TopTop
Begin typing your search above and press return to search.

മലപ്പുറത്തെ ലീഗ് വോട്ടുകള്‍ ചോര്‍ന്നു പോയത് എങ്ങോട്ട്?

മലപ്പുറത്തെ ലീഗ് വോട്ടുകള്‍ ചോര്‍ന്നു പോയത് എങ്ങോട്ട്?

അഴിമുഖം പ്രതിനിധി

കേരളമൊട്ടാകെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വേലിയേറ്റം സൃഷ്ടിച്ചപ്പോള്‍ പ്രതീക്ഷിച്ച പോലെ തന്നെ യുഡിഎഫിന്റെ മാനം കാത്ത ജില്ലകളിലൊന്നായി മലപ്പുറം ഇത്തവണയും നിലകൊണ്ടു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നിയോജക മണ്ഡലങ്ങളുള്ള മലപ്പുറത്ത് 16-ല്‍ 12 ഇടത്ത് യുഡിഎഫും നാലിടത്ത് എല്‍ഡിഎഫുമാണ് ജയിച്ചത്. യുഡിഎഫില്‍ നിന്നും രണ്ട് കുത്തക മണ്ഡലങ്ങളാണ് ഇത്തവണ എല്‍ഡിഎഫ് പിടിച്ചെടുത്തത്. ലീഗിന് ഇത്തവണ ചെറിയ നഷ്ടം മാത്രമാണുണ്ടായിട്ടുള്ളത് എന്നാണ് തെരഞ്ഞെടുപ്പു ഫലങ്ങളോട് പ്രതികരിക്കവെ പാര്‍ട്ടി നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. എന്നാല്‍ ലീഗിന്റെ കോട്ടയായ മലപ്പുറത്ത് 2006-നു ശേഷം പാര്‍ട്ടിക്ക് ഒരിക്കല്‍ കൂടി കനത്ത പ്രഹരമേറ്റിരിക്കുന്നുവെന്നാണ് പുതിയ വോട്ട് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

മുസ്ലിം ലീഗ് മത്സരിച്ച 12 സീറ്റുകളില്‍ ഒരിടത്തു മാത്രമാണ് പരാജയമുണ്ടായത്. കടുത്ത മത്സരം നടന്ന താനൂരില്‍ അടിതെറ്റിയ പാര്‍ട്ടിക്ക് കേരളത്തിലെ തെരഞ്ഞെടുപ്പു ചരിത്രത്തിന്റെ തുടക്കം തൊട്ട് ആറു പതിറ്റാണ്ടിലേറെ കാലം കയ്യിലിരുന്ന മണ്ഡലമാണ് നഷ്ടമായത്. ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച കെപിസിസി മുന്‍ അംഗവും തിരൂര്‍ നഗരസഭ മുന്‍ ചെയര്‍മാനുമായ വി അബ്ദുറഹ്മാന്‍ താനൂരില്‍ സിറ്റിംഗ് എംഎല്‍എ അബ്ദുറഹ്മാന്‍ രണ്ടത്താണിയെ 4918 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ അട്ടിമറിച്ചു. യുഡിഎഫിനുണ്ടായ മറ്റൊരു നഷ്ടം ജില്ലയിലെ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രവും മുതിര്‍ന്ന നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ തട്ടകവുമായ നിലമ്പൂരാണ്. ഇവിടെ മറ്റൊരു മുന്‍ കോണ്‍ഗ്രസുകാരനായ പി വി അന്‍വര്‍ ആര്യാടന്‍ മുഹമ്മദിന്റെ പിന്‍ഗാമിയായി എത്തിയ പുത്രന്‍ ആര്യാടന്‍ ഷൗക്കത്തിനെ കന്നിയങ്കത്തില്‍ തന്നെ 11504 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തറപറ്റിച്ചു.

മറ്റു മണ്ഡലങ്ങളിലെ പോലെ തന്നെ എല്‍ഡിഎഫിന്റെ കൈവശമുണ്ടായിരുന്ന തവനൂര്‍, പൊന്നാനി നിയോജക മണ്ഡലങ്ങളിലും ഇടതുപക്ഷം സ്ഥിതി വളരെ മെച്ചപ്പെടുത്തിയിട്ടുണ്ട്. തവനൂരില്‍ മൂന്നാം അങ്കം ജയിച്ച ഡോ. കെ ടി ജലീല്‍ തന്റെ ഭൂരിപക്ഷം 6,854-ല്‍ നിന്നും രണ്ടിരട്ടിയിലേറെ വര്‍ധിപ്പിച്ച് 17,064-ല്‍ എത്തിച്ചിരിക്കുന്നു. പൊന്നാനിയില്‍ പി ശ്രീരാമകൃഷ്ണനും തന്റെ ഭൂരിപക്ഷം മൂന്നിരട്ടിയിലേറെ വര്‍ധിപ്പിച്ച് 4,101-ല്‍ നിന്നും 15,640-ല്‍ എത്തിച്ചിരിക്കുന്നു.ജില്ലയില്‍ ഒറ്റ സീറ്റെന്ന ലീഗിന്റെ നഷ്ടം ചെറുതായി തോന്നിയേക്കാമെങ്കിലും മലപ്പുറത്തെ വോട്ടിംഗ് പാറ്റേണില്‍ കാര്യമായ മാറ്റമുണ്ടായിട്ടുണ്ടെന്നാണ് ലീഗ് സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷത്തില്‍ കുത്തനെ ഉണ്ടായ ഇടിവും ബിജെപി വോട്ടുകളുടെ ഇരട്ടി വര്‍ധനയും സൂചിപ്പിക്കുന്നത്. ഇരുപത്തയ്യായിരത്തിന്റേയും മുപ്പതിനായിരത്തിന്റേയും ഭൂരിപക്ഷത്തില്‍ പാട്ടുംപാടി ജയിച്ചു കയറുന്ന ലീഗ് എംഎല്‍എമാര്‍ ഇത്തവണ വെള്ളംകുടിക്കുന്ന കാഴ്ചയാണ് വോട്ടെണ്ണുമ്പോള്‍ കണ്ടത്. ജയിച്ച 11 പേരില്‍ ഏറനാട് നിയോജക മണ്ഡലം സിറ്റിംഗ് എംഎല്‍എ പി കെ ബഷീറിനു മാത്രമാണ് ഭൂരിപക്ഷം അല്‍പ്പമെങ്കിലും കൂട്ടാനായത്. കഴിഞ്ഞ തവണ 11246 ആയിരുന്നത് 12,893 ആയി ഉയര്‍ന്നു. മൂന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള മറ്റു 10 പേരുടേയും ഭൂരിപക്ഷത്തില്‍ ഗണ്യമായ കുറവാണുണ്ടായത്.

ഏറ്റവും വലിയ വോട്ടു നഷ്ടമുണ്ടായത് തിരൂരങ്ങാടിയില്‍ ജയിച്ച മന്ത്രി അബ്ദുറബ്ബിനാണ്. 2011-ല്‍ 30,208 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്ന റബ്ബിന് ഇത്തവണ ഇടതുപക്ഷ സ്വതന്ത്രനായ നിയാസ് പുളിക്കലകത്ത് ഉയര്‍ത്തിയ ശക്തമായ വെല്ലുവിളിയില്‍ വെറും 6,043 വോട്ടുകള്‍ക്കാണ് ജയിക്കാനായത്. കാല്‍ ലക്ഷത്തിനടുത്ത് വോട്ടുകളുടെ നഷ്ടം. ശക്തമായ മത്സരം നടന്ന മങ്കട മണ്ഡലത്തില്‍ ടി എ അഹമ്മദ് കബീറിന്റെ മുന്‍ ഭൂരിപക്ഷമായ 23,593 ഇത്തവണ വെറും 1,508 വോട്ടുകളായി ചുരുങ്ങി. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന പെരിന്തല്‍മണ്ണയില്‍ മന്ത്രി മഞ്ഞളാംകുഴി അലിക്ക് വെറും 579 വോട്ടുകള്‍ക്കാണ് ജയിക്കാനായത്. 2011-ല്‍ അലിയുടെ ഇവിടുത്തെ ഭൂരിപക്ഷം 9589 ആയിരുന്നു.

2011-ല്‍ സംസ്ഥാനത്ത് ഏറ്റവും വലിയ ഭൂരിപക്ഷം നേടിയ മലപ്പുറം നിയോജക മണ്ഡലം സിറ്റിംഗ് എംഎല്‍എ പി ഉബൈദുള്ളയുടെ ഭൂരിപക്ഷത്തില്‍ ഇത്തവണ 8836 വോട്ടുകളുടെ കുറവാണുണ്ടായത്. മഞ്ചേരിയില്‍ എം ഉമ്മറിന്റെ ഭൂരിപക്ഷ നഷ്ടം 9436 ആണ്. ശക്തമായ മത്സരം നടന്ന മറ്റൊരു മണ്ഡലമായ തിരൂരില്‍ സി മമ്മുട്ടിയുടെ ഭൂരിപക്ഷം 23,566-ല്‍ നിന്നും 7,061-ലെത്തിക്കാന്‍ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കു കഴിഞ്ഞു. 2011-ല്‍ 35,902 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അബ്ദുസമദ് സമദാനി ജയിച്ച കോട്ടക്കലില്‍ കന്നിമത്സരത്തിനിറങ്ങിയ ആബിദ് ഹുസൈന്‍ തങ്ങള്‍ക്ക് ലഭിച്ച ഭൂരിപക്ഷം 15042 ആണ്. കൊണ്ടോട്ടിയില്‍ നവാഗതനായ ടി വി ഇബ്രാഹീമിനു ലഭിച്ചത് 10,654 വോട്ടിന്റെ ഭൂരിപക്ഷമാണ് മാത്രം. കഴിഞ്ഞ തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച കെ മുഹമ്മദുണ്ണി ഹാജിയുടെ ഭൂരിപക്ഷം 28,149 ആയിരുന്നു. കെ എന്‍ എ ഖാദര്‍ 18,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച വള്ളിക്കുന്ന് മണ്ഡലത്തില്‍ ഇത്തവണ മത്സരിച്ച ലീഗ് സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും മുതിര്‍ന്നയാളായ പി അബ്ദുള്‍ ഹമീദിന് ലഭിച്ചത് 12,610 വോട്ടിന്റെ ഭൂരിപക്ഷം. ഇക്കൂട്ടത്തില്‍ സാരമായ വോട്ടുനഷ്ടമില്ലാതെ ജയിക്കാനായത് കുഞ്ഞാലിക്കുട്ടിക്കാണ്. ഭൂരിപക്ഷ നഷ്ടം വെറും 180 മാത്രം. 38,057 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തിലാണ് വേങ്ങരയില്‍ അദ്ദേഹം ജയിച്ചത്.മുസ്ലിം ലീഗിന് നേരിടേണ്ടി വന്ന ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയുണ്ടായ 2006-ല്‍ പോലും ജയിച്ച സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷത്തില്‍ ഇത്തവണത്തേത് പോലെ കാര്യമായ ഇടിവുണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. മത്സര രംഗത്തുണ്ടായിരുന്ന എസ്ഡിപിഐ, വെല്‍ഫയര്‍ പാര്‍ട്ടി, പിഡിപി തുടങ്ങിയ വേണ്ടത്ര ജനപിന്തുണയില്ലാത്ത മുസ്ലിം ചെറുപാര്‍ട്ടികളെല്ലാം ഇരു മുന്നണികള്‍ക്കുമെതിരെ രംഗത്തുണ്ടായിരുന്നെങ്കിലും അവര്‍ക്ക് വലിയ വോട്ടു നേട്ടമൊന്നും ഉണ്ടാക്കാനായിട്ടില്ല. സാധാരണ ഇടതു മുന്നണിയുടെ പെട്ടിയില്‍ വീഴാറുള്ള ഈ വോട്ടുകളുടെ കുറവിനെ മറി കടന്ന് എല്‍ഡിഎഫ് ശക്തമായ മുന്നേറ്റമുണ്ടാക്കുകയാണ് ചെയ്തത്.

മുസ്ലിം ലീഗിന്റെ വോട്ടുകളില്‍ കാര്യമായ കുറവുണ്ടായതോടൊപ്പം ജില്ലയില്‍ ബിജെപി തങ്ങളുടെ വോട്ടുകള്‍ ഇരട്ടിപ്പിക്കുന്നതില്‍ ഇത്തവണ വിജയിച്ചിട്ടുണ്ട്. 16 മണ്ഡലങ്ങളിലും ഇരട്ടിയിലേറെയാണ് വര്‍ധനവുണ്ടായത്. ഹൈന്ദവ വോട്ടുകള്‍ കേന്ദ്രീകരിക്കുന്നതില്‍ ബിജെപി ഒരളവു വരെ ഇവിടെ വിജയിച്ചിട്ടുണ്ടെന്ന് പറയാം. എന്നാല്‍ ഇരുമുന്നണികള്‍ക്കും ബിജെപി ഇവിടെ ഒരു ഭീഷണിയും ഉയര്‍ത്തുന്നില്ല.

വര്‍ഗീയ, ഫാസിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയ്ക്കു പുറത്തുള്ള മുസ്ലീം വോട്ടര്‍മാരില്‍ വലിയൊരു വിഭാഗവും ഇടതു പക്ഷത്തെ പിന്തുണച്ചപ്പോള്‍ ജില്ലയില്‍ യുഡിഎഫിനൊപ്പമാണ് വലിയൊരു ശതമാനം മുസ്ലിം വോട്ടര്‍മാരും. ഇടതു പക്ഷത്തിനൊപ്പം നിന്ന കാന്തപുരം വിഭാഗം സുന്നികളെ മാറ്റി നിര്‍ത്തിയാല്‍ മറ്റെല്ലാ മുസ്ലിം വിഭാഗങ്ങളും യുഡിഎഫിനൊപ്പം നിലയുറപ്പിച്ചു.


Next Story

Related Stories