TopTop
Begin typing your search above and press return to search.

താരനിശ

താരനിശ

അധ്യക്ഷരും സ്വാഗത പ്രാസംഗികരും ആശംസാ സന്ദേശ വാഹകരും സമ്മാനദാതാക്കളും അവതാരകരും ചേര്‍ന്ന് ഓഡിയന്‍സിനെ ആദ്യം അടിച്ചു നിലം പരിശാക്കുന്നു. അവര്‍ തലക്ക് ക്ഷതമേറ്റ് അവശരും ക്ഷീണിതരും ആയിക്കഴിഞ്ഞെന്നു ഉറപ്പു വരുത്തിയ ശേഷവും ക്രൂരത തുടരും. ഓഡിയന്‍സിനു കൂടുതലും തങ്ങള്‍ക്ക് കുറച്ചു മാത്രവും അറിയുന്ന ഒരു കാര്യത്തെക്കുറിച്ചുള്ള ചെറിയ ഒരു പരസ്യ വീഡിയോ ചിത്രം കാണിക്കുക എന്നതാണ് തുടര്‍ന്നുള്ള മൃഗയാ വിനോദങ്ങളില്‍ ഏറ്റവും പ്രധാനപ്പട്ടത്. ഈയടുത്ത് ഒരു മോഷണക്കേസില്‍ തസ്‌കരര്‍ വീട്ടുകാരെ മയക്കുമരുന്ന് ഉപയോഗിച്ചു ബോധം കെടുത്തിയ ശേഷം അക്കാര്യം ഉറപ്പു വരുത്താന്‍ മൂര്‍ച്ചയുള്ള ഒരു ചെറു ആയുധം കൊണ്ട് അവരുടെ ദേഹത്ത് അവിടവിടെ ഒന്ന് കോറി വരച്ചു നോക്കിയത്രേ! ഇത് തന്നെയാണ് വേദിയില്‍ പരിപാടി അവതരിപ്പിക്കാന്‍ പോകുന്നവരെക്കുറിച്ചു തയ്യാറാക്കപ്പെടുന്ന ഇത്തരം ലഘു ചിത്രങ്ങള്‍ കൊണ്ടും ഉദ്ദേശിക്കുന്നത്!

കോര്‍പ്പറേറ്റ് മേഖലയിലാണ് ഈ ഓര്‍ഗനൈസഡ് ക്രൈം അധികം കണ്ടു വരുന്നതത്രെ! " പ്രൈവറ്റ് പ്രോഗ്രാം'' എന്നും ഇത് അറിയപ്പെടുന്നു. സര്‍ക്കാര്‍ നിരപരാധിയാണ് എന്നാണ് അതിന്റെ ഒരു അര്‍ഥം. വാസ്തവത്തില്‍ അതതു സ്ഥലത്തെ അധികാരികളെക്കാളും വലിയ കോര്‍പ്പറേറ്റുകളോ കോര്‍പ്പറേറ്റുകളെക്കാളും വലിയ അധികാരികളോ ഉണ്ടാവുകയില്ല എന്നു മാത്രമല്ല ഇവര്‍ പരസ്പരം സഹകരിച്ചാലല്ലാതെ, 10 ലക്ഷത്തിനു മുകളില്‍ ചെലവു വരുന്ന ഒരു പൊതു പരിപാടിയും സംഘടിപ്പിക്കുക സാധ്യമല്ല എന്നും അറിയാന്‍ സാമാന്യ ബുദ്ധിയുടെ പകുതിയേ ആവശ്യമുള്ളൂ.

അതുകൊണ്ട്, സാധാരണ ഗാനമേളകള്‍ (ഇടയ കന്യകേ... ആയിരം കാതം... ചന്ദന ചര്‍ച്ചിത... ) വന്‍ താരനിശകള്‍ക്ക് വഴി മാറിയതെങ്ങനെയാണെന്നും പ്രൈവറ്റ് സെക്റ്ററില്‍ അവാര്‍ഡുകളോടൊപ്പം അവാര്‍ഡ് നൈറ്റുകളും വര്‍ദ്ധിച്ചത് എന്ത് കൊണ്ടാണെന്നും ഐറ്റം സിനിമകളില്‍ 'ബിസ്‌ക്കറ്റ്' കൈമാറാന്‍ പാട്ടിനോടൊപ്പം റോക്ക് ആന്‍ഡ് റോളുകള്‍ നിര്‍ബന്ധം ആക്കുന്നത് ആരാണെന്നും എന്തിനാണെന്നും മാസത്തില്‍ ഒരിക്കലെങ്കിലും നമുക്ക് ആവര്‍ത്തിച്ചു ചിന്തിക്കേണ്ടതായിട്ടുണ്ട് !സംഗതി ശരിയാണ്. അതി ഗംഭീരമായി സന്തോഷിക്കണം, നമുക്ക്. തീര്‍ച്ചയായിട്ടും വേണ്ടതാണ്. ആര്‍ക്കാണ് എതിര്‍പ്പ്? അതിലൊന്നും ഒരു കോമ്പ്രമൈസും വേണ്ട. പക്ഷെ നമ്മുടെ സന്തോഷം കോര്‍പ്പറേറ്റുകള്‍ എന്തിനാണ് ഇങ്ങനെ പൊട്ടയായി ഡിസൈന്‍ ചെയ്തു തരുന്നത്? ''ജനങ്ങള്‍ക്ക് അതാണാവശ്യം'' എന്ന് നമുക്കെതിരില്‍ കാലാകാലത്തേക്ക് അവര്‍ ഒരു FIR എഴുതി വെച്ചിട്ടുണ്ട് എന്ന കാര്യം അറിയാമോ? IS IT TRUE? ''അതെ, അതെ'' എന്നാണോ നിങ്ങളുടെ ഉത്തരം? മറിച്ചാണെങ്കില്‍ ''അല്ല ,അല്ല '' എന്ന്! നമ്മുടെ കേസ് നമുക്ക് വേണ്ടി ആരു വാദിക്കും? ഏതെങ്കിലും ഒരു താരനിശ ഒന്നില്‍ നിന്നും മറ്റൊന്നുമായി ഏതെങ്കിലും നിലയില്‍ വിഭിന്നമാണെന്ന് തോന്നിയിട്ടുണ്ടോ? വ്യത്യാസം കണ്ടുപിടിക്കാമോ എന്ന്! പദപ്രശ്‌നത്തോടൊപ്പം പതിനാറാം പേജില്‍ കൊടുക്കാവുന്ന ഒരു കളിയായി ഒരു വിധം പരിപാടികളും ഇപ്പോള്‍ മാറിക്കഴിഞ്ഞിട്ടുണ്ട്. എന്തെങ്കിലും ഒരു വ്യത്യസ്തതയെക്കുറിച്ചു ചിന്തിക്കുന്നവരാകട്ടെ ഇരുപത്തിരണ്ടു നിലയില്‍ പൊട്ടിക്കൊണ്ടിരിക്കുകയാണ്! ഇതിന്റെയൊക്കെ ഉത്തരവാദിത്തം ജനങ്ങള്‍ക്കാണോ ? കാരണം കീടാണു? റീസണ്‍ FIR ?? !!

ആരാണ് ഇനി, പൂച്ചക്ക് 'നമ്മുടെ മണി'യെ ഒന്ന് പരിചയപ്പെടുത്തികൊടുക്കുക?

ചോദ്യം അന്തരീക്ഷത്തില്‍ നില്‍ക്കെ , നമുക്ക് നമ്മുടെ സ്വന്തം റോയിസ്റ്റന്‍ ഏബെല്‍ (ROYSTEN ABEL) ഭാവകല്പന ചെയ്ത THE MANGANIYAR SEDUCTION എന്നു പേരായ ഒരു വ്യത്യസ്ത മ്യൂസിക്കല്‍ ലൈവ് കാണാം. സ്‌റ്റേജിലെ അദ്ദേഹത്തിന്റെ ഭാവനകളും പണിത്തരങ്ങളും ഇക്കാണുന്നത് മാത്രമല്ല. അതോടൊപ്പം മംഗാനിയ്യാറുകളെക്കുറിച്ചും ഒരുപാടു പറയാനുണ്ട്. അത് പിന്നീട് ഒരിക്കല്‍ ആവാം. ആവാതിരിക്കാം. അറിവുകള്‍ ഒരു കൂട്ടായ്മ മാത്രമല്ല. ഒറ്റക്കൊറ്റക്കും അത് തേടിപ്പോകാം! നന്ദി .

എല്ലാവരോടും സ്‌നേഹം(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories