TopTop
Begin typing your search above and press return to search.

മുഹമ്മദ് അലി എന്ന ഇതിഹാസം; ഇടിക്കൂട്ടില്‍ മാത്രമല്ല, പുറത്തും

മുഹമ്മദ് അലി എന്ന ഇതിഹാസം; ഇടിക്കൂട്ടില്‍ മാത്രമല്ല, പുറത്തും

ടീം അഴിമുഖം

റിങ്ങിലെ അതേ വീര്യത്തോടെ പൌരാവകാശങ്ങള്‍ക്കായി പോരാടിയ ബോക്സിംഗ് ഇതിഹാസം മുഹമ്മദലി (74) അന്തരിച്ചു. പന്ത്രണ്ടാം വയസ്സില്‍ താനൊരു മഹാനാണെന്ന് ഉറച്ചു പ്രഖ്യാപിച്ച ആ ബാലന്‍ എഴുപത്തിനാലാം വയസ്സു വരെ ആ വിശ്വാസത്തിന്‍റെ ദൃഢതയിലാണ് ജീവിച്ചതും.

കായികരംഗത്ത് ചാമ്പ്യന്മാര്‍ എന്നുമുണ്ടായിട്ടുണ്ട്. എന്നാല്‍ തന്‍റെ ഗെയിമിലും അതിനു പുറത്തും ഒരു ഇതിഹാസമായി വളരുന്നവര്‍ വിരളമാണ്. അതായിരുന്നു അലി, അതിനും അപ്പുറമായിരുന്നു അദ്ദേഹം. ധിക്കാരിയായ ഒരു ലൂയിവില്‍ അമച്വറില്‍ നിന്നുള്ള അലിയുടെ പരിണാമം! ഗ്ലൌസിട്ട കൈകളുടെ മിടുക്കിലുപരി ഉയര്‍ച്ചയുടെയും മഹത്വത്തിന്‍റെയും സ്വപ്നങ്ങള്‍ ജ്വലിക്കുന്ന മനസ്സായിരുന്നു അദ്ദേഹത്തെ വേറിട്ടു നിര്‍ത്തിയത്.

അതുകൊണ്ടാണ് പന്ത്രണ്ടു വയസ്സില്‍ താനാണ് ഏറ്റവും മഹാനെന്ന് പ്രസ്താവിക്കാന്‍ അലിക്കു കഴിഞ്ഞത്. അമേരിക്കയിലേയും ലോകത്തിലെ തന്നെയും ഏറ്റവും പ്രശസ്തനായ ഹെവി വെയ്റ്റ് ചാംപ്യന്‍ മാത്രമല്ല അദ്ദേഹം. ജോ ലൂയിസ്, മൈക്കല്‍ ജോര്‍ദാന്‍, ബേബ് റൂത്ത്, ജാക്കി റോബിന്‍സണ്‍ എന്നിവരോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു തന്നെ പറയട്ടെ, ഏതൊരു പ്രമുഖ അത്ലെറ്റിനേക്കാള്‍ ആരാധ്യനായിരുന്നു അലി.

1960കളില്‍ വായാടിയായ പ്രശ്നക്കാരനെന്നും കറുമ്പന്‍ വംശീയവാദിയെന്നും സ്പോര്‍ട്ട്സ് ലേഖകരും വെളുത്തവരായ ഒട്ടുമിക്ക അമേരിക്കക്കാരും അധിക്ഷേപിച്ചിരുന്ന ആളാണ് അലി. എന്നാല്‍ രാഷ്ട്രങ്ങള്‍ക്കതീതമായ സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും പാരസ്പര്യത്തിന്‍റെയും എതിരില്ലാത്ത പ്രതീകമായി 1996ല്‍ അറ്റ്ലാന്‍റ ഒളിംപിക്സിന്‍റെ ദീപം തെളിയിക്കുമെന്ന് ആരു കരുതി! ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും മാരകമായ റൈറ്റ് ക്രോസ്സുകള്‍ നല്‍കിയ, പേരുകേട്ട തന്‍റെ വലതു കയ്യില്‍ ഒളിമ്പിക് ദീപം ഉയര്‍ത്തി മദ്ധ്യവയസ്കനായ ആ വിഗ്രഹം നിന്നപ്പോള്‍ പണ്ടു നിന്ദിച്ചവര്‍ ഇപ്പോള്‍ എന്തു പറയുന്നുണ്ടാകുമെന്ന് ഞങ്ങള്‍ ഓര്‍ത്തുപോയി.ഇപ്പോഴത്തെ ന്യൂയോര്‍ക്കര്‍ എഡിറ്ററായ ഡേവിഡ് റെംനിക് തന്‍റെ മൌലിക കൃതിയായ 'കിങ് ഓഫ് ദി വേള്‍ഡി'ല്‍ സമീപകാല ബോക്സിങ് ചരിത്രം വിവരിക്കുന്നുണ്ട്. രാഷ്ട്രീയ ചാരിത്രത്തില്‍ നിന്ന് മാറ്റി നിര്‍ത്താനാവാത്ത ഒന്നാണത്; കാരണം 1950കള്‍ക്ക് ശേഷമുള്ള ചാംപ്യന്‍മാരെല്ലാം കറുത്ത വംശജരായിരുന്നു. അവരില്‍ പ്രവര്‍ത്തിച്ച സാമൂഹ്യ ശക്തികളുടെ പ്രതിഫലനമായിരുന്നു അവരുടെയെല്ലാം ജീവിതം.

അലിയുടെ മുന്‍ഗാമികളായിരുന്ന ഫ്ലോയ്ഡ് പാറ്റേഴ്സണും സോണി ലിസ്റ്റണും കറുത്ത വംശജരായ ചാംപ്യന്‍മാരായിരുന്നു. "അകറ്റി നിര്‍ത്തപ്പെട്ട ലൂയിവില്ലയില്‍ ജനിച്ചവര്‍", "നൂറ്റാണ്ടിന്‍റെ മദ്ധ്യത്തിലും നിലനിന്നിരുന്ന അമേരിക്കന്‍ അപ്പാര്‍ത്തീഡിന്‍റെ തിരസ്കാരങ്ങളുടെ മുറിവുകള്‍ പേറിയവര്‍". ഒരു ദിവസം രാത്രി തന്‍റെ കിടക്കയില്‍ കിടന്നു കരഞ്ഞു കൊണ്ട് "തന്‍റെ വര്‍ഗ്ഗക്കാര്‍ ഇത്രയും സഹിക്കേണ്ടി വരുന്നതിന്‍റെ കാരണം എന്താകുമെന്ന് ചിന്തിച്ച കാഷ്യസ് കറുത്ത വര്‍ഗ്ഗക്കാരുടെ തികച്ചും വ്യത്യസ്ഥനായ പ്രതീകമായിത്തീരാനുള്ള തന്‍റെ യാത്രയിലായിരുന്നു. ബുക്കര്‍ ടി. വാഷിങ്ടണോ മാര്‍ട്ടിന്‍ ലൂഥര്‍ കിങോ ആയിരുന്നില്ല അതില്‍ അദ്ദേഹത്തിന്‍റെ മാതൃക," റെംനിക്ക് എഴുതി.

ആരോഗ്യം ക്ഷയിച്ചു കൊണ്ടിരുന്നപ്പോഴും രാഷ്ട്രീയത്തില്‍ നിന്നോ വിവാദങ്ങളില്‍ നിന്നോ അലി ഒഴിഞ്ഞു മാറിയില്ല. അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് മുസ്ലീങ്ങളെ തടയണമെന്ന റിപ്പബ്ലിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്‍റെ അഭിപ്രായത്തിനെതിരേ "തങ്ങളുടെ വ്യക്തിപരമായ അജണ്ട നടപ്പിലാക്കാന്‍ ഇസ്ലാമിനെ ഉപയോഗിക്കുന്നവര്‍ക്കെതിരെ നമ്മള്‍ മുസ്ലീങ്ങള്‍ ഒരുമിക്കണം" എന്ന പ്രസ്താവനയിറക്കി അദ്ദേഹം.

1960കളുടെ തുടക്കത്തില്‍ മുസ്ലീമായി മതപരിവര്‍ത്തനം നടത്തിയും വിയറ്റ്നാം യുദ്ധത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചും ശക്തിയുടെയും ധൈര്യത്തിന്‍റെയും ധാര്‍മ്മിക ബോധത്തിന്‍റെയും വാചാലതയുടെയും പ്രതീകമായി ജനമനസ്സുകളിലേയ്ക്ക് ഇടിച്ചു കയറിയ, അലിയെന്ന ഹെവിവെയ്റ്റ് ചാംപ്യന്‍റെ ജീവിതത്തെ ആ പ്രസ്താവന വ്യക്തമാക്കുന്നു. വ്യവസ്ഥാപിതമായ അതിര്‍ത്തികളും തടസ്സങ്ങളും മതവും വംശവും ഭേദിച്ചു മുന്നേറിയ 'ഷോമാനാ'യിരുന്നു അദ്ദേഹം.മറ്റ് ബോക്സര്‍മാരുമായുള്ള അദ്ദേഹത്തിന്‍റെ പോരാട്ടങ്ങള്‍ വിസ്മയക്കാഴ്ചകളായിരുന്നുവെങ്കില്‍ അതിനെക്കാള്‍ വലിയ യുദ്ധങ്ങളുടെ പ്രതീകം കൂടിയായിരുന്നു അലി. മൂന്നുവട്ടം അദ്ദേഹം ലോക ഹെവിവെയ്റ്റ് ചാംപ്യനായിട്ടുണ്ട്. ഏജന്‍റുമാരും പ്രൊമോട്ടര്‍മാരും നിറഞ്ഞ കായിക ലോകത്തെ അടുപ്പങ്ങളില്‍ നിന്ന്‍ പുറത്തുവന്ന് 'നേഷന്‍ ഓഫ് ഇസ്ലാം' എന്ന അമേരിക്കന്‍ മുസ്ലീം വിഭാഗത്തെ അലി വഴികാട്ടിയാക്കി. മറ്റ് പൌരാവകാശ സംഘടനകളുടെ സമാധാനവാദത്തെ തള്ളിക്കളഞ്ഞവരായിരുന്നു അവര്‍. ഗ്രൂപ്പിന്‍റെ നേതാക്കളിലൊരാളായ മാല്‍ക്കം എക്സില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് 1963ല്‍ അദ്ദേഹം മതപരിവര്‍ത്തനം നടത്തി. എന്നാല്‍ ലോക ചാംപ്യന്‍ കിരീടം കയ്യിലെത്തുന്നതു വരെ അലി തന്‍റെ മതവിശ്വാസം രഹസ്യമാക്കി വച്ചു. 32 വര്‍ഷത്തോളം പാര്‍ക്കിന്‍സണ്‍സ് രോഗത്തോടു മല്ലിട്ട അദ്ദേഹം ആദ്യമായി രോഗം കണ്ടെത്തിയപ്പോള്‍ ആ വിവരം ന്യൂയോര്‍ക്ക് ടൈംസിനെ അറിയിച്ചു.

"എനിക്കു വേദനയൊന്നുമില്ല. സംസാരിക്കുമ്പോള്‍ ശരിക്ക് വ്യക്തമാകുന്നില്ല, ചെറിയ വിറയല്‍. ഗുരുതരമായ ഒരു പ്രശ്നവുമില്ല. എനിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലായിരുന്നെങ്കില്‍, അവസാന രണ്ടു മല്‍സരങ്ങള്‍ ഞാന്‍ ജയിച്ചിരുന്നെങ്കില്‍ ആളുകള്‍ ഇന്നും എന്നെ പേടിച്ചേനെ. ഇപ്പോള്‍ അവര്‍ക്ക് എന്നോടു സഹതാപമാണ്. ഞാന്‍ സൂപ്പര്‍മാന്‍ ആണെന്നാണ് അവര്‍ ധരിച്ചത്. ഇപ്പോള്‍ അവര്‍ക്കു പറയാം, 'അയാളും നമ്മളെ പോലെ പ്രശ്നങ്ങളൊക്കെയുള്ള ഒരു മനുഷ്യന്‍ തന്നെ' എന്ന്."

അലി ഒരു സൂപ്പര്‍മാന്‍ ആയിരുന്നില്ലായിരിക്കാം, എന്നാല്‍ എല്ലാ തരത്തിലും അസാധാരണനായ മനുഷ്യന്‍ ആയിരുന്നു.


Next Story

Related Stories