TopTop
Begin typing your search above and press return to search.

മൂന്നാറില്‍ സര്‍ക്കാരും ഭൂമി കയ്യേറുന്നു; പ്രതിക്കൂട്ടില്‍ ടൂറിസം പ്രമോഷണല്‍ കൗണ്‍സില്‍

മൂന്നാറില്‍ സര്‍ക്കാരും ഭൂമി കയ്യേറുന്നു; പ്രതിക്കൂട്ടില്‍ ടൂറിസം പ്രമോഷണല്‍ കൗണ്‍സില്‍

മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങളെയും നിര്‍മാണ പ്രവര്‍ത്തനങ്ങളെ കുറിച്ചും പറയുമ്പോള്‍ അതിനെല്ലാം ഒത്താശ ചെയ്തുകൊടുക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഇടപെടലുകളും പലപ്പോഴും വ്യക്തമായ തെളിവുകളോടെ പുറത്തുവന്നിട്ടുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍ ഇരുന്നുകൊണ്ടു തന്നെ ഏക്കറു കണക്കിനു സ്ഥലം കൈയേറിയവരും വന്‍കിട റിസോര്‍ട്ടുകള്‍ നിര്‍മിച്ചവരും മൂന്നാറിലുണ്ട്. ഒരുപരിധിവരെ ഇവിടുത്തെ കയ്യേറ്റങ്ങളും നിര്‍മാണങ്ങളും ഒഴിപ്പിക്കാന്‍ കഴിയാതെ വരുന്നതും കുറ്റവാളികള്‍ നിയമത്തിനു മുന്നില്‍ വന്നെത്തപ്പെടാതെ പോകുന്നതിനും കാരണവും മേല്‍പ്പറഞ്ഞ സംഘം തന്നെയാണ്.

മൂന്നാര്‍ കയ്യേറ്റം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ തന്നെ സര്‍ക്കാര്‍ വക ഭൂമി കയ്യേറ്റവും മൂന്നാറില്‍ നടക്കുന്നുണ്ടെന്ന ആരോപണമാണ് ഉയര്‍ന്നുവരുന്നത്. ജില്ല ടൂറിസം പ്രമോഷണല്‍ കൗണ്‍സിലിന്റെ പേരിലാണ് ഇത്തരമൊരു ആരോപണം. ഡിടിപിസി നിര്‍മിക്കുന്ന ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നിയമവിരുദ്ധവും കയ്യേറ്റവുമാണെന്ന് വിവരാവകാശ രേഖകളും പറയുന്നു.

കെഡിഎച്ച് വില്ലേജില്‍ 62/25 എന്ന സര്‍വ്വേയില്‍ മൂന്നാര്‍-ദേവികുളം റോഡില്‍ ഗവണ്‍മെന്റ് കോളേജിന്റെ താഴ്‌വശത്തായി റോഡിനോട് ചേര്‍ന്ന് നടക്കുന്ന 14 ഏക്കര്‍ സ്ഥലത്ത് ബൊട്ടാണിക്കല്‍ ഗാര്‍ഡനായുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളാണു ഡിറ്റിപിസിയെ പ്രതികൂട്ടിലാക്കിയിരിക്കുന്നത്. ഇവിടെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നിര്‍മിക്കാനായി ഡിറ്റിപിസിക്കു ഭൂമി അനുവദിച്ചിട്ടില്ല. കളക്ടറുടെ എന്‍ഒസിയോ ഹരിത ട്രൈബ്യൂണല്‍ അനുമതിയോ ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ അനുമതിയും പ്രസ്തുത നിര്‍മാണത്തിനു ലഭിച്ചിട്ടില്ലെന്നും വ്യക്തമാണ് എന്നിരിക്കെ തന്നെ ഇപ്പോഴും ഈ ഭൂമിയില്‍ കോണ്‍ക്രീറ്റ് നിര്‍മാണപ്രവര്‍ത്തികള്‍ നടന്നുവരികയാണ്. ദേവികുളം സബ് കളക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ കണ്‍മുന്നില്‍ തന്നെയാണ് ഈ നിര്‍മാണപ്രവര്‍ത്തികള്‍ നടക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ദേവികുളം താലൂക്കില്‍ കെഡിഎച്ച് വില്ലേജില്‍ കണ്ണന്‍ദേവന്‍ കമ്പനിയില്‍ നിന്നും വില നല്‍കി ഏറ്റെടുത്തവകയില്‍ പെടുന്ന ഈ ഭൂമി കര്‍ഷകര്‍ക്ക് കാര്‍ഷികാവശ്യത്തിനു മാത്രം ഉപയോഗിക്കാന്‍ നല്‍കണം എന്നാണ് കെഡിഎച് ആക്ട് പ്രകാരമുള്ള നിയമം പറയുന്നത്. ഇത്തരമൊരു നിയമം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് കാര്‍ഷിക ആവശ്യത്തിനല്ലാതെ ഡിറ്റിപിസി ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നിര്‍മാണത്തിനു ഭൂമി ഉപയോക്കുന്നതെന്നും ഇതിനു പിന്നില്‍ കയ്യേറ്റ മാഫിയയുടെ കളിയാണെന്നുമാണ് പ്രദേശവാസികള്‍ ആക്ഷേപം ഉന്നയിക്കുന്നത്. എത്രയും വേഗം ഡിറ്റിപിസി നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ഇത്തരമൊരു നിര്‍മാണ പ്രവര്‍ത്തനത്തിന് ഹരിത ട്രൈബ്യൂണലിന്റെ അനുമതിയും ലഭിച്ചിട്ടില്ലെന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഈ പദ്ധതി പാരിസ്ഥിതിക ആഘാതത്തിനു കാരണമാവുകയും മാട്ടുപ്പെട്ടിയാറ് മലിനമാകുന്നതിന് കാരണമാകുമെന്നും ചൂണ്ടി കാണിക്കപ്പെടുന്നു. കാര്‍ഷിക സര്‍വകലാശാലയുമായി ബന്ധപ്പെട്ടോ, വനംവകുപ്പുമായി ബന്ധപ്പെട്ടോ മാത്രമേ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നിര്‍മാണം നടത്താവൂ എന്നും നിയമം പറയുമ്പോള്‍ ടൂറിസം വികസനത്തിനായുള്ള ഒരു കൗണ്‍സില്‍ ഏതുനിലയ്ക്കാണ് ഇത്തരമൊരു ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എല്ലാ മാനദണ്ഡങ്ങളും തെറ്റിച്ച് ഇവിടെ നിര്‍മിക്കുന്നതെന്നതിനു സര്‍ക്കാര്‍ തന്നെ ഉത്തരം പറയണമെന്നും ആവശ്യം ഉയരുന്നുണ്ട്. ഈ നിയമലഘംനത്തിനു പിന്നില്‍ ചരടുവലിക്കുന്ന സ്വകാര്യവ്യക്തിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും പ്രസ്തുത ഭൂമിയിലെ എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും ഒഴിപ്പിച്ച് ഭൂമി സര്‍ക്കാര്‍ വകയായി തന്നെ നിലനിര്‍ത്തണമെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഒപ്പം ഇതിനു കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി വേണമെന്ന് പ്രദേശവാസികള്‍ പറയുന്നു. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ലഭിച്ചിരിക്കുന്ന പരാതി തുടര്‍നടപടികള്‍ക്കായി കെഡിഎച്ച് വില്ലേജ് ഓഫിസിലേക്ക് കൈമാറിയിട്ടുണ്ട്.

മന്ത്രിസഭാ അനുമതിയോ ഇടുക്കി ജില്ല കളക്ടറുടെ അനുമതിയോ ഇതുവരെ ലഭിച്ചിട്ടില്ലാത്ത ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നിര്‍മാണത്തിന്, ഈ വസ്തുതകളെല്ലാം മറച്ചുവച്ച് നിര്‍മാണപ്രവര്‍ത്തികളുമായി മുന്നോട്ടുപോകാന്‍ ആരാണു ധൈര്യം കൊടുക്കുന്നതെന്നത് വലിയൊരു ചോദ്യമാണ്. സ്വകാര്യവ്യക്തികളുടെ കയ്യേറ്റങ്ങള്‍ക്കെതിരേ നടപടിയെടുക്കേണ്ട സര്‍ക്കാര്‍ തന്നെ മൂന്നാറില്‍ കയ്യേറ്റം നടത്തുന്നതിന് ഉദാഹരണമാണ് ഡിറ്റിപിസിയുടെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നിര്‍മാണം എന്ന ആക്ഷേപത്തിന് ആരു മറുപടി പറയും? അല്ലെങ്കില്‍ ആര് ഈ നിര്‍മാണം തടയും? സര്‍ക്കാര്‍ അനുമതിയോ ജില്ല കളക്ടറുടെ എന്‍ഒസിയോ ഇല്ലാതെ തന്നെയാണ് ഇവ നടക്കുന്നതെന്നും വ്യക്തമാക്കി ദേവികുളം സബ് കളക്ടര്‍, ജില്ല കളക്ടര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്ന കാര്യങ്ങള്‍: റെയിന്‍ ഷെല്‍ട്ടര്‍. ചില്‍ഡ്രന്‍സ് പാര്‍ക്ക്, സെമിസര്‍ക്കിള്‍ ഗാര്‍ഡന്‍, ഷോപ്പ്, അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്, ടിക്കറ്റ് കൗണ്ടര്‍, ടോയ്‌ലെറ്റ് ബ്ലോക്ക്, ഫുഡ് കിയോസ്‌ക് എന്നിവയുടെ നിര്‍മാണം നിലവില്‍ നടന്നുകൊണ്ടിരിക്കുയാണന്നാണ്. ഇതിനായി മൂന്നാര്‍ ദേവികുളം റോഡില്‍ ഈ പ്രദേശത്തിനോട് ചേര്‍ന്ന് ഉദ്ദേശം നൂറുലോഡ് കരിങ്കല്‍ ഇറക്കിയിട്ടിട്ടുമുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ മൂന്നാറില്‍ കെട്ടിടനിര്‍മാണ ചട്ടം കൊണ്ടുവരുന്ന സര്‍ക്കാര്‍ തന്നെയാണതും ചെയ്യുന്നതെന്ന് ഓര്‍ക്കണം.


Next Story

Related Stories