TopTop
Begin typing your search above and press return to search.

ആര്‍ത്തവ മ്യൂസിയം; വിലക്കുകളുടേയും പ്രതീക്ഷകളുടേയും ഒരു ചരിത്ര ശേഖരം

ആര്‍ത്തവ മ്യൂസിയം; വിലക്കുകളുടേയും പ്രതീക്ഷകളുടേയും ഒരു ചരിത്ര ശേഖരം

ലിയാ ക്വാതും
(വാഷിംഗ്ടണ്‍ പോസ്റ്റ്)

എന്റെ കയ്യില്‍ “ഫ്രെസ്ക” എന്നു പേരെഴുതിയ ഒരു കാനുണ്ട്. എന്നാല്‍ അതില്‍ ഓറഞ്ചുസ്വാദുള്ള പാനീയമല്ല, മറിച്ച് “ഒരു സ്ത്രീ ശുചിത്വ വസ്തുവാണ്.” അതിനു പുറത്ത് ഇരുപതാം നൂറ്റാണ്ടിലെ ആദ്യകാലത്തെ ഒരു നേഴ്സിന്റെ ചിത്രമുണ്ട്. “ഫ്രെസ്ക ഒരു മരുന്നല്ല”, അതില്‍ മുന്നറിയിപ്പ് ഇങ്ങനെ. “ഇത് എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരവുമല്ല. എന്നാല്‍ പലപ്പോഴും മനുഷ്യരാശിക്ക് ഇതൊരു വരദാനമാണ്. ഉപയോഗിക്കുന്നവര്‍ ഇതിന്റെ ഗുണഗണങ്ങള്‍ ധാരാളമായി പ്രചരിപ്പിക്കുന്നുമുണ്ട്.”

“ഇത് യോനി വൃത്തിയാക്കാനുള്ള പൊടിയാണ്”, ഹാരി ഫിന്‍ലി പറയുന്നു. “ഡൂഷിംഗ് എന്ന ഈ വൃത്തിയാക്കല്‍ രീതി ഇരുപതാം നൂറ്റാണ്ടില്‍ വലിയ ബിസിനസായിരുന്നു.”

എഴുപത്തിമൂന്നുകാരന്‍ ഫിന്‍ലിയും ഞാനും അദ്ദേഹത്തിന്റെ ന്യൂ കരോള്‍ടണിലുള്ള വീടിന്റെ ബേസ്മെന്റിലാണ്. ഇവിടെയാണ്‌ തൊണ്ണൂറ്റിനാല് മുതല്‍ തൊണ്ണൂറ്റിയെട്ട് വരെ പ്രവര്‍ത്തിച്ച ആര്‍ത്തവ മ്യൂസിയം (Museum of Menstruation) നടത്തിയപ്പോള്‍ ഉണ്ടായിരുന്ന സാധനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. മ്യൂസിയം പൂട്ടിപ്പോയപ്പോള്‍ പ്രദര്‍ശനവസ്തുക്കള്‍ എല്ലാം ഫിന്‍ലി സ്റ്റോറെജില് സൂക്ഷിച്ചു. കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പാണ് ഇവ വീട്ടില്‍ എത്തിച്ചത്. ഫിന്‍ലി ഇപ്പോള്‍ ഒരു ഇന്‍വെന്‍റ്ററി തയ്യാറാക്കി ഈ കളക്ഷന്‍ ആര്‍ക്കെങ്കിലും സംഭാവന ചെയ്യാന്‍ ഒരുങ്ങുകയാണ്. ആര്‍ക്ക് എന്ന് ഫിന്‍ലിക്ക് ഉറപ്പില്ല.

പല തരം ടാമ്പോനുകളും മാക്സി പാഡുകളും അടിയുടുപ്പുകളും വേദനസംഹാരികളും പരസ്യങ്ങളും ലഘുലേഖകളും ഡൂഷിംഗ് ഉപകരണങ്ങളും ഒക്കെ കാണുന്നതിനിടെ ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നു.

80കളുടെ തുടക്കത്തില്‍ ജെര്‍മ്മനിയിലെ അമേരിക്കന്‍ ഗവണ്‍മെന്റ്റ് പ്രസിദ്ധീകരണങ്ങളുടെ ഡിസൈനര്‍ ആയിരുന്ന കാലത്താണ് ഫിന്‍ലിയുടെ താല്‍പ്പര്യം ആര്‍ത്തവത്തിലും അത് എങ്ങനെ ജനപ്രിയ സംസ്കാരത്തിലും കലയിലും വൈദ്യശാസ്ത്രത്തിലും ഇടപെടുന്നു എന്നതിലേക്ക് മാറിയത്. അമേരിക്കക്കാര്‍ക്ക് ഈ വിഷയത്തിലുള്ള ശ്രദ്ധ അദ്ദേഹത്തില്‍ കൌതുകം ജനിപ്പിച്ചു.

അയ്യായിരത്തിലേറെ വസ്തുക്കളുള്ള ഈ ശേഖരം ചരിത്രവും ഉപയോഗവും സാമൂഹികമായ പ്രതീക്ഷകളും ഒക്കെ പ്രത്യേകതരത്തില്‍ രസകരമായി കൂടിച്ചേരുന്ന ഒരു കാഴ്ചയാണ്. ഈ വസ്തുക്കള്‍ സമാഹരിക്കുകയും മ്യൂസിയം നടത്തുകയും ചെയ്തതാണ് തന്‍ ചെയ്ത ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് ഫിന്‍ലി കരുതുന്നു. ഇദ്ദേഹത്തിന്റെ പ്രയത്നം ഒരേ പോലെ പ്രകീര്‍ത്തനവും വിമര്‍ശനവും നേടി. തൊണ്ണൂറ്റിഎട്ടിലെ ഒരു ന്യൂയോര്‍ക്ക്‌ ടൈംസ് വാര്‍ത്ത‍ ഈ വെബ്‌സൈറ്റിനെ വിളിക്കുന്നത് “വിചിത്രവും രസകരവും നന്നായി ഗവേഷണം നടത്തിയതുമായ ഒരു ആര്‍ത്തവചരിത്രമാണ്, ഇത് സമാഹരിച്ചതാവട്ടെ ഒരു പുരുഷനും.”. എന്നാല്‍ വ്യോമിംഗില്‍ നിന്ന് എത്തിയ ഒരു ഊമക്കത്ത് ഇത്തരം താല്‍പ്പര്യത്തിലല്ല ഇതിനെ കണ്ടത്. “ഞങ്ങളുടെ ഇടയില്‍ ഉണ്ടായ ദേഷ്യം നിങ്ങളെ എരിച്ചുകളയാന്‍ പാകത്തിന് തീവ്രതയുള്ളതാണ്” എന്നായിരുന്നു അത്."ആര്‍ത്തവത്തെപ്പറ്റി പറയുന്നത് വിലക്കപ്പെട്ട പ്രവര്‍ത്തിയാണ് ഇപ്പോഴും. സന്താനോത്പാദനത്തെപ്പറ്റിയോ സ്ത്രീകളുടെ ശരീരത്തെപ്പറ്റിയോ പറയുന്നതിനേക്കാള്‍ വലിയ പ്രശ്നം ആര്‍ത്തവത്തെപ്പറ്റി പറഞ്ഞാലാണ് ഉണ്ടാവുക: ബോസ്റ്റന്‍ സര്‍വകാലാശാലയിലെ വുമന്‍സ് സ്റ്റഡീസ് അസോസിയേറ്റ് പ്രൊഫസര്‍ ക്രിസ് ബോബല്‍ പറയുന്നു. ഇവര്‍ സൊസൈറ്റി ഫോര്‍ മെന്‍സ്ട്രല്‍ റിസര്‍ച്ചിന്റെ പ്രസിഡന്റ്റ് കൂടിയാണ്. “സ്ത്രീശരീരത്തോട് തന്നെ നമുക്ക് അസുഖകരമായ ഒരു ബന്ധമാണ് ഉള്ളത്. ആര്‍ത്തവം ശരിയാക്കുകയോ ഒളിച്ചുവയ്ക്കുകയോ ചെയ്യേണ്ട ഒരു പ്രശ്നമാണ് നമുക്ക്.” ബോബലിന്റെ പുതിയ പുസ്തകമായ 'ന്യൂ ബ്ലഡ്: തേര്‍ഡ് വെവ് ഫെമിനിസം ആന്‍ഡ്‌ ദി പൊളിറ്റിക്സ് ഓഫ് മെന്‍സ്റ്റ്റെഷന്‍' ഇതിനെപ്പറ്റി കൂടുതല്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇത്തരം കാഴ്ചപ്പാടുകള്‍ ശരീരത്തെപ്പറ്റി വികലമായ ധാരണകള്‍ ഉണ്ടാകാനും സ്വയം മതിപ്പ് കുറയാനും ഒക്കെ കാരണമാകും എന്ന് അവര്‍ പറയുന്നു.

ദശാബ്ദങ്ങളോളമായി ആര്‍ത്തവത്തെപ്പറ്റി പഠനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും (ഈ സൊസൈറ്റി എഴുപത്തിയെഴ് മുതല്‍ പ്രവര്‍ത്തിക്കുന്നു) ഇതൊരു അരികുവല്‍ക്കരിക്കപ്പെട്ട വിഷയമാണ്. ഇക്കാലത്ത് പക്ഷെ ആര്‍ത്തവം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ടംപോന്‍ ടാക്സ് എന്നാ പേരില്‍ സ്ത്രീ ശുചിത്വവസ്തുക്കളില്‍ നികുതി ഏര്‍പ്പാടാക്കിയത് പോലെയുള്ള വിഷയങ്ങള്‍ വന്നപ്പോള്‍ നമ്മള്‍ ആര്‍ത്തവത്തെയും ആര്‍ത്തവകാലവസ്തുക്കളെയും ഒക്കെ പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു.

എന്തായാലും ആര്‍ത്തവമ്യൂസിയത്തില്‍ നിന്നുള്ള പതിനൊന്നു പ്രധാന പ്രദര്‍ശനവസ്തുക്കള്‍ ഇവയാണ്.

വീട്ടിലുണ്ടാക്കിയ കഴുകിയുപയോഗിക്കാവുന്ന പാഡുകള്‍. (ഇറ്റാലിയന്‍, പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനമോ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമോ ഉണ്ടാക്കിയത്)

ഒരു കാലത്ത് സ്ത്രീകള്‍ ഇത്തരം തുണി പാഡുകള്‍ സ്വയം നിര്‍മ്മിക്കുകയും അവ വീണ്ടും വീണ്ടും കഴുകി ഉപയോഗികുകയുമാണ്‌ ചെയ്തിരുന്നത്. ഉപയോഗശേഷം കളയാവുന്ന പാഡുകള്‍ ആദ്യം നിര്‍മ്മിച്ചത് 1896ല്‍ ജോണ്സന്‍ ആന്‍ഡ്‌ ജോണ്സന്‍ കമ്പനിയാണ്, ഇത് അമേരിക്കയിലാണ് ആദ്യം വിപണിയിലെത്തിയത്. എന്നാല്‍ പരസ്യം നല്‍കാന്‍ കഴിയാഞ്ഞത് കൊണ്ട് ഇവ അത്ര പ്രചാരം നേടിയില്ല. പതിയെ ഇതിന്റെ ഉല്‍പ്പാദനം നിന്നുപോയി.ഫാക്സ് ടംപോന്‍സ്

വീട്ടിലുണ്ടാക്കിയ ടംപോനുകളും നൂറ്റാണ്ടുകളായി നിലവിലുണ്ട്. ഫാക്സ് ടംപോന്‍സ് ആണ് ആദ്യമായി മാര്‍ക്കറ്റ് ചെയ്യപ്പെട്ടത്. 1920-30 കാലഘട്ടത്തിലാണ് ഇവ വിപണിയിലെത്തിയത്. ഈര്‍പ്പം വലിച്ചെടുക്കുന്ന ഒരു വസ്തുവിനെ ഗോസ് കൊണ്ട് പൊതിഞ്ഞ് ഉണ്ടാക്കിയവയാണിവ. വലിച്ചെടുക്കാന്‍ വള്ളിയോ ഉള്ളില്‍ കയറ്റിവയ്ക്കാന്‍ ആപ്ലിക്കേറ്ററോ ഇല്ലായിരുന്നു. പാക്കറ്റിലെ വിവരം പ്രകാരം ഫാക്സ് ടംപോന്‍ ഉപയോഗിക്കുന്നത് മൂത്രമൊഴിക്കാന്‍ തടസമല്ല. മൂത്രമൊഴിക്കുന്നതും ആര്‍ത്തവം ഉണ്ടാകുന്നതും എന്തായാലും വെവ്വേറെ ഇടങ്ങളില്‍ നിന്നാണല്ലോ. അവിവാഹിതരായ ചെറിയ പെണ്‍കുട്ടികള്‍ക്കും ഉപയോഗിക്കാമെന്ന് പാക്കറ്റില്‍ പ്രത്യേകം പറയുന്നു. ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ ചിരി വരുമെങ്കിലും ഉള്ളില്‍ വയ്ക്കുന്ന ഇത്തരം ഉപകരണങ്ങള്‍ കാരണം കന്യാചര്‍മ്മം പൊട്ടുമെന്ന പേടി അന്നുണ്ടായിരുന്നു എന്ന് ഫിന്‍ലി പറയുന്നു.

1928ലെ ലൈസോള്‍ പരസ്യം

കൊച്ചുകുട്ടികളുടെ കട്ടിലുകള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ലൈസോള്‍ പണ്ട് ഒരു ഡൂഷായാണ് ഉപയോഗിച്ചിരുന്നത്. “ഗന്ധം ഇല്ലാതാക്കാനാണ് ഡൂഷുകള്‍ ഉപയോഗിച്ചിരുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ ഗര്‍ഭനിരോധനത്തിനും ഉപകരിച്ചിരുന്നു, അത്തരത്തില്‍ പക്ഷെ അതിനെ പരസ്യം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ലെന്നു മാത്രം." ഈസ്റ്റെന്‍ വാഷിംഗ്‌ടണ്‍ സര്‍വകലാശാലയിലെ ജെന്‍ഡര്‍ സ്റ്റഡീസ് പ്രൊഫസര്‍ എലിസബത്ത് കിസ്സ്‌ലിംഗ് പറയുന്നു. 1965ല്‍ മാത്രമാണ് വിവാഹിതര്‍ ഗര്‍ഭനിരോധനം ചെയ്യാന്‍ പാടില്ലെന്ന ഫെഡറല്‍ നിയമം എടുത്തുമാറ്റിയത്. അവിവാഹിതര്‍ക്ക് ഈ നിയമം എടുത്ത് മാറ്റിയത് എഴുപത്തിരണ്ടിലാണ്. ഡൂഷുകള്‍ ബീജത്തെ സെര്‍വിക്സിലേയ്ക്ക് ഫ്ലഷ് ചെയ്യുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇതൊരു നല്ല ഗര്‍ഭനിരോധനമാര്‍ഗമല്ലെന്ന് മാത്രമല്ല അവയില്‍ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കള്‍ ചൊറിച്ചിലും ഇന്ഫക്ഷനും ഉണ്ടാക്കുകയും ചെയ്യും. ഡൂഷായി ഉപയോഗിച്ചപ്പോള്‍ ലൈസോള്‍ വിഷബാധയും മരണം വരെയും ഉണ്ടാക്കിയ സംഭവങ്ങളുണ്ട്.

വാംപോള്‍ വജൈനല്‍ കോണ്‍

ഹെന്റി കെ വാംപോള്‍ കമ്പനി അണുബാധ ചികിത്സിക്കാനും പ്രത്യേകിച്ച് ഗോനോരിയ പോലുള്ള അസുഖങ്ങള്‍ക്ക് പ്രതിവിധിയായും പല തരം വജൈനല്‍ കോണുകള്‍ വിപണിയിലിറക്കിയിരുന്നു. അതിലെ ഘടകങ്ങളില്‍ ഒന്നായ സോഡിയം ബോറേറ്റ് ഇന്നും ഉപയോഗത്തിലുണ്ട്, ബോറക്സ് എന്ന അലക്ക് സോപ്പിന്റെ രൂപത്തിലാണെന്ന് മാത്രം. മറ്റൊരു ഘടകമായ പിക്ക്രിക്ക് ആസിഡ് സ്ഫോടനാത്മകമാണ്, ലോകമഹായുദ്ധകാലത്ത് ഇത് ആര്ട്ടിലറി ഷെല്ലുകളില്‍ ഉപയോഗിച്ചിരുന്നു.

ആര്‍ത്തവ ഏപ്രന്‍

ഉടുപ്പുകള്‍ക്കും പാവാടകള്‍ക്കും അടിയില്‍ ആര്‍ത്തവഎപ്രണുകള്‍ ഒരു സംരക്ഷണമെന്ന പോലെ ഉപയോഗിക്കാറുണ്ടായിരുനു. 1922ലെ ഒരു പരസ്യം പറയുന്നത് “യാത്രയിലും വാഹനമോടിക്കുമ്പോഴും അത്ലറ്റിക്സിലും ഇത് ഒഴിവാക്കാനാകില്ല എന്നാണ്.” ഫിന്‍ലിയുടെ ശേഖരത്തിലെ എപ്രന്‍ റിവേര്‍സ്ടെല്‍ ഹൌസ് മ്യൂസിയം മാനേജരും കൊസ്ട്യൂം ആന്‍ഡ്‌ ടെക്സ്റ്റയില്‍ ഹിസ്റ്ററി ഗവേഷകയുമായ ആന്‍ വാസ് നിര്‍മിച്ചുകൊടുത്ത ഒരു മാതൃകയാണ്. “അത് നന്നായി പ്രവര്ത്തിക്കാഞ്ഞത് കൊണ്ടാവണം അവര്‍ അത് മാര്‍ക്കറ്റ് ചെയ്യാതിരുന്നത്.” വാസ് പറയുന്നു.

കോട്ടെക്സ്‌ സാനിട്ടറി ബെല്‍റ്റ്‌

നിങ്ങള്‍ ഒരു സ്ത്രീയോ പുരുഷനോ ആകട്ടെ, ഈ സാനിട്ടറി ബെല്‍റ്റ്‌ നിങ്ങളില്‍ കൌതുകമുണര്‍ത്തും. എഴുപതുകളില്‍ ഒട്ടിക്കാവുന്ന പാഡുകള്‍ ഇറങ്ങുന്നതിനു മുന്‍പ് ഉപയോഗിച്ച ശേഷം കളയാവുന്ന പാഡുകള്‍ ഇതേ രീതിയില്‍ ഒരു ബെല്‍റ്റ്‌ ഉപയോഗിച്ചാണ് ധരിച്ചിരുന്നത്. ഇത്തരം വസ്തുക്കള്‍ പരസ്യം ചെയ്യാന്‍ എപ്പോഴും സാനിട്ടറി, ഫ്രെഷ്, ടെയിന്റി എന്നീ വാക്കുകള്‍ ഉപയോഗിക്കാനുള്ള കാരണം കിസ്ലിംഗ് അവരുടെ പുസ്തകമായ “കാപ്പിറ്റലൈസിംഗ് ഓണ്‍ ദി കേഴ്സ്: ദി ബിസിനസ് ഓഫ് മെന്‍സുറെഷ”നില്‍ ഇങ്ങനെ പറയുന്നു, “ആര്‍ത്തവം ഒളിച്ചു വയ്ക്കേണ്ടതാണ് ശ്രദ്ധാപൂര്‍വ്വം, എങ്കില്‍ മാത്രമേ സ്ത്രീത്വം ആര്‍ത്തവത്താല്‍ അശുദ്ധമായിട്ടില്ല എന്ന ധാരണ ജനിപ്പിക്കാനാകൂ എന്നതാവണം ലക്‌ഷ്യം”പ്രിസ്ടീന്‍ പരസ്യം

ഓ നോക്കൂ, ഒരു ദുഖിതയായ പെണ്‍കുട്ടി ഒരു പുല്‍മേട്ടില്‍ ഇരിക്കുന്നു. എന്തായിരിക്കും പ്രശ്നം? പ്രിസ്ടീന് അറിയാം: “ഒരു പെണ്‍കുട്ടിയുടെ ഏറ്റവും വലിയ ഡിഓഡറന്റ് പ്രശ്നം അവളുടെ ചെറിയ കുഞ്ഞിക്കൈകളുടെ അടിയിലല്ല”, പരസ്യം “സ്ത്രൈണഗന്ധത്തെപ്പറ്റി”യുള്ള പേടിയില്‍ ഊന്നിപ്പറയുന്നു. പ്രിസ്ടീന്‍ വളരെ “സൌമ്യമായി, നിശബ്ദമായി ദിവസം മുഴുവന്‍” ജോലി ചെയ്യും എന്ന് പരസ്യം പറയുന്നെങ്കിലും അമേരിക്കന്‍ ഗൈനക്കോളജിസ്റ്റുകളും മറ്റു വിദഗ്ദ്ധരും പറയുന്നത് അത്തരം സ്പ്രേ, ഡിഓഡറന്റ് എന്നിവ ചര്‍മ്മത്തിന് ഹാനികരമാണ് എന്നാണ്.

പി. എം എസ് ക്രഞ്ച്

1995ല്‍ മാര്‍ഗി ഒസ്ട്രോവര്‍ എന്ന മുന്‍ റീടെയില്‍ കച്ചവടക്കാരി ഒരു പുത്തന്‍ ഭക്ഷണം മാര്‍ക്കറ്റ് ചെയ്ത് തുടങ്ങി, പിഎംഎസ് ക്രഞ്ച്. രണ്ടുതരമാണ് ഉണ്ടായിരുന്നത്, ഒന്ന് നട്ട്സ് ഉള്ള ചോക്ലേറ്റ് രുചിയിലും മറ്റൊന്ന് ഉപ്പുരസത്തിലും. ഒസ്ട്രോവര്‍ പലപ്പോഴും ഈ പേരിനെ ഓര്‍ത്ത് പേടിച്ചിരുന്നു. അവര്‍ ഒരു ഇമെയിലില്‍ പറഞ്ഞു, “നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ, നിങ്ങള്‍ ആരെയെങ്കിലും ആദ്യമായി കാണുമ്പോള്‍ നിങ്ങളുടെ പ്രോഡക്റ്റിന്റെ പേര് പറയും, അല്‍പ്പം വിചിത്രമല്ലേ എന്ന് ആര്‍ക്കും തോന്നുമല്ലേ.” പിഎംഎസ് ക്രഞ്ച് ഇപ്പോള്‍ വിപണിയിലില്ലെങ്കിലും അത് തിരികെ കൊണ്ടുവരാന്‍ അവര്‍ക്ക് പദ്ധതിയുണ്ട്.


“ഗ്രോവിംഗ് അപ്പ് ആന്‍ഡ് ലൈക്കിംഗ് ഇറ്റ്‌” കൊച്ചു പുസ്തകങ്ങള്‍

പെണ്‍കുട്ടികളില്‍ ബ്രാന്‍ഡ്‌ ലോയല്‍റ്റി ജനിപ്പിക്കാനായി 1949നും 1972നും ഇടയില്‍ പ്രസിദ്ധീകരിച്ചതാണ് ഈ കൊച്ചു പുസ്തകങ്ങള്‍. ഇത് പുറത്തിറക്കിയ പേര്‍സണല്‍ പ്രൊഡക്റ്റ്സ് കമ്പനി തന്നെയാണ് സ്റ്റേഫ്രീ പാഡുകളും ഓബി ടാമ്പോനുകളും നിര്‍മ്മിച്ചിരുന്നത്. ആര്‍ത്തവത്തെ പറ്റി പഠിപ്പിക്കുന്നത് കൂടാതെ അറുപത്തിമൂന്നിലെ പുസ്തകം പറയുന്നത് “ഒരു പെണ്‍കുട്ടി കൌമാരത്തിലെത്തുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ സംഭവിക്കുന്നു. ജീവിതത്തിലാദ്യമായി സ്വന്തമായി ഉടുപ്പ് വാങ്ങുന്നതിന്റെ ത്രില്‍ അറിയുന്നു. മേക്കപ്പും നെയില്‍ പോളിഷും ആദ്യമായി അണിയുന്നു.” എഴുപതിലെ പുസ്തകം പറയുന്നു, ‘ഒരു ദിവസം നിങ്ങള്‍ പ്രേമിക്കാം, വിവാഹം കഴിക്കാം, കുട്ടികള്‍ ഉണ്ടാകാം”, എന്നാല്‍ എഴുപത്തിരണ്ടായപ്പോള്‍ രീതി മാറി. മൂന്നു സുഹൃത്തുക്കള്‍ പരസ്പരം വളര്ന്നതിലെ പ്രശ്നങ്ങളെ പറ്റി, ആര്‍ത്തവത്തെപ്പറ്റിയും ചര്‍ച്ച ചെയ്യുന്നതാണ് അതിലെ ഉള്ളടക്കം.ഫസ്റ്റ് മൂണ്‍ മെന്‍സസ് കിറ്റ്‌

ഫസ്റ്റ് മൂണ്‍ പോലെയുള്ള പ്രോഡക്റ്റ്കള്‍ പെണ്‍കുട്ടികളുടെ ആദ്യ പീര്യഡ് ഒരു പാര്‍ട്ടി നടത്തി ആഘോഷിക്കണം എന്ന് പറയുന്നവയാണ്. ബോബല്‍ പറയുന്നത് ഇത്തരം സംരംഭങ്ങള്‍ ഒരു എതിര്‍ദിശയിലുള്ള ചര്‍ച്ച തുടങ്ങിവെച്ചവയാണെന്നാണ്.

"ആര്‍ത്തവം വളരെ സങ്കീര്‍ണ്ണമായ ഒരു ചക്രത്തിന്റെ ഭാഗമാണ്”, അവര്‍ പറയുന്നു. ഇതൊരു ശുചിത്വപ്രശ്നമല്ലെന്നും പെണ്‍കുട്ടി എന്നതില്‍ നിന്ന് സ്ത്രീ എന്നതിലെയ്ക്ക് വളരുന്നതിന്റെ സൂചനയാണെന്നും അത് ആഘോഷിക്കേണ്ടതാണെന്നുമാണ് ഇത്തരം വസ്തുക്കള്‍ പഠിപ്പിക്കുനത്.” ഈ കിറ്റില്‍ ഒരു ചെറു പുസ്തകം, ഒരു ഓഡിയോ ടേപ്പ്, മ്യൂസിക്ക് കാസറ്റ് ടേപ്പ്, ഇന്‍വിറ്റേഷനുകള്‍, റിബണ്‍, മെഴുകുതിരികള്‍, മറ്റ് അലങ്കാരവസ്തുക്കള്‍ എന്നിവയാണ് ഉള്ളത്.

പാഡ് പോട്ട് ആന്‍ഡ്‌ റീയൂസബിള്‍ ബെല്‍റ്റ്‌ ആന്‍ഡ്‌ പാഡ്

കുറച്ച് ദശാബ്ദങ്ങള്‍ കൊണ്ട് കഴുകിയുപയോഗിക്കാവുന്ന വസ്തുക്കള്‍ ഒരു ആര്‍ത്തവ ആക്റ്റിവിസമായി മാറിയിട്ടുണ്ട്.

“ഇത് പല തരാം ആക്റ്റിവിസ്റ്റ്കളുടെ ഒരു മേളനമാണ്”, ബോബല്‍ പറയുന്നു. “പ്ലാസ്റ്റിക് മാലിന്യം കൂട്ടാന്‍ ആഗ്രഹിക്കാത്ത പരിസ്ഥിതിവാദികള്‍, ഇത്തരം വസ്തുക്കളുടെ റിസ്ക്ക് അറിയുന്ന ഉപഭോക്തൃ അവകാശ ആക്റ്റിവിസ്റ്റുകള്‍, ഫെമിനിസ്റ്റ് ആരോഗ്യ ആക്റ്റിവിസ്റ്റുകള്‍ എന്നിവരെല്ലാം വരും.

ഈ പോട്ട് ഒരു ജലധാരയായി മാറും, കഴുകിയ വെള്ളം ചെടികളില്‍ ഒഴിക്കുകയാണ് ചെയ്യുക.

കൂടുതല്‍ ശേഖരങ്ങള്‍ ഓണ്‍ലൈനായി കാണാന്‍ സന്ദര്‍ശിക്കുക: http://mum.org/


Next Story

Related Stories