TopTop
Begin typing your search above and press return to search.

ലീഗ് ചരിത്രം പഠിച്ചാല്‍ പാര്‍ലമെന്റില്‍ അവര്‍ക്കാദ്യമായി ഒരു വനിതാ ജനപ്രതിനിധി ഉണ്ടാകും

ലീഗ് ചരിത്രം പഠിച്ചാല്‍ പാര്‍ലമെന്റില്‍ അവര്‍ക്കാദ്യമായി ഒരു വനിതാ ജനപ്രതിനിധി ഉണ്ടാകും

കഴിഞ്ഞ വര്‍ഷം നവംബറില്‍ കോഴിക്കോട് യൂത്ത് ലീഗിന്റെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള പൊതുയോഗത്തില്‍ കെഎം ഷാജി പ്രസംഗിച്ചുകൊണ്ടിരിക്കുന്നു. അപ്പോളാണ് ഖമറുന്നീസ അന്‍വര്‍ പറയുന്നത് ഷാജിയുടെ പ്രസംഗം കഴിഞ്ഞ് തനിക്ക് സംസാരിക്കണമെന്ന്. ഉടന്‍ ലീഗ് നേതാവ് മായിന്‍ ഹാജി ചാടിയെഴുന്നേറ്റ് അവരെ ശകാരിക്കുന്നു. ആണുങ്ങളുടെ മുന്നില്‍ സ്ത്രീകള്‍ പ്രസംഗിക്കുന്ന ഏര്‍പ്പാട് ലീഗിലില്ലെന്ന് പറഞ്ഞാണ് മായിന്‍ ഹാജി പൊതുവേദിയില്‍ ഖമറുന്നീസയെ അപമാനിച്ചത്. വനിതകള്‍ക്ക് ഒരു സീറ്റ് പോലും നല്‍കാത്തതില്‍ കടുത്ത നിരാശയുണ്ടെന്നും തങ്ങളുടെ സ്ഥാനം നഷ്ടപ്പെടുമെന്ന ഭയമുള്ളവരാണ് സ്ത്രീകളെ മാറ്റി നിര്‍ത്തുന്നതെന്നും 2016ലെ നിയമസഭാ തിരഞ്ഞടുപ്പിനുള്ള ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച സമയത്ത് ഖമറുന്നീസ തുറന്നടിച്ചിരുന്നു.

മുസ്ലീംലീഗിന് സ്വന്തമായി വനിതാ സംഘടനയുണ്ട്. വനിതാ ലീഗ് എന്നാണ് അതിന്റെ പേര്. അതിന്റെ ചില സംസ്ഥാന സമ്മേളനത്തിന്റേയും മറ്റ് പരിപാടികളേയും ചിത്രങ്ങളും ദൃശ്യങ്ങളും കണ്ടാല്‍ പലപ്പോഴും ചിരിയടക്കാനാവില്ല. നിരവധി ട്രോളുകളാണ് ഇത്തരമൊരു പരിപാടിയുടെ ചിത്രത്തെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ വന്നത്.

മലപ്പുറം പരിയാരം പഞ്ചായത്തിലെ വനിതാലീഗ് സംഗമം നടക്കുന്നു. രണ്ട് വനിതകള്‍ മാത്രമാണ് വേദിയിലുള്ളത്. അതും പിന്‍നിരയില്‍. ബാക്കി നിരന്നിരിക്കുന്നതെല്ലാം പുരുഷന്മാര്‍. അല്ലാ, ഇതെന്താ പരിപാടി എന്ന് സംശയം തോന്നും. രസികന്‍ ട്രോളുകളാണ് ഇതിനെ പരിഹസിച്ച് വന്നത്. സ്‌കൂള്‍ ബാഗില്‍ സ്‌കൂളുണ്ടോ, മയ്‌സൂര്‍ പാക്കില്‍ മൈസൂരുണ്ടോ പിന്നെന്തിന് വനിതാസമ്മേളനത്തില്‍ വനിതകള്‍ എന്നാണ് ചോദ്യം.

