TopTop
Begin typing your search above and press return to search.

മുല്ലപ്പെരിയാര്‍: കേരളം തോറ്റു (0/10); രാഷ്ട്രീയക്കാര്‍ ജയിച്ചു (10/10)

മുല്ലപ്പെരിയാര്‍: കേരളം തോറ്റു (0/10); രാഷ്ട്രീയക്കാര്‍ ജയിച്ചു (10/10)

നവംബര്‍ - ഡിസംബര്‍ മാസങ്ങളില്‍ മുല്ലപ്പെരിയാറിനെ സംബന്ധിക്കുന്ന മൂന്ന് സുപ്രധാന കാര്യങ്ങള്‍ ഉണ്ടായി.

ഒന്ന്, ജലനിരപ്പ്, ഏവരും ഭയന്നിരുന്നതുപോലെ 142 അടിയായി ഉയര്‍ന്നു. പക്ഷെ, ഡാം പൊട്ടിയില്ല. 3.5 ലക്ഷം കേരള മക്കള്‍ ഒലിച്ചുപോയില്ല. മൂന്നുകൊല്ലം മുമ്പ്, ജലനിരപ്പ് 136 അടി ആയിരുന്നപ്പോള്‍ തന്നെ, ഉറങ്ങാന്‍ കഴിയാതിരുന്ന പി.ജെ.ജോസഫ് ശാന്തനായി ഉറങ്ങി.

കേരളം മുതല്‍ ദില്ലി വരെ മുല്ലപ്പെരിയാറിനെ ക്കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിച്ച്, ശരിയുത്തരം നല്‍കുന്നവര്‍ക്ക് അപ്പോള്‍ തന്നെ ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ പോക്കറ്റില്‍ നിന്നും നൂറു രൂപ സമ്മാനം നല്‍കി മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ജോസഫ് എന്ന ക്വിസ് മാസ്റ്റര്‍ ആയുധമില്ലാത്ത അര്‍ജ്ജുനനെപ്പോലെ കുരുക്ഷേത്രഭൂമിയില്‍ ഏകനായി നില്‍ക്കുന്നു. ചോദ്യങ്ങള്‍ ചോദിച്ച് സ്വയം ഒരു വലിയ ചോദ്യചിഹ്നമായി.

ഫ്രാന്‍സിസ് ജോര്‍ജ്ജ് കുറച്ചുമാറിയാണ് നടക്കുന്നത്. നൂറുരൂപാ നോട്ടുകള്‍ ഇനിയും നഷ്ടമാകുമെന്ന ഭയത്താലല്ല. മറിച്ച്, ഇടുക്കി പാര്‍ലമെന്റ് സീറ്റ് ജോസഫ് തരമാക്കി കൊടുത്തില്ല എന്ന പരിഭവം കൊണ്ടാണ്.

രണ്ട്, സംഭരണിയുടെ ജലനിരപ്പ് 142 അടിയും, പിന്നീട് ഡാം ബലപ്പെടുത്തിയതിനുശേഷം 152 അടിയുമാക്കി ഉയര്‍ത്താമെന്ന സുപ്രീംകോടതി ഉത്തരവ് പുനഃപരിശോധിയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.

ഈ വിഷയത്തില്‍ ഇനി വലിയ സ്‌കോപ്പ് ഇല്ല. ഉത്തരവ് വരുന്നതിന് മുമ്പുതന്നെ, നവംബറില്‍ ജലനിരപ്പ് 142 അടിയായി ഉയരാനുള്ള സാഹചര്യം തമിഴ്‌നാട് ഒരുക്കി. മഴയെത്തുടര്‍ന്ന് ജലസംഭരണിയില്‍ വെള്ളം നിറഞ്ഞപ്പോള്‍, നേരത്തെ എടുത്തുവന്നിരുന്ന വെള്ളം പോലും എടുക്കാതെ, സംഭരണി 142 അടിയാക്കാന്‍ തമിഴ്‌നാട് വൈദഗ്ധ്യം കാട്ടി. ജലനിരപ്പ് ഓരോ ഇഞ്ച് കൂടുമ്പോഴും, ചാനലുകള്‍ ദാ ഇപ്പം പൊട്ടും, ഇപ്പം പൊട്ടും എന്ന രീതിയില്‍ ഭീതി പടര്‍ത്തി. ഒടുവില്‍ 'മിഥുനം' സിനിമയിലെന്നപോലെ തേങ്ങ ഉടച്ചു, തല പൊട്ടിത്തെറിച്ചില്ല. 136 അടി കഴിഞ്ഞാല്‍ പിന്നെ ഏതു സമയവും അണക്കെട്ടുപൊട്ടാം എന്നു പറഞ്ഞ് ഉണ്ടാക്കിയ പുകിലെല്ലാം 142 അടിയില്‍ മുങ്ങിപ്പോയി. സ്ഥലവാസികള്‍ കാറിന്റെ ട്യൂബില്‍ കാറ്റുനിറച്ച് അതില്‍ കെട്ടിപ്പിടിച്ചുകൊണ്ട് ഉറങ്ങുന്ന അവസ്ഥയില്‍ വരെ എത്തിയശേഷമാണ് (ഉറക്കത്തില്‍ ഡാം പൊട്ടിയാല്‍, വെള്ളത്തില്‍ പൊങ്ങിക്കിടന്നുറങ്ങാന്‍) ഇപ്പോള്‍ 142 അടി ഉയര്‍ന്നുനില്‍ക്കുന്ന വെള്ളത്തിനു താഴെ ശാന്തമായി ജീവിച്ചുകൊള്ളാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരിയ്ക്കുന്നത്.

മൂന്ന്, മുല്ലപ്പെരിയാര്‍ പുതിയ അണക്കെട്ടു കെട്ടാനുള്ള പ്രാരംഭനടപടികളുടെ ഭാഗമായുള്ള പരിസ്ഥിതി ആഘാതം പഠനം നടത്താന്‍ സുപ്രീംകോടതി കേരളത്തിന് അനുവാദം നല്‍കി.

മൂന്നു സംഭവവികാസങ്ങളിലും തോറ്റുപോയത് കേരളമാണ്. മൂന്നിലും വിജയിച്ചത് കേരളത്തിലെ രാഷ്ട്രീയക്കാരാണ്.

1887-95 കാലയളവിലാണ് ഇന്ന് മുല്ലപ്പെരിയാര്‍ എന്നറിയപ്പെടുന്ന പെരിയാര്‍ അണക്കെട്ടിന്റെ നിര്‍മ്മാണം. അന്ന് കേരളം ഇല്ല. ഇന്നത്തെ അര്‍ത്ഥത്തിലുള്ള തമിഴ്‌നാടും ഇല്ല. തെക്കെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകേന്ദ്രമായ മദ്രാസ് പ്രസിഡന്‍സിയും തിരുവിതാംകൂര്‍ നാട്ടുരാജ്യവും.

പടിഞ്ഞാറോട്ട് ഒഴുകിയ പെരിയാറിനെ തടഞ്ഞുനിര്‍ത്തി കിഴക്കോട്ടൊഴുക്കുന്ന വൈഗയാറില്‍ എത്തിയ്ക്കാനുള്ള ആശയം ആദ്യം മുന്നോട്ടുവച്ചത് രാമാടന് രാജ്യത്തിലെ ഒരു മന്ത്രിയായിരുന്ന മുതിരുലപ്പിള്ളൈയായിരുന്നു. 1789 ല്‍. ഡാം നിര്‍മ്മിയ്ക്കാനുള്ള പല നീക്കങ്ങളും നടന്നെങ്കിലും പല കാരണങ്ങളാല്‍ അവയെല്ലാം തുടക്കത്തിലേ പാളി.

1886 ഒക്‌ടോബര്‍ 29ന് മദ്രാസ് പ്രസിഡന്‍സിയ്ക്കുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജെ.സി.ഹനിംഗ്ടണും തിരുവിതാകൂറിനു വേണ്ടി ദിവാന്‍ വി.രാമ അയ്യങ്കാരും തമ്മില്‍ പെരിയാര്‍ ജലസേചനപദ്ധതിക്കുവേണ്ടി 999 വര്‍ഷത്തേയ്ക്കുള്ള പാട്ടക്കരാര്‍ ഒപ്പുവച്ചു.

കേരളത്തിന്റെ ഭൂമിയില്‍ മദ്രാസ് സര്‍ക്കാര്‍ അവരുടെ പണം മുടക്കിയാണ് ഡാം കെട്ടുന്നത്. അതിന്‍മേലുള്ള പൂര്‍ണ്ണ നിയന്ത്രണം അവര്‍ക്ക്. കരാര്‍ പ്രകാരം 8000 ഏക്കര്‍ വനം സംഭരണിയ്ക്കുവേണ്ടിയും 100 ഏക്കര്‍ ഭൂമി അണക്കെട്ടിനു വേണ്ടിയും വിട്ടുകൊടുക്കണം. ഒരേക്കറിന് വര്‍ഷത്തില്‍ 5 രൂപ വച്ച് നികുതി കേരളത്തിന് പിരിക്കാം. മാത്രമല്ല, പ്രതിവര്‍ഷം 40,000 രൂപ കേരളത്തിനു വാടക നല്‍കുക വഴി മുല്ലപ്പെരിയാറിലെ 'മുഴുവന്‍ വെള്ളവും' ഉപയോഗിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാരിന് അവകാശം കിട്ടും. ജലസംഭരണിയുടെ ഉയരം 152 അടിയായി നിശ്ചയിച്ചു. അത്തരമൊരു കരാറില്‍ ഏര്‍പ്പെടാന്‍ തിരുവിതാംകൂറിന് താല്‍പ്പര്യമില്ലായിരുന്നു. പക്ഷേ, ബ്രിട്ടീഷ് രാജ്ഞിയുടെ ഔദാര്യത്തില്‍ മാത്രം മഹാരാജാവായി തുടരുന്ന വിശാഖം തിരുനാള്‍ രാമവര്‍മ്മയ്ക്ക് മറ്റു പോംവഴികള്‍ ഇല്ലായിരുന്നു.

1947 ല്‍ ഇന്ത്യ സ്വതന്ത്രമായി. മദ്രാസ് പ്രസിഡന്‍സി മദ്രാസ് സംസ്ഥാനമായി. 1950 ല്‍ തിരുവിതാംകൂര്‍ എന്ന നാട്ടുരാജ്യം ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ഭാഗമായി. തിരു-കൊച്ചി സംസ്ഥാനമായി. 1956-ല്‍ കേരളമായി. ഇന്ത്യ സ്വതന്ത്രമായതോടെ ബ്രിട്ടീഷ് പ്രസിഡന്‍സിയും ഒരു നാട്ടുരാജ്യവും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ കാലഹരണപ്പെട്ടു. കരാര്‍ ഇല്ലാതായിത്തീര്‍ന്നു എന്നും ആവശ്യമെങ്കില്‍ പുതുക്കണമെന്നും കേരളം പ്രഖ്യാപിച്ചു.

കരാര്‍ പുതുക്കുന്നതിനുള്ള നീക്കം തമിഴ്‌നാടിന്റെ ഭാഗത്തുനിന്ന് 1958, 1960, 1969 വര്‍ഷങ്ങളില്‍ നടന്നുവെങ്കിലും ഫലവത്തായില്ല.

സുര്‍ക്കി (ചെങ്കല്ലുപൊടിച്ചത്)യും ചുണ്ണാമ്പും ചേര്‍ത്ത് നിര്‍മ്മിച്ച ഡാമിന്റെ സുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ 1960-ല്‍ തന്നെ തുടങ്ങിയിരുന്നു. എന്നിട്ടും, 1970 ല്‍ കേരളവും തമിഴ്‌നാടും തമ്മില്‍ മുല്ലപ്പെരിയാര്‍ ഡാമിനെ സംബന്ധിക്കുന്ന കരാര്‍ പുതുക്കിയപ്പോള്‍ ബലക്ഷയത്തെക്കുറിച്ച് ഉള്ള സംശയങ്ങള്‍ നിവാരണം ചെയ്തില്ല.

പുതിയ കരാര്‍ പ്രകാരം തമിഴ്‌നാടിന് വെള്ളത്തില്‍ നിന്ന് വൈദ്യുതിയും ഉല്‍പ്പാദിപ്പിക്കാം. പാട്ടത്തുക ഏക്കറിന് അഞ്ചുരൂപയില്‍ നിന്ന് 30 ആക്കി ഉയര്‍ത്തി. വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് ഒരു മണിക്കൂറില്‍ ഒരു കിലോവാട്ടിന് 12 രൂപ വച്ച് കേരളത്തിന് നല്‍കണം.

അപ്പോഴും 176 അടി ഉയരവും 1200 അടി നീളവുമുള്ള, ഏറ്റവും മുകളില്‍ 12 അടി വീതിയും ഏറ്റവും താഴെ 138 അടി വീതിയും ഉള്ള, മെയിന്‍ ഡാമിന്റെയോ അതിന്റെ ഇടതുവശത്തുള്ള 'സ്പില്‍ വേ'യുടെയോ വലതുഭാഗത്തുള്ള 'ബേബി ഡാമിന്റെ'യോ സുരക്ഷയെക്കുറിച്ച് യാതൊരു ശാസ്ത്രീയ പഠനവും കേരളം നടത്തിയില്ല. ഓര്‍ക്കണം, ശാസ്ത്രകാര്യങ്ങളില്‍ ഏറെ താല്‍പ്പര്യമുണ്ടായിരുന്ന, ക്രാന്തദര്‍ശിയായ ഭരണാധികാരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സി.അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കരാര്‍ ഈ വിധം പുതുക്കിയത്.

മധുര, തേനി, ശിവഗംഗ, രാമനാഥപുരം എന്നീ തമിഴ്‌നാട് പ്രദേശങ്ങളിലെ കുടിവെള്ള ശ്രോതസ്സാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് ഒഴുകുന്ന വെള്ളം. ഈ ജില്ലകളിലെ 80,000 ഹെക്ടര്‍ കൃഷിഭൂമിയുടെ ജലസ്രോതസ്സും ഈ വെള്ളം തന്നെ. അതുകൊണ്ടുതന്നെ ഡാമിന്റെ സുരക്ഷിതത്വം കേരളത്തിന്റേതുപോലെ തമിഴ്‌നാടിന്റെയും ആവശ്യമാണ്. അണക്കെട്ടിന്റെ ബലം കൂട്ടാനുള്ള നടപടികള്‍ 1930ല്‍ തന്നെ തമിഴ്‌നാട് തുടങ്ങി. ആ വര്‍ഷം ചോര്‍ച്ച അടയ്ക്കാനായി 80 ദ്വാരങ്ങളില്‍ കൂടി 40 ടണ്‍ സിമന്റ് മിശ്രിതം അണക്കെട്ടിലേക്ക് 'പമ്പ്' ചെയ്തു. 1933- ല്‍ ഗ്രൗട്ടിംഗ് ടെക്‌നോളജി ഉപയോഗിച്ച് ഡാമിനെ ബലപ്പെടുത്തി. 1960-ല്‍ 502 ടണ്‍ സിമന്റ് മിശ്രിതം ഡാമിനുള്ളിലേക്ക് പമ്പ് ചെയ്തു. ഇതൊന്നും കേരളം ആവശ്യപ്പെട്ടിട്ടല്ലായിരുന്നു ചെയ്തത്.

പിന്നെ എങ്ങനെ ഡാമിന്റെ സുരക്ഷിതത്വം കേരളത്തിന്റെ മാത്രം ആശങ്കയായി, പൊടുന്നനെ, മാറിയത്?

കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ ആവശ്യം മറ്റുചിലതാണ്. അവര്‍ക്ക് പുതിയ അണക്കെട്ട് നിര്‍മ്മിക്കണം. അതിന് നിലവിലുള്ള ഡാം സുരക്ഷിതമല്ലെന്ന് വരുത്തിതീര്‍ക്കണം. പുതിയ ഡാമെന്നാല്‍ എത്ര ആയിരം കോടി രൂപയുടെ ഇടപാടാണ്?

മുല്ലപ്പെരിയാര്‍ ഡാമിന് ബലക്ഷയമൊന്നും ഇല്ല എന്ന് കേരളത്തിലെ ഭരണനേതൃത്വത്തിനറിയാം. പക്ഷെ, ഡാം സുരക്ഷിതമല്ല എന്ന ഭീതി ഉയര്‍ത്തിയാലേ പുതിയ അണക്കെട്ടിന് വഴിതെളിയൂ.

ഈ പശ്ചാത്തലത്തിലാണ് പ്രശ്‌നം സുപ്രീംകോടതിയില്‍ എത്തുന്നത്. കോടതിയുടെ അനുവാദത്തോടെ, ഡാമിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് ഏറ്റവും ഉന്നതസ്ഥാനത്തുള്ള ഏജന്‍സിയെക്കൊണ്ട് ഏറ്റവും ശാസ്ത്രീയമായ ഒരു പഠനം നടത്താനുള്ള ആവശ്യം കേരളം ഒരിയ്ക്കലും മുന്നോട്ടുവച്ചില്ല. മറിച്ച്, ടെലിവിഷന്‍ ചര്‍ച്ചകളില്‍ എന്ന പോലെ വെറും വാചക കസര്‍ത്താണ് കേരളത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. കേസ് കേരളം തോറ്റു. 2006 ഫെബ്രുവരി 27 ന് ഡാമിന്റെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തിക്കൊണ്ട് ഉത്തരവിട്ടു.

കോടതിയില്‍ കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ ശ്രമിക്കാത്ത കേരളം സുപ്രീംകോടതി ഉത്തരവിനെ അട്ടിമറിച്ചുകൊണ്ട് 2006-ല്‍ തന്നെ 'ഡാം സേഫ്റ്റി ആക്ട്' പാസ്സാക്കി. അതനുസരിച്ച് നിലവിലുള്ള ഡാം പൊളിക്കാനും ഡാമിന്റെ സുരക്ഷ ഉറപ്പാക്കാനും കേരളത്തിന് അവകാശമുണ്ട്. ഈ നിയമമാണ് 2014 മേയ് മാസം കോടതി റദ്ദാക്കിയത്. സുപ്രീംകോടതി ഉത്തരവിനെ നിയമസഭ വഴി അട്ടിമറിയ്ക്കാന്‍ അനുവദില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി. ഉത്തരവിനെ തിരെയുള്ള റിവന്യൂ ഹര്‍ജിയാണ് ഡിസംബര്‍ 4 ന് തള്ളിയത്.

ഇതിനിടയ്ക്ക് രസകരമായ ഒരു കാര്യം നടന്നു. 2010 ഫെബ്രുവരി 18 ന് പ്രശ്‌നം പഠിയ്ക്കുവാനായി സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസായിരുന്ന എ.എസ്.ആനന്ദിന്റെ നേതൃത്വത്തില്‍ അഞ്ചംഗകമ്മിറ്റിയെ ഉണ്ടാക്കി. കമ്മിറ്റിയിലേക്ക് കേരളത്തിനും തമിഴ്‌നാടിനും ഒരേ അംഗത്തിനെ നോമിനേറ്റ് ചെയ്യാമെന്ന് കോടതി പറഞ്ഞു. അതനുസരിച്ച് കേരളം നോമിനേറ്റ് ചെയ്ത മഹദ്‌വ്യക്തിയാണ് മുന്‍ സുപ്രീംകോടതി ജഡ്ജി കെ.ടി.തോമസ്. ജഡ്ജി കേരളത്തിന്റെ താല്‍പ്പര്യങ്ങളല്ല കമ്മിറ്റിയില്‍ പറഞ്ഞതെന്ന് ആരോപണമുണ്ടായപ്പോള്‍, താന്‍ കേരളത്തിന്റെ പ്രതിനിധിയല്ല എന്നും ന്യായവും നീതിയും പറയുകയാണ് തന്റെ പണിയെന്നും കേരളത്തിന്റെ വാദം ഉന്നയിയ്ക്കാന്‍ കേരളം പണംകൊടുത്ത് വേറെ ആളിനെ നിയോഗിക്കണമായിരുന്നു എന്നും മറ്റും കെ.ടി.തോമസ് യാതൊരു ഉളുപ്പും കൂടാതെ മാധ്യമങ്ങളുടെ മുമ്പില്‍ പറഞ്ഞു.

കെ.ടി.തോമസിന്റെ നീതി ബോധം 20 കൊല്ലം മുമ്പ് സൂര്യനെല്ലി കേസിന്റെ കാലത്തു കേരള ജനത കണ്ട് ഞെട്ടിത്തരിച്ചതാണ്. അന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ പി.ജെ.കുര്യന്‍ ഉണ്ടായിരുന്നു എന്ന് പെണ്‍കുട്ടി പറഞ്ഞപ്പോള്‍, കുര്യന്‍ ആ സമയം തന്നോടൊപ്പമുണ്ടായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴികൊടുത്ത് കുര്യന്‍ എന്ന രാഷ്ട്രീയ നേതാവിന്റെ വീര്യം അണയാതെ സൂക്ഷിച്ച് വാത്സല്യ സാഗരമാണ് തോമസ്.

കേരളത്തിലെ എല്ലാ പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളുടെയും ഇടുക്കി-കോട്ടയം മേഖലകളിലെ സമുന്നത നേതാക്കള്‍ക്ക് തമിഴ്‌നാട് വന്‍തോതില്‍ കൈക്കൂലികൊടുത്തിട്ടുണ്ടെന്നത് ഒരു അങ്ങാടിപ്പാട്ടാണ്. കേരളത്തിലെ പല നേതാക്കള്‍ക്കും തമിഴ്‌നാട്ടില്‍ ഏക്കറുകണക്കിന് ഭൂസ്വത്തുണ്ടെന്നു കേള്‍ക്കുന്നു. ഇതിലൊക്കെ എത്ര സത്യമുണ്ടെന്ന് അറിയില്ല. പക്ഷെ, പറയുന്നത് കേരളത്തിലെ രാഷ്ട്രീയനേതാക്കളെ കുറിച്ചാകുമ്പോള്‍ എങ്ങനെ വിശ്വസിക്കാതിരിയ്ക്കാന്‍ കഴിയും. അവരുടെ രാഷ്ട്രീയ ഡിഗ്രിയും പെഡിഗ്രിയും അതാണല്ലോ. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിനെതിരെ അനാവശ്യവിവാദമുണ്ടാക്കാതിരിക്കാനാണിത്. ഒരു ഘട്ടത്തില്‍ മൂന്നുകൊല്ലം മുമ്പ്, മുല്ലപ്പെരിയാര്‍ സമരം ശക്തമായ സമയത്ത്, തങ്ങള്‍ പണം കൊടുത്തവരുടെ ലിസ്റ്റ് പുറത്താകുമെന്നു വരെ തമിഴ്‌നാട്ടില്‍ നിന്ന് ഭീഷണിയുണ്ടായി. എന്നാല്‍, ലിസ്റ്റുണ്ടെങ്കില്‍ പുറത്തുവിടട്ടെ എന്ന് കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവും പറഞ്ഞില്ല.

രാഷ്ട്രീയ നേതാക്കള്‍ക്കെന്നപോലെ കെ.ടി.തോമസിനും വന്‍തുക കൈക്കൂലി കൊടുത്തു എന്ന് ചില വാര്‍ത്തകള്‍ ഉണ്ട്. പക്ഷേ, അവയൊക്കെ തീര്‍ത്തും തെറ്റാകാനാണ് സാധ്യത. കാരണം. K T Thomas is an honourable man.

പക്ഷെ, ഒരു കാര്യം ഉറപ്പാണ്. കേരളത്തിന്റെ കാര്യത്തില്‍ കെ ടി തോമസ് പറഞ്ഞതുപോലെ തമിഴ്‌നാടിന്റെ പ്രതിനിധി പറഞ്ഞുവെന്നു കരുതുക. എങ്കില്‍, ആ മാന്യദ്ദേഹത്തിന്റെ, നീതിബോധരാജാവിന്റെ, അവസ്ഥ എന്താകുമായിരുന്നു? പടം ചുമരില്‍ തൂങ്ങി, അതിലെത്ര മാലകള്‍ വീഴുമായിരുന്നു!

തമിഴന് വിവരമില്ല, എന്തിനും എടുത്തു ചാടും. വൈകാരികമായി പ്രതികരിയ്ക്കും. മലയാളി അങ്ങനെയല്ല. എം.എ.ബേബിയെപ്പോലെ എന്തും അവധാനതയോടെ കാണുകയുള്ളു. മാണിയെപ്പോലെ കമ്മീഷനേ വാങ്ങൂ; കക്കുകയില്ല. ഉമ്മന്‍ചാണ്ടിയെപ്പോലെ പാരവയ്ക്കുകയേയുള്ളു; പരനാറി എന്നു വിളിയ്ക്കില്ല. അച്യുതാനന്ദനെപ്പോലെ ചൂടാകുകയേയുള്ളു; വികസിക്കില്ല. തോമസിനെപ്പോലെ നീതിയെ പറയൂ; നീതി മാത്രം!

ഇനി ഘോഷങ്ങളുടെ നാളുകളാണ്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്തിയാല്‍ പരിസ്ഥിതിയ്ക്ക് കോട്ടംവരുമെന്നു വാദിച്ച മുഖ്യമന്ത്രി പുതിയ ഡാം വന്നാല്‍ പരിസ്ഥിതിയ്ക്ക് കോട്ടം വരില്ല എന്നു പറഞ്ഞുകഴിഞ്ഞു. പതിവുപോലെ, മുന്‍കൂര്‍ ജാമ്യം.

വിളവെടുക്കാന്‍ പാകത്തില്‍ നില്‍ക്കുന്ന വയല്‍ കണ്ട് സന്തോഷിക്കുന്ന കര്‍ഷകന്റെ മനസ്സാണ് നമ്മുടെ രാഷ്ട്രീയനേതാക്കള്‍ക്ക്.


Next Story

Related Stories