Top

മുസ്ലീം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദ് എംപി അന്തരിച്ചു

മുസ്ലീം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദ് എംപി അന്തരിച്ചു
മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുൻ കേന്ദ്ര സഹ മന്ത്രിയുമായിരുന്ന ഇ അഹമ്മദ് എം പി (78) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 2.15 നായിരുന്നു അന്ത്യം. പാർലമെൻറിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ കുഴഞ്ഞു വീണ അഹമ്മദിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം ഇ അഹമ്മദ് എംപിയുടെ ആരോഗ്യനിലയെക്കുറിച്ച് മക്കളോടു പോലും ഒന്നും പറയാതിരുന്ന കേന്ദ്ര സർക്കാർ നടപടിയിൽ ദുരൂഹതയുണ്ടെന്ന ആരോപണമുയര്‍ന്നു. ഇന്നലെ രാവിലെ പതിനൊന്നോടെ പാർലമെന്റിൽ കുഴഞ്ഞുവീണ അഹമ്മദിനെ സർക്കാർ നിയന്ത്രണത്തിലുള്ള രാം മനോഹർ ലോഹ്യ ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്. ഗൾഫിൽനിന്നു മകൾ ഡോ ഫൗസിയയും മകൻ നസീർ അഹമ്മദും വന്നിട്ടും അവരെയും അഹമ്മദിന്റെ അടുത്തേക്കു വിട്ടില്ല.

സംഭവമറിഞ്ഞ് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ആശുപത്രിയിൽ എത്തിയത് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. പൊതു ബജറ്റ് അവതരണത്തെ ബാധിക്കും എന്നതുകൊണ്ടാണ് അഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ആരോഗ്യനില സംബന്ധിച്ച യാതൊരു വിവരവും പുറത്തുവിടാതിരുന്നത് എന്ന് ആരോപണം ഉയര്‍ന്നിരുന്നു. സിറ്റിംഗ് എംപിക്ക് എന്തെങ്കിലും സംഭവിച്ചാൽ ആ ദിവസത്തെ സഭാ സമ്മേളനം റദ്ദ് ചെയ്യേണ്ടിവരും. ബജറ്റ് അവതരണമായതിനാൽ ഇത്തരമൊരു സാഹചര്യം ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നടത്തിയ നീക്കമാണെന്നായിരുന്നു ആരോപണം.

ആദ്യം തീവ്രപരിചരണ വിഭാഗത്തിലാണ് അഹമ്മദിനെ എത്തിച്ചത്. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് സന്ദർശിച്ചതിനു തൊട്ടുപിന്നാലെ ട്രോമ കെയർ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു. ഏറെ നീണ്ട വാഗ്വാദത്തിനൊടുവിലാണ് ട്രോമ കെയർ വിഭാഗത്തിന്റെ ചില്ലുവാതിലിൽ കൂടി അഞ്ചു സെക്കൻഡ് അഹമ്മദിനെ കാണാൻ മകള്‍ ഡോ. ഫൗസിയക്ക് അനുമതി നൽകിയത്. ഓപ്പൺ ഐസിയുവിൽനിന്ന് ട്രോമ കെയർ വിഭാഗത്തിലേക്ക് അഹമ്മദിനെ മാറ്റുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ മൂടിയിരുന്നെന്ന് ഒരു സഹായി പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. തുടര്‍ന്ന് മുൻ കേന്ദ്രമന്ത്രി വയലാർ രവി, എംപിമാരായ ഇ ടി മുഹമ്മദ് ബഷീർ, എം കെ രാഘവൻ, പി വി അബ്ദുൾ വഹാബ് എന്നിവർ ഇന്നലെ വൈകിട്ടു മുതൽ ട്രോമ കെയർ വിഭാഗത്തിനു പുറത്തെത്തി.

രാത്രി പതിനൊന്നോടെ ആർഎംഎല്ലിലെത്തിയ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയേയും അഹമ്മദിനെ കാണാൻ അനുവദിച്ചില്ല. പന്ത്രണ്ടേകാലോടെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും മുതിർന്ന കോൺഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേലും ഗുലാം നബി ആസാദും ആശുപത്രിയിലെത്തി.

1938 ൽ കണ്ണൂരിൽ ജനിച്ച അഹമ്മദ് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമായത്. എം എസ് എഫിന്റെ സ്ഥാപക സെക്രട്ടറി ആയിരുന്നു. ഇരുപതു വർഷക്കാലം പാർലമെൻറിൽ പ്രവർത്തിച്ച അഹമ്മദ് രണ്ടു തവണ കേന്ദ്ര സഹ മന്ത്രിയായി. പത്തു തവണ ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. നിലവിൽ മലപ്പുറം ലോകസഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അഹമ്മദ് നേരത്തെ മഞ്ചേരി, പൊന്നാനി മണ്ഡലങ്ങളിൽ നിന്നും നിരവധി തവണ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അഞ്ചു തവണ കേരള നിയമ സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട അഹമ്മദ് 1982 ൽ കേരളത്തിൽ വ്യവസായ മന്ത്രിയായിരുന്നു. കണ്ണൂർ നഗര സഭയുടെ പ്രഥമ ചെയർമാൻ ആയിരുന്നു.

ഇന്ന് രാവിലെ എട്ടു മണി മുതൽ പന്ത്രണ്ട് മണിവരെ ഡൽഹിയിലെ വീട്ടിൽ മൃതദേഹം പൊതു ദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് കേരളത്തില്‍ കോഴിക്കോട് ഹജ്ജ് ഹൗസ്, കോഴിക്കോട് ലീഗ് ഹൗസ് എന്നിവിടങ്ങളിൽ പൊതുദർശനത്തിനു വെച്ച ശേഷം നാളെ സ്വദേശമായ കണ്ണൂരിൽ ഖബറടക്കും.

Next Story

Related Stories