TopTop
Begin typing your search above and press return to search.

കിടപ്പറയ്ക്ക് ചുറ്റും തളിര്‍ക്കുന്ന ചില മുന്തിരിവള്ളികൾ

കിടപ്പറയ്ക്ക് ചുറ്റും തളിര്‍ക്കുന്ന ചില മുന്തിരിവള്ളികൾ

നിത്യജീവിതത്തിലെ നിരാശകൾക്കും മടുപ്പുകൾക്കും ഇടയിൽ നഷ്ടപ്പെട്ടു പോയ പ്രണയം വീണ്ടെടുക്കുന്ന രണ്ടു പേരുടെ കഥയാണ് വി ജെ ജയിംസിന്റെ പ്രണയോപനിഷത്ത്. ഉലഹന്നാനും ആനിയമ്മയും സ്വന്തം പ്രണയം തിരിച്ചു പിടിച്ച ആ കഥ വലിയ ചർച്ചയായിരുന്നു. അതിൽ നിന്നൂർജം ഉൾക്കൊണ്ടാണ് ജിബു ജേക്കബ്-സിന്ധുരാജ് കൂട്ടുകെട്ട് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ അണിയിച്ചൊരുക്കിയിരിക്കുന്നത്. പ്രേക്ഷകരുടെ പ്രിയ ജോഡികളായ മോഹൻലാലും മീനയും ഉലഹന്നാനും ആനിയമ്മയുമാകുന്നു എന്നത് പ്രതീക്ഷ വര്‍ധിപ്പിച്ചു. പ്രണയത്തിന്റെ ഒരേ സമയം വളരെ നേർത്തതും ആഴമുള്ളതുമായ അവസ്ഥകളെ അവതരിപ്പിക്കുന്ന ആ കഥ എങ്ങനെ സിനിമയാക്കും എന്ന ആകാംക്ഷയും കാണികൾക്കുണ്ടായി. രണ്ടു കഥാപാത്രങ്ങൾ മാത്രമുള്ള ആ കഥയുടെ സത്തയെ ഉൾക്കൊണ്ട് കുറെ കഥാഗതികളും കഥാപാത്രങ്ങളും തങ്ങൾ കൂട്ടി ചേർത്തിട്ടുണ്ട് എന്ന് സംവിധായകൻ അറിയിച്ചിരുന്നു. എന്തായാലും സമരങ്ങൾക്കും കാത്തിരിപ്പുകൾക്കും ഒടുവിൽ ഈ സിനിമ തീയറ്ററിൽ എത്തി.

മുന്തിരിവള്ളികളിലെ ഉലഹന്നാൻ പഞ്ചായത്ത് സെക്രട്ടറി ആണ്. തൊഴിലും വീടും മടുപ്പിക്കുന്ന ആവർത്തനങ്ങൾ ആണ് അയാൾക്ക്. കൂട്ടുകാരോടൊത്ത് കള്ളുകുടിക്കുന്ന നൈമിഷിക ആനന്ദങ്ങൾ മാത്രമേ അയാൾക്കുള്ളു. ആനിയമ്മ പാടാൻ മറന്നു പോയ ജീവിതത്തിൽ പുതുതായി ഒന്നും സംഭവിക്കാത്ത വീട്ടമ്മയാണ്. ഇവർക്ക് രണ്ടു മക്കളുണ്ട്. കൂട്ടുകാരുടെ വിവാഹത്തിനപ്പുറം ഉള്ള പ്രണയ ബന്ധങ്ങളോ തന്റെ ചുറ്റും ഉള്ള സ്ത്രീകളോ ഒന്നും ഇയാളെ ആകർഷിക്കുന്നില്ല. യാദൃശ്ചികമായി തന്റെ പഴയ കാമുകിയെ കണ്ടപ്പോൾ അയാൾ പ്രണിയിനികളെ അന്വേഷിക്കാൻ തുടങ്ങുന്നു, അതൊന്നും ശരിയാവാതെ വന്നപ്പോൾ ആനിയമ്മക്കും തനിക്കും ഇടയിൽ നഷ്ടപ്പെട്ടു പോയ പ്രണയത്തെ അന്വേഷിച്ചു തുടങ്ങുന്നു. ആ പ്രണയം തിരിച്ചു പിടിക്കുന്നതിനൊപ്പം അയാളുടെ കുടുംബത്തിലും ഇടപെടുന്ന മറ്റിടങ്ങളിലും ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ.

വളരെ ബുദ്ധിമുട്ടാണ് പ്രണയോപനിഷത്ത് പോലൊരു കഥ സിനിമയാക്കാൻ. ഒരു ജനകീയ സിനിമയുടെ ഫോർമുലകൾ ഉപയോഗിച്ച് ആ കഥയെ വികസിപ്പിക്കാനോ ചുരുക്കാനോ നോക്കുന്നത് സാഹസവുമാണ്. തങ്ങൾ തീം മാത്രം എടുത്ത് കഥയിൽ നിന്ന് മാറി സഞ്ചരിച്ചു എന്ന സംവിധായകന്റെ വാദത്തെ സ്വീകരിച്ച് മുന്തിരിവള്ളികൾ തളിർക്കുമ്പോളിനെ ഒരു സ്വതന്ത്ര സിനിമയായി കാണുന്നതാണ് അപ്പോൾ സൗകര്യം. പ്രധാന കഥാപാത്രങ്ങളുടെ പേരും പ്രണയിക്കാൻ ഭാര്യ മതി എന്ന സംഭാഷണവും പിന്നെ രണ്ടോ മൂന്നോ പ്രണയ രംഗങ്ങളും മാത്രമാണ് കാര്യമായി കഥയുമായി ഈ സിനിമക്കുള്ള സാമ്യം. മറ്റു പല രംഗങ്ങളും മിക്കവാറും പുതിയ ജനകീയ മലയാള സിനിമയുടെ പ്രധാന ആശങ്കയായ കിടപ്പുമുറിക്കു ചുറ്റും കറങ്ങി നിന്നു. പ്രണയം തിരിച്ചുപിടിക്കുന്നവർ അതിനുള്ള അധിക സാധ്യതയും തരുന്നുണ്ട്.

വെള്ളിമൂങ്ങയ്ക്കു ശേഷം മുന്തിരിവള്ളികളുമായി സംവിധായകന്‍ ജിബു ജേക്കബ്/അഭിമുഖം

പഞ്ചായത്തിലെ ചില രംഗങ്ങൾ ജിബു ജേക്കബിന്റെ ആദ്യ സിനിമയായ വെള്ളിമൂങ്ങയിലെ പഞ്ചായത്തിനെ ഓർമിപ്പിച്ചു. അലസനായ, നിസംഗനായ ഉലഹന്നാൻ മോഹൻലാൽ ആയതുകൊണ്ടാണോ എന്നറിയില്ല, ഒരു സ്വപ്നത്തിലും പിന്നീട് ഉണർവിലും എതിരാളികളെ ഇടിച്ചു തോൽപ്പിക്കുന്നുണ്ട്. ഉലഹന്നാനോട് ചെറിയ പ്രണയമോ കാമമോ കലർന്ന ഭാവമുണ്ട് ഓഫീസിലെ സഹപ്രവര്‍ത്തകയായ കറുത്ത ലില്ലിക്കുട്ടിക്ക്. പക്ഷെ നായകൻറെ പ്രണയാന്വേഷണങ്ങൾ ചെന്നെത്തുന്നത് വെളുത്ത ജൂലിയിൽ ആണ്. ജൂലി എന്ന പേരിനു മലയാള ജനകീയ സിനിമയിൽ നല്ല സാധ്യത ഉണ്ട്. ഓ മൈ ജൂലി നിന്റെ ഗിറ്റാറിൻ മാറിലെത്ര കമ്പി, ഒരേ ഒരു കമ്പി എന്ന പഴയ പാട്ടുവരിക്ക് ഇക്കാലത്തെ സ്കിറ്റ് ഹാസ്യ സിനിമകളിൽ അപാര സാധ്യതയാണ്. കമ്പി എന്ന വാക്കിനെ സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കാൻ കഴിയും. ജൂലി ഇല്ലെങ്കിലും ചന്ദ്രേട്ടന്‍ എവിടെയാ എന്ന സിനിമയിൽ ഇത് ഉപയോഗിച്ചിട്ടുണ്ട്. സ്വതന്ത്ര ആവിഷ്ക്കാരം എന്ന രീതിയിൽ സിനിമയിൽ എന്തും ആവാം എങ്കിലും പ്രണയോപനിഷത്തിനെ കിടക്കറയിൽ എത്താനുള്ള ഒരു കൂട്ടം ദമ്പതിമാരുടെ ആസക്തി മാത്രമാക്കി ചുരുക്കുകയാണ് സിനിമ ചെയ്തത്.

ദ്വയാർത്ഥങ്ങൾക്കും സ്കിറ്റ് തമാശകൾക്കും ശേഷം പതിവ് തെറ്റിക്കാതെ സാരോപദേശത്തിലേക്കു കടക്കുന്നുണ്ട് ഈ സിനിമയും. മകളുടെ പ്രണയം അറിഞ്ഞ് ആശങ്കാകുലരാകുന്ന, അവളുടെ സ്‌കൂളിന് പുറത്ത് കാവൽ നിൽക്കുന്ന ഉലഹന്നാനെയും ആനിയമ്മയെയും വി ജെ ജെയിംസ് എങ്ങനെ ഉൾക്കൊണ്ടു എന്നറിയാൻ തീർച്ചയായും ആഗ്രഹമുണ്ട്. കല്യാണം കഴിക്കാൻ വന്ന പ്രണയിനിയെ കുടുംബത്തിലേക്ക് മടക്കി അയയ്ക്കാൻ ശ്രമിക്കുന്ന ഉലഹന്നാൻ എന്ന പഞ്ചായത്ത് സെക്രട്ടറി മലയാള സിനിമയുടെ ഇപ്പോഴത്തെ അവസ്ഥയിൽ നല്ല ഭദ്രമായ വിപണന മൂല്യമുള്ള കഥാപാത്രമാണ്. പക്ഷെ പ്രണയോപനിഷത്തിന് ഇങ്ങനെ ഒരു തുടർച്ച ഉണ്ടാകുന്നത് അത്ഭുതം ഉണ്ടാക്കുന്നു.

മുന്തിരിവള്ളികളിൽ പ്രണയം ഉണ്ടോ എന്ന് ചോദിച്ചാൽ അറിയില്ല. പ്രണയം വ്യക്ത്യധിഷ്ഠിതം ആണല്ലോ. എന്തായാലും അതിലെ പ്രണയത്തെ ഇങ്ങനെ ചുരുക്കം എന്ന് തോന്നുന്നു. ആദ്യം നമുക്കു കുറച്ചു കമ്പി വർത്തമാനം പറയാം, പിന്നെ മക്കളെ ഉപദേശിച്ച് പ്രണയത്തിൽ നിന്നു രക്ഷിക്കാം, അതു കഴിഞ്ഞ് കുറെ സമയം ഉണ്ടല്ലോ, അപ്പൊ വരൂ പ്രിയേ, പോയി ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം, അതികാലത്തെഴുന്നേറ്റു മുന്തിരി വള്ളികൾ തളിർത്തു പൂവിടുകയും മാതള നാരങ്ങകൾ പഴുത്തോ എന്നും നോക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories