TopTop
Begin typing your search above and press return to search.

വെള്ളാപ്പള്ളിമാരുടെ പിറകെയല്ല; മൂന്നാറിലെ തൊഴിലാളികളുടെ പുറകേയാണ് കമ്മ്യൂണിസ്റ്റുകാര്‍ പോകേണ്ടത്

വെള്ളാപ്പള്ളിമാരുടെ പിറകെയല്ല; മൂന്നാറിലെ തൊഴിലാളികളുടെ പുറകേയാണ് കമ്മ്യൂണിസ്റ്റുകാര്‍ പോകേണ്ടത്

മൂന്നാറിലേത് ഒരു അസാധാരണ തൊഴില്‍ സമരമാണ്. അത് മുതലാളിയും തൊഴിലാളിയും തമ്മിലല്ല. ഒരു വിഭാഗം മുതലാളിമാരും മറുവിഭാഗം മുതലാളിമാരും തമ്മിലാണ്. കാരണം, 2005 ന് ശേഷം - ടാറ്റ കണ്ണന്‍ദേവന്‍ കമ്പനി വിട്ടതിനു ശേഷം - കമ്പനി ഉടമസ്ഥര്‍ കൂടിയാണ് അവിടുത്തെ തൊഴിലാളികള്‍. ലാഭവിഹിതത്തിന്റെ ഡിവിഡന്റിന് അര്‍ഹരായ മുതലാളിമാരായ തൊഴിലാളികളാണ് മൂവായിരം രൂപ വീതമുള്ള അധിക ബോണസ് ആവശ്യപ്പെട്ട് നടുറോഡില്‍ സമരം ചെയ്യുന്നത്. ഒരു വിഭാഗം മുതലാളിമാര്‍ മുതലാളിമാര്‍ കുടിയായ തൊഴിലാളികള്‍ നുള്ളിയെടുത്ത തേയില കൊളുന്ത് വിറ്റ് ഏറ്റവും മുന്തിയ ജീവിത സൗകര്യത്തില്‍ ജീവിക്കുമ്പോള്‍ മറ്റൊരു വിഭാഗം മുതലാളിമാര്‍ - മൂന്നുനേരവും ആഹാരത്തിനു വഴിയില്ലാതെ, ചോര്‍ന്നൊലിക്കുന്ന ലായങ്ങളില്‍ താമസിക്കുന്ന മുതലാളിമാര്‍ - തീരെ നിസ്സാരമായ ഒരു തുകയ്ക്കുവേണ്ടി റോഡില്‍ കുത്തിയിരുന്നു സമരം ചെയ്യുന്നു.

2005 ലാണ് കണ്ണന്‍ദേവന്‍ ഹില്‍ പ്ലാന്റേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് (കെ.ഡി.എച്ച്.പി.) എന്ന കമ്പനി നിലവില്‍ വരുന്നത്. അതുവരെ എസ്റ്റേറ്റ് നടത്തിയിരുന്നത് ടാറ്റാ ടീ കമ്പനിയായിരുന്നു. എട്ട് കോടി രൂപ നഷ്ടത്തിലായിരുന്നു 2005 ല്‍ കമ്പനി. പുതിയ കമ്പനി (കെ.ഡി.എച്ച്.പി.) നിലവില്‍ വന്നത് എസ്റ്റേറ്റിലേയും കമ്പനിയിലേയും തൊഴിലാളികളെ കൂടി മുതലാളിമാരാക്കിക്കൊണ്ടായിരുന്നു. തൊഴിലാളികള്‍ക്ക് 68 ശതമാനം ഷെയറും ടാറ്റാ ടീയ്ക്ക് 14 ശതമാനവും മറ്റു ട്രസ്റ്റുകള്‍ക്ക് 18 ശതമാനം ഷെയറുമാണുള്ളത്. ഇതില്‍ തൊഴിലാളികള്‍ക്കുള്ള ഷെയറില്‍ മാനേജ്‌മെന്റിനും കമ്പനിയിലെ സ്റ്റാഫിനും എസ്റ്റേറ്റിലെ കൊളുന്തു നുള്ളുന്ന തൊഴിലാളികള്‍ക്കും പങ്കുണ്ട്. ഇതില്‍ ഭൂരിഭാഗവും തൊഴിലാളികളാണ്. എന്നാല്‍, 9 അംഗ ഡയറക്ടര്‍ ബോര്‍ഡില്‍ തൊഴിലാളികളുടെ പ്രതിനിധിയായി (മുതലാളിമാരായ തൊഴിലാളികള്‍ എന്നു വായിക്കുക) ഒരു സ്ത്രീ മാത്രം. അവരെയാകട്ടെ, കമ്പനി മാനേജ്‌മെന്റ് തന്നെ തിരഞ്ഞെടുത്തതും.

പുതിയ കമ്പനിയില്‍, സ്വാഭാവികമായും തൊഴിലാളികള്‍ക്ക് കൂടുതല്‍ താല്‍പ്പര്യമുണ്ടായി. അതുകൊണ്ട് തന്നെ 2009 ല്‍ കമ്പനി 41 കോടി രൂപ ലാഭമുണ്ടാക്കി. ഇതിനു പ്രധാന കാരണം തൊഴിലാളികളുടെ ഉടമസ്ഥതാബോധമാണെന്നാണ് അന്ന് കമ്പനി മാനേജ്‌മെന്റ് പറഞ്ഞത്. എന്നാല്‍ വാസ്തവം ഇതല്ല.

പുതിയ മാനേജ്‌മെന്റ് തൊഴിലാളികളുടെ എണ്ണം കുറച്ചു. തൊഴില്‍സമയം തുടങ്ങുന്നത് രാവിലെ എട്ട് മണിയെന്നത് ഏഴ് മണിയാക്കി. ആളൊന്നിന് 18 കി.ഗ്രാം കൊളുന്ത് പ്രതിദിനം നുള്ളണം എന്നത് 25 കി.ഗ്രാം ആക്കി കൂട്ടി. പണിസമയത്ത് തൊഴിലാളികള്‍ തമ്മില്‍ നടത്തുന്ന സൗഹൃദസംഭാഷണങ്ങള്‍ക്കു പോലും വിലക്കേര്‍പ്പെടുത്തി. കാഷ്വല്‍ ലീവ്, സിക്‌നസ്സ് ലീവ് എന്നിവ വെട്ടിക്കുറച്ചു. രോഗബാധിതര്‍ക്ക് പോലും പ്രത്യേക ആനുകൂല്യം നല്‍കിയില്ല. നിശ്ചിത തൂക്കത്തിന് പുറമേ കൊളുന്ത് നുള്ളുന്നതിന് കി.ഗ്രാം ഒന്നിന് 50 പൈസ ഇന്‍സെന്റീവ് എന്ന പഴയ നിരക്ക് തുടര്‍ന്നുവെങ്കിലും ഏതെങ്കിലും കാരണവശാല്‍ ഒരു ദിവസം വരാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിന് പകരമായി പണി ചെയ്ത ഒരു ദിവസം സംഭരിച്ച തേയില കൊളുന്ത് കമ്പനി എടുക്കും. അതായത്, ഇന്‍സെന്റീവിനു വേണ്ടി ചെയ്ത പണിയെല്ലാം വെള്ളത്തിലാകും. മഴക്കാലത്ത് ധരിക്കാനുള്ള റെയിന്‍കോട്ടും തണുപ്പുകാലത്ത് ധരിക്കാനുള്ള കമ്പിളിപ്പുതപ്പും വിതരണം ചെയ്യുന്നത് നിര്‍ത്തലാക്കി. മുന്‍ മാനേജ്‌മെന്റ് വെല്‍ഫെയര്‍ ആക്ടിവിറ്റീസിന് ധാരാളം പണംമുടക്കിയതുകൊണ്ടാണ് കമ്പനിക്ക് നഷ്ടമുണ്ടായത് എന്നു കാണിച്ച് അതെല്ലാം നിര്‍ത്തലാക്കി; അല്ലെങ്കില്‍ ഗണ്യമായ രീതിയില്‍ വെട്ടിക്കുറച്ചു. അടുത്ത ഏഴ് വര്‍ഷത്തേക്ക് ശമ്പള വര്‍ദ്ധനവ് ഉണ്ടാവില്ല എന്നും അറിയിച്ചു. ആഴ്ചയില്‍ 50 രൂപ വച്ചുണ്ടായിരുന്ന റേഷന്‍ അലവന്‍സ് നിര്‍ത്തലാക്കി. യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം വന്നു. ചോദ്യം ചെയ്തവരെ ദൂരസ്ഥലങ്ങളിലേക്ക് മാറ്റി. (കമ്പനിയുടെ കീഴില്‍ എട്ട് സ്ഥാപനങ്ങളുണ്ട്.) തൊഴിലാളികളുടെ മക്കള്‍ക്ക് നല്‍കിവന്നിരുന്ന വിദ്യാഭ്യാസ സഹായം നിര്‍ത്തലാക്കി. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത് നിരുത്സാഹപ്പെടുത്തി. (തേയില നുള്ളാന്‍ അടുത്ത തലമുറയെ ഉറപ്പാക്കണമല്ലോ.) രോഗികളെ ആസ്പത്രിയിലെത്തിക്കാനുള്ള വാഹന സഹായം നിര്‍ത്തി.ഇതുകൂടാതെ, വേറെ ചില കുത്സിത നടപടികളും ഉണ്ടായി. തൊഴിലാളികളെ നിലയ്ക്കുനിര്‍ത്താന്‍ ഗുണ്ടകളുടെ സഹായം തേടി. സ്ത്രീകള്‍ക്കെതിരെ ലൈംഗിക അതിക്രമങ്ങള്‍ കൂടി. പുതുതായി തൊഴിലാളികളെ നിയമിച്ചില്ല. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വ്യത്യസ്തമായ വേതനം കൊടുത്തു. തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകളിലേക്കു മാത്രം പലപ്പോഴും വൈദ്യുതി മുടങ്ങി.

എസ്റ്റേറ്റിലെ ആശുപത്രികളില്‍ ഉള്ള ഏറ്റവും ആധുനിക ഉപകരണം എക്‌സ്‌റേയാണ്. ഇക്കാലത്ത്, ഏതു കാര്യത്തിനും സ്‌കാന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുമ്പോള്‍ തൊഴിലാളികള്‍ സ്വകാര്യസ്ഥാപനങ്ങളില്‍ പോയി സ്‌കാന്‍ ചെയ്യേണ്ടിവരുന്നു. അതിനുള്ള സാമ്പത്തിക സഹായം മാനേജ്‌മെന്റ് നല്‍കുന്നില്ല. സ്വന്തം ആസ്പത്രികള്‍ നവീകരിക്കുന്നുമില്ല.

ഒരു ദിവസം 232 രൂപയാണ് രാവിലെ 7 മുതല്‍ വൈകുന്നേരം 6 മണിവരെ കൊളുന്തു നുള്ളിയാല്‍ കിട്ടുന്നത്. ഇതില്‍നിന്നു തന്നെയാണ് പി.എഫ്., ഇ.എസ്.ഐ. തുടങ്ങിയവയ്ക്കുള്ള പിടുത്തം. പുറത്ത് ഒരു ആശാരിക്ക് 800-1000 രൂപയും പെയിന്റര്‍ക്ക് അതില്‍ കൂടുതലും കൊത്തന്റെ കയ്യാളിനു തന്നെ 700 രൂപയും കിട്ടുമ്പോഴാണ് (അതും ആറു മണിക്കൂറിലേറെ പണി ചെയ്യാതെ തന്നെ) 11 മണിക്കൂറിലേറെ പണിചെയ്യുന്നവര്‍ക്ക് 232 രൂപ ശമ്പളം.

തൊഴിലാളി വിരുദ്ധമായ ഈ എല്ലാ നീക്കങ്ങള്‍ക്കും കേരളത്തിലെ പ്രമുഖ തൊഴിലാളി സംഘടനകളുടെ അനുവാദം ഉണ്ടായിരുന്നു എന്നതാണ് സത്യം. വാസ്തവത്തില്‍, അതാണ് പുതിയ മാനേജ്‌മെന്റ് ചെയ്തതിനേക്കാള്‍ ക്രൂരമായ പ്രവൃത്തി. മാനേജ്‌മെന്റ് മുതലാളിമാര്‍ തൊഴിലാളി, മുതലാളിമാരെ അവര്‍ വെറും തൊഴിലാളികളായിരുന്നപ്പോഴുള്ളതിനേക്കാള്‍ ക്രൂരമായ രീതിയില്‍ ചൂഷണം ചെയ്യുമ്പോള്‍, തൊഴിലാളികള്‍ക്കുവേണ്ടി ഉണ്ടാക്കിയ സംഘടനകളുടെ നേതാക്കള്‍ - തൊഴിലാളികളുടെ പണം കൊണ്ട് ജീവിക്കുന്നവര്‍ - തൊഴിലാളികള്‍ക്കെതിരെയുള്ള ചൂഷണത്തിന് കുടപിടിക്കുകയാണ്. അതിനവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ മാനേജ്‌മെന്റ് ഒരുക്കിക്കൊടുക്കുന്നു.

70-80 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കേരളത്തിലെ തൊഴില്‍ മേഖലകളെ ഓര്‍മ്മപ്പെടുത്തുന്ന സാഹചര്യമാണ് മൂന്നാറിലെ എസ്റ്റേറ്റ് തൊഴിലാളികള്‍ അനുഭവിക്കുന്നത്. 1957 ല്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നശേഷവും കേരളത്തിലെ എസ്റ്റേറ്റ് മേഖലകളില്‍ തൊഴിലാളി ചൂഷണം, വളരെ ക്രൂരമായ രീതിയില്‍, നടന്നുവന്നിരുന്നു. അതിന് അറുതി വരുത്തിയത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമായിരുന്നു. ടാറ്റാ എസ്റ്റേറ്റിലാകട്ടെ, അത്തരമൊരു മാറ്റത്തിന് ചുക്കാന്‍ പിടിച്ചത്, പ്രധാനമായും, എ.ഐ.ടി.യു.സി. ആയിരുന്നു. എന്നാല്‍ ഭരണത്തിന്റെ രുചിയറിഞ്ഞതോടെ, സഖാക്കന്‍മാര്‍ മുതലാളിമാരുടെ കൂട്ടികൊടുപ്പുകാരായി; കങ്കാണികളായി; തൊഴിലാളി വിരുദ്ധരായി. അതുകൊണ്ടാണ് പ്രധാനപ്പെട്ട എല്ലാ തൊഴിലാളി സംഘടനകള്‍ക്കും മൂന്നാര്‍ എസ്റ്റേറ്റില്‍ യൂണിയനുകള്‍ ഉണ്ടെങ്കിലും തൊഴിലാളികളുടെ അവസ്ഥ കേരളപ്പിറവിയ്ക്ക് മുന്‍പുള്ളതിനേക്കാള്‍ മോശമായി മാറിയത്; തൊഴിലാളി നേതാക്കന്‍മാര്‍ കൊച്ചുമുതലാളിമാരായി ജീവിക്കുന്നത്.

മൂന്നാറില്‍ ഇങ്ങനെ ഒരു അന്തരീക്ഷം എന്തുകൊണ്ട് ഉണ്ടായിയെന്ന് ഒരു തൊഴിലാളി സംഘടനയും നാളിതുവരെ സ്വയം ചോദിച്ചിട്ടില്ല. അത് ഒരു പക്ഷേ, കേരളത്തിലെ എല്ലാ തൊഴിലിടങ്ങളിലും തൊഴിലാളികളുടെ ചോരകുടിച്ചും മുതലാളിമാര്‍ക്ക് കങ്കാണിപ്പണി ചെയ്തും വളരാനുള്ളതാണ് തൊഴിലാളി സംഘടനകളും അവരുടെ നേതാക്കളും എന്ന ബോധം തൊഴിലാളി സംഘടനകളുടെ മാതൃസംഘടനാ നേതാക്കള്‍ തന്നെ അവര്‍ക്ക് കൊടുത്തതുകൊണ്ടാകാം.

ഈ പശ്ചാത്തലത്തില്‍ വേണം സി.ഐ.ടി.യു.വിനെതിരെ പഴയ വി.എസ്.ഗ്രൂപ്പ് നേതാക്കള്‍ നടത്തിയ നീക്കങ്ങളെ കാണാന്‍. ഒരു രവീന്ദ്രനാഥനോ സി.കണ്ണനോ ഒഴിച്ച് പ്രമുഖരായ പല സി.ഐ.ടി.യു. നേതാക്കളും മുതലാളിമാര്‍ക്ക് ഒത്താശ ചെയ്തുകൊടുത്തവരായിരുന്നു. പക്ഷെ, നീക്കങ്ങളുടെ ഒടുവില്‍ രവീന്ദ്രനാഥിരുന്ന സ്ഥാനത്ത് എളമരം കരീം എത്തിയെന്നത് മാര്‍ക്‌സിയന്‍ കാഴ്ച്ചപ്പാടില്‍ തീര്‍ത്തും സ്വാഭാവികം തന്നെ. History repeats first as Tragedy, Second as Farce.

ടാറ്റായുടെ കൈവശം ഇരുന്നപ്പോള്‍ തൊഴിലാളികള്‍ക്ക് ഇത്രയേറെ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നു. അത് ടാറ്റായുടെ തൊഴിലാളി സ്‌നേഹം കൊണ്ടല്ല. തൊഴിലാളികളെല്ലാം, ഒരര്‍ത്ഥത്തില്‍, ടാറ്റായുടെ പ്രജകളായിരുന്നു, മൂന്നാര്‍ മുഴുവനും ഒരര്‍ത്ഥത്തില്‍, ടാറ്റായുടെ രാജ്യമായിരുന്നു. മൂന്നാറില്‍ ടാറ്റാ നടത്തിയിരുന്ന വന്‍തോതിലുള്ള അനധികൃത കയ്യേറ്റം മറച്ചുപിടിയ്ക്കാന്‍ ഭൂരിപക്ഷം വരുന്ന തൊഴിലാളികള്‍ക്ക് ചില welfare measures കൊടുക്കുക എന്നതായിരുന്നു ടാറ്റയുടെ തന്ത്രം. ആ തന്ത്രം പോലും പുതിയ മാനേജ്‌മെന്റിന് താല്‍പ്പര്യമില്ല എന്നതാണ് സത്യം.

പാളിപ്പോയ മൂന്നാര്‍ ഓപ്പറേഷനെ കാണേണ്ടതും ഈ പശ്ചാത്തലത്തിലാണ്. മൂന്നാര്‍ കുടിയേറ്റക്കാരുടെയും ചൂഷകരുടെയും പറുദീസയാണ്. അവിടെ നിന്ന് അവരെ പിടിച്ചുപുറത്താക്കാനായിരുന്നു, ഒരു പക്ഷേ ഭൂപരിഷ്‌ക്കരണ നിയമത്തിനുശേഷം കേരളം കണ്ട ഏറ്റവും വിപ്ലവകരമായ നീക്കമായിരുന്നു, മൂന്നാര്‍ ഓപ്പറേഷന്‍. അവിടെ എല്ലാ പ്രമുഖ മുതലാളിമാര്‍ക്കും തൊഴിലാളി സംഘടനകള്‍ക്കും തൊഴിലാളി നേതാക്കന്‍മാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികളുടെ മുതലാളിമാര്‍ക്കും കൈയ്യേറ്റ ഭൂമിയുണ്ട്. സി.പി.ഐ. കയ്യേറിയ ഭൂമിയില്‍ ജെ.സി.ബി. ചെന്നതോടെയാണ് കയ്യേറ്റക്കാര്‍ സംഘടിത നീക്കം തുടങ്ങുന്നത്. ജെ.സി.ബി. അടുത്തത് ചെന്നു നില്‍ക്കുന്നത് സി.പി.ഐ. (എം)ന്റെ സ്ഥലത്തായിരിക്കും. പിന്നെ, കേരളം ഭരിയ്ക്കുന്ന കേരളാ കോണ്‍ഗ്രസുകാരുടെയും കോണ്‍ഗ്രസ് ഇടവകക്കാരുടെയും കയ്യേറ്റ ഭൂമികളില്‍. ഒടുവില്‍, ചാനല്‍ ചര്‍ച്ചകളില്‍ നിയമത്തിലെ ധാര്‍മ്മികതയെക്കുറിച്ച് വാചാലനാകുന്ന അഡ്വക്കേറ്റ് രാംകുമാറിന്റെയും അദ്ദേഹത്തിന്റെ നിശബ്ദപങ്കാളിയായ ഹൈക്കോടതി ജഡ്ജിയുടെയും കയ്യേറ്റ ഭൂമിയില്‍. അങ്ങനയാണ് സി.പി.ഐ. (എം) വി.എസിന് മൂക്കുകയറിട്ടത്; അയാളുടെ മൂക്ക് മുറിച്ചുകളഞ്ഞത്. ആദ്യമൊക്കെ കയ്യേറ്റഭൂമി ഒഴിപ്പിയ്ക്കലിന് തടസ്സം നില്‍ക്കാതിരുന്ന കോടതി പിന്നീട് ഒഴിപ്പിക്കല്‍ ശ്രമങ്ങള്‍ക്ക് സ്റ്റേ കൊടുത്തത്.റോഡില്‍ കുത്തിയിരിക്കുന്ന തൊഴിലാളികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച സി.പി.ഐ. (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ 16,000 ഹെക്ടര്‍ കയ്യേറ്റഭൂമി തിരിച്ചുപിടിച്ചു എന്ന് വീരവാദം മുഴക്കുമ്പോള്‍, എന്തിനായിരുന്നു പാര്‍ട്ടി തന്നെ ആ നീക്കത്തെ പൊളിച്ചുകളഞ്ഞു എന്ന് പറയണമായിരുന്നു.

ശത്രുപക്ഷത്തെ ആള്‍ക്കാരെ നമ്പരിട്ട് കശാപ്പ് ചെയ്തുകളഞ്ഞു എന്ന് വീരവാദം മുഴക്കിയ ഇടുക്കി മുന്‍ ജില്ലാസെക്രട്ടറി എം.എം. മണി ഈ സമരം കാണുന്നില്ലേ? കാണുന്നുണ്ട്. പക്ഷെ, ഈ സമരമുഖത്ത് എത്താന്‍ മണിയ്ക്കാകില്ല. സ്ഥലം എം.എല്‍.എ. സമരമുഖത്തെത്തിയപ്പോള്‍ സമരം ചെയ്യുന്ന സ്ത്രീകള്‍ അയാളെ അടിച്ചോടിച്ചു. എം.എല്‍.എ. മാര്‍ക്‌സിസ്റ്റ് സഖാവ് ആണെന്നോര്‍ക്കണം. സമരം ചെയ്യുന്നവര്‍ സഖാക്കളല്ല, കോണ്‍ഗ്രസുകാരല്ല, ഭാരതമാതയുടെ മക്കളുമല്ല. (സമരത്തില്‍ നുഴഞ്ഞുകയറാന്‍ ചെന്ന ഭാരതമാതാവിന്റെ മക്കളെ സമരക്കാര്‍ പറഞ്ഞയച്ചു.)

രാഷ്ട്രീയക്കാരില്ലാതെ, രാഷ്ട്രീയ നേതാക്കന്‍മാരില്ലാത്ത ഒരു രാഷ്ട്രീയ സമരം. ഇത് മാറുന്ന കേരളത്തിന്റെ, അല്ലെങ്കില്‍ മാറാന്‍ പോകുന്ന കേരളത്തിന്റെ ചൂണ്ടുപലകയാണ്. ഈ രാഷ്ട്രീയ സമരത്തിന് രണ്ടു പ്രത്യേകതകളുണ്ട്. ഒന്ന് ഇത് സ്ത്രീകളുടെ സമരമാണ്. കേരളത്തിലെ സ്ത്രീശാക്തീകരണം എന്നത് ഒരു ബോറന്‍ തമാശയാണ്. സ്വന്തം സ്ഥാപനത്തിലെ ചിന്നമുതലാളിയോടുപോലും സ്വന്തം അവകാശത്തെക്കുറിച്ച് പറയാന്‍ കഴിയാതെ, സെമിനാറിലും ലേഖനത്തിലും കൂടി സ്ത്രീശാക്തീകരണത്തിന്റെ അപാരശക്തിയെക്കുറിച്ച് വ്യാജബുദ്ധിജീവികളും കിസ് ഓഫ് ലവ് പ്രവര്‍ത്തകരും പറയുന്ന സ്ത്രീശാക്തീകരണമല്ലിത്.

രണ്ട്, ഇത് തമിഴ് സ്ത്രീകള്‍ നടത്തുന്ന സമരമാണ്. തമിഴനെ മലയാളിക്ക് പുച്ഛമാണ്. തമിഴന്റെ രാഷ്ട്രീയത്തെ പുച്ഛം. സിനിമയെ പുച്ഛം. സംസ്‌കാരത്തെ പുച്ഛം. ജീവിതരീതിയെ പുച്ഛം. കേരളം വ്യത്യസ്തമാണ്. ഉലകിതില്‍ ഇതൊന്നും മാത്രം. സാക്ഷരരുടെ നാട്. സ്ത്രീ സാക്ഷരതയുടെ കാര്യത്തില്‍ ലോക റെക്കാര്‍ഡ്. തൊഴില്‍രംഗത്തെ സ്ത്രീപ്രാധാന്യം മെച്ചപ്പെട്ടത്. സ്വന്തം അവകാശത്തെക്കുറിച്ച് നല്ല അവബോധം. രാഷ്ട്രീയപരമായി ഇന്ത്യയ്ക്കുതന്നെ മോഡല്‍. യൂണൈറ്റഡ് നാഷന്‍സ് പോലും ആദരിച്ച മുഖ്യമന്ത്രിയുള്ള നാട്. ബരാക് ഒബാമ പോലും ഭയത്തോടെ നോക്കിക്കാണുന്ന പിണറായി വിജയന്റെ ഏകശിലാരൂപത്തിലുള്ള പാര്‍ട്ടി നിലനില്‍ക്കുന്ന ലോകത്തിലെ എട്ടാമത്തെ അത്ഭുതമുള്ള കേരളം. മാലിന്യകൂമ്പാരങ്ങള്‍ ഉണ്ടെങ്കിലും ലോകത്തിലെ ഏറ്റവും സുന്ദരമായ സ്ഥലങ്ങളിലൊന്നെന്ന് സായിപ്പ് തന്നെ പറഞ്ഞ നാട്. ലോകത്തിലെ മഹാത്ഭുതമായ കുടുംബശ്രീയുടെ നാട്.ആ നാട്ടിലാണ് അഞ്ച് തലമുറയായി കേരളത്തില്‍ താമസിച്ചുപോന്നിട്ടും മലയാളിക്ക് പുച്ഛമുള്ള ആ തമിഴത്തം വിടാതെ സൂക്ഷിക്കുന്ന സ്ത്രീകള്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇടം പിടിച്ചുകഴിഞ്ഞ ഒരു സമരത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. അവരുടെ അംഗീകാരത്തിനുവേണ്ടി രാഷ്ട്രീയ പാര്‍ട്ടികളും തൊഴിലാളിസംഘടനകളും മത്സരിച്ചോടുന്നു. സമരമുഖത്ത് നിന്ന് ആട്ടിയോടിച്ച മാര്‍ക്‌സിസ്റ്റ് എം.എല്‍.എ. സമരമുഖത്തിനരികെ, സമരത്തിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട്, നിരാഹാര സമരം നടത്തുന്നു. പാര്‍ട്ടി സെക്രട്ടറിയും പ്രമുഖ വനിതാ നേതാക്കളും സമരക്കാരെ ആശ്വസിപ്പിയ്ക്കാന്‍ ശ്രമിക്കുന്നു; വാക്കുകള്‍ കൊണ്ട് അവര്‍ തങ്ങളെ ആക്രമിക്കുന്നത് കേട്ടില്ലെന്ന് നടിച്ചുകൊണ്ട്. സാക്ഷാല്‍ വി.എസും സുധീരനും സമരക്കാരെ നേരിട്ട് കാണാന്‍ പോകുന്നു.

ഈ സമരത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കേരളത്തിലെ സംഘടിത തൊഴിലാളി മേഖലയില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ തങ്ങള്‍ നേടിയെടുത്തുകൊടുത്തുകഴിഞ്ഞുവെന്നും അസംഘടിത മേഖലകളായ ഐ.ടി., നിര്‍മ്മാണം, വ്യാപാരസ്ഥാപനങ്ങള്‍, സ്വകാര്യ ആസ്പത്രികള്‍ എന്നിവിടങ്ങളിലെ തൊഴിലാളി വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ തങ്ങള്‍ പടക്കളത്തിലിറങ്ങാന്‍ പോവുകയാണ് എന്നുമൊക്കെ സഖാക്കള്‍ മത്സരിച്ചുപറയുമ്പോഴാണ്, കേരളത്തിലെ ആദ്യത്തെ സംഘടിത തൊഴിലാളി മേഖലകളില്‍ ഒന്നായ തോട്ടം തൊഴിലാളികള്‍ അസംഘടിതരായ തൊഴിലാളികളേക്കാള്‍ മോശം രീതിയില്‍ ജീവിയ്ക്കുന്നതും ഒടുവില്‍ തീരെ സഹികെട്ട്, രാഷ്ട്രീയക്കാരെ കൂടാതെ സമരമുഖത്തെത്തിയതും. ഇതൊരുത്സവമാണ്. താഴെക്കിടയിലുള്ളവന്റെ വിശപ്പിന്റെ വിപ്ലവം. രാഷ്ട്രീയക്കാരല്ലാത്ത മനുഷ്യരുടെ രാഷ്ട്രീയ സമരം. കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തെറ്റ് ഏറ്റുപറഞ്ഞ് ചെല്ലേണ്ടത് ഈ അടിസ്ഥാന വര്‍ഗ്ഗത്തിലേക്കാണ്. കാരണം, കമ്മ്യൂണിസം വളര്‍ന്നത് അവരിലൂടെയാണ്. അല്ലാതെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ചോരകുടിച്ച് ചീര്‍ത്തുനില്‍ക്കുന്ന വെള്ളാപ്പള്ളിമാരെ തേടിയല്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories