TopTop
Begin typing your search above and press return to search.

എംഎസ് ധോണി; ദി അണ്‍ടോള്‍ഡ് സ്‌റ്റോറി; അപൂര്‍ണമായൊരു ബയോപിക്

എംഎസ് ധോണി; ദി അണ്‍ടോള്‍ഡ് സ്‌റ്റോറി; അപൂര്‍ണമായൊരു ബയോപിക്

'അസ്ഹറി'നു ശേഷം സ്‌പോര്‍ട്‌സ് ബയോപിക്ക് ഗണത്തിലേക്ക് എംഎസ് ധോണി കൂടിയെത്തി. വിവാദങ്ങളും ജയപരാജയങ്ങളും ആവശ്യത്തിലധികമുള്ള, സംഭവബഹുലമായ, ഇപ്പോഴും അവസാനിക്കാത്ത ധോണിയുടെ കരിയറും വ്യക്തിജീവിതവുമൊക്കെ സിനിമയാക്കുക വലിയ വെല്ലുവിളി തന്നെയാണ്. എ വെനസ്‌ഡേ പോലുള്ള സിനിമകളിലൂടെ പ്രേക്ഷര്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനായി മാറിയ നീരജ് പാണ്ഡേ ആണ് ആ വെല്ലുവിളി ഏറ്റെടുത്തത്. സുശാന്ത് സിംഗ് രാജ്പുത് ആണ് ടൈറ്റില്‍ കഥാപാത്രമാകുന്നത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ അദ്ദേഹം ഈ വെല്ലുവിളിയെ എത്രത്തോളം വിജയകരമായി ഏറ്റെടുക്കും എന്ന കൗതുകവും പ്രേക്ഷകര്‍ക്ക് ഉണ്ടായിരുന്നു. 'എം എസ് ധോണി; ദി അണ്‍ടോള്‍ഡ് സ്‌റ്റോറി' എന്നാണു സിനിമയുടെ മുഴുവന്‍ പേര്, നിങ്ങളറിയുന്ന ഒരാളുടെ നിങ്ങളിതുവരെ കാണാത്ത യാത്ര എന്നതാണ് പരസ്യ വാചകം. അത്തരം കുറെ സംഭവങ്ങള്‍ ഉണ്ടെന്ന പ്രലോഭനം പ്രീ പ്രൊഡക്ഷന്‍ കാലം മുതല്‍ കേട്ടിരുന്നു.

ധോണിയുടെ ജനനം മുതല്‍ 2011 ലോകകപ്പ് ജയം വരെയുള്ള ധോണിയുടെ ജീവിതമാണ് സിനിമ. ഗോള്‍ കീപ്പര്‍ ആയുള്ള കായിക ജീവിതത്തിന്റെ തുടക്കം, വിക്കറ്റ് കീപ്പിംഗിലേക്കുള്ള ചുവടുമാറ്റം, ഹാര്‍ഡ് ഹിറ്റിങ്, സ്‌ക്കൂള്‍ മത്സരങ്ങള്‍, രഞ്ജി, ഇന്ത്യ എ ടീം, ടിക്കറ്റ് കളക്ടര്‍ ആയുള്ള ജീവിതം, ടീമില്‍ എത്തിയത്, ക്യാപ്റ്റന്‍ ആയത്, വേള്‍ഡ് കപ്പ് നേടിയത് തുടങ്ങി സുപരിചിതമായ ജീവിതമാണ് സിനിമയില്‍ ഉള്ളത്. കുടുംബം, പ്രണയം, പ്രണയ നഷ്ടം, നിരാശകള്‍, സൗഹൃദങ്ങള്‍ തുടങ്ങി വ്യക്തിജീവിതവും ധോണി പറയുന്നുണ്ട്. ധോണിയുടെ വിജങ്ങളെക്കുറിച്ചും നേരിട്ട വെല്ലുവിളികളെക്കുറിച്ചും മാത്രമാണ് മൂന്നു മണിക്കൂറിലേറെ നീളമുള്ള സിനിമ പറയുന്നത്. വിവാദങ്ങളെ വളരെ ലാഘവത്വത്തോടെ തൊട്ടും തൊടാതെയും പോകുന്നു. 2011-നു ശേഷം ധോണിയുടെ കരിയറില്‍ ഉണ്ടായ വിവാദങ്ങള്‍ ഏറെയാണ്. ഇത് അവഗണിച്ചുള്ള ധോണിയുടെ ബയോ പിക് തീര്‍ച്ചയായും അപൂര്‍ണ്ണമാണ്.

ധോണി ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ കാലത്ത് സച്ചിന്‍ - ഗാംഗുലി - ദ്രാവിഡ് ത്രയങ്ങള്‍ ആയിരുന്നു ക്രിക്കറ്റിന്റെ അമരക്കാര്‍ എന്ന് പറയാം, ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചു കുലുക്കിയ കോഴ വിവാദത്തിന് ശേഷം സേവാഗ്, യുവരാജ്. കൈഫ്, സഹീര്‍ ഖാന്‍, ഇര്‍ഫാന്‍ പഠാന്‍ തുടങ്ങിയ കളിക്കാര്‍ ഏകദിന ക്രിക്കറ്റിനെ വീണ്ടും സജീവമാക്കി. 1983-ലെ ആദ്യ ലോകകപ്പ് ജയത്തിനു ശേഷം ടെലിവിഷന്റെ വ്യാപനത്തോടെ സജീവമായ ഏകദിന ക്രിക്കറ്റ് അതിന്റെ വളരെ വിജയകരമായ കാലത്തിലൂടെ ആയിരുന്നു കടന്നു പോയത്. കപില്‍ ദേവ് മുതല്‍ ദ്രാവിഡ് വരെയുള്ള ക്യാപ്റ്റന്മാര്‍ ഏകദിന ക്രിക്കറ്റിന് വ്യത്യസ്തമായ ദിശകള്‍ നല്‍കിയപ്പോള്‍ ധോണി എന്ന ക്യാപ്റ്റന്‍ അതുവരെയുള്ള രീതികളെ മാറ്റിമറിച്ചു. ധോണിയില്‍ നിന്ന് കൂടിയാണ് ട്വന്റി - ട്വന്റിയിലേക് ക്രിക്കറ്റ് ഘടന ചുരുങ്ങുന്നത്. ഐപിഎല്‍ പോലുള്ള പുതിയൊരു രീതി ഇവിടെ ഉണ്ടാവുന്നത്. അത്തരമൊരു ചരിത്രപരമായ മാറ്റത്തെ സിനിമ ഉള്‍ക്കൊണ്ടില്ല. ആദ്യ പകുതിയിലെ ധോണിയുടെ ജീവിതം കാണിക്കുന്ന സൂക്ഷമത അവിടെ എത്തുമ്പോള്‍ മനഃപൂര്‍വമോ അല്ലാതെയോ കൈമോശം വരുന്നു. ഒരേ സമയം നായകനും വില്ലനുമായ, ലക്ഷകണക്കിന് ആരാധകരെയും വിമര്‍ശകരെയും ഒരേ സമയം സമ്പാദിച്ച വ്യക്തിയാണു ധോണി. ആ വസ്തുതയെ ഹീറോയിസത്തിലേക്ക് ചുരുക്കി കളഞ്ഞു എംഎസ് ധോണി എന്ന സിനിമ.ഇതുവരെ കേള്‍ക്കാത്ത കഥകള്‍ ഒന്നും കാര്യമായി സിനിമയില്‍ ഇല്ല. കരിയറിന്റെ തുടക്കത്തില്‍ ഉണ്ടെന്ന് അവ്യക്തമായ ഗോസിപ്പായി നമ്മള്‍ കേട്ട പ്രണയ നഷ്ടത്തിന്റെ സ്ഥിരീകരണമാണ് സിനിമയുടെ ഒരു ഹൈലൈറ്റ്. ദുരന്തം എന്നെന്നേക്കുമായി നശിപ്പിക്കുമായിരുന്ന കരിയര്‍ തിരിച്ചു പിടിക്കുന്ന രംഗങ്ങള്‍ നമ്മള്‍ അറിയാത്ത ഒരു കാലഘട്ടമാണ്. അതു വളരെ ഒതുക്കി സിനിമയുടെ ഒഴുക്കിനെ ഒട്ടും ബാധിക്കാത്ത രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ജീവിച്ചിരിക്കുന്നവരുമായി നേരിട്ട് ബന്ധപ്പെടുന്നതിലാവാം വളരെയധികം മാന്യതയും മിതത്വവും ഉണ്ടായിരുന്നു ആ രംഗങ്ങള്‍ക്ക്. സ്‌കൂള്‍ കാലത്തേക്ക് തിരിഞ്ഞു നോക്കുന്നേയില്ല.

ഏകദിന, ടി-20 ഫോര്‍മാറ്റുകളില്‍ ഇപ്പോഴും സജീവമായി ധോണിയുടെ കരിയര്‍ തുടരുന്നുണ്ട്. റിട്ടയര്‍മെന്റ് സംബന്ധിച്ച ചോദ്യങ്ങളെ ആക്ഷേപഹാസ്യപരമായി നേരിട്ടത് ഈയടുത്താണ്. സീക്വല്‍ സാധ്യത ആലോചിച്ചാണോ എന്നറിയില്ലെങ്കിലും വല്ലാത്ത അപൂര്‍ണത അതുണ്ടാക്കുന്നുണ്ട്. സിനിമ വളരെ ആധികാരികമായി പറയാന്‍ ശ്രമിക്കുന്ന കാര്യം കൗമാരത്തിലെപ്പോഴോ തുടങ്ങിയ യുവ്‌രാജ് - ധോണി ശീതസമരമാണ്. രഞ്ജി ട്രോഫിയിലെ ബിഹാര്‍-പഞ്ചാബ് മത്സരത്തിനിടയില്‍ യുവരാജിന് തോന്നിയ അകാരണമായ പകയും കുശുമ്പും പ്രതികാരവും അയാള്‍ മറന്നിട്ടും ധോണി മറന്നില്ല എന്നാണ് സിനിമയുടെ ഭാഷ്യം. യഥാര്‍ത്ഥ മത്സരങ്ങളുടെ ടെലിവിഷന്‍ ഫൂട്ടേജുകളുടെ സഹായത്തോടെ ഈ വാദത്തെ ന്യായീകരിക്കുന്നുമുണ്ട്. പക്ഷെ സത്യമാണെങ്കിലും അര്‍ദ്ധ സത്യമാണെങ്കിലും അത്തരമൊരു നായകന്‍-വില്ലന്‍ ദ്വന്ദ പരിവേഷം അനാവശ്യമായി തോന്നി.

ഇന്ത്യയിലെ മധ്യവര്‍ഗ ജീവിതം അതിന്റെ എല്ലാ സ്വാഭാവികതയോടെയും വരച്ചു കാട്ടുന്നുണ്ട് ധോണി; ദി അണ്‍ ടോള്‍ഡ് സ്‌റ്റോറിയുടെ ആദ്യ പകുതി. ബിഹാറിലെ ഒരു പമ്പ് ഓപ്പറേറ്ററുടെ ജീവിതം, ദാരിദ്രം, സന്തോഷങ്ങള്‍, മക്കളെപ്പറ്റിയുള്ള പ്രതീക്ഷകള്‍ എല്ലാം റിയലിസ്റ്റിക് ആണ്. രക്ഷിതാക്കള്‍ സ്വന്തം സ്വാര്‍ത്ഥതയ്ക്കു വേണ്ടി നശിപ്പിച്ച കുറെ പ്രതിഭകളെ പറ്റി പറയുന്നുമുണ്ട്. വരണ്ട ഇന്ത്യന്‍ മൈതാനങ്ങള്‍, പരിശീലനങ്ങള്‍, പരിമിതമായ സ്വകാര്യങ്ങള്‍ തുടങ്ങി നൂറു ശതമാനം സ്വാഭാവികമായ ഇന്ത്യന്‍ അവസ്ഥകളെ സിനിമ സത്യസന്ധമായി ഉള്‍കൊള്ളുന്നു. ടിക്കറ്റ് കളക്ടര്‍ ആയ ജീവിതകാലത്തെ ധോണിയുടെ അനുഭവങ്ങള്‍ ഇതുമായി ചേര്‍ത്തു കാണാം. സ്വപ്നത്തിനും ജീവിത സാഹചര്യത്തിനും ഇടയില്‍പെട്ട് പോയ നൂറു കണക്കിന് ഇന്ത്യന്‍ ജീവിതങ്ങളുടെ പ്രതിനിധി ആവുന്നു അപ്പോള്‍ അയാള്‍. വായിച്ചും കേട്ടുമറിഞ്ഞ രാത്രിയില്‍ വെള്ളയുടുപ്പിട്ട് സഹപ്രവര്‍ത്തകരെ ഭയപ്പെടുത്തുന്ന സിനിമാറ്റിക് സാധ്യത ഒരുപാടുണ്ടായിട്ടും വിട്ടു കളയുകയും ചെയ്തു. ധോണിയുടെ സഹോദരന്‍ നരേന്ദ്ര സിംഗ് ധോണിയുടെ സാന്നിധ്യമോ പരാമര്‍ശമോ സിനിമയിലില്ലാത്തതെന്താണെന്നറിയില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ സിനിമ സത്യസന്ധതയോടു വിട്ടു വീഴ്ച ചെയ്യുന്നു; ഇന്ത്യന്‍ ക്രിക്കറ്റിനെ, പ്രത്യേകിച്ചും ഐപിഎല്‍ പോലുള്ള മഹാമേളകളെ നിയന്ത്രിച്ചു കൊണ്ടുള്ള കോര്‍പറേറ്റ് ഇടപെടലുകളെക്കുറിച്ച് തൊട്ടും തലോടിയും പോകുന്നേയുള്ളു സിനിമ. സെലക്ഷന്‍ പ്രോസസ് മുതലുള്ള ഇടപെടലുകള്‍ ധോണിയുടെ വരവോടെ മാറി എന്ന മട്ടിലാണ് എം.എസ്.ഡി പറയുന്നത്. ഇത്തരം കാര്യങ്ങള്‍ മഹേന്ദ്ര സിംഗ് ധോണിയെ പോലൊരു ക്രിക്കറ്ററെക്കുറിച്ച് പറയുമ്പോള്‍ ഒഴിവാക്കന്നത് അത്ഭുതമുണ്ടാക്കുന്നു. കരിയറിന്റെ തുടക്കം മുതല്‍ അത്തരം ഇടപെടലുകള്‍ കൂടി ചേര്‍ന്നതാണയാളുടെ ജീവിതം.

ധോണിയും സീനിയര്‍ താരങ്ങളും തമ്മിലുണ്ടെന്നു പറയുന്ന ശീതയുദ്ധം ധോണിയുടെ വളരെ സത്യസന്ധമായ ടീം സ്പിരിറ്റില്‍ നിന്നുമുണ്ടായതാണെന്ന് സിനിമ അടിയുറച്ചു വിമര്‍ശിക്കുന്നുണ്ട്. ധോണി വാര്‍ത്തെടുക്കാന്‍ ശ്രമിച്ചത് ഒരു ടീമിനെയാണെന്ന് പറയുന്നു. ടീമിലെത്തുന്നതിനും രണ്ടുവര്‍ഷം മുന്നേ കൂട്ടുകാര്‍ക്കൊപ്പം പ്രശസ്തമായ നാറ്റ് വെസ്റ്റ് ഫൈനല്‍ കാണുന്ന ധോണി സച്ചിന്‍ ഔട്ടായപ്പോള്‍ ബാറ്റിന്റെ മധ്യത്തിലൂടെയുള്ള ഒരു ഷോട്ട് അല്ലല്ലോ എന്നാകുലപ്പെടുന്നുണ്ട്. ആ ആകുലതയെ കുറേ പേര്‍ പിന്താങ്ങുന്നു. പിന്നീടും ചെറിയ രംഗങ്ങളിലൂടെ അത്തരം കാര്യങ്ങള്‍ വരച്ചിടുന്നുണ്ട്. മെയ്ക്കിംഗിലെ അതിസൂക്ഷത പക്ഷെ ആ വ്യാഖ്യാനത്തിലുണ്ടോ എന്നു സംശയമാണ്. തികച്ചും ഏകപക്ഷീയമായ ഹീറോയിസം ആയി ചുരുങ്ങി ആ രംഗങ്ങള്‍.നിങ്ങള്‍ക്കു സ്‌നേഹിക്കുകയോ വെറുക്കുകയോ ചെയ്യാം, പക്ഷെ അവഗണിക്കാനാവില്ല എന്ന വാചകം വളരെ കൃത്യമായി ചേരുന്ന ഒരാളാണ് എംഎസ് ധോണി. 'സച്ചിന്‍.. സച്ചിന്‍' എന്ന വിളിയില്‍ നിന്ന് 'മഹീ... മഹീ' എന്ന വിളിയിലേക്കുള്ള ദൂരം വളരെ വലുതാണ്. അതില്‍ ഏതു നല്ലത്, ഏതു മോശം എന്നെല്ലാം തര്‍ക്ക വിഷയമാണ്. സെവാഗിന്റെ കൂടി വിരമിക്കലോടെ ക്രിക്കറ്റ് കാണല്‍ നിര്‍ത്തയവരും പിന്നീടും തുടര്‍ന്നവരുമെല്ലാം നിരന്തരമായി ചര്‍ച്ച ചെയ്യുന്ന ഒരു കാര്യമാണത്. അതിനൊരു ഉത്തരമോ ശാസ്ത്രീയ വിശകലനമോ കണ്ടെത്തുക അസാധ്യമായിടത്തോളം എംഎസ് ധോണി ഇവിടെ തന്നെയുണ്ട്, ഒരു കാലഘട്ടത്തെ അവസാനിപ്പിച്ചു എന്ന പഴിയും നന്ദിയുമേറ്റു വാങ്ങിക്കൊണ്ട്. ആ എംഎസ് ധോണിയെ, അയാളുടെ ശരീര ഭാഷയെ വ്യവസ്ഥാധിക്കാരികളായ ഷോട്ടുകള്‍ കൊണ്ട് പകര്‍ന്നാടിയ സുശാന്തിന് കയ്യടി കൊടുക്കാതെ വയ്യ.

ധോണി ക്യാപ്റ്റന്‍ ആയ ലോകകപ്പ് വിജയങ്ങള്‍ ക്രിക്കറ്റ് പ്രണയികളുടെ ഗൃഹാതുരമായ ഓര്‍മായായി. ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടുകള്‍ ഇപ്പോള്‍ കാണാറില്ല. 'മഹീ....' എന്ന് ഇന്ന് ബൗണ്ടറി ലൈനിന്റെ ഇപ്പുറത്ത് നിന്ന് പ്രതിധ്വനിക്കാറില്ല. ധോണിയുടെ ജീവിതകഥയിലെ ആദ്യ പകുതിയിലെ ആഘോഷങ്ങള്‍ ഇപ്പോള്‍ വിരാട് കോഹ്ലിയിലൂടെ പുനരാവിഷ്‌കരിക്കപ്പെടുന്നു. അയാളുടെ റെക്കോര്‍ഡുകളെ, പ്രണയത്തെ, പ്രണയഭംഗത്തെയൊക്കെ നമ്മള്‍ ഉറ്റു നോക്കുന്നു. അയാള്‍ ടെസ്റ്റ് ടീമിനെ നയിക്കുന്നു. എംഎസ് ധോണിക്ക് 35 വയസായി. റിട്ടയര്‍മെന്റിനു വേണ്ടിയുള്ള മുറവിളികള്‍ ഉയരുന്നു. ദേശസാംസ്‌കാരിക ഭൂപടങ്ങള്‍ മാറ്റിവരച്ചാല്‍ ഇനിയും കഥകളുണ്ടാകും, താരങ്ങളും. പഴിക്കാമെങ്കിലും അവഗണിക്കാനാകാത്തതു കൊണ്ട് അത്തരമൊരു മാറ്റത്തിന്റെ ഏതോ ഓരത്ത് ധോണി അപ്പോഴുമുണ്ടാകും... അതികഠിനമായ സ്‌നേഹത്തോടെയോ തീവ്രമായ വെറുപ്പോടെയോ നമ്മളയാളെ ഓര്‍ക്കും. ഏകപക്ഷീയമായ വാഴ്ത്തപ്പെടലായി ചുരുങ്ങിയെങ്കിലും മഹേന്ദ്ര സിംഗ് ധോണിയെപ്പോലെ തന്നെ എം.എസ് ധോണി; ദി അണ്‍ടോള്‍ഡ് സ്‌റ്റോറിയും അത്തരമൊരു അനുഭവമായിരുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories