TopTop
Begin typing your search above and press return to search.

മുല്ലപ്പെരിയാര്‍- ഊര് പേടിച്ച് ജനം; വാ മൂടി സര്‍ക്കാര്‍

മുല്ലപ്പെരിയാര്‍- ഊര് പേടിച്ച് ജനം; വാ മൂടി സര്‍ക്കാര്‍

ജനങ്ങളുടെ നെഞ്ചിടിപ്പ് കൂട്ടി മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയരുമ്പോഴും ഈ വിഷയത്തില്‍ കേരളത്തിന്റെ നിലപാടുകള്‍ പലതട്ടിലാണ്. ആശങ്കള്‍ അടിസ്ഥാനരഹിതമാണെന്ന് ഒരുകൂട്ടര്‍ പറയുമ്പോള്‍ ഭരണകൂടത്തിന്റെ ഒളിച്ചുകളി ഒരു ജനതയുടെ ജീവിതം തകര്‍ക്കാനൊരുങ്ങുകയാണെന്നു മറുഭാഗം ഭയക്കുന്നു. നിയമത്തിന്റെ ബലത്തില്‍ തമിഴ്‌നാട് നടത്തുന്ന വെല്ലുവിളികളോട് എങ്ങനെ പ്രതികരിക്കണമെന്നുപോലും നമ്മുടെ ഭരണകൂടത്തിന് അറിയില്ലെന്നതാണ് വാസ്തവം. വര്‍ഷാവര്‍ഷം ഉയര്‍ന്നുവന്ന് കുറച്ചുദിവസത്തെ കോലാഹലങ്ങള്‍ക്കുശേഷം കെട്ടടങ്ങുന്നൊരു കലാപരിപാടിയായി മുല്ലപ്പെരിയാര്‍ പ്രശ്‌നം മാറിക്കൊണ്ടിരിക്കുമ്പോള്‍ ഇത്തവണത്തെ അവസ്ഥ എന്താണെന്നതിനെക്കുറിച്ച് ചില പ്രതികരണങ്ങള്‍. തയാറാക്കിയത് - രാകേഷ് നായര്‍

ജനങ്ങളെ ഭയപ്പെടുത്തരുത്

മുല്ലപ്പരിയാര്‍ ഡാമിലെ ജലനിരപ്പ് ഭീഷണിയാംവിധം ഉയര്‍ന്നെങ്കിലും അതിന്റെ പേരില്‍ വലിയൊരു ആശങ്ക പ്രദേശവാസികള്‍ക്കില്ലെന്നാണ് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി പ്രസിഡന്റ് റോയി കെ. പൗലോസ് പറയുന്നത്. ഡാമിന്റെ തൊട്ടടുത്ത ജനവാസകേന്ദ്രമെന്ന് പറയുന്നത് വള്ളക്കടവാണ്. ഇവിടം മുതല്‍ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്കാണ് ഈ ഭയപ്പാട് എപ്പോഴുമുള്ളത്. ഇതിനു മുമ്പ് 136 അടിയിലേക്ക് ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലും ഇവിടുത്തെ ജനങ്ങളെ ഒരുപരിധിവിട്ട് ഭയപ്പെടുത്തിയ സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ പൊട്ടും എന്നുപറഞ്ഞ് അനാവശ്യമായ ഭയപ്പാട് ഉണ്ടാക്കി അതിന്റെ പ്രയാസവും കൂടി അനുഭവിക്കേണ്ടി വന്ന ഒരു ജനതയാണ് അവിടെയുള്ളത്. സത്യത്തില്‍ അന്നുണ്ടായിരുന്ന ഭയം ഇന്നവര്‍ക്കില്ല. 142 അടിയിലേക്ക് ജലനിരപ്പ് ഉയരുമ്പോള്‍ എന്തുസംഭവിക്കുമെന്നൊരു ആശങ്ക നിലനില്‍ക്കുന്നുണ്ട്. എങ്കില്‍ തന്നെയും മാറിതാമസിക്കാനൊന്നും ആരും ആഗ്രഹിക്കുന്നില്ല. ജലനിരപ്പ് 141 ആയ സാഹചര്യത്തില്‍, ഷട്ടര്‍ തുറന്നുവിട്ടാല്‍ വെള്ളം ഒഴുകിപ്പോകുന്ന നദിയുടെ ഇരുകരകളിലും താമസിക്കുന്ന ചില കുടംബങ്ങളോട് മാറി താമസിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുപോലും പലരും പറയുന്നത് ഞങ്ങള്‍ക്ക കുഴപ്പമില്ല എന്നാണ്. ഭയമുണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയായും മാറിയേനെ.

ചിലര്‍ പറയുന്നത്, സര്‍ക്കാര്‍ സുരക്ഷാസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ച്ചവരുത്തിയെന്നാണ്. അതു വെറുതെയാണ്. ഞാനാണ് അവിടെ താമസിക്കുന്നതെങ്കില്‍, ഭരണകൂടം അപകടമുന്നറിയിപ്പു തരുമ്പോള്‍ ആ രാത്രി തന്നെ മാറി താമസിക്കുമായിരുന്നു. ഭയമുള്ള ആരാണെങ്കിലും അതേ ചെയ്യൂ. മാറി താമസിക്കുന്നില്ലെങ്കില്‍ അതിനര്‍ത്ഥം ഭയമില്ലെന്നു തന്നെയാണ്. ജീവഭയം ഉണ്ടെങ്കില്‍ രാത്രിയാണോ പകലാണോ എന്നുപോലും ചിന്തിക്കില്ല, ഏതു പാതിരാത്രിക്കു പറഞ്ഞാലും ജീവനില്‍ ഭയമുള്ളവര്‍ സ്വാഭാവികമായി മാറി താമസിച്ചിരിക്കും. അവര്‍ മാറാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ഭയമില്ലെന്നു തന്നെയാണ് അര്‍ത്ഥം.

നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യേണ്ടത് ഇക്കാര്യത്തില്‍ സുപ്രിം കോടതി വിധിയെക്കുറിച്ചും ഇതുവരെയായി ഈ വിഷയത്തില്‍ ഇടപെടാതെ മാറി നില്‍ക്കുന്ന കേന്ദ്ര ഗവണ്‍മെന്റ്് നിലപാടിനെക്കുറിച്ചുമാണ്. തമിഴ്‌നാടിന്റെ വാദഗതിക്ക് അനുസരിച്ച് നില്‍ക്കുന്ന കോടതി നിലപാടാണ് കേരളത്തിന്റെ പ്രതിസന്ധി. രണ്ടു സംസ്ഥാനങ്ങളും അവിടുത്തെ ജനങ്ങളും തമ്മില്‍ സ്പര്‍ദ്ധ വളരാതെ കാര്യങ്ങള്‍ പരിഹരിക്കാനുള്ള ചുമതല കേന്ദ്ര സര്‍ക്കാരിനുമുണ്ട്. എന്നാല്‍ ഈ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒട്ടും താല്‍പര്യം കാണിക്കുന്നില്ല. തമിഴ്‌നാടും വാശികാണിക്കുകയാണ്. 142 അടി വെള്ളം ഉയര്‍ത്തിയാലും ഡാമിന് കുഴപ്പമില്ലെന്നും കേരളത്തിന്റെ ആശങ്ക വെറുതെയാണെന്ന് കോടതിയെയും കേന്ദ്രത്തെയും ബോധിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.

കേരളം കോടതിയില്‍ കാര്യങ്ങള്‍ ശരിയാവണ്ണം ബോധിപ്പിച്ചില്ലെന്നു പറയുന്നതിലും കഴമ്പില്ല. ഡാമിന്റെ സുരക്ഷയെക്കുറിച്ച് നമുക്ക് കടുത്ത ആധികാരികതയില്‍ പറയാനുമാവില്ല. കാലപ്പഴക്കം, അവികസിതമായ സാങ്കേതികവിദ്യയിലുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ പിന്‍ബലത്തിലാണ് നാം ഡാമിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തുന്നത്. ഡാമിന്റെ സുരക്ഷയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ചവര്‍പോലും പറയുന്നത് ഡാമിന് കുഴപ്പമില്ലെന്നാണ്, അവരങ്ങനെ പറയുന്നത് തമിഴ്‌നാടിന്റെ ഭാഗത്തുനിന്നുകൊണ്ടാണോയെന്നും അറിയില്ല. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് ഒറ്റക്കെട്ടായ രാഷ്ട്രീയതീരുമാനം തന്നെയാണ്. മറ്റേതുകാര്യത്തിലും ഇല്ലാത്ത ഒത്തൊരുമ ഈകാര്യത്തില്‍ കാണിക്കുന്നുണ്ട്. തമിഴ്‌നാടിനെപ്പോലെ ഈ വിഷയം നമ്മള്‍ അതിവൈകാരികതയിലേക്ക് കൊണ്ടുപോകുന്നില്ലന്നെയുള്ളൂ. ശ്വാശതമായ പരിഹാരം ഉണ്ടാവണമെങ്കില്‍ കേന്ദ്രവും കോടതിയും ഇടപെട്ടേ മതിയാകൂ.

പൊട്ടാത്തതെന്താ എന്നു ചോദിക്കുന്നവന്റെ ചെവിക്കല്ലിനിട്ട് പൊട്ടിക്കണം

അതേസമയം ഈ വിഷയത്തില്‍ കാണുന്നത് കേരളത്തിലെ രാഷ്ട്രീയനേതൃത്വങ്ങളുടെ നട്ടല്ലില്ലായ്മയാണെന്നാണ് ഇ എസ് ബിജിമോള്‍ എം എല്‍ എ പറയുന്നത്. 114 വയസ്സുള്ള ഒരു മനുഷ്യന്‍ ഇത്രപ്രായമായിട്ടും ചത്തില്ലല്ലോ എന്നു പറഞ്ഞ് അയാളുടെ തലയില്‍ നൂറുകിലോ ഭാരമുള്ള കല്ല് എടുത്തിവച്ചിട്ട് എന്നിട്ടും ചാകുന്നില്ല എന്നു പറയുന്നതുപോലെയാണ് തമിഴ്‌നാടിന്റെ ചെയ്തികള്‍. കേരളം ഇപ്പോഴും ഇന്ത്യയുടെ ഫെഡറല്‍ സംവിധാനം തകരരുതെന്ന വാശിയിലാണ്. ജനങ്ങളുടെ സുരക്ഷ തന്നെയാണ് ഇവിടെ പ്രധാനം. അതിനാവണം സര്‍ക്കാര്‍ മുന്‍ഗണന കൊടുക്കേണ്ടതും. സര്‍ക്കാരിന് ഈ കാര്യത്തില്‍ ചെയ്യാന്‍ ഒരുപാടുണ്ട്. അതുമായി മുന്നോട്ടുപോകാനാണ് ശ്രമിക്കേണ്ടത്. അതിനാരും തയ്യാറാകുന്നില്ലെന്നുമാത്രം. എവിടെയൊ എന്തോ നടക്കാന്‍ പാടില്ലാത്തത് നടക്കുന്നുണ്ട്!

സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശം നല്‍കിയെന്നു പറയുന്നതില്‍പ്പോലും കല്ലുകടിക്കുന്നുണ്ട്. 142 അടി വെള്ളമാകുമ്പോള്‍ ഷട്ടര്‍ തുറക്കുമോ? 13 ഷട്ടറും ഒരുമിച്ചാണോ അതോ ഒന്നോ രണ്ടോ ഷട്ടറുകള്‍മാത്രമാണോ തുറക്കുന്നത്? വെള്ളത്തിന്റെ ഒഴുക്ക് എങ്ങിനെയായിരിക്കും? തുടങ്ങി മെത്തേഡ് ഓഫ് ഓപ്പറേഷനെക്കുറിച്ച് യാതൊരുവിധ വിശദീകരണവും നല്‍കുന്നില്ല. ജി ഐ എസ് മാപ്പ് എല്ലാവര്‍ക്കും വിതരണം ചെയ്തു, പൊലീസിന് പരീശീലനം നല്‍കിയെന്നൊക്കെയാണ് പറയുന്നത്. ഞാനന്വേഷിച്ചിട്ട് ഒരാള്‍ക്കും ഒരു മാപ്പും കിട്ടിയിട്ടില്ലെന്നു മനസ്സിലായി. സര്‍ക്കാര്‍ ദുരന്തനിവാരണ സേനയെ കൂട്ടുപിടിച്ച് കള്ളം പറയുകയാണെന്നാണ് എനിക്ക് തോന്നുന്നത്.

ജനങ്ങളുടെ സുരക്ഷാ ഉത്തരവാദിത്വം സംസ്ഥാനസര്‍ക്കാരിനുണ്ട്. പൊട്ടും പൊട്ടും എന്നു പറയുന്നതല്ലാതെ പൊട്ടുന്നില്ലല്ലോ എന്നാണ് ഉത്തരവാദിത്വപ്പെട്ടവര്‍ ചോദിക്കുന്നത്. അങ്ങനെ ചോദിച്ചുവരുന്നവന്റെ ചെവിക്കല്ല് അടിച്ചു തകര്‍ക്കുകയാണ് വേണ്ടത്. എപ്പോള്‍ പൊട്ടുമെന്നതല്ല, ഇന്നല്ലെങ്കില്‍ നാളെ അതു സംഭവിച്ചേക്കാം എന്നാണ് നാം ചിന്തിക്കേണ്ടത്. ഇന്ന് സംഭവിച്ചില്ലെങ്കില്‍, അടുത്ത തലമുറയെ വലിയൊരു ദുരന്തത്തിലേക്ക് വലിച്ചെറിയണമെന്നാണോ? 999 വര്‍ഷം ഡാം നിലനില്‍ക്കുമെന്നൊന്നും വാശിപിടിക്കരുത്. ഇന്നല്ലെങ്കില്‍ നാളെ പുതിയ ഡാം നിര്‍മ്മിച്ചേ മതിയാകൂ. അത് നീട്ടിക്കൊണ്ടുപോകാനാണ് തമിഴ്‌നാട് ശ്രമിക്കുന്നത്.

എന്തിനാണ് അവര്‍ ഇത്തരമൊരു നീക്കം നടത്തുന്നത്. എന്താണ് അവരുടെ പ്രശ്‌നം, എന്തിനെയാണ് അവര്‍ ഭയക്കുന്നത്? ഒരു ഓപ്പണ്‍ ഡിസ്‌കഷനിലൂടെ അവരുടെ പ്രശ്‌നം എന്താണെന്ന് അറിയാന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കണം. നമ്മുടെ ജനങ്ങളുടെ സുരക്ഷയെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തണം. അതിനൊന്നും നമ്മുടെ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. പ്രധാനമന്ത്രിയെ കാണാന്‍ പോയിട്ടും മുഖ്യമന്ത്രിക്ക് ഈ വിഷയത്തിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധകൊണ്ടുവരാന്‍ കഴിഞ്ഞോ? ഒരക്ഷരം അദ്ദേഹം പ്രധാനമന്ത്രിയോട് മിണ്ടിയിട്ടില്ല. കോണ്‍ഗ്രസ് നേതാക്കള്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ വലിയ ഗൗരവമൊന്നും കൊടുക്കുന്നില്ല.ഡാം പൊട്ടിവരുമ്പോള്‍ മീന്‍പിടിക്കാന്‍ വലയും കൊണ്ടിരിക്കുകയാണ് ജനങ്ങളെന്നാണ് അവര്‍ കരുതിയിരിക്കുന്നത്.

സുരക്ഷാ മുന്നറിയിപ്പുപ്രകാരം മാറി താമസിക്കണമെന്ന് പറഞ്ഞിട്ടും ആരും മാറിയില്ലെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. ഇന്നലെ എന്നെ ഒരു ചേച്ചി വിളിച്ചിരുന്നു- 'തീരദേശവാസികളെല്ലാം ഒഴിഞ്ഞുപോകണമെന്നാണ് പറയുന്നത്. എനിക്ക് അഞ്ച് പശുക്കളും രണ്ട് ആടുകളും മുപ്പത് കോഴികളും രണ്ട് താറാവുകളുമുണ്ട്. ഞാന്‍ എന്റെ മാത്രം സുരക്ഷതേടിപ്പോയാല്‍ ഇവറ്റകളെ എന്തുചെയ്യും? എന്റെ ഉപജീവനമാര്‍ഗ്ഗം ഇതാണ്, എന്റെ സമ്പാദ്യമാണിത്. അതു ഞാന്‍ ഉപേക്ഷിക്കണെമെന്നാണോ?'- ഈ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരം പറയണം. ജീവിതം നഷ്ടപ്പെടുത്തിയിട്ട് ജീവന്‍ മാത്രം സംരക്ഷിക്കുന്നതില്‍ എന്തര്‍ത്ഥം?

സര്‍ക്കാര്‍ ഒളുച്ചുകളി നടത്തുന്നു

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് മുമ്പ് എനിക്ക് ചോദിക്കാനുള്ളത്, കുമളിയിലെ ടൂറിസമാണോ അതോ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനാണോ സര്‍ക്കാരിന് വലുതെന്നാണ്?- പരിസ്ഥിതി പ്രവര്‍ത്തകനായ അഡ്വ. ഹരീഷ് വാസുദേവന്‍ പ്രതികരിച്ചു തുടങ്ങിയത് ഇങ്ങനെയാണ്. 136 അടിയില്‍ പോലും ഡാം സുരക്ഷിതമല്ലെന്നാണ് പ്രദേശിവാസികളുടെയും ഡാമിനെക്കുറിച്ച് സാങ്കേതികമായി പഠിച്ചിട്ടുള്ളവരുടെയും ആശങ്ക. ആ ആശങ്ക സര്‍ക്കാര്‍ ഷെയര്‍ ചെയ്യുന്നുണ്ടോ? ഉണ്ടായിരുന്നെങ്കില്‍ സുപ്രിം കോടതിയില്‍ ഒരു സീരിയസ് റിവ്യൂ ഹര്‍ജി നല്‍കാനെങ്കിലും തയ്യാറാകുമായിരുന്നു. പ്രധാനപ്പെട്ട പല പോയിന്റുകളും സര്‍ക്കാര്‍ ഹര്‍ജിയില്‍ വിട്ടുകളഞ്ഞിട്ടുണ്ട്. ഇപ്പോള്‍ നല്‍കിയിരിക്കുന്ന റിവ്യൂ ഹര്‍ജി പെരിയാര്‍ ടൈഗര്‍ റിസര്‍വോയര്‍ വെള്ളത്തില്‍ മുങ്ങുമെന്നും അവിടുത്തെ വൈല്‍ഡ് ലൈഫിനു പ്രശ്‌നങ്ങളുണ്ടാകുമെന്നൊക്കെ ചൂണ്ടിക്കാട്ടിയാണ്. ഇതൊന്നും ഒരു റിവ്യൂ ഹര്‍ജി സമര്‍പ്പിക്കാനുള്ള പശ്ചാത്തലമല്ല.

Error apparent on the face of record ആണ് ഒരു റിവ്യൂ ഹര്‍ജി നല്‍കാനുള്ള ഗ്രൗണ്ട്. കോടതിയുടെ മുന്‍തീരുമാനങ്ങളില്‍ നിയമപരമായ തെറ്റുകളുണ്ടെങ്കിലാണ് റിവ്യൂ ഹര്‍ജി കൊടുക്കുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പുള്ള കരാറാണ് മുല്ലപ്പെരിയാറിന്റെ കാര്യത്തിലുള്ളതെന്നും ആര്‍ട്ടിക്കിള്‍ 131 പ്രകാരം സുപ്രിം കോടതിക്ക് ഇതില്‍ തീര്‍പ്പു കല്‍പ്പിക്കാനുള്ള അധികാരം ഇല്ലെന്നുമുള്ള വാദം സര്‍ക്കാര്‍ ഇതുവവരെ റിവ്യൂ ഹര്‍ജിയില്‍ ഉന്നയിച്ചിട്ടില്ല. ഒരിക്കല്‍ ഈ വാദം ഒട്ടും കണ്‍വീനിയന്‍സ് അല്ലാത്ത വിധമാണ് സുപ്രിം കോടതി തള്ളക്കളഞ്ഞത്. അത് ഉചിതമായൊരു തീരുമാനമല്ലെന്ന് കേരളമിതുവരെ ചൂണ്ടിക്കാട്ടിയിട്ടില്ല.

142 അടിയിലേക്ക് ജലനിരപ്പ് ഉയര്‍ത്താമെന്ന് തമിഴ്‌നാടിന്റെ വാദത്തോട് ചേര്‍ന്നുനില്‍ക്കുന്ന നിലപാടുകളാണ് കേരളം കോടതിയില്‍ കാണിച്ചിരിക്കുന്നത്. 142 അടിയിലേക്ക് ഉയരുമ്പോള്‍ മാത്രമാണ് നമുക്ക് ആശങ്ക. ആ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് കാണിക്കാനാണ് ഇപ്പോള്‍ തമിഴ്‌നാടിന്റെ ശ്രമം. അതുവഴി കോടതിക്കും കേന്ദ്ര സര്‍ക്കാരിനും മുന്നില്‍ കേരളത്തിന്റെ പേടി വെറും നാടകമാണെന്ന് അവര്‍ക്ക് തെളിയിക്കണം. ജലനിരപ്പ് 142- ലേക്ക് എത്തിയാല്‍ തമിഴ്‌നാട് വെള്ളം കൊണ്ടുപോകും. നമ്മളും വെള്ളം തുറന്നുവിടും. പതിയെ ഇപ്പോഴുണ്ടായിരിക്കുന്ന വെപ്രാളങ്ങള്‍ തണുക്കും; അതാണ് ഇനി സംഭവിക്കാന്‍ പോകുന്നത്.

ഈ വിഷയത്തില്‍ ശാശ്വതമായൊരു പരിഹാരം കാണേണ്ടത് ഭരണകൂടം തന്നെയാണ്. സര്‍ക്കാരിനിത് രാഷ്ട്രപതിയുടെ മുന്നില്‍ അവതരിപ്പിക്കാം. 100-ലേറെ വര്‍ഷം പഴക്കമുള്ള ഒരു ഡാം അന്താരാഷ്ട്ര പ്രശ്‌നം തന്നെയാണ്, അതുവഴി ലോകത്തിന്റെ ശ്രദ്ധയില്‍ ഇതു കൊണ്ടുവരാം. അന്താരാഷ്ട്ര ഡാം ഡി-കമ്മിഷന്റെ ജനകീയമായ ഇടപെടല്‍ ഇതില്‍ നടത്താന്‍ അവശ്യപ്പെടാം, ഇന്ത്യയില്‍ തന്നെ ഈ വിഷയത്തില്‍ വലിയൊരു മൂവ്‌മെന്റ് ഉണ്ടാക്കാം. എന്നാല്‍ അതിനൊന്നും ശ്രമിക്കാതെ സര്‍ക്കാര്‍ ജനങ്ങളുടെ ജീവനിട്ട് പന്താടുകയാണ്.

തര്‍ക്കങ്ങളും നിലപാടുകളും ഈ വിധത്തില്‍ പലതായി രൂപം കൊള്ളുമ്പോഴും ഒരു ജനവിഭാഗം ഭയാശങ്കളുടെ നിഴലില്‍ ജീവിതം തള്ളിനീക്കുന്നുവെന്നതാണ് സത്യം. ഭയത്തില്‍ ജീവിച്ചു വളര്‍ന്നൊരു തലമുറ മുല്ലപ്പെരിയാര്‍ ഡാമിനോട് ചേര്‍ന്നുണ്ട്. അവരുടെ മനോനിലവരെ തകരാറിലായേക്കാം. ഒഴിയാത്ത ആശങ്കയില്‍ ഉള്‍പ്പെടുന്ന കൊച്ചുകുട്ടികളില്‍പ്പോലും ഡിപ്രഷന്‍ സംഭവിക്കുകയാണ്. നാളെ അവര്‍ ഏതുരീതിയില്‍ പ്രതികരിക്കുമെന്നുപോലും പറയാന്‍ കഴിയില്ല. ഒരുപക്ഷേ, കേരളം നാളെ എങ്ങനെയൊക്കെ മാറിമറിഞ്ഞേക്കാമെന്ന് മനസ്സില്‍ വിള്ളല്‍വീണ ആ തലമുറ തീരുമാനിക്കുന്ന കാലം വിദൂരമല്ല.


Next Story

Related Stories