TopTop
Begin typing your search above and press return to search.

ഇത്രയും നാള്‍ എവിടെയായിരുന്നു നീങ്കള്‍

ഇത്രയും നാള്‍ എവിടെയായിരുന്നു നീങ്കള്‍

അഡ്വക്കേറ്റ് മനു സെബാസ്റ്റ്യന്‍

മൂന്നാറെന്ന് കേള്‍ക്കുമ്പോള്‍ മലയാളിയുടെ മനസില്‍ ഓടിയെത്തുന്നത് മൂന്നാറിലെ കുളിരും കൈയേറ്റം ഒഴിപ്പിക്കാനെത്തിയ വിഎസിന്റെ കോട്ടിട്ട പൂച്ചകളും ആണ്. മൂന്നാറിനെ ഒരു ദിവസത്തിനപ്പുറം മാധ്യമങ്ങളുടെ ശ്രദ്ധയില്‍ നിര്‍ത്തുന്ന വാര്‍ത്തകളും വരാറില്ല. വിനോദ സഞ്ചാരികളായ ദമ്പതികള്‍ക്കുനേരേ വല്ലപ്പോഴും നടക്കുന്ന സദാചാര ആക്രമണങ്ങളും പിന്നെ അപൂര്‍വമായി മാത്രം മൂന്നാറെന്ന നാട്ടുരാജ്യം സന്ദര്‍ശിക്കാന്‍ എത്തുന്ന ടാറ്റാ കുടുംബത്തിന്റെ തലൈവനും മാത്രമാണ് മൂന്നാറിന് കോട്ടിട്ട പൂച്ചകളെ കൂടാതെ വാര്‍ത്തകളില്‍ ഇടം നല്‍കുന്നതും. എന്നാല്‍ കഴിഞ്ഞ ആഴ്ച മൂന്നാര്‍ കലുഷിതമായതു കണ്ടു കേരളം ആശ്ച്ചര്യപ്പെട്ടിടുണ്ടാകും. ഇങ്ങനെയും ജീവിതങ്ങള്‍ ഇവിടെയുണ്ടോ?

മനം കുളിര്‍പ്പിക്കുന്ന തേയിലത്തോട്ടങ്ങളുടെ മനോഹരമായ പോസ്റ്റ് കാര്‍ഡ് ചിത്രങ്ങള്‍ ഇത്രയും കാലം മറച്ചു വച്ചിരുന്ന അവിടുത്തെ തൊഴിലാളി സ്ത്രീകളുടെ കണ്ണീരും രോഷവും രോദനവും അണപൊട്ടി ഒഴുകിയപ്പോള്‍, കേരള ചരിത്രം ഇത് വരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു നിലനില്പ്പ് സമരം രൂപം കൊള്ളുകയായിരുന്നു. ഭൂമിയോളം താഴ്ന്നു എല്ലാം സഹിക്കുന്ന സ്ത്രീ, അവസാനം ക്ഷമയുടെ നെല്ലിപലക തകരുമ്പോള്‍, രൗദ്രഭാവം പൂണ്ട് സംഹാരരൂപിണിയായി അവതരിക്കുന്ന സങ്കല്‍പം നമ്മുടെ മിത്തുകളില്‍ ഉണ്ട്. വിജയം കാണാതെ പിന്മാറില്ലാത്ത സ്ത്രീശക്തിയുടെ ഭാവം ഉള്‍കൊള്ളുന്ന സങ്കല്‍പം. അത്തരം സങ്കല്പത്തിന്റെ മൂര്‍ത്ത ഭാവമാണ് മൂന്നാറില്‍ കണ്ടത്. അങ്ങനെ പത്രങ്ങളുടെ പ്രാദേശിക പേജുകളില്‍ നിന്നും ഒന്നാം പേജിന്റെ മുഖ്യ തലക്കെട്ടായി ആ ജീവിതങ്ങള്‍ കയറി വന്നു.

സഹജീവികള്‍ നിലനില്‍പ്പിനായി സമരം ചെയ്യുമ്പോള്‍, മദ്ധ്യവര്‍ഗ്ഗകുടുംബത്തിന്റെ സുരക്ഷിതത്വത്തിലും ആലസ്യത്തിലും ഒതുങ്ങി കൂടുന്നതില്‍ സ്വയം തോന്നിയ കുറ്റബോധമാണോ; അതോ, ജന്മദേശത്തു നിന്ന് മൂന്നു മണിക്കൂര്‍ മാത്രം യാത്രയകലത്തില്‍ അരങ്ങേറുന്ന ചരിത്രസംഭവത്തില്‍ തോന്നിയ കൗതുകമാണോ; പ്രത്യേകിച്ച് ഒരു ക്രമവും ലക്ഷ്യവുമില്ലാതെ മുന്നേറുന്ന ജീവിതത്തില്‍, അര്‍ത്ഥവര്‍ത്തായ എന്തെങ്കിലും ഒന്നിന്റെ ഭാഗഭാക്കാകാന്‍ തോന്നിപ്പിച്ച ഉള്‍പ്രേരണയാണോ ഇതില്‍ ഏതാണ് എന്നെ മൂന്നാറിലേക്ക് നയിച്ചത് എന്നറിയില്ല. ഏതായാലും കഴിഞ്ഞ ഞായറാഴ്ച രാവിലെ തന്നെ മൂന്നാറില്‍ എത്തി.

രാവിലെ പത്തു മണിയോട് കൂടെ നൂറു കണക്കിന് സ്ത്രീകള്‍ കൂട്ടമായി വന്നു കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ ഇരുന്നു. നഗരം അവരുടെ ഉപരോധത്തിലായി. 'പെണ്‍ ഒരുമൈ സിന്ദാബാദ്' 'തൊഴിലാളി ഐക്യം സിന്ദാബാദ്' എന്ന് തമിഴ് മുദ്രാവാക്യങ്ങള്‍ ആവേശത്തോടെ വിളിച്ചു. 'പണിയെടുക്കത് നാങ്കള്, കൊള്ളയടിപ്പതു നീങ്കള്; തേയിലകൊട്ട ഞാങ്കള്ക്ക്, പണകൊട്ട നീങ്കള്‍ക്ക്; പൊട്ട ലായങ്ങള്‍ ഞാങ്കള്ക്ക്, എ സീ ബംഗ്ലാവ് നീങ്കള്‍ക്ക്; കുപ്പത്തൊട്ടി ഞങ്ങള്ക്ക്, കൊട്ടും സൂട്ടും നീങ്കള്‍ക്ക്; കാടി കഞ്ഞി ഞാങ്കള്ക്ക്, ചിക്കന്‍, ദോശ നീങ്കള്‍ക്ക്' എന്നിങ്ങനെ, രൂക്ഷമായ അസമത്വത്തിനെയും വര്‍ഷങ്ങള്‍ നീണ്ട കൊടിയ ചൂഷണത്തിനെയും അടിവരയിടുന്ന തമിഴ് മുദ്രാവാക്യങ്ങളിലൂടെ സമരാഗ്‌നി ജ്വലിച്ചപ്പോള്‍, അവിടുത്തെ ശീതഅന്തരീക്ഷം ചൂട് പിടിച്ചു. അതിനിടെ, സമരക്കാരുടെ കൂടെ, കോണ്‍ഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണയും, ലതിക സുഭാഷും, ആര്‍.എം .പി. നേതാവ് കെ.കെ.രമയും വന്നിരുന്നപ്പോള്‍, ക്യാമറകണ്ണുങ്ങള്‍ അവരിലേക്ക് തിരിഞ്ഞു. തങ്ങളുടെ കൂട്ടത്തില്‍ രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യം ഉണ്ടെന്നറിഞ്ഞപ്പോള്‍ സമരക്കാര്‍ രോഷാകുലരായി. അവരുടെ എതിര്‍പ്പിനു വഴങ്ങി നേതാക്കള്‍ക്ക് എഴുന്നേറ്റു പോകേണ്ടി വന്നു. തങ്ങള്‍ക്കു മോഹ വാഗ്ദാനങ്ങള്‍ നല്കി കബളിപ്പിക്കുകയും, വിശ്വാസവഞ്ചന കണിക്കുകയും ചെയ്ത രാഷ്ട്രീയ പ്രസ്ഥാനത്തോട് തന്നെയുള്ള അവരുടെ പ്രതിഷേധമാണ് അവിടെ ഇരമ്പിയത്. കഴിഞ്ഞ ദിവസം അവിടെ വന്ന സ്ഥലം എം.എല്‍.എ എസ് .രാജേന്ദ്രനും അവരുടെ പ്രതിഷേധത്തിന് വഴങ്ങി പിന്‍വാങ്ങേണ്ടി വന്നു. സമരം നടക്കുന്നിടത്ത് നിന്ന് ഏകദേശം ഇരുനൂറു മീറ്റര്‍ മാറി, എസ്.രാജേന്ദ്രന്‍ നിരാഹാരസമരം നടത്തുന്നുണ്ടായിരുന്നു. ആളും ആരവവും ഇല്ലാതെ, വിരലിലെണ്ണാവുന്ന ഏതാനും പാര്‍ട്ടി അംഗങ്ങളോടൊപ്പം അരങ്ങേറിയ ആ സമാന്തര സമരം, ഒരു പ്രഹസനതിന്റെയോ, മുഖം രക്ഷിക്കാനുള്ള അടവ് നയത്തിന്റെയോ പ്രതീതി ജനിപ്പിച്ചു. കേള്‍വിക്കാരില്ലാതെ, പഴയ വിപ്ലവഗാനങ്ങള്‍ സ്പീക്കറിലൂടെ മുഴങ്ങികൊണ്ടിരുന്നു. അതിഭൗതികവാദത്തില്‍ അപചയം സംഭവിച്ച ഒരു പ്രസ്ഥാനത്തിന്റെ ചിന്തയും പ്രവര്‍ത്തിയും തമ്മിലുള്ള വൈരുദ്ധ്യം ആയിരിക്കണം അവിടെ മുഴങ്ങി കേട്ടത്.



പതിനൊന്നരയോടെ പ്രതിപക്ഷ നേതാവ് സഖാവ് വി.എസ് അച്യുതാനന്ദന്‍, സമരക്കാരില്‍ ആവേശം പടര്‍ത്തിക്കൊണ്ട് അവിടെ എത്തി ചേര്‍ന്നു. ഒരു താരരാജാവിനു സമമായ വരവേല്‍പ്പാണ് വി.എസിന് അവിടെ ലഭിച്ചത്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും, തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ താന്‍ ഇവിടെ നിന്നും പോവുകയില്ല എന്നും അദ്ദേഹം പറഞ്ഞപ്പോള്‍, വമ്പിച്ച കരഘോഷത്തോടെ അവര്‍ എതിരേറ്റു. കേരള രാഷ്ട്രീയം സജീവമായി പിന്തുടരാത്ത, തമിഴ് വംശജരായ തൊഴിലാളികളുടെ മനസ്സില്‍ കയറിപറ്റാനായി എന്നത് വി.എസിന്റെ രാഷ്ട്രീയ സാമര്‍ഥ്യത്തിന്റെയും ജനസമ്മിതിയുടെയും ദൃഷ്ടാന്തമാണ്.

പിന്നീട്, പാര്‍വതി എന്ന തൊഴിലാളി നേതാവ് സമരക്കാരുടെ ആവശ്യങ്ങളെ പറ്റി വിശദീകരിച്ചു. തങ്ങളുടേത് വെറും ഒരു വൈകാരിക പ്രതികരണമല്ലെന്നും, ആവശ്യങ്ങള്‍ ന്യായവും യുക്തവും ആണെന്നും, കണക്കുകളുടെ അടിസ്ഥാനത്തില്‍ അവര്‍ വസ്തുനിഷ്ഠമായി അവതരിപ്പിച്ചു.

തൊഴിലാളികളുക്ക് കുമ്പിളില്‍ കഞ്ഞി വിളമ്പുമ്പോള്‍ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ലക്ഷങ്ങളുടെ ശമ്പളവര്‍ദ്ധനവ് യതൊരു തര്‍ക്കവുമില്ലാതെ നല്‍കുന്നു. അവര്‍ തൊഴിലാളികളുടെ കാര്യം വരുമ്പോള്‍ കൈ മലര്‍ത്തുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ ബംഗ്ലാവും, ക്ലബ് ഹൗസും, പാര്‍ട്ടികളും, ടൂറും ഒക്കെ ഉള്‍പെടുന്ന ആഡംബര ജീവിതശൈലിയാണ് കമ്പനിയുടെ ലാഭകുറവിനു കാരണം. തൊഴിലാളിയുടെ വിയര്‍പിന്റെയും കണ്ണീരിന്റെയും ചെലവില്‍ അവര്‍ ആഡംബര ജീവിതം നയിക്കുന്നു. തൊഴിലാളികളുടെ ലായങ്ങളും ആശുപത്രികളും സ്‌കൂളുകളും എല്ലാം ശോചനീയഅവസ്ഥയില്‍ ആണ്. തൊഴിലാളികള്‍ ഓഹരി ഉടമകള്‍ ആണെങ്കിലും കൃത്യമായ കണക്കുകള്‍ അവരെ ബോധ്യപെടുത്തുന്നില്ല. കമ്പനിയുടെ കണക്കുകളില്‍ വന്‍ തിരിമറി ഉണ്ടെന്നും, അതിലേക്കു വിജിലന്‍സ് അന്വേഷണം വേണമെന്നും അവര്‍ ആവശ്യപെട്ടു. തങ്ങളുടെ കൂട്ടത്തിലും 'പഠിച്ച പയ്യങ്ങള്‍' ഉണ്ടെന്നും, പൂര്‍വികരെ പോലെ തങ്ങളെ കബളിപ്പിക്കാന്‍ ആവില്ല എന്നും അവര്‍ ഓര്‍മിപ്പിച്ചു.

ഇതൊരു തൊഴിലുടമയും തൊഴിലാളിയും തമ്മിലുണ്ടാകുന്ന ഒരു സാധാരണ തൊഴില്‍ തര്‍ക്കമല്ല. കാരണം, ഇവിടെ തൊഴിലാളികള്‍ തന്നെയാണ്, ഒരര്‍ത്ഥത്തില്‍, തൊഴിലുടമകള്‍. തൊഴിലാളികള്‍ക്ക് ഭൂരിപക്ഷ ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണ് 2008-ല്‍ രൂപം കൊണ്ട Kannan Devan Hill Plantation Company(KDHP). അതിനു മുമ്പ് കണ്ണന്‍ ദേവന്‍ തേയില തോട്ടങ്ങള്‍ നിയന്ത്രിച്ചിരുന്ന ടാറ്റാ ടീ കമ്പനി, 2008-ല്‍ പിന്‍വാങ്ങി. KDHP-ല്‍ 18% ന്യൂനപക്ഷ ഓഹാരി ടാറ്റാ ടീ കമ്പനിക്കും, ബാക്കി തൊഴിലാളികള്‍ക്കും ആയാണ് KDHP രൂപീകൃതമായത്. അംഗീകൃത യൂണിയനുകളുടെ നേതാക്കളാണ് കമ്പനി ബോര്‍ഡില്‍ തൊഴിലാളികളെ പ്രതിനിധാനം ചെയ്യുന്നത്. 1877-ല്‍ ജോണ്‍ മണ്‍റോ (John Munroe) എന്ന ബ്രിട്ടീഷുകാരന്‍, പൂഞ്ഞാര്‍ രാജാവിന്റെ പക്കല്‍ നിന്നും കണ്ണന്‍ ദേവന്‍ മലനിരകള്‍ തേയില കൃഷിക്കായി പാട്ടത്തിന് എടുത്തതിന് ശേഷം, 1897-ല്‍ രൂപം കൊണ്ട Kannan Devan Hill Produce Company(KDHP) എന്ന കൊളോണിയല്‍ കമ്പനിയുടെ അതേ ചുരുക്കപേരാണ് തൊഴിലാളകളുടെ കമ്പനിക്കും എന്നത് ചരിത്രത്തിന്റെ യാദൃശ്ചികതയാകം. എന്തായാലും, കാലചക്രം ഒരു വട്ടം തിരിഞ്ഞു നില്കുമ്പോഴും, തങ്ങളുടെ മുന്‍ഗാമികളുടെ പരിതാപകരമായ അവസ്ഥയില്‍ നിന്ന് വലിയ മാറ്റമൊന്നും ഇവര്ക്ക് ഉണ്ടായിട്ടില്ല. തങ്ങളുടെ താല്പര്യങ്ങള്‍ കമ്പനി ബോര്‍ഡില്‍ സംരക്ഷിക്കേണ്ട നേതാക്കള്‍ തങ്ങളെ വഞ്ചിച്ചു എന്ന ബോധ്യമാണ് അവരുടെ രോഷം ഇരട്ടിപ്പിക്കുന്നത്.

എന്തായാലും, അവരുടെ സമരം ഫലം കണ്ടു. തിരിച്ചുള്ള യാത്രയില്‍ സമരകാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കപെട്ടു എന്നും, സമരം പിന്‍വലിച്ചു എന്നും വാര്‍ത്ത കിട്ടി. ഒരു രാഷ്ട്രീയ പാര്‍ടിയുടെയോ, സാമുദായിക സംഘടനയുടെയോ പ്രകടമായ സാന്നിധ്യം ഇല്ലാത്ത, കേരള ചരിത്രത്തില്‍ മുന്‍മാതൃകകള്‍ ഇല്ലാത്ത ഈ സമരത്തിന്റെ രാഷ്ട്രീയം നിര്‍വചിക്കാന്‍ പല നിരീക്ഷകരും പാട് പെടുന്നുണ്ട്. എന്നാല്‍ ഈ സമരത്തിന് വ്യക്തമായ ഒരു രാഷ്ട്രീയമുണ്ട്. ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍, ഒരു ക്ഷേമ രാഷ്ട്രത്തില്‍, രാഷ്ട്രീയ ഇടപെടലിന്റെ അര്‍ത്ഥം, നീതിക്കും ശരിക്കും വേണ്ടി നിലകൊള്ളുക എന്നതാണ്. അങ്ങനെയെങ്കില്‍, ശുദ്ധമായ ഒരു രാഷ്ട്രീയ സമരം തന്നെയാണ് മൂന്നാറില്‍ അരങ്ങേറിയത്. അധികാരം കയ്യാളുന്നതിനു വേണ്ടിയുള്ള കുത്സിത പ്രവര്‍ത്തികളില്‍ സദാ മുഴുകിയിരിക്കുന്ന രാഷ്ട്രീയസമൂഹവും, നിലവിലുള്ള വര്‍ഗാധിപധ്യത്തെ അതേ പടി നിലനിര്‍ത്തുന്നതിനായി തങ്ങളുടെ ധൈഷണിക വിഭവങ്ങള്‍ ഉപയോഗിക്കുന്ന ബുദ്ധിജീവികളും പൗരസമൂഹവും, സഹജീവികളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഗൗനിക്കാതെ സ്വന്തം ജീവിതം സുരക്ഷിതമാക്കുന്നതിലും തടി കേടാക്കാതെ ജീവിക്കുനതിലും മാത്രം ശ്രദ്ധ ചെലുത്തുന്ന മദ്ധ്യവര്‍ഗ സമൂഹവും അല്ലേ, അങ്ങനെ നോക്കുമ്പോള്‍, ശരിയായ അരാഷ്ട്രീയവാദികള്‍. അവരോടൊക്കെയായി ചൂഷിത വര്‍ഗം വ്യംഗമായി ചോദിക്കുന്ന ചോദ്യമുണ്ട് : 'ഇത്രയും നാള്‍ എവിടെയായിരുന്നു നിങ്ങള്‍? ഞങ്ങളുടെ പെണ്ണുങ്ങള്‍ക്ക് ഒന്‍പത് ദിവസം തെരുവുകള്‍ ഉപരോധിക്കേണ്ടി വന്നു നിങ്ങളുടെ കണ്ണുകളും കാതുകളും തുറപ്പിക്കാന്‍'.

'One day the apolitical intellectuals of my coutnry will be asked by the humblest of our peopleWhat they did when their coutnry was slowly dying out? What did you do when the poor suffered, when tenderness and life were slowly burning out in them' Otto Rene Castillo

Next Story

Related Stories