TopTop
Begin typing your search above and press return to search.

പട്ടാമ്പിയിലെ മുഹ്‌സിന്റെ വിജയം മോദിക്കേറ്റ അടി

പട്ടാമ്പിയിലെ മുഹ്‌സിന്റെ വിജയം മോദിക്കേറ്റ അടി

വിഷ്ണു എസ് വിജയന്‍

'പട്ടാമ്പിയിലെ മുഹ്‌സിന്റെ വിജയം ജെഎന്‍യുവില്‍ നിന്നും മോദിക്ക് ഏല്‍ക്കുന്ന ആദ്യത്തെ അടിയാകണം' ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ ആയിരങ്ങളെ സാക്ഷിയാക്കി പട്ടാമ്പിയില്‍ പറഞ്ഞത് മലയാളികള്‍ മറന്നു കാണാനിടയില്ല. കനയ്യയുടെ വാക്കുകള്‍ അച്ചട്ടായിരിക്കുന്നു. മോദിക്കും സംഘപരിവാറിനും മാത്രമല്ല, അമിത പ്രതീക്ഷ വെച്ചു പുലര്‍ത്തിയ സി പി മുഹമ്മദിനും യുഡിഎഫിനും കിട്ടിയ അടിയായിരുന്നു മുഹമ്മദ് മുഹ്‌സിന്റെ വിജയം.

പട്ടാമ്പി കമ്യുണിസ്റ്റ് ആശയങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണാണ്; ഇഎംഎസ് മത്സരിച്ചു വിജയിച്ച മണ്ഡലം. പിന്നീട് കോണ്‍ഗ്രസ് സ്വന്തമാക്കിയ മണ്ഡലം. ഇത്തവണ പട്ടാമ്പിയില്‍ ചെങ്കൊടി പാറിക്കാന്‍ സിപി ഐ ജെഎന്‍യു വിദ്യാര്‍ത്ഥിയായ മുഹ്‌സിനെ രംഗത്തിറക്കിയപ്പോള്‍ തന്നെ കാറ്റ് മാറിവീശുമെന്ന തോന്നല്‍ ഉയര്‍ന്നിരുന്നു. 2006 മുതല്‍ മൂന്നു തവണയായി അവിടെ കോണ്‍ഗ്രസ് നേതാവ് സിപി മുഹമ്മദ് വിജയിച്ചുവരികയാണ്. ജെഎന്‍യു വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ നിന്നും എല്‍ഡിഎഫ് മുഹ്‌സിനെ കൊണ്ടുവന്നപ്പോള്‍ സിപി മുഹമ്മദിനെ എല്‍ഡിഎഫിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് ഭയമാണ് എന്നായിരുന്നു യുഡിഎഫ് പ്രചാരണം. മാത്രവുമല്ല ബിജെപിയും ശക്തമായി മുഹ്‌സിനെ പ്രതിരോധിക്കാന്‍ മുന്നിട്ടിറങ്ങിയിരുന്നു.

സത്യത്തില്‍ സിപി മുഹമ്മദിനെയോ, യുഡിഎഫിനെയോ അല്ല മുഹ്‌സിന്റെ വിജയം അസ്വസ്ഥരാക്കുക. കനയ്യ കുമാറിനെ വരെ രംഗത്തിറക്കി മുഹ്‌സിന്‍ നടത്തിയ പ്രചരണം പ്രധാനമായും സംഘപരിവാറിനും മോദിക്കും എതിരെയായിരുന്നു. അതുകൊണ്ട് രാജ്യദ്രോഹിയുടെ കൂട്ടുകാരന് വോട്ടു നല്‍കരുത് എന്ന രീതിയിലുള്ള പ്രചരണങ്ങള്‍ ആയിരുന്നു മുഹ്‌സിനെതിരെ ബിജെപി അഴിച്ചു വിട്ടത്. എന്നാല്‍ ബിജെപിയേയും കോണ്‍ഗ്രസിനെയും ഞെട്ടിച്ചു കൊണ്ടാണ് പട്ടാമ്പിയിലെ ജനങ്ങള്‍ മുഹ്‌സിനൊപ്പം നിന്നത്.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ദിവസങ്ങളില്‍ സി പി മുഹമ്മദ് വോട്ടര്‍മാരെ കൈക്കൂലി കൊടുത്തു വശത്താക്കാന്‍ ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി പിണറായി വിജയന്‍ പുറത്തുവിട്ട ദൃശ്യങ്ങളും മുഹ്‌സിന്റെ വിജയത്തിനു കാരണമായി. മൂന്നു അപരന്മാരെയാണ് മുഹ്‌സിനെതിരെ യുഡിഎഫ് രംഗത്തിറക്കിയത്.

മുഹ്‌സിനും കൂട്ടരും ഉയര്‍ത്തിയ മുദ്രാവക്യങ്ങള്‍ക്കെതിരെ ആശയപരമായി തിരിച്ചടിക്കാന്‍ കഴിയാത്തത് കൊണ്ടാണ് സംഘപരിവാര്‍ മുഹ്‌സിനെ രാജ്യദ്രോഹികളുടെ കൂട്ടത്തില്‍ പെടുത്തി തീവ്രവാദിയാണ് എന്ന രീതിയില്‍ പ്രചരണം നടത്തിയത്. എന്നാല്‍ ഈ പ്രചരണങ്ങള്‍ എല്ലാം പട്ടാമ്പിയിലെ വോട്ടര്‍മാര്‍ അവജ്ഞയോടെ തള്ളിക്കളയുകയായിരുന്നു.

സിപിഐയുടെ വിദ്യാര്‍ഥി പ്രസ്ഥാനം എഐഎസ്എഫിലൂടെയാണ് മുഹമ്മദ് മുഹ്‌സിന്‍ രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. പഠനം പാതിവഴി ഉപേക്ഷിച്ചു ജോലിക്ക് പോകാന്‍ നിന്ന എട്ടാം ക്ലാസുകാരനെ വിദ്യാഭ്യാസത്തിന്റെ മഹത്വം പറഞ്ഞു മനസ്സിലാക്കി കൊടുത്ത് കയ്യില്‍ പാഠപുസ്തകങ്ങളും കമ്യുണിസ്റ്റ് പ്രസിദ്ധീകരണങ്ങളും കൊടുത്തത് കാരയ്ക്കാട് എന്ന മലയോര ഗ്രാമത്തിലെ യുവകലാസാഹിതിയിലെ സഖാക്കള്‍ ആയിരുന്നു. അവരോടുള്ള സ്‌നേഹവും ബഹുമാനവുമാണ് തന്നെ ഇടതുപക്ഷ രാഷ്ട്രീയത്തിനോട് ചേര്‍ന്ന് നില്‍ക്കാന്‍ പ്രേരിപ്പിച്ചത് എന്നും താന്‍ ജെഎന്‍യുവില്‍ നിന്ന് കമ്യുണിസം പഠിച്ചവനല്ല നാട്ടില്‍ നിന്ന് ഇങ്ങോട്ടുവരുന്നതു തന്നെ കമ്യുണിസ്റ്റ് ആയിട്ടാണെന്നും മുഹ്‌സിന്‍ ഒരു മടിയും ഇല്ലാതെ പറയും.

മകന്‍ ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് പോകുന്നത് തടയാന്‍ പഠിച്ച പണി പലതും നോക്കി പരമ്പരാഗത കോണ്‍ഗ്രസ് കുടുംബം. എന്നിട്ടും മുഹ്‌സിന്‍ ഇടത്തേക്ക് തന്നെ നടന്നു. ആ നടത്തം ശരിയായിരുന്നുവെന്ന് ഇന്ന് കുടുംബം ഒട്ടാകെ സമ്മതിക്കുന്നു.

കക്ഷി രാഷ്ട്രീയത്തിനു അതീതമായി ദളിത്, ആദിവാസി, പരിസ്ഥിതി, സ്ത്രീ വിഷയങ്ങളില്‍ തന്റെ വ്യക്തമായ നിലപാടുകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു മുഹ്‌സിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍. സാധാരണക്കാരുടെ കൂട്ടത്തിലൊരുവന്‍ എന്ന തോന്നല്‍ ഉണ്ടാക്കിയെടുക്കാന്‍ മുഹ്‌സിനു സാധിച്ചു. പരിസ്ഥിതിക്ക് നോവുന്ന വികസനങ്ങള്‍ അല്ല മണ്ണിനെയറിയുന്ന വികസന മോഡല്‍ ആണ് തനിക്ക് മുന്നോട്ടു വെയ്ക്കാനള്ളതെന്ന് മുഹ്‌സിന്‍ വ്യക്തമാക്കി കഴിഞ്ഞു.പുതുപ്പള്ളിയില്‍ ജെയ്ക് തോമസിനൊപ്പം പട്ടാമ്പിയില്‍ മുഹ്‌സിനും മല്‍സരത്തിനിറങ്ങിയതോടെ ഇടതു വിദ്യാര്‍ഥി ക്യാമ്പുകളില്‍ അലയടിച്ച തെരഞ്ഞടുപ്പാവേശം ചില്ലറയല്ല.

മറ്റെല്ലാ സ്ഥാനാര്‍ഥികളെക്കാളും സംഘപരിവാര്‍ ഉയര്‍ത്തുന്ന ഫാസിസിറ്റ് ഭീഷണി കനയ്യകുമാര്‍ ഉള്‍പ്പെടെയുള്ളവരെ കൊണ്ട് വന്ന് കേരളത്തില്‍ ചര്‍ച്ചയാക്കുവാനും മുഹ്‌സിനു സാധിച്ചു.

'മുസോളിനി ഫാസിസത്തെപ്പറ്റി പറഞ്ഞത് ക്യാപിറ്റലിസവും സ്‌റ്റേറ്റും തമ്മില്‍ ഒന്നിക്കുമ്പോള്‍ ആണ് ഫാസിസം അതിന്റെ പൂര്‍ണത കൈവരിക്കുന്നത് എന്നാണ്. ഇന്ത്യന്‍ സ്‌റ്റേറ്റിന് ഒരു മതമുഖം നല്‍കുകയും, തീവ്ര ഹൈന്ദവതയെ പിന്തുണക്കുകയും, ന്യൂനപക്ഷത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും, അദാനി, അംബാനി പോലുള്ള ഇന്ത്യന്‍ കോര്‍പ്പറേറ്റുകളെ പ്രീണിപ്പിച്ചു കൂടെ നിര്‍ത്തിക്കൊണ്ട് ഇന്ത്യയില്‍ മുസോളിനിയുടെ ഫാസിസ്റ്റ് മാതൃക നടപ്പിലാക്കുകയാണ് സംഘപരിവാര്‍. അതിനെ പ്രതിരോധിക്കാന്‍ വെറുമൊരു സമരം കൊണ്ടോ, തെരഞ്ഞെടുപ്പുകള്‍ കൊണ്ടോ മാത്രം സാധിക്കുകയില്ല. ശക്തമായ നിരന്തര ആശയ സമരങ്ങളിലൂടെ ഓരോ മനുഷ്യനിലേക്കും ഇറങ്ങിച്ചെന്നു മാത്രമേ നമുക്ക് വരാന്‍ പോകുന്ന വലിയ വിപത്തിനെതിരെ പ്രതിരോധിക്കാന്‍ കഴിയുകയുള്ളൂ. ഇനി നമ്മള്‍ ജനതയെ പഠിപ്പിക്കേണ്ടത് പ്രതിരോധത്തിന്റെ രാഷ്ട്രീയം ആണ്. സംഘപരിവാര്‍ പറയുന്നു കമ്മ്യുണിസം മരിച്ചുപോയി എന്നൊക്കെ. എങ്ങനെയാണു കമ്മ്യുണിസം ഇല്ലാതാകുന്നത്? മനുഷ്യരുള്ളിടത്തോളം കമ്മ്യുണിസം നിലനില്‍ക്കും. മനുഷ്യനെ ചങ്ങലക്കിടാന്‍ മതം ശ്രമിക്കുമ്പോള്‍ ഒക്കെയും അത് പ്രതികരിച്ചുകൊണ്ടേയിരിക്കും. എവിടെയൊക്കെ കോര്‍പ്പറേറ്റുകള്‍ ജനതയെ ദ്രോഹിക്കാന്‍ തുടങ്ങുന്നുവോ അവിടെയൊക്കെ കമ്യുണിസ്റ്റ് ജനിച്ചുകൊണ്ടെയിരിക്കും. അതിനു ചിലപ്പോള്‍ പേരുകള്‍ പലതാകാം. എന്നാല്‍ ഈ മഹത്തായ ആശയം ഒരിക്കലും നശിക്കാന്‍ പോകുന്നില്ല.'; ഫാസിസത്തെപ്പറ്റിയും അതിനെ തടയാന്‍ കമ്യുണിസ്റ്റ് ആശയങ്ങള്‍ക്ക് എത്ര മാത്രം സാധിക്കും എന്നതിനെപ്പറ്റിയും തന്റെ കാഴ്ചപാടുകള്‍ മുഹ്‌സിന്‍ പങ്കുവെയ്ക്കുന്നു.

വ്യക്തമായ കാഴ്ചപ്പാടും ആശയങ്ങളിലെ ദൃഡതയും പോരാട്ടങ്ങളിലെ വിട്ടുവീഴ്ചയില്ലായ്മയുമായാണ് മുഹ്‌സിന്‍ കേരള നിയമസഭയിലേക്ക് പോകുന്നത്. പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല എന്നോര്‍മ്മിപ്പിച്ചുകൊണ്ട്...

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് വിഷ്ണു എസ് വിജയന്‍)


Next Story

Related Stories