വനിതാ ലീഗ് നേതാവായിരുന്ന ഖമറുന്നീസ അന്‍വര്‍ പാര്‍ട്ടിയിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പലപ്പോഴും നേതൃത്വത്തോട് പോരടിച്ചിട്ടുള്ളയാളാണ്. മുസ്ലീം ലീഗിന്റെ ചരിത്രത്തില്‍ നിയമസഭയിലേയ്ക്ക് അവര്‍ ഇന്നേ വരെ മത്സരിപ്പിച്ചിട്ടുള്ള ഒരേയൊരു സ്ഥാനാര്‍ത്ഥി. 1996ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് കോഴിക്കോട് സൗത്തില്‍ ഖമറുന്നീസ മത്സരിച്ചത്. പക്ഷെ അവര്‍ പരാജയപ്പെട്ടു. അതിന് മുമ്പോ ശേഷമോ ലീഗ് വനിതകളെ മത്സരിപ്പിച്ചിട്ടില്ല. എന്നെങ്കിലും പരിഗണിച്ചിരുന്നോ, അല്ലെങ്കില്‍ അത്തരത്തില്‍ ചര്‍ച്ച നടന്നോ എന്ന് അറിയില്ല.

മുസ്ലീം ലീഗിന്റെ ഉന്നതാധികാര സമിതിയില്‍ സ്ത്രീകള്‍ക്ക് യാതൊരു റോളുമില്ല. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ അവര്‍ക്ക് യാതൊരു പങ്കുമില്ല. എന്നാല്‍ സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലത്ത് ഇതായിരുന്നില്ല സ്ഥിതി. 1937ല്‍ അവിഭക്ത മുസ്ലീം ലീഗിന്റെ അല്ലെങ്കില്‍ അഖിലേന്ത്യാ മുസ്ലീം ലീഗിന്റെ പുന:സംഘടനാ സമിതിയിലെ 30 അംഗങ്ങളില്‍ രണ്ട് പേര്‍ സ്ത്രീകളായിരുന്നു. ബീഗം അസ്സാസാ റസൂല്‍, ബീഗം ഹബീബുള്ള എന്നിവരാണ് സമിതിയിലുണ്ടായിരുന്നത്. ബീഗം റസൂലുള്ള ഭരണഘടനാ നിര്‍മ്മാണ സമിതി അംഗമായിരുന്നു. ബീഗം ഹബീബുള്ള എഴുത്തുകാരിയും പ്രക്ഷേപണ വിദഗ്ധയും. ലീഗിന്റെ വനിതാ നേതാക്കളില്‍ മറ്റൊരാളായിരുന്നു ബീഗം റാണ ലിയാഖത്ത് അലിഖാന്‍. ഓസ്ട്രിയക്കാരി വിക്കി നൂണ്‍ 1945ല്‍ പ്രമുഖ മുസ്ലീം ലീഗ് നേതാവ് ഫിറോസ് ഖാന്‍ നൂണിനെ വിവാഹം ചെയ്തതോടെ ലീഗ് പ്രവര്‍ത്തനങ്ങളുമായി രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു. എന്നാല്‍ ഇതെല്ലാം ചരിത്രം. ചരിത്രബോധമില്ലാത്തവരെ സംബന്ധിച്ച് ചരിത്രത്തില്‍ നിന്ന് ഒന്നും പഠിക്കേണ്ട കാര്യമില്ല എന്ന സൗകര്യമുണ്ട്.

ലോക്‌സഭയിലേയ്ക്ക് ഇന്നേവരെ ഒരു വനിതയെ പോലും ലീഗ് മത്സരിപ്പിച്ചിട്ടില്ല. രാജ്യസഭയിലേയ്ക്കും ആരേയും അയച്ചിട്ടില്ല. 50 ശതമാനം സംവരണമുള്ളതുകൊണ്ട് തദ്ദേശ ഭരണസമിതികളിലേയ്ക്ക് അവര്‍ വനിതകളെ നിര്‍ത്താറുണ്ട്. പക്ഷെ പ്രചാരണ ഫ്ലക്‌സുകളിലും മറ്റും ഭര്‍ത്താവിന്റെ പടം വച്ച് ഇന്ന ആളുടെ ഭാര്യ എന്ന നിലയിലായിരുന്നു അതൊക്കെ. സംഭവം മാദ്ധ്യമങ്ങളില്‍ വന്ന് വിവാദമായതോടെ പലരും ഫോട്ടോ ഉപയോഗിച്ച് തുടങ്ങി.

കേരളത്തില്‍ മുസ്ലീങ്ങളുടെ അധികാര പങ്കാളിത്തത്തില്‍ ഏറ്റവും വലിയ സംഭാവനകള്‍ നല്‍കിയ പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. അധികാര പങ്കാളിത്തം ഏതൊരു സമുദായത്തേയും ജനവിഭാഗങ്ങളേയും സംബന്ധിച്ച് നിര്‍ണായകവും പുരോഗതിക്ക് അനിവാര്യവുമാണ്. എന്നാല്‍ സമുദായത്തിന്റെ അധികാര പങ്കാളിത്തത്തില്‍ തങ്ങളുടെ പങ്കില്‍ ഊറ്റം കൊള്ളുന്നവര്‍ സമുദായത്തിലെ സ്ത്രീകള്‍ക്ക് അധികാര പങ്കാളിത്തമില്ലാത്തതിനെ പറ്റി മിണ്ടില്ല. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുസ്ലീങ്ങളില്‍ വലിയൊരു വിഭാഗം സാമ്പത്തികമായും സാമൂഹ്യമായും മെച്ചപ്പെട്ട അവസ്ഥയിലുള്ള കേരളത്തില്‍ നിന്ന് സംസ്ഥാനത്തെ ഭൂരിപക്ഷം മുസ്ലീങ്ങളേയും പ്രതിനിധീകരിക്കുന്നതായി അവകാശപ്പെടുന്ന ലീഗിന് ഒരു വനിതാ ജനപ്രതിനിധിയെങ്കിലും നിയമസഭയിലും പാര്‍ലമെന്റിലും ഇല്ല എന്നത് ആ തീര്‍ച്ചയായും ആ പാര്‍ട്ടിയെ സംബന്ധിച്ച് അപമാനകരമാണ്.

ഏതായാലും അപമാനകരമായ ഈ ചരിത്രം തിരുത്താനുള്ള നല്ലൊരു അവസരമാണ് ലീഗിന് കൈ വന്നിരിക്കുന്നത്. ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്. പികെ കുഞ്ഞാലിക്കുട്ടി ലീഗ് സ്ഥാനാര്‍ത്ഥിയായേക്കും എന്ന് കേള്‍ക്കുന്നുണ്ട്. അതിനൊപ്പം അഹമ്മദിന്റെ മകള്‍ ഡോ. ഫൗസിയ ഷെര്‍സാദിനേയും ലീഗ് പരിഗണിക്കുന്നതായാണ് വിവരം. വിജയം ഏറെക്കുറെ ഉറപ്പായ ഒരു മണ്ഡലത്തില്‍ ഒരു വനിതയെ നിര്‍ത്തി പാര്‍ലമെന്റിലേയ്ക്ക് വിടുന്നതിലൂടെ ചരിത്രപരമായ കടമയും ഉത്തരവാദിത്തവും ലീഗിന് നിറവേറ്റാം. അതിന് അവര്‍ സന്നദ്ധമാവുമോ എന്നതാണ് ചോദ്യം. കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേയ്ക്ക് മത്സരിക്കാന്‍ താല്‍പര്യപ്പെടുകയും അതില്‍ ഉറച്ച് നില്‍ക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ ഫൗസിയയുടെ സാധ്യത ഇല്ലാതാവും.


Next Story

Related Stories