TopTop
Begin typing your search above and press return to search.

മൂന്നാറിലെ തൊഴിലാളികളോട് നടപ്പ് രാഷ്ട്രീയ നേതൃത്വം യാചിക്കുമ്പോള്‍

മൂന്നാറിലെ തൊഴിലാളികളോട് നടപ്പ് രാഷ്ട്രീയ നേതൃത്വം യാചിക്കുമ്പോള്‍

ഷെറിന്‍ വര്‍ഗീസ്

സംഘടനകളുടെയും നേതാക്കളുടെയും പ്രാതിനിധ്യം ഉറപ്പാക്കാനല്ല, ജീവിതത്തിനും മരണത്തിനും ഇടയില്‍ നിന്ന് വല്ലാത്തൊരു വിഹ്വലതയോടെ മനുഷ്യര്‍ നടത്തുന്ന സമരങ്ങളാണ് എന്നും ലോകത്തെ ഇളക്കി മറിച്ചിട്ടുള്ളത്.

നമ്മുടെ ചരിത്രവും അതുതന്നെയാണല്ലോ. സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ നടക്കുമ്പോള്‍ അപ്പപ്പോളുള്ള ആശയവിനിമയത്തിന്റെ ചെറുസാധ്യതകള്‍ പോലുമില്ലാതിരുന്നിട്ടും കടപ്പുറത്തേക്ക് ഉപ്പുകുറുക്കാനും നിസ്സഹകരണസമരത്തില്‍ പങ്കെടുക്കാനുമൊക്കെ സ്വയംപ്രേരിതരായി ചെറുസംഘങ്ങളെങ്കിലും തെരുവിലിറങ്ങിയിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ തന്നെ 1859 ല്‍ മാറുമറയ്ക്കാനുള്ള അവകാശത്തിനായി ചാന്നാര്‍ ലഹള നടന്നു. സി കൃഷ്ണന്റെയും ടി കെ മാധവന്റെയും നേതൃത്വത്തില്‍ അയിത്തോച്ഛാടന പ്രക്ഷോഭങ്ങള്‍ നടന്നപ്പോഴും, മീശവക്കാന്‍ തുടങ്ങി മുട്ടിനു താഴെ മറക്കാന്‍ വരെ സമരം നടക്കുമ്പോള്‍ ഒരു അടിസ്ഥാനവര്‍ഗ പാര്‍ട്ടിയും നമ്മുടെ നാട്ടില്‍ ജന്മമെടുത്തിട്ടില്ലായിരുന്നു.

മനുഷ്യരുടെ ആത്മബോധവും ഒപ്പം തങ്ങള്‍ക്ക് നഷ്ടപ്പെടാനുള്ളത് കണ്ണീരും ചോരയും മാത്രമാണെന്നുള്ള തിരിച്ചറിവുമാണ് എപ്പോഴും അവരെ കലാപത്തിന് സജ്ജരാക്കുന്നത്. അപ്പോള്‍ പീഢകര്‍ പീഢിതര്‍ക്ക് മുന്നില്‍ നിന്ന് ഓടിപ്പോകുന്നതും പിന്നെയും തൊലിക്കട്ടിയുള്ളവര്‍ വല്ലാത്തൊരു ഇളിഭ്യച്ചിരിയോടെ ഔദാര്യത്തിനായി ഓരംപറ്റി നില്‍ക്കുകയും ചെയ്യുന്നത് നമുക്ക് കാണാം. മൂന്നാറിലിപ്പോള്‍ നമ്മള്‍ കാണുന്നത് അത്തരം ഓരംപറ്റലുകാരുടെ കാഴ്ചയാണ്. സഹതാപാര്‍ഹമായ കാഴ്ച്ച.

ഒരു ദിവസം 232 രൂപ കൂലികിട്ടണമെങ്കില്‍ മുതുകില്‍ തൂക്കിയിരിക്കുന്ന ചാക്കിലേക്ക് 21 കിലോ കൊളുന്ത് നുള്ളിയിടണം ഒരു സ്ത്രീ തൊഴിലാളി. കൂടുതല്‍ നുള്ളിയാല്‍ കിട്ടുന്നത് ഒരു കിലോയ്ക്ക് 90 പൈസ വീതം. പത്തു കിലോ നുള്ളിയാല്‍ 9 രൂപ കിട്ടും. തൊഴിലാളിക്ക് മാത്രമെ ഈ ദുര്യോഗം ഉള്ളൂ. കണ്ടു നില്‍ക്കുന്ന കങ്കാണിക്ക് ചിലപ്പോള്‍ നാലായിരം രൂപവരെ ഇന്‍സന്റീവ് കിട്ടും. മാനേജര്‍മാര്‍ക്ക് വേറെ.

കഴിഞ്ഞ സീസണില്‍ ഒരു ദിവസം ദിവസേന 400 കിലോ കൊളുന്ത് വരെ നുള്ളിയ തൊഴിലാളി സ്ത്രീകളുണ്ട്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ തുടര്‍ച്ചയായി 12 മണിക്കൂര്‍ കൊളുന്ത് നുള്ളി തിരിച്ചുപോകുമ്പോള്‍ അവരുടെ സമ്പാദ്യം ഒന്നുകൂട്ടി നോക്കിക്കേ, 341 രൂപ.

ഈ ദൈന്യതയ്ക്കും അടിച്ചമര്‍ത്തലിനും എതിരെയാണ് ഇവര്‍ തെരുവിലിറങ്ങിയത്. തങ്ങളുടെ ജനപ്രതിനിധികളെ ചെരുപ്പിനടിക്കാന്‍ ഒരുങ്ങിയത്. കേരളത്തിലെ പ്രഖ്യാപിത നേതാക്കള്‍ സമരത്തില്‍ നുഴഞ്ഞു കയറാനെത്തിയപ്പോള്‍ എഴുന്നേല്‍പ്പിച്ച് വിട്ടത്. അതിന് അവരെ തമിഴ് തീവ്രവാദികളെന്ന് ആക്ഷേപിച്ച് സ്വന്തം നില പരുങ്ങലില്‍ ആക്കുന്നവരെ കുറിച്ച് എന്തു പറയാന്‍.

കഴിഞ്ഞ വര്‍ഷം 19 കോടിയായിരുന്നു കമ്പനിയുടെ ലാഭം. തൊഴിലാളികള്‍ക്ക് കൊടുത്തത് 19 ശതമാനം ബോണസ്. ഇക്കഴിഞ്ഞ സീസണില്‍ 400 കിലോവരെ കൊളുന്ത് നുള്ളാന്‍ സ്ത്രീകളെ അനുവദിച്ചുവെങ്കില്‍ ഉത്പാദനം കൂടിയെന്നല്ലേ അര്‍ത്ഥം. മാനേജ്‌മെന്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വിദേശ ടൂറും ആഢംബരക്കാറുകളും ഉയര്‍ന്ന ഇന്‍സന്റീവും നല്‍കാന്‍ മടിക്കാത്ത കമ്പനി, തൊഴിലാളിയുടെ പിച്ച ചട്ടിയില്‍ നിന്നാണ് യാതൊരു ഉളുപ്പിമില്ലാതെ വീണ്ടും കൈയിട്ടു വാരിയത്. കഴിഞ്ഞ തവണ തന്നതില്‍ നിന്ന് ഒരു ശതമാനം അധികം ബോണസ് തൊഴിലാളികള്‍ പ്രതീക്ഷിച്ചു. പക്ഷേ സംഭവിച്ചതോ 9 ശതമാനം കുറച്ചു. തൊഴിലാളി നേതാക്കള്‍ അതിനെ കക്ഷിഭേദമില്ലാതെ എതിര്‍ക്കാതിരിക്കുകയും ചെയ്തപ്പോള്‍ പിന്നെയിവര്‍ എന്തുചെയ്യണം? എന്തിനാണ് ഇവര്‍ക്കീ പാര്‍ട്ടികളും യൂണിയനുകളും?

ആഗോള വിപണിയില്‍ തേയില വ്യവസായം പ്രതിസന്ധിയെ നേരിട്ടപ്പോള്‍ കമ്പനികള്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങളിലൊന്ന് കൈക്കു പകരം കത്രിക ഉപയോഗിച്ച് കൊളുന്ത് എടുക്കുകയായിരുന്നു. ഓരോ തൊഴിലാളിക്കും കൂടുതല്‍ ശാരീരികാധ്വാനം വേണ്ടി വരുന്ന പരിഷ്‌കാരം. ഒപ്പം മറ്റൊന്നുകൂടി ചെയ്തു. അന്നുവരെ ഒരു സ്ത്രീ തൊഴിലാളിയുടെ കുടുംബത്തിനുവരെ അനുവദിച്ചിരുന്ന ചികിത്സാ സഹായം നിര്‍ത്തലാക്കി. വലിയ രോഗങ്ങളാണെങ്കില്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്കോ തമിഴ്‌നാട്ടിലെ ഏതെങ്കിലും ആശുപത്രികളിലേക്കോ അയക്കുന്നതില്‍ ഒതുങ്ങി കമ്പനിയുടെ ഉത്തരവാദിത്വം.

മൂന്നാറിലെ തോട്ടങ്ങള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കുമൊക്കെ നമ്മുടെ സ്വാതന്ത്ര്യത്തേക്കാളും പഴക്കമുണ്ട്. വെള്ളക്കാരന്റെ കണ്ണന്‍ ദേവന്‍ കമ്പനി ആയിരുന്നപ്പോഴും പിന്നീടത് ടാറ്റ ഫിന്‍ലെ ആയപ്പോഴും ഇപ്പോഴത് ടാറ്റ ടീ കമ്പനി ആകുമ്പോഴുമൊക്കെ തേയിലച്ചെടികള്‍ എന്നും കുടിച്ചുവളര്‍ന്നത് ഈ സ്ത്രീ തൊഴിലാളികളുടെ കണ്ണീരും ചോരയുമായിരുന്നു. ദേവികുളം, മൂന്നാര്‍ പഞ്ചായത്തുകള്‍ മുഴുവനായും പള്ളിവാസല്‍, ചിന്നക്കനാല്‍ പഞ്ചായത്തുകള്‍ ഭാഗികമായും തോട്ടങ്ങളും തോട്ടം തൊഴിലാളികളുമാണ്.

നാല്‍പ്പതിനായിരത്തിലധികം വരുന്ന തൊഴിലാളികളെ, ബഹുഭൂരിപക്ഷവും താത്ക്കാലിക ജീവനക്കാരെ ഐ എന്‍ ടി യു സിയുടെ കുപ്പുസ്വാമിയും എ ഐ ടി യു സിയുടെ സി എ കുര്യനുമാണ് നയിച്ചിരുന്നതെങ്കില്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ലക്ഷ്മി എസ്‌റ്റേറ്റ് സമരത്തെ തുടര്‍ന്ന് സി ഐ ടി യുവും ഇപ്പോള്‍ യൂണിയനുകളില്‍ മുന്‍പന്തിയിലുണ്ട്. സൗത്ത് ഇന്ത്യന്‍ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂണിയനെന്ന ഐ എന്‍ ടി യു സി ഇപ്പോള്‍ എ കെ മണിയുടെ നിയന്ത്രണത്തിലാണ്.

യൂണിയനുകള്‍ക്കകത്തും പുറത്തും കുഴപ്പങ്ങളുണ്ടാകുന്നതെപ്പോഴും ചില നേതാക്കളുടെ മാനേജ്‌മെന്റുമായുള്ള തൊഴിലാളി വിരുദ്ധ ഒത്തുതീര്‍പ്പുകളെപ്രതി മാത്രമാണ്. പല അതികായന്മാര്‍ക്കും നേതൃസ്ഥാനങ്ങള്‍ എന്നന്നേക്കുമായി നഷ്ടപ്പെട്ടതിനു പിന്നിലും പുതിയ യൂണിയനുകള്‍ ഹിതപരിശോധനയിലൂടെ അംഗീകാരം നേടിയതുമെല്ലാം അടിച്ചമര്‍ത്തപ്പെട്ട തൊഴിലാളികളുടെ വൈകാരികമായ നിലപാടുകളുടെ ഫലമായിരുന്നു.

ഇപ്പോള്‍ പക്ഷേ ആ വൈകാരികതയ്ക്കു മുന്നില്‍ മൂന്നു യൂണിയനുകള്‍ക്കും തങ്ങളുടെ പ്രസ്‌കതി തന്നെ നഷ്ടപ്പെടുന്നു എന്നിടത്താണ് മൂന്നാര്‍ സമരം രാഷ്ട്രീയ കേരളത്തില്‍ കൂടുതല്‍ പ്രസക്തമാകുന്നത്.

തങ്ങളെക്കൂടി കൂട്ടണേയെന്ന് കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ നേതൃത്വങ്ങള്‍ പാവപ്പെട്ട തമിഴ് തൊഴിലാളി സ്ത്രീകളോട് യാചിക്കേണ്ടി വരുന്നത് വര്‍ത്തമാനകാലത്തെ പ്രസക്തമായ കാഴ്ചയാണ്. കാരണം തങ്ങള്‍ ആരുടെ നേതാക്കളാണെന്ന ചോദ്യം സ്വയം ചോദിക്കാനുള്ള അവസരമാണ് ഇപ്പോള്‍ ഈ കൂട്ടര്‍ക്ക് കിട്ടുന്നത്.

കുറച്ചു നാള്‍ മുമ്പ് 8 രൂപ 33 പൈസ കമ്പനി മിനിമം ബോണസ് പ്രഖ്യാപിച്ചപ്പോള്‍ പകച്ചുപോയ തൊഴിലാളിയോട് ഇത് അംഗീകരിക്കില്ലെന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട് ആ പണം കൈപ്പറ്റിക്കൊള്ളാന്‍ നിര്‍ദേശം കൊടുത്ത യൂണിയന്‍ നേതാക്കള്‍ക്ക് ഇത്തരമൊരു ഗതിവന്നില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

ആദിവാസിയുടെ നില്‍പ്പുസമരവേദിയിലേക്ക് അവജ്ഞയോടെ നോക്കിയവര്‍ക്ക് പക്ഷെ മൂന്നാറിലേക്ക് ഓടിയെത്താതിരിക്കാനായില്ല. കാരണം ആദിവാസികളെപ്പോലെ ചിതറി തെറിച്ചു കിടക്കുന്ന അമ്പതിനായിരം കുടുംബങ്ങളല്ലല്ലോ മൂന്നാറിലെ രാഷ്ട്രീയം കൂടി നിര്‍ണിക്കുന്ന തോട്ടം തൊഴിലാളികള്‍. ആദിവാസി സമരത്തിന് സി കെ ജാനുവിന്റെയും എം ഗീതാനന്ദന്റെയുമൊക്കെ ശക്തമായ നേതൃത്വവും ആദിവാസി ഗോത്ര മഹാസഭയെന്ന സംഘടനയുടെ ചട്ടക്കൂടും ഉള്ളതുകൊണ്ടാവും നമ്മുടെ നേതാക്കള്‍ അവിടേക്കോടിയെത്താഞ്ഞത്.

എന്നാല്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതു വിശ്വസിച്ച് പതിനായിരക്കണക്കിന് സ്ത്രീ തൊഴിലാളികള്‍ക്ക് നേതൃത്വം കൊടുക്കാനാളില്ലാത്ത ദുരവസ്ഥയോര്‍ത്താവണം കേരളത്തിന്റെ വനിതാ നേതാക്കന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ അങ്ങോട്ടേക്കോടിയത്. പിന്നീട് എന്തു സംഭവിച്ചുവെന്നത് നമ്മള്‍ കണ്ടു. സമരനാളുകളില്‍ പത്രമോഫീസുകളില്‍ വൈകുന്നേരങ്ങളില്‍ എത്തിയിരുന്ന സമരചിത്രങ്ങളും ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്തയച്ചിരുന്ന പ്രസ്താവനകളെയും കുറിച്ച് ഇവര്‍ക്കാരും പറഞ്ഞു കൊടുത്തില്ലെന്നു തോന്നുന്നു.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ജൈവനേതൃത്വങ്ങളായി അടയാളപ്പെടുന്നത് ശ്രീനാരായണ ഗുരു മുതല്‍ സി കെ ജാനുവരെയുള്ള നേതാക്കളാണ്. ആ പട്ടികയിലേക്കാണ് ഇപ്പോള്‍ മൂന്നാര്‍ പഞ്ചായത്തിലെ പെരിയവാര എസ്‌റ്റേറ്റില്‍ നിന്നുള്ള ഗോമതിയും ദേവികുളത്തെ ഇന്ദ്രാണിയും ചെലപ്പെട്ടിയിലെ ലിസിയുമൊക്കെ ഉയര്‍ന്നുവന്നിട്ടുള്ളത്.

ജനങ്ങള്‍ തങ്ങളെ വിശ്വസിക്കാത്തതിന് ജനങ്ങളെ തന്നെ കുറ്റം പറയുന്ന രാഷ്ട്രീയത്തിന് ഇനി എത്രനാള്‍കൂടി ആയുസ്സുണ്ടാവും? തൊഴിലാളിക്ക് കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും സിപിഐയേയും മടുത്തെങ്കില്‍ തമിഴ് തീവ്രവാദികള്‍( ഇനി അങ്ങനെ ഒരു കൂട്ടര്‍ ഉണ്ടെങ്കില്‍ തന്നെ) എന്തു പിഴച്ചു?

ഇവിടെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് വേണ്ടത് സ്വയമൊരു തിരിച്ചറിവാണ്. തങ്ങളുടെ ഇന്നോവ കാറിനു ചുറ്റും കൂടി പിന്തുണ മുഴുക്കുന്ന എണ്ണിയാല്‍ തീരുന്നവരുടെ മാത്രം നേതാക്കളാണോ തങ്ങളെന്ന തിരിച്ചറിവ്.

(യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories