TopTop
Begin typing your search above and press return to search.

മണ്‍റോതുരുത്തിന് ജലസമാധിയോ?

മണ്‍റോതുരുത്തിന്  ജലസമാധിയോ?

രാകേഷ് നായര്‍

(കൊല്ലം ജില്ലയിലെ മണ്‍റോ തുരുത്ത് പഞ്ചായത്ത് നേരിടുന്ന പാരിസ്ഥിതിക സാമൂഹ്യ പ്രശ്നങ്ങളെ കുറിച്ചുള്ള അഴിമുഖം അന്വേഷണം തുടരുന്നു. ഒന്നാം ഭാഗം വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മണ്‍റോ തുരുത്ത്; ഒരു ഗ്രാമം ജീവിക്കുന്ന വിധം)

പോയകാലത്തിന്റെ നല്ലോര്‍മ്മകളില്‍ നിന്ന് വര്‍ത്തമാനകാലത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്കിറങ്ങി വരുമ്പോള്‍ മണ്‍റോതുരുത്ത് നിവാസികള്‍ക്ക് വാക്കുകളിടറും. ഇന്നിപ്പോള്‍ ഇവിടെ എല്ലാം നശിച്ചിരിക്കുന്നു. കൃഷിയില്ല, തെങ്ങില്ല, മത്സ്യങ്ങള്‍ വളര്‍ത്താന്‍ സാഹചര്യമില്ല, കയറു പിരുത്തമില്ല. കുറച്ചുപേര്‍ തിരുവനന്തപുരത്തും കൊല്ലത്തും എറണാകുളത്തുമൊക്കെ പോയി ജോലി ചെയ്യുന്നു. തൊഴിലാളികള്‍ എവിടെപ്പോകും? ചെയ്യാന്‍ തൊഴിലെവിടെ? രണ്ട് അണ്ടിയാപ്പീസുകളുണ്ട്. ഒരിടത്തു പത്തഞ്ഞൂറോളം പേര് ജോലിയെടുക്കുന്നുണ്ട്. വേറൊരിടത്ത് പത്തിരുപതു പേരെയുള്ളൂ. പുറമേ കാണുന്ന കളിയും ചിരിയുമൊന്നും ആരുടെയും അകത്തു കാണില്ല; മണ്‍റോതുരുത്ത് സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം കേശവന്‍ ഇതു പറയുമ്പോള്‍ സമീപത്തുണ്ടായിരുന്നവരുടെ മുഖങ്ങളിലും നിരാശബാധിച്ചിരുന്നു. പുറത്തു പറയാന്‍ നാണക്കേടാണെങ്കിലും പറയാതെ വയ്യാ, ഞങ്ങളിലേറേപ്പേരും പട്ടിണിയിലാണ്; ആരുടേതെന്നറിയാത്തൊരു വിങ്ങല്‍...


മണ്‍റോതുരുത്ത് ഇന്നു നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രധാനകാരണം എന്താണ് എന്നു ചോദിച്ചാല്‍, അതിനൊറ്റയുത്തരമേയുള്ളൂ എല്ലാവര്‍ക്കും- കല്ലടയാറിലെ അണക്കെട്ട്. ജനോപകാരപ്രദമെന്ന നിലയില്‍ ഉണ്ടാക്കുന്ന അണക്കെട്ടുകള്‍ ജനങ്ങളുടെ ജീവിതം തകര്‍ക്കുന്നതെങ്ങനെയാണെന്നു മനസ്സിലാക്കണമെങ്കില്‍ മണ്‍റോതുരുത്തുകാരോടു ചോദിച്ചാല്‍ മതി.കൊല്ലത്തെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒട്ടേറെ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും കല്ലട അണക്കെട്ട് നിര്‍മിക്കുന്നത്. ഇത്തരമൊരു അണക്കെട്ട് ആറിനു കുറുകെ ഉയര്‍ന്നുവന്നപ്പോള്‍ ഇത് തങ്ങളുടെ ജീവിതത്തിനുമേല്‍ വീഴുന്ന ശാപമാണെന്നു മണ്‍റോതുരുത്തുകാര്‍ തിരിച്ചറിഞ്ഞിരുന്നില്ല. അറിഞ്ഞപ്പോഴേക്കും ഏറെ വൈകിയിരുന്നു.

അണക്കെട്ട് കല്ലടയാറിന്റെ ഒഴുക്കു തടഞ്ഞുനിര്‍ത്തുകയായിരുന്നു. മലയിറങ്ങിവരുന്ന വെള്ളം മണ്‍റോതുരുത്തിനെ ചുറ്റി എത്താതെയായി. ഈ തുരുത്ത് കല്ലടയാറിന്റെ സംഭവാനയാണ്. ഓരോ വെള്ളപ്പാച്ചിലിലും വന്നടിയുന്ന മണലും ചെളിയും എക്കലുമാണ് ഇവിടെ കരഭൂമിയായി മാറി കൊണ്ടിരുന്നത്. അണക്കെട്ടുവന്നതോടെ വെള്ളം തടയപ്പെട്ടു. അതോടെ മണ്‍റോതുരുത്തില്‍ വെള്ളപ്പൊക്കം ഉണ്ടാകാതായി.മണലും എക്കലും വരുന്നത് നിലച്ചു. മണ്ണിന്റെ സ്വാഭാവിക ജൈവികത നഷ്ടമായതോടെ കൃഷി നശിച്ചു. നെല്‍ക്കൃഷിയും തെങ്ങും കരിഞ്ഞുണങ്ങി. നെല്‍പ്പാടങ്ങളില്‍ ഉപ്പുവെള്ളം കയറി. കൃഷിയുടെ ചുവടു ചീഞ്ഞതോടെ തുരുത്തുകാര്‍ മത്സ്യക്കെട്ടുകളിലേക്കു തിരിഞ്ഞു. അവിടെ ഉപ്പുവെള്ളം വില്ലനായി. പണ്ടു കുടിക്കാനും കുളിക്കാനും ഉപയോഗിച്ചിരുന്ന ആറ്റുവെള്ളത്തില്‍ ഇപ്പോള്‍ ഉപ്പും ചെളിയുമാണ്.

നീണ്ടകരയില്‍ നിന്നു കടല്‍വെള്ളം കയറിവരുന്നുണ്ട്. വേലിയേറ്റസമയത്ത് അഷ്ടമുടിക്കായലിലും കല്ലടയാറ്റിലും ഉപ്പു നിറയും. പണ്ടും ഇങ്ങനെ തന്നെയായിരുന്നു. അന്നു പക്ഷെ ആറ്റില്‍ ഒഴുക്കുണ്ടായിരുന്നു. ഉപ്പുവെള്ളം കെട്ടിനില്‍ക്കില്ലായിരുന്നു. ഇന്നതു നടക്കുന്നില്ല. ഉപ്പുവെള്ളമായതോടെയാണ് കൃഷിയും മത്സ്യം വളര്‍ത്തലും നശിക്കാന്‍ തുടങ്ങിയത്. അതോടൊപ്പം കയറിനു മൊത്തത്തിലുണ്ടായ മാര്‍ക്കറ്റ് ഇടിവ് കൂടി സംഭവിച്ചതോടെ മണ്‍റോതുരുത്തുകാരുടെ ദുരിതം പൂര്‍ത്തിയായി.

2004 ലെ സുനാമിയുടെ തുരുത്തിലേക്ക് ഇപ്പോഴും അടിച്ചുകയറി കൊണ്ടിരിക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. തുലാത്തിലും ധനുവിലും മാത്രം ഉണ്ടാകുമായിരുന്ന വേലിയേറ്റം വര്‍ഷത്തില്‍ എട്ടും പത്തു തവണവരെ ഉണ്ടാകാന്‍ തുടങ്ങിയതോടെ കടല്‍വെള്ളം തുരുത്തിനെ ചുറ്റിനില്‍ക്കാന്‍ തുടങ്ങി. വെള്ളം ഇറങ്ങിപ്പോകാത്ത അവസ്ഥ. കരയിലേക്കും ഉപ്പുവെള്ളം കയറാന്‍ തുടങ്ങിയതോടെയാണ് മണ്‍റോതുരുത്തിന്റെ കാര്‍ഷികവൃത്തി നാശത്തിലാകുന്നതും. മണ്‍റോതുരുത്തിലെ ഇന്നുകാണുന്ന വെള്ളക്കെട്ടുകള്‍ക്ക് ഒരു പ്രധാനകാരണം സുനാമി ആണെന്നു വിശ്വസിക്കുന്നവര്‍ തുരുത്തില്‍ ഏറെയാണ്.

കടപുഴയില്‍ പുതിയ തടയണ
ഞങ്ങളെ കൂട്ടത്തോടെ ഇല്ലാതാക്കാനാണ് ഇപ്പോള്‍ കടപുഴയില്‍ പുതിയ അണക്കെട്ടു നിര്‍മിക്കാന്‍ ഒരുങ്ങുന്നത്, രോഷത്തോടെ മധു പറഞ്ഞു. കടപുഴ പാലത്തിനു മുകളിലായി പണിയുന്ന തടയണയുടെ ലക്ഷ്യം അഷ്ടമുടിക്കായലില്‍ നിന്നും വെള്ളം പൈപ്പുവഴി ശാസ്താംകോട്ട തടാകത്തില്‍ എത്തിച്ച് അവിടെ നിന്നു ഫില്‍ട്ടറിംഗ് നടത്തി കൊല്ലത്തേക്കു കൊണ്ടുപോവുക എന്നതാണ്. അവര്‍ക്ക് പുനലൂരില്‍ നിന്നോ വേറെ എവിടെ നിന്നോ വെള്ളം കൊണ്ടുപോകാം, ഇവിടെയിനിയുമൊരു തടയണ ഞങ്ങള്‍ സമ്മതിക്കില്ല. തടയണ വന്നാല്‍ വെള്ളം പിന്നെ ഇങ്ങോട്ടേക്ക് ഒട്ടുംവരാതെയാകും. വേലിയേറ്റം ഉണ്ടാകുമ്പോള്‍ കടല്‍വെള്ളം കൂടുതലായി കയറിവരും. അതോടെ തുരുത്ത് ശവപ്പറമ്പാകും. കടപുഴയില്‍ തടയണ കെട്ടാന്‍ മണ്‍റോതുരുത്തുകാര്‍ സമ്മതിക്കില്ല. സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കൂടിയായ മധു ഉറപ്പിച്ചു പറയുന്നു.

ഒരു കാലത്ത് വെള്ളത്തിന്റെ സൗഭാഗ്യം പേറിയിരുന്നൊരു ജനത ഇപ്പോള്‍ പ്രതിസന്ധികള്‍ നേരിടുന്നതും വെള്ളം മൂലമാണെന്നതാണ് വിരോധാഭാസം.

താഴുന്ന മണ്‍റോതുരുത്ത്
മണ്‍റോതുരുത്തിനെ പൊതിഞ്ഞു നില്‍ക്കുന്ന ആധി, തുരുത്ത് മുങ്ങിക്കൊണ്ടിരിക്കുന്നതായുള്ള പ്രവചനങ്ങളാണ്. പത്തുവര്‍ഷം കഴിയുമ്പോള്‍ പൂര്‍ണമായും വെള്ളത്തനടിയിലായിപ്പോകും മണ്‍റോതുരുത്ത് എന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. മണ്‍റോതുരുത്തിന് ജലസമാധിയെന്നും മണ്‍റോതുരുത്ത് മുങ്ങുന്നു എന്നുമൊക്കെ മാധ്യമങ്ങള്‍ പറയുന്നു. ഇതെല്ലാം കേള്‍ക്കുന്ന ഓരോ മണ്‍റോതുരുത്തുകാരന്റെയും നെഞ്ചില്‍ തീയാണ്.

ആഗോളതാപനം മൂലമുണ്ടാകുന്ന ജലനിരപ്പിലെ വര്‍ദ്ധന ദ്വീപിനെ മുക്കുന്നുവെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ഒരു വാദം. തുരുത്ത് കഴിഞ്ഞ ഒന്നരപതിറ്റാണ്ടിനിടയില്‍ ഒന്നേകാല്‍ മീറ്ററിലധികം താഴ്ന്നുപോയതായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ പഠനത്തില്‍ പറയുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഈ വിവരങ്ങളെ ശരിവയ്ക്കുന്ന കാഴ്ച്ചകള്‍ മണ്‍റോതുരുത്തില്‍ കാണാന്‍ സാധിക്കും. വെള്ളക്കെട്ടുകള്‍, അടിത്തറ തകര്‍ന്ന വീടുകള്‍, വെള്ളവും ചെളിയും നിറഞ്ഞ് പലയിടങ്ങളിലേക്കും പോകാന്‍ പാതകള്‍ പോലും ഇല്ലാത്ത അവസ്ഥ. വേലിയേറ്റ സമയത്ത് പല വീടുകളുടെയും അകത്തുവരെ വെള്ളം കയറിവരും. ഈ സമയത്ത് പലരും വീടുകള്‍ ഉപേക്ഷിച്ചു ഉയര്‍ന്ന പ്രദേശങ്ങളിലേക്കു മാറുന്നു. ഉപ്പുവെള്ളം കയറുന്നതോടെ കുടിവെള്ള പൈപ്പുകളില്‍ വെള്ളം നിലയ്ക്കുന്നതായും കക്കൂസ് മാലിന്യങ്ങള്‍ പരിസരങ്ങളില്‍ വ്യാപകമാകുന്നതായും നാട്ടുകാര്‍ പരാതി പറയുന്നു. പണ്ടു വെള്ളപ്പൊക്കം വന്നു വെള്ളം ഇറങ്ങുമ്പോള്‍ പറമ്പില്‍ മുഴുവന്‍ ചെളിയും മണലുമായിരിക്കും. പുറത്തെ ചെളി മാറ്റിക്കഴിഞ്ഞാല്‍ പിന്നെ നല്ല മണലാണ്. ഈ മണലിട്ട് പുരയിടങ്ങള്‍ ഉയര്‍ത്തും. ആറ്റില്‍ നിന്നുള്ള മണലും സുലഭമായിരുന്നു. ഇന്നിപ്പോള്‍ മണല് കിട്ടാനില്ല. വെള്ളം കേറുന്നതിനനുസരിച്ച് കര താഴുകയാണ്; നാട്ടുകാരനായ സ്‌നേഹജന്‍ പറയുന്നു.

മണ്‍റോതുരുത്തിലെ വെള്ളക്കെട്ടുകള്‍ പ്രധാനമായും നാശംവിതച്ചിരിക്കുന്നത്. റയില്‍വേ സ്റ്റേഷന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളിലാണ്. പെരിങ്ങാലത്തോടു ചേര്‍ന്നി കിടക്കുന്ന കിടപ്രം, കണ്‍ട്രാംകാണി എന്നിവിടങ്ങളിലാണ് കൂടുതല്‍ ദുരിതം. ജനങ്ങള്‍ക്ക് നടന്നുപോകാന്‍ ഒരു വഴിപോലും ഇവിടെയില്ല. വീടുകളെല്ലാം വെള്ളക്കെട്ടിലാണ്. പലതിന്റെയും അടിത്തറ തകര്‍ന്നിരിക്കുന്നു. പെരിങ്ങാലത്താണ് മണ്‍റോതുരുത്തിലെ ഏക ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. പെരിങ്ങാലം പൊങ്ങിയ പ്രദേശം ആണെങ്കിലും വെള്ളം പൊന്തിയാല്‍ വഴികള്‍ വെള്ളത്തിനടയിലാകും. വെള്ളമെന്നാല്‍ ചെളിവെള്ളം. കാലുകളില്‍ പ്ലാസ്റ്റിക്കു കവറുകള്‍ പൊതിഞ്ഞുകെട്ടിയാണ് അധ്യാപകരും വിദ്യാര്‍ത്ഥികളുമെല്ലാം സ്കൂളിലെത്തുന്നത്. ഒരു ഇടത്തോട് കടക്കാനാണെങ്കില്‍ പാലമില്ല. പണ്ട് വെള്ളപ്പൊക്കത്തില്‍ ഒഴുകിവന്നൊരു മരത്തടി തട്ടിയാണ് പാലം തകര്‍ന്നത്. ഇപ്പോള്‍ വള്ളമാണ് ആശ്രയം. പത്തുപതിനഞ്ചു വര്‍ഷം മുമ്പ് തകര്‍ന്നതാണ് ഇവിടെയുണ്ടായിരുന്ന പാലം. പിന്നീട് ഇതുവരെ പാലം പുനര്‍നിര്‍മ്മിക്കാന്‍ ഒരു ഭരണക്കാര്‍ക്കും സാധിച്ചിട്ടില്ല.പരിസ്ഥിതി പ്രവര്‍ത്തകരുടെ വാദങ്ങളും വെളിപ്പെടുത്തലുകളും വലിയൊരു ആപത്തിലേക്കു മണ്‍റോതുരുത്ത് താഴ്ന്നുപോയിക്കൊണ്ടിരിക്കുന്നതായി പറയുമ്പോള്‍ തന്നെ. തുരുത്തില്‍ നടത്തിയ സന്ദര്‍ശനത്തില്‍ വ്യക്തമാകുന്നതും ഗ്രാമവാസികളില്‍ ഒരു വിഭാഗം പങ്കുവയ്ക്കുന്നതുമായ ചില വസ്തുതകളുണ്ട്. മേല്‍പ്പറഞ്ഞ പല ഘടകങ്ങളും മണ്‍റോതുരുത്തിനെ ബാധിക്കുന്നുണ്ടെങ്കിലും മണ്‍റോതുരുത്ത് മൊത്തത്തില്‍ വെള്ളത്തില്‍ മുങ്ങുന്നു എന്നത് ബോധപൂര്‍വമായി നടക്കുന്നൊരു പ്രചരണമാണ്. ആഗോളതാപനത്തിന്റെ ദോഷഫലങ്ങള്‍ ദ്വീപിനെ ബാധിക്കുന്നുണ്ടെങ്കില്‍പോലും മണ്‍റോതുരുത്തിന് പുറത്തു പ്രചരിക്കുന്ന തരത്തിലുള്ള പാരിസ്ഥിതിക ദോഷങ്ങള്‍ സംഭവിക്കുന്നില്ല. ഏതാനും ചില പ്രദേശങ്ങള്‍ ഒഴിച്ചാല്‍ പാരിസ്ഥിതികാഘാതങ്ങളില്‍ നിന്നൊഴിഞ്ഞ കരകളാണ് ഏറെയും. യഥാര്‍ത്ഥത്തില്‍ മണ്‍റോതുരുത്തിന്റെ മൊത്തത്തില്‍ ബാധിച്ചിരിക്കുന്ന ഏകവിഷയം വികസനമില്ലായ്മയാണ്.

അടിസ്ഥാനവികസനം എത്തിക്കഴിഞ്ഞാല്‍ മണ്‍റോതുരുത്തിന് ഒരുപരിധിവരെ ഉയര്‍ത്തെഴുന്നേല്‍ക്കാം. എന്നാല്‍ ആ പ്രശ്‌നങ്ങളെ മറച്ചുവച്ചുകൊണ്ടു ചിലബോധപൂര്‍വമായ പ്രചരണങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഈ തുരുത്തിന് നെഗറ്റീവ് മാര്‍ക്ക് നല്‍കുകയാണ്. ഇതു മനസ്സിലാക്കി കൊണ്ടു തന്നെയാണ് ചിലര്‍ ചോദിച്ചത്'; ആരാണ് പറഞ്ഞത് മണ്‍റോതുരുത്തിന് ജലസമാധിയാണെന്ന്. അവരോടു ഞങ്ങള്‍ക്ക് ചില കാര്യങ്ങള്‍ തിരിച്ചു ചോദിക്കാനുണ്ട്...


ആ ചോദ്യങ്ങളും മണ്‍റോതുരുത്തിന്റെ മറ്റൊരു ചിത്രവും അടുത്തഭാഗത്ത്...

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് രാകേഷ് നായര്‍)


അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Next Story

Related Stories