TopTop
Begin typing your search above and press return to search.

സഖാവേ, ആരാണ് മൂന്നാറിലെ കര്‍ഷകന്‍?

സഖാവേ, ആരാണ് മൂന്നാറിലെ കര്‍ഷകന്‍?

മൂന്നാറിലെ കയ്യേറ്റങ്ങള്‍ തടയുമെന്നും കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറയുമ്പോള്‍ കൃത്യമായി ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ കൂടി ഉയരുന്നുണ്ട്. അതിലൊന്നാമത്തേത് ആരാണ് യഥാര്‍ഥ മൂന്നാറുകാരെന്നതാണ്. മറ്റൊന്ന്, ആരാണ് അവിടുത്തെ കൃഷിക്കാരെന്നതാണ്. മൂന്നാമത്തേത് മൂന്നാറെന്ന വാക്കിലൊതുങ്ങുന്ന ഭൂഭാഗത്തിന്റെ അതിരുകള്‍ ഏതൊക്കെയെന്നതാണ്. ഇതിനൊന്നും ഇന്ന് കൃത്യമായ ഉത്തരമില്ലാതിരിക്കെ കയ്യേറ്റം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് എങ്ങിനെ പരിഹാരം കാണും?

മുഖ്യമന്ത്രി ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പരാമര്‍ശിച്ച ഒരു പേരുണ്ട്. ഗണപതി. രാജേന്ദ്രന്‍ ജനിക്കും മുന്‍പ് എംഎല്‍എയായിരുന്ന ഗണപതിയുടെ സ്ഥലവും കയ്യേറ്റമാണെന്ന് സ്ഥാപിക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ദേവികുളം ദ്വയാംഗ മണ്ഡലമായിരുന്ന കാലത്താണ് എന്‍. ഗണപതി മൂന്നാറിന്റെ എംഎല്‍എ ആയിരുന്നത്. ഏറെക്കാലം ഗണപതി കേരള കോണ്‍ഗ്രസ് (എം) നേതാവായിരുന്നു. ഗണപതിയുടെ പിതാവ് നാരായണ സ്വാമി തന്റെ പന്ത്രണ്ടാം വയസ്സില്‍ ബ്രിട്ടീഷുകാരുടെ കുക്കായി തമിഴ്നാട്ടില്‍ നിന്നു വന്നയാളാണ്. ഗണപതി മാത്രമല്ല, ഗണപതിയുടെ സഹോദരന്‍ കിട്ടപ്പയും മൂന്നാറിലെ എം.എല്‍.എ ആയിരുന്നു. അത് കോണ്‍ഗ്രസ് ടിക്കറ്റില്‍. ഗണപതിയുടെ മകന്‍ കുമാര്‍ രണ്ടോ മൂന്നോ വട്ടം മൂന്നാറില്‍ നിന്നു മല്‍സരിച്ചിട്ടുണ്ട്. ബിജെപിയുടെ ടിക്കറ്റിലായിരുന്നെന്നാണ് എന്റെ ധാരണ. കിട്ടപ്പയുടെ മകന്‍ ബാലസുബ്രഹ്മണ്യനായിരുന്നു 2001ലെ ദേവികുളത്തെ സിപിഎമ്മിന്റെ സ്ഥാനാര്‍ഥി. ഗണപതിയുടെ കുടുംബചരിത്രം സാന്ദര്‍ഭികമായി പറഞ്ഞതാണ്.

യഥാര്‍ത്തില്‍ മൂന്നാറുകാരൊക്കെ ഗണപതിയെപ്പോലെയാണ്. തോട്ടത്തില്‍ പണിയെടുക്കാനായി മൂന്നാറിലെത്തുകയും പരമ്പരാഗതമായ അവിടെ താമസിച്ചു വരികയും ചെയ്യുന്നവര്‍. ഇപ്പോഴത്തെ സോ കോള്‍ഡ് മൂന്നാറില്‍ കണ്ണന്‍ ദേവന്റെ തോട്ടവും സര്‍ക്കാര്‍ ഭൂമിയുമല്ലാതെ സ്വകാര്യ ഭൂമി ഒരു തുണ്ടുപോലുമില്ല. ഉള്ളതൊക്കെ പഴയകാലത്ത് തോട്ടംതൊഴിലെടുക്കാന്‍ വന്നവരുള്‍പ്പെടെ കയ്യേറി പട്ടയം വാങ്ങിയതാണ്. 1977 എന്നൊരു കട്ടോഫ് ഡേറ്റും അതിനുണ്ടല്ലോ. ഇന്ന് മൂന്നാര്‍ നേരിടുന്ന പ്രതിസന്ധി അതാണ്. സ്വന്തമായി ഭൂമിയില്ലാത്തവരാണ് മൂന്നാറിലെ ബഹുഭൂരിപക്ഷം വരുന്ന വോട്ടര്‍മാര്‍. കുടുംബത്തില്‍ തോട്ടം തൊഴിലാളികളായി ആരെങ്കിലുമുണ്ടെങ്കില്‍ ലയത്തിലൊരു ഒറ്റമുറി താമസം കിട്ടും. തോട്ടത്തില്‍ നിന്നു വിരമിച്ചാല്‍ അത് നഷ്ടപ്പെടും. സ്വാഭാവികമായും അവര്‍ മൂന്നാര്‍ വിട്ടുപോകേണ്ടവരും. അവരില്‍ തമിഴരാണ് മഹാഭൂരിപക്ഷം. പിന്നെയുള്ളത് അവിടെ റിസോര്‍ട്ടുകളും ടൂറിസം സാധ്യത മുതലെടുത്ത് നഗരത്തിലും സമീപത്തുമായി നേരത്തേതന്നെ ഭൂമി കയ്യേറി താമസമാക്കിയിട്ടുള്ളവരുമാണ്. മലയാളികള്‍ ഏറെയും അങ്ങിനെയുള്ളവരാണ്. അതുകൊണ്ടുതന്നെ മൂന്നാറില്‍ തമിഴ്- മലയാളി സംഘര്‍ഷത്തിന് സാധ്യത ഏറെയുമാണ്.

മൂന്നാറില്‍ തേയിലത്തോട്ടമല്ലാതെ മറ്റെന്തെങ്കിലും കൃഷിയുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലെന്നാണ് ഉത്തരം. ചില ലയങ്ങളിലും അവശേഷിക്കുന്ന തുണ്ടുഭൂമികളിലുമൊക്കെ ചെറിയതോതിലുള്ള കൃഷിയുണ്ടാകും. പക്ഷേ, അത് ഉപജീവനമാര്‍ഗത്തിനുള്ളതാകില്ല. 1977നു മുന്‍പും ഇവിടെ ഭൂമി കയ്യേറപ്പെട്ടിട്ടുണ്ടെങ്കില്‍ അത് കൃഷിക്കല്ല, മറിച്ച് താമസിക്കുന്നതിനുമാത്രമാണ്. പട്ടയം കിട്ടാനുള്ള എളുപ്പത്തിന് കൃഷിഭൂമിയായി ചിത്രീകരിച്ചിട്ടുണ്ടാകാമെന്നുമാത്രം.

മൂന്നാറിലെ ചെറുകയ്യേറ്റങ്ങളേക്കാള്‍ ഭീകരമാണ് ചിന്നക്കനാല്‍, പള്ളിവാസല്‍‌ പഞ്ചായത്തുകളില്‍ നടക്കുന്ന കയ്യേറ്റങ്ങള്‍. അതിനൊക്കെ പത്തോ ഇരുപതോ വര്‍ഷത്തിലേറെ പഴക്കംപോലുമില്ല. മൂന്നു നില കെട്ടിടത്തിനു മാത്രം അനുമതിയുള്ള മൂന്നാറില്‍ ഭൂമിക്കടിയിലേക്കും മുകളിലേക്കുമായി എട്ടു നിലവരെയുള്ള കെട്ടിടങ്ങളുണ്ട്. അതിഭീകരമായി മല ചെത്തിയെടുത്തു നിര്‍മിച്ച കോണ്‍ക്രീറ്റു കെട്ടിടങ്ങളുണ്ട്. അതാണ് ഞാന്‍ പറഞ്ഞത് മൂന്നാറെന്നു പറയുമ്പോള്‍ അതിന്റെ അതിരുകള്‍കൂടി ഏതെന്നു നിശ്ചയിക്കേണ്ടതുണ്ടെന്ന്.

എന്തായാലും മുഖ്യമന്ത്രി പറഞ്ഞ ഒരു കാര്യം ശരിയാണ്. മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ഏറെ പ്രത്യേകതകളുള്ള മേഖലയാണ് മൂന്നാര്‍. ഏതാനും ആഴ്ചകള്‍ മുന്‍പ് ഒരു പോസ്റ്റില്‍ ഞാന്‍ പറഞ്ഞത് ആവര്‍ത്തിക്കട്ടെ, കയ്യേറ്റങ്ങള്‍ തടയുന്നതിനൊപ്പം മൂന്നാറിനുവേണ്ടി സമഗ്രമായ ദുരന്ത നിവാരണ പാക്കേജ് തന്നെ കൊണ്ടുവന്നില്ലെങ്കില്‍ ആ നാട് പത്തു വര്‍ഷത്തിനപ്പുറം ഉണ്ടാകില്ല, ഉറപ്പ്.

*ലേഖകന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories