TopTop
Begin typing your search above and press return to search.

എന്‍ഡോസള്‍ഫാന്‍; ഒരു പോരാട്ടം കൂടി വിജയിക്കുമ്പോള്‍

എന്‍ഡോസള്‍ഫാന്‍; ഒരു പോരാട്ടം കൂടി വിജയിക്കുമ്പോള്‍
എം. സ്വരാജ്

എന്‍ഡോസള്‍ഫാന്‍ കേസിലെ സുപ്രീം കോടതി വിധിയെ ഇരകള്‍ക്കൊപ്പം സ്വാഗതം ചെയ്യുന്നു. ഡിവൈഎഫ്‌ഐ ഏറ്റെടുത്ത ബഹുമുഖമാര്‍ന്ന ഒരു മഹാ സമരത്തിന്റെ വിജയമാണിത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 5 ലക്ഷം വീതം നഷ്ടപരിഹാരം 3 മാസത്തിനുള്ളില്‍ നല്‍കണമെന്നും ജീവിതകാലം മുഴുവന്‍ സൗജന്യ ചികിത്സ നല്‍കണമെന്നും കോടതി വിധിച്ചിരിക്കുന്നു.

മുന്‍ വാര്‍ത്തകളെപ്പോലെ ചുരുക്കം ചില മാധ്യമങ്ങള്‍ക്ക് ഈ പ്രധാന ദേശീയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോഴും ഡിവൈഎഫ്‌ഐ എന്ന് പറയാനുള്ള വല്ലാത്ത മടി കാണുമ്പോള്‍ ചിരി വരുന്നുണ്ട്.

ഡിവൈഎഫ്‌ഐ പോലൊരു സംഘടന കോടതിയില്‍ കേസു നടത്തുകയാണോ വേണ്ടത് എന്നൊക്കെ ചോദിക്കുന്ന ചില വിചിത്ര ജീവികളുമുണ്ട്. അവര്‍ക്ക് മറുപടിയില്ല . ഈ അവസരത്തില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടത്തിന്റെ ഇന്നലെകളിലേക്ക് ഒന്നെത്തി നോക്കാം.

കാസര്‍കോട് ജില്ലയിലെ 11 പഞ്ചായത്തുകളിലാണ് എന്‍ഡോസള്‍ഫാന്‍ ദുരന്തം വിതച്ചത്. തങ്ങളുടേതല്ലാത്ത കുറ്റത്തിന് ഒരു ജനത അവിടെ ശിക്ഷിക്കപ്പെടുകയായിരുന്നു. മാരക രോഗം പിടിപെട്ടവര്‍, ജനിതക വൈകല്യമുള്ളവര്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, മരണത്തിനു വേണ്ടി മാത്രമുള്ള പിറവികള്‍... മനുഷ്യ മഹാസങ്കടങ്ങളുടെ ഒരു കടലാണ് ആ പ്രദേശം.

ഈ പ്രശ്‌നം ഏറ്റെടുക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ദുരന്ത മേഖലയിലൂടെ ദിവസങ്ങള്‍ നീണ്ടു നിന്ന കാല്‍നട ജാഥയ്ക്ക് ടി.വി.രാജേഷ് നേതൃത്വം നല്‍കി. ഇരകളുടെ നരകയാതനകള്‍ നേരില്‍ കണ്ട് മനസിലാക്കാന്‍ അന്നത്തെ 'അതിജീവന യാത്ര' സഹായകമായി. പിന്നീട് വിവിധ സ്ഥലങ്ങളിലായി ഞങ്ങള്‍ തെളിവെടുപ്പ് നടത്തി പരാതികള്‍ സ്വീകരിച്ചു. വസ്തുതകളുടെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിക്കാന്‍ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.

അതോടൊപ്പം പ്രത്യക്ഷ സമരപരിപാടികളും ആരംഭിച്ചു. കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദിപ്പിക്കുന്ന ഏക ഫാക്ടറി കൊച്ചിയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ HIL (Hindusthan lnsecticides Limited) ആയിരുന്നു. അവിടെ ഡിവൈഎഫ്‌ഐ സമരമാരംഭിച്ചു. യുവജന വോളണ്ടിയര്‍മാരുടെ ശക്തമായ പ്രക്ഷോഭത്തിന്റെ മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ കമ്പനിക്ക് ഉത്പാദനം നിര്‍ത്തിവെക്കേണ്ടി വന്നു. അങ്ങനെയാണ് കേരളത്തിലെ എന്‍ഡോസള്‍ഫാന്‍ ഉത്പാദനത്തിന് പൂട്ടു വീണത്.

അതോടൊപ്പം ദുരിതമേഖലയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഡിവൈ.എഫ് ഐ നേതൃത്വം നല്‍കി. ഇരുപതോളം നിര്‍ദ്ധന രോഗികളായ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇതിനോടകം വീടുകള്‍ നിര്‍മിച്ച് നല്‍കി. പാവപ്പെട്ട രോഗബാധിതരുടെ കുടുംബങ്ങളിലെ കുട്ടികളുടെ പത്തു വര്‍ഷത്തെ വിദ്യാഭ്യാസ ചെലവുകള്‍ ഡി വൈ എഫ് ഐ ഏറ്റെടുത്തു. സംഘടനയുടെ ആധുനിക ആംബുലന്‍സ് രോഗികള്‍ക്കായി അവിടെ സൗജന്യസര്‍വീസ് നടത്തുന്നുണ്ട്. ഏറ്റവും അര്‍ഹരായവര്‍ക്ക് ചികിത്സക്ക് ഇപ്പോഴും ഡി വൈ എഫ് ഐ ധനസഹായവും നല്‍കുന്നുണ്ട്.

ഇതിനെല്ലാം ശേഷമാണ് സുപ്രിം കോടതിയില്‍ നിയമയുദ്ധം ആരംഭിച്ചത്. കീടനാശിനി കമ്പനിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും കൂട്ടായ നീക്കത്തെയാണ് ഡിവൈഎഫ്‌ഐ ഒറ്റയ്ക്ക് നേരിട്ടത്. ഡിവൈഎഫ്‌ഐ യുടെ ഹര്‍ജി സുപ്രിം കോടതി ഫയലില്‍ സ്വീകരിച്ച വാര്‍ത്ത വന്ന ദിവസം യൂത്ത് കോണ്‍ഗ്രസ് ഒരു പ്രസ്താവനയിറക്കി. ' യൂത്ത് കോണ്‍ഗ്രസും കേസില്‍ കക്ഷി ചേരും ' എന്നായിരുന്നു പ്രസ്താവന. ഡിവൈ എഫ്‌ഐ യുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചതിനേക്കാള്‍ പ്രാധാന്യത്തോടെ യൂത്ത് കോണ്‍ഗ്രസിന്റെ ' കക്ഷി ചേരല്‍' വാര്‍ത്ത ചാനലുകള്‍ കൊടുത്തത് ഇന്നും കൗതുകത്തോടെ ഞാനോര്‍ക്കുന്നു. യൂത്ത് കോണ്‍ഗ്രസ് തീരുമാനത്തെ ഞങ്ങളന്ന് സ്വാഗതം ചെയ്തു.

എന്നാല്‍ ആറേഴു കൊല്ലം മുമ്പ് ' കക്ഷി ചേരാന്‍ ' ഡല്‍ഹിയിലേക്ക് പുറപ്പെട്ട യൂത്ത് കോണ്‍ഗ്രസ് സുഹൃത്തുക്കള്‍ ഇനിയും അവിടെയെത്തിയിട്ടില്ല....! വഴിതെറ്റിയെങ്ങാനും പോയതാണെങ്കില്‍ കേസ് കഴിഞ്ഞ സ്ഥിതിക്ക് കക്ഷിചേരലുകാര്‍ക്ക് നാട്ടിലേക്കുള്ള വഴിയെങ്കിലും മാധ്യമ വിലാസം പാലൂട്ടല്‍ + താരാട്ടുപാടല്‍ സംഘം പറഞ്ഞു കൊടുക്കണമെന്നപേക്ഷിക്കുന്നു.

കേസു നടത്തിപ്പിനിടയില്‍ ഒരിക്കല്‍ അന്നത്തെ കേന്ദ്ര പ്രതിരോധ വകുപ്പു മന്ത്രി ബഹുമാന്യനായ ശ്രീ എ കെ. ആന്റണിയെ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്ന് സന്ദര്‍ശിച്ചത് ഞാനോര്‍ക്കുന്നു. കേസില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് ഇരകള്‍ക്കനുകൂലമാകണമെന്ന് അഭ്യര്‍ത്ഥിക്കാനാണ് ഞങ്ങള്‍ പോയത്. ആവശ്യങ്ങളെല്ലാം ന്യായമാണെന്ന് അദ്ദേഹം അംഗീകരിച്ചു എന്നാല്‍ സര്‍ക്കാര്‍ നിലപാട് തിരുത്തിക്കാന്‍ അദ്ദേഹം നിസഹായനായിരുന്നു.
കേസില്‍ കീടനാശിനി കുത്തകകള്‍ക്കൊപ്പം കേന്ദ്ര സര്‍ക്കാര്‍ നിലയുറപ്പിച്ചു. എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കളുടെ വക്കീല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക വക്താവായിരുന്നു എന്നതും രസമുള്ള ഓര്‍മയാണ്. രൂക്ഷമായ ആ നിയമയുദ്ധത്തില്‍ വസ്തുതകള്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. അങ്ങനെ ഒടുവില്‍ ഇന്ത്യയില്‍ സമ്പൂര്‍ണമായും എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിരോധിച്ചു കൊണ്ട് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു.

അവിടെയും സമരം അവസാനിപ്പിക്കാതെ ഡി വൈ എഫ് ഐ പോരാട്ടം തുടര്‍ന്നു. ഇരകളുടെ നഷ്ടപരിഹാരമെന്ന ആവശ്യമുയര്‍ത്തി. ആ കേസിലാണ് ഇന്ന് തീര്‍പ്പായത്. കീടനാശിനി കമ്പനിക്കെതിരായ കോടതിയലക്ഷ്യക്കേസും മറ്റും ഇനിയും തുടരും. മറ്റൊരു യുവജന സംഘടനയ്ക്കും ചിന്തിക്കാന്‍ പോലും കഴിയാത്ത വിധം സംഘടനാ കരുത്ത് തെളിയിച്ച പ്രത്യക്ഷ സമരവും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പാക്കേജും, സുപ്രീം കോടതിയിലെ നിയമയുദ്ധവും സമന്വയിപ്പിച്ചു കൊണ്ട് അതീവ ഗുരുതരമായ ഒരു വിഷയത്തിലെ ഡി വൈ എഫ് ഐ യുടെ സാര്‍ത്ഥകമായ മഹാപോരാട്ടം സമ്പൂര്‍ണ വിജയം നേടിയിരിക്കുന്നു.
നരകയാതന അനുഭവിക്കുന്ന ആയിരങ്ങളുടെ തീരാദുരിതത്തിന് അറുതി വരുത്താനുള്ള മഹത്തായ പോരാട്ടം സമ്പൂര്‍ണമായി വിജയിപ്പിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. സമരവീഥിയിലുടനീളം ഞങ്ങള്‍ക്കൊപ്പം അണിനിരന്ന എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു.

ഇത്രയൊക്കെയായിട്ടും ഡിവൈഎഫ്‌ഐ യെ തെറി പറഞ്ഞും , അക്ഷേപിച്ചും ആത്മസായൂജ്യമടയുന്നവരും, ഡിവൈഎഫ്‌ഐ എവിടെ? എന്നു ഉത്കണ്ഠപ്പെടുന്നവരുമായ സുഹൃത്തുക്കളെ ചികിത്സിക്കാന്‍ അവരുടെ രക്ഷിതാക്കള്‍ ഇനിയെങ്കിലും തയാറാകുമെന്ന് ആശിക്കാം.

(എം സ്വരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories