TopTop

മൂന്നാര്‍: റിസോര്‍ട്ട് മുതലാളിമാരുടെ സ്വരം മാത്രം ഉറക്കെ മുഴങ്ങുന്നതെന്തുകൊണ്ടാണ്?

മൂന്നാര്‍: റിസോര്‍ട്ട് മുതലാളിമാരുടെ സ്വരം മാത്രം ഉറക്കെ മുഴങ്ങുന്നതെന്തുകൊണ്ടാണ്?
ദേവീകുളം സബ്കളക്ടറുടെ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടിയും അതിനെതിരെ പ്രാദേശിക സിപിഎം നേതാക്കളുടെ എതിര്‍പ്പുമാണ് മൂന്നാറിനെ വീണ്ടും വാര്‍ത്തകളില്‍ സജീവമാക്കിയിരിക്കുന്നത്. ദേവീകുളം സബ് കളക്ടര്‍ ശ്രീരാം വെങ്കിട്ടരാമനെ മാറ്റണമെന്ന ആവശ്യവുമായി എസ് രാജേന്ദ്രന്‍ എംഎല്‍എയും മന്ത്രി എംഎം മണിയുമടക്കമുള്ള സിപിഎം നേതാക്കള്‍ രംഗത്തെത്തി. ഇതിനിടെ എസ് രാജേന്ദ്രന്‍ ഭൂമി കയ്യേറിയാണ് വീട് വച്ചിരിക്കുന്നതെന്ന് ആരോപണവും വീണ്ടും വന്നു. മൂന്നാറിലെ എല്ലാ കയ്യേറ്റവും ഒഴിപ്പിക്കണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ശക്തമായ നടപടികള്‍ വേണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയ വിഎസ് അച്യുതാനന്ദന്‍ യുഡിഎഫിനെ കടന്നാക്രമിച്ചെങ്കിലും സത്യത്തില്‍ ലക്ഷ്യം വച്ചത് പിണറായി സര്‍ക്കാരിന്റെ മൂന്നാര്‍ നയത്തെയാണ്.

മൂന്നാറില്‍ കയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ഇക്കാര്യത്തില്‍ യാതൊരു ദാക്ഷിണ്യവുമുണ്ടാകില്ലെന്നും ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. അതേസമയം വര്‍ഷങ്ങളായി അവിടെ താമസിച്ച് വരുന്നവരെ കയ്യേറ്റക്കാരായി കാണാനാവില്ലെന്നും പിണറായി പറഞ്ഞു. നൂറ്റാണ്ടുകളായി അവിടെ താമസിച്ച് വരുന്നവരെ കയ്യേറ്റക്കാരായി കാണാനാവില്ലെന്ന് പറഞ്ഞ പിണറായി, എസ് രാജേന്ദ്രനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കും മറുപടി പറഞ്ഞിരുന്നു. രാജേന്ദ്രന്റേത് പട്ടയമുള്ള ഭൂമിയാണെന്നാണ് പിണറായിയുടെ വാദം. എന്നാല്‍ ഇന്ന് പുറത്ത് വന്ന വാര്‍ത്തകള്‍ ഇതിന് വിരുദ്ധമാണ്. മാധ്യമങ്ങളും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ള യുഡിഎഫ് നേതാക്കളും സിപിഎമ്മുകാരുടെ വീടിന് മുന്നില്‍ മാത്രം കയ്യേറ്റം അന്വേഷിച്ച് എത്തുക എന്നത് സ്വാഭാവികമാണ്. പക്ഷെ കയ്യേറ്റങ്ങളെ സംരക്ഷിക്കുന്നവരും അത് ചെയ്യുന്നവരും അതിന് മറുപടി പറയേണ്ടി വരും. അതിജീവനത്തിനായുള്ള സ്വാഭാവിക കുടിയേറ്റങ്ങളെയും വലിയ ചൂഷണത്തിന്‍റെ ഭാഗമായുള്ള കയ്യേറ്റങ്ങളേയും കൂട്ടിക്കുഴച്ച് പ്രശ്നമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.2007ല്‍ വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കുന്ന കാലത്ത് അന്ന് സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന എംഎം മണിയും എസ് രാജേന്ദ്രനും വന്‍കിട കയ്യേറ്റക്കാര്‍ക്ക് വേണ്ടി ശക്തമായി രംഗത്തെത്തിയിരുന്നു. ദൗത്യസംഘത്തിന്‍റെ നടപടികളില്‍ ശക്തമായ എതിര്‍പ്പുകളുമായി അവര്‍ രംഗത്ത് വരുന്നതും ഇതിന്‍റെ ഭാഗമായാണ്. കയ്യേറ്റം ഒഴിപ്പിക്കാന്‍ വരുന്നവന്റെ മുട്ടുകാല് തല്ലിയൊടിക്കും എന്ന പ്രസ്താവനയിലൂടെയാണ് കേരളത്തിലുടനീളം എംഎം മണി ആദ്യമായി മാധ്യമശ്രദ്ധ പിടിച്ച് പറ്റിയത്. പ്രാദേശിക നേതാക്കളും അവരെ പിന്തുണയ്ക്കുന്ന സിപിഎം സംസ്ഥാന നേതൃത്വവും ചെറുകിട കുടിയേറ്റക്കാരുടെ പേര് പറഞ്ഞ് വന്‍കിട കയ്യേറ്റക്കാരെ സുരക്ഷിതമായ മറയ്ക്കപ്പുറം നിര്‍ത്തുന്ന പ്രതീതിയുണ്ട്.

ദേവീകുളം സബ്കളക്ടര്‍ക്കെതിരെ സിപിഎം നേതാക്കള്‍ രംഗത്ത് വന്ന ഘട്ടത്തില്‍ തന്നെ സബ് കളക്ടറുടെ നടപടികളെ ശക്തമായി പിന്തുണച്ച് കൊണ്ട് വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തിയിരുന്നു. റിസോര്‍ട്ടുകളുമായി ബന്ധപ്പെട്ടുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തള്ളിക്കളഞ്ഞും പരോക്ഷമായി വിമര്‍ശിച്ചുമാണ് വിഎസ് രംഗത്തെത്തിയിരിക്കുന്നത്. എസ് രാജേന്ദ്രനും എംഎം മണിക്കുമെതിരെ ആഞ്ഞടിക്കുകയും ചെയ്തു. കയ്യേറ്റമൊഴിപ്പിക്കാന്‍ വരുന്നവരുടെ കൈ വെട്ടും, കാല്‍ വെട്ടും രണ്ട് കാലില്‍ നടത്തില്ല തുടങ്ങിയ പ്രസ്താവനകള്‍ നടത്തുന്നവരെ നിലയ്ക്ക് നിര്‍ത്താന്‍ ആവശ്യമായത് ചെയ്യണമെന്നും വിഎസ് ആവശ്യപ്പെട്ടു.സന്ദര്‍ശകരുടെ എണ്ണം കണക്കിലെടുത്തും പരിസ്ഥിതി പ്രശ്‌നങ്ങള്‍ കണക്കിലെടുത്തും മാത്രം റിസോര്‍ട്ട് നിര്‍മ്മാണത്തിന് അനുമതി എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ മൂന്നാര്‍ നഗരത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ പുതുതായി റിസോര്‍ട്ടുകള്‍ അടക്കമുള്ള വലിയ കെട്ടിട നിര്‍മ്മാണങ്ങള്‍ അനുവദിക്കാനാവില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എല്ലാ ചട്ടങ്ങളും ലംഘിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂന്നാറിന്റെ സ്വാഭാവിക പരിതസ്ഥിതിയെ നശിപ്പിച്ചിരിക്കുന്നു. കനത്ത ചൂടാണ് സന്ദര്‍ശകരെ സ്വീകരിക്കുന്നത്. മൂന്നാറിലെ ഭൂപ്രകൃതിയും കാലാവസ്ഥയും ആസ്വദിക്കാനെത്തുന്ന സന്ദര്‍ശകര്‍ക്ക് ആവശ്യം അത് നിലനില്‍ക്കുകയാണ്. അല്ലാതെ തോന്നിയ പോലെ റിസോര്‍ട്ട് കെട്ടിപ്പൊക്കുകയല്ല. വിഎസ് ഇക്കാര്യം ഓര്‍മ്മിപ്പിക്കുന്നുണ്ട്. മൂന്നാറില്‍ പരിസ്ഥിതി സൗഹാര്‍ദ്ദപരമായ റിസോര്‍ട്ട് നിര്‍മ്മാണം ഇനി ഏതായാലും സാധ്യമല്ല. മൂന്നാറിന്റെ ടൂറിസം വികസനത്തിന് ഇനിയൊരു റിസോര്‍ട്ട് ആവശ്യവുമില്ല. വൃത്തിയുള്ള ഒരു ടൗണ്‍ഷിപ്പായി അതിനെ മാറ്റാനുള്ള ശ്രമങ്ങളാണ് വേണ്ടത്. നിലവില്‍ മൂന്നാര്‍ നഗരം സഞ്ചാരികളെ സംബന്ധിച്ച് വളരെ അരോചകമായ അവസ്ഥയിലും വൃത്തികെട്ട നിലയിലുമാണുള്ളത്. മൂന്നാറിന്റെ സ്വാഭാവിക പ്രകൃതിയെ ടൂറിസം വികസനത്തിന്റെ മറപിടിച്ചുള്ള ഭൂമി കയ്യേറ്റവും റിസോര്‍ട്ട് മാഫിയകളും അത്ര ദയനീയമായ നിലയിലാണ് എത്തിച്ചിരിക്കുന്നത്.

വിഎസ് സര്‍ക്കാരിന്റെ മൂന്നാര്‍ ദൗത്യം പരാജയമാണെന്ന് പറഞ്ഞ ചെന്നിത്തലയ്ക്ക് മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ 2006 മുതല്‍ ഇതുവരെ സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികളുടെ ചരിത്രം ഓര്‍മ്മിപ്പിച്ച് വിഎസ് ചുട്ട മറുപടി നല്‍കി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒഴിപ്പിച്ച കയ്യേറ്റങ്ങളുടെ കണക്ക് ചോദിച്ചു. യുഡിഎഫിനും ചെന്നിത്തലയ്ക്കും ശക്തമായ മറുപടി നല്‍കിയെങ്കിലും ലക്ഷ്യം പിണറായിയുടെ മൂന്നാര്‍ നയമാണെന്ന് വ്യക്തം. മൂന്നാറിലെ കയ്യേറ്റങ്ങളില്‍ നയം വ്യക്തമാക്കൂ എന്ന് തന്നെയാണ് വിഎസ് ആവര്‍ത്തിക്കുന്നത്. ശക്തമായ നടപടിയുണ്ടാകുമെന്നും സബ് കളക്ടറെ മാറ്റില്ലെന്ന് പറഞ്ഞതുമെല്ലാം കൊള്ളാം. പക്ഷെ വന്‍കിട കയ്യേറ്റങ്ങള്‍ പൂര്‍ണമായും ഒഴിപ്പിച്ച് അത് പ്രയോഗത്തില്‍ കൊണ്ടുവന്ന് കാണിക്കണം എന്നാണ് വിഎസ് പറഞ്ഞു വയ്ക്കുന്നത്. പാര്‍ട്ടിയുടെ താല്‍പര്യം ഇതാണെന്നും നേതാക്കളുടെ വ്യക്തിതാല്‍പര്യങ്ങളല്ല പാര്‍ട്ടി താല്‍പര്യങ്ങളെന്നുമാണ് വിഎസ് പറയുന്നത്. സര്‍ക്കാര്‍ ചെയ്യേണ്ടതെന്താണ് എന്ന് പറയുന്നതിലൂടെ ചെയ്യാതിരിക്കുന്നത് എന്തൊക്കെയാണ് എന്ന് പറഞ്ഞ് വയ്ക്കുകയാണ് വിഎസ്. ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരായി ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി വിഎസ് പറഞ്ഞു.

1996 - 2000കാലത്ത് ടാറ്റയുടെ ഭൂമി കയ്യേറ്റവും വില്‍പ്പനയും സംബന്ധിച്ച് ഗവണ്‍മെന്റിന് കിട്ടിയ റിപ്പോര്‍ട്ടുകളും പ്രതിപക്ഷ നേതാവെന്ന നിലയില്‍ 2002 മുതല്‍ 2006 വരെ മൂന്നാറുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ ഇടപെടലുകളും 2006ല്‍ തന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നാറിലെ ഭൂമി കയ്യേറ്റം ഒഴിപ്പിക്കാന്‍ സ്വീകരിച്ച നടപടികളും ഇതില്‍ നിന്ന് പുറകോട്ട് പോയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ റിസോര്‍ട്ട് മാഫിയകള്‍ അടക്കമുള്ള വന്‍കിട ഭൂമി കയ്യേറ്റക്കാരെ സംരക്ഷിച്ചതുമായ കാര്യങ്ങള്‍ നിരത്തിയാണ് വിഎസിന്റെ മറുപടി.
അന്ന് ഞങ്ങള്‍ പൊളിച്ച മൂന്നാര്‍ വുഡ്‌സ്, ക്ലൗഡ് 9, ബി 6, ബിസിജി, പോതമേട് തുടങ്ങിയ റിസോര്‍ട്ടുകളെല്ലാം കാടായി നിലനില്‍ക്കുന്നുണ്ടല്ലോ. എന്നാല്‍, തിരുവഞ്ചൂര്‍ റവന്യൂ മന്ത്രിയായിരുന്ന കാലത്ത് കൊട്ടിഘോഷിച്ച് ഏറ്റെടുത്ത ചിന്നക്കനാലിലെ 'ജോയ്‌സ് റിസോര്‍ട്ട്' ഉടമകളുടെ കയ്യില്‍ എങ്ങനെ തിരിച്ചെത്തി എന്ന കാര്യം ചെന്നിത്തല അന്വേഷിച്ചിട്ടുണ്ടോ? അന്ന് സ്റ്റോപ് മെമ്മോ കൊടുത്ത് നിര്‍ത്തിയിരുന്ന പള്ളിവാസല്‍, ചിത്തിരപുരം, പോതമേട്, ചിന്നക്കനാല്‍ ലക്ഷ്മി തുടങ്ങിയ സ്ഥലങ്ങളില്‍ കെട്ടിടങ്ങളുണ്ടായതും പലതിന്റേയും ഉദ്ഘാടനം കഴിഞ്ഞതും മൂന്നാറിലേക്ക് യാത്രപോയ രമേശ് ചെന്നിത്തല നേരിട്ട് കണ്ടുകാണും എന്ന് കരുതുന്നു
- വിഎസിന്റെ പരിഹാസം ഇങ്ങനെ പോകുന്നു. ചെന്നിത്തലയുടെ പാര്‍ട്ടിക്കാരനായ ദേവീകുളം മുന്‍ എംഎല്‍എ എകെ മണിയുടെ ഭൂമി കയ്യേറ്റത്തിന് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ഒത്താശ ചെയ്തതും വിഎസ് ഓര്‍മ്മിപ്പിക്കുന്നു.മൂന്നാറിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുകളയണമെന്ന 2016 നവംബറിലെ ഹൈക്കോടതി ഉത്തരവും നിയമസഭാ കമ്മിറ്റി റിപ്പോര്‍ട്ടും വിഎസ് ചൂണ്ടിക്കാട്ടുന്നു. കുടിയേറ്റങ്ങളേയും കയ്യേറ്റങ്ങളേയും കൂട്ടിക്കുഴച്ച് തെറ്റിദ്ധാരണ പരത്താനുള്ള സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെയുള്ള നീക്കങ്ങളേയും വിഎസ് തുറന്നു കാട്ടുന്നുണ്ട്. വിഎസ് പറയുന്നു:
മൂന്നാറിലെ കുടിയേറ്റക്കാരെയും കയ്യേറ്റക്കാരെയും ഒരുപോലെയല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണി കാണുന്നത്. അവിടെ നൂറ്റാണ്ടുകളായി താമസിക്കുന്നവരെ കയ്യേറ്റക്കാരായി കാണാനാവില്ല. എന്നാല്‍, അടുത്തിടെ നടന്ന കയ്യേറ്റങ്ങള്‍ ആ ഗണത്തില്‍ വരില്ല. പക്ഷെ മൂന്നാറിലെ ക്വാറികളെയും ഏലപ്പാട്ട ഭൂമിയിലെ ബഹുനില കെട്ടിട നിര്‍മ്മാണങ്ങളെയും ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. ഇത്തരക്കാര്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ ആരായാലും അത് കേരളത്തിന്റെ താല്‍പ്പര്യത്തിനു വേണ്ടിയല്ലെന്ന് വ്യക്തമാണല്ലോ. വാസ്തവത്തില്‍ ഭൂമാഫിയാ ഗുണ്ടകളുടെ നിലവാരമുള്ളവരെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. മൂന്നാറിലും പരിസര പ്രദേശങ്ങളിലും വലിയ നിക്ഷേപങ്ങളുള്ളവരെ ജനങ്ങള്‍ക്കറിയാം. അവരെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്.


ഗാഡ്ഗില്‍ റിപ്പോട്ടില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച അതേ സമീപനം തന്നെയാണ് മൂന്നാര്‍ ഓപ്പറേഷന്‍റെ ഘട്ടത്തിലും ഇപ്പോഴും കയ്യേറ്റക്കാരുടെ താല്‍പര്യം സംരക്ഷിക്കുന്ന സിപിഎമ്മിന്റെ ജില്ലാ നേതാക്കള്‍ സ്വീകരിക്കുന്നത്. സാധാരണക്കാരെ കുടിയൊഴിപ്പിക്കുന്നു, ഇറക്കിവിടുന്നു, പെരുവഴിയിലാക്കുന്നു എന്നൊക്കെ പ്രചരിപ്പിക്കുക. ഇപ്പോള്‍ ദേവീകുളം സബ് കളക്ടര്‍ക്കെതിരായ നീക്കങ്ങളേയും റവന്യു മന്ത്രി ഇ ചന്ദ്രശേഖരനെതിരായ എസ് രാജേന്ദ്രന്റെ പരാമര്‍ശങ്ങളേയും എതിര്‍ത്ത് രംഗത്ത് വരുന്ന സിപിഐയും സ്വന്തം പാര്‍ട്ടി ഓഫീസ് നില്‍ക്കുന്ന സ്ഥലം അടക്കമുള്ള കയ്യേറ്റങ്ങള്‍ നിലനിര്‍ത്താന്‍ വേണ്ടി വാദിച്ചവരും ഇത്തരം കള്ളങ്ങള്‍ പ്രചരിപ്പിച്ചവരുമാണ്. മൂന്നാറിലെ വിഎസ് സര്‍ക്കാരിന്റെ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടിക്കിടെ എത്ര സാധാരണ കര്‍ഷകരേയും തൊഴിലാളികളേയും ഇത്തരത്തില്‍ പെരുവഴിയിലാക്കിയിട്ടുണ്ട് എന്നൊരു അന്വേഷണം നടത്തേണ്ടതുണ്ട്. ക്ലൗഡ് 9 റിസോര്‍ട്ട് പൊളിച്ചാല്‍ അത് മൂന്നാറിലെ സാധാരണക്കാരനെ സംബന്ധിച്ച് യാതൊരു ബുദ്ധിമുട്ടുമുണ്ടാക്കുന്നതല്ല.

അതേസമയം മൂന്നാറില്‍ ലായങ്ങളിലും മറ്റുമായി ദുരിത സമാനമായ സാഹചര്യത്തില്‍ ജീവിക്കുന്ന നിരവധി തേയില തൊഴിലാളികളുണ്ട്. വിഎസ് പറഞ്ഞ പോലെ റിസോര്‍ട്ടുകള്‍ കാടായി നിലനില്‍ക്കുന്നത് നല്ല കാര്യം. മൂന്നാറില്‍ കാടുകള്‍ അനിവാര്യമാണ്. എന്നാല്‍ മൂന്നാറിലെ ഭൂരഹിതര്‍ക്ക് ഭൂമി ഉറപ്പാക്കാന്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിലൂടെ എന്തുകൊണ്ട് കഴിഞ്ഞില്ല എന്ന ചോദ്യം ബാക്കിയാണ്. പൊമ്പിളൈ ഒരുമൈ അടക്കമുള്ളവര്‍ നടത്തിയ സമരങ്ങളുടെ സമയത്ത് മൂന്നാറിലെ തൊഴിലാളികളുടെ ദുരിതപൂര്‍ണമായ ജീവിതസാഹചര്യങ്ങളുമായി ബന്ധപ്പെട്ട് നിരവധി വിവരങ്ങള്‍ പുറത്തു വന്നിരുന്നു. കയ്യേറ്റം ഒഴിപ്പിച്ച് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി വീണ്ടും സര്‍വേ നടത്തി കണ്ടെത്തേണ്ടി വരുന്ന അവസ്ഥ എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന കാര്യം അന്വേഷിക്കണം.

ഭൂരഹിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതിരിക്കാന്‍ കാരണം അനധികൃത കയ്യേറ്റം കൂടിയാണ്. ഒരു ഭാഗത്ത് സാധാരണക്കാരുടെ പേര് പറഞ്ഞ് മറുഭാഗത്ത് റിസോര്‍ട്ട് മുതലാളിമാരുടെ താല്‍പര്യം സംരക്ഷിക്കുന്നവര്‍ കാണാത്തതും ഇതൊക്കെയാണ്. ഭൂമിക്ക് മേല്‍ അര്‍ഹതപ്പെട്ടവര്‍ക്ക് അവകാശം നിഷേധിക്കുകയും അവരുടെ പേര് പറഞ്ഞ് വന്‍കിട ഭൂമാഫിയകളുടെ താല്‍പര്യം സംരക്ഷിച്ച് അവരുടെ ആളുകളായി നില്‍ക്കുകയും ചെയ്യുന്ന വൈരുദ്ധ്യമാണ് മൂന്നാറിലുള്ളത് എന്ന് വ്യക്തം.

Next Story

Related Stories