TopTop
Begin typing your search above and press return to search.

ഒരു മാര്‍ക്‌സിസ്റ്റ് ദാര്‍ശനികന്റെ സ്വപ്‌നവും ചില പാര്‍ട്ടി യാഥാര്‍ത്ഥ്യങ്ങളും

ഒരു മാര്‍ക്‌സിസ്റ്റ് ദാര്‍ശനികന്റെ സ്വപ്‌നവും ചില പാര്‍ട്ടി യാഥാര്‍ത്ഥ്യങ്ങളും

കെ എ ആന്റണി

നാലാം ലോക സിദ്ധാന്തത്തിന്റേ പേരില്‍ രണ്ടായിരത്തിനാലില്‍ സിപിഐഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ട എംപി പരമേശ്വരന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. മാതൃഭൂമി വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകണം എന്നത് സംബന്ധിച്ച അഭിപ്രായപ്രകടനമാണ് പരമേശ്വരനെ വീണ്ടും വാര്‍ത്തകളിലേക്ക് തിരിച്ചു കൊണ്ട് വന്നിരിക്കുന്നത്. എംപിയെ അനുകൂലിച്ചും എതിര്‍ത്തുമുള്ള ചര്‍ച്ചകള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ആഘോഷമാക്കിയിരിക്കുന്നു.

എംപി ചില്ലറക്കാരനല്ലെന്നതാണ് അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനത്തെ ചൂടന്‍ ചര്‍ച്ചകള്‍ക്ക് കാരണം ആക്കിയിരിക്കുന്നത്. സോവിയറ്റ് യൂണിയനില്‍ നിന്നും ആണവ ശാസ്ത്രത്തില്‍ പിഎച്ച്ഡി, ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ 1957 മുതല്‍ ശാസ്ത്രജ്ഞന്‍. 1963-ല്‍ ആ ജോലി രാജിവച്ച് കേരള ഭാഷാ പഠന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് എഡിറ്റര്‍ ആയി പത്ത് വര്‍ഷത്തെ സേവനം. ഇക്കാലയളവില്‍ 200 ഓളം പുസ്തകങ്ങള്‍ എഡിറ്റ് ചെയ്തു. ഇക്കൂട്ടത്തില്‍ ആണവ എഞ്ചിനീയറിംഗിനെ കുറിച്ചുള്ളവയും ഫിബോനാച്ചിയുടെ ഏറെ പ്രശ്‌സതമായ ഗണിത ശാസ്ത്ര പരമ്പരയും പെടും. പ്രപഞ്ച രേഖ, അനദര്‍ വേള്‍ഡ് ഈ പോസ്സിബിള്‍ എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവ്. കേരളത്തില്‍ വിജ്ഞാന വിസ്‌ഫോടനം സാധ്യമാക്കിയ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രപഞ്ചവും മനുഷ്യനും എന്ന പ്രഭാഷണ പരമ്പരയ്ക്ക് തുടക്കമായതും പരമേശ്വരന്റെ പ്രപഞ്ചരേഖ. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഉപജ്ഞാതാക്കളില്‍ പ്രമുഖന്‍. എന്നാല്‍ ഇത് മാത്രമായിരുന്നില്ല സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം എംപി പരമേശ്വരന്‍. താര്‍ക്കിക-താത്വിക ആചാര്യനായ ഇഎംഎസിനോളം പോന്ന തര്‍ക്ക വൈഭവവും യുക്തിയും ഒത്തു ചേര്‍ന്നതാണ് പരമേശ്വരനെന്ന് ഏറെക്കാലം പലരും പാടി നടന്നിരുന്നു. 2004-ല്‍ പാര്‍ട്ടിക്ക് അകത്തു നിന്നും ഉയര്‍ന്ന കടുത്ത വിമര്‍ശനത്തിന്റെ പേരില്‍ എംപിയെ സിപിഐഎം നിഷ്‌കാസിതനാക്കുന്നത് വരെ.

എംപി ഇത്രമാത്രമേ ഇപ്പോള്‍ പറഞ്ഞുള്ളൂ. ഇഎംഎസിന്റെ തര്‍ക്ക-യുക്തി വൈഭവവും എകെജിയുടെ ജനപിന്തുണയും ഉള്ള ഒരാളായിരിക്കണം സിപിഐഎമ്മിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന് മാത്രം. ഇത്തരം ഗുണങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് ഏക വ്യക്തിയായി എംപി ഉയര്‍ത്തി കാണിച്ചത് തോമസ് ഐസക്കിനേയാണ്.

ഇത്തരത്തില്‍ ഒരു കടുത്ത പ്രയോഗം ഇക്കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഇടയിലും എംപി നടത്തിയിരുന്നു. അന്നും കേരളത്തില്‍ സിപിഐഎമ്മിനെ നയിക്കേണ്ടത് തോമസ് ഐസക് ആണെന്നാണ് പറഞ്ഞുവച്ചത്. ഇപ്പോള്‍ വീണ്ടും തെരഞ്ഞെടുപ്പ് അടുക്കുകയും പിണറായി വിജയന്‍ കേരള ജാഥ നയിക്കുകയും വിഎസ് വീണ്ടുമൊരു ഊഴം കാത്തുനില്‍ക്കുകയും ചെയ്യുന്ന കാലത്താണ് എംപിയുടെ നാലാംലോക സിദ്ധാന്തം തോമസ് ഐസക്കിന്റെ രൂപത്തില്‍ വീണ്ടും അവതരിക്കുന്നത്.ഇനി അല്‍പം പാര്‍ട്ടി പുരാണത്തിലേക്ക്. പിണറായി യുഗം സിപിഐഎമ്മിനെ വല്ലാത്തൊരു പ്രതിസന്ധിയിലേക്കാണ് എത്തിച്ചത്. പിണറായിക്ക് എതിരെ പടനയിച്ചത് പാര്‍ട്ടിയുടെ സമുന്നത നേതാവ് വിഎസ് അച്യുതാനന്ദന്‍ തന്നെയായിരുന്നുവെന്നതും ആ പോരാട്ടത്തിന് അല്‍പം എരിവും പുളിയും പകര്‍ന്നു. പാര്‍ട്ടിക്കുള്ളില്‍ തെക്കന്‍-വടക്കന്‍ ലോബികള്‍ രൂപീകൃതമായതാണ്. വിഎസ് പുന്നപ്ര സമര നായകന്‍ എങ്കില്‍ താന്‍ കയ്യൂര്‍ സമര നായകന്‍ എന്ന് ഇകെ നായനാര്‍. തുടര്‍ന്ന് അങ്ങോട്ട് ഇരുവരുടേയും സമര പങ്കാളിത്തം സംബന്ധിച്ച ഗവേഷണങ്ങള്‍. പാര്‍ട്ടി വകയും വലതുപക്ഷ മാധ്യമങ്ങളെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി വകയും.

തല്‍ക്കാലം ഒന്ന് കലിപ്പ് അടങ്ങി നിന്ന വിഎസ് പെട്ടെന്ന് ക്ഷുഭിതനായി രംഗത്ത് എത്തിയതിന്റെ പിന്നിലെ കാരണങ്ങളില്‍ ഒന്ന് പി ഗോവിന്ദപിള്ളയുടെ ഭാഷാപോഷിണിയിലെ അഭിമുഖമായിരുന്നു. അഭിമുഖത്തില്‍ വിഎസിനെതിരേയും സിഐടിയുവിന്റെ മുതലാളിത്ത മനോഭാവത്തിന് എതിരേയും പിജി തുറന്ന് അടിച്ചു. ഇതോടെ പിജിയെ പുറത്താക്കുക എന്ന വാദത്തിനൊപ്പം പരമേശ്വരന്റേയും ശാസ്ത്ര സാഹിത്യ പരിഷത്തിന്റേയും വായ മൂടിക്കെട്ടണമെന്ന ആവശ്യവും ശക്തമായി.

ഇക്കാലത്ത് തന്നെയാണ് കേരളത്തിലെ ജനകീയാസൂത്രണവും അതിന്റെ ഉപജ്ഞാതാക്കളും പ്രതിക്കൂട്ടില്‍ ആയതും. പ്രൊഫസര്‍ എംഎന്‍ വിജയന്റെ പത്രാധിപത്യത്തില്‍ പ്രൊഫസര്‍ എസ് സുധീഷ് പുറത്തിറക്കിയിരുന്ന പാഠം മാസിക തന്നെയായിരുന്നു സംസ്ഥാന നേതൃത്വത്തിന് എതിരെ വിമത പടയുടെ പ്രധാന നാവ്.

ഒടുവില്‍ പവനായി ശവമായി എന്ന് പറഞ്ഞത് പോലെ പരമേശ്വരനും പാര്‍ട്ടിക്കാരനും ജനകീയ ഡോക്ടറുമായ ഡോക്ടര്‍ ബി ഇക്ബാലും പാര്‍ട്ടിക്ക് പുറത്തായി. പിജിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. ഒരുപക്ഷേ, ഇഎംഎസിന്റെ സമ്പൂര്‍ണ കൃതികള്‍ എഡിറ്റ് ചെയ്തു കൊണ്ടിരിക്കുന്ന ഘട്ടമായിരുന്നത് കൊണ്ടാകാം പിജിക്ക് എകെജി സെന്ററിലെ എഡിറ്റിംഗ് മുറിയില്‍ തുടരാന്‍ അനുമതി ലഭിച്ചത്.നാലാം ലോകം എന്നത് കൊണ്ട് എംപി ഉദ്ദേശിച്ചത് സകലര്‍ക്കും പ്രാതിനിധ്യമുള്ള ഒരു സംഭവം തന്നെയാണ്. എംപിയെ സംബന്ധിച്ചിടത്തോളം ഒന്നാം ലോകം മുതലാളിത്തത്തിന്റേതാണ്. അവിടെ സര്‍ക്കാരിന് സ്ഥാനം ഉണ്ടെങ്കിലും എല്ലാവരും സര്‍ക്കാരിന്റെ ഭാഗമല്ല. പരമാവധി ഉല്‍പ്പാദനവും പരമാവധി ഉപഭോഗവുമാണ് മുതലാളിത്ത വ്യവസ്ഥിതി മുന്നോട്ട് വയ്ക്കുന്നത്. ഇതില്‍ നിന്നും വിഭിന്നമാണ് സോഷ്യലിസ്റ്റ് സംവിധാനമെങ്കിലും സോഷ്യലിസത്തെ തള്ളിപ്പറഞ്ഞു കൊണ്ടാണ് എംപി മറ്റൊരു ലോകം സാധ്യമാണ് എന്ന തന്റെ പുതിയ തിയറി അവതരിപ്പിച്ചത്. സോഷ്യലിസ്റ്റ് സംവിധാനത്തിലും എല്ലാവരും സര്‍ക്കാരിനെ അംഗീകരിക്കുന്നില്ലെന്നതാണ് എംപി ചൂണ്ടിക്കാണിച്ച പ്രധാന കാര്യം. മുതലാളിത്തവും സോഷ്യലിസവും ഒന്നുമല്ലാത്ത എല്ലാവരും ചേര്‍ന്നുള്ള ഒരു പുതിയ ലോകത്തേയാണ് എംപി വിഭാവനം ചെയ്തത്. ഇതിനോടാണ് സിപിഐഎമ്മില്‍ ഒരു വലിയ വിഭാഗം എതിര്‍പ്പ് ഉന്നയിച്ചതും കേരളത്തില്‍ പാര്‍ട്ടിയില്‍ ചില പുത്തന്‍ പ്രവണതക്കാരെ പുറത്താക്കാന്‍ ഇടയാക്കിയതും. സത്യത്തില്‍ എംപി മുന്നോട്ടു വച്ച എല്ലാവരും സ്വപ്‌നം കാണുന്ന സമത്വ പൂര്‍ണമായ ഒരു സമൂഹമോ അവര്‍ക്കുതകുന്ന ഒരു സര്‍ക്കാരോ ഉണ്ടാകില്ലെന്നതാണ് അന്ന് സിപിഐഎം മുന്നോട്ടു വച്ച വാദം. പിന്നീട് ദല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി മുന്നോട്ടു വച്ച ചില കാര്യങ്ങളിലെങ്കിലും എംപിയുടെ നാലാം ലോക സിദ്ധാന്തത്തിന് ചെറിയൊരു സാദൃശ്യം ഉണ്ടാകാമെന്നത് വെറും നിമിത്തം മാത്രം. സത്യത്തില്‍ രണ്ടും രണ്ടാണ്. മുതലാളിത്തം, ഉല്‍പാദനം, വ്യവസായ വല്‍ക്കരണം ഉപഭോഗം എന്നിവയുടെ ഉല്‍പന്നമായ ആര്‍ത്തിയെ തന്നെയാണ് എംപി ലക്ഷ്യമിട്ടത്. ഉല്‍പാദനവും ഉപഭോഗവും ആവശ്യത്തിന് അനുസരിച്ചല്ലെന്നും അതുണ്ടാക്കുന്നത് ആര്‍ത്തി മാത്രമാണെന്നും എംപി തന്റെ സിദ്ധാന്തത്തില്‍ പറഞ്ഞു വയ്ക്കുന്നു. സിപിഐഎമ്മിലെ കലാപത്തിന്റെ തുടക്കവും ഇതുതന്നെയായിരുന്നു. വ്യവസായവല്‍ക്കരണത്തെ ആദ്യമെതിര്‍ത്തും പിന്നീട് അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചും വളര്‍ന്നു വന്ന ഒരു പാര്‍ട്ടിക്ക് അതിലേറെ ചിന്തിക്കാന്‍ ആകുമായിരുന്നില്ല. നോക്കു കൂലി പോലുള്ള പ്രശ്‌നങ്ങള്‍ മാത്രമല്ല പാര്‍ട്ടിയുടെ അവിഭാജ്യ ഘടകമായി മാറിയ തൊഴിലാളി വിപ്ലവസേനയുടെ തലപ്പത്ത് ഇരിക്കുന്നവരുടെ മുതലാളിത്ത സ്വഭാവത്തെ കുറിച്ചു കൂടിയാണ് ഒരിക്കല്‍ പിജിയും കടന്നാക്രമിച്ചതും കുഴപ്പത്തില്‍ ചെന്ന് ചാടിയതും.

പരമേശ്വരന് ഒപ്പം പുറത്താക്കപ്പെടേണ്ടവരായിരുന്നു എംഎ ബേബിയും തോമസ് ഐസക്കും. രണ്ടുപേരും എംപിയുടെ നാലാം ലോക വാദത്തെ പിന്തുണച്ചു എന്നതായിരുന്നു ആരോപണം. ബേബിയെക്കാള്‍ ഏറെ ആരോപണ മുനകള്‍ നീണ്ടത് ഐസക്കിന്റെ നേരെയായിരുന്നു. ഐസക്കും റിച്ചാര്‍ഡ് ഫ്രാങ്കിയും ചേര്‍ന്ന് എഴുതിയ കേരളത്തിലെ ജനകീയാസൂത്രണ സംബന്ധിച്ച പുസ്തകവും ഡച്ച് സര്‍ക്കാര്‍ കില മുഖേന നല്‍കിയ വികസന ഫണ്ടും തന്നെയായിരുന്നു പ്രശ്‌നം. ഐസക്കിനെ വിദേശ ചാരനായി മുദ്ര കുത്താനും പ്രൊഫസര്‍ സുധീഷും പാഠവും മറന്നില്ല.

എന്നാല്‍ ഐസക്കിനെ ഭാവി ധനകാര്യ മന്ത്രിയായി കണ്ട പിണറായി സംഘം പിടിമുറുക്കിയപ്പോള്‍ വിമതര്‍ തെല്ലൊന്ന് അയഞ്ഞു. വിഎസ് പുതിയ കാര്യങ്ങളിലേക്ക് എത്തിയതോടെ പാഠം മാസികയും ഒരുവഴിക്കായി. എന്തായാലും പശുവും ചത്തു മോരിലെ പുളിയും പോയി. ഐസക്കും ബേബിയും വിഎസിന്റെ മന്ത്രിസഭയില്‍ അംഗങ്ങളായി. രണ്ടായിരത്തിനാലിലെ പ്രളയത്തിന് അതിജീവിച്ച അവര്‍ രണ്ടുപേരും ഇപ്പോഴും പാര്‍ട്ടിയുടെ ഉന്നത ശ്രേണികളില്‍ തുടരുന്നു. പിജിക്ക് മാത്രമായിരുന്നു തരംതാഴ്ത്തപ്പെട്ട അവസ്ഥയില്‍ ഇരുന്ന് മരിക്കേണ്ട ഗതി. അല്ലെങ്കിലും പിജി എന്നും അങ്ങനെയായിരുന്നു. സ്ഥാനമാനങ്ങളെ തേടി പോയിട്ടില്ല. ആര്‍ക്കും എന്തുംസഹായവും ചെയ്യുന്ന യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്. പണ്ടൊരിക്കല്‍ തന്റേത് അടക്കമുള്ള പാര്‍ട്ടികളും ഒരുമിച്ചും അല്ലാതേയും വേട്ടയാടിയിരുന്ന കെ വേണു എന്ന നക്‌സല്‍ നേതാവിന് അഭയം നല്‍കാന്‍ ധൈര്യം കാണിച്ച പിജി. കെ വേണുവിലെ വൈജ്ഞാനിക ദാഹിയെ ആയിരുന്നു പിജിക്ക് ഏറെ ഇഷ്ടം. ആ പിജി ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെടേണ്ടിയിരുന്ന ദിവസം രണ്ട് ഫോട്ടോഗ്രാഫറുമായി ഇതെഴുതുന്ന ആളും എകെജി സെന്ററിന്റെ പരിസരത്ത് ഉണ്ടായിരുന്നു. നാല് ദിവസം മുമ്പ് കാണുമ്പോള്‍ പിജി ഒന്നും പറഞ്ഞിരുന്നില്ലെങ്കിലും പിണറായി പറഞ്ഞത് പിജിക്കും ഒരു ചെറിയ ശിക്ഷ ഉണ്ടാകും എന്നതു കൊണ്ടായിരുന്നു ഈ മുന്‍കരുതല്‍. ഗേറ്റ് ലക്ഷ്യമാക്കാതെ പിജി വരേണ്ട വഴികളില്‍ ക്യാമറയുമായി നാരായണനും ഗോപിയും. രണ്ടുപേരും രണ്ടിടങ്ങളില്‍. ആര്‍ക്കും മുഖം കൊടുക്കാതെ എകെജി സെന്ററിലേക്ക് ഏറെ വൈകി കടന്നു പോയ പിജിയെ നാരായണന്റെ ക്യാമറ ഒപ്പിയെടുത്തു. ക്യാമറ കണ്ണുകളില്‍ പെട്ടുപോയാല്‍ അഭിമാനക്ഷതം ഉണ്ടാകുന്നത് പാര്‍ട്ടിക്ക് ആണെന്ന തിരിച്ചറിവായിരുന്നു പിജിക്ക്.ഒറ്റയാനായി സ്വന്തം മുറിയിലേക്ക് കടന്ന പിജിയെ കണ്ടപ്പോള്‍ പറഞ്ഞത് ഇത്രമാത്രം. ഞാനീ പാര്‍ട്ടിയുടെ ഭാഗമാണ്. പാര്‍ട്ടിക്ക് ദോഷം വരുത്തല്‍ എന്റെ ജോലിയല്ല. എനിക്ക് സത്യമെന്ന് തോന്നിയ ചില കാര്യങ്ങള്‍ ജോണിയോട് (ജോണി ലൂക്കോസിന്റെ അഭിമുഖം) പറഞ്ഞു. അത് ഇത്രമാത്രം പൊല്ലാപ്പ് ഉണ്ടാക്കുമെന്ന് കരുതിയില്ല. ജ്ഞാനിയും സാത്വികനുമായ ഒരു മനുഷ്യന്റെ അളന്ന് മുറിച്ച വാക്കുകള്‍. സ്വജീവിതം പാര്‍ട്ടിക്കുവേണ്ടി ഉഴിഞ്ഞുവച്ച ഒരു നല്ല മനുഷ്യന്റെ അഥവാ കമ്മ്യൂണിസ്റ്റുകാരന്റെ കണ്ണീരിന്റെ നനവുണ്ടായിരുന്നുവോ ആ വാക്കുകളില്‍. സത്യത്തില്‍ പിജി കരഞ്ഞിരുന്നില്ല. ഒരിക്കലും തോല്‍ക്കാന്‍ ആഗ്രഹിക്കാത്ത വിജ്ഞാന ദാഹിയായ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ അന്നത്തെ ആ അവസ്ഥ എന്റെ കണ്ണുകളെ ആകും ഈറനണിയിച്ചത്.

ഇനി വീണ്ടും എംപി പരമേശ്വരനിലേക്ക്. വിഎസ് അച്യുതാനന്ദനേയും പിണറായി വിജയനേയും മാറ്റി നിര്‍ത്തണം എന്നത് മാത്രമല്ല തോമസ് ഐസക്കിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആക്കണമെന്നതാണ് എംപി ആവശ്യപ്പെടുന്നത്. സത്യത്തില്‍ കൊള്ളാവുന്ന ഒരു ആശയം ആണ്. എംപി പറഞ്ഞത് ഇത്രയേയുള്ളൂ. വിഎസ് എകെജിയെപ്പോലെ പൊതുജനങ്ങളുമായി സംവദിക്കാന്‍ കഴിവുള്ള നേതാവാണ്. പിണറായി വിജയന്‍ ആകട്ടെ നല്ലൊരു ഭരണകര്‍ത്താവ് ആണെങ്കിലും ജനങ്ങളുമായി അത്രനല്ല ബന്ധമൊന്നുമില്ല. അതേസമയം ഐസക്കും ബേബിയും ഒക്കെ സിപിഐഎമ്മിന്റെ ജനകീയ മുഖങ്ങളാണ്. അവര്‍ക്ക് ചിരിക്കാനും സംവദിക്കാനും അറിയാം. അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളില്‍ വിഎസ് മന്ദബുദ്ധിയാണെന്നും പിണറായി ജനകീയനല്ലെന്നും വന്നുപോയിട്ടുണ്ട്. ഇക്കാര്യം എംപി തന്നെ പിന്നീട് തിരുത്തുകയും ചെയ്തു. താന്‍ ഉദ്ദേശിച്ചത് എകെജിയുടേയും ഇഎംഎസിന്റേയും എല്ലാ സ്വഭാവ ഗുണങ്ങളും ഒത്തുചേര്‍ന്ന ഒരാള്‍ തന്നെയായിരിക്കണം പാര്‍ട്ടിയേയും പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാരിനേയും നയിക്കേണ്ടത് എന്ന് തിരുത്ത് പറഞ്ഞുവെങ്കിലും സിപിഐഎമ്മിനുള്ളില്‍ എംപി ഉയര്‍ത്തിയ വാദമുഖങ്ങള്‍ വീണ് ഉടയുകയാണ്. സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം എകെജി എന്ന ജനകീയ നേതാവിനെ ഇകഴ്ത്തി കാണിക്കുന്നതിന് ഒപ്പം തന്നെ പാര്‍ട്ടിയുടെ എക്കാലത്തേയും താത്വികാചാര്യനായിരുന്ന ഇഎംഎസിന്റെ പരിമിതികളെ കുറിച്ചും കൂടി എംപി വാചാലനായി എന്നത് ചില്ലറ കാര്യമൊന്നുമല്ല. ഇതിന്റെയൊക്കെ ബഹിര്‍സ്ഫുരണം തന്നെയാകണം അശോകന്‍ ചരുവിലിനെ പോലുള്ള എഴുത്തുകാര്‍ എംപിക്ക് അത്തുംപുത്തുമായി എന്നൊക്കെ പറയുന്നത്.


സിപിഐഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കണം എന്നത് തീരുമാനിക്കേണ്ടത് അവര്‍ തന്നെയാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇടതുപക്ഷത്തിന് ഒരു സാധ്യത ഉണ്ടെന്ന് തോന്നിയാല്‍ വലത് പക്ഷ മാധ്യമങ്ങള്‍ ഒപ്പം സിപിഐക്കാരും ചാടിയിറങ്ങും. പേരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെങ്കിലും ഏറെക്കാലം വലതുപക്ഷം പിടിച്ചു നടന്ന അവരോട് സിപിഐഎമ്മിന് അത്ര മമത ഇല്ലതാനും. ചിലരൊക്കെ പറയുന്നത് പോലെ ന്യൂജനറേഷന്‍ വോട്ടര്‍മാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ എത്ര കടുത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരും ചിലപ്പോള്‍ സ്വീകരിക്കേണ്ടതായി വരും. ന്യൂജെന്‍ എന്ന് പറയുന്നതില്‍ എത്ര പേര്‍ വോട്ട് ചെയ്യുന്നു എന്നല്ല. അവര്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ സ്വന്തം വീട്ടില്‍ നടക്കുന്ന ചര്‍ച്ചകളും എത്ര കടുത്ത പാര്‍ട്ടിക്കാരുടേയും മനസ്സിലേക്ക് കടന്നു എത്തിക്കൊണ്ടിരിക്കുന്ന കാലമാണിത്. ആ സ്ഥിതിക്ക് ഐസക്കിനെ ആക്കിയില്ലെങ്കിലും പരമേശ്വരന്റെ സ്വപ്‌നത്തില്‍ അല്‍പം കഴമ്പുണ്ടോയെന്ന് സിപിഐഎമ്മും പരിശോധിക്കേണ്ടതുണ്ട്. എങ്കിലും പാര്‍ട്ടിക്കാര്യം തീരുമാനിക്കാനുള്ള പൂര്‍ണ അവകാശം അവര്‍ക്ക് തന്നെയാണ്.

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാംNext Story

Related Stories