TopTop
Begin typing your search above and press return to search.

ബാധ്യതയാവുന്ന ഒരു ഇതിഹാസ താരത്തെയും ടീമില്‍ നിലനിറുത്തേണ്ടതില്ലെന്ന ധോണി ഉണ്ടാക്കിയ ചരിത്രം ആവര്‍ത്തിക്കുമോ?

ബാധ്യതയാവുന്ന ഒരു ഇതിഹാസ താരത്തെയും ടീമില്‍ നിലനിറുത്തേണ്ടതില്ലെന്ന ധോണി ഉണ്ടാക്കിയ ചരിത്രം ആവര്‍ത്തിക്കുമോ?

ഇന്ത്യന്‍ ടീം ക്യാപ്ടന്‍സിയുടെ എല്ലാ ബാധ്യതകളില്‍ നിന്നും മഹേന്ദ്ര സിംഗ് ധോണി മോചിതനായിരിക്കുന്നു. ഈ ഘട്ടത്തില്‍, അദ്ദേഹം ക്യാപ്ടനായപ്പോള്‍ ഉണ്ടായ ചരിത്രം ആവര്‍ത്തിക്കുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ക്രിക്കറ്റ് വൃത്തങ്ങളില്‍ ഉയരുന്നത്. വിജയം ഒഴികെ ഒന്നും പ്രശ്‌നമല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് പുതിയ ക്യാപ്ടന്‍ കോഹ്ലി എന്ന വസ്തുത കണക്കിലെടുക്കുമ്പോഴാണ് ചരിത്രം ആവര്‍ത്തിക്കുമോ എന്ന ചോദ്യം കൂടുതല്‍ പ്രസക്തമാവുന്നത്. ടീമംഗങ്ങളുടെ യശസ്സ്, നേടിയ റണ്‍സ്, ചരിത്രം, വൈകാരികത തുടങ്ങിയവയ്‌ക്കൊന്നും തന്റെ ടീമില്‍ ധോണി ഇടം നല്‍കിയിരുന്നില്ല. വിജയം മാത്രമാണ് ടീമിന്റെ ലക്ഷ്യം എന്ന പുതിയ ശൈലിയിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് സംസ്‌കാരത്തെ മാറ്റിയതും ധോണിയാണെന്നതും കൗതുകകരമാണ്.

2007-08ല്‍ ഇന്ത്യയെ ആദ്യ ട്വന്റി-20 ലോകകപ്പില്‍ ചാമ്പ്യന്മാരാക്കുമ്പോള്‍ ധോണിയും തന്റെ ക്യാപ്ടന്‍സിയുടെ ബാല്യദിശയിലായിരുന്നു. രാഹുല്‍ ദ്രാവിഡ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് പിന്നീട് അദ്ദേഹത്തെ ഏകദിന ടീമിന്റെയും ക്യാപ്ടനായി തിരഞ്ഞെടുത്തു. കോഹ്ലിയുടെ യുവനിരയില്‍ നിന്നും വ്യത്യസ്തമായി സച്ചിന്‍, ദ്രാവിഡ്, ഗാംഗുലി, ലക്ഷ്മണ്‍, സേവാഗ് തുടങ്ങിയ വമ്പന്മാരുടെ ബാഹുല്യമായിരുന്നു അന്ന് ടീമില്‍. ശരീരികക്ഷമമായ ടീമെന്ന തന്റെ ലക്ഷ്യത്തിന് ദ്രാവിഡും ഗാംഗുലിയും യോജിക്കില്ലെന്ന് ധോണി ആദ്യമേ മനസിലാക്കി. ധോണി സ്ഥാനമേറ്റ് ഒരു വര്‍ഷത്തിനുള്ളില്‍ ഇരുവരും ഏകദിന ടീമില്‍ നിന്നും പുറത്തുപോവുകയും ചെയ്തു. ലക്ഷ്മണിന് ധോണി കാലത്ത് ഒരിക്കലും ഏകദിന ടീമില്‍ ഇടം നേടാന്‍ കഴിഞ്ഞതുമില്ല.

പിന്നീട് ഓസ്‌ട്രേലിയയില്‍ നടന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ സച്ചിനും സേവാഗിനും വിശ്രമം നല്‍കി കൊണ്ട് ധോണി ഒരു പടികൂടി മുന്നോട്ടുപോയി. സേവാഗും തെണ്ടുല്‍ക്കറും ഗംഭീറും കളിക്കുന്ന ഒരു ടീമില്‍ ഓരോരുത്തരും 20 റണ്‍സ് വച്ച് ടീമിന് നഷ്ടമുണ്ടാക്കും എന്നായിരുന്നു ധോണിയുടെ സിദ്ധാന്തം. വിജയങ്ങളല്ലാതെ മറ്റൊരു വികാരവും ടീമുനുണ്ടാവരുത് എന്ന നവസിദ്ധാന്തത്തിലേക്ക് ഈ നടപടികളിലൂടെ ഇന്ത്യന്‍ ടീം പതുക്കെ പതുക്കെ നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ രംഗം നേരെ തിരിഞ്ഞിരിക്കുകയാണ്. ധോണിയാണ് ഇന്ന് ടീമിലെ ഏക ഇതിഹാസം. വിജയം മാത്രം കൊതിക്കുന്ന വിരാട് കോഹ്ലിയാണ് ടീമിനെ നയിക്കുന്നത്. 2019 ലോകകപ്പിന് ശേഷം മാത്രമേ വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുള്ളുവെന്നാണ് അഭിമുഖങ്ങളിലൊക്കെ ധോണി നല്‍കുന്ന സൂചനകള്‍. പക്ഷെ ഇപ്പോള്‍ അദ്ദേഹത്തിന മുപ്പത്തഞ്ച് വയസായി. വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ഇപ്പോഴും ധോണിയെ വെല്ലുവിളിക്കാന്‍ പോന്ന ഒരു താരം രാജ്യത്തില്ല. എന്നാല്‍, ബാറ്റിംഗില്‍ ഇപ്പോള്‍ പഴയത് പോലെ തിളങ്ങാന്‍ അദ്ദേഹത്തിനാവുന്നില്ല എന്ന് മാത്രമല്ല, ആക്രമിച്ച് കളിക്കേണ്ട അവസരങ്ങളില്‍ അനാവശ്യ പ്രതിരോധത്തിലേക്ക് നീങ്ങി ടീമിനെ സമ്മര്‍ദത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ടീമിന് ബാധ്യതയാവുന്ന ഒരു ഇതിഹാസ താരത്തെയും മുന്‍കാല സംഭാവനകളുടെ പേരില്‍ ടീമില്‍ നിലനിറുത്തേണ്ടതില്ല എന്ന തന്ത്രം കൃതകൃത്യതയോടെ നടപ്പിലാക്കിയ ക്യാപ്ടനാണ് ധോണി. കാലം തിരിഞ്ഞുവരുമ്പോള്‍ അതേ വിധി തന്നെയാണോ അദ്ദേഹത്തെയും കാത്തിരിക്കുന്നത് എന്നതാണ് പ്രധാന ചോദ്യമെന്ന് scroll.in-ല്‍ എഴുതിയ ലേഖനത്തില്‍ ആനന്ദ് സച്ചാര്‍ വിശദീകരിക്കുന്നു.

Next Story

Related Stories