UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുണ്ടൂരും പിന്നെ പാന്‍റുടുപ്പിക്കും കോഴിക്കോട്ടെ പോലീസ്

Avatar

കെ പി എസ് കല്ലേരി

സര്‍ക്കാര്‍ ഒറ്റദിവസം കൊണ്ട് മദ്യം നിരോധിക്കാന്‍ തീരുമാനിച്ചപ്പോഴാണ് കോഴിക്കോട്ടെ പൊലീസും തലപുകഞ്ഞാലോചിച്ചത്. എന്തെങ്കിലും ഉടന്‍ നിരോധിച്ചേ തീരൂ. പ്രശസ്തരാവണമെങ്കില്‍ ഇനിയുള്ള കാലത്ത് നിരോധനം കൊണ്ടേ കാര്യം നടക്കൂ. പക്ഷെ എന്ത് നിരോധിക്കും. എതാണ്ടെല്ലാം സര്‍ക്കാര്‍ തന്നെ നിരോധിക്കുന്നുണ്ട്. പിന്നെ ഉള്ളത് എന്‍ഡിഎഫുകാരും ആര്‍എസ്എസ്സുകാരുമൊക്കെയാണ്. അവരാണെങ്കില്‍ സമാധാനകാര്യത്തില്‍ കോണ്‍ഗ്രസിനെപ്പോലും കടത്തിവെട്ടിക്കഴിഞ്ഞു. അല്ലെങ്കിലും അവരോടൊക്കെ കളിച്ചാല്‍ പണി പാളും. അപ്പോ പിന്നെ ആര്‍ക്കും എപ്പൊഴും കൊട്ടാവുന്ന ഓട്ടോറിക്ഷയില്‍ തന്നെ കയറിപ്പിടിക്കാം. ഓട്ടോറിക്ഷയും പൊറാട്ടയും എന്തായാലും നിരോധിക്കാന്‍ പറ്റില്ല. അങ്ങനെയാണ് ഓട്ടോ ഡ്രൈവര്‍മാര്‍മാരുടെ മുണ്ടൂരാനുള്ള തീരുമാനത്തിലേക്ക് കോഴിക്കോട്ടെ പൊലീസ് എത്തിയത്. വൈകാതെ യൂട്യൂബിലൂടെ കോഴിക്കോട്ടെ പൊലിസിനെ കണ്ട്ക്കാ എന്നൊരു പാട്ടുകൂടിവെച്ച് ഓട്ടോ ഡ്രൈവര്‍മാരുടെ മുണ്ടുരിയല്‍ വലിയൊരു കലാപരിപടിയാകാനും സാധ്യതയുണ്ട്. അങ്ങനെകൂടി സംഭവിച്ചാല്‍ രാഷ്ട്രപതിയുടെ അടുത്ത വര്‍ഷത്തെ പൊലീസ് മെഡലില്‍ ഒന്ന് ഇപ്പോഴത്തെ സിറ്റിപൊലീസ് കമ്മിഷണര്‍ എ.വി.ജോര്‍ജിന് ഉറപ്പാണ്.

കോഴിക്കോട് സിറ്റിയിലെ ഓട്ടൊ ഡ്രൈവര്‍മാര്‍ ഒക്‌റ്റോബര്‍ ഒന്നു മുതല്‍ മുണ്ടുടുക്കരുതെന്ന പ്രഖ്യാപനം ഇക്കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സിറ്റിപൊലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ് പ്രഖ്യാപിച്ചത്. മുണ്ടിന് പകരം പാന്റും കാക്കി ഷര്‍ട്ടും ധരിക്കണമെന്നാണ് നിര്‍ദ്ദേശം. അലക്ഷ്യമായി മുണ്ട് ധരിക്കുന്ന ഓട്ടൊറിക്ഷ ഡ്രൈവര്‍മാരെ കുറിച്ച് സ്ത്രീകളുടെ പരാതിയെ തുടര്‍ന്നാണ് ഓട്ടൊഡ്രൈവര്‍ക്ക് പാന്‍റ് നിര്‍ബന്ധമാക്കുന്നതെന്നാണ് കമീഷണര്‍ മധ്യമപ്രവര്‍ത്തകരെ വിളിച്ച് പറഞ്ഞത്. കോഴിക്കോട് നഗരത്തിലെ ഓട്ടൊ ഡ്രൈവര്‍മാരുടെ സല്‍പ്പേര് നശിപ്പിക്കുന്ന രീതിയിലാണ് ചില ഡ്രൈവര്‍മാര്‍ മുണ്ട് ധരിക്കുന്നത്. ചിലര്‍ കാല് പൊക്കിയിരിക്കുന്നു, ചിലര്‍ സ്ത്രീകള്‍ ഓട്ടോറിക്ഷയിലേക്ക് വരുമ്പോള്‍ മുണ്ട് പൊക്കി കാണിക്കുന്നു….ഇങ്ങനെ നീളുന്നു കമ്മീഷണറുടെ വിശദീകരണം. പാന്റും കാക്കി ഷര്‍ട്ടും ധരിക്കാതെ ഓട്ടൊഡ്രൈവര്‍മാരെ ഒക്ടോബര്‍ ഒന്നിനുശേഷം നഗരത്തില്‍ കണ്ടാല്‍ മൊട്ടയടിച്ച് വിടുമെന്നൊന്നും കമ്മിഷണര്‍ പറഞ്ഞില്ലെങ്കിലും നിയമം ലംഘിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കുമെന്നും കേസെടുക്കുമെന്നും കമീഷണര്‍ ഭീഷണിപ്പെടുത്തുകയുണ്ടായി. കോഴിക്കോട് നഗരത്തിലെ മുഴുവന്‍ ഓട്ടൊഡ്രൈവര്‍മാര്‍ക്കും ഐഡന്റിറ്റി കാര്‍ഡ് നല്‍കുമെന്നും ഒക്‌റ്റോബര്‍ മുതല്‍ ഐഡന്റിറ്റി കാര്‍ഡ് ധരിക്കാത്ത ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു.

ഇതുസംബന്ധിച്ച് പ്രതികരണത്തിനായി നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാരുടെ അടുത്തേക്ക് ചെന്നപ്പോള്‍ രസകരമായിരുന്നു പ്രതികരണങ്ങള്‍. ന്റെ സാറേ ഇവിടെ നൂറുകണക്കിന് ഓട്ടോകള്‍ക്കിടയില്‍ നിന്ന് എങ്ങനെയെങ്കിലും നാല് ചക്രത്തിനുള്ള ഓട്ടം പിടിക്കാനുള്ള നെട്ടോട്ടത്തിനിടെ എവിടുന്നാണ് ഞങ്ങള്‍ക്ക് മുണ്ട് പൊക്കിക്കാണിക്കാന്‍ നേരമെന്നായിരുന്നു ഒരാളുടെ ചോദ്യം. പാന്റ് ഉടുക്കുന്നതിനൊന്നും പ്രശ്‌നമല്ല രണ്ടുജോഡി പാന്റ് പോലീസുകാര്‍ വാങ്ങിത്തരട്ടെ, മനുഷ്യനിവിടെ രാവിലെ മുതല്‍ രാത്രിവരെ ഓടിയിട്ടാ വണ്ടിയുടെ സിസി അടക്കലും അരിവാങ്ങലും നടത്തുന്നത്. അതിനിടെ ഇനി പാന്റും കൂടിയേ വാങ്ങേണ്ടൂ…., അല്ല പാന്റുടുത്താല്‍ പിന്നെ അനാശാസ്യമൊക്കെ നഗരത്തില്‍ നിന്ന് പമ്പകടക്കുമോ, ആതോ സിബ്ബഴിക്കാന്‍ പറ്റാത്ത പാന്റിടണമെന്നുള്ള നിര്‍ദ്ദേശവും വരുമോ…..അങ്ങനെ നീണ്ടു അവരുടെ പ്രതിഷേധം നിറഞ്ഞ പ്രതികരണങ്ങള്‍.

ബെസ്റ്റ് ഓഫ് അഴിമുഖം 

കടലുണ്ടിപ്പുഴയെ വീണ്ടെടുക്കേണ്ടതുണ്ട്
കേരളം : നമ്മളെന്തേ ഇങ്ങനെ?
തൊഴിലാളികള്‍ ‘ഭാരമാകുന്ന’ കേരളം
ഒരു ട്രാഫിക് പോലീസുകാരന്റെ ആത്മസംഘര്‍ഷങ്ങള്‍
അങ്ങനെ കത്തിക്കാനൊക്കുമോ കേരളത്തെ?

രണ്ടുവര്‍ഷം മുമ്പാണ് കസബ പൊലീസ് നഗരത്തില്‍ മൂത്രമൊഴിച്ചാല്‍ 2000രൂപ പിഴയെന്നുപറഞ്ഞ് ഇറങ്ങിയത്. പുതുതായി ചാര്‍ജെടുത്ത സിഐക്ക് ജനകീയനാവാന്‍ വേണ്ടിയുള്ള ഇടപാടായിരുന്നു. കുറേദിവസം അദ്ദേഹവും സംഘവും വണ്ടിയുമെടുത്ത് മൂത്രമൊഴിക്കുന്നവരെ പിടിക്കാന്‍ നടന്നെങ്കിലും ബോര്‍ഡ് വെച്ചിടമെല്ലാം ഇപ്പോള്‍ മൂത്രപ്പുരകളായതാണ് അനുഭവം. മൂത്രമൊഴിക്കുന്നവനെ പിടിക്കാന്‍ നടക്കുന്നതിനുപകരം നഗരത്തില്‍ എവിടെയൊക്കെ ജനത്തിന് മുട്ടുശാന്തിക്ക് ഇടമുണ്ടെന്നണ് അന്വേഷിച്ചിരുന്നെങ്കില്‍ നഗരം എന്നേ നന്നാവുമായിരുന്നു. അതുപോലെ ഹെല്‍മറ്റിടാത്തവനെ ഓടിപ്പിടിച്ച് രണ്ട് യുവാക്കളെ ബസ്സിനടിയിലേക്ക് നല്‍കിയിട്ടും ഇപ്പഴും ഒളിഞ്ഞു തിരിഞ്ഞും ഇവര്‍ ഹെല്‍മറ്റ് വേട്ടയും തുടരുന്നു. തലയില്‍ എന്തെങ്കിലുമൊരു തൊപ്പിവെക്കുന്നവന് എന്ത് കള്ളക്കടത്തും നടത്താമെന്ന രീതി മാറ്റി കൃത്യമായി നിയമപാലനം നടത്താന്‍ പൊലീസ് തയ്യാറായാല്‍ ഈ ജാതി നിരോധനങ്ങളുടേയൊക്കെ ആവശ്യമുണ്ടാവുമോ. പെര്‍മിറ്റില്ലാത്ത നൂറുകണക്കിന് ഓട്ടോറിക്ഷകള്‍ നഗരത്തിലുണ്ട്, കള്ളക്കടത്തും കഞ്ചാവ് വില്‍പനയും എന്തിന് അനാശാസ്യത്തിനുള്ള കിടപ്പുമുറിയായി വരെ പ്രവര്‍ത്തിക്കുന്ന ഓട്ടോകളും നഗരത്തിലുണ്ട്. ഇതെല്ലാം കണ്ടില്ലെന്ന് നടിച്ച് നഗരത്തിലെ സ്ത്രീകളുടെ മാനം രക്ഷിക്കാന്‍ വേണ്ടി ഓട്ടോഡ്രൈവര്‍മാരെ പാന്റുടുപ്പിക്കാനുള്ള ശ്രമം ചരിത്രത്തിന്റെ ചവറ്റുകൂട്ടയിലേക്കല്ലാതെ എങ്ങോട്ടു പോവാന്‍…!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