TopTop
Begin typing your search above and press return to search.

സ്വാര്‍ഥലക്ഷ്യങ്ങളില്ല; യു.ഡി.എഫ് വിടാത്തത് രാജ്യം നേരിടുന്ന ഭീഷണിയോര്‍ത്തിട്ട്: എം പി വീരേന്ദ്രകുമാര്‍/അഭിമുഖം

സ്വാര്‍ഥലക്ഷ്യങ്ങളില്ല; യു.ഡി.എഫ് വിടാത്തത് രാജ്യം നേരിടുന്ന ഭീഷണിയോര്‍ത്തിട്ട്: എം പി വീരേന്ദ്രകുമാര്‍/അഭിമുഖം

എം പി വീരേന്ദ്രകുമാര്‍/കെ എ ആന്‍റണി

സോഷ്യലിസ്റ്റ് നേതാവ്, വാഗ്മി, എഴുത്തുകാരന്‍, മാതൃഭൂമിയുടെ മാനേജിംഗ് ഡയരക്ടര്‍, മുന്‍ കേന്ദ്രമന്ത്രി, ഒറ്റനാള്‍ സംസ്ഥാന മന്ത്രി - വിശേഷണങ്ങള്‍ ഏറെയുണ്ട് എം.പി.വീരേന്ദ്രകുമാറിന്. 'ഹൈമവതഭൂവില്‍' എന്ന സഞ്ചാര സാഹിത്യ കൃതിയിലൂടെ 2010-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് കരസ്ഥമാക്കിയ വീരേന്ദ്രകുമാര്‍ ഇപ്പോള്‍ സ്വാമി വിവേകാന്ദനെക്കുറിച്ചുള്ള പുസ്തകത്തിന്റെ പണിപ്പുരയിലാണ്. ഒപ്പം ചികിത്സയുടെ ഭാഗമായുള്ള വിശ്രമത്തിലും.

2009-ലെ പാര്‍ലമെന്റ് സീറ്റ് തര്‍ക്ക വിവാദങ്ങള്‍ക്കൊടുവില്‍ എല്‍.ഡി.എഫ് വിട്ട് യു.ഡി.എഫില്‍ ചേക്കേറിയ വീരേന്ദ്രകുമാറും അനുയായികളും എല്‍.ഡി.എഫിലേക്ക് മടങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തിപ്രാപിച്ചത് വീരേന്ദ്രകുമാര്‍ രചിച്ച 'ഇരുള്‍ പരക്കുന്ന കാലം' എന്ന പുസ്തകം പിണറായി വിജയന്‍ പ്രകാശനം ചെയ്തപ്പോഴായിരുന്നു. എന്നാല്‍ എല്ലാ പ്രവചനങ്ങളും കാറ്റില്‍ പറത്തിക്കൊണ്ട് തന്റെ പാര്‍ട്ടി യു.ഡി.എഫിനൊപ്പം ഉറച്ചു നില്‍ക്കുന്നുവെന്ന് ഇക്കഴിഞ്ഞ ദിവസം വീരേന്ദ്രകുമാര്‍ പ്രഖ്യാപിച്ചു.

നേരത്തെ വാഗാദാനം ചെയ്തിട്ട് നല്‍കാതിരുന്ന രാജ്യസഭാ സീറ്റില്‍ ഉറപ്പ് നല്‍കിയാണ് ഇടഞ്ഞു നിന്നിരുന്ന വീരേന്ദ്രകുമാറിനെ കോണ്‍ഗ്രസ് നേതൃത്വം അനുനയിപ്പിച്ചതെന്നാണ് അണിയറ വര്‍ത്തമാനങ്ങള്‍. ഇക്കാര്യങ്ങളൊക്കെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് അഴിമുഖത്തിന് അനുവദിച്ച അഭിമുഖത്തിലൂടെ എം പി വീരേന്ദ്രകുമാര്‍ മറുപടി പറയുന്നു.

ആന്‍റണി കെ എ: യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫിലേക്ക് മടങ്ങുന്നുവെന്ന് കേട്ടിരുന്നു. അത്തരത്തില്‍ ചില നീക്കങ്ങളും സജീവമായിരുന്നു. പിന്നെന്തുകൊണ്ടാണ് ഇപ്പോള്‍ ഈ മലക്കം മറിച്ചില്‍?

എം പി വീരേന്ദ്രകുമാര്‍: രാഷ്ട്രീയം മാറിമറിഞ്ഞില്ലേ? രാജ്യം അത്യന്തം അപകടകരമായ അവസ്ഥയിലേക്കാണ് നീങ്ങുന്നത്. ജെ.എന്‍.യു പ്രശ്‌നം നിങ്ങളും കാണുന്നില്ലേ. സത്യത്തില്‍ ആ പയ്യന്‍ (കനയ്യ കുമാര്‍) എന്ത് കുറ്റമാണ് ചെയ്തതെന്ന് മനസ്സിലാവുന്നില്ല. നമ്മുടേത് ഒരു ജനാധിപത്യ രാഷ്ട്രമാണ്. എന്നുവെച്ചാല്‍ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്ന രാഷ്ട്രം. ഇങ്ങനെയൊരു രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്. മോദിയും സംഘപരിവാറും ചേര്‍ന്ന് പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന് മൂക്കുകയര്‍ ഇടുകയാണ്. എതിര്‍സ്വരങ്ങള്‍ രാജ്യദ്രോഹകുറ്റമായി ദുര്‍വ്യാഖ്യാനം ചെയ്യുന്നു. സ്വന്തം അഭിപ്രായം പറയുന്നവരെ തുറങ്കിലടക്കാനും തൂക്കിലേറ്റാനുമാണ് നീക്കം. ഇതിനിടയില്‍ കൊച്ചു കൊച്ച് അഭിപ്രായവ്യത്യാസങ്ങള്‍ക്ക് പ്രസക്തിയില്ല. സംഘപരിവാര്‍ ശക്തികളുടെ കുത്സിത നീക്കത്തെ ഒറ്റക്കെട്ടായി എതിരിടണം.

: അപ്പോള്‍ ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുന്നുവെന്നാണോ?

വീ: നിലവിലുള്ള സ്ഥിതി വെച്ചു നോക്കുമ്പോള്‍ അടിയന്തരാവസ്ഥ ഒന്നുമായിരുന്നില്ല. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഷ്ഠിച്ച ആളാണ് ഞാന്‍. ഇന്നത്തെ അവസ്ഥ അതിനേക്കാള്‍ നൂറിരട്ടി ഭീകരവും ഭീതിദവുമാണ്.

: നിലപാട് മാറ്റത്തെക്കുറിച്ചാണ് അറിയേണ്ടത്. കോണ്‍ഗ്രസ് ഇന്ന് വലിയൊരു കക്ഷിയല്ല. പാര്‍ലമമെന്റില്‍ പോലും പ്രതിപക്ഷ നേതാവുള്ള പാര്‍ട്ടിയല്ല. കേരളത്തിലാവട്ടെ കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫിന് ഒരു കളങ്കിത മുഖമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍, അതും ഒരു നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ഇങ്ങനെയൊരു തീരുമാനം ആവശ്യമായിരുന്നുവോ?

വീ: ജനതാ പരിവാര്‍ എല്ലാ സംസ്ഥാനങ്ങളിലും ശക്തമല്ല. സി.പി.എം ആകട്ടെ കേരളം ഉള്‍പ്പെടെ മൂന്നേ മൂന്ന് സംസ്ഥാനങ്ങളിലേ ഉള്ളൂ. അതില്‍ത്തന്നെ ബംഗാളില്‍ ഒരു തിരിച്ചു വരവിനുവേണ്ടി കോണ്‍ഗ്രസിന്റെ കൈ പിടിക്കേണ്ട അവസ്ഥയിലാണുതാനും. ഇന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ നമ്മള്‍ കേരളത്തെക്കുറിച്ച് മാത്രമല്ല, രാജ്യത്തെക്കുറിച്ചാണ് പ്രധാനമായും ചിന്തിക്കേണ്ടത്. അങ്ങനെ ചിന്തിക്കുമ്പോള്‍ രാജ്യമൊട്ടാകെ എല്ലാ മതേതര സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് കക്ഷികളെ സംയോജിപ്പിക്കാന്‍ പോന്ന ഏക പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണ്.: അപ്പോള്‍ സോളാറും ബാര്‍ കോഴയുമൊന്നും വരുന്ന അസംബ്ലി തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നാണോ പറയുന്നത്?

വീ: അതൊക്കെ നമുക്ക് വോട്ടര്‍മാര്‍ക്ക് വിടാം. അവര്‍ വിധിയെഴുതട്ടെ.

: മന്ത്രി കെ.പി.മോഹനനും മറ്റും ഉയര്‍ത്തിയ എതിര്‍പ്പാണോ യു.ഡി.എഫ് വിടുന്നതിന് വിഘാതമായത്?

വീ: അതൊക്കെ വെറുതെ. എല്ലാ പാര്‍ട്ടികളിലും അഭിപ്രായഭിന്നതകള്‍ ഉണ്ടാകും; അത് പ്രകിടിപ്പിക്കാന്‍ അവസരം ഉള്ളതുകൊണ്ടുമാണത്. ഒടുവില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് പാര്‍ട്ടി കമ്മറ്റിയിലാണ്. ഇവിടെയും അതുതന്നെയാണ് സംഭവിച്ചത്.

: നേരത്തെ വാഗ്ദാനം ചെയ്തിരുന്ന രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ ഉറപ്പ് ലഭിച്ചതിനാലാണ് ഈ മലക്കം മറിച്ചില്‍ എന്നും കേള്‍ക്കുന്നുണ്ടല്ലോ?

വീ: ഓരോരുത്തരും അവര്‍ക്ക് തോന്നുന്ന രീതിയില്‍ വ്യാഖ്യാനങ്ങള്‍ നടത്തുന്നു.

: അപ്പോള്‍ അങ്ങനെ ഒരു ഉറപ്പും ലഭിച്ചിട്ടില്ലെന്നാണോ പറയുന്നത്?

വീ: രാജ്യസഭയിലേക്കുള്ള നോമിനേഷന്‍ വരുന്നതല്ലേയുള്ളൂ. അതൊക്കെ അപ്പോള്‍ പറയാം. രാജ്യസഭാസീറ്റ് ജെ.ഡി-യുവിന് അര്‍ഹതപ്പെട്ടതാണ്. അത് ലഭിക്കമെന്നു തന്നെയാണ് കരുതുന്നത്.

: ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സാധ്യത എങ്ങനെ വിലയിരുത്തുന്നു?

വീ: അവര്‍ക്ക് മൂന്നു സീറ്റുവരെ കിട്ടിക്കൂടായ്കയില്ലെന്ന് യെച്ചൂരി പറഞ്ഞതായി കണ്ടു. എനിക്കറിയല്ല.

: വെള്ളാപ്പള്ളി നടേശന്റെ പാര്‍ട്ടിയെക്കുറിച്ച് എന്തു പറയുന്നു?

വീ: (ചിരിച്ചു കൊണ്ട്) രാഷ്ട്രീയം ആശയപരമല്ല അവസരവാദപരമാണെന്നല്ലേ വെള്ളാപ്പള്ളി പറഞ്ഞത്. സത്യത്തില്‍ ആരെങ്കിലും ഇങ്ങനെയൊക്കെ പറയുമോ?

: പുതിയ രചനകള്‍. അങ്ങനെ എന്തെങ്കിലും ഉണ്ടോ?

വീ: ഞാനിപ്പോള്‍ വിവേകാനന്ദനെക്കുറിച്ച് ഒരു പുസ്തകം എഴുതിക്കൊണ്ടിരിക്കുകയാണ്.

: വിവാകാനന്ദനെ ഏത് രൂപത്തില്‍ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്?

വീ: എഴുതി കഴിയട്ടെ. അപ്പോള്‍ പറയാം. പിന്നെ, ഒന്നുണ്ട്, സത്യത്തില്‍ വിവേകാനന്ദന്റെ കുടുംബത്തെക്കുറിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും അറിയുമോ? ഇതൊക്കെ എന്റെ പുസ്തകത്തില്‍ ഉണ്ടാവും.

(മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് കെ.എ ആന്റണി)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories