TopTop
Begin typing your search above and press return to search.

പണക്കാരെ 'പേടിക്കുന്ന' തങ്ങൾമാർക്കൊരു തുറന്ന കത്ത്

പണക്കാരെ പേടിക്കുന്ന തങ്ങൾമാർക്കൊരു തുറന്ന കത്ത്

നാസിറുദ്ദീൻ ചേന്ദമങ്ങല്ലൂർ

പ്രിയ മുനവ്വറലി തങ്ങൾ, അസ്സലാമു അലൈകും ! താങ്കൾ ഈയിടെ എഫ് ബി യിൽ ഇട്ട പോസ്റ്റുകൾ വായിച്ചു. 'പണക്കാരനായ' പി വി വഹാബിന് സീറ്റ് കൊടുക്കുന്നതിനെതിരെ താങ്കളുടെ വാദങ്ങൾ വായിച്ച ഞെട്ടലിന്റെ പുറത്താണീ പോസ്റ്റ്‌. 2004-ൽ ഇതേ വഹാബ് ആദ്യമായി മത്സരിക്കുമ്പോൾ അന്ന് 27 വയസ്സായിരുന്ന താങ്കളുടെ വക പോസ്റ്റ്‌ കാണാത്തത് ഫേസ്ബുക്കിൽ ആ സമയം സജീവമല്ലാത്തതുകൊണ്ട് മാത്രമായിരുന്നു എന്ന് കരുതാം. യൂനുസ് കുഞ്ഞ് തൊട്ട് മഞ്ഞളാം കുഴി അലി വരെയുള്ളവർ നിമിഷ നേരം കൊണ്ട് എം എൽ എ യും മന്ത്രിയുമൊക്കെ ആയത് പണത്തിന്റെ പിൻബലം കൊണ്ടാണെന്ന് നാട്ടാര് പറയുന്നുണ്ടെങ്കിലും ഞാനതൊന്നും വിശ്വസിച്ചിട്ടുമില്ല. വഹാബാണെങ്കിൽ പിന്നീട് പാർട്ടിയുടെ എം പി യും നിരവധി സ്ഥാനങ്ങൾ വഹിക്കുന്ന സജീവ നേതാവും ആയി. അന്നൊന്നും യാതൊരു പ്രശ്നവും കാണാത്ത താങ്കൾ മുൻകാല പ്രാബല്യത്തോടെ ഇന്നലെ 'ഈ പണക്കാരൻ' പാർട്ടി 'പാരമ്പര്യത്തിന്' നിരക്കാത്ത രീതിയിൽ മത്സരിക്കുന്നതിൽ പ്രതികരിച്ചു കുറെ കയ്യടികൾ വാങ്ങി. വളരെ നല്ല കാര്യം. പക്ഷേ ഇതിന് താങ്കൾ പറഞ്ഞ ചില കാര്യങ്ങൾ വല്ലാത്ത ഞെട്ടിക്കുന്നതായി എന്ന് പറയാതെ വയ്യ. 'സേവന പാരമ്പര്യവും അച്ചടക്കവുമുള്ള പാർട്ടി നേതാക്കൾക്ക്' ഈ സ്ഥാനം കൊടുക്കേണ്ടതെന്നതാണ് താങ്കളുടെ പ്രധാന വാദം.

കേൾക്കുമ്പോൾ നല്ല സുഖമുള്ള കാര്യമാണെങ്കിലും അങ്ങനെയൊരു കീഴ്‌വഴക്കം താങ്കളുടെ പാർട്ടിയിൽ ഉണ്ടോ എന്ന് പരിശോധിക്കാൻ ഞാനീ അവസരം ഉപയോഗിക്കട്ടെ. പാർട്ടിയിലെ പ്രസിഡണ്ട്‌ അടക്കമുള്ള ഏറ്റവും പ്രമുഖ സ്ഥാനങ്ങൾ വഹിക്കുന്നത് കാലാകാലങ്ങളായി താങ്കളുടെ കുടുംബത്തിൽ നിന്നുള്ള ചിലർ ആണല്ലോ? താങ്കളടക്കമുള്ള ഈയാളുകളുടെ യോഗ്യതകൾ എന്താണെന്ന് പറയാമോ? എന്താണ് താങ്കൾ കൂടി ഉൾപ്പെട്ട ഈ നേതാക്കളുടെ 'സേവന പാരമ്പര്യം' ? സമാന പദവിയിലുള്ള ഈർക്കിൽ പാർട്ടികളുടെ നേതാക്കളെങ്കിലും ചെയ്യുന്ന ഒരു പണി 'രാഷ്ട്രീയ ജീവിതത്തിനിടക്ക്' നിങ്ങളാരെങ്കിലും ചെയ്യാറുണ്ടോ? പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ ഉടനെ ജില്ലാ കമ്മിറ്റിയിലേക്കും പിന്നീടങ്ങോട്ട് നൂറായിരം വേറെ കമ്മിറ്റികളിലേക്കുള്ള ഘോഷയാത്ര നടത്തുന്നതുമായ തമാശ അല്ലാത്ത എന്താണ് രാഷ്ട്രീയ കരിയറിൽ നിങ്ങൾക്കുണ്ടാവാറുള്ളത്? ഇപ്പോഴത്തെ പ്രസിഡണ്ട്‌ തങ്ങൾ അറബിയിലെ നാല് വാചകം കൂടെയുള്ള നാല് പേരെ കേൾപ്പിക്കുന്ന നിക്കാഹ് ഖുതുബ അല്ലാതെ ജീവിതത്തിലിന്നെങ്കിലും നല്ലൊരു പ്രസംഗം നടത്തിയിട്ടുണ്ടോ? തന്ത്രശാലികളായ വേറെ ആരുടെയോ തീരുമാനങ്ങൾ പത്രക്കാരുടെ മുന്നിൽ നിന്ന് നിമിഷ നേരം കൊണ്ട് ഉരുവിട്ട് തടി സലാമത്താക്കുന്ന 'അച്ചടക്ക'മാണോ താങ്കൾ ഉദ്ദേശിച്ചത്? ഇവരുടെ യോഗ്യതയെ കുറിച്ചുള്ള എതൊരു ചോദ്യത്തിനുമുള്ള മറുപടി 'നബി പരമ്പരയിൽ' പെട്ട തങ്ങൾമാരാണെന്നതാണ്. സത്യത്തിൽ എന്താണീ തങ്ങളിസം? നബി തിരുമേനി ജീവിച്ചിരുന്ന കാലഘട്ടത്തിൽ തന്റെ മക്കൾക്കോ ബന്ധുക്കൾക്കോ പ്രത്യേകിച്ചൊരു പരിഗണനയും നൽകിയിട്ടില്ലായിരുന്നു എന്നത് താങ്കൾക്ക് തീർച്ചയായും അറിവുള്ള കാര്യമാണെന്ന് കരുതുന്നു. സ്വാഭാവികമായും അദ്ദേഹത്തിന്റെ മരണ ശേഷം ഭരണ കാര്യങ്ങൾ നിർവഹിച്ചതോ സമുദായത്തിന് നേതൃത്വം നൽകിയതോ ഈയൊരു പരിഗണനയുടെ അടിസ്ഥാനത്തിലുമല്ലായിരുന്നു. അത് പോട്ടെ, നബിയുടെ മക്കൾക്കോ കുടുംബത്തിനോ ഇല്ലാത്ത പരിഗണന ആ പരമ്പരയിലെ നൂറാമത്തെയാളുടെ അളിയന്റെ പേരക്കുട്ടിയുടെ വകയിലെ അമ്മാവനായി വരുന്നവന് ഉണ്ടെന്ന കെട്ടുകഥ ഉണ്ടാക്കുന്നതിനോ അതനുസരിച്ച് ചില കുടുംബക്കാർ 'തങ്ങൾ' വാല് തൂക്കുന്നതോ മോശം കാര്യവുമാവേണ്ടതില്ല. വലിയൊരു വിഭാഗത്തിന്റെ വിഡ്ഢിത്തവും ചെറിയൊരു കൂട്ടരുടെ അത്യപൂർവ ഭാഗ്യവുമായി ഇതിനെ കണ്ടോളാം.ഏതെങ്കിലും കുടുംബത്തിന് അപ്രമാദിത്തം കൽപിക്കുന്നതും കഴിവ് കെട്ടവരെ അതിൽ നിന്നും നേതാക്കളായി കെട്ടി എഴുന്നള്ളിക്കുന്നതുമൊന്നും ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതുമയുള്ളതല്ലെന്നറിയാം. കോണ്‍ഗ്രസ്സ് തൊട്ട് ആം ആദ്മി വരെയുള്ളവർ കൂടിയും കുറഞ്ഞതുമായ അളവിൽ സ്വജനപക്ഷപാതിത്വവും വെട്ടി നിരത്തലുകളുമായി മുന്നേറുന്ന സാഹചര്യത്തിൽ മുസ്ലിം ലീഗിൽ നിന്ന് മാത്രമായി ഒരു ഉന്നത മൂല്യവും ആരും പ്രതീക്ഷിക്കുന്നില്ല. പക്ഷേ, കുടുംബാധിപത്യം പാർട്ടി മാനിഫെസ്റ്റോ ആയി സ്വീകരിച്ച ഒരു പാർട്ടിയുടെ നേതാവ്, അതും ആ വ്യവസ്ഥിതിയുടെ ഗുണഫലം ഏറ്റവുമധികം പറ്റുന്ന ഒരാൾ, സേവന പാരമ്പര്യവും അച്ചടക്കവുമൊക്കെയാണ് ഞങ്ങളുടെ പാർട്ടിയിൽ നേതൃത്വത്തിൽ വരാൻ വേണ്ടതെന്നൊക്കെ തട്ടി വിടുമ്പോൾ വായിക്കുന്നവർക്ക് ശ്വാസം മുട്ടിപ്പോവും! ഇനി വേറൊരു കാര്യം പറയട്ടെ, 'ഒരു പണക്കാരന്' മുമ്പ് സീറ്റ് കൊടുത്തതിനു പാർട്ടി വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ടെന്നും അതിന്റെ പേരിൽ തന്റെ പിതാവ് ശിഹാബ് തങ്ങൾ വല്ലാതെ വേദനിച്ചെന്നും താങ്കൾ പറഞ്ഞു. മഹാനായ ഇബ്രാഹിം സുലൈമാൻ സേട്ടിനെ പോലെയുള്ള നിരവധി പേരെ നിഷ്കരുണം ഒതുക്കുകയും വെട്ടി നിരത്തുകയും ചെയ്തപ്പോഴോ ബാബരി പള്ളി പൊളിച്ചതിന് ശേഷവും നരസിംഹറാവുവിന്റെ കോണ്‍ഗ്രസ്സിന്റെ പിന്നിൽ പാറ പോലെ ഉറച്ച് നിന്നപ്പോഴോ വേദനിക്കാത്ത ആ മനസ്സ് ഈ 'പണക്കാരന്' സീറ്റ് കൊടുത്തതിൽ വേദനിച്ചിരുന്നെങ്കിൽ തീർച്ചയായും പണം ഉണ്ടാക്കുന്നതിൽ അങ്ങേയറ്റം സൂക്ഷ്മതയും ലാളിത്യവും പുലർത്താനുള്ള ഇസ്ലാമിക നിർദേശം അദ്ദേഹം ഉൾക്കൊണ്ടത്‌ കൊണ്ടായിരിക്കും. ദുഃഖത്തിന്റെ തീവ്രത കൊണ്ടും നിസ്സഹായാവസ്ഥ കൊണ്ടും മാത്രമായിരിക്കും അന്നിക്കാര്യം ആരോടും പറയാതിരുന്നതും ഈ കൊടും പാതകം നടത്തിയവർക്കെതിരെ നടപടിയെടുക്കാതിരുന്നതും എന്നും വിചാരിക്കട്ടെ.

എന്നാൽ എനിക്കീ സമയത്ത് പറയാനുള്ളത് വേറൊരു കാര്യമാണ്. അന്നീ 'പണക്കാരന്' സീറ്റ് കൊടുക്കാൻ സമർത്ഥമായി കരുക്കൾ നീക്കിയ ആളുടെ നീക്കങ്ങൾക്ക്‌ ശക്തി പകരുന്നതായിരുന്നു താങ്കളുടെ ഏതാനും നിമിഷത്തേക്ക് മാത്രം പ്രത്യക്ഷപ്പെട്ട പോസ്റ്റെന്നത് തീർത്തും യാദൃശ്ചികം ആണോ? പണക്കാരന് യോഗ്യത ഇല്ലാത്ത അവസരത്തിൽ സീറ്റ് നൽകിയവനെ പിന്തുണക്കുക, പിന്നീട് യോഗ്യത കൈ വന്നപ്പോൾ സീറ്റ് നൽകിയതിനെ എതിർക്കുക എന്നത് വല്ലാത്തൊരു നയം തന്നെ! താങ്കൾ പോസ്റ്റിൽ പറഞ്ഞതനുസരിച്ച് താങ്കളും കുടുംബവും സുസ്ഥിരത, സത്യ നിഷ്ഠ, തുറന്ന സമീപനം തുടങ്ങിയ സ്വഭാവ ഗുണങ്ങൾ മുഖമുദ്രയാക്കിയവരായിരിക്കെ ആ മഹാ മനസ്സിനോട് നീതി പുലർത്തേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. അപ്പോൾ പിന്നെ ഈ തുറന്ന സമീപനവും സത്യനിഷ്ഠയും ഏറ്റവും അടിസ്ഥാനമായ സാമ്പത്തിക കാര്യങ്ങളിൽ നിന്ന് തന്നെ ആരംഭിക്കട്ടെ. സ്വന്തം കുടുംബത്തിൽ നിന്ന് തന്നെ ഇതിന് തുടക്കമിടാൻ താങ്കൾ മുൻകൈ എടുക്കുമെന്നും കരുതാം. എത്രയാണ് കുടുംബത്തിൽ നിന്നുള്ള നേതാക്കളുടെ വരുമാനം, ഏതെല്ലാം വഴിക്കാണ് പണം വരുന്നത് എന്നതൊക്കെ പരസ്യമാക്കുമെന്ന് പ്രതീക്ഷിക്കാം. ആത്മീയ ചികിത്സ, ഉദ്ഘാടനം, നൂറു കണക്കിന് പള്ളിയുടെ ഖാദിമാരായ വഴിക്കുള്ള വരുമാനം, പിന്നെ പിരിവ്, സംഭാവനകൾ ......ഇതിന്റെയൊക്കെ കണക്ക് പുറത്തു വരട്ടെ. അങ്ങനെയാവുമ്പോൾ സ്വാഭാവികമായും വഹാബിനെ പോലുള്ള ചില പണക്കാരെങ്കിലും ആപേക്ഷികമായി ദരിദ്രരാവാനും സാധ്യതയുണ്ട് എന്നതാണിതിന്റെ വേറൊരു ഗുണം.അവസാനമായി, എന്താണ് ലീഗിന്റെ യഥാർത്ഥ പാരമ്പര്യം? ആത്മീയതയും രാഷ്ട്രീയവും ചേർത്തുള്ള കൂട്ട് കച്ചോടം എന്നതല്ലേ സത്യം? അതിന്റെ ഒന്നാമത്തെ ഓണററി പ്രസിഡണ്ടും നിസാരി ഇസ്മായിൽ ഷിയാ വിഭാഗത്തിന്റെ 48-ആം ഇമാമുമായിരുന്ന സർ സുൽത്താൻ മുഹമ്മദ്‌ ഷാ എന്ന ആഗാ ഖാൻ-lll തൊട്ട് താങ്കളടക്കമുള്ളവർ വ്യവസ്ഥാപിതമായി ചെയ്യുന്നത് അത് മാത്രമല്ലേ? ചൂട്ട് പിടിക്കാൻ സമർത്ഥരായ ഉപജാപക സംഘങ്ങളും നേതാക്കളും എക്കാലത്തും കൂടെയുണ്ടായിട്ടുണ്ട് എന്നത് മറക്കുന്നില്ല. ഈ കച്ചോടത്തിൽ ഏറ്റവും നഷ്ടം പറ്റുന്നത് താങ്കളുടെ പാർട്ടി സംരക്ഷണത്തിന്റെ മൊത്ത കുത്തക ഏറ്റെടുത്ത മുസ്ലിം സമുദായത്തിനാണ് എന്നതല്ലേ ഖേദകരമായ സത്യം? സാമൂഹിക സ്ഥാപനങ്ങളെ തച്ചുടക്കാതെയുള്ള 'പരിഷ്കരണം' വഴി 'പുരോഗമന സമൂഹത്തെ' വാർത്തെടുക്കലാണ് താങ്കൾ ലക്ഷ്യമിടുന്നതെന്ന് രണ്ടാമത്തെ പോസ്റ്റിൽ പറയുന്നു (കൂട്ടത്തിൽ പറയട്ടെ, രണ്ടാമത്തെ പോസ്റ്റിൽ ഭാഷ ഇംഗ്ലീഷ് ആക്കിയത് കൂടുതൽ ആകർഷകമായി തോന്നി, കാര്യം പറഞ്ഞെന്ന് വരുത്തുന്നതോടൊപ്പം അനാവശ്യ ചർച്ച ഒഴിവാക്കുകയും ചെയ്യാം ). എന്ത് പരിഷ്കരണ നടപടികൾ ആണ് താങ്കൾ നടത്തിയത് എന്ന് പറയാമോ ? എന്താണ് താങ്കൾ വിഭാവനം ചെയ്യുന്ന 'പുരോഗമന സമൂഹം' എന്നറിയാനും താൽപര്യമുണ്ട് . സമുദായത്തിലെ പകുതി വരുന്ന സ്ത്രീകളുടെ ഏറ്റവും അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കുന്ന താങ്കളുടെ രാഷ്ട്രീയ പാർട്ടിയും അതിന്റെ മറു രൂപമായ സാമുദായിക സംഘടനയും ആണോ ഈ 'പുരോഗമന സമൂഹം' നടപ്പിലാക്കാൻ പോവുന്നത് ? ഇതിന് കാരണമായ പൌരോഹിത്യ-ചൂഷക വ്യവസ്ഥിതിയുടെ ആണിക്കല്ലാണ് താങ്കളുടെ പാർട്ടിയും സമുദായ സംഘടനയും സംരക്ഷിച്ച് പോരുന്ന പുരുഷ മേൽകോയ്മയും തങ്ങളിസവും എന്ന വസ്തുത ഏത് ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിച്ചാലും മൂടി വെക്കാൻ പറ്റില്ല. സ്ത്രീകളുമായി വേദി പങ്കിടാൻ പാടില്ലെന്നും ആരാധനാലയങ്ങളിൽ പോലും അവർ വരേണ്ടതില്ലെന്നുമുള്ള അറു പിന്തിരിപ്പൻ ആശയങ്ങൾ പേറുന്ന സാമുദായിക സംഘടനയുടെ നേതൃത്വത്തിൽ നിൽക്കുന്നയാൾ തന്നെ സാമുദായിക 'പരിഷ്കരണം', 'പുരോഗമന സമൂഹം' എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ ചിരിക്കണോ കരയണോ എന്നറിയില്ല.

ജനാധിപത്യമോ സുതാര്യതയോ ഒരു കാലത്തും ഉണ്ടായിട്ടില്ലാത്ത പാർട്ടിയിൽ സ്ഥാനാർഥി നിർണയം എന്നത് കേവലം 'ഓരി വെക്കൽ' മാത്രമല്ലായിരുന്നില്ലേ? ഇടക്ക് എപ്പോഴെങ്കിലും അബദ്ധത്തിന് സേട്ടു സാഹിബിനെ പോലെ 'സഹകരിക്കാത്തവർ' വന്നപ്പോഴെല്ലാം ഒതുക്കപ്പെട്ടിട്ടുമുണ്ട്. അതാണ്‌ ലീഗിന്റെ യഥാർത്ഥ പാരമ്പര്യം എന്നിരിക്കെ അതിന്റെ സ്വാഭാവിക സ്ഥാനാർഥികളും നേതാക്കളുമാണ് വഹാബും താങ്കളെ പോലുള്ള തങ്ങമ്മാരും എന്ന് കരുതുന്നതല്ലേ നല്ലത് ? വേറെ ആരുടെയോ സമർത്ഥമായ കളിക്ക് ചാവേർ ആവുമ്പോൾ അൽപം മയത്തിലൊക്കെ തട്ടി വിടുന്നതാണ് നല്ലത് എന്നെങ്കിലും ഓർക്കാം. സോഷ്യൽ മീഡിയയിൽ തങ്ങളിസം വിലപ്പോവില്ല, ജനാധിപത്യമേ നടക്കൂ. പ്രാർഥനയോടെ , ഒരു ലീഗുകാരനല്ലാത്തവൻ.

(ഐ.ടി പ്രൊഫഷണലാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യുട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ

https://www.youtube.com/c/AzhimukhamMalayalam


Next Story

Related Stories