TopTop

രാഗം സമ്പൂര്‍ണം, 'അന്നപൂര്‍ണം': പ്രകാശം പരത്തിയ സുര്‍ ബഹാറിനെക്കുറിച്ച്

രാഗം സമ്പൂര്‍ണം,
സ്വയം തീര്‍ത്ത തടവറയില്‍ നിന്ന് പോലും അതിരുകള്‍ ഭേദിച്ച് അലയടിച്ച സംഗീത സാഗരം തന്നെയായിരുന്നു അന്നപൂര്‍ണ ദേവി. ജീവിതത്തിലും സംഗീതത്തിലും ദുരൂഹമായി നിലനില്‍ക്കുകയും, തന്നേ തേടി വന്ന അവസരങ്ങള്‍ക്കും അനുവാചകര്‍ക്കും നേരെ വാതിലുകള്‍ കൊട്ടി അടക്കുകയും, സ്വയം തീര്‍ത്ത എകാന്തതയില്‍ പതിറ്റാണ്ടുകളോളം അഭിരമിക്കുകയും ചെയ്ത ഒരു മഹാ സംഗീതജ്ഞ. ആ വാത്മികങ്ങള്‍ തകര്‍ത്ത് നിരന്തരമായി ആ വാതിലുകള്‍ കൊട്ടിയവര്‍ക്ക് മുമ്പില്‍ അന്നപൂര്‍ണയായി മാറിയ റോഷനാര ഖാന്‍ തുറന്നിട്ടത് സംഗീതത്തിന്റെ മഹാസാഗരത്തിലേക്കുള്ള രഹസ്യങ്ങളായിരുന്നു. റോഷനാര എന്നാല്‍ പേര്‍ഷ്യനിലും ഉറുദുവിലും വെളിച്ചത്തിന്‍റെ സമുച്ചയം, പ്രകാശം പരത്തുന്നവള്‍ എന്നെല്ലാമാണ് അര്‍ത്ഥം. ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീത ലോകത്ത് സമാനതകളില്ലാത്ത ഉജ്ജ്വല പ്രകാശമായിരുന്നു അന്നപൂര്‍ണ ദേവി.

സംഗീതത്തിന്റെ കാര്യത്തില്‍ പിതാവ് അലാവുദ്ദീന്‍ ഖാന്‍ കടുംപിടുത്തക്കാരനായിരുന്നു. പിതാവ് തന്നെ ഗുരുവായി മാറുമ്പോള്‍ പിതാവിന്റെ സ്‌നേഹത്തേക്കാള്‍ ഗുരുവിന്റെ കാര്‍ക്കശ്യമായിരുന്നു അലാവുദ്ദീന്‍ ഖാനില്‍ നിറഞ്ഞ് നിന്നതെന്ന് മകന്‍ അലി അക്ബര്‍ ഖാന്‍ (പ്രമുഖ സരോദ് വാദകനും അന്നപൂര്‍ണ ദേവിയുടെ സഹോദരനുമാണ്) പറഞ്ഞിട്ടുണ്ട്. കഠിനമായ സാധനകള്‍ അദ്ദേഹം ശിഷ്യരില്‍ നിന്നും ആവശ്യപ്പെടും. അലാവുദ്ദീന്‍ ഖാന്‍ എന്ന ഗുരുവിന്റെ പ്രിയപ്പെട്ട ശിഷ്യയായിരുന്നു റോഷനാര ഖാന്‍ (അന്നപൂര്‍ണ്ണദേവി). വര്‍ഷങ്ങള്‍ക്ക് ശേഷം തന്നെ തേടി വന്ന ശിഷ്യരെ അലാവുദ്ദീന്‍ ഖാന്‍ അന്നപൂര്‍ണ്ണയുടെ സമീപത്തേക്കാണ് അയച്ചതെന്ന് കാണുമ്പോള്‍ അവര്‍ സംഗീതത്തില്‍ പുലര്‍ത്തിയ നിഷ്ഠ അത്ര തീവ്രമായിരുന്നുവെന്ന് തിരിച്ചറിയുന്നു.

സംഗീതത്തില്‍ പൂര്‍ണ്ണതയ്ക്കായുള്ള പിടിവാശി അലാവുദ്ദീന്‍ ഖാനില്‍ എത്രത്തോളമുണ്ടായിരുന്നോ അത്രത്തോളം അന്നപൂര്‍ണ്ണയിലും ഉണ്ടായിരുന്നുവെന്ന് അലി അക്ബര്‍ ഖാന്‍ പറഞ്ഞിട്ടുണ്ട്. വലത് വശത്തേക്ക് പുല്ലാങ്കഴല്‍ പിടിച്ച് ശീലിച്ച് പോയ ഹരിപ്രസാദ് ചൗരസ്യയോട് ഇടതുവശത്തേക്ക് പുല്ലാങ്കുഴല്‍ പിടിക്കാന്‍ ആവശ്യപ്പെട്ടു അന്നപൂര്‍ണ. നിഖില്‍ ബാനര്‍ജിയോട് ലോകത്തെ മറക്കാനും നിരന്തരമായി സാധകം ചെയ്യാനും ആവശ്യപ്പെട്ടു. നിഖിലിനെ കൊണ്ട് ദിവസവും 14 മണിക്കൂറോളം സാധകം ചെയ്യിപ്പിച്ചിട്ടുണ്ട് അന്നപൂര്‍ണ്ണ.

അന്നപൂര്‍ണ്ണയുടെ ശിഷ്യയാകുക എന്നാല്‍ സംഗീതത്തിനായി തന്നെ തന്നെ പൂര്‍ണ്ണമായി സമര്‍പ്പിക്കുക എന്നതായിരുന്നു. സംഗീതത്തിന്റെ പൂര്‍ണ്ണതയായിരുന്നു അന്നപൂര്‍ണ്ണ തന്റെ ശിഷ്യരില്‍ നിന്നും ആവശ്യപ്പെട്ട ഗുരുദക്ഷിണ. അല്ലാത്തവര്‍ക്ക് മുമ്പില്‍ ആ വാതിലുകള്‍ അടഞ്ഞ് തന്നെ കിടന്നു. അവിടെ ലോകം ശുഷ്‌കമായി നിലകൊണ്ടു. വളരെ കുറച്ച് പേര്‍ മാത്രം ആ സംഗീതം കേട്ടു. അവര്‍ ലോകത്തോട് അന്നപൂര്‍ണ്ണ ദേവിയുടെ സംഗീതത്തിന്റെ മാസ്മരികതെപ്പറ്റി അത്ഭുതം കൂറി.

ആ സംഗീതത്തെ പറ്റിയുള്ള കേട്ടറിവിലാണ് ലോക പ്രശസ്ത വയലിനിസ്റ്റും പണ്ഡിറ്റ് രവിശങ്കറിന്റെ (ആദ്യ ഭര്‍ത്താവ്) സുഹൃത്തുമായ യെഹൂദി മെനൂഹിനെ അന്നപൂര്‍ണക്ക് ശിഷ്യപ്പെടണം എന്ന താല്പര്യത്തിന്‍റെ പുറത്ത് മാത്രം മുംബൈയില്‍ എത്തിച്ചത്. എല്ലാവരോടും എന്ന പോലെ അദ്ദേഹത്തിന് മുമ്പിലും ആ വാതിലുകള്‍ അടഞ്ഞുതന്നെ കിടന്നു. ഒടുവില്‍ അന്നപൂര്‍ണ്ണയുടെ സാധകം, മുംബയ് മലബാര്‍ ഹില്‍സിലെ അവരുടെ വീടിന് പുറത്ത് നിന്ന് കേട്ട് വിസ്മയിച്ചു തിരികെ പോയി. രവിശങ്കറിന്‍റെ മറ്റൊരു അടുത്ത സുഹൃത്ത്, വിഖ്യാത റോക്ക് ബാന്‍ഡ് 'ബീറ്റില്‍സ്'ന്റെ ജോര്‍ജ് ഹാരീസണും അതുപോലെ ആ സംഗീത മാസ്മരികത ആസ്വദിച്ച് തിരിച്ചുപോയി.


രവിശങ്കറുമായുള്ള പ്രശ്‌നങ്ങള്‍ കാരണം പൊതു ഇടങ്ങളില്‍ നിന്നും ഉള്‍വലിഞ്ഞു എന്നതിനേക്കാള്‍ സംഗീതത്തിന്റെ പൂര്‍ണ്ണതക്കായി സ്വയം തിരഞ്ഞെടുത്ത അജ്ഞാത വാസമാകാനാണ് സാധ്യതകള്‍ കൂടുതല്‍ എന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്‌ - അത്തരം ഒരാള്‍ക്ക് മാത്രമെ ഫ്‌ളാറ്റിന് പുറത്ത് 'തിങ്കളും വെള്ളിയും ഈ വാതില്‍ തുറക്കില്ല. മറ്റു ദിവസങ്ങളില്‍ മൂന്നു തവണ ബെല്ലടിച്ചിട്ടും തുറന്നില്ലെങ്കില്‍ വിലാസം എഴുതി വെച്ച് പോകുക' എന്ന ബോര്‍ഡ് വെക്കാന്‍ കഴിയൂ.

മറ്റുള്ളവരുടെ ശരികളോട് അന്നപൂര്‍ണ്ണ എന്നും മുഖം തിരിച്ചു നിന്നു. തന്റെ മാത്രം ശരികളെ പിന്തുടര്‍ന്നു. അത് സംഗീതത്തിലായാലും ജീവിതത്തിലായാലും. തന്നിലേക്ക് തന്നെ ഒതുങ്ങുന്നതിന് മുമ്പ് അന്നപൂര്‍ണ പൊതുവേദികളില്‍ തന്റെ സംഗീതം റെക്കോര്‍ഡ് ചെയ്യുമ്പോള്‍ ശക്തമായി തന്നെ കലഹിച്ചതും (സംഗീതം പ്രദര്‍ശന വസ്തുവല്ല. പാടുന്നവരുടെ ആത്മപ്രകാശം തെളിയിക്കേണ്ടതാണ്), തന്റെ തന്നെ ശിഷ്യനായ റോഷി കുമാര്‍ പാണ്ഡ്യയെ വിവാഹം കഴിക്കുന്നതും, പത്മ ഭൂഷണ്‍ ഉള്‍പ്പടെ തേടി എത്തിയ അവാര്‍ഡുകള്‍ക്ക് നേരെ മുഖം തിരിച്ചതും അതാകാം.

നീണ്ട 62 വര്‍ഷങ്ങളില്‍ അന്നപൂര്‍ണയുടെ മലബാര്‍ ഹില്‍സിലെ അപ്പാര്‍ട്ട്‌മെന്റിലെ വാതിലുകള്‍ തുറന്നത് സംഗീതത്തിന് വേണ്ടി ജീവിതം മാറ്റിവച്ചവര്‍ക്ക് വേണ്ടി മാത്രമായിരുന്നു. ഹരിപ്രസാദ് ചൗരസ്യയും, നിഖില്‍ ബാനര്‍ജിയും, നിത്യാനന്ദ ഹല്‍ഡിപൂരും, ആശിഷ് ഖാന്‍ ദേവ ശര്‍മ്മയു,ബിരെയ്ന്‍ ബാനര്‍ജിയും, ഹേമന്ത് ദേശായിയും, സന്ധ്യ ആപ്‌തെയും, ഉമ ഗുപ്തയുമൊക്കെ ആ വാതിലുകളില്‍ കാത്തിരുന്ന് തപസ്സ് ചെയ്തതിന്റെ ഫലമാണ് ഇന്നത്തെ അവരുടെ സംഗീതം. അവരുടെ സംഗീതം അന്നപൂര്‍ണയുടെ തുടര്‍ച്ച തന്നെയല്ലേ...

ലോകം അതിന്റെ വേഗത്തിനൊപ്പം കുതിച്ചപ്പോള്‍ ആര്‍ക്കും പിടികൊടുക്കാതെ ആരെയും ബോധിപ്പിക്കാന്‍ ശ്രമിക്കാതെ തന്റെ തന്നെ സംഗീതവുമായി അവര്‍ കഴിഞ്ഞു, തന്റെ ആ പാതിരാവില്‍ തനിക്ക് വേണ്ടി മാത്രമായി തന്റെ പ്രിയപ്പെട്ട 'യെമന്‍ കല്യാണി' ആലപിച്ചു. പ്രിയപ്പെട്ട സുര്‍ബഹാറില്‍ വിസ്മയം തീര്‍ത്തു. തൊണ്ണൂറ്റി ഒന്നാം വയസ്സില്‍ മരണം അന്നപൂര്‍ണ്ണയെ തന്റെ പ്രിയപ്പെട്ട സുര്‍ബഹാറിന്റെ തന്ത്രികളില്‍ നിന്നും അകറ്റുമ്പോള്‍ പൂര്‍ണ്ണമാകുന്നത് ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഇതിഹാസ തുല്യമായ ഒരേടാണ്.

മറ്റുള്ള സംഗീതങ്ങള്‍ നിങ്ങളുടെ മുമ്പില്‍ തിരഞ്ഞെടുപ്പിനായി കാത്ത് നില്‍ക്കുമ്പോള്‍ അന്നപൂര്‍ണ്ണ ദേവിയുടെ സംഗീതം ഒരു തേടി പോകലിന്റെ ഒരിക്കലും അവസാനിക്കാത്ത വാതായനങ്ങള്‍ തുറന്നിടുന്നു. അത് ഹൃദയത്തില്‍ ഏല്‍ക്കുന്നവര്‍ക്ക് സ്വയം നഷ്ടപ്പെടുന്നു, അവര്‍ പൂര്‍ണ്ണരാകുന്നു.

Next Story

Related Stories