TopTop
Begin typing your search above and press return to search.

ദി ഗ്രേറ്റ് ഇന്ത്യന്‍ സോഷ്യലിസ്റ്റ് ഫാമിലി സര്‍ക്കസ്

ദി ഗ്രേറ്റ് ഇന്ത്യന്‍ സോഷ്യലിസ്റ്റ് ഫാമിലി സര്‍ക്കസ്
സമാജ്‌വാദി എന്നാല്‍ സോഷ്യലിസ്റ്റ് എന്നാണര്‍ഥം. ഇന്ത്യന്‍ സോഷ്യലിസത്തിന്റെ തലതൊട്ടപ്പന്മാരായ റാം മനോഹര്‍ ലോഹ്യ, എല്‍. രാജ്‌നാരായണ്‍ തുടങ്ങിയവരുടെ ചിറകിനു കീഴിലാണ് അന്ന് ചെറുപ്പമായിരുന്ന മുലായം സിംഗ് യാദവ് വളര്‍ന്നുവരുന്നത്. 1967-ല്‍ മുലായം ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണം ഉത്ഘാടനം ചെയ്തത് രാജ്‌നാരായണനായിരുന്നു. പിന്നീടൊരിക്കലും മുലായം എന്ന പഴയ ഗുസ്തിക്കാരന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഉത്തര്‍ പ്രദേശ് ചരിത്രത്തിലെ കഴിഞ്ഞ മൂന്നര പതിറ്റാണ്ടില്‍ എല്ലായ്‌പ്പോഴും 'നേതാജി' എന്ന് അണികള്‍ വിളിക്കുന്ന മുലായം ഒരു ഭാഗത്തുണ്ടായിരുന്നു. ഇത് അദ്ദേഹം രൂപീകരിച്ച സമാജ്‌വാദി പാര്‍ട്ടിയുടെ 25-ാം വാര്‍ഷികം കൂടിയാണ്. പാര്‍ട്ടി ഒരു പൊട്ടിത്തെറിയുടെ വക്കിലാണെങ്കിലും കൃത്യമായി ആസൂത്രണം ചെയ്ത വിധത്തില്‍ തന്നെ മുലായം മകന്‍ അഖിലേഷ് യാദവിലേക്ക് ഒരു അധികാരക്കൈമാറ്റം നടത്തിയിരിക്കുന്നു. മുലായം എന്ന കുശാഗ്രബുദ്ധിയായ രാഷ്ട്രീയക്കാരന്‍ തന്റെ രാഷ്ട്രീയ ജീവിതത്തില്‍ വളര്‍ന്നു വന്നത് ഇതേ ആസൂത്രണ മികവോടെ തന്നെയാണ്.

ഇന്ത്യന്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനം പല കൈവഴികളിലായി ചിതറിപ്പോയെങ്കിലും ഇന്നും അവരവരുടെ മേലഖകളില്‍ ശക്തി പ്രാപിച്ചു നില്‍ക്കുന്ന അപൂര്‍വം പാര്‍ട്ടികളുണ്ട്. യുപിയില്‍ മുലായം കഴിഞ്ഞാല്‍, സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലെ മറ്റൊരു പ്രമുഖനായിരുന്ന ചരണ്‍ സിംഗിന്റെ മകന്‍ അജിത് സിംഗ് നയിക്കുന്ന രാഷ്ട്രീയ ലോക്ദള്‍ (ആര്‍.എല്‍.ഡി) ക്കാണ് സ്ഥാനമുള്ളത്. ബിഹാറില്‍ ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡിയും ശരത് യാദവ്-നിതീഷ് കുമാര്‍ സഖ്യത്തിന്റെ ജെ.ഡി-യുവും. കര്‍ണാടകയില്‍ ദിനംപ്രതി ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ദേവ്ഗൗഡയുടെ ജെ.ഡി-എസും ഒരുകാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിയന്ത്രിച്ചിരുന്ന സോഷ്യലിസ്റ്റ് ബ്ലോക്കിന്റെ ബാക്കിപത്രമാണ്. ചരണ്‍ സിംഗ്, വി.പി സിംഗ്, ചന്ദ്രശേഖര്‍, ദേവ്ഗൗഡ, ഐ.കെ ഗുജറാള്‍ എന്നിങ്ങനെ പ്രധാനമന്ത്രിമാരും ഈ കാലഘട്ടത്തിലുണ്ടായി.

ചരണ്‍ സിംഗിന്റെ മരണത്തോടെ 1987-ല്‍ അദ്ദേഹത്തിന്റെ ലോക്ദള്‍ പിളര്‍ന്ന് ജാതി അടിസ്ഥാനത്തിലുള്ള മൂന്ന് ഗ്രൂപ്പുകളായി. ഒന്ന് അജിത് സിംഗിന്റെ നേതൃത്വത്തില്‍ ജാട്ട് സമുദായക്കാര്‍ക്ക് പ്രാമുഖ്യമുള്ള ലോക്ദള്‍ (എ), കോണ്‍ഗ്രസിന്റെ മുന്‍ യു.പി മുഖ്യമന്ത്രിയായിരുന്ന എച്ച്.എന്‍ ബഹുഗുണയുടെ നേതൃത്വത്തിലുള്ള ലോക്ദള്‍ (ബി), പിന്നെ മുലായത്തിന്റെ ജനതാദള്‍. (എച്ച്.എന്‍ ബഹുഗുണയുടെ മകളാണ് അടുത്ത കാലം വരെ കോണ്‍ഗ്രസിന്റെ യു.പി അധ്യക്ഷയും ഈയിടെ ബി.ജെ.പിയിലേക്ക് കൂടുമാറുകയും ചെയ്ത റീത്താ ബഹുഗുണ ജോഷി).വിഘടിച്ച മൂന്നു ഗ്രൂപ്പുകളില്‍ ഏറ്റവും ശക്തമായത് മുലായത്തിന്റെ ജനതാദള്‍ തന്നെയായിരുന്നു. യു.പിയിലെ കാര്‍ഷിക മേഖലയില്‍ ശക്തമായ പ്രാതിനിധ്യമുള്ള യാദവരുടെ ശക്തി തന്നെയായിരുന്നു ഇതില്‍ പ്രധാനം. മറ്റൊന്ന് മുലായം അന്നുമുതല്‍ പ്രകടിപ്പിച്ചു വരുന്ന അസാമാന്യ സംഘടനാ ശേഷിയും. അജിത് സിംഗിന്റെ പാര്‍ട്ടി വെസ്‌റ്റേണ്‍ യു.പിയിലെ ചില ജില്ലകളില്‍ മാത്രമായി ഒതുങ്ങി.

മുലായം സിംഗിന്റെ വളര്‍ച്ചയും യു.പി കേന്ദ്രീകരിച്ച് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ വരുന്ന മാറ്റങ്ങളും തമ്മില്‍ ഏറെ ബന്ധമുണ്ട്. 1991-ല്‍ മുലായും ആദ്യമായി യു.പി മുഖ്യമന്ത്രിയായെങ്കിലും കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെ ഇതിന്റെ ആയുസ് നാമമാത്രമായി. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ അധികാരം പിടിച്ചത് ബി.ജെ.പിയാണ്. ഒ.ബി.സി നേതാവായ കല്യാണ്‍ സിംഗ് മുഖ്യമന്ത്രിയായി. തുടര്‍ന്നാണ് ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയെ അടിമുടി മാറ്റിമറിച്ച സംഭവമുണ്ടാകുന്നത്. 1992 ഡിസംബര്‍ ആറിന് പ്രമുഖരായ ആര്‍.എസ്.എസ്, വി.എച്ച്.പി, ബി.ജെ.പി നേതാക്കളുടെ സാന്നിധ്യത്തില്‍ കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ത്തു. തുടര്‍ന്നുണ്ടായ കലാപങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് കണക്കില്ല. ഇന്ത്യന്‍ ജീവിതത്തില്‍ ഇതുണ്ടാക്കിയ മുറിവ് അടുത്തൊന്നും മായ്ക്കപ്പെടുകയുമില്ല.

ഈ സമയത്ത് മറ്റു ചില കാര്യങ്ങള്‍ കൂടി നടക്കുന്നുണ്ടായിരുന്നു. ബാബറി മസ്ജിദുമായി ബന്ധപ്പെട്ട തര്‍ക്കം രൂക്ഷമാവുകയും എല്‍.കെ അദ്വാനിയുടെ രഥയാത്ര നടക്കുകയും ചെയ്യുന്ന സമയം. ബിഹാറില്‍ വച്ച് അന്ന് മറ്റൊരു സോഷ്യലിസ്റ്റ് മുഖ്യമന്ത്രിയായ ലാലു പ്രസാദ് യാദവ് അദ്വാനിയെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. മുലായം അന്ന് പ്രസ്താവിച്ചത് മസ്ജിദ് തകര്‍ക്കുന്നതു പോയിട്ട് അതിനു മുകളില്‍ കൂടി ഒരു പക്ഷി പറക്കാന്‍ കൂടി അനുവദിക്കില്ല എന്നായിരുന്നു. അന്ന് മുലായത്തിന് വീണ് പേരാണ് മുല്ല മുലായം. പക്ഷേ, മുലായം മന്ത്രിസഭ വീഴുകയും കേന്ദ്രത്തില്‍ പി.വി നരസിംഹ റാവു സര്‍ക്കാരിന്റേയും യു.പിയില്‍ കല്യാണ്‍ സിംഗിന്റെയും മൌനാനുവാദത്തോടെ ബാബറി മസ്ജിദ് തകര്‍ക്കപ്പെടുകയും ചെയ്തു. ഇതിന് രണ്ടു മാസം മുമ്പാണ് മുലായം തന്റെ സമാജ്‌വാദി പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്- 1992 ഒക്‌ടോബറില്‍.

ബിഹാറില്‍ ലാലുവിന്റെ വളര്‍ച്ച പോലെ തന്നെ യു.പിയില്‍ മുലായത്തിന്റെ വളര്‍ച്ചയും നിലവിലുള്ള രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിച്ചു കൊണ്ടായിരുന്നു. ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസായിരുന്നു ഇതിന്റെ തിരിച്ചടി നേരിട്ടത്. അതുവരെ കോണ്‍ഗ്രസ് കുത്തകയാക്കി വച്ചിരുന്ന ബ്രാഹ്മിണ്‍, ദളിത്, മുസ്ലീം സമവാക്യത്തെ തെറ്റിച്ചു കൊണ്ട് ഇരു സംസ്ഥാനങ്ങളിലും യാദവര്‍ ഉള്‍പ്പെടുന്ന ഒ.ബി.സി വിഭാഗം നിര്‍ണായക രാഷ്ട്രീയ ശക്തിയായി ഉയര്‍ന്നുവന്നു. ബ്രാഹ്മണരുടെ ആധിപത്യം ചോദ്യം ചെയ്യപ്പെട്ടു. യു.പിയിലെ ദളിതര്‍ കന്‍ഷിറാം രൂപീകരിച്ച ബി.എസ്.പിയിലേക്ക് നീങ്ങി.

അതുവരെ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തില്‍ വിശ്വസിച്ചിരുന്ന മുലായം സിംഗിന്റെ രാഷ്ട്രീയ വിശ്വാസങ്ങള്‍ പ്രായോഗിക രാഷ്ട്രീയത്തിന് വഴി മാറുന്നത് ഇവിടെയാണ്. ഇതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ രണ്ടാം ഘട്ടം. യു.പിയിലെ മുസ്ലീം സമുദായത്തിന് ആശ്രയിക്കാവുന്ന ഏക പാര്‍ട്ടി സമാജ്‌വാദി പാര്‍ട്ടിയും ഏക നേതാവ് മുലായവുമായി മാറി. യാദവ്-മുസ്ലീം സഖ്യം എസ്.പിയുടെ അടിത്തറയായി മാറി. ഇതിന്റെ ബലത്തില്‍ 90-കളില്‍ മുലായം നിരവധി തവണ പ്രധാനമന്ത്രി പദത്തിനും ശ്രമിച്ചു. പക്ഷേ, നറുക്കു വീണത് ദേവ്ഗൗഡയ്ക്കും ഗുജ്‌റാളിനുമായിരുന്നു. കേന്ദ്രത്തില്‍ മുലായം പ്രതിരോധ മന്ത്രി പദം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 90-കളിലും 2000-ത്തിന്റെ ഒടുവിലുമൊക്കെ എസ്.പി, യു.പിയില്‍ അധികാരത്തില്‍ വന്നും പോയുമിരുന്നു. മുലായം തന്നെയായിരുന്നു അപ്പോഴൊക്കെ മുഖ്യമന്ത്രി.ഇവിടെ നിന്ന് 2013-ലേക്ക് പെട്ടെന്ന് വന്നാല്‍ പാര്‍ട്ടിയുടെ യാദവ്-മുസ്ലീം സഖ്യത്തിന്റെ മറുവശം കാണാം. 118 പേരോളം മരിച്ചതായി അനൗദ്യോഗിക കണക്കുകളും നിരവധി മുസ്ലീം സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാവുകയും അര ലക്ഷത്തോളം പേര്‍ അഭയാര്‍ഥികളാവുകയും ചെയ്ത മുസഫര്‍നഗര്‍ കലാപം ആരംഭിക്കുന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ അവിടെ നടക്കുന്ന കാര്യങ്ങളെ കുറിച്ച് മുഖ്യമന്ത്രി അഖിലേഷ് യാദവിനും അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുലായതിന്റെ വിശ്വസ്തയുമായ അനിതാ സിംഗിനും നിരവധി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇവിടെ പ്രാദേശികമായി ഉണ്ടായ (ഉണ്ടാക്കിയ?) പ്രശ്‌നങ്ങള്‍ സ്ഥലത്തെ ബി.ജെ.പി നേതൃത്വം ഏറ്റെടുക്കുകയും ജാട്ട് മഹാപഞ്ചായത്ത് വിളിച്ചു ചേര്‍ക്കുകയും ചെയ്തു. ഒന്നര ലക്ഷത്തോളം പേരായിരുന്നു അന്ന് അവിടെ തടിച്ചുകൂടിയത്. അന്നു രാത്രി മുസഫര്‍നഗര്‍ കലാപം ആരംഭിക്കുകയും ഒരാഴ്ചയോളം അത് തുടരുകയും ചെയ്തു. അമിത് ഷാ ആയിരുന്നു അന്ന് യു.പിയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചുമതല.

മുസഫര്‍നഗറില്‍ വന്‍ കലാപം നടക്കാന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ടാണ് സമാജ്‌വാദി പാര്‍ട്ടി അനങ്ങാന്‍ തയാറാകാതിരുന്നതെന്നതിന് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. ഇപ്പോഴുണ്ടാകുന്ന സാമുദായിക വിഭജനത്തിന്റെ ഗുണഭോക്താക്കളില്‍ ഒരു വശത്ത് ബി.ജെ.പിയാണെങ്കില്‍ മറുവശത്ത് തങ്ങളായിരിക്കുമെന്ന കണക്കുകൂട്ടലാണ് അതില്‍ പ്രധാനപ്പെട്ട ഒന്ന്. മറ്റൊന്ന് 2000-ത്തിന്റെ ഒടുവിലോടെ പാര്‍ട്ടിക്കും മുലായത്തിനും അവരുടെ രാഷ്ട്രീയ ഘടനയില്‍ വരുന്ന മാറ്റമാണ്.

2004-ല്‍ ദേശീയ രാഷ്ട്രീയത്തില്‍ ഏറെ സ്വപ്നങ്ങളുമായാണ് മുലായം സിംഗ് യാദവ് മത്സരിച്ചത്. എസ്.പി ഏറെ നേട്ടമുണ്ടാക്കുകയും ചെയ്തു. പക്ഷേ, എ.ബി വാജ്‌പേി മന്ത്രിസഭയ്ക്ക് അന്ത്യം കുറിച്ച് കോണ്‍ഗ്രസ് അധികാരത്തിലേക്ക് തിരിച്ചെത്തിയതോടെ മുലായത്തിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു. യു.പി.എയ്ക്ക് പുറത്തു നിന്നു പിന്തുണ പ്രഖ്യാപിച്ച മുലായം ഡല്‍ഹിയിലും യു.പിയിലുമായി ജീവിതം തുടങ്ങി. ഈ സമയത്ത് പാര്‍ട്ടി തങ്ങളുടെ പരമ്പരാഗത രാഷ്ട്രീയ ധാരകളില്‍ നിന്ന് വ്യത്യസ്തമായി പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപീകരിച്ചു തുടങ്ങി. പാര്‍ട്ടി സീറ്റ് നല്‍കുന്നത് വിജയ സാധ്യതയുടെ മാത്രം അടിസ്ഥാനത്തിലായി. ഇതോടെ ധനികരും ക്രിമിനലുകളുമൊക്കെ കൂട്ടത്തോടെ പാര്‍ട്ടിയിലേക്ക് എത്തപ്പെട്ടു.  മുലായം പലതും കണ്ടില്ലെന്നു നടിച്ചെങ്കിലും മായാവതിക്ക് കീഴിലുള്ള ബിഎസ്പിയുടെ ശക്തമായ വളര്‍ച്ചയെ പ്രതിരോധിക്കാന്‍ മുലായത്തിനും ഇത് അത്യാവശ്യമായിരുന്നു. നേരത്തെ തന്നെ മുലായത്തിനൊപ്പം ചുവടുറപ്പിച്ചിരുന്ന മുന്‍ കോണ്‍ഗ്രസ് നേതാവും ബിസിനസുകാരനുമായിരുന്ന അമര്‍ സിംഗ് പാര്‍ട്ടിയില്‍ ശക്തനാകുന്നത് ഈ സമയത്താണ്. ഡല്‍ഹിയില്‍ മുലായത്തിന്റെ കണ്ണും കാതുമായി അമര്‍ സിംഗ് മാറി.ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ ഇന്ത്യ-അമേരിക്ക സിവില്‍ ആണവ കരാര്‍ ഒപ്പു വയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ തര്‍ക്കങ്ങള്‍ രൂക്ഷമായ സമയം. അതുവരെ കരാറിനെ എതിര്‍ത്തിരുന്ന എസ്.പി ഒരു ദിവസം പെട്ടെന്ന് കരാറിന് അനുകൂലമായി നിലപാട് പ്രഖ്യാപിക്കുന്നു. (അന്ന്‍ രാഷ്ട്രപതിയായിരുന്ന, അന്തരിച്ച) എ.പി.ജെ അബ്ദുള്‍ കലാമുമായി തങ്ങള്‍ ചര്‍ച്ച നടത്തിയെന്നും കരാര്‍ രാജ്യത്തിന്റെ ഭാവിക്കു വേണ്ടിയാണെന്ന്‍ അദ്ദേഹം പറഞ്ഞെന്നും അതിനാല്‍ തങ്ങള്‍ അനുകൂലിക്കുന്നു എന്നുമായിരുന്നു മുലായം-അമര്‍ സിംഗ് സഖ്യത്തിന്റെ പ്രസ്താവന. എന്നാല്‍ രണ്ടു കാര്യങ്ങള്‍ അന്ന് ഡല്‍ഹിയിലെ അധികാര വൃത്തങ്ങളില്‍ ഉള്ളവര്‍ക്ക് അറിയാമായിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ യു.പി.എ സര്‍ക്കാര്‍ സി.ബി.ഐയെ ഉപയോഗിച്ച് മുലായത്തെ വിരട്ടിയിരിക്കുന്നു. രണ്ട് ഇന്ത്യന്‍ രാഷ്ട്രീയം ഈ അടുത്ത കാലത്ത് കണ്ടിട്ടുള്ള ഏറ്റവും വലിയ ദല്ലാളുകളില്‍ ഒരാളായ അമര്‍ സിംഗ് വഴി മുലായത്തെ കോണ്‍ഗ്രസ് ബ്ലാക്ക് മെയില്‍ ചെയ്തിരിക്കുന്നു. വിവിധ കാര്യങ്ങളില്‍ മുലായത്തെ അമര്‍ സിംഗ് ബ്ലാക് മെയില്‍ ചെയ്യുന്നുണ്ടെന്ന് എസ്.പിയിലെ തന്നെ മിക്കവരും അന്ന് കുറ്റപ്പെടുത്തുന്ന സമയവുമായിരുന്നു അത്.

മുലായത്തിന്റെ രാഷ്ട്രീയ ജീവിതം വഴിതിരിയുന്നതില്‍ അമര്‍ സിംഗിന് കൃത്യമായ പങ്കുണ്ട്. അമര്‍ സിംഗ് ഒറ്റയടിക്ക് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും രാജ്യസഭാ എം.പിയും ആയതോടെ സമാജ്‌വാദി പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ മുലായത്തിനൊപ്പം നിന്ന വലിയൊരു വിഭാഗം അവഗണിക്കപ്പെട്ടു. അവരുടെ താത്പര്യങ്ങള്‍ പാര്‍ട്ടിയില്‍ പ്രതിഫലിക്കാതെയായി. ഈ സമയത്ത് പാര്‍ട്ടി ഘടനയിലും മുലായത്തിന്റെ ജീവിതത്തിലും മാറ്റങ്ങള്‍ വന്നു. മുലായത്തിന്റെ ആദ്യ ഭാര്യയും അഖിലേഷ് യാദവിന്റെ അമ്മയുമായ മാലതി ദേവി ഏറെക്കാലത്തെ അസുഖത്തിനു ശേഷം 2003-ല്‍ അന്തരിച്ചു. പിന്നീട് മുലായം കല്യാണം കഴിച്ച സാധന ഗുപ്തയെക്കുറിച്ചുള്ള വിവരം അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുള്ള ഒരു കേസിന്റെ സമയത്താണ് - 2007ല്‍- ആദ്യമായി വെളിപ്പെടുത്തുന്നത്. അതുവരെ രണ്ടാം നിരയില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന മുലായത്തിന്റെ സഹോദരന്‍ ശിവ്പാല്‍ യാദവ് പാര്‍ട്ടിയുടെ ഒന്നാം നിരയിലേക്ക് കടന്നു വരുന്നതും ഈ സമയത്താണ്. കസിന്‍ പ്രൊഫ. രാം ഗോപാല്‍ യാദവ് ഡല്‍ഹിയില്‍ എസ്.പിയുടെ പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ മുഖമായി മാറുന്നതും ഇതേ സമയത്ത് തന്നെ.അമര്‍ സിംഗ് അടക്കമുള്ളവരുടെ സാന്നിധ്യവും പാര്‍ട്ടിയില്‍ ക്രിമിനലുകളും സമ്പന്നരും വര്‍ധിച്ചു വരുന്നതുമൊക്കെ എസ്.പിയെ ഈ കാലഘട്ടത്തില്‍ ഏറെ ബാധിച്ചു. പാര്‍ട്ടി സ്ഥാപകരില്‍ ഒരാളായ മോഹന്‍ സിംഗ് 2012-ല്‍ പുതിയ പ്രവണതകളില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടു. ഇതേ സമയത്തു തന്നെയാണ് മുലായത്തിന്റെ ഇടവും വലവും നിന്നിരുന്ന പാര്‍ട്ടി സ്ഥാപക നേതാക്കളായ രാംശരണ്‍ ദാസ്, ജ്ഞാനേശ്വര്‍ മിശ്ര, ബ്രിജ്ഭൂഷന്‍ തിവാരി തുടങ്ങിയവര്‍ അന്തരിക്കുന്നത്. മോഹന്‍ സിംഗും 2013-ല്‍ അന്തരിച്ചു. ഇതോടെ മുലായം കഴിഞ്ഞാല്‍ അടുത്ത ശക്തികേന്ദ്രങ്ങളായി ശിവ്പാല്‍ യാദവ്, പ്രൊഫ. രാം ഗോപാല്‍ യാദവ്, ഉത്തരേന്ത്യയിലെ ഏറ്റവും ശക്തനായ മുസ്ലീം രാഷ്ട്രീയക്കാരനും പാര്‍ട്ടി സ്ഥാപകാംഗവുമായ അസംഖാന്‍ എന്നിവര്‍ മാറുന്നത്. ഇതില്‍ രാംഗോപാലും അസംഖാനും അമര്‍ സിംഗുമായി കടുത്ത ശത്രുതയിലായിരുന്നു. അങ്ങനെ അമര്‍ സിംഗിന് പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്ക് വഴി തുറന്നു. അതിന് മറ്റൊരു പ്രധാന കാരണക്കാരന്‍ കൂടിയുണ്ടായിരുന്നു- അഖിലേഷ് യാദവ്.

അതുവരെ കാര്യമായി പരിഗണനകളില്ലാതിരുന്ന അഖിലേഷ് യാദവ് 2000 ഒടുവിലാണ് സജീവമായി രാഷ്ട്രീയത്തില്‍ ഇടപെട്ട് തുടങ്ങുന്നത്. പാര്‍ട്ടിയിലെ അമര്‍ സിംഗ് വിരുദ്ധ ഗ്രൂപ്പിന്റെ തലപ്പത്തേക്ക് അങ്ങനെ അഖിലേഷ് എത്തി. ഒടുവില്‍ 2010-ല്‍ അമര്‍ സിംഗിനെ പാര്‍ട്ടിയുടെ നയങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച് പുറത്താക്കുന്നു. 2012 മുതല്‍ അഖിലേഷ് യുഗം സമാജ്‌വാദി പാര്‍ട്ടിയില്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഇതെല്ലാം അഖിലേഷിലേക്ക് അധികാര കൈമാറ്റം നടത്താനുള്ള മുലായത്തന്റെ വളരെ മൂന്‍ൂകൂട്ടിയുള്ള ആലോചനകളുടെ കൂടി ഫലമായിരുന്നു എന്നു കാണാം.

2007-ല്‍ രണ്ടാം ഭാര്യയേയും മകനെയും ഔദ്യോഗികമായി അംഗീകരിക്കുകയും സഹോദരനും കസിനും അവരുടെ മക്കളും കൊച്ചുമക്കളുമൊക്കെ പാര്‍ട്ടിയിലേക്ക് വരികയും ചെയ്തതോടെ സംഭവ്യമായ ഒരു കുടുംബ വഴക്ക് മുലായം മണത്തിരുന്നു. അതിനൊപ്പമാണ് ശക്തരായ മറ്റ് നേതാക്കളുടെ സാന്നിധ്യവും. മുലായത്തിന്റെ രാഷ്ട്രീയ പിന്‍ഗാമി ആരായിരിക്കുമെന്നത് സംബന്ധിച്ച് പല ചോദ്യങ്ങളും ഉയര്‍ന്നു. സാധന ഗുപ്തയുടെ മകന്‍ പ്രതീക് യാദവിന് പലരും സാധ്യതകള്‍ കല്‍പ്പിച്ചതായി അഭ്യൂഹങ്ങള്‍ പരന്നു. കാരണം രണ്ടാം ഭാര്യയോടും അവരുടെ മകനോടുമുള്ള മുലായത്തിന്റെ അടുപ്പവും ഒപ്പം, സാധന ഗുപ്ത ജീവിതത്തിലേക്ക് വന്നതോടു കൂടിയാണ് തന്റെ ഭാഗ്യം ഉദിച്ചതെന്നുമുള്ള മുലായത്തിന്റെ വിശ്വാസവുമായിരുന്നു അതിനു കാരണം. (ഇന്ന് യാദവ് കുടുംബത്തിലെ 16 പേരാണ് എംഎല്‍എമാരും എംപിമാരും മന്ത്രിമാരും ഒക്കെയായി പാര്‍ട്ടി നേതൃസ്ഥാനങ്ങളിലും സര്‍ക്കാരിലുമുള്ളത്).അതുകൊണ്ടു തന്നെ സാധാരണ ഗതിയിലുള്ള ഒരു അധികാര കൈമാറ്റം എളുപ്പമല്ലായിരുന്നു. അങ്ങനെ 2012 നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം അഖിലേഷ് ഏറ്റെടുത്തു. എങ്കിലും തങ്ങള്‍ വിജയിക്കുമോ എന്ന കാര്യത്തില്‍ മുലായം സംശയാലുവായിരുന്നെന്ന് പല റിപ്പോര്‍ട്ടുകളും പറയുന്നു. പക്ഷേ, പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. മുലായം തന്നെ മുഖ്യമന്ത്രി എന്ന് ഏവരും ഉറപ്പിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ മനസില്‍ മറ്റു ചിലതായിരുന്നു. ഏവരേയും അമ്പരപ്പിച്ചു കൊണ്ട് മുലായം അഖിലേഷിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. താന്‍ ഡല്‍ഹിയിലേക്ക് പ്രവര്‍ത്തന മണ്ഡലം മാറ്റുന്നുവെന്നതായിരുന്നു ഇതിനു കാരണമായി അദ്ദേഹം പറഞ്ഞത്. അഖിലേഷിനെ മുഖ്യമന്ത്രിയാക്കുന്നതില്‍ ശിവ്പാല്‍ അടക്കമുള്ളവര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രാം ഗോപാല്‍ യാദവ് എന്ന തന്റെ കസിന്‍ അഖിലേഷിനൊപ്പം ഏപ്പോഴുമുണ്ടെന്ന് മുലായം ഉറപ്പാക്കി. പിന്നീടൊരിക്കല്‍ ഒരു പാര്‍ട്ടി സമ്മേളനത്തില്‍ വച്ച് അഖിലേഷിനെ പരസ്യമായി മുലായം ശാസിച്ചത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ മുന്നോട്ടുള്ള കാര്യങ്ങള്‍ക്കുള്ള ഒരു സാമ്പിള്‍ മാത്രമായിരുന്നു അതെന്നാണ് പാര്‍ട്ടിയിലെ പലരും വിശ്വസിക്കുന്നത്. മുലായം തന്റെ പിന്‍ഗാമിയായി മകനെ വാഴിക്കുന്നുവെന്ന ആക്ഷേപം ഒഴിവാക്കാനും എതിര്‍പ്പുകള്‍ ഉയരാതിരിക്കാനും പക്ഷപാതിത്വം കാണിക്കുന്നില്ലെന്ന് മുതിര്‍ന്ന നേതാക്കളെ വിശ്വസിപ്പിക്കാനുമായി അച്ഛനും മകനും ചേര്‍ന്നുണ്ടാക്കുന്ന ഒരു രാഷ്ട്രീയ ധാരണയായിരുന്നു അതെന്നാണ് പാര്‍ട്ടി നേതാക്കള്‍ തന്നെ പറയുന്നത്.

കഴിഞ്ഞ ഒന്നര വര്‍ഷമായി സമാജ്‌വാദി പാര്‍ട്ടിയില്‍ നടന്നുകൊണ്ടിരിക്കുന്നതും ഇതേ ആസൂത്രണത്തിന്റേയും ധാരണയുടേയും ബാക്കിയാണെന്ന് വിശ്വസിക്കുന്നവരാണ് കൂടുതലും. തനിക്കൊപ്പം നില്‍ക്കുന്നവരെ, എന്നാല്‍ അഖിലേഷിന് താത്പര്യമില്ലാത്തവര്‍ക്ക് പ്രാമുഖ്യം നല്‍കി മുലായം സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. അഖിലേഷും രാംഗോപാല്‍ യാദവും ചേര്‍ന്ന് മറ്റൊരു ലിസ്റ്റും പുറത്തിറക്കി.

എസ്.പി അധികാരത്തില്‍ വരുമ്പോഴൊക്കെ സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലാകുമെന്നത് ഏറെക്കാലമായി യു.പിയില്‍ ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. മായാവതിയുടെ ഭരണത്തിലാണ് യു.പിയില്‍ കുറ്റകൃത്യങ്ങള്‍ കുറവും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കുറയാറുമുള്ളത്. എസ്.പി അധികാരത്തില്‍ വരുന്നതോടെ പ്രാദേശിക യാദവ നേതാക്കളാണ് പിന്നെ അധികാര ശക്തികള്‍. ഒപ്പം സംസഥാനത്തെ 60 ശതമാനം പോലീസ് സ്‌റ്റേഷനുകളിലേയും മേലധികാരികള്‍ യാദവരുമാണ്. അതുകൊണ്ടു തന്നെ ക്രിമിനലുകളുടെ പാര്‍ട്ടി എന്ന അവസ്ഥ മാറ്റി സമാജ്‌വാദി പാര്‍ട്ടിയെ പുതിയകാലത്തിന് യോജിച്ച പാര്‍ട്ടിയായി മാറ്റിയെടുക്കണമെന്നത് മുലായത്തിന്റേയും അഖിലേഷിന്റേയും ആവശ്യമാണ്. ഈ രീതിയില്‍ വികസന നായകന്‍ എന്ന നിലയില്‍ അഖിലേഷിന്റെ പ്രതിച്ഛായ നിര്‍മാണം നടക്കുകയും ചെയ്തു. ഇന്ന് യു.പിയില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ഏറ്റവുമധിക ജനസമ്മതിയുള്ള നേതാവാണ് ടെക്-സാവിയും എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് ബിരുദധാരിയുമായ അഖിലേഷ്.പാര്‍ട്ടിയില്‍ ഒരു അധികാരക്കൈമാറ്റം നടക്കുന്നതിന് യോജിച്ച സമയമാണിതെന്ന് മുലായം മനസിലാക്കിയിട്ടുണ്ടെന്നാണ് യു.പിയില്‍ നിന്നുള്ള വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അങ്ങനെ ആസൂത്രണം ചെയ്യപ്പെട്ടതാണത്രെ അഖിലേഷിന്റെ 'പാര്‍ട്ടി പിടിച്ചെടുക്കല്‍' പദ്ധതിയും. നേതൃത്വത്തോട് കലഹിച്ച അഖിലേഷിനേയും രാം ഗോപാല്‍ യാദവിനേയും പുറത്താക്കിയ മുലായം 24 മണിക്കൂറിനുള്ളില്‍ ഇരുവരേയും തിരിച്ചെടുത്തു. കാരണം, പാര്‍ട്ടിയുടെ 224 എം.എല്‍.എമാരില്‍ 200-ഓളം പേര്‍ അഖിലേഷിന് പിന്തുണ പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ വസതിയിലെത്തിയിരുന്നു. ഇനി അഖിലേഷിന്റെ നേതൃത്വം മറ്റാരും ചോദ്യം ചെയ്യില്ല എന്നുറപ്പിക്കുകയായിരുന്നു മുലായം ഇതിലൂടെ ചെയ്തത്.

കളികള്‍ അവിടംകൊണ്ടും നിന്നില്ല. ഞായറാഴ്ച രാംഗേപാല്‍ യാദവ് പാര്‍ട്ടിയുടെ സമ്മേളനം വിളിച്ചിരുന്നു. ഇരുവരേയും തിരിച്ചെടുക്കുന്ന സമയത്തൊന്നും ഈ സമ്മേളനം റദ്ദാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളൊന്നും പുറത്തു വന്നില്ല. പിറ്റേന്ന് നടന്ന സമ്മേളനത്തില്‍ പാര്‍ട്ടിയുടെ 5,000-ത്തോളം നേതാക്കളാണ് പങ്കെടുത്തത്. അഖിലേഷിന്റെ ശക്തിപ്രകടനം തന്നെയായിരുന്നു അത്. എന്നാല്‍ അതിലും വലുതായിരുന്നു തുടര്‍ന്നു നടന്ന കാര്യങ്ങള്‍. അഖിലേഷിനെ പാര്‍ട്ടി പ്രസിഡന്റായി സമ്മേളനം തെരഞ്ഞെടുക്കുന്നു. പാര്‍ട്ടിയേയോ പിതാവിനെയോ അപമാനിക്കുന്ന യാതൊന്നിനും താനില്ലെന്നും താന്‍ ഇപ്പോഴും അദ്ദേഹത്തിന്റെ മകന്‍ തന്നെയാണെന്നും അഖിലേഷ് പ്രഖ്യാപിക്കുന്നു. പിന്നാലെ രാം ഗോപാല്‍ യാദവിനേയും ചില മുതിര്‍ന്ന നേതാക്കളെയും പുറത്താക്കിയതായി മുലായം പ്രഖ്യാപിക്കുന്നു- അഖിലേഷിനെ തൊട്ടില്ല.

കാരണം, കൃത്യമായ തിരക്കഥയുടെ അടിസ്ഥാനത്തിലായിരുന്നു ഓരോ നീക്കവുമെന്നത് ഉറപ്പായിരുന്നു. സമ്മേളനം പാര്‍ട്ടി ഭരണഘടന അനുസരിച്ച് നിയമവിരുദ്ധമാണെന്ന് മുലായം പ്രഖ്യാപിച്ചെങ്കിലും അഖിലേഷ് പാര്‍ട്ടി ദേശീയ അധ്യക്ഷ പദവിയിലേക്ക് വന്നു കഴിഞ്ഞു. പാര്‍ട്ടി ഭരണഘടന അനുസരിച്ച് പാര്‍ട്ടി അധ്യക്ഷനാണ് അവസാന വാക്ക്. അതുകൊണ്ടു തന്നെ പുറത്താക്കിയ നേതാക്കളൊക്കെ അഖിലേഷിനൊപ്പം ഉണ്ടെന്ന് മുലായം ഉറപ്പാക്കി. അവരൊക്കെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്താന്‍ പാര്‍ട്ടി അധ്യക്ഷനെന്ന നിലയില്‍ ഭാവിയില്‍ അഖിലേഷിനു കഴിയുമെന്നും. മുലായം പുറത്താക്കിയ നേതാക്കളെ നോക്കുക- പാര്‍ട്ടി വൈസ് പ്രസിഡന്റും മുലായം ബംഗാളില്‍ നിന്ന് കൊണ്ടുവന്ന് കൈപിടിച്ചു വളര്‍ത്തുകയും പാര്‍ട്ടിയുടെ വിശ്വസ്ത മുഖങ്ങളിലൊന്നുമായ കിരണ്‍മൊയ് നന്ദ, പാര്‍ട്ടിയില്‍ ജനകീയ അടിത്തറയുള്ള നരേഷ് അഗര്‍വാള്‍. ഇവരെ പുറത്താക്കിയതിലൂടെ മുലായം ഉറപ്പിച്ചതും മറ്റൊന്നാണ്- ഇരുവരും അഖിലേഷിനൊപ്പം ഉണ്ടെന്നും എതിര്‍ശബ്ദങ്ങള്‍ ഉയരില്ലെന്നും.ഈ മാസം അഞ്ചിനാണ് മുലായം തന്റെ കണ്‍വെന്‍ഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ എന്തു തീരുമാനമുണ്ടായാലും പാര്‍ട്ടിയില്‍ ഫലത്തില്‍ അധികാരക്കൈമാറ്റം നടന്നു കഴിഞ്ഞു. മുലായത്തിന്റെ പഴയ കാലഘട്ട രാഷ്ട്രീയത്തില്‍ നിന്നു വിരുദ്ധമായി സംശുദ്ധ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് അഖിലേഷ് പാര്‍ട്ടി പിടിച്ചെടുത്തു- ഈ പ്രതിച്ഛായയുമാണ് അഖിലേഷ് ഇനി അടുത്ത് നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്. താന്‍ ഏറെ ശ്രമിച്ചിട്ടും ഫലവത്തായില്ലെന്നും അഖിലേഷ് സ്വന്തം വഴി നോക്കുകയാണ് ചെയ്തതെന്നും പാര്‍ട്ടിയില്‍ തനിക്കൊപ്പം നില്‍ക്കുന്നവരെയും പുറംലോകത്തേയും വിശ്വസിപ്പിക്കാനും മുലായത്തിന് കഴിഞ്ഞിരിക്കുന്നു. അതിനേക്കാള്‍ പ്രധാനമാണ് അഖിലേഷിന് മുന്നോട്ടു പോകാനായി തന്റെ വിശ്വസ്തരെ തന്നെ 'പുറത്താക്കി', അവര്‍ അഖിലേഷിനൊപ്പമുണ്ടെന്ന് അദ്ദേഹം ഉറപ്പാക്കിയത്.

തന്റെ ജീവിതകാലത്തു തന്നെ സമാധാന രീതിയിലുള്ള ഒരു അധികാരകൈമാറ്റത്തിന് ഇതിലും നല്ല വഴി മുലായം കണ്ടില്ലെന്ന് വേണം കരുതാന്‍. അദ്ദേഹത്തിന്റെ കാലശേഷം അഖിലേഷ് പാര്‍ട്ടി നേതൃസ്ഥാനം അവകാശപ്പെട്ടാലും പാര്‍ട്ടി എത്രത്തോളം കെട്ടുറപ്പോടെ നിലനില്‍ക്കുമെന്ന് അദ്ദേഹത്തിന് സംശയമുണ്ടായിരുന്നിരിക്കണം. എന്നാല്‍ ഇപ്പോള്‍ അഖിലേഷിനെ ശക്തനായ നേതാവാക്കി മാറ്റിയെടുത്തു കൊണ്ടാണ് മുലായം സിംഗ് യാദവ് തന്റെ ദശകങ്ങള്‍ നീണ്ട രാഷ്ട്രീയ ജീവിതത്തിലെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ യു.പിയില്‍ ഒരു മഹാസഖ്യ രൂപീകരണത്തിനുള്ള സാധ്യതകളും തെളിഞ്ഞു വരുന്നുണ്ട്. പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം അഖിലേഷ് യാദവിന് ലഭിച്ച ആദ്യ അഭിനന്ദനങ്ങളിലൊന്ന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നായിരുന്നു. രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുമായി മികച്ച ബന്ധമാണ് അഖിലേഷിനുള്ളത്. ഒപ്പം, അജിത് സിംഗിന്റെ മകനും ഇപ്പോള്‍ ആര്‍.എല്‍.ഡിയുടെ നേതാവുമായ ജയന്ത് ചൗധരിയും അഖിലേഷും മികച്ച ബന്ധത്തിലാണ്. അഖിലേഷ്, രാഹുല്‍, ജയന്ത് എന്നിവരുടെ ഒരു കൂടിച്ചേരലിനും ചിലപ്പോള്‍ യു.പി സാക്ഷ്യം വഹിച്ചേക്കും. മുലായത്തിന്റെ സഹായമില്ലാതെ തന്നെ അഖിലേഷ് തന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന 177 എം.എല്‍.എമാരുടേയും കോണ്‍ഗ്രസിന്റേയും ആര്‍.എല്‍.ഡിയുടേയും എല്‍.എല്‍.എമാര്‍ ചേര്‍ന്നാല്‍ യു.പിയിലെ കേവല ഭൂരിപക്ഷമായ 202 എന്ന സംഖ്യയിലെത്തും. തെരഞ്ഞെടുപ്പിന് മുമ്പ് അഖിലേഷിന് സ്ഥാനമൊഴിയേണ്ടി വരില്ല എന്നു ചുരുക്കം.വാല്‍ക്കഷ്ണം: ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിലെ പിതൃകേന്ദ്രീകൃത, ആണ്‍ മേല്‍ക്കോയ്മാ സമൂഹത്തിന്റെ പ്രതിനിധിയായിരുന്നു എല്ലാക്കാലവും മുലായം സിംഗ് യാദവ്. ആണ്‍കുട്ടികളാണെങ്കില്‍ ചിലതൊക്കെ ചെയ്യുമെന്ന് സ്ത്രീ പീഡനത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത് ഏറെ വിവാദമായിരുന്നു. ഒരേ സമയം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉദിച്ചുയരുകയും തങ്ങളുടെ കാലഘട്ടത്തിലെ സര്‍വാധിപതികളായി വാഴുകയും ചെയ്ത രണ്ടു നേതാക്കളാണ് മുലായവും ലാലുവും. ബിഹാറില്‍ ഇതിനകം തന്നെ മകന്‍ തേജസ്വി യാദവിന് ലാലു ബാറ്റണ്‍ കൈമാറിക്കഴിഞ്ഞു. നിതീഷ് യുഗം അവസാനിച്ചാല്‍ ബിഹാറിലെ ഏറ്റവും പ്രമുഖനായ നേതാവായിരിക്കും ഇപ്പോള്‍ ഉപമുഖ്യമന്ത്രിയായ തേജസ്വി. അതുപോലെ യു.പിയിലെ വന്‍ രാഷ്ട്രീയ കുടുംബത്തില്‍ അധികം കോളിളക്കങ്ങള്‍ ഒന്നുമുണ്ടാക്കാതെ ഒരു അധികാരക്കൈമാറ്റം നടത്തുകയാണ് മുലായം സിംഗ്. അതിനിടയിലുള്ള ചെറിയ ചില പൊട്ടിത്തെറികള്‍ മാത്രമാണ് ഇപ്പോഴത്തേത്. ഇതിനിടയില്‍ ബിഹാറിലെയും യുപിയിലെയും ഈ പ്രമുഖ യാദവ കുടുംബങ്ങള്‍ വിവാഹത്തിലൂടെ ബന്ധുക്കളുമായി.

ലാലുവും മുലായവുമായുള്ള അടിസ്ഥാന വ്യത്യാസങ്ങളിലൊന്ന് ഇരുവരും ഹിന്ദിയിലാണ് സംസാരിക്കുന്നതെങ്കിലും ലാലു സംസ്ഥാനത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസം നടപ്പാക്കണമെന്ന് ശക്തമായി വാദിക്കുകയും അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്ത നേതാക്കളിലൊരാളാണ്. മറിച്ച് മുലായമാകട്ടെ ഇംഗ്ലീഷ് വിദ്യാഭ്യാസമാണ് ജനങ്ങളെ നശിപ്പിക്കുന്നതെന്നും പകരം ഹിന്ദി മാത്രമാക്കണം സംസ്ഥാനത്തെന്നും വാദിക്കുന്നയാളാണ്. പാര്‍ലമെന്റില്‍ പോലും മുലായം പലപ്പോഴും ഇതിനു വേണ്ടി ബഹളമുണ്ടാക്കിയിട്ടുമുണ്ട്. എന്തായാലും ഒരുകാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉദിച്ചുയര്‍ന്ന സോഷ്യലിസ്റ്റുകളായിരുന്ന രണ്ട് നേതാക്കള്‍ സ്വന്തം കുടുംബത്തെ തന്നെ പാര്‍ട്ടി ഏല്‍പ്പിച്ച് തങ്ങളുടെ അവസാനകാലത്തേക്ക് കടക്കുകയാണ്.


Next Story

Related Stories