TopTop
Begin typing your search above and press return to search.

ഇടയ്ക്കൊന്നു മുറിഞ്ഞു പോയെങ്കിലും പാടാതിരിക്കാനാവില്ല നസീമിന്

ഇടയ്ക്കൊന്നു മുറിഞ്ഞു പോയെങ്കിലും പാടാതിരിക്കാനാവില്ല നസീമിന്

തിരുവനന്തപുരം ദൂരദര്‍ശന്‍റെ സുവര്‍ണ്ണകാലത്ത്, സാറ്റലൈറ്റ് ചാനലുകളുടെ ശൈശവകാലത്ത് നിറഞ്ഞ ചിരിയോടെ മലയാളിയുടെ സ്വീകരണ മുറിയില്‍ സജീവമായിരുന്ന ആ പാട്ടുകാരന്‍ എവിടെ എന്ന അന്വേഷണം ഒടുവില്‍ എത്തിച്ചത് കഴക്കൂട്ടം വെട്ടുറോഡിലെ 'അസ്മ' എന്ന വീട്ടിലായിരുന്നു. നോട്ട് നിരോധനത്തിനെതിരെ ഇടതുപക്ഷം സംഘടിപ്പിക്കുന്ന മനുഷ്യചങ്ങല എന്‍ എച്ച് 47നെ ഒരു മനുഷ്യപുഴ പോലെ ആക്കിയ ദിവസമാണ് കഴക്കൂട്ടത്തെത്തിയത്. മുദ്രാവാക്യം വിളിയാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ചെങ്കൊടികള്‍ പാറിക്കളിക്കുന്നുണ്ടായിരുന്നു. ആ ദൃശ്യത്തിലേക്ക് കണ്ണുനട്ട് 'അസ്മ'യുടെ ഗെയ്റ്റ് പിടിച്ച് ഒരാള്‍ നില്‍ക്കുന്നു. നെയിം ബോര്‍ഡില്‍ ആ പേര് തിളങ്ങി നിന്നു. എം എസ് നസീം.

കാണാനും സംസാരിക്കാനുമാണ് വന്നതെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ സന്തോഷത്തിന് അതിരില്ലായിരുന്നു. സ്വതസിദ്ധമായ ചിരിയോടെ ഞങ്ങളെ എതിരേറ്റ് വീട്ടിലേക്ക് കൊണ്ടുപോയി. വീടിന്‍റെ ഉമ്മറത്തെത്തിയപ്പോള്‍ സംസാരിച്ച് തുടങ്ങുന്നതിന് മുന്‍പ് തന്നെ അദ്ദേഹം ഒരു കൊച്ചു കുട്ടിയുടെ ഉത്സാഹത്തോടെ ‘മധുരിക്കും ഓര്‍മ്മകളെ’ എന്ന പാട്ട് പാടി. ശ്രുതി തെറ്റാതെ യാതൊരു ഇടര്‍ച്ചയുമില്ലാതെ മനോഹരമായി പാടുമ്പോഴും അക്ഷരങ്ങള്‍ ആ ചൂണ്ടുകളില്‍ നിന്നു അകന്നുനിന്നു. പാട്ടിനോടുള്ള അദ്ദേഹത്തിന്റെ അഗാധമായ പ്രണയം ആ ശബ്ദതരംഗങ്ങളിലൂടെ ഞങ്ങള്‍ അനുഭവിച്ചു.

മുഴുവന്‍ സമയവും സംഗീതത്തിന് വേണ്ടി നീക്കിവെക്കാന്‍ തീരുമാനിച്ച് റിട്ടയര്‍മെന്‍റിന് എട്ടു വര്‍ഷം മുന്‍പ് വൈദ്യുതി ബോര്‍ഡിലെ സൂപ്രണ്ട് സ്ഥാനത്ത് നിന്നു സ്വമേധയാ വിരമിച്ച നസീമിന് സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കാനായില്ല. സംഗീത സംവിധായകന്‍ രാഘവന്‍ മാഷെ കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്തു കൊണ്ടിരിക്കെയാണ് നസീം രോഗ ബാധിതനാകുന്നത്. പക്ഷാഘാതം വന്നു ഒരുഭാഗം തളര്‍ന്നുപോയ നസീം ഒരുവര്‍ഷത്തോളം കിടപ്പിലായിരുന്നു. നിശ്ചയദാര്‍ഡ്യം ഒന്നുകൊണ്ട് മാത്രം ഒരു പരിധിവരെ രോഗവിമുക്തനായെങ്കിലും വാക്കുകള്‍ വ്യക്തമാകുന്ന രീതിയില്‍ സംസാരം പൂര്‍ണ്ണമായും വീണ്ടെടുത്തിട്ടില്ല. സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശം ഒന്നു മാത്രമാത്രമാണ് അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നതെന്ന് വേണമെങ്കില്‍ പറയാം. പിന്നെ കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും പിന്തുണയും.

“ഒരു പാട്ടുകാരനെ സംബന്ധിച്ചിടത്തോളം അയാളുടെ ഏറ്റവും വലിയ ആയുധം ശബ്ദമാണ്. അത് പൂര്‍ണ്ണമായും തിരിച്ചു കിട്ടിയാലെ അദ്ദേഹത്തിന് ഇനിയും പാടിത്തുടങ്ങാനാവൂ. രോഗബാധിതനായ ആദ്യത്തെ ഒരു വര്‍ഷം അദ്ദേഹം ശബ്ദങ്ങളുടെ ലോകത്തിലെ ഇല്ലായിരുന്നു. ചലന ശേഷി നഷ്ടപ്പെട്ട് സംസാരിക്കാന്‍ ആവാത്ത അവസ്ഥയില്‍ വീട്ടിലെത്തിയപ്പോള്‍ അദ്ദേഹം ശബ്ദങ്ങളെ ഭയന്നു. എല്ലാറ്റിനോടും ദേഷ്യമായിരുന്നു. അതുകൊണ്ട് തന്നെ ടി വിയും ഫോണും എല്ലാം ഒരു വര്‍ഷത്തേക്ക് മാറ്റി വെക്കേണ്ടി വന്നു.” ഭാര്യ ഷാഹിദ ഓര്‍മ്മിച്ചു.

ഒരുകാലത്ത് സൌഹൃദങ്ങളുടെ വലിയ വലയത്തിന് അകത്തു ജീവിച്ച ഒരു മനുഷ്യന്‍റെ ഒറ്റപ്പെടല്‍ എത്ര വലുതാണെന്ന് സംസാരിച്ച് തുടങ്ങിയപ്പോഴേ മനസ്സിലായി. റെക്കോര്‍ഡ് ചെയ്തു വെച്ച പാട്ടുകള്‍ കാണിച്ചു തന്നു. രാഘവന്‍ മാഷിനെ കുറിച്ചും യേശുദാസിനെ കുറിച്ചും വാചാലനായി. വാക്കുകള്‍ക്കിടയിലെ വിട്ടുപോകുന്ന അക്ഷരങ്ങളെ കൂട്ടിയിണക്കാന്‍ കഴിയുന്നില്ല എന്നത് സങ്കടം ഉണ്ടാക്കുന്ന അവസ്ഥയാണെങ്കിലും വിധിയുടെ മുന്നില്‍ തോറ്റുകൊടുക്കില്ലെന്ന നിശ്ചയ ദാര്‍ഢ്യമുള്ള ഒരു മനുഷ്യനെയാണ് കണ്ടത്. ആരെങ്കിലുമൊക്കെ കാണാന്‍ വരുന്നതും പാട്ടിനെ കുറിച്ച് സംസാരിക്കുന്നതും അദ്ദേഹത്തിന് വലിയ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് ഭാര്യ ഷാഹിദ പറഞ്ഞു.

കോളേജ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ ട്രൂപ്പുകളില്‍ പാടിയിരുന്ന എ എം നസീം പിന്നീട് മലയാള ടെലിവിഷന്‍ രംഗത്ത് നിരവധി സംഗീത പരിപാടികളില്‍ പാടുകയും മലയാളികള്‍ നെഞ്ചിലേറ്റിയ നിരവധി പഴയ സിനിമാഗാനങ്ങള്‍ കോര്‍ത്തിണക്കി ഒട്ടേറെ പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി ടി വി പരമ്പരകള്‍ക്കും ഡോക്യുമെന്ററികള്‍ക്കും നാടകങ്ങള്‍ക്കും നസീം സംഗീതം ഒരുക്കിയിട്ടുണ്ട്. സിനിമാഗാനങ്ങളും നാടകഗാനങ്ങളും അടക്കം അഞ്ഞൂറോളം പാട്ടുകള്‍ 3000 ത്തോളം വേദികളിലായി നസീം പാടി. 20 ഓളം വിദേശ സ്റ്റേജുകളില്‍ പ്രോഗ്രാം നടത്തി. ഡല്‍ഹി ദൂരദര്‍ശന് വേണ്ടി കോറസ് ഗ്രൂപ് അംഗമെന്ന നിലയില്‍ 18 ഭാഷകളില്‍ പാടിയിട്ടുണ്ട്.

സംഗീത പാരമ്പര്യം നിറഞ്ഞ വീട്ടിലൊന്നുമായിരുന്നില്ല നസീം ജനിച്ചത്. അദ്ധ്യാപകനായ സാലിയുടെയും അസ്മയുടെയും മകനായി കഴക്കൂട്ടത്ത് ജനിച്ച നസീം കുട്ടിക്കാലത്ത് ‘കണ്ണും പൂട്ടി ഉറങ്ങുക നീയെന്‍കണ്ണേ പുന്നാര പൊന്നുമകനെ’ എന്ന എ എം രാജയുടെ പാട്ട് ഉമ്മ പാടുന്നത് കേട്ടാണ് ഉറങ്ങിയിരുന്നത്. പിന്നീട് ഈ പാട്ട് വീട്ടിലെ റേഡിയോയിലും ഉത്സവപ്പറമ്പിലെ റെക്കോര്‍ഡറുകളില്‍ നിന്നും ഒരുപാട് തവണ കേട്ടു. പിന്നീടെപ്പോഴോ രാജയുടെ പാട്ടുകളുടെ ആരാധകനായി നസീം മാറുകയായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം എ എം രാജയുടെ മരണത്തിന് ശേഷം പി ലീലയോടൊത്ത് നിരവധി വേദികളില്‍ നസീം അതേ പാട്ട് പാടി.

തിരുവല്ലം പി എന്‍ വി സ്കൂളിലായിരുന്നു നസീമിന്റെ വിദ്യാഭ്യാസം. പതിനൊന്നാം വയസ്സില്‍ സ്കൂള്‍ വാര്‍ഷികത്തിന് പാടിക്കൊണ്ടാണ് നസീം പാട്ടുവഴിയിലേക്ക് വരുന്നത്. ഹൈസ്കൂള്‍ പഠനകാലത്ത് പാട്ടിനോടുള്ള ഭ്രമം കാരണം പാച്ചല്ലൂര്‍ അപ്പുക്കുട്ടന്‍ ഭാഗവതരുടെ അടുത്തു കുറച്ചുകാലം ശാസ്ത്രീയ സംഗീതം പഠിച്ചു എന്നത് മാത്രമാണു നസീമിന്റെ സംഗീതപഠനം. അക്കാലത്ത് എപ്പോഴും മുഹമ്മദ് റാഫിയുടെ പാട്ടുകള്‍ പാടി നടക്കുന്നതുകൊണ്ട് കൂട്ടുകാര്‍ നസീമിനെ റാഫി എന്നാണ് വിളിച്ചിരുന്നത്. പഴയ പാട്ടുകളോടും ഗസലുകളോടും നസീമിന് ചെറുപ്പത്തിലെ അടങ്ങാത്ത അഭിനിവേശം ഉണ്ടായിരുന്നു. നൌഷാദ്, റാഫി, ഗുലാം അലി, മെഹ്ദി ഹസന്‍, ജഗ്ജിത് സിംഗ്, അനൂപ് ജലാട്ടെ, തലത്ത് അസീസ്, ഹരിഹരന്‍ തുടങ്ങിയവരുടെ ഗസലുകളുടെ ആരാധകനായിരുന്നു നസീം. ജഗ്ജിത് സിംഗ്- ചിത്രാ സിംഗിന്റെ അണ്‍ഫോര്‍ഗറ്റബിള്‍ എന്നെ ആല്‍ബം ഒരു ദിവസം 50 ലേറെ തവണയൊക്കെ കേട്ടിട്ടുണ്ട് നസീം.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പഠനകാലത്ത് നസീം ആര്‍ട് ക്ലബ്ബ് സെക്രട്ടറിയായിരുന്നു. അന്ന് ബാലചന്ദ്രമേനോന്‍ ആയിരുന്നു കോളേജ് യൂണിയന്‍ ചെയര്‍മാന്‍. അക്കാലത്ത് തന്നെ നസീം നിരവധി ഗാനമേള ട്രൂപ്പുകളില്‍ പാടുമായിരുന്നു. അന്നത്തെ പ്രശസ്ത ട്രൂപ്പായ ശിവഗിരി കലാസമിതിയില്‍ ഒരു നേരമ്പോക്ക് പോലെ പാടാന്‍ പോയ നസീം പിന്നീട് ട്രൂപ്പിലെ പ്രധാന ഗായകനായി മാറുകയായിരുന്നു. ചങ്ങമ്പുഴ തിയറ്റേഴ്സ്, കോഴിക്കോട് ബ്രദേഴ്സ്, കൊച്ചിന്‍ ഒവേഷന്‍ കണ്‍സര്‍ട്ട്, കെ പി എസി എന്നീ സമിതികളിലൂടെയൊക്കെ നസീം എന്ന ഗായകനെ മലയാളികള്‍ അറിഞ്ഞു തുടങ്ങി. പിന്നീട് പഴയ പാട്ടുകളുടെ വീണ്ടെടുപ്പിന് വേണ്ടി എ പി ഉദയഭാനുവുമായി ചേര്‍ന്ന് ‘ഓള്‍ഡ് ഈസ് ഗോള്‍ഡ്’ എന്ന ഗാനമേള ട്രൂപ് ഉണ്ടാക്കി.

മലയാളത്തിലെ എക്കാലത്തെയും മികച്ച റൊമാന്‍റിക് ശബ്ദത്തിന് ഉടമയായ എം എ രാജയുടെ റൊമാന്‍റിക് ശബ്ദത്തോട് സാമ്യമുള്ളതായിരുന്നു നസീമിന്‍റെ ശബ്ദം. രാജ പാടിയ പലപാട്ടുകളും നിരവധി വേദികളില്‍ പാടിയ നസീം ജൂനിയര്‍ രാജ എന്നപേരില്‍ അറിയപ്പെട്ടു. ഉദയഭാനു, കമുകറ, പി ലീല, കെ പി എസി സുലോചന, ആന്‍റോ എന്നിവര്‍ക്കൊപ്പമൊക്കെ നസീം പാടിയിട്ടുണ്ട്. ഗുരു നിത്യ ചൈതന്യ യതി പലപ്പോഴായി രചിച്ച കൊച്ചു കവിതകള്‍ പി ടി ജോസിന്‍റെയും ജി ശ്രീരാമിന്‍റെയും സംഗീത സംവിധാനത്തില്‍ കാസറ്റാക്കിയപ്പോള്‍ നസീമാണ് പാടിയത്.

സിനിമ ഗാനങ്ങള്‍, നാടക ഗാനങ്ങള്‍ തുടങ്ങി കേരളത്തിന്‍റെ ജനകീയ സംഗീതത്തിന്‍റെ വിജ്ഞാന കോശമാണ് നസീം. നമുക്ക് എണ്ണമറ്റ ഗായകരുണ്ട്. അവര്‍ പാടിയ പാട്ടുകള്‍ നമ്മള്‍ ആസ്വദിക്കാറുമുണ്ട്. പഴയ നാടക ഗാനങ്ങളും സിനിമാ ഗാനങ്ങളുമൊക്കെ ഗാനചരിത്രത്തിന്‍റെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അതിന്റെ സംരക്ഷകരായി മാറുന്ന പാട്ടുകാരെയൊന്നും നമ്മളിതുവരെ കണ്ടിട്ടില്ല. സ്വയം പാടിയ പാട്ടുകള്‍ ഗായകരും സംഗീത സംവിധായകരും പോലും ഓര്‍ത്തുവെക്കാത്ത കാലത്ത് ഗാന ചരിത്രം രേഖപ്പെടുത്താനായി സമയവും സമ്പത്തും നീക്കിവെച്ച ഗായകനാണ് നസീം. അര നൂറ്റാണ്ടിലധികമായി മലയാളികള്‍ നെഞ്ചിലേറ്റിയ ഗാനങ്ങളുടെ അപൂര്‍വ്വ മ്യൂസിയമാണ് നസീമിന്റെ കഴക്കൂട്ടത്തെ വീട്.

സ്വന്തം കയ്യില്‍ നിന്നു പൈസ മുടക്കി നസീം തയ്യാറാക്കിയ ‘ആയിരം ഗാനങ്ങള്‍തന്‍ ആനന്ദലഹരി’ എന്ന ടെലിവിഷന്‍ പരമ്പര മലയാള സിനിമാഗാനങ്ങളുടെ സമഗ്രമായ ഒരു ഡോക്യുമെന്ററിയാണ്. ദൂരദര്‍ശനാണ് ഈ പരമ്പര സംപ്രേഷണം ചെയ്തത്. പിന്നണി ഗാന ചരിത്രത്തിലെ ആദ്യഗാനങ്ങളും നാഴികക്കല്ലായിത്തീര്‍ന്ന പില്‍ക്കാല ഗാനങ്ങളും അവയുടെ ശില്പികള്‍ തന്നെ പരിചയപ്പെടുത്തുന്ന സംഗീത പരമ്പരയായിരുന്നു അത്. ആ ഗാനങ്ങള്‍ പുതിയ തലമുറയിലെ പ്രതിഭാധനരായ ഗായകര്‍ തനിമ ഒട്ടും ചോര്‍ന്നുപോകാതെ ഈ പരിപാടിയില്‍ ആലപിച്ചു. മലയാള ഗാനശാഖയുടെ ശില്‍പികളില്‍ അന്ന് ജീവിച്ചിരുന്ന ഈ പരിപാടിയിലൂടെ നസീം അവതരിപ്പിച്ചു. പുതിയ തലമുറ കേട്ടിട്ടു പോലുമില്ലാത്ത പല ഗായകരെയും നസീം പരിചയപ്പെടുത്തി. നിര്‍മ്മല എന്ന സിനിമയില്‍ പാടിയ മലയാള സിനിമയിലെ ആദ്യത്തെ പിന്നണി ഗായികയായ സരോജിനി, മലയാളത്തിലെ ആദ്യ പിന്നണി ഗായകന്‍ ഗോവിന്ദ റാവു, എന്നിവരും ആദ്യകാല ഗായകരായ എ പി കോമള, ഗായകന്‍ സി ഒ ആന്‍റോ, ഡോ സി കെ രേവമ്മ, പി ലീല, ജിക്കി, ശാന്താ പി നായര്‍, കെ പി എസി സുലോചന, രേണുക, ഡോ. പി ബി ശ്രീനിവാസ്, ഉദയഭാനു, ഗോപാലകൃഷ്ണന്‍, ഉത്തമന്‍ സംഗീത സംവിധായകരായ കെ രാഘവന്‍ മാസ്റ്റര്‍, ജി ദേവരാജന്‍, ദക്ഷിണമൂര്‍ത്തി, എം കെ അര്‍ജ്ജുനന്‍, ചിദംബരനാഥ്, ജോസ്, പുകഴെന്തി, ശങ്കര്‍ ഗണേഷ്, എ ടി ഉമ്മ, ശ്യാം തുടങ്ങിയവരും തുടങ്ങിയവരും ഗാനരചയിതാക്കളായ അഭയദേവ്, പി ഭാസ്കരന്‍, ഒ എന്‍ വി, ശ്രീകുമാരന്‍ തമ്പി, യൂസഫലി, എന്നിവരും ഗാനഗന്ധര്‍വന്‍ യേശുദാസ്, ജയചന്ദ്രന്‍, എസ് ജാനകി, പി സുശീല, അമ്പിളി, ബ്രഹ്മാനന്ദന്‍, വാണി ജയറാം, എല്‍ ആര്‍ ഈശ്വരി, ബി വസന്ത, ജോണ്‍സണ്‍, പൂവച്ചല്‍ ഖാദര്‍ തുടങ്ങിയ പ്രതിഭകളെയും ഒന്നിച്ചു ചേര്‍ത്തുകൊണ്ടുള്ള പരമ്പരയായിരുന്നു ‘ആയിരം ഗാനങ്ങള്‍തന്‍ ആനന്ദലഹരി’.

[smartslider3 slider=6]

കൂടാതെ ദൂരദര്‍ശന് വേണ്ടി തന്നെ എ എം രാജയെ കുറിച്ച് തേന്‍നിലാവിന്‍റെ സംഗീതം, യേശുദാസിനെ കുറിച്ച് നിത്യ വസന്തമീ ഗന്ധര്‍വ്വ സംഗീതം എന്ന പരമ്പരയും സ്മരണാഞ്ജലി, ദൃശ്യ, ഗാനവീഥി എന്നീ പരമ്പരകളും കൈരളി ടി വിക്ക് വേണ്ടി ഇടനെഞ്ചിന്‍ താളമോടെ, ഏഷ്യാനെറ്റിന് വേണ്ടി പൂമരക്കൊമ്പ്, സൂര്യ ടി വിക്ക് സ്മൃതി സുധ എന്നീ പരിപാടികളില്‍ ഗായകന്‍, കോഡിനേറ്റര്‍, പ്രോഗ്രാം കണ്ടക്ടര്‍ എന്നിങ്ങനെ എല്ലാ തരത്തിലും കഴിവ് തെളിയിച്ചു. സ്വരലയ തിരുവനന്തപുറത്തു സംഘടിപ്പിച്ച ഗന്ധര്‍വ്വ സന്ധ്യ, മാക്ട കോഴിക്കോട് സംഘടിപ്പിച്ച ബാബുരാജ് സംഗീത പരിപാടി, സ്വരലയ പാലക്കാട് സംഘടിപ്പിച്ച വയലാര്‍ ഗാന സന്ധ്യ, കെ പി എസി യുടെ 50 ആം വാര്‍ഷികം പ്രമാണിച്ച് കായംകുളത്ത് നടത്തിയ ഗാനമേള തുടങ്ങിയ പരിപാടികളില്‍ നസീം ഗായകന്‍ എന്ന നിലയിലും കോഡിനേറ്റര്‍ എന്ന നിലയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. നസീം സംവിധാനം ചെയ്ത മിഴാവ് എന്ന ഡോക്യുമെന്ററിക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1997 ലെ സംഗീത നാടക അക്കാദമി അവാര്‍ഡ്, 93, 95, 96, 97 വര്‍ഷങ്ങളില്‍ മികച്ച മിനിസ്ക്രീന്‍ ഗായകനുള്ള അവാര്ഡ്, 2001 ലെ കുവൈറ്റ് സ്മൃതിലയ അവാര്ഡ്, സോളാര്‍ ഫിലിം സൊസൈറ്റി അവാര്ഡ് എന്നിവയും ലഭിച്ചു. മലയാളത്തിലെ ആദ്യത്തെ ഗസല്‍ ആല്‍ബം പുറത്തിറക്കിയത് നസീമാണ്. ഒപ്പം മുഹമ്മദ് റാഫിയെയും നൌഷാദിനെയും കുറിച്ച് ഡോക്യുമെന്‍ററികള്‍ ചെയ്തിട്ടുണ്ട്. മുഹമ്മദ് റാഫിയുടെ 75 ഓളം ഗാനങ്ങളും അവയ്ക്കനുയോജ്യമായ അത്യപൂര്‍വ്വ ചിത്രങ്ങളും കോര്‍ത്തിണക്കി തയ്യാറാക്കിയ ഡോക്യുമെന്ററിയാണ് ‘യാദ് നജായെ’.

യേശുദാസ് എസ് ജാനകി സുശീല പി ലീല ചിത്ര തുടങ്ങിയ ഒട്ടുമിക്ക ഗായകരുമായും അടുത്ത ബന്ധമുണ്ട് എ എം നസീമിന്. യേശുദാസും കുടുംബവും നിരവധി തവണ നസീമിന്‍റെ വീട്ടില്‍ വന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കലാകൌമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ നസീം യേശുദാസിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. “ദാസേട്ടന്‍ എനിക്കെന്നും ആരാധനാ മൂര്‍ത്തിയാണ്. എനിക്കു ധ്യാനവും ലയവുമാണ് അദ്ദേഹത്തിന്റെ സംഗീതം. എന്നാല്‍ എന്നെ അതിശയിപ്പിച്ചിട്ടുള്ളത് മറ്റൊന്നാണ്. അദ്ദേഹം എന്നോടു കാണിക്കുന്ന സ്നേഹം. അദ്ദേഹം എന്റെ ഗുരുവാണോ? അതോ മൂത്ത ചേട്ടനോ,? തന്നിട്ടുള്ള സ്നേഹത്തിന് പകരംവെക്കാന്‍ ഒന്നുമില്ല.”

“രോഗവിവരം അറിഞ്ഞപ്പോള്‍ എസ് ജാനകിയൊക്കെ വിളിച്ചിരുന്നു. പലരും കാണാന്‍ വന്നിയിരുന്നു. രാഘവന്‍ മാഷ് മരിക്കുന്നതിന് ആറുമാസം മുന്പ് ഞങ്ങള്‍ പോയിക്കണ്ടിരുന്നു. കാണണം എന്നു നിര്‍ബന്ധം പറഞ്ഞിട്ടാണ് കൊണ്ടുപോയത്.” ഷാഹിദ പറഞ്ഞു.

ഇടതുപക്ഷ സഹയാത്രികനായിരുന്നു നസീം. കെ പി എസി യിലൊക്കെ പാടിയിട്ടുണ്ട്. പാര്‍ട്ടി വേദികളിലും നാടകത്തിലും ഒക്കെ നിരവധി ഗാനങ്ങള്‍ പാടിയ നസീം ഇന്നും ഇടതുപക്ഷത്തോടുള്ള സ്നേഹം മനസ്സില്‍ കൊണ്ട് നടക്കുന്നു. സി പി എമ്മിന്റെ 13 ആം പാര്ട്ടി കോണ്‍ഗ്രസില്‍ ഇ എം എസ് അടക്കുമുള്ള നേതാക്കളുടെ മുന്നില്‍ സ്വാഗതഗാനം പാടിയിട്ടുണ്ട് നസീം. രോഗബാധിതനായപ്പോള്‍ പിണറായി വിജയനും കടകം പള്ളി സുരേന്ദ്രനും എം എ ബേബിയുമൊക്കെ സന്ദര്‍ശിച്ചിരുന്നെന്ന് ഭാര്യ ഷാഹീദ പറഞ്ഞു.

1989 ല്‍ പുറത്തിറങ്ങിയ ‘അനന്തവൃത്താന്തം’ എന്ന സിനിമയില്‍ മാത്രമെ നസീം പിന്നണി പാടിയിട്ടുള്ളൂ. എത്രയേറെ പ്രതിഭയുള്ള ഗായകനായിട്ടും നസീമിനെത്തേടി സിനിമയില്‍ നിന്നു അധികം അവസരങ്ങളൊന്നും വന്നില്ല എന്നത് അത്ഭുതമാണ്.

സൌഹൃദങ്ങളുടെ ഒരു കൂട്ടം എപ്പോഴും ചുറ്റുമുണ്ടായിരുന്ന സംഗീത സാന്ദ്രമായ ആ വീട്ടില്‍ ഒരു കൊച്ചു കുട്ടിയുടെ നിഷ്ക്കളങ്കതയോടെ പഴയ സൌഹൃദങ്ങളെ നസീം ഇപ്പൊഴും കാത്തിരിക്കുകയാണ്. ഒരു കൊച്ചു കുട്ടി ജീവിതത്തിലേക്ക് നടന്നു കയറുന്നതുപോലെ നസീം ജീവിതത്തിലേക്ക് നടന്നുകയറുകയാണ്. പതിനൊന്നു വര്‍ഷമായി വീണ്ടും പാടിത്തുടങ്ങുന്ന ആ ദിവസത്തിന് വേണ്ടിയാണ് ഇപ്പോള്‍ ആ ജീവിതം

നസീം ഷാഹീദ ദമ്പതികള്‍ക്ക് രണ്ടു പെണ്‍മക്കളാണ്. ഒരാള്‍ വിദേശത്താണ്. മറ്റൊരു മകള്‍ തിരുവനന്തപുരത്ത് തന്നെ ദന്തഡോക്ടറാണ്.

*നസീം പ്രൊഫൈല്‍ ഫോട്ടോ: അഭിലാഷ് ഗോപകുമാര്‍

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് സഫിയ)

Next Story

Related Stories