കാരില്‍ നിന്നും മറ്റെന്ത് പ്രതീക്ഷിക്കാന്‍ എന്ന് പ്രതികരണം കണ്ടു. പൊടുന്നനെ നാം നമ്മുടെ 'മഹാന്മാരായ' രാഷ്ട്രീയക്കാര്‍ക്ക് മാപ്പ് കൊടുത്തു. വിരലുകള്‍ ചൂണ്ടുമ്പോള്‍ അതിര്‍ത്തിക്ക് ഇരുവശത്തും ഭരണനിര്‍വ്വഹണം എത്ര മോശമാണെന്ന് നാം എളുപ്പം മറക്കുന്നു.ഇതെല്ലാം ഒരു മാസത്തിനുള്ളില്‍ എന്നെ വിട്ടൊഴിയുമെന്ന് എനിക്കുറപ്പുണ്ട്. എന്നെ വിട്ടുപോകാത്ത ഒന്ന്, അന്തിമമായി യുദ്ധഭീഷണി ഒഴിവാക്കിക്കൊണ്ട് ഒരു ടെസ്റ്റ് മാച്ചിന് പാകിസ്ഥാന്‍ രാഷ്ട്രത്തലവന്‍ ഡല്‍ഹിയിലെത്തുന്ന വാര്‍ത്തയാണ്; അല്ലെങ്കില്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ഒരു ഇന്ത്യന്‍ രാഷ്ട്രീയക്കാരന്‍ പാകിസ്ഥാന്‍ രാഷ്ട്രീയക്കാരന് ഹസ്തദാനം ചെയ്യുന്ന കാഴ്ച്ച; അല്ലെങ്കില്‍ വസീം അക്രത്തിനെക്കാള്‍ വലിയ കളിക്കാരനില്ല എന്നു ഗാംഗുലി പറഞ്ഞ നിമിഷമാണ്; ഷോയിബ് മാലിക് സാനിയ മിര്‍സയെ വിവാഹം കഴിച്ചത്; അല്ലെങ്കില്‍ ഞാന്‍ കണ്ട ഏറ്റവും മികച്ച സാഹോദര്യ ചിത്രങ്ങളിലൊന്നായി വാഗാ അതിര്‍ത്തിയില്‍ സൈനികര്‍ ആലിംഗനം ചെയ്യുന്ന കാഴ്ച്ച. അതിനു കാരണം ചിലര്‍ യുദ്ധത്തിനായി നില്‍ക്കുമ്പോഴും നമ്മില്‍ ചിലര്‍ സമാധാനത്തിനായി ആഗ്രഹിക്കുന്നത് കൊണ്ടാണത്.

ഞാന്‍ പറയാന്‍ ശ്രമിക്കുന്നത് 20 കൊല്ലത്തിനുള്ളില്‍ ഉറി പാഠപുസ്തകങ്ങളിലെ മറ്റൊരു സംഭവമായി മാറും. ഇന്ത്യയുമായുള്ള നമ്മുടെ ശീതയുദ്ധം, ഏതാണ്ട് ചൂടന്‍ യുദ്ധമായ കാലമെന്ന് നമ്മുടെ കൂട്ടായ ചരിത്രങ്ങളില്‍ നമ്മള്‍ എഴുതിവെക്കും. എന്റെ ഇന്ത്യന്‍ സുഹൃത്തുക്കളെ ഒന്ന് ചൊടിപ്പിക്കാനുള്ള അല്ലെങ്കില്‍ തിരിച്ച്, ഒരവസരം മാത്രമാകുമിത്. പാകിസ്ഥാന്റെ പരാജയങ്ങളെക്കുറിച്ച് നിരാശരാകാതിരിക്കാനും വിഭജനമായിരുന്നു ഏറ്റവും നല്ല കാര്യമെന്ന് സ്വയം വിശ്വസിപ്പിക്കാനും ഇന്ത്യയെക്കൂടാതെ നമ്മള്‍ നന്നായി എന്നും പറയാനുള്ള പ്രായമായ അമ്മാവന്‍മാരുടെ ഒരവസരം.

മറ്റൊരു സംഭവം മാത്രമാകാതെ പോകുന്ന ഒന്ന് നാമിതുവരെ നേരിട്ടില്ല. നാം ബന്ധം പിരിഞ്ഞെന്ന വാസ്തവം; വേര്‍പിരിയല്‍ ഇരുകൂട്ടര്‍ക്കും വേദനാജനകമായിരുന്നു എന്ന വസ്തുത; ഇപ്പോള്‍ വെറുപ്പുള്ളിടത്ത് ഒരുകാലത്ത് ഐക്യവും പൊതുവായ അഭിമാനവും ഉണ്ടായിരുന്നു എന്ന സംഗതി; ഒരു വിദേശ ശക്തിക്ക് നമ്മെ വേട്ടയാടാനും അതിന്റെ ഇരകളാകാനും നമ്മള്‍ വഴിയൊരുക്കി എന്ന യാഥാര്‍ത്ഥ്യം; നമ്മെക്കുറിച്ച് നമുക്ക് പരസ്പരം അറിയുന്നപോലെ മറ്റാര്‍ക്കും അറിയില്ലെന്ന കാര്യം; കാരണം ഒരിക്കല്‍ നാം ഒന്നായിരുന്നു.

നമ്മുടെ സര്‍ക്കാരുകളുടെ വിനാശകരമായ പ്രവണതകളെക്കുറിച്ച് അതിര്‍ത്തിക്കപ്പുറത്തുള്ള എന്‍റെ അടുത്ത സുഹൃത്തിന് സന്ദേശമയച്ചപ്പോള്‍ അയാള്‍ തന്ന മറുപടി ആശ്വാസകരമായിരുന്നു, "അവര്‍ എന്തുചെയ്യുന്നു എന്നതില്‍ കാര്യമില്ല. പാഠപുസ്തകങ്ങളില്‍ നിന്നും മാറി നോക്കിയാല്‍, പുരാതന എഴുത്തുകളിലേക്കും വിശുദ്ധ പുസ്തകങ്ങളിലേക്കും നോക്കിയാല്‍, അവര്‍ കാലങ്ങളായി നല്കാന്‍ ശ്രമിക്കുന്ന ഒരേയൊരു സന്ദേശം എന്താണെന്ന് മനസിലാക്കാന്‍ ബുദ്ധിമുട്ടില്ല, നമ്മള്‍ ശ്രദ്ധിക്കേണ്ട ഏക സന്ദേശം; അത് സ്നേഹത്തിന്റെ സന്ദേശമാണ്."Next Story

Related Stories