TopTop

എംടിയെയും കമലിനെയും ബിജെപി കൂട്ടായ്മയിലേക്ക് ക്ഷണിക്കും

എംടിയെയും കമലിനെയും ബിജെപി കൂട്ടായ്മയിലേക്ക് ക്ഷണിക്കും
പാലക്കാട് കഞ്ചിക്കോട് വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിക്കാന്‍ സംഘടിപ്പിക്കുന്ന കൂട്ടായ്മയിലേക്ക് എംടി വാസുദേവന്‍ നായരെയും സംവിധായകന്‍ കമലിനെയും വീടുകളില്‍ പോയി ക്ഷണിക്കുമെന്ന് ബിജെപി സംസ്ഥാന സമിതിയില്‍ തീരുമാനം. കൂട്ടായ്മയില്‍ പങ്കെടുക്കുന്നില്ലെങ്കില്‍ ബിജെപി അസഹിഷ്ണുത ആരോപിക്കുന്ന ഇരുവരുടെയും പൊള്ളത്തരം പുറത്തുവരുമെന്നതാണ് ഇതിന് പിന്നെലെ ബിജെപി തന്ത്രം. ഈ പൊള്ളത്തരം പുറത്തുകൊണ്ടുവരാനാണ് ഇവരുള്‍പ്പെടുന്ന സാംസ്‌കാരിക നായകന്മാരെ ആദരപൂര്‍വം ക്ഷണിക്കുന്നതെന്ന് ബിജെപി കേന്ദ്രങ്ങള്‍ അറിയിച്ചു.

രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ സ്ത്രീകളെ പോലും ചുട്ടുകൊല്ലുന്ന കേരളത്തില്‍ സാംസ്‌കാരിക നായകന്മാര്‍ പുലര്‍ത്തുന്ന മൗനം ഭയാനകമാണെന്ന് ബിജെപി സംസ്ഥാന കമ്മിറ്റിയും കൗണ്‍സിലും അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിലുണ്ട്. തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കൂട്ടായ്മയുടെ കണ്‍വീനറായി എംഎസ് കുമാറിനെ നിശ്ചയിച്ചു. സാംസ്‌കാരിക നായകന്മാരെ ക്ഷണിക്കുന്നതിന്റെ ചുമതല സംസ്ഥാന സെക്രട്ടറി എന്‍ ഗോപാലകൃഷ്ണനെ ഏല്‍പ്പിച്ചിട്ടുണ്ട്.

രാഷ്ട്രീയ ആക്രമണത്തില്‍ മരിച്ച വിമലദേവിയുടെ ചിതാഭസ്മവുമായി വിലാപ യാത്ര സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. കഞ്ചിക്കോട് ചടയന്‍കാലയില്‍ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് വിമലാദേവി(33) ഇക്കഴിഞ്ഞ തിങ്കളാഴ്ച മരിച്ചത്. ഡിസംബര്‍ 28നാണ് ശ്രാവത്സത്തില്‍ രാധാകൃഷ്ണന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. അക്രമികള്‍ വീടിന് മുന്നിലെ ബൈക്കിന് തീവച്ചപ്പോള്‍ സമീപത്ത് സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടറിലേക്ക് തീ പടര്‍ന്നു പിടിക്കുകയായിരുന്നു. തീയണയ്ക്കാനുള്ള ശ്രമത്തിനിടെ രാധാകൃഷ്ണന്‍, സഹോദരന്‍ കണ്ണന്‍, കണ്ണന്റെ ഭാര്യ വിമല, മറ്റൊരു സഹോദരന്‍ ശെല്‍വരാജിന്റെ മകന്‍ ആദര്‍ശ് എന്നിവര്‍ക്ക് പരിക്കേറ്റു. രാധാകൃഷ്ണന്‍ കഴിഞ്ഞ ആറിന് മരിച്ചു. നാല്‍പ്പത് ശതമാനം പൊള്ളലേറ്റ കണ്ണന്‍ ഇപ്പോഴും ചികിത്സതയിലാണ്. ആദര്‍ശ് ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.

ഇതിനിടെ ബിജെപി നിശ്ചയിച്ച രണ്ടാം ഭൂസമരം ഏഴിടങ്ങളില്‍ നടത്താന്‍ തീരുമാനമായി. മാര്‍ച്ചില്‍ ആരംഭിക്കുന്ന സമരത്തിന് സി കെ ജാനു പരിസ്ഥിതി പ്രവര്‍ത്തകനായ ശ്രീരാമന്‍ കൊയ്യോന്‍ എന്നിവര്‍ നേതൃത്വം നല്‍കും. ആദിവാസി, ദളിത് വിഭാഗങ്ങളില്‍ നിന്ന് പാര്‍ട്ടിയിലെത്തിയ സിപിഎം അനുഭാവികളുടെ കൂട്ടായ്മയും ഏപ്രിലില്‍ സംഘടിപ്പിക്കും. അതേസമയം എ എന്‍ രാധാകൃഷ്ണന്റെയും സി കെ പത്മനാഭന്റെയും പരാമര്‍ശങ്ങളെത്തുടര്‍ന്നുള്ള വിവാദങ്ങളില്‍ ഇനി പരസ്യപ്രസ്താവന പാടില്ലെന്ന് അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നിര്‍ദ്ദേശം നല്‍കി.

ആര്‍എസ്എസ് ആധിപത്യം ബിജെപിയില്‍ ഉറപ്പിക്കുന്ന തരത്തിലാണ് പുനഃസംഘടനയ്ക്ക് ശേഷമുള്ള ആദ്യ ജനറല്‍ കൗണ്‍സില്‍ കോട്ടയത്ത് സമാപിച്ചത്. ആര്‍എസ്എസില്‍ നിന്നും നിയോഗിക്കപ്പെട്ട സംഘടനാ സെക്രട്ടറി എം ഗണേഷനും സഹസംഘടനാ സെക്രട്ടറി കെ സുഭാഷുമാണ് നേതൃയോഗങ്ങള്‍ നിയന്ത്രിച്ചത്.

പാര്‍ട്ടി വക്താക്കള്‍ ടെലിവിഷന്‍ ചര്‍ച്ചകളിലും പത്രസമ്മേളനങ്ങളിലും പ്രതീക്ഷിക്കൊത്ത് ഉയരുന്നില്ലെന്ന സംസ്ഥാന സമിതി യോഗത്തിന്റെ കുറ്റപ്പെടുത്തലിനെ തുടര്‍ന്ന് വക്താക്കള്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിക്കാനും തീരുമാനമായി.

Next Story

Related Stories