Top

സിഇ 630 ജനുവരി 11: പ്രവാചകന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ മുസ്ലീങ്ങള്‍ മെക്ക പിടിച്ചെടുത്തു

സിഇ 630 ജനുവരി 11: പ്രവാചകന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ മുസ്ലീങ്ങള്‍ മെക്ക പിടിച്ചെടുത്തു
ക്രിസ്തുവര്‍ഷം 630 ജനുവരി 11-ന്, മുസ്ലീങ്ങള്‍ സമാധന ഉടമ്പടി ഉണ്ടാക്കുകയും മെക്ക കീഴടക്കുകയും ചെയ്ത മെക്ക പിടിച്ചടക്കല്‍ എന്ന ചരിത്രസംഭവം ഉണ്ടായി. പ്രവാചകനായ മുഹമ്മദി സ്വഭാവം വെളിവാക്കുന്നു എന്നതിനാല്‍ തന്നെ ഈ സംഭവം മുസ്ലീങ്ങള്‍ക്ക് പരമപ്രധാനമാണ്. അറബ് പാരമ്പര്യ പ്രകാരം അദ്ദേഹത്തിന് പ്രതികാരം ചെയ്യാമായിരുന്നെങ്കിലും പകരം പ്രവാചകന്‍ മെക്കക്കാരോട് കാരുണ്യം കാണിക്കുകയായിരുന്നു. കലഹങ്ങളെ എങ്ങനെ നേരിടാമെന്ന് ഇപ്പോഴുള്ള മുസ്ലീങ്ങളെ പോലും ഓര്‍മ്മിപ്പിക്കുന്ന ഒരു പ്രധാന സംഭവമായി ഇത് മാറുന്നു.

ക്രിസ്തുവര്‍ഷം 628-ല്‍, ചെറിയ തീര്‍ത്ഥാടനമായ ഉംമ്ര നിര്‍വഹിക്കുന്നതിനായി 1400 മുസ്ലീങ്ങളോടൊപ്പം മുഹമ്മദ് പ്രവാചകന്‍ മെദീനയില്‍ നിന്നും പുറപ്പെട്ടു. അവര്‍ മെക്കയുടെ പ്രാന്തപ്രദേശങ്ങളില്‍ എത്തിയപ്പോള്‍, മുസ്ലീങ്ങള്‍ യുദ്ധത്തിനല്ല വന്നിരിക്കുന്നതും മതപരമായ ചടങ്ങ് നിര്‍വഹിക്കുന്നതുമാണെന്ന സന്ദേശവുമായി പ്രവാചകന്‍ മെക്കക്കാരുടെ അടുത്തേക്ക് ഒരു ദൂതനെ വിട്ടു. ആ വര്‍ഷം തീര്‍ത്ഥാടനം നടത്താന്‍ മുസ്ലീങ്ങള്‍ക്ക് അനുവാദമില്ലായിരുന്നെങ്കിലും മുസ്ലീങ്ങളും ഖുറേഷികളും തമ്മില്‍ ഒരു ഉടമ്പടി ഉണ്ടാക്കിയിരുന്നു. ഹുദാബിയാ കരാര്‍ എന്നാണ് ഈ ഉടമ്പടി അറിയപ്പെടുന്നത്. കരാര്‍ പ്രകാരം മുസ്ലീങ്ങള്‍ തങ്ങളുടെ തീര്‍ത്ഥാടനം വരും വര്‍ഷത്തേക്ക് മാറ്റിവെക്കേണ്ടിയിരുന്നു. തീര്‍ത്ഥാടനത്തിനായി മുസ്ലീങ്ങള്‍ മടങ്ങിയെത്തുമ്പോള്‍ അവര്‍ക്ക് അനുഷ്ഠാനങ്ങള്‍ സമാധാനപരമായി ചെയ്യാനാകും വിധം മെക്കക്കാര്‍ നഗരം ഒഴിഞ്ഞുപോകുമെന്നുമായിരുന്നു കരാര്‍. കൂടാതെ, ഒരു സംഘര്‍ഷം ഉടലെടുക്കുന്ന പക്ഷം മുസ്ലീങ്ങളുമായോ മെക്കക്കാരുമായോ സംഖ്യമുണ്ടാക്കാനും അവര്‍ക്ക് വേണ്ടി പോരാടാനും അറബ് ഗോത്രങ്ങള്‍ക്ക് സ്വാതന്ത്ര്യവും നല്‍കിയിരുന്നു. അവസാനം, രക്തച്ചൊരിച്ചില്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ, ഇരു ഭാഗങ്ങളും തമ്മില്‍ പത്തുവര്‍ഷത്തെ കരാര്‍ ഉണ്ടാക്കുന്നതിനുള്ള ഒരു പദ്ധതിയും ഉടമ്പടിയിലുണ്ടായിരുന്നു.

തുടക്കത്തില്‍, ഇരു കക്ഷികളും ഉടമ്പടി അനുസരിച്ചു. എന്നാല്‍, രണ്ടു വര്‍ഷത്തിന് ശേഷം കരാര്‍ ലംഘിക്കപ്പെടാന്‍ തുടങ്ങി. മെക്കക്കാരുമായി സംഖ്യമുണ്ടായിരുന്ന ഒരു ഗോത്രം, മുസ്ലീങ്ങളെ പിന്തുണച്ചിരുന്ന ഒരു ഗോത്രത്തെ ആക്രമിക്കുകയും കുറച്ച് അംഗങ്ങളെ കൊല്ലുകയും ചെയ്തു. ഈ സംഭവം കരാറിനെ ക്ഷയിപ്പിച്ചു. ഈ സമയം കൊണ്ട്, മുസ്ലീങ്ങള്‍ ഒരു പ്രമുഖ ശക്തിയായി വളര്‍ന്നു കഴിഞ്ഞിരുന്നു. അതിനാല്‍ തന്നെ മെക്കയിലേക്ക് 10,000 പേര്‍ വരുന്ന ഒരു സൈന്യത്തെ നയിക്കാന്‍ മുഹമ്മദ് പ്രവാചകന്‍ തീരുമാനിച്ചു. മുസ്ലീങ്ങള്‍ മെക്കയില്‍ എത്തിയത്തോടെ തന്നെ ഖുറേഷികള്‍ കീഴടങ്ങി. ഇതിനെ തുടര്‍ന്ന് പ്രവാചകന്‍ ഇങ്ങനെ പ്രഖ്യാപിച്ചു, 'കഅബയില്‍ അഭയം തേടിയിരിക്കുന്നവര്‍ സുരക്ഷിതരാണ്; അബു സുഫിയാന്റെ വീട്ടില്‍ അഭയം പ്രാപിച്ചിരിക്കുന്നവര്‍ സുരക്ഷിതരാണ്; തങ്ങളുടെ വീടുകളില്‍ ഒറ്റപ്പെട്ടുപോയവരും സുരക്ഷിതരാണ്.'

മുഹമ്മദ് പ്രവാചകന്റെ മുഖ്യ ശത്രുക്കളില്‍ ഒരാളായിരുന്നു ഖുറേഷികളുടെ നേതാവായിരുന്നു അബു സുഫിയാന്‍. തിരിച്ചടികളുടെ നിയമത്തിലാണ് അറബികള്‍ വിശ്വസിച്ചിരുന്നത് എന്നതിനാല്‍ മുസ്ലീങ്ങളെ വധിച്ചതിന്റെയും തുടര്‍ന്നുള്ള യുദ്ധങ്ങളില്‍ തോറ്റതിന്റെയും പ്രതികാരം മുസ്ലീങ്ങള്‍ തീര്‍ക്കുമെന്നും ഉള്ള ഭയം നിലനിന്നിരുന്നതിനാലും തങ്ങളുടെ നഗരത്തിന്റെ ഭാവിയെ കുറിച്ച് മെക്കക്കാര്‍ സംഭീതരായിരുന്നു. പ്രവാചകനും മുസ്ലീങ്ങളും കഅബ പ്രദേശത്ത് പ്രവേശിച്ചപ്പോള്‍, മുസ്ലീങ്ങളോട് യുദ്ധം തുടരാന്‍ താല്‍പര്യമില്ലാത്ത മെക്കയിലുള്ള എല്ലാവര്‍ക്കും മാപ്പു നല്‍കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു: ' നിങ്ങള്‍ക്കെതിരെ ഒരു മര്‍ദ്ദനവും ഇന്നുണ്ടാവില്ല. ദൈവം നിങ്ങളോട് പൊറുക്കും; കാരുണ്യവാന്മാരില്‍ പരമ കാരുണ്യവാനാണ് അദ്ദേഹം. നിങ്ങള്‍ക്ക് പിരിഞ്ഞുപോകാം.!' എന്തെങ്കിലും തരത്തിലുള്ള ശിക്ഷ ലഭിക്കുമെന്ന് മിക്ക മെക്കക്കാരും കരുതിയിരുന്നെങ്കിലും പ്രവാചകന്റെ പ്രഖ്യാപനം അവരെ അത്ഭുതപ്പെടുത്തി. മുസ്ലീങ്ങളാവാന്‍ അവരില്‍ ചിലര്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ രക്തച്ചൊരിച്ചില്‍ ഇല്ലാത്ത ഒന്നായി മെക്ക കീഴടക്കല്‍ മാറി. മുസ്ലീങ്ങളും ഖുറേഷികളും തമ്മില്‍ വര്‍ഷങ്ങളായി നീണ്ടുനിന്ന യുദ്ധവും കലാപവും അവസാനിക്കുകയും ചെയ്തു.

Next Story

Related Stories