TopTop
Begin typing your search above and press return to search.

പട്ടാമ്പി തെളിയിച്ചു, കോണ്‍ഗ്രസ്സും ലീഗും ബിജെപിയും ഒന്ന്; മുഹമ്മദ് മുഹ്സിന്‍/അഭിമുഖം

പട്ടാമ്പി തെളിയിച്ചു, കോണ്‍ഗ്രസ്സും ലീഗും ബിജെപിയും ഒന്ന്; മുഹമ്മദ് മുഹ്സിന്‍/അഭിമുഖം

പതിനാലാം കേരള നിയമസഭയില്‍ ഇത്തവണ പുതുമുഖങ്ങള്‍ ഏറെയുണ്ട്. അവരില്‍ ഏറെ പ്രതീക്ഷകളാണ് സംസ്ഥാനത്തിനുള്ളത്. സഭയിലെ കന്നിയംഗങ്ങളായവര്‍ തങ്ങളുടെ ഓദ്യോഗികജീവിതം ആരംഭിക്കുന്നത് ഒട്ടേറെ ലക്ഷ്യങ്ങളുമായാണ്. ഓരോരുത്തരും അവരുടെ മണ്ഡലത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന വികസന പദ്ധതികളും ജനപ്രതിനിധിയെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളും പങ്കുവയ്ക്കുകയാണ് ഈ പരമ്പരയിലൂടെ.

'പട്ടാമ്പിയിലെ മുഹ്‌സിന്റെ വിജയം ജെഎന്‍യുവില്‍ നിന്നും മോദിക്ക് ഏല്‍ക്കുന്ന ആദ്യത്തെ അടിയാകണം' ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ ആയിരങ്ങളെ സാക്ഷിയാക്കി പട്ടാമ്പിയില്‍ പറഞ്ഞത് മലയാളികള്‍ മറന്നു കാണാനിടയില്ല. കേരളം മാത്രമല്ല വര്‍ഗീയതയ്ക്കും അസഹിഷ്ണുതയ്ക്കും എതിരെ ചിന്തിക്കുന്ന രാജ്യത്തെ എല്ലാവരും ഉറ്റുനോക്കിയ മത്സരമായിരുന്നു പട്ടാമ്പിയിലേത്. എതിര്‍ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ്സിലെ സി പി മുഹമ്മദായിരുന്നു എങ്കിലും പട്ടാമ്പിയിലെ പോരാട്ടം വര്‍ഗ്ഗീയതയ്ക്കെതിരെ ആയിരുന്നു. ആ പോരാട്ടത്തില്‍ അഭിമാനാര്‍ഹമായ വിജയം നേടാന്‍ ജെ എന്‍ യുവിലെ വിദ്യാര്‍ത്ഥി നേതാവായ മുഹമ്മദ് മുഹ്സിന് സാധിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം തന്റെ അനുഭവങ്ങളും പ്രതീക്ഷകളും അഴിമുഖം പ്രതിനിധി വിഷ്ണു എസ് വിജയനുമായി പങ്കുവെയ്ക്കുകയാണ് മുഹ്സിന്‍.

വിഷ്ണു എസ് വിജയന്‍: നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ്, മാത്രവുമല്ല പുതുമുഖവും എന്തുമാത്രം ആകാംഷയുണ്ട്?

മുഹമ്മദ് മുഹ്സിന്‍: ഇഎംഎസും അച്ചുതമേനോനും ഒക്കെ ഇരുന്ന നിയമസഭയിലേക്കാണ് പോകുന്നത്. നമ്മുടെ നാടിനെ പുരോഗതിയിലേക്ക് നയിച്ച പല തീരുമാനങ്ങളും എടുത്ത സഭയിലെക്കാണ് കയറി ചെല്ലുന്നത്. തുടക്കക്കാരന്റെ ആകാംഷ ഒരുപാടുണ്ട്. എന്നാല്‍ പേടി ഒട്ടും തന്നെയില്ല. പിന്നെ ഒരു കാര്യം കൂടി ഉണ്ട് പാലക്കാട് ജില്ലയില്‍ നിന്ന് തന്നെയാണ് നിയമസഭയില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തിയും പ്രായം കുറഞ്ഞ വ്യക്തിയും ഉള്ളത്. എന്നാല്‍ ആ പ്രായം കൂടിയ വ്യക്തിയാണ് മനസ്സുകൊണ്ട് ഇപ്പോഴും ചെറുപ്പക്കാരന്‍!

വി:ആദ്യ പൊതു തെരഞ്ഞെടുപ്പാണ്, എങ്ങനെയായിരുന്നു തെരഞ്ഞടുപ്പ് അനുഭവങ്ങള്‍?

മു: തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥിപ്പട്ടികയില്‍ പേര് ഉറപ്പാകുന്നതിന്റെ തലേദിവസം വരെ ഞാന്‍ ഡല്‍ഹിയില്‍ ആയിരുന്നു. ജെഎന്‍യുവില്‍. ഇവിടുന്നു എല്‍ഡിഎഫ് നേതാക്കള്‍ പിറ്റേന്ന് തന്നെ സ്ഥലത്തെത്തണം എന്ന നിര്‍ദേശം നല്‍കി. രാവിലെ എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ പ്രവര്‍ത്തകാരുടെ സ്വീകരണം കഴിഞ്ഞു പോകാം എന്നായി നേതാക്കള്‍. ഞാന്‍ കരുതിയത് വളരെ കുറച്ചു പ്രവര്‍ത്തകര്‍ മാത്രമായിരിക്കും വന്നിട്ടുണ്ടാകുക, അവരുടെ ചെറിയൊരു സ്വീകരണം കാണും, അത് കഴിഞ്ഞു ചെറിയ ക്യാമ്പയിനുകള്‍ ആയിരിക്കും എന്നായിരുന്നു. എന്നാല്‍ എന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട് ഒരുപാട് പ്രവര്‍ത്തകര്‍ അവിടെ കൂടിയിട്ടുണ്ടായിരുന്നു. കുറേ ബൈക്കുകള്‍ ഒക്കെ ആയിട്ട്. അപ്പോള്‍ കയറിയതാണ് തുറന്ന ജീപ്പിനു മുകളില്‍. ദാ ഇപ്പോഴും ഇറങ്ങിയിട്ടില്ല. അന്ന് പ്രചരണത്തിനു ആയിരുന്നു എങ്കില്‍ ഇന്ന് നന്ദി പറയാനാണ്. മണ്ഡലം മുഴുവന്‍ നടന്നു ഞാന്‍ എന്റെ വോട്ടര്‍മാരോട് നന്ദി പറഞ്ഞുകൊണ്ടേയിരിക്കുന്നു. പ്രചരണകാലത്ത് മൂന്നര മണിക്കൂര്‍ ആയിരുന്നു ഉറക്കം. എനിക്ക് ഇത്രയും ആള്‍ക്കാരുമായി ഇന്ററാക്റ്റ് ചെയ്യുവാനും അവരുടെ മാനസികാവസ്ഥകള്‍ മനസ്സിലാക്കാന്‍ സാധിക്കുമെന്നും ഞാന്‍ ഒരിക്കലും വിചാരിച്ചതേയല്ല. പാര്‍ലമെന്‍ററി രാഷ്ട്രീയത്തില്‍ ഒരു തുടക്കകാരന്, ഒരു വിദ്യാര്‍ഥിക്ക് ഇത്രയും സ്വീകാര്യത ലഭിക്കുക എന്നത് സ്വപ്നതുല്യമാണ്. യുവാക്കള്‍ ആയിരുന്നു മുന്‍നിരയില്‍.അവരെന്നെ ഏറ്റെടുക്കുകയായിരുന്നു.വി: നാല് അപരന്മാരെ ആയിരുന്നു എതിരാളികള്‍ രംഗത്തിറക്കിയത്..

മു: അപരന്മാരുടെ രാഷ്ട്രീയം ജനതയെ മണ്ടന്മാരാക്കുക എന്നതാണ്. നമ്മുടെ നാട്ടിലെ സാക്ഷരരായിട്ടുള്ള ജനതയ്ക്ക് ഇത് മനസ്സിലാകില്ല എന്നാണു അപരന്മാരെ കൊണ്ടുവന്നവര്‍ വിചാരിച്ചത്. എന്നാല്‍ ജനങ്ങള്‍ അവര്‍ക്ക് കൃത്യമായ മറുപടിയാണ് നല്‍കിയത്. അപരന്മാരുടെ രാഷ്ട്രീയം യഥാര്‍ത്ഥ രാഷ്ട്രീയത്തിന്റെ ഭാഗമല്ല. ഈ തെരഞ്ഞെടുപ്പില്‍ കമ്യുണിസ്റ്റ് പക്ഷം ഒരു വശവും ബാക്കിയെല്ലാവരും കൂടി ഒറ്റക്കെട്ടായി മറുവശവും നിന്നു എന്ന് വേണം പറയാന്‍. പ്രത്യേകിച്ചു പട്ടാമ്പിയില്‍. എന്തുമാത്രം ദുഷ്പ്രചരണങ്ങളാണ് ഇവിടെ നടന്നത്. കമ്യുണിസ്റ്റ് സ്ഥാനാര്‍ഥിയെ തീവ്രവാദിയാക്കാനും, ദേശ വിരുദ്ധനാക്കാനും കോണ്‍ഗ്രസ്സും ബിജെപിയും ലീഗും കൂടി എന്ത് ഒത്തൊരുമയോടെയാണ് അവിടെ പ്രവര്‍ത്തിച്ചത്? ഈ തെരഞ്ഞെടുപ്പോടു കൂടി ഒരു കാര്യം കൂടി കേരള ജനതയ്ക്ക് കൂടുതല്‍ വ്യകതമാകുകയാണ്. ഇവര്‍ മൂവരും ഒരേ തൊഴുത്തില്‍ കെട്ടേണ്ടവര്‍ ആണ് എന്ന്.

വി: മുസ്ലീം ലീഗ് മുഖപത്രത്തില്‍ താങ്കളെ കുറിച്ച് മുഖപ്രസംഗം വന്നിരുന്നു..

മു: മുസ്ലീംലീഗും കോണ്‍ഗ്രസ്സും ഒക്കെ സംസാരിച്ചത് സംഘപരിവാറിന്റെ ഭാഷ തന്നെയാണ്. ലീഗ് മുഖ പത്രത്തില്‍ രാജ്യ ദ്രോഹി എന്നെഴുതി, യുഡിഎഫ് നേതാക്കള്‍ പരസ്യമായി പറഞ്ഞു അഫ്സല്‍ ഗുരുവിന്റെ ആളാണ്‌ എന്ന്. സംഘപരിവാര്‍ പറയുമ്പോള്‍ നമുക്കത് മനസിലാക്കാന്‍ സാധിക്കും അതവരുടെ തുടക്കം മുതല്‍ ഉള്ള വര്‍ഗീയ നിലപാടുകള്‍ ആണ്. എന്നാല്‍ ജാനാധിപത്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടിരുന്ന ജനാധിപത്യത്തെക്കുറിച്ചു ഘോരഘോരം പ്രസംഗിച്ച് കൊണ്ടിരുന്ന കോണ്‍ഗ്രസ് കേവലം വോട്ടു രാഷ്ട്രീയത്തിന് വേണ്ടി ഒരു പൌരനെ രാജ്യദ്രോഹി എന്ന് മുദ്രകുത്താന്‍ ശ്രമിക്കുന്നതിലെ മൂല്യച്യുതി നോക്കൂ. വര്‍ഷങ്ങളായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു വേളകളില്‍ ഇങ്ങനെ സംഘപരിവാറിന്റെ ഭാഷ കടമെടുത്തതിന്റെ അനന്തര ഫലമാണ് ഇന്ന് ബിജെപി അക്കൌണ്ട് തുറന്നത്. ജനങ്ങള്‍ നോക്കുമ്പോള്‍ ബിജെപിയും കോണ്‍ഗ്രസ്സും പറയുന്നത് ഒരേ കാര്യം തന്നെയാണ്. അപ്പോള്‍ അവര്‍ ചിന്തിക്കും പിന്നെയങ്ങു ബിജെപിക്ക് വോട്ടു ചെയ്‌താല്‍ പോരെ എന്ന്.

വി: യുവാക്കള്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെക്കുന്നവരില്‍ ഒരാളായിരിക്കും താങ്കള്‍. അവര്‍ക്ക് വേണ്ടി എത്രമാത്രം സജീവമായി നിലനിക്കാന്‍ സാധിക്കും?

മു: പ്രതീക്ഷകള്‍ വിജയിപ്പിക്കുവാന്‍ വേണ്ടി പരിശ്രമിച്ച് കൊണ്ടേയിരിക്കും.യുവാക്കള്‍ക്കൊപ്പം അവരിലൊരാളായി നില്‍ക്കാനാകും ശ്രമിക്കുക.വി: ഭാരതപ്പുഴ സംരക്ഷിച്ചു കൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ആയിരിക്കുമല്ലോ നടത്തുവാന്‍ ഉദ്ദേശിക്കുന്നത്?

മു: തീര്‍ച്ചയായും ഭാരതപ്പുഴ സംരക്ഷിക്കേണ്ടത് ആവശ്യമാണ്. ഭാരതപ്പുഴയുടെ ഇപ്പോഴത്തെ അവസ്ഥ അറിയാമല്ലോ? അതിനെ മരിക്കാന്‍ അനുവദിക്കുകയില്ല, പക്ഷെ അത് വെറുമൊരു പട്ടാമ്പി എംഎല്‍എ വിചാരിച്ചതുകൊണ്ട് മാത്രം നടക്കുകയില്ല. കൂട്ടായി ചെയ്യേണ്ട കാര്യങ്ങള്‍ ആലോചിച്ചു ഉചിതമായ പദ്ധതികള്‍ ആവിഷ്കരിക്കും. അതിനു മുന്‍കൈ എടുക്കുകയും ചെയ്യും. ഭാരതപ്പുഴ മലിനീകരണം, മണലൂറ്റല്‍ തുടങ്ങിയ കാര്യങ്ങളെ പറ്റി യുവാക്കള്‍ക്കിടയില്‍ ബോധവല്‍കരണം നിരന്തരം നടത്തും. യുവാക്കള്‍ക്ക് വേണ്ടിയുള്ള കൂട്ടായ്മകളും, വിദ്യാഭ്യാസം മുന്‍നിര്‍ത്തിയുള്ള പരിപാടികളും ആസൂത്രണം ചെയ്യും.

വി: കനയ്യകുമാര്‍ പ്രചാരണത്തിന് എത്തിയിരുന്നല്ലോ,എങ്ങനെയായിരുന്നു ജനങ്ങളുടെ പ്രതികരണം?

മു: ജയില്‍ മോചിതനായ ശേഷം ക്യാമ്പസിന് പുറത്ത് കനയ്യക്ക് ഇത്രയും ആവേശകരമായ സ്വീകരണം ലഭിച്ച മറ്റൊരു പ്രദേശം ഇല്ല. അദ്ദേഹം അത് തുറന്നു പറയുകയും ചെയ്തു. പ്രതികൂലമായ ഒരു ശബ്ദം പോലും ജനങ്ങള്‍ക്കിടയില്‍ നിന്നും ഉണ്ടായില്ല.പരിഭാഷ പോലും ഇല്ലാതെയാണ് അവര്‍ പ്രസംഗം കേട്ട് നിന്നത്. അദ്ദേഹം വിളിച്ച മുദ്രാവാക്യങ്ങള്‍ അവര്‍ ഒറ്റക്കെട്ടായി ഏറ്റു വിളിച്ചു.അന്ന് കനയ്യ പറഞ്ഞു മോദിക്ക് ജെഎന്‍യുവില്‍ നിന്ന് ലഭിക്കുന്ന ആദ്യത്തെ അടിയാകും പട്ടാമ്പിയില്‍ നിന്ന് എന്ന്. അത് സത്യമാക്കാന്‍ സഹായിച്ച വോട്ടര്‍മാരോട് അഴിമുഖത്തിലൂടെ ഞാന്‍ വീണ്ടും നന്ദി പറയുകയാണ്.

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് വിഷ്ണു എസ് വിജയന്‍)


Next Story

Related Stories